A Unique Multilingual Media Platform

Articles Caste Kerala Politics

കേരള സമൂഹത്തിലെ വിദൂഷകന്മാർ

  • March 13, 2026
  • 1 min read
കേരള സമൂഹത്തിലെ വിദൂഷകന്മാർ

“ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന് ആപ്തവാക്യം പ്രചരിപ്പിച്ച് ശ്രീനാരായണീയരെ ഉദ്ബുദ്ധരാക്കാനാണ് ഗുരു എസ്.എൻ.ഡി.പി പ്രസ്ഥാനം ആരംഭിച്ചത്. ലോകമെമ്പാടുമുള്ള ഈഴവരുടെ ഉടമസ്ഥാവകാശം കഴിഞ്ഞ മുപ്പതു വർഷക്കാലമായി വച്ചനുഭവിച്ചു പോന്ന നടേശൻ ആന്റ് കമ്പനിയ്ക്ക് കേരള ഹൈക്കോടതി ഇപ്പോൾ നിയമം പറഞ്ഞു കൊടുത്തിരിക്കുന്നു. മനസ്സിലാകുമോ എന്നതിൽ നാട്ടുകാർക്ക് യാതൊരു ഉറപ്പുമില്ല. കോടതികളായ കോടതികൾ ഇനിയുമുണ്ടല്ലോ? എന്തായാലും ഒരു നവോത്ഥാന പ്രസ്ഥാനത്തെ കമ്പനി നിയമ പ്രകാരം രജിസ്റ്റർ ചെയ്യാനുള്ള ബുദ്ധി വല്ലാത്ത ബുദ്ധി തന്നെ.

ശ്രീ നാരായണ ഗുരു

കച്ചവടവും ലാഭവും മാത്രമാക്കി എന്തിലും തലവയ്ക്കുന്ന വെള്ളാപ്പള്ളിയ്ക്ക് എന്തു നവോത്ഥാനം! നാരായണ ഗുരു എന്ന പേര് തനിക്ക് പത്ത് പുത്തനുണ്ടാക്കാനുള്ള വഴിയാണെന്ന് മനസ്സിലാക്കിയപ്പോൾ എസ്.എൻ.ഡി.പി യോഗത്തിന്റെ തലപ്പത്ത് അച്ഛനും മകനും കുറച്ച് ശിങ്കിടികളും താവളമുറപ്പിച്ചു. പണത്തിന്റേയും ഗുണ്ടായിസത്തിന്റേയും ബലത്തിൽ ഇത്രകാലം പിടിച്ചു നിന്നു. പിണറായി വിജയന്റെ കാറിൽ കയറിയാൽ ഇന്ത്യയിലെ നിലവിലുള്ള നിയമങ്ങളെ മാനിക്കേണ്ടതില്ല എന്ന് ഒരു സാധാരണ മുതലാളിയ്ക്ക് തോന്നാം.ഇത്തരം തോന്നലുകൾ എഴുതിവയ്ക്കപ്പെട്ടിരിക്കുന്ന നിയമങ്ങൾക്ക് ബാധകമല്ലെന്ന് ഇപ്പോഴെങ്കിലും വെള്ളാപ്പള്ളി നടേശന് മനസ്സിലായാൽ നല്ലത്.

