മാനം പോകുന്ന മാനനഷ്ടം
ഒടുവിൽ സുപ്രീം കോടതി ജഡ്ജിമാരും ചിലതെല്ലാം പറഞ്ഞു തുടങ്ങിയിരിക്കുന്നു. പറയാതെ വയ്യ എന്ന അവസ്ഥയിൽ നിന്നാണ് മാനനഷ്ടക്കേസുകൾ കോടതികൾക്ക് മാത്രമല്ല രാജ്യത്ത് നിലനിൽക്കുന്ന നിയമവ്യവസ്ഥയേയും അലോസരപ്പെടുത്തുന്നു എന്ന് ജസ്റ്റിസ് എം.എം സുന്ദരേഷ് വാക്കാൽ പറഞ്ഞത്. ഈ നിയമം എടുത്തു കളയേണ്ടതാണെന്നും അദ്ദേഹംനിരീക്ഷിക്കുന്നു. ജവഹർലാൽ നെഹ്റു യൂണിവേഴ്സ്റ്റിയിലെ പ്രൊഫസർ അമിതാ സിംഗ് ‘ദി വയർ’ എന്ന പോർട്ടലിനെതിരെ മാനനഷ്ടക്കേസ് അപ്പീലുമായി എത്തിയപ്പോഴാണ് സഹികെട്ട് ഈ ജഡ്ജി ഇത്തരം ഒരു അഭിപ്രായ പ്രകടനം നടത്തിയത്. 2016ലാണ് കേസിന് ആസ്പദമായ സംഭവം.

തീവ്രവലതുപക്ഷക്കാരിയായ അമിതാ സിംഗ് ജെ.എൻ.യു കാമ്പസ് സംഘടിത സെക്സ്റാക്കറ്റിന്റേയും വിഘടനവാദത്തിന്റേയും ഭീകരവാദത്തിന്റേയും കൂടാരമാണെന്ന് പ്രചരിപ്പിക്കുന്ന തരത്തിൽ ഒരു ലഘുലേഖ പ്രസിദ്ധീകരിക്കുകയും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. ജെ.എൻ.യു കാമ്പസിലെ എ.ബി.വി.പി പ്രവർത്തകരുടേയും പ്രാദേശിക വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകരുടേയും സഹായത്തോടെയാണ് അവർ ഈ ഹീനകൃത്യം ആസൂത്രിതമായി നടപ്പിലാക്കിയത്. ഇതേ കുറിച്ച് ദി വയർ സമഗ്രമായി റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ട് തനിക്ക് മാനഹാനിയുണ്ടാക്കിയെന്നാണ് അമിതാസിംഗിന്റെ പരാതി. 2025ൽ ഡൽഹിയിലെ ഒരു മജിസ്ട്രറ്റ് കോടതി ദി വയറിനും അതിന്റെ പൊളിറ്റിക്കൽ അഫയേഴ്സ് എഡിറ്റർ അജോയ് ആശിർവാദ് മഹാപ്രഹസ്തയ്ക്കും സമൻസ്അയച്ചതോട് കൂടിയാണ് ഈ കേസ് ഡൽഹി ഹൈക്കോടതിയിലും പിന്നാലെ സുപ്രീംകോടതിയിലും എത്തിയത്.

