സജീവിന്റെ ‘എല്ലാവർക്കും ഇടമുള്ള ഭൂപടങ്ങൾ’
വളരെ പണ്ടല്ലാത്ത ഒരു പൊതു തിരഞ്ഞെടുപ്പിന് മുമ്പ് ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവേ കേരള ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിട്യൂട്ടിലെ ശാസ്ത്രജ്ഞനായ ഡോ. സജീവ് ചോദിച്ചു, ഈ തിരഞ്ഞെടുപ്പിൽ മനുഷ്യർക്ക് മാത്രമല്ലേ വോട്ടുള്ളൂ, ഇവിടത്തെ ജീവജാലങ്ങൾക്ക് എന്ത് കൊണ്ട് വോട്ടില്ല? അന്നാ ചോദ്യം മനസ്സിലാകാത്തവർക്ക്, മനുഷ്യർ നടന്ന് വന്ന വഴികളുടെ കഥ പറഞ്ഞു, ലോകത്തിന്റെ ഭാവിയെ വരച്ചു കാട്ടുന്ന പുസ്തകമാണ് സജീവിന്റെ “എല്ലാവർക്കും ഇടമുള്ള ഭൂപടങ്ങൾ”. ഇതിൽ എത്രമാത്രം നാം മനസ്സിലാക്കി പെരുമാറുന്നു എന്നതനുസരിച്ചിരിക്കും ഇനി ലോകത്തെ ഭൂപടങ്ങളുടെ നിലനിൽപ്പ്.

കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത് എന്നത് ലോകത്തെ ഇന്നും ആശയക്കുഴപ്പത്തിലാക്കുന്നത് പോലെ, കേരള ജനതയെ എന്നും ആലോചനയിൽ ആഴ്ത്തിയ ചോദ്യമാണ്, എവിടെയെങ്കിലും പാറ പൊട്ടിച്ചാൽ നമ്മുടെ നാട്ടിൽ എങ്ങനെയാണു മണ്ണിടിച്ചിൽ ഉണ്ടാകുന്നത്? ഇതിന് ഉത്തരം പറഞ്ഞു ശാസ്ത്രജ്ഞർ മടുത്തെങ്കിലും, ഉത്തരം മനസ്സിലാക്കാൻ മനുഷ്യർ ഇന്നും മടിക്കുകയാണ്. ഇന്ന് നാം അഭിമുഖീകരിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾക്ക് എല്ലാം ഒരു തുടക്കം ഉണ്ടെന്നും, അതിന് കാരണക്കാർ നമ്മളല്ലാതെ മറ്റാരും അല്ലെന്നും സമ്മതിച്ചു കൊടുക്കാനുള്ള ബുദ്ധിമുട്ടാണ് ഇതിന് ഹേതു.
ഈ പുസ്തകം ശാസ്ത്രലോകത്ത് വിഹരിക്കുന്നവരിൽ നിന്നും അതീവ സന്തോഷം നിറഞ്ഞ പ്രതികരണമാണ് ഉണ്ടാക്കിയത്. തങ്ങളുടെ പ്രവർത്തനങ്ങളെ സാധൂകരിക്കുന്നതും, അതിൻ്റെ പ്രാധാന്യത്തെ എടുത്തു കാട്ടുന്നതും എന്നതു മാത്രമല്ല, തങ്ങളുടെ ഗവേഷണ ഫലങ്ങളുടെ ഒരു മുഖവുമായിട്ടാണ് അവർ ഈ പുസ്തകത്തെ കണ്ടത്. പരിസ്ഥിതി ഗവേഷകർ വർഷങ്ങളോളം കാടിന്റെ കാണാമറയത്തും, ലാബിന്റെ അടഞ്ഞ വാതിലുകൾക്ക് പിന്നിലും ചെയ്യുന്ന കഠിനാധ്വാനത്തിലേക്ക് സാധാരണക്കാരായ വായനക്കാർക്ക് വാതിൽ തുറന്നു കൊടുക്കുകയാണ് സജീവ്.

