A Unique Multilingual Media Platform

Articles Development Environment

‘ഗുഡ് എർത്തിൽ’ നിന്നുള്ള പാഠങ്ങൾ.

  • August 21, 2026
  • 1 min read
‘ഗുഡ് എർത്തിൽ’ നിന്നുള്ള പാഠങ്ങൾ.

“മണ്ണെടുത്ത് വെള്ളമൊഴിച്ച് കുഴച്ചെടുത്ത് പാത്രങ്ങളും പ്രതിമകളും നിര്‍മിക്കുന്നവര്‍, മരങ്ങള്‍ മുറിച്ചെടുത്ത് ഗൃഹോപകരണങ്ങള്‍ തീര്‍ക്കുന്നവര്‍, കല്ലും മണ്ണും മരങ്ങളും കൊണ്ട് വാസയോഗ്യമായ കെട്ടിടങ്ങള്‍ പണിയുന്നവര്‍, വയലില്‍ വിത്തുവിതച്ച് ഭക്ഷണം വിളയിക്കുന്നവര്‍, പരുത്തി കൃഷി ചെയ്ത് സ്വന്തം കൈ കൊണ്ട് നൂല്‍ നൂറ്റെടുത്ത് കുപ്പായം തുന്നുന്നവര്‍…. ഇന്ത്യയുടെ കരുത്ത് കൈത്തൊഴിലുകള്‍ ചെയ്യുന്ന സാധാരണ മനുഷ്യരായിരുന്നു.ചരിത്രത്തിലെ ഏതോ തിരിവില്‍വച്ച് അവര്‍ക്ക് സമൂഹത്തില്‍ പ്രാമുഖ്യം നഷ്ടപ്പെട്ടു. ആ അറിവുകള്‍ തിരിച്ചുകൊണ്ടുവരണം.അവരുടെ സാമൂഹ്യപദവി ഉയര്‍ത്തണം. അവര്‍ക്ക് പ്രാധാന്യം കൊടുത്താല്‍ നമുക്ക് എല്ലാ രംഗങ്ങളിലും സമൃദ്ധി വീണ്ടെടുക്കാന്‍ സാധിക്കും.”

സ്റ്റാന്‍ലി ജോര്‍ജ് പറയുന്നു.

സാരംഗ് ഫുഡ് ഫോറസ്റ്റ്

സ്റ്റാന്‍ലി വോളിബാള്‍ ഇതിഹാസം ജിമ്മി ജോര്‍ജ്ജിന്റെ സഹോദരനാണ്. കോട്ടയത്തുനിന്നും മുപ്പതുകളില്‍ പേരാവൂരിലെത്തിയ കുടക്കച്ചിറ കുടുംബത്തിലെ ജോര്‍ജ് വക്കീലിന്റേയും മേരിയുടേയും മകന്‍. കാഞ്ഞിരപ്പുഴയുടെ തീരത്തെ വീടും പരിസ്ഥിതിയോടിണങ്ങിനിന്ന ബാല്യവുമാണ് സ്റ്റാന്‍ലിയില്‍ ഗുഡ് എര്‍ത്ത് ഇക്കോ വില്ലേജെന്ന ആശയത്തിന്റെ വിത്ത് പാകുന്നത്.

“തുന്പികളും പുൽച്ചാടികളും മഞ്ഞയും നീലയും വെള്ളയും ഓറഞ്ചും നിറമുള്ള ചിത്രശലഭങ്ങളും എങ്ങോ പറന്നുപോയ പക്ഷികളും തിരിച്ചുവരാന്‍ അവയെ ഊട്ടിവളര്‍ത്തുന്ന സസ്യങ്ങള്‍ തെരഞ്ഞുപിടിച്ച് നട്ടുപിടിപ്പിച്ചാല്‍ പോരെ? ” അദ്ദേഹം സന്ദര്‍ശകരോട് ചോദിക്കുന്നു.പ്രശസ്ത ഭൗമശാസ്ത്രജ്ഞരായ ഡോ. കുശലാ രാജേന്ദ്രനും ഡോ. സി പി രാജേന്ദ്രനുമൊത്താണ് ആറളം ഫാമിനടുത്തുള്ള ഗുഡ് എര്‍ത്ത് വില്ലേജിലെത്തുന്നത്.

ഏകവിളയായിരുന്ന റബ്ബർ തോട്ടത്തിൽ നിന്നും സമൃദ്ധമായൊരു ഭക്ഷ്യവനത്തിലേക്കുള്ള മാറ്റം.

