A Unique Multilingual Media Platform

Articles FIFA World Cup 2026 International Sports

മനുഷ്യാനന്തര ഫുട്‌ബോള്‍

മനുഷ്യാനന്തര ഫുട്‌ബോള്‍

ഫുട്‌ബോളില്‍ പന്തിനാണോ മനുഷ്യര്‍ക്കാണോ പ്രാധാന്യം എന്നു ചോദിച്ചാല്‍, ഞങ്ങളുടെ ഇടവഴിയില്‍ വെച്ച ഫ്‌ളെക്‌സിലെ ടീമിനോടുള്ള ആരാധന എന്നായിരിക്കും ലോകകപ്പ് സോക്കര്‍ കാലത്ത് പലരും ഉത്തരം തരുക. വംശീയതയും ചരിത്രവും രാഷ്ട്രീയവും കമ്പോളതാല്പര്യങ്ങളും സാമ്രാജ്യത്വവും പ്രതിനിധാനങ്ങളും എല്ലാം സൂക്ഷ്മ-സ്ഥൂല തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സങ്കീര്‍ണമായ ഒരു വ്യവഹാരമായി ഫുട്‌ബോള്‍ മാറിക്കഴിഞ്ഞ കാലത്തും ഫാന്‍സ് പദവി കൊണ്ട് ഓട്ടയടയ്ക്കാനുള്ള പാഴ്ശ്രമത്തിലാണ് പലരും.

സാങ്കേതികമായി ഏറ്റവും വികസിച്ച ലോകകപ്പാണ് 2026ലേത് എന്നാണ് ലെനോവോ കമ്പനിയുടെ സ്‌പോര്‍ട്‌സ് വെര്‍ട്ടിക്കല്‍ ഡയരക്ടര്‍ സാന്തിയാഗോ മാന്‍സോ പ്രഖ്യാപിച്ചത്. ലെനോവോ ആണ് ഫിഫയുടെ ഔദ്യോഗിക ടെക്‌നോളജി പാര്‍ട്ണര്‍. റഫറിയുടെ ഹെഡ്‌സെറ്റില്‍ വെച്ച കുഞ്ഞുക്യാമറയിലൂടെ അങ്ങോരുടെ വീക്ഷണകോണ്‍ കാണികള്‍ക്ക് കാണാനും വിലയിരുത്താനും സാധിക്കും. നാല്പത്തിയെട്ട് ടീമുകള്‍ക്കും ഡാറ്റയും മെട്രിക്‌സും വിശകലനം ചെയ്ത് തങ്ങളുടെ കളികളെ മാനേജ് ചെയ്യാനും അവസരം ഒരുക്കിയിട്ടുണ്ട്.

വാര്‍ (VAR) അഥവാ വീഡിയോ അസിസ്റ്റന്റ് റഫറി (Video Assistant Referee)യെ എഐ നിയന്ത്രിക്കുന്നുണ്ടോ എന്ന എന്റെ ചോദ്യത്തിന് ഗൂഗിള്‍ തന്ന എഐ സംഗ്രഹ (AI Summary) മറുപടിയില്‍, വാര്‍നെ സഹായിക്കുന്ന ഒരു നൂതന സാങ്കേതിക വിദ്യ മാത്രമാണ് എഐ എന്നും അല്ലാതെ വാര്‍നെ കൃത്രിമബുദ്ധി നിയന്ത്രിക്കുന്നില്ല എന്നും സാക്ഷ്യപ്പെടുത്തി.

അന്തിമതീരുമാനം എടുക്കുന്നത് മൈതാനത്തുള്ള റഫറിയും വാര്‍ റൂമിലിരിക്കുന്ന മനുഷ്യരായ ഒഫീഷ്യലുകളുമാണെന്ന് ഗൂഗിള്‍ എന്നെ സാന്ത്വനിപ്പിച്ചു. അതിന്റെ മറ്റു സങ്കീര്‍ണ വിശകലനങ്ങളിലേക്ക് പോകാനല്ല ഈ ലേഖനം എഴുതുന്നത്.