ഭൂമുഖത്തുള്ള ജീവജാലങ്ങൾ ഉൾപ്പെടുന്ന അധികാരക്രമത്തിൽ മനുഷ്യർക്ക് എന്തോ ഉന്നത സ്ഥാനമുണ്ട് എന്ന തെറ്റായ ധാരണ തിരുത്തുന്നതിനൊപ്പം തന്നെ, മനുഷ്യരുടെ സഹവാസം സഹജീവികളെ എത്രത്തോളം അവരുടെ അതിജീവനത്തെ സഹായിക്കുന്നുണ്ട് എന്നും സജീവ് ഇതിൽ പറയുന്നുണ്ട്. കൊച്ചിയിലെ മംഗളവനത്തിനടുത്തു ഹൈക്കോടതി സമുച്ചയം ഉയരുകയും, അവിടെ നിശബ്ദത പാലിക്കുക എന്ന ചൂണ്ടുപലക വരുത്തിയ മാറ്റങ്ങൾ, നഗരനടുവിലുള്ള സ്‌കൂളുകളുടെ അവധി പക്ഷികൾക്ക് നൽകുന്ന സ്വാതന്ത്ര്യം എന്നിവ നമ്മൾ എന്ത് കൊണ്ട് ഇത് വരെ കണ്ടില്ല എന്ന് അത്ഭുതം ഉളവാക്കുന്ന വായനാനുഭവമാണ് ഈ ശാസ്ത്രജ്ഞൻ നമുക്ക് നൽകുന്നത്.
കേരളത്തിന്റെ പൊതുബോധത്തിൽ സൈലന്റ് വലിയും, അതടങ്ങുന്ന പശ്ചിമഘട്ടവും മാത്രമാണ് പരിസ്ഥിതി. കടൽ തീരത്തിന് അടുത്ത് കെട്ടിടങ്ങൾ പണിയാൻ അനുവാദം കിട്ടാതായപ്പോൾ നമ്മൾ അത് കൂടി ആ ഡിക്ഷനറിയിലേക്ക് ചേർത്തു. എന്നാൽ കേരളത്തിലെ പ്രദേശങ്ങളെ വളരെ കൃത്യമായി, വ്യത്യസ്തങ്ങളായ പരിസ്ഥിതി പ്രദേശങ്ങളായി തിരിച്ചു, അവയുടെ ഓരോന്നിന്റെയും പ്രത്യേകതകൾ എണ്ണിയെണ്ണി പറഞ്ഞു തരുന്നുണ്ട് സജീവ്. ലംബമായും സമാന്തരമായുമുള്ള പരിസ്ഥിതിയിലേക്ക് നമ്മുടെ കണ്ണുകളെ തിരിക്കാൻ പ്രേരിപ്പിക്കുന്ന ഈ പുസ്തകം നിർബന്ധമായും നമ്മുടെ പാഠ്യപദ്ധതിയിൽ ചേർക്കേണ്ട ഒന്നാണ് എന്ന കാര്യത്തിൽ സംശയമില്ല. അങ്ങനെ ചെയ്യുമ്പോൾ തന്നെ, ഇത് പരിസ്ഥിതി വിദ്യാർത്ഥികളിലേക്കു മാത്രം ചുരുക്കാനാണ് സാധ്യത എന്നും സങ്കടത്തോടെ തിരിച്ചറിയുന്നു. നമ്മുടെ അധികാര ഉദ്യോഗസ്ഥ വർഗ്ഗത്തിന്, നാടായിരുന്നു കാടിനോടും, അതിൻ്റെ യഥാർത്ഥ വാസികളോടും ഉള്ള സമീപനം കണ്ടറിഞ്ഞിട്ടുള്ള നമ്മൾക്ക് മറിച്ചു ചിന്തിക്കാൻ സാധിക്കില്ല. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് എന്ന ഏറെ ചർച്ച ചെയ്യപ്പെട്ട പഠനം ജനാധിപത്യവൽക്കരിക്കുന്നതിൽ നമ്മൾ തോറ്റതും, ആ റിപ്പോർട്ട് കേരളത്തിന് നൽകിയ ചരിത്രപരമായ അവസരം നഷ്ടപ്പെടുത്തിയതും നമ്മുടെ ഇത്തരത്തിലുള്ള സാമൂഹ്യ രാഷ്ട്രീയ സാമാന്യവൽക്കരണത്തിന്റെ ഫലമാണ്.
