A Unique Multilingual Media Platform

The AIDEM

Articles Cinema Kerala

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്: താൽക്കാലിക ഇളക്കങ്ങൾക്കപ്പുറംവേണ്ടത് ക്രിമിനൽ നടപടികളിൽ വിശദമായ പഠനവും പരിശോധനയും

  • August 26, 2024
  • 1 min read
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്: താൽക്കാലിക ഇളക്കങ്ങൾക്കപ്പുറംവേണ്ടത് ക്രിമിനൽ നടപടികളിൽ വിശദമായ പഠനവും പരിശോധനയും

അങ്ങനെ നാലുവർഷമായി ഒരു ചലനവും ഉണ്ടാകാതിരുന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ചില ഇളക്കങ്ങൾ ഉണ്ടാക്കി തുടങ്ങിയിരിക്കുന്നു. സംസ്ഥാന ചലച്ചിത്ര അക്കാദമി അധ്യക്ഷപദവിയിൽ നിന്ന് സംവിധായകൻ രഞ്ജിത്തിന്റെയും “അമ്മ” താര സംഘടനയുടെ ജനറൽ സെക്രട്ടറി പദവിയിൽ നിന്ന് നടൻ സിദ്ദിഖിന്റെയും രാജി, റിപ്പോർട്ടിന്റെ പ്രസിദ്ധീകരണത്തിനു ശേഷം ചർച്ചാവിഷയമായ ആരോപണങ്ങളെപ്പറ്റി സവിശേഷമായി അന്വേഷിക്കാൻ ഐജി സ്പർജൻ കുമാറിന്റെ നേതൃത്വത്തിൽ നാല് സീനിയർ വനിതാ പോലീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിൻറെ രൂപീകരണം ഇവയൊക്കെയാണ് ഈ ഇളക്കങ്ങളിൽ പ്രധാനം.

പക്ഷേ അപ്പോഴും ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പരിശോധനയിൽ നമുക്ക് കാണാനാകുന്ന ഉപേക്ഷകളും പക്ഷേകളും (Ifs and buts) യുക്തമായ ക്രിമിനൽ നടപടികളിലേക്ക് നയിക്കാൻ സഹായിക്കുമോ എന്നും അവയെ മറികടന്ന്എങ്ങനെ ശക്തമായി നീങ്ങും എന്നുമുള്ള ചോദ്യം അവശേഷിപ്പിക്കുക തന്നെ ചെയ്യുന്നു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളെ, പ്രത്യേകിച്ചും ലൈംഗിക കുറ്റകൃത്യങ്ങളെ, പരിഗണിക്കുമ്പോൾ മറ്റു സംസ്ഥാനങ്ങളിൽ സ്വീകരിച്ചിട്ടുള്ള ചില പ്രത്യേക ക്രിമിനൽ നിയമ പരിഷ്കാരങ്ങളെ മാതൃകയാക്കി കൊണ്ടുള്ള നടപടികളും പരിഗണിക്കേണ്ടി വരും എന്നാണ് തോന്നുന്നത്.

ഡബ്ലൂ.സി.സി അംഗങ്ങൾ

ഇത്തരമൊരു പരിഗണന നടത്തുമ്പോൾ ഏറ്റവും സവിശേഷമായി ശ്രദ്ധിക്കേണ്ടത് 2018 ൽപഴയ അവിഭക്ത ജമ്മു കാശ്മീരിൽ ഗവർണർ ഭരണത്തിൻ കീഴിൽ ഉണ്ടായ ക്രിമിനൽ നിയമപരിഷ്കാരമാണ് എന്നാണ് എനിക്ക് തോന്നുന്നത്. ചരിത്രപ്രധാനം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഈ ക്രിമിനൽ നിയമ ഭേദഗതി അധികാരസ്ഥാനങ്ങളിലിരിക്കുന്നവർ നടത്തുന്ന ലൈംഗിക ചൂഷണത്തെ sextortion എന്ന പ്രത്യേക പദം കൊണ്ടാണ് വിശേഷിപ്പിച്ചത്. അങ്ങനെ പ്രത്യേകമായി നാമകരണം ചെയ്യപ്പെട്ട കുറ്റകൃത്യത്തിന് പ്രത്യേകമായ രീതിയിലുള്ള ക്രിമിനൽ നിയമനടപടികളും ഈ പരിഷ്കാരത്തിന്റെ ഭാഗമായി നിർദ്ദേശിക്കപ്പെട്ടു.