മഞ്ഞുമേഘങ്ങള്‍ക്കു താഴെ പച്ചപ്പുല്‍മേടുകള്‍. കവിത പോലെ വിരിയുന്ന പൂക്കള്‍. നടപ്പാതകള്‍ക്ക് അപ്പുറവും ഇപ്പുറവും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന നിരവധി സസ്യസ്പീഷിസുകള്‍.മഴച്ചാറലില്‍ പൂക്കൾക്കിടയില്‍ നൃത്തം വയ്ക്കുന്ന പൂന്പാറ്റകള്‍.മരച്ചില്ലകളില്‍ നിന്ന് കൗതുകത്തോടെ എത്തിനോക്കുന്ന ഓന്തുകള്‍,അരണ കടിച്ചാലുടനെ മരണം എന്നു പറയുന്നതില്‍ എന്താണ് കാര്യം?അരണ മരിക്കുമോ കടിയേറ്റയാള്‍ മരിക്കുമോയെന്ന് ഇന്നും തീര്‍ച്ചയില്ലാത്ത ആ ചൊല്ലിനു പിന്നില്‍ പ്രകൃതിയെ സ്നേഹിച്ചൊരാള്‍ നിന്നു ചിരിക്കുന്നു. പച്ചയും കറുപ്പും ഓറഞ്ചും നിറമുള്ള തവളകള്‍.തവളയെ കല്ലെറിഞ്ഞാല്‍ അമ്മി‍ഞ്ഞയില്‍ കുരു വരും എന്നു കുട്ടികളെ പറഞ്ഞു പഠിപ്പിച്ച മുത്തശ്ശിമാര്‍. നാലുവയസ്സുകാരന് നിലനില്‍പ്പിന്റെ ആദ്യപാഠങ്ങള്‍! ജീവിതത്തിന്റെ ഏതോ തിരിവില്‍വച്ച് മുത്തശ്ശി പേടിപ്പിച്ചതാണെന്നും മനുഷ്യനും പാന്പും തവളയും മറ്റ് ജീവജാലങ്ങളും തമ്മിലുള്ള പാരസ്പര്യമാണ് ജീവിതത്തെ മുന്നോട്ടുനയിക്കുന്നതെന്നും അവനറിയുന്നു. നോക്കൂ, ഇക്കോ വില്ലേജിലെ കാഴ്കകളിലൂടെ ഗ്രാമത്തിന്റെ തനത് സൗന്ദര്യം അനാവൃതമാകുന്നത്.

നാട്ടുചെടികളും ഫലവൃക്ഷങ്ങളും ഔഷധസസ്യങ്ങളും ജൈവവേലി കെട്ടുന്ന കാന്പസില്‍ പച്ചക്കറിത്തോട്ടങ്ങളും പശുവളര്‍ത്തലും കോഴിവളര്‍ത്തലുമുണ്ട്. കൃഷിയിടത്തെ, പ്രകൃതിയെ ഇക്കോളജീയനിയമങ്ങള്‍ക്കൊത്ത് ഡിസൈന്‍ ചെയ്തിരിക്കുന്നു.തലമുറകളില്‍ നിന്ന് പകര്‍ന്നു കിട്ടിയ മണ്ണറിവുകളില്‍ ശാസ്ത്രീയമായ പാഠങ്ങള്‍ കൂടി ചേര്‍ത്തുവയ്ക്കുന്നു. കാലാവസ്ഥാവ്യതിയാനത്തിന്റെ കാലത്ത് ഗുഡ് എര്‍ത്ത് ടീം കേരളത്തിന് അനുയോജ്യമായ സുസ്ഥിരവികസനത്തിന്റെ മാതൃകയാവുന്നു.

സുസ്ഥിരവികസനത്തിന്റെ തനത് മാതൃക: ഗുഡ് എർത്ത് ഇക്കോ വില്ലേജിന്റെ മനോഹരമായ കാഴ്ച.

വോളിബാളിലൂടേയും ജോര്‍ജ് ബ്രദേഴ്സിൻ്റെ കളിക്കളത്തിലെ മികവിലൂടെയും പെരുമ നേടിയ കുടക്കച്ചിറ കുടുംബത്തിന്റെ സാമൂഹ്യപ്രതിബദ്ധതയ്ക്ക് മാറ്റുകൂട്ടുന്നതാണ് ഊ ജൈവവൈവിധ്യപോഷണപദ്ധതി. ഉല്‍പാദനമേഖലയെ,വികേന്ദ്രീകൃതസംരംഭങ്ങളെ പരിപോഷിപ്പിക്കുന്ന നിലനില്‍പ്പിന്റെ കാര്‍ഷികവികസനപദ്ധതി കൂടിയാണിവിടെ സഫലമാകുന്നത്.