വെള്ളാപ്പള്ളി നടേശൻ എസ്. എൻ. സി. പി യോഗം വേദിയിൽ

കമ്പനി നിയമ പ്രകാരം രജിസ്റ്റർ ചെയ്യപ്പെടുന്ന ഏതൊരു സ്ഥാപനവും വർഷാവർഷം സർക്കാരിലേക്ക് സമർപ്പിക്കേണ്ട ധാരാളം രേഖകളുണ്ട്. ഒരു സ്റ്റാർട്ട്അപ്പ് കമ്പനി രജിസ്റ്റർ ചെയ്യുന്ന ആൾക്ക് പോലും ഇതൊക്കെ അറിയാവുന്നതാണ്. എന്നിട്ടും വെള്ളാപ്പള്ളിയെ പോലെ കച്ചവട പാരമ്പര്യം ഉള്ളയാൾ കഴിഞ്ഞ ഒമ്പത് വർഷങ്ങളായി അതൊന്നും രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ വെബ്സൈറ്റിൽ കയറി പോലും സമർപ്പിച്ചിട്ടില്ല എന്നാണ് കേരള ഹൈക്കോടതിയുടെ കണ്ടെത്തൽ. കമ്പനി ഡയറക്ടാറാകാൻ വേണ്ട പ്രാഥമിക രേഖയായ ഡയറക്ടേഴ്സ് ഇൻഡക്സ് നമ്പർ അഥവാ ഡിൻ എന്നതിലും അവ്യക്തയുണ്ടെന്നാണ് കോടതി നിരീക്ഷണം. നൂറു കണക്കായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന എസ്.എൻ.ഡി.പി യോഗത്തിന്റെ മുഴുവൻ കണക്കുകളും ഇനി ഓഡിറ്റ് ചെയ്യപ്പെടേണ്ടതുണ്ടെന്നാണ് ഈ തിരിമറികൾ വ്യക്തമാക്കുന്നത്. ഒഴിവു വരുന്ന ഓരോ വേക്കൻസികൾക്കും ലക്ഷങ്ങൾ കണക്കു പറഞ്ഞു വാങ്ങിയതിന്റേയും വാങ്ങുന്നതിന്റേയും കണക്കുകൾ പൊതു മദ്ധ്യത്തിൽ ലഭിക്കാൻ പോകുന്നില്ല. കമ്പനിയുടെ നടത്തിപ്പുകാർ സർക്കാരിലേക്ക് നൽകേണ്ട രേഖകൾ നൽകാത്തത് എന്തു കൊണ്ടായിരിക്കാം എന്ന ചോദ്യമാണ് ഇവിടെ പ്രസക്തം. ദിവംഗതനായ സാനുമാഷിന്റെ ഹർജിയിലെ വാദത്തിനിടെ ഉയർന്നു വരേണ്ടിയിരുന്ന ഈ ചോദ്യം ഇപ്പോഴും ചോദിക്കപ്പെട്ടിട്ടില്ല.

കേരള ഹൈക്കോടതി

വില്ലേജാഫീസിൽ വരുമാന സർട്ടിഫിക്കറ്റ് വാങ്ങാൻ പോകുന്ന സാധാരണക്കാർ നിരവധി രേഖകളും ഏമാന്മാരുടെ ചോദ്യത്തിനുള്ള ഉത്തരവും പറയേണ്ടി വരുമ്പോൾ കോടാനുകോടിയുടെ ക്രയവിക്രയം നടത്തുന്ന എസ്.എൻ.ഡി.പി യോഗത്തിന് കഴിഞ്ഞ ഒമ്പതു വർഷവും ഒരു രേഖയും ഹാജരാക്കാതെ പ്രവർത്തിക്കാൻ സാധിച്ചത് നഗ്നമായ അഴിമതിയും അട്ടിമറിയുമല്ലാതെ മറ്റെന്താണ്?വെള്ളാപ്പള്ളിയുടെ കൈയ്യിൽ നിന്നും സംഭാവന കൈപറ്റിയ പുരോഗമന രാഷ്ട്രീയത്തിന്റെ വക്താക്കൾ പോലും ഈ അഴിമതി പണത്തിന്റെ പങ്കാണ് പറ്റിയത്.