വിശ്വാസ്യത ആവശ്യപ്പെടുന്ന പദവികൾ വഹിക്കുന്നവരും, സർക്കാർ ഉദ്യോഗസ്ഥരും നടത്തുന്ന ലൈംഗിക ചൂഷണത്തെയാണ് sextortion വിഭാഗത്തിൽ പെടുന്ന ലൈംഗിക വൈകൃതങ്ങളായി വിശേഷിപ്പിച്ചത്. എന്നാൽ, ഇന്ത്യൻ ഭരണഘടനയിലെ 370ാം അനുച്ഛേദം എടുത്തുകളഞ്ഞതോടെ ജമ്മു കാശ്മീരിന്റെ പ്രത്യേകപദവി നഷ്ടപ്പെട്ടു. അതോടെ ഈ നിയമത്തിനും സാധുത നഷ്ടമായി. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ഈ സാധുതാ നിരാകരണം പുനഃ പരിശോധിക്കുകയും sextortion മട്ടിലുള്ള ലൈംഗിക വൈകൃതങ്ങളെ ദേശീയ തലത്തിൽ തന്നെ ഒരു സവിശേഷ കുറ്റകൃത്യമായി അംഗീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇന്ത്യയിലുടനീളം ഇത് ഒരു കുറ്റകൃത്യമായി അംഗീകരിക്കപ്പെടുകയും നിയമപരിരക്ഷ ഉറപ്പാക്കുകയും വേണം.

2017ൽ നടൻ ദിലീപ് ഉൾപ്പെടുന്ന ഒരു ലൈംഗികാതിക്രമ കേസിന്റെ പശ്ചാത്തലത്തിലാണല്ലോ ജസ്റ്റിസ് കെ ഹേമ അധ്യക്ഷയായ ഒരു കമ്മിറ്റി രൂപീകരിക്കുന്നത്. മലയാള സിനിമ മേഖലയിലെ ലൈംഗികാതിക്രമങ്ങളും ലിംഗവിവേചനവും അന്വേഷിക്കുകയായിരുന്നു കമ്മിറ്റിയുടെ രൂപീകരണോദ്ദേശ്യം. 2024 ആഗസ്റ്റ് 19ന് കേരളത്തിന്റെ സാമൂഹ്യ – രാഷ്ട്രീയമണ്ഡലത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചുകൊണ്ട് കമ്മിറ്റിയുടെ റിപ്പോർട്ട് ഭാഗികമായി പുറത്തുവിട്ടു. ചില പേജുകൾ വെട്ടിച്ചുരുക്കിയ, 233 പേജുള്ള റിപ്പോർട്ടിൽ മലയാള സിനിമാമേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന വിവിധതരം ചൂഷണങ്ങളെക്കുറിച്ചും അതിക്രമങ്ങളെക്കുറിച്ചും പറയുന്നുണ്ട്. സിനിമമേഖലയിലും പൊതുസമൂഹത്തിലും റിപ്പോർട്ട് വലിയ ഞെട്ടലുളവാക്കി.