കൊളോണിയൽ നിയമവ്യവസ്ഥയുടെ ചുവട്പിടിച്ചാണ് ഇന്ത്യയിലും മാനനഷ്ട നിയമങ്ങൾ ഉരുത്തിരിഞ്ഞത്. സമൂഹത്തിന്റെ മേൽത്തട്ടിൽ വിരാജിക്കുന്നവരെ സംരക്ഷിക്കുന്നതിനുണ്ടാക്കിയ ഈ നിയമം ഇനി വളരെ കുറച്ച് ജനാധിപത്യരാജ്യങ്ങളിൽ മാത്രമേനിലനിൽക്കുന്നുള്ളൂ. 2023ൽ കേന്ദ്ര സർക്കാർ ഐ.പി.സിയെ പൊളിച്ച് ഭാരതീയ ന്യായസംഹിതയുണ്ടാക്കിയപ്പോഴും ഈ നിയമത്തെപുത്തൻ ഉടുപ്പ് ഇടുവിച്ച് അവതരിപ്പിക്കുകയായിരുന്നു. പൂർണ്ണമായും ജനാധിപത്യവിരുദ്ധമാണീ നിയമമെന്ന് നിയമ രംഗത്തെ വിചക്ഷണന്മാരായ കപിൽ സിബലും മനു അഭിഷേക് സിംഗ് വിയും വാക്കാൽ പറഞ്ഞത് സുപ്രീം കോടതി മുറികൾക്കുള്ളിൽ വച്ചുതന്നെയായിരുന്നു. കോടതി വ്യവഹാരങ്ങൾ അങ്ങേയറ്റം ചിലവേറിയ ഇന്ത്യയിൽ സത്യംപറയുന്ന ഒരാളെ, അത് ആരുമാകട്ടെ, പരമാവധിബുദ്ധിമുട്ടിക്കാൻ രാഷ്ട്രീയ പാർട്ടികളും കോർപ്പറേറ്റ് സ്ഥാപനങ്ങളും ജാതി-മതസംഘടനകളും യഥേഷ്ടം എടുത്തുപയോഗിക്കുന്ന മാരകായുധങ്ങളായി മാനനഷ്ടക്കേസുകൾ മാറിയിട്ടും ഉത്തരവാദിത്വപ്പെട്ടവർ അതിനെതിരെ പ്രതികരിക്കാതിരിക്കുമ്പോഴാണ് അത്തരം ഒരുചർച്ചയ്ക്ക് വഴി തുറക്കാൻ ജസ്റ്റിസ് എം.എം. സുന്ദരേഷിന്റെ നിരീക്ഷണത്തിന് സാധിച്ചിരിക്കുന്നത്.
നിർമ്മിത ബുദ്ധിയും ആധുനികമായ സാങ്കേതികവിദ്യയും പരമ്പരാഗതമായ ചിന്താരീതികളെപോലും പൊളിച്ചെഴുതുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ പൂർവ്വാർദ്ധത്തിൽ ഇത്തരത്തിലെകൊളോണിയൽ പാപഭാരങ്ങൾ പേറുന്നനിയമങ്ങൾ ആവശ്യമാണോ എന്നചർച്ചയിലേക്കും ഈ നിരീക്ഷണം നമ്മളെകൊണ്ടെത്തിക്കും. മാനനഷ്ടക്കേസുകളും വിഘടനവാദകേസുകളും അനാവശ്യമായിഉപയോഗിക്കപ്പെടുമ്പോൾ അതിന്റെ ആദ്യ ഇരകളാകുന്നത് പത്രപ്രവർത്തകരും വിദ്യാർത്ഥിസമൂഹവുമാണ്. സമൂഹത്തിൽ നടക്കുന്ന ഏതുതരം വിധ്വംസക പ്രവർത്തികളോടും ആദ്യം പ്രതികരിക്കുന്നത് ഈ വിഭാഗങ്ങളുമാണല്ലോ. ഗോദി മീഡിയയെ വാർത്തെടുത്ത് സ്വന്തം പ്രവർത്തികളെ മഹത്വവൽക്കരിക്കാൻ ശ്രമിക്കുന്നരാഷ്ട്രീയ പാർട്ടികളുടെ നൃശംസതയെ തുറന്നുകാണിക്കുന്ന മാധ്യമപ്രവർത്തകരേയും സ്ഥാപനങ്ങളേയും സാമ്പത്തികമായി തകർക്കാനാണ് ഈ നിയമത്തിന്റെ പഴുതുപയോഗിച്ച് ഇപ്പോൾ ശ്രമിച്ചു വരുന്നത്. 2014ൽ നരേന്ദ്രമോദി കേന്ദ്രസ്ഥാനത്ത് അവരോധിതനായ ശേഷമാണ് ഈ പ്രവണത അതിന്റെ എല്ലാ അതിരുകളും കടന്ന് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്. കേസിന്റെ അവസാന വിധി എതിരാകുമെന്ന് ഉറപ്പുള്ളപ്പോഴും ഇത്തരംകേസുകളും അപ്പീലുകളും കൊണ്ട് അവർ ഉദ്ദേശിക്കുന്നത് ഇത്തരം തകർക്കലുകളാണ്. പലസ്ഥാപനങ്ങളേയും നിർവീര്യരാക്കാനോഇല്ലാതാക്കാനോ ഇക്കൂട്ടർക്ക് കഴിഞ്ഞിട്ടുമുണ്ട്.