സമുദായ സംഘടനകൾക്ക് നമ്മുടെ രാഷ്ട്രീയത്തിൽ വന്നിരിക്കുന്ന അമിത പ്രാധാന്യം സമൂഹത്തിൽ സൃഷ്ടിക്കുന്നത് നിയമരാഹിത്യമാണ്. മനുഷ്യരെ വിവിധ കള്ളികളിൽ നിറുത്തി ഇവർ കളിക്കുന്ന കളികളിൽ വോട്ടിനും അതിലൂടെ നേടാവുന്ന അധികാരത്തിനും രാഷ്ട്രീയ പാർട്ടികൾ വിധേയപ്പെടുമ്പൾ സാധാരണ മനുഷ്യർ കബളിപ്പിക്കപ്പെടുന്നു. ക്രിമിനൽവൽക്കരിക്കപ്പെട്ടിരിക്കുന്ന സമുദായ സംഘടനകളെ രാഷ്ട്രീയത്തിന് പുറത്ത് നിറുത്താനുള്ള ആർജ്ജവം നിലവിലെ ഒരു രാഷ്ട്രീയ പാർട്ടികളിൽ നിന്നും പ്രതീക്ഷിക്കേണ്ടതില്ല. ഈ സമുദായ നേതാക്കൾ ഏതു വിധത്തിലാണ് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാകുന്നതെന്ന് നിരീക്ഷിക്കാനുള്ള ആർജ്ജവം നിർമ്മിത ബുദ്ധിയുടെ കാലത്ത് ജീവിക്കുന്ന പൊതു സമൂഹം നേടേണ്ടതുണ്ട്. തെരഞ്ഞെടുപ്പുകളിൽ പത്തോ പതിനഞ്ചോ പേർ ചേർന്ന് അവരുടെ താൽപര്യാർത്ഥം തെര‍ഞ്ഞെടുക്കുന്ന ഒരാൾക്ക് വോട്ടു നൽകി അധികാരത്തിലേറ്റാനുള്ള ബാധ്യത പൊതു ജനത്തിന് ഇല്ലെന്ന തിരിച്ചറിവ് ഉണ്ടായില്ലെങ്കിൽ വെള്ളാപ്പള്ളിമാരുടെ മൂന്നാം കിട പ്രകടനങ്ങൾ നമ്മൾ ഇനിയും കാണേണ്ടി വരും.

ഈയിടെ കേരളം കണ്ട മറ്റൊരു രാഷ്ട്രീയാഭാസമാണ് പ്രധാനമന്ത്രിയുടെ ഹൈവേ ഉദ്ഘാടനം. ഉദ്ഘാടന ചടങ്ങിൽ നിന്നും സംസ്ഥാന പൊതു മരാമത്ത് മന്ത്രിയെ മാറ്റി നിറുത്തിയ ശേഷം കേവലം രാഷ്ട്രീയ വിദൂഷകനായ കേരള സംസ്ഥാന ബി.ജെ.പി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെ വേദിയിൽ കയറ്റി ഇരുത്തിയ സംഘാടക പ്രഭൃതികളുടെ തൊലിക്കട്ടിയിൽ കാണ്ടാമൃഗം ഞെട്ടിത്തരിച്ചു കാണണം.കേരളത്തിലെ ഒരു പഞ്ചായത്ത് ആഫീസ് പോലും കാണാത്ത രാജീവ് ചന്ദ്രശേഖറെന്ന മുതലാളിയ്ക്ക് മുഹമ്മദ് റിയാസിനെ വെറും മരുമകനായി മാത്രം മനസ്സിലാക്കാൻ സാധിച്ചത് അയാളുടെ രാഷ്ട്രീയ പാപ്പരത്തം കൊണ്ടു മാത്രമാണെന്ന് തിരിച്ചറിയാൻ കുറഞ്ഞ പക്ഷം കുമ്മനം രാജശേഖരനെങ്കിലും സാധിച്ചു കാണണം. സംഘ രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്യുന്നവരിൽ നിന്നും ഇതിൽ കൂടുതൽ എന്തെങ്കിലും നമ്മൾ പ്രതീക്ഷിക്കുകയും ചെയ്യരുത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ സ്ഥാനാർത്ഥികളെ ലഭിക്കാത്തത് കൊണ്ട് സീരിയൽ ഷൂട്ടിംഗ് നടക്കുന്ന സെറ്റുകളിൽ കറങ്ങി നടക്കുകയാണ് ബി.ജെ.പിയുടെ സ്വയം പ്രഖ്യാപിത നേതാക്കളെന്നാണ് നാട്ടു വർത്തമാനം. കാര്യം ശരിയാണ് താനും.