കമ്മിറ്റി അംഗങ്ങൾ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറുന്നു

എങ്കിലും റിപ്പോർട്ടിലൂടെ സിനിമാമേഖലയിലെലൈംഗികാതിക്രമങ്ങളും അതിന്റെ തീവ്രതയും പൂർണമായും വെളിച്ചത്തുകൊണ്ടുവരാനാവും എന്ന പ്രതീക്ഷ പൂർത്തീകരിക്കപ്പെട്ടില്ല. പ്രധാനപ്പെട്ട പല ആളുകളുടെ പേരുകളും അവർ ചെയ്ത കൃത്യങ്ങൾ കണ്ടെത്താനുള്ള അടയാളങ്ങളും ഒഴിവാക്കിയതോടെ റിപ്പോർട്ടിന്റെ സാധുത ഏറെ ലഘൂകരിക്കപ്പെട്ടു. ഇതോടെ സിനിമാമേഖലയിലെസ്ത്രീകളുടെ നില മെച്ചപ്പെടുത്തുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിൽ റിപ്പോർട്ട് പരാജയപ്പെട്ടതായി വിമർശനം ഉയർന്നു. എങ്കിലും ഒരു സംസ്ഥാനത്ത് ചലച്ചിത്ര മേഖലയെക്കുറിച്ച് ഇത്തരമൊരു റിപ്പോർട്ട് പുറത്തുവരുന്നത് ആദ്യമായിട്ടാണ് എന്നതും സിനിമാമേഖലയിലെചൂഷണങ്ങൾ സമൂഹത്തിൽ ചർച്ചയായിട്ട് ഒരുപാട് കാലമായി എന്നതും റിപ്പോർട്ടിൻ്റെ പ്രസക്തി പൂർണ്ണമായും ഇല്ലാതാക്കുന്നില്ല എന്നും അടിവരയിടേണ്ടതാണ്.

2022ൽ വുമൺ ഇൻ സിനിമ കളക്ടീവ് (ഡബ്ലു.സി.സി) റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ അവ്യക്തമാണെന്നും നിരാശാജനകമാണെന്നും പരസ്യമായ വിമർശനം ഉന്നയിച്ചിരുന്നു. (2017ലെ ലൈംഗികാതിക്രമ കേസിനെത്തുടർന്ന് രൂപംകൊണ്ട മലയാള സിനിമയിലെ സ്ത്രീകളുടെ സംഘടനയാണ് ഡബ്ലു.സി സി).

തുടക്കം മുതൽ അസോസിയേഷൻ ഓഫ് മലയാളം മൂവി ആർടിസ്റ്റ്സ് (എ.എം.എം.എ ) വിഷയത്തിൽ വ്യക്തമായ നിലപാടെടുക്കാൻ വിമുഖത കാണിക്കുകയാണ് ചെയ്തത്. ഡബ്ലൂ സി സി യുടെ വിമർശനത്തിന് പിന്നാലെ, റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ എ എം എം എ സംതൃപ്തി അറിയിക്കുകയും 90 ശതമാനം നിർദ്ദേശങ്ങളും നടപ്പിലാക്കാൻ സന്നദ്ധത അറിയിക്കുകയും ചെയ്തു. എന്നിരുന്നാലും, ആദ്യം മുതൽ റിപ്പോർട്ട് പുറത്തുവിടുന്നതിനെ എഎം എം എ എതിർക്കുകയാണുണ്ടായത് എന്നത് മറക്കാൻ പാടില്ല. സിനിമമേഖലയിൽ നിന്നും നേരിടേണ്ടിവന്ന ദുരനുഭവങ്ങളെക്കുറിച്ച് കമ്മിറ്റിക്കുമുന്നിൽ മൊഴി നൽകിയ സ്ത്രീകൾക്ക് തങ്ങളുടെ പേരുകൾ വെളിപ്പെടുത്താൻ ആഗ്രമില്ലാത്തതിനാൽ ഗവൺമെന്റും ജസ്റ്റിസ് ഹേമയും റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിന് എതിരായിരുന്നു. എന്നാൽ അതിജീവിതരുടെ സ്വകാര്യത പാലിച്ചുകൊണ്ട് തന്നെ റിപ്പോർട്ട് പ്രസിദ്ധീകരിക്കപ്പെടണം എന്നായിരുന്നു ഡബ്ലൂ സി സി യുടെ നിലപാട്.