ആദിമനിവാസികൾ അതിജീവനത്തിനായി മാത്രം, ഭൂമിയിൽ കാണപ്പെടുന്ന പ്രകൃതിവിഭവങ്ങളെയും അവയിൽ നിന്ന് ഉരുത്തിരിഞ്ഞ വിവിധതരം വസ്തുക്കളെയും ആശ്രയിച്ചപ്പോൾ, ആധുനിക (!) മനുഷ്യർ അവയെല്ലാം ലാഭത്തിനായുള്ള ഉപകരണങ്ങളായി മാറ്റിയതോടെയാണ് പരിസ്ഥിക്ക് പ്രഹരമേൽക്കാൻ തുടങ്ങിയതും, മനുഷ്യരുൾപ്പെടെയുള്ള ജീവജാലങ്ങൾക്ക് ഭൂമി എല്ലാവർക്കും ഇടമില്ലാത്ത ഭൂപടമായി മാറിത്തുടങ്ങിയതും.

ഇതൊരു പരിസ്ഥിതി ശാസ്ത്രജ്ഞന്റെ മാത്രം എഴുത്തായി കാണാൻ സാധിക്കില്ല. ശാസ്ത്ര പഠനത്തെക്കുറിച്ചും പാഠ്യപദ്ധതിയെക്കുറിച്ചും ശാസ്ത്ര സാഹിത്യ പരിഷത്തിനെക്കുറിച്ചും കേരളത്തിൽ നിലനിൽക്കുന്ന മത സാമൂഹ്യ സ്ഥിതിയെക്കുറിച്ചും ഈ പുസ്തകം ചർച്ച ചെയ്യുന്നു. ശാസ്ത്രത്തിൽ ഊന്നി നിന്ന് കൊണ്ട് സംസാരിക്കുന്ന ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ പിടിവാശികളെയും സജീവ് വിമർശന വിധേയമാക്കുന്നുണ്ട്. അതായത്, സജീവ് പലപ്പോഴും ഒരു ശാസ്ത്രജ്ഞന്റെ കണ്ണുകളിലൂടെ നോക്കാതെ, ഒരു ജനത എങ്ങനെ സാമൂഹികമായി മുന്നോട്ടു പോകണം, അതിനു എങ്ങനെ ശാസ്ത്രത്തെ കൂട്ടുപിടിക്കണം എന്നാണ് പറഞ്ഞു വയ്ക്കുന്നത്. വായന മലയാളിയുടെ ഒരു നിർബന്ധ ശീലമായിരുന്നെങ്കിൽ ഈ പുസ്തകം നിരോധിക്കണം എന്ന ആവശ്യം പല നിക്ഷിപ്ത താല്പര്യക്കാരിൽ നിന്നും ഉയരേണ്ട സമയം കഴിഞ്ഞു എന്നും, മത നേതാക്കൾ ഇത് വായിക്കാത്തത് നന്നായി എന്നും നർമ്മത്തിൽ പൊതിഞ്ഞ ഒരു അഭിപ്രായം ഇത് വായിച്ചവർക്കിടയിൽ ഉണ്ട്!