കാലാവസ്ഥാവ്യതിയാനത്തിന്റെ കെടുതികളില്‍ ഉഴലുന്ന കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും സാമൂഹ്യപാരിസ്ഥിതിക വികസനത്തില്‍ പങ്കെടുക്കാനുള്ള അവസരം ഗുഡ് എര്‍ത്ത് പ്രൊജക്ടുകളിലുണ്ട്. അറുപതോളം വരുന്ന തദ്ദേശീയരായ തൊഴിലാളികള്‍ക്ക് ഫാം വില്ലേജില്‍ സ്ഥിര ജോലികളുണ്ട്. ഗുഡ് എര്‍ത്തിന്റെ കോ ഫൗണ്ടറും ശില്പിയുമായ ജീത്ത് ലൈപ്പും ശാസ്ത്രജ്ഞരും സാങ്കേതികവിദഗ്ധരും വിദ്യാര്‍ത്ഥികളുമടങ്ങുന്ന ടീം ഇന്ത്യയില്‍ എവിടെയും തരിശുഭൂമികള്‍ ഏറ്റെടുത്ത് ജൈവവൈവിധ്യം വളര്‍ത്തുന്നതില്‍ പ്രതി‍ജ്ഞാബദ്ധരാണ്.

ലാറി ബേക്കര്‍ മോഡല്‍ പ്രകൃതി സൗഹൃദ വീടുകള്‍, ഫുക്കുവോക്കന്‍ രീതിയില്‍ ജൈവവൈവിധ്യസംരക്ഷണത്തിനുതകുന്ന ഉദ്യാനങ്ങള്‍,ഒപ്പം ഗ്രാമങ്ങളെ സ്വയം പര്യാപ്തമാക്കാനുള്ള തദ്ദേശീയമായ,വികേന്ദ്രീകൃത മാര്‍ഗങ്ങള്‍, തൊഴിലുറപ്പിനുള്ള അവസരങ്ങള്‍. ഗുഡ് എര്‍ത്ത് ടീം മുന്നോട്ടുവയ്ക്കുന്നത് കുഴല്‍ക്കിണറുകളാല്‍ വീര്‍പ്പുമുട്ടുന്ന, കുടിവെള്ളക്ഷാമത്തിന്റെ കഥകള്‍ പറയുന്ന ഇന്ത്യയ്ക്ക് പച്ചപ്പും സമൃദ്ധിയും വീണ്ടെടുക്കാനുള്ള മാര്‍ഗരേഖയാണ്.

പ്രകൃതിയോട് ഇണങ്ങിച്ചേർന്നുള്ള നിർമ്മിതികൾ; ആറളത്തിനടുത്തുള്ള ഗുഡ് എർത്ത് ഇക്കോ വില്ലേജിൽ നിന്നുള്ള ഒരു ദൃശ്യം.

കെട്ടിടനിര്‍മാണത്തിലും കൃഷിയിലും കരകൗശലത്തിലും സര്‍ഗാത്മകമായി ഇടപെടുന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്ന് എണ്‍പതുകളിലാണ് ഗുഡ് എര്‍ത്തിന് തുടക്കം കുറിക്കുന്നത്. അവര്‍ ലാറി ബേക്കറില്‍ നിന്നും ഫുക്കുവോക്കയില്‍ നിന്നും ഗാന്ധിയന്‍ വികസന സങ്കല്‍പ്പങ്ങളില്‍നിന്നും പ്രചോദനം നേടിയവരാണ്.വീടുനിര്‍മാണത്തിലാണ് തുടക്കം. വന്‍നഗരങ്ങളില്‍ ശ്വാസം മുട്ടുന്നവര്‍ക്ക് ശുദ്ധവായുവും പ്രകൃതി സൗഹൃദഅന്തരീക്ഷവുമൊരുക്കി. കൊച്ചിയിലും കോഴിക്കോടും ബാംഗ്ളൂരിലും നിര്‍മിതികളുയര്‍ന്നു വന്നു. കെംഗേരിയിലെ മല്‍ഹാര്‍ പ്രൊജക്ട് അറുപത് ഏക്കറില്‍ അറുനൂറോളം പ്രകൃതി സൗഹൃദവീടുകള്‍ നിര്‍മിച്ചു നല്കി. സമീപ പ്രദേശത്തെ ഗ്രാമങ്ങളിലെ കുട്ടികള്‍ക്ക് കളിക്കാനുള്ള ഗ്രൗണ്ടുകളും അവര്‍ ഒരുക്കിക്കൊടുത്തിരുന്നു. ആരോഗ്യത്തിലേക്ക് യുവതലമുറയെ ഉയര്‍ത്തുന്നതില്‍ സ്പോര്‍ട്സിന്റെ പ്രാധാന്യവും അവര്‍ തിരിച്ചറിയുന്നു.