സ്വതന്ത്രവും നീതിപൂർവ്വകവുമായ മാധ്യമപ്രവർത്തനം ഭരണഘടനാപരമായി വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള ഒരു ജനാധിപത്യ സംവിധാനമാണ് നമുക്കുള്ളത്. ഈ സംവിധാനത്തിനുള്ളിൽ നിന്നു കൊണ്ട് തന്നെ ഈ സ്വാതന്ത്ര്യത്തെ ഹനിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതപ്പെട്ടപ്പോൾ അതിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളും സമാന്തരമായിനടന്നു. മുഖ്യധാരാ മാധ്യമങ്ങളുടെ സ്ഥാനത്ത് ഡിജിറ്റൽ പ്ളാറ്റ്ഫോമുകൾ എല്ലാവിധ ക്രെഡിബിലിറ്റിയോടെയും ഉയർന്നു വന്നു. സർക്കാരുകൾക്ക് ഇവയെ നിയന്ത്രിക്കാൻ നേരിട്ട് സാധിക്കില്ലെന്നത് ഇത്തരം മാധ്യമങ്ങൾക്ക്കൂടുതൽ സ്വാതന്ത്ര്യം നൽകി. ആ സ്വാതന്ത്ര്യംആരുടേയും ഔദാര്യമായി ലഭിച്ചതല്ല. സാങ്കേതികവിദ്യകൾ രാജ്യാതിർത്തകളെ തകർക്കുകയും അഭിപ്രായ സ്വാതന്ത്ര്യത്തേയും നേരും നെറിയുമുള്ള മാധ്യമപ്രവർത്തനത്തേയും കൂടുതൽ ഉന്നതിയിലെത്തിക്കുകയുമാണ് ചെയ്തത്. ഈ സ്വാതന്ത്ര്യത്തിന്റെ തേരിലേറിയാണ് ദി വയർ പോലുള്ള പ്രസിദ്ധീകരണങ്ങൾ അധികാരികളുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്നത്. സിറ്റിസൺ ജേർണലിസത്തിന്റെ അപാരമായ സാധ്യതകൾജെൻസീ ഏറ്റെടുത്തപ്പോൾ കാലപഴക്കം ചെന്ന കൊളോണിയൽ നിയമങ്ങളെ ഉപയോഗിച്ച്അവയെ ഇല്ലാതാക്കാമെന്ന് ജരാനര ബാധിച്ച ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വത്തിനു തോന്നിയത് വിവരവിസ്ഫോടനത്തിന്റെ പ്രത്യാഘാതങ്ങൾ എന്താണെന്ന് മനസ്സിലാക്കാത്തത് കൊണ്ടാണ്. പാഠപുസ്തകപത്ര പ്രവർത്തനത്തിൽ ഇപ്പോഴും അഭിരമിക്കുന്ന ചിലരെ അവർക്ക് കൂട്ടിന് കിട്ടിയത് അവരുടെ തന്നെ പതനം വേഗത്തിലാക്കും. ന്യൂസ് ലോൺഡ്രി എന്ന മാധ്യമസ്ഥാപനത്തിനെതിരെ അദാനി ഗ്രൂപ്പ് മാനനഷ്ടക്കേസ്നടത്തുകയാണിപ്പോൾ. കൃത്യവും വസ്തുതാപരവുമായ വാർത്തകളെ സ്നേഹിക്കുന്ന ജനസാമാന്യം നൽകുന്ന നാണയത്തുട്ടുകൾ കൊണ്ട് പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തേയും തകർക്കാമെന്ന കണക്കുകൂട്ടലിലാണ് അദാനിയുടെ അഭിഭാഷകവൃന്ദം കോടതി വരാന്തകളിൽസ്ഥിരതാമസം ഉറപ്പിച്ചിരിക്കുന്നത്. പക്ഷേ നമ്മുടെ ജുഡീഷ്യൽ സംവിധാനം ഇവരുടെ കെണിയിൽനിന്നും ഒരു പരിധി വരെയെങ്കിലും അകലംപാലിക്കുന്നത് കൊണ്ടാണ് ഇത്തരം സ്ഥാപനങ്ങൾക്ക് ഇപ്പോഴും ഇന്ത്യയിൽ പ്രവർത്തിക്കാൻ സാധിക്കുന്നത്. ജുഡീഷ്യറിയുടെ ഈ നിലപാടിനെസ്വാധീനിക്കാൻ ബി.ജെ.പി ഭരണകൂടം വലിയശ്രമങ്ങളാണ് നടത്തുന്നത്.