കാടുകൾ വെട്ടിയതാണ് മഴ കുറയാൻ കാരണമായതെന്ന് വിശ്വസിച്ച കേരള ജനത, ഇന്നീ കാണുന്ന പെരുമഴയ്ക്ക് കാരണം തേടി ശാസ്ത്രലോകത്തേക്ക് തിരിഞ്ഞത് ആശ്വാസകരമാണ്. എന്നിരുന്നാലും, സാമ്പത്തിക നേട്ടത്തിനും വോട്ടിനും കാട് വെട്ടിത്തെളിക്കുന്ന പതിവിന് ഒരു കുറവും വരുത്തിയില്ല. കാട് മഴയ്ക്ക് മാത്രമാണ് പ്രശ്നമെന്നും, അതിൽ അടങ്ങിയിട്ടുള്ള ലോകത്തെ കുറിച്ച് ഇന്നും മലയാളികൾക്ക് ഇന്നും വലിയ അറിവില്ലെന്നതും ശാസ്ത്രം പരീക്ഷ പാസ്സാകാൻ മാത്രമുള്ള ഒരു വിഷമയമായത് കൊണ്ടാണ്. കാലാവസ്ഥ വ്യതിയാനം മനുഷ്യനിർമ്മിതമാണ് എന്ന ലോക സത്യം, നമ്മളും വിശ്വസിക്കാൻ മടിക്കുകയാണ്. നമ്മുടെ ഓരോ തീരുമാനങ്ങളും പരിസ്ഥിതിയിൽ വരുത്തുന്ന മാറ്റങ്ങൾ മനസ്സിലാക്കുന്നതിനൊപ്പം തന്നെ, അവയുടെ പരിണിത ഫലമായി ലക്ഷക്കണക്കിന് ജീവജാലങ്ങൾക്ക് ഇത് തങ്ങളുടേതല്ലാത്ത ഒരു ഇടമാകുന്നത് നാം തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമുക്ക് മുന്നിലും, കാണാമറയത്തുമുള്ള ഈ ജീവികളിൽ ഒന്ന് പോലും വംശംനാശം നേരിട്ടാൽ മറ്റുള്ളവയ്ക്കും, പ്രകൃതിക്കും ഉണ്ടാകുന്ന ആയാസം പിന്നീട് ഇല്ലാതാക്കാൻ കഴിയില്ല എന്ന സ്ഥിതിയും അതീവ ഗുരുതരമാണ്.

തൻ്റെ വായനയിലൂടെയും, അതിലധികമായി പഠനത്തിലൂടെയും, ഇതിലുമൊക്കെ ഉപരിയായി പ്രവർത്തനമേഖലയിലൂടെയും മനസ്സിലാക്കിയ ശാസ്ത്ര സത്യങ്ങളെ അടിസ്ഥാനമാക്കിയാണ് സജീവ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. നോക്കുമ്പോൾ ഇത് കേരള പശ്ചാത്തലത്തിൽ എഴുതിയതാണെങ്കിലും, ഇതിലെ പലതും ആഗോളാടിസ്ഥാനത്തിൽ സംഭവിച്ചതും, പഠനവിധേയമാക്കിയതുമായ വിഷയങ്ങളെ ഉദാഹരിച്ചു കൊണ്ടുള്ളതാണ് എന്നത് വായനക്കാർക്ക് ഭൂപടങ്ങൾക്കു അപ്പുറത്തേക്കുള്ള വായന അനുഭവം നൽകുന്നു. ശാസ്ത്രം എന്നത് മനുഷ്യന്റെ സാമൂഹിക സാംസ്‌കാരിക ഉന്നമനത്തിന് ഉള്ളതാണെന്നും, എന്നാൽ മറ്റ് പല ഇസങ്ങളെയും പോലെ കർക്കശമായ ഒന്നല്ലെന്നും ഉള്ള തിരിച്ചറിവാണ് വേണ്ടത്. പുതിയ അറിവുകൾ കിട്ടുമ്പോൾ ശാസ്ത്രം സ്വയം തിരുത്താൻ തയ്യാറാകുന്നത് പോലെ സജീവിന്റെ ഈ എഴുത്തു സമൂഹത്തിന് നൽകുന്ന ഈ തിരിച്ചറിവുകളിലൂടെ ലോകത്തിന്റെ ഭൂപടങ്ങൾ എല്ലാവർക്കും ഉള്ളതാക്കാൻ നമുക്ക് സാധിക്കണം.