മാച്ച് ഒഫീഷ്യൽസ് ഫിഫയുടെ വാർ റൂം പ്രവർത്തനങ്ങൾ വഹിക്കുന്നു

കഴിഞ്ഞ ദിവസം ലോകമെമ്പാടുമുള്ള എല്ലാത്തരം ഫുട്‌ബോള്‍ പ്രേമികളും കാത്തിരുന്നു കണ്ട കളിയായിരുന്നു അര്‍ജന്റീനയും ഈജിപ്തും തമ്മിലുള്ളത്. ഇന്ത്യന്‍ സമയം രാത്രി ഒമ്പതരയ്ക്കായതു കൊണ്ട് കാര്യമായ ഉറക്കൊഴിക്കലും ഒന്നും വേണ്ടി വന്നിരുന്നില്ല. നൂറു കൊല്ലം തികയ്ക്കാന്‍ പോകുന്ന ലോകകപ്പ് ഫുട്‌ബോളില്‍ നാലേ നാലു തവണ മാത്രമാണ് ഈജിപ്തിന് ക്വാളിഫിക്കേഷന്‍ ലഭിച്ചിട്ടുള്ളത്. 1934ല്‍, 1990ല്‍, 2018ല്‍ പിന്നെ ഇക്കൊല്ലവും. മിസ്‌റികളുടെ (ഈജിപ്തുകാര്‍) രാജ്യാഭിമാനത്തെ വാനോളം ഉയര്‍ത്തി തങ്ങളുടെ ടീമിനെ പിന്തുണച്ചെങ്കിലും ഹൃദയഭേദകമായ ഒരു പുറന്തള്ളലാണ് ടീമിനുണ്ടായത്. എപ്പോഴും ചിരിച്ചു കൊണ്ടു നടക്കുന്ന ക്യാപ്റ്റന്‍ മൊഹമ്മദ് സാല, അതേ ചിരിയോടെ തന്നെ തോല്‍വി ഏറ്റു വാങ്ങി ജോര്‍ജിയയിലെ അറ്റ്‌ലാന്റ സ്‌റ്റേഡിയത്തില്‍ നിന്നു തിരിച്ചു പോന്നു.

പതിനാറു ടീമുകള്‍ കളിക്കുന്ന പ്രീക്വാര്‍ട്ടറിലാണ് ഈജിപ്ത് ലോകചാമ്പ്യന്മാരായ അര്‍ജന്റീനയെ വിറപ്പിച്ചത്. അവസാനത്തെ പതിമൂന്നു മിനുറ്റ് വരെയും ഈജിപ്ത് മുന്നേറ്റം നിലനിര്‍ത്തി. അംഗീകരിച്ച രണ്ടു ഗോളിന്റെയും വാറിന്റെ കണ്ടെത്തലെന്നും പറഞ്ഞ് റഫറി നോ ഗോളാക്കിയ മൂന്നാമത്തെ ഗോളിന്റെയും മികവോടെ അവര്‍ സ്‌റ്റേഡിയത്തില്‍ നിറയുകയായിരുന്നു. ഓമനത്തമുള്ള ഗോളി മൊസ്തഫ ശൊബൈര്‍ എത്ര പ്രാവശ്യമാണ് തന്റെ ടീമിന്റെ ആത്മാഭിമാനം കാത്തുകൊണ്ട് പന്ത് പിടിച്ചെടുത്തത്. അക്കൂട്ടത്തില്‍ മെസിയുടെ പെനാല്‍റ്റി പോലുമുണ്ടായിരുന്നു.

ഗിസ ഗവര്‍ണറേറ്റിലെ ബദര്‍ശെയിനിലെ ഒരു കഫേയില്‍ ഉം വാഫ അവരുടെ രണ്ട് പെണ്‍മക്കളോടൊപ്പം കളി കാണാനെത്തിയത് അല്‍ജസീറയുടെ ലേഖകന്‍ മൊഹമ്മദ് ഖയാല്‍ വിവരിക്കുന്നുണ്ട്. നേരത്തെ തന്നെ കളി കാണാന്‍ കഫേയിലേക്കു പോകാം എന്ന് മക്കള്‍ പറഞ്ഞുകൊണ്ടിരുന്നെങ്കിലും അവര്‍ ഗൗരവത്തിലെടുത്തില്ല.

എന്നാല്‍, മെസിയുടെ പെനാല്‍റ്റികിക്ക് മൊസ്തഫ ശൊബൈര്‍ പിടിച്ചെടുത്തപ്പോഴുയര്‍ന്ന ആര്‍പ്പു വിളി, അവരെയും ത്രസിപ്പിച്ചു. പിന്നെ കാത്തു നിന്നില്ല. ആരവങ്ങളും ആഹ്ലാദങ്ങളും നിറയുന്ന പൊതുസ്ഥല കളികാണലിനവര്‍ മക്കളോടൊത്ത് ഇറങ്ങിത്തിരിക്കുകയായിരുന്നു. കൈറോവിലെ തെരുവുകളിലും ചത്വരങ്ങളിലും ക്ലബ്ബുകളിലും മാളുകളിലും വീടകങ്ങളിലും എല്ലാം കളി കാണുന്നതിന്റെ ഉത്സാഹമായിരുന്നു.