സിനിമാ മേഖലയുടെ നവീകരണത്തിന് വേണ്ടിയുള്ള കൃത്യവും വ്യക്തവും നടപ്പിലാക്കാനാവുന്നതുമായ നിർദ്ദേശങ്ങളുടെ അപര്യാപ്തത സിനിമമേഖലയിൽ മാറ്റം കൊണ്ടുവരാനുള്ള കമ്മിറ്റിയുടെ കാര്യക്ഷമതയെ തന്നെ ചോദ്യം ചെയ്തു. ഇത് ചൂഷണങ്ങളെക്കുറിച്ച് പറയുമ്പോൾ ആവശ്യമാകുന്ന സുതാര്യതയെക്കുറിച്ചും വ്യക്തികളുടെ സ്വകാര്യതാ സംരക്ഷണത്തേക്കുറിച്ചുമുള്ള നിയമപരമായ സങ്കീർണതകളെ അടിവരയിടുന്നു.

റിപ്പോർട്ടിന്റെ മേലുള്ള അന്വേഷണത്തിനും കുറ്റവാളികളെ വിചാരണ ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സമൂഹം മുറവിളി കൂട്ടുന്നത് മനസ്സിലാക്കാൻ സാധിക്കും. ഇത്തരമൊരു ആവശ്യം മുന്നോട്ടു വയ്ക്കുമ്പോൾ അതിന് പിറകിലുള്ള നിയമപരവും അല്ലാതെയുമുള്ള വെല്ലുവിളികൾ കൂടി പരിഗണിക്കണം. റിപ്പോർട്ടിൽ പറയുന്ന കേസുകളുടെ അന്വേഷണത്തിലും വിചാരണയിലും പ്രതീക്ഷവെയ്ക്കുന്നതിന് മുന്നേ യാഥാർത്ഥ്യബോധത്തോടെ ഈ കാര്യങ്ങൾ അംഗീകരിക്കേണ്ടത് അനിവാര്യമാണ്.

ഇന്ത്യയിൽ ലൈംഗികാതിക്രമ കേസുകളുടെ എണ്ണം ഞെട്ടിക്കുന്നതാണ്. ലൈംഗികാതിക്രമകേസുകൾ വിചാരണ ചെയ്യുന്നതിന്റെ വെല്ലുവിളികൾ കൂടി കണക്കിലെടുത്താൽ, 2021ലെ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് ഐ പി സി 354A പ്രകാരം 27.2 ശതമാനം കേസുകൾ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. കുറ്റകൃത്യം സംശയാതീതമായി തെളിയിക്കപ്പെടുക എന്ന ഇന്ത്യൻ നിയമവ്യവസ്ഥയുടെ ശാഠ്യമാണ് കാര്യങ്ങൾ ഇത്ര വഷളാവാൻ കാരണം. സാക്ഷികളോ, കൃത്യമായ തെളിവുകളോ അസാധ്യമായ ലൈംഗികാതിക്രമകേസുകളിൽ തെളിവുകളുടെ കാര്യത്തിൽ ശാഠ്യം പിടിക്കുന്നത് കേസിൽ നീതി നടപ്പാക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാക്കുന്നു.