പ്രകൃതിയെ പുനരുജ്ജീവിപ്പിക്കുന്ന രീതിയിലുള്ള സംയോജിത ഹോർട്ടികൾച്ചർ ആറളം മാതൃക.

ഏപ്രിലില്‍ വറ്റുന്ന അചേവാലിയ തടാകം വീണ്ടെടുക്കുവാനും കര്‍ണാടകയിലെ വരള്‍ച്ച ബാധിച്ച തുംകൂര്‍ ജില്ലയിലെ വാട്ടര്‍ ഷെഡ് പുനംസ്ഥാപിക്കാനും സാധിച്ചു. വര്‍ഷങ്ങളായി നാം ചെയ്തുപോരുന്ന വളങ്ങള്‍ നിക്ഷേപിക്കുന്ന കൃഷി രീതിയാണ് ഭൂഗര്‍ഭജലശോഷണത്തിന് കാരണമാകുന്നതെന്ന് അവര്‍ തിരിച്ചറിഞ്ഞിരുന്നു. മണ്ണിലെ ജീവജാലങ്ങള്‍ നഷ്ടപ്പെടുന്നതും കാര്‍ബണ്‍ കുറയുന്നതും ജലാഗിരണശേഷി നഷ്ടപ്പെടുന്നതുമാണ് കര്‍ഷകരുടെ അടിസ്ഥാനപ്രശ്നം. മഴ പെയ്യുന്നിടത്തുപോലും ബാഷ്പീകരണത്തോത് കൂട്ടി അന്തരീക്ഷതാപനില ഉയര്‍ത്തുന്ന കടുംകൃഷിയെ അവര്‍ തള്ളിക്കളയുന്നു. ഹുനിഗരെയിലും മധൂരിലും മണ്ണിനെ പുഷ്ടിപ്പെടുത്തി വൈവിധ്യമാര്‍ന്ന ജൈവകൃഷിയിടങ്ങള്‍ സൃഷ്ടിക്കാനും അവര്‍ക്ക് സാധിച്ചു. മില്ലറ്റ്സും പള്‍സസും എണ്ണക്കുരുക്കളും ഗുണ്ടല്‍പ്പേട്ടയിലും പരിസരപ്രദേശങ്ങളിലും വിളയിച്ചെടുത്തു. കിഴങ്ങുകളും പഴ വര്‍ഗങ്ങളും പോഷിപ്പിച്ചു.

വന്‍നഗരത്തിലേക്ക് ഗ്രാമങ്ങളുടെ സസ്യസമൃദ്ധിയും ജലാശയങ്ങളും വൈവിധ്യമാര്‍ന്ന കളിയിടങ്ങളും തിരിച്ചുകൊണ്ടുവരാന്‍ ബോധപൂര്‍വമായ ശ്രമങ്ങളാണ് ഗുഡ് എര്‍ത്ത് പദ്ധതികള്‍. ലേയിലും ലഢാക്കിലും ഉത്തര്‍ഖണ്ഢിലും ഭൂട്ടാനിലുമായി വിനോദസഞ്ചാരമേഖലയിലേക്കും തങ്ങളുടെ റിട്ടേണ്‍ ടു നാച്ചര്‍ ചിന്ത വ്യാപിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

ജൈവവൈവിധ്യവും പ്രകൃതിസൗഹൃദ അന്തരീക്ഷവും ഒരുമിക്കുന്ന ഗുഡ് എർത്തിലെ കാഴ്ച.

പശ്ചിമഘട്ടത്തിന്റെ തനതുഭൂപ്രകൃതി നിലനിര്‍ത്തിക്കൊണ്ടു തന്നെ വികസനം സാധ്യമാണെന്ന് പുരളിമല മോഡലില്‍ തെളിഞ്ഞുകാണാം. ഒരിക്കല്‍ റബര്‍ ഏകവിളകൃഷികാരണം ഭൂഗര്‍ഭജലം താഴ്ന്നുപോയ ഭൂമി തിരിച്ചുപിടാക്കാനുതകുന്ന വിളകളും സസ്യങ്ങളുമാണ് ഇവിടെ നട്ടുപിടിപ്പിച്ചിരിയ്ക്കുന്നത്. പത്തേക്കറില്‍ ഫുഡ് ഫോറസ്റ്റ്.പതിനഞ്ചേക്കറില്‍ ഭംഗിയായി ഡിസൈന്‍ ചെയ്ത വീടുകള്‍,ബയോഡൈവേഴ്സിറ്റിയുടെ പരിപാലനം കര്‍ഷകന്റേതു മാത്രമല്ല എല്ലാ പൗരന്മാരുടേയും ഉത്തരവാദിത്തമാണെന്ന് അവര്‍ ഓര്‍മിപ്പിക്കുന്നു.തങ്ങളുടെ കൃഷിയിടത്തിലുണ്ടാക്കുന്ന ജൈവവിളകള്‍ മിതമായ വിലയ്ക്ക് ജനങ്ങള്‍ക്ക് നല്കാനുള്ള വിതരണകേന്ദ്രങ്ങളുമവര്‍ക്കുമുണ്ട്.