ഈജിപ്തിന്റെ ടീം മാനേജറും തലക്കോച്ചുമായ ഹൊസ്സം ഹാസന്‍, പലസ്തീന്റെ കൊടി ഉയര്‍ത്തി വീശിക്കാണിച്ചതും, ഗാസയിലെ ദുരിതം കാണാത്തവര്‍ മനുഷ്യരല്ല എന്ന് ലോകകപ്പ് സമയത്തെ വാര്‍ത്താ സമ്മേളനത്തില്‍ തുറന്നടിച്ചതും എല്ലാം ഈജിപ്ഷ്യന്‍ ടീമിനോട് ലോകത്തെമ്പാടുമുള്ള മനുഷ്യസ്‌നേഹികളുടെ ഇഷ്ടം വര്‍ദ്ധിപ്പിച്ചിരുന്നു. ഈജിപ്തിനോടെന്നതു പോലെ അറബ് ലോകത്തോടും ആഫ്രിക്കയോടും തനിക്ക് ഉത്തരവാദിത്തമുണ്ടെന്ന അദ്ദേഹത്തിന്റെ കൃത്യമായ വിശദീകരണങ്ങള്‍ ഏറെ പ്രാധാന്യമുള്ളതായിരുന്നു.

ഹൊസ്സം ഹാസന്‍ മത്സരത്തിനിടെ റഫറിയോട് സംസാരിക്കുന്നു. മുഹമ്മദ് സലാഹ് സമീപം.

അര്‍ജന്റീനയോടുള്ള ഈജിപ്തിന്റെ തോല്‍വിയോട്, ഹാസന്‍ രാഷ്ട്രീയ വികാര നിര്‍ഭരമായി പ്രതികരിക്കുന്നത് ലോകം മുഴുവനും ഉറ്റുനോക്കിക്കൊണ്ടിരുന്നു. ഗാലറിയില്‍ നിന്ന് ഒരു അര്‍ജന്റീന ആരാധകന്‍, ഇസ്രയേലിന്റെ പതാക കാട്ടി ഹാസനെ പ്രകോപിപ്പിക്കുന്നുണ്ടായിരുന്നു. ഇതടക്കം താന്‍ വംശീയമായി അധിക്ഷേപിക്കപ്പെടുന്ന കാര്യം അദ്ദേഹം ഉന്നയിച്ചെങ്കിലും റഫറി ഉള്‍പ്പെടെയുള്ളവര്‍ അത് കണക്കിലെടുത്തില്ല. മാത്രമല്ല, മൊസ്തഫ സീക്കോ അടിച്ച ഗോളിനെ ഫൗള്‍ ആരോപിച്ച് ഇല്ലാതാക്കിയ നടപടിയെ രൂക്ഷമായി ചോദ്യം ചെയ്തതിന്റെയും മറ്റും പേരില്‍ കോച്ചായ ഹാസനെ ചുവപ്പു കാര്‍ഡ് കാട്ടി ശിക്ഷിക്കുകയാണ് റഫറി ചെയ്തത്. ഇതും അസാധാരണമായ നടപടിയായിരുന്നു. അതേസമയം, പെനാല്‍റ്റി ഏരിയയ്ക്കകത്തു വെച്ച് മൊഹമ്മദ് സലായ്ക്കു നേരെയുണ്ടായ ഫൗള്‍, വാര്‍ അനുസരിച്ച് പരിശോധിക്കുകയോ കണക്കിലെടുക്കുകയോ ചെയ്തില്ല. അത് തീര്‍ത്തും അന്യായമാണ്.

ബ്രസീല്‍ അടക്കമുള്ള ടീമുകള്‍ തോറ്റു കഴിഞ്ഞതിനാല്‍, ലോകകപ്പിന്റെ വിപണി മൂല്യം നിലനിര്‍ത്താന്‍ അര്‍ജന്റീനയെയും മെസിയെയും വിജയിപ്പിക്കേണ്ടതുണ്ടെന്ന ഫിഫയുടെ കമ്പോളതാല്പര്യമാണ് റഫറിയുടെ തീരുമാനങ്ങള്‍ക്കു പിന്നിലെന്ന് ഇതിനകം ആരോപണങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. അതും തള്ളിക്കളയാനാവില്ല. ഈ ടൂര്‍ണമെന്റിലെ ഇനിയുള്ള കളികളൊന്നും താന്‍ കാണാന്‍ തന്നെ പോവുന്നില്ല എന്നാണ് ഹാസന്‍ പറഞ്ഞത്.