സ്വാധീനശക്തിയുള്ളവർ പണവും രാഷ്ട്രീയബന്ധങ്ങളും ഉപയോഗിച്ച് രക്ഷപെടുന്നതിനെക്കുറിച്ചും റിപ്പോർട്ട് വെളിപ്പെടുത്തുന്നുണ്ട്. പ്രാഥമിക തെളിവുകൾ നിലനിൽക്കുമ്പോൾ പോലും ഈ വി ഐ പി സംസ്കാരം നീതി നടപ്പാക്കുന്നത് തടയുന്നു. കൂടാതെ, 2013ൽ തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരെയുള്ള ലൈംഗികാതിക്രമം തടയൽ നിയമം വരുന്നതിന് മുന്നേയാണ് റിപ്പോർട്ടിൽ പറയുന്ന പല കേസുകളും സംഭവിച്ചിരിക്കുന്നത്. ക്രിമിനൽ നിയമങ്ങൾ പൂർവ്വകാലപ്രാബല്യത്തിൽ നടപ്പാക്കാൻ സാധിക്കാത്തത് കേസെടുക്കുന്നതിനെ ബാധിക്കും.

സിനിമാമേഖലയിലെഅധികാരശ്രേണിയും ഇഴയടുപ്പവും അതിജീവിതരെയും സാക്ഷികളെയും മുന്നോട്ടുവന്ന് കാര്യങ്ങൾ വെളിപ്പെടുത്തുന്നതിൽ നിന്നും തടയുന്നു. തൊഴിൽപരമായ തിരിച്ചടികളെയും സാമൂഹികമായ ഒറ്റപ്പെടലിനെയും അവർ ഭയക്കുന്നു. സാക്ഷികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള ശക്തമായ നിയമങ്ങൾ ഇല്ലാത്തതും പ്രശ്നം ഗുരുതരമാക്കുന്നു. 2024ൽ 400 ലക്ഷം കേസുകളാണ് തീർപ്പാക്കാതെ വിവിധ കോടതികളിൽ കെട്ടിക്കിടക്കുന്നത്. നിയമപരമായ നടപടികളിലെ വെല്ലുവിളികൾ നിയമവഴികൾ തെരഞ്ഞെടുക്കുന്നതിൽ നിന്നും അതിജീവിതരെ വിലക്കുന്നു. സമയം മുന്നോട്ട് പോകുന്നത് തെളിവുകളും നശിക്കാൻ കാരണമാകും.

കുറച്ച് പുരോഗമനം അവകാശപ്പെടാമെങ്കിലും ലൈംഗികാതിക്രമങ്ങൾ അതിജീവിച്ചവരോടുള്ള കേരളാ സമൂഹത്തിന്റെ കാഴ്ചപ്പാട് ഇന്നും പ്രശ്നം തന്നെയാണ് . ഇരയെ കുറ്റക്കാരാക്കുന്ന പ്രവണതയും സാമൂഹ്യമായ കാഴ്ചപ്പാടുകളും കേസുകൾ റിപ്പോർട്ടു ചെയ്യുന്നതിനെയും നിയമനടപടികളെയും സാരമായി ബാധിക്കുന്നു. ഇങ്ങനെ, നിയമപരവും സാമൂഹികവും വ്യവസ്ഥാപിതവുമായ പലതരത്തിലുള്ള വെല്ലുവിളികൾ കുറ്റാരോപിതരായവരെ പെട്ടെന്നും കാര്യക്ഷമമായും വിചാരണ നടത്തുന്നതിൽ നിന്നും തടയുന്നു.

ഈ വെല്ലുവിളികളെ നേരിടാൻ സമഗ്രമായ കാഴ്ചപ്പാടും സമീപനവും ആവശ്യമാണ്. സാക്ഷികളുടെ സംരക്ഷണം ഉറപ്പാക്കുക, നിയമം നടപ്പാക്കുന്നവർക്കും കോടതികാര്യങ്ങൾ കൈകാര്യം ചെയ്യുന്നവർക്കും പ്രത്യേക ട്രെയിനിങ് നൽകുക, അന്വേഷണത്തിന്റെയും വിചാരണയുടെയും വിവിധ ഘട്ടങ്ങളിൽ അതിജീവിതർക്ക് കൂടുതൽ പിന്തുണ ഉറപ്പാക്കുന്ന സാഹചര്യം സൃഷ്ടിക്കുക എന്നിവ പ്രധാനമാണ്. സമൂലമായ പരിവർത്തനത്തിലൂടെയും സാമൂഹ്യമാറ്റത്തിലൂടെയും മാത്രമേ നീതി ആവശ്യപ്പെടുന്നതിലുപരി എല്ലാവർക്കും ഒരുപോലെ, സുസ്ഥിരമായ നീതി ലഭ്യമാവുന്ന സാഹചര്യം ഉണ്ടാവുകയുള്ളൂ.