മാനനഷ്ടക്കേസുകളിൽ കുടുക്കി ഇല്ലാതാക്കാൻ ഹിന്ദുത്വ ലബോറട്ടറി ശ്രമിക്കുന്ന രാഷ്ട്രീയനേതാവാണ് രാഹുൽഗാന്ധി. സവർക്കർക്കെതിരെയുള്ള പരാമർശങ്ങൾക്കാണ് രാഹുലിനെതിരെ ഇന്ത്യയിലെ വിവിധകോടതികളിൽ കേസുകളുള്ളത്. ബ്രിട്ടീഷുകാരോട് സവർക്കർ മാപ്പിരന്നു എന്നുള്ളത് ഒരു ചരിത്രവസ്തുതയും സാമാന്യ ചരിത്രബോധമുള്ള ഏതൊരാൾക്കും അറിയാവുന്നതുമാണ്. ഭാരത് ജോഡോ യാത്രയിൽ ഇത് പ്രസംഗ വിഷയമാക്കിയതിനാണ് ഒരു മാനനഷ്ടക്കേസ്. ഗൗരിലങ്കേഷ്വധക്കേസിലെ പ്രതികൾക്ക് ആർ.എസ്.എസ് ബന്ധം ഉണ്ടെന്ന് പറഞ്ഞതിനും രാഹുലിനെതിരെ കേസെടുത്തു. ബോംബെ ഹൈക്കോടതി വെറും പതിനയ്യായിരം രൂപ ബോണ്ടു വച്ച് ജാമ്യംനൽകിയ കേസാണിത്. ഇന്ത്യയിലെ മാനനഷ്ടക്കേസുകളുടെ ഒരു പൊതു സ്വഭാവം കാണിക്കാനാണ് രാഹുൽ ഗാന്ധിയുടെ ഉദാഹരണം ചൂണ്ടിക്കാണിച്ചത്.

ഈ ബോധം ഇന്ത്യൻ ജൂഡീഷ്യറിയുടെ അമരത്തുള്ളവർക്കും വന്നിരിക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തിന് നല്ലതാണെങ്കിലും ഇത്തരത്തിൽ എല്ലാ കാര്യങ്ങളിലും ജൂഡീഷ്യൽ ഇടപെടൽ ആവശ്യമായി വരുന്നത് ആശാവഹമല്ല. ജനാധിപത്യത്തിന്റെ സത്ത ഉൾക്കൊണ്ടു പ്രവർത്തിക്കാൻ ബാധ്യതയുള്ള തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ അവരുടെ ഉത്തരവാദിത്വത്തിൽ പരാജയപ്പെടുന്നത് കൊണ്ടാണ് ജുഡീഷ്യറിയ്ക്ക് ഇത്തരം അഭിപ്രായം പറയേണ്ടി വരുന്നതും ഇടപെടലുകൾ നടത്തേണ്ടിവരുന്നതും. നികുതിദായകന്റെ പണം പറ്റിയാണ് രാഷ്ട്രപതി മുതൽ പഞ്ചായത്ത് മെമ്പർ വരെ പ്രവർത്തിക്കുന്നത്. അവർ പ്രവർത്തിക്കേണ്ടത് നാടിന് വേണ്ടിയാണെന്നാണ് വിശ്വാസം. ഈ വിശ്വാസം നിലനിൽക്കണമെങ്കിൽ കരിനിയമങ്ങൾക്ക് പിന്നാലെ നടന്ന് ജനദ്രോഹ പ്രവർത്തനങ്ങളിൽ നിന്ന് അവർ പിന്മാറുകതന്നെ വേണം.
എസ്റ്റാബ്ളിഷ്ഡായ നേതൃത്വങ്ങളെ തൂത്തെറിയുന്ന ജെൻ സീയുടെ കാലമാണ്. അഭിപ്രായങ്ങളും അവയുടെ അതിരുകളില്ലാത്ത പ്രയാണങ്ങളും സംഭവിച്ചുകൊണ്ടിരിക്കുന്ന വാർത്താ വിസ്ഫോടനത്തിന്റെ കാലത്താണ് നമ്മൾ ജീവിക്കുന്നത്. ചിലവിപ്ളവങ്ങൾ സംഭവിക്കാൻ മണിക്കൂറുകൾ മാത്രംമതിയെന്ന് തൊട്ടടുത്ത നേപ്പാൾ നമുക്ക് കാണിച്ച് തന്നിട്ടുണ്ട്. ചെറുതാകുന്ന ലോകത്ത് വലുതായി ചിന്തിക്കാൻ രാഷ്ട്രീയ നേതൃത്വങ്ങൾക്ക് കഴിഞ്ഞില്ലെങ്കിൽ കാത്തിരിക്കുന്നത് അവനവൻ കുഴിക്കുന്ന കുഴിയിലേക്കുള്ള ആസന്നപതനമായിരിക്കും.
മറ്റ് ലേഖനങ്ങൾ: കാലിഡോസ്കോപ്പ്