ലിവര്‍പൂളിന്റെ ഫോര്‍വേഡായ ക്യാപ്റ്റന്‍ മൊഹമ്മദ് സലായെപ്പോലെ അപൂര്‍വ്വം പേരെ ഒഴിച്ചു നിര്‍ത്തിയാല്‍, ഈജിപ്തിന്റെ കളിക്കാരധികവും ആഭ്യന്തര ലീഗുകളിലാണ് കളിക്കുന്നത്. സമാലിക്കിലെ എണ്ണമറ്റ കഫേകളില്‍ തലങ്ങും വിലങ്ങും വെച്ച ടെലിവിഷന്‍ മോണിറ്ററുകളില്‍ ആണുങ്ങളും പെണ്ണുങ്ങളുമായ തദ്ദേശീയര്‍ കളി കണ്ടാനന്ദിക്കുന്നത് ഞാന്‍ എന്റെ കൈറോ സന്ദര്‍ശനത്തിനിടെ കണ്ടിരുന്നു. അടുത്ത ഈജിപ്ത് യാത്രയില്‍ ലീഗ് കളികള്‍ കാണാമെന്ന് പ്രിയ സുഹൃത്ത് ലുഖ്മാന്‍ ഇതിനിടയില്‍ സന്ദേശമയച്ചു. പതിനൊന്നാം നമ്പര്‍ ജേഴ്‌സിയണിഞ്ഞ, അടിച്ച ഗോളും അടിച്ചിട്ടും റദ്ദാക്കപ്പെട്ട ഗോളുമടിച്ച സീക്കോ അല്‍ അഹ്ലി എന്ന ഈജിപ്ഷ്യന്‍ ക്ലബ്ബിന്റെ കളിക്കാരനാണ്.

മൊഹമ്മദ് സലാ

ലോകകപ്പ് ഫുട്‌ബോളിന്റെ ചരിത്രത്തിലാദ്യമായാണ് ഈജിപ്ത് നോക്കൗട്ട് റൗണ്ടിലെത്തുന്നത്. അവസാന മത്സരത്തില്‍ അര്‍ജന്റീനയോട് തോറ്റാണ് അവര്‍ മടങ്ങുന്നതെങ്കിലും, ഈജിപ്തുകാരുടെ മാത്രമല്ല ലോകത്തിന്റെ തന്നെ ഹൃദയാഭിവാദ്യങ്ങളും അവര്‍ നേടിയെടുത്തു. ഫുട്‌ബോള്‍ രാജ്യസ്‌നേഹത്തിന്റെയും രാജ്യാഭിമാനത്തിന്റെയും പ്രതീകമാണെന്നതു പോലെ, രാജ്യാന്തരമായ ഐക്യദാര്‍ഢ്യങ്ങളുടെ പ്രകടനങ്ങളുമാണ്.

ഹോസ്സം ഹാസെന്‍ അമേരിക്കയുടെ മണ്ണില്‍ വെച്ച് പലസ്തീന്റെ കൊടി ഉയര്‍ത്തിപ്പിടിച്ചതും ഗാസയിലെ കുഞ്ഞുങ്ങള്‍ക്കു വേണ്ടി സംസാരിച്ചതും, സാമ്രാജ്യത്വത്തെ പ്രകോപിപ്പിക്കുന്നതായിരുന്നു. ഈജിപ്ത് എവിടെയെത്തി എന്നതല്ല, ഈജിപ്തിന് എന്താണ് സാധിക്കുക എന്നതായിരുന്നു ലോകകപ്പില്‍ അവര്‍ തെളിയിച്ചത്.

അല്‍ഗോരിതം എന്റെ ഫീഡില്‍ കൊണ്ടിടുന്ന ഈജിപ്തിലെ നിരവധി ഇന്‍സ്റ്റഗ്രാം പേജുകളിലൊന്നില്‍ വായിച്ചതു പോലെ, യാത്ര അവസാനിച്ചു.

കഥ തുടങ്ങാനിരിക്കുന്നതേ ഉള്ളൂ.

About Author

ജി പി രാമചന്ദ്രന്‍

പ്രമുഖ ചലച്ചിത്ര നിരൂപകനായ ജി.പി. രാമചന്ദ്രൻ 2006 ലെ മികച്ച ചലച്ചിത്ര നിരൂപകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ജേതാവാണ്. 'സിനിമയും മലയാളിയുടെ ജീവിതവും', 'മലയാള സിനിമ - ദേശം, ഭാഷ, സംസ്‌ക്കാരം', 'ലോകസിനിമ കാഴ്ചയും സ്ഥലകാലങ്ങളും', എന്നിവയാണ് പ്രധാന പുസ്തകങ്ങൾ. കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്. ദേശീയ-സംസ്ഥാന ചലച്ചിത്ര-ടെലിവിഷൻ അവാർഡുനിർണയങ്ങൾക്കുള്ള ജൂറി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

0
Would love your thoughts, please comment.x
()
x