വടക്കെ മലബാറിന്റെ സ്വന്തമായ തെയ്യം പോലെയുള്ള ക്ഷേത്രകലകള്‍ പ്രോല്‍സാഹിപ്പിക്കുന്നു. പ്രദേശവാസികളായ അഞ്ഞൂറോളം പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി കളരിപ്പയറ്റു പരിശീലനം നല്കുന്നു.മുത്തങ്ങയിലവര്‍ പതിനാറിനം നാടന്‍ നെല്‍വിത്തുകള്‍ സംരക്ഷിക്കുന്നു.

ടൂറിസം വികസനം നടത്തുന്പോള്‍ അതത് പ്രദേശത്തെ ഭൂപ്രകൃതിയും മണ്ണും കാലാവസ്ഥയും കാര്‍ഷികവിളവുകളും പരിഗണിക്കണം.ജൈവവൈവിധ്യശോഷണം രാജ്യത്തിന് ശതകോടികളുടെ നഷ്ടമുണ്ടാക്കുന്നുണ്ട്. മണ്ണിനെക്കുറിച്ചും വിളകളെക്കുറിച്ചും ശാസ്ത്രീയമായ അറിവുകള്‍ ജനങ്ങള്‍ക്ക് പകര്‍ന്നു കൊടുക്കുന്ന പരിസ്ഥിതിപാഠ്യപദ്ധതികള്‍ വരണം. ടോപോഗ്രാഫി നോക്കാതെയുള്ള വികസനപദ്ധതികളുടെ പാരിസ്ഥിതികാഘാതങ്ങള്‍ നാം ഒഴിവാക്കിയേ തീരൂ.

ലോകം മുഴുവനുമുള്ള പരിസ്ഥിതി പ്രേമികള്‍ക്ക് താമസിച്ചു പഠിക്കാനും ഗവേഷണം നടത്താനും വയോജനങ്ങള്‍ക്ക് വാര്‍ദ്ധക്യകാലം സ്വസ്ഥമായി ചെലഴിക്കാനുമുള്ള പ്രൊജക്ടുകള്‍ അവര്‍ വിഭാവനം ചെയ്യുന്നുണ്ട്.

കരകൗശല കലകൾ ഇഴചേർന്നിരിക്കുന്ന സാരംഗിലെ ദൃശ്യം.

നാടിന്റെ കാര്‍ഷികകലാകായികസംസ്ക്കാരിക വീണ്ടെടുപ്പുകള്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആറളം വന്യജീവി സങ്കേതത്തോട് ചേര്‍ന്നു കിടക്കുന്ന ഗുഡ് എര്‍ത്ത് കാന്പസ് നല്ലൊരു പാഠപുസ്തകമാണ്.

മാറുന്ന സാങ്കേതികവിദ്യകള്‍ക്കൊപ്പം വൈവിധ്യം കാത്തുസൂക്ഷിക്കാനും ശുദ്ധവായുവും ജലവും പ്രാദേശികഭക്ഷ്യസുരക്ഷയും ഉറപ്പിക്കുവാനും പ്രാപ്തി നല്കുന്ന സ്വപ്നപദ്ധതി. കേരളത്തിനു മാത്രമല്ല, ഇന്ത്യയ്ക്കും സുസ്ഥിരവികസനത്തിനുള്ള അപൂര്‍വമാതൃകയാണിതെന്ന് ഉറപ്പിച്ചു പറയാം.

About Author

ഷബിൽ കൃഷ്ണൻ

ഫ്രീലാൻസ് ജേര്ണലിസ്റ് . പരിസ്ഥിതി, കൃഷി തൊഴിൽ , സംരംഭക ഉദ്യമങ്ങൾ എന്നിവ സവിശേഷമായി പഠിക്കുന്നു. www.proletarian.in എന്ന പോർട്ടലിന്റെ നടത്തിപ്പിൽ പങ്ക് വഹിക്കുന്നു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

0
Would love your thoughts, please comment.x
()
x