റിപ്പോർട്ട് പുറത്തുവിടാനെടുത്ത കാലതാമസവും ഭാഗികമായി പുറത്തുവിട്ടതും സംസ്ഥാനസർക്കാരിനെ പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്. ഇത് ഗവൺമെന്റിന്റെ സുതാര്യതയും റിപ്പോർട്ടിലെ കാര്യങ്ങൾ ചർച്ചചെയ്യുന്നതിലുള്ള പ്രതിജ്ഞാബദ്ധതയും ചോദ്യം ചെയ്യുന്നതിനിടയാക്കി. എന്നാൽ, ഇതിലെ നൈതികവും ധാർമികവുമായ പ്രശ്നങ്ങൾ കണക്കിലെടുക്കണം. പേരു പുറത്തുപറയാനാഗ്രഹിക്കാതെ കമ്മിറ്റിക്കുമുന്നിൽ മൊഴി നൽകിയ അതിജീവിതരുടെ വികാരങ്ങളെ മാനിക്കണം.

ഇന്നത്തെ സാഹചര്യത്തിൽ, നീതിപീഠവും ഗവൺമെന്റും വ്യവസായ മേഖലയിലുള്ളവരും അങ്ങനെ എല്ലാവരും നിയമത്തോടും അതിജീവിതരോടും പൂർണമായ അവബോധവും പ്രതിജ്ഞാബദ്ധതയും പുലർത്തണം. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ മേലുള്ള ഏതൊരു ചർച്ചയും എല്ലാ വശങ്ങളെയും കണ്ടുകൊണ്ടായിരിക്കണം. ഒരു വശം മാത്രമായി ചർച്ചചെയ്യരുത്. അതിജീവിതരുടെ സ്വകാര്യതയെ മാനിക്കുന്നതായിരിക്കണം. നിയമനടപടികളിലേക്ക് കടക്കണോ വേണ്ടയോ എന്ന അവരുടെ തീരുമാനത്തെ ബഹുമാനിക്കുന്നതാവണം. വരുന്ന തലമുറയ്ക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടാവാതെയിരിക്കുന്ന വിധത്തിൽ സിനിമാമേഖലയെ നവീകരിക്കുന്നതാവണം. അതോടൊപ്പം, 2018ലെ ജമ്മു കാശ്മീർ നിയമത്തെ മുൻനിർത്തി ലൈംഗികവൈകൃതങ്ങൾ സംബന്ധിച്ച നിയമങ്ങൾ പുനപരിശോധിക്കുന്നതിനും പുന:ക്രമീകരിക്കുന്നതിനും ഗവൺമെന്റും നിയമസംവിധാനങ്ങളും ഭരണകൂടവും ഇതൊരവസരമായി കാണണം. അതാണ് മുന്നോട്ടുള്ള വഴി.

About Author

ആര്യ സുരേഷ്

ഡൽഹിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകയാണ് ആര്യ സുരേഷ്. സാമൂഹികവും രാഷ്ട്രീയവും നിയമപരവുമായ വിഷയങ്ങളിലും സിനിമയിലും അവർ ലേഖനങ്ങൾ എഴുതുന്നു.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Vijayan M P
Vijayan M P
1 month ago

Good. Try to keep pace with the current issues and developments in your profession. Congratulations.

1
0
Would love your thoughts, please comment.x
()
x