കോഴിക്കോട് രാമനാട്ടുകര-വെങ്ങളം റീച്ചിൽ ബുധനാഴ്ച പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ നടത്തിയ റോഡ് ഷോ

അപ്പോഴാണ് ചന്ദ്രശേഖരന് റിയാസിന്റെ തോളിൽ കയറാനുള്ള പൂതി ഉണ്ടായത്. ആ പൂതി കേരളത്തിലെ മാധ്യമങ്ങളും ട്രോളന്മാരും ചേർന്ന് പൊളിച്ചടുക്കിയത് മറ്റൊരു കഥ. അമ്മായിപ്പനെ തുലാസിൽ കയറ്റി കച്ചവടക്കാരനായതിന്റെ ക്രെഡിറ്റ് കേരളത്തിൽ രാജീവ് ചന്ദ്രശേഖറിന് മാത്രമുള്ളതാണെന്ന സത്യം അരിയാഹാരം കഴിക്കുന്ന ഭാ.ജാ.പാക്കാരനുമറിയാം.

ബി.ജെ.പിയിലെ കുമ്മനത്തെ പോലുള്ളവരോട് ഒരപക്ഷേയുണ്ട്. അങ്ങേയറ്റം പ്രതിലോമകരമായ രാഷ്ട്രീയവും തത്വസംഹിതയുമാണ് നിങ്ങളുടേതെങ്കിലും കേരളത്തിൽ ജനിച്ചതിന്റെ ഗുണം നിങ്ങളിൽ പലർക്കുമുണ്ട്.അതിനെ പറയിക്കരുത്. ട്രെയിനിലും ബസ്സിലും പോക്കറ്റടിച്ചു കഴിയുന്നവന്റെ നിലവാരത്തിലും താഴെയാണ് രാജീവ് ചന്ദ്രശേഖർജി. രാഷ്ട്രീയം അദ്ദേഹത്തിന് പിടിയില്ലാത്ത ഒരു മേഖലയാണ്.

കുമ്മനം രാജശേഖരൻ

ഒരു വിദ്യാർത്ഥി സമരത്തിലും അയാൾ പങ്കെടുത്തിട്ടില്ല. അനുദിനം താഴോട്ട് കുതിക്കുന്ന രൂപയിലാണ് അദ്ദേഹം വിശ്വസിക്കുന്നത്. അത് അക്ഷരമറിയാത്തവന്റെ ചപല വിശ്വാസമാണ്. മലയാളത്തിലെ അമ്പത്താറ് അക്ഷരങ്ങൾ അറിയാതെ പോയതിന്റെ തെറ്റ്. ഞങ്ങൾ മലയാളികൾ എന്തിനാണ് ഇയാളെ സഹിക്കുന്നത്? ഉത്തരം വേണം. കാരണം നിങ്ങളും ഞങ്ങളോട് വോട്ടു ചോദിക്കുന്നുണ്ട്.

About Author

എം.കെ നാരായണ മൂർത്തി

മാധ്യമ പ്രവർത്തകൻ. Thou Newz എന്ന യൂട്യൂബ് വാർത്താ ചാനലിൻ്റെ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്നു. അറുപതിൽപരം രാജ്യങ്ങളിൽ യാത്ര ചെയ്ത് രാഷ്ട്രീയ - സാമുഹിക വിഷയങ്ങൾ പഠിച്ചിട്ടുണ്ട്.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Rajveer Singh

Very Nice 💯

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

1
0
Would love your thoughts, please comment.x
()
x