“എവരിതിംഗ് അണ്ടർ ദി സൺ (സൂര്യന് കീഴിലുള്ളതെല്ലാം)” എന്ന കോളത്തിലെ 32-ാം ലേഖനത്തിൽ, നളിൻ വർമ്മ സാമ്രാട്ട് ചൗധരിയുടെ രാഷ്ട്രീയത്തിലെ ഉയർച്ചയെ പരിശോധിക്കുന്നു.
വിവാദപരമായ തുടക്കം മുതൽ ബീഹാറിലെ ഏറ്റവും ഉയർന്ന പദവി വരെ എത്തി നിൽക്കുന്ന സാമ്രാട്ട്, സമകാലിക ഇന്ത്യയിലെ നേതൃത്വത്തിന്റെയും പ്രതീകാത്മകതയുടെയും രാഷ്ട്രീയ നിയമസാധുതയുടെയും മാറിക്കൊണ്ടിരിക്കുന്ന വ്യാകരണമായിരിക്കുന്നു. തുടർന്ന് വായിക്കാം…
വില്യം ഷേക്സ്പിയറുടെ ‘റോമിയോ ആൻഡ് ജൂലിയറ്റി’ൽ ”ഒരു പേരിലെന്തിരിക്കുന്നു? പനിനീർ പൂവിനെ എന്ത് പേര് ചൊല്ലി വിളിച്ചാലും അത് നറുമണം പരത്തുമല്ലോ”- എന്ന് വാദിക്കുന്നുണ്ട് ജൂലിയറ്റ്. എന്നാൽ, രാകേഷ് കുമാർ എന്ന പേരിൽ തുടങ്ങി, ‘രാകേഷ് കുമാർ എന്ന സമ്രാട്ട് ചന്ദ്ര മൗര്യ’യായി, ഇപ്പോൾ ബിഹാർ മുഖ്യമന്ത്രി സമ്രാട്ട് ചൗധരിയായി നിൽക്കുന്ന ആളുടെ കാര്യത്തിൽ പേരിന് ഒരുപാട് പ്രാധാന്യമുണ്ട്.
വടക്കൻ ബിഹാറിലെ ഖഗാരിയ ജില്ലയിലുള്ള പൂർവ്വിക ഗ്രാമമായ താരാപൂരിലും പർബത്തയിലും അദ്ദേഹം ഇന്നും അറിയപ്പെടുന്നത് മാതാപിതാക്കളായ ശകുനി ചൗധരിയും പാർവതി ദേവിയും നൽകിയ ‘രാകേഷ് കുമാർ’ എന്ന പേരിൽ തന്നെയാണ്. 1995-ൽ, സ്വന്തം ജാതിയായ കൊയ്‌രി-കുശ് വാഹ സമൂഹത്തിൽപ്പെട്ട ഏഴുപേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായി രാകേഷ് കുമാർ ജയിലിലായി. എന്നാൽ, താൻ 1981-ലാണ് ജനിച്ചതെന്നും സംഭവം നടക്കുമ്പോൾ മൈനറായിരുന്നുവെന്നും കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചതിനെത്തുടർന്ന് മോചിപ്പിക്കപ്പെട്ടു. പിന്നീട് അദ്ദേഹം എം.എൽ.എ ആയെങ്കിലും പ്രായക്കുറവിന്റെ പേരിൽ കോടതി അയോഗ്യനാക്കി.
നിതീഷ് കുമാറും സാമ്രാട്ട് ചൗധരിയും
2025-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറിലുടനീളം സഞ്ചരിച്ച ജൻ സുരാജ് പാർട്ടി നേതാവ് പ്രശാന്ത് കിഷോർ, ഇലക്ഷൻ കമീഷൻ രേഖകൾ ഉദ്ധരിച്ചുകൊണ്ട് ഒരു കാര്യം ചൂണ്ടിക്കാട്ടി: 2020-ലെ സത്യവാങ്മൂലത്തിൽ സമ്രാട്ട് ചൗധരി തന്റെ പ്രായം 51 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1995-ൽ അദ്ദേഹത്തിന് 26 വയസ്സുണ്ടായിരുന്നു എന്ന് വ്യക്തമാക്കിയ കിഷോർ, ചൗധരിയെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നും കൊലപാതക-തട്ടിപ്പ് കേസുകൾ വീണ്ടും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
കഴിഞ്ഞ 30 വർഷത്തെ യാത്ര വൈവിധ്യം നിറഞ്ഞതായിരുന്നു: ജയിലിൽ നിന്ന് ആർ.ജെ.ഡിയിലേക്ക്, പിന്നീട് ജെ.ഡി.യു, ഹിന്ദുസ്ഥാനി അവാം മോർച്ച വഴി ഒടുവിൽ ബി.ജെ.പിയിലേക്ക്. രാകേഷ് കുമാറിൽ നിന്ന് സമ്രാട്ട് ചന്ദ്ര മൗര്യയും ഒടുവിൽ സമ്രാട്ട് ചൗധരിയായി; ബി.ജെ.പി സംസ്ഥാന അധ്യക്ഷനിൽ നിന്ന് ഉപമുഖ്യമന്ത്രിയും ഇപ്പോൾ ബിഹാറിന്റെ ചരിത്രത്തിലെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രിയുമായി-ജനനത്തീയതിയിലെ അവ്യക്തതകൾക്കിടയിലും അദ്ദേഹം ശ്രദ്ധേയമായ രാഷ്ട്രീയ വിജയങ്ങൾ കൈപ്പിടിയിലൊതുക്കിയിരിക്കുന്നു1995-ൽ കോടതിയിൽ ഹാജരാക്കിയ സ്കൂൾî6 സർട്ടിഫിക്കറ്റിൽ ഏഴാം ക്ലാസ് തോറ്റ ആളാണെന്നാണ് കാണിച്ചിരുന്നത്. എന്നാൽ ഇന്ന് അദ്ദേഹം ഒരു ഓണററി ഡി.ലിറ്റ് (Doctor of Literature) ബിരുദധാരിയാണ്. പ്രശാന്ത് കിഷോറാണ് ആദ്യം ഇതിനെ ചോദ്യം ചെയ്തത്. തുടർന്ന് ജെ.ഡി.യുവിന്റെ വക്താവ് നീരജ് കുമാർ സമ്രാട്ട് ചൗധരിയുടെ ഡി.ലിറ്റ് ബിരുദം വ്യാജമാണെന്ന് പരസ്യമായി പ്രഖ്യാപിച്ചു. ”കാലിഫോർണിയ പബ്ലിക് യൂണിവേഴ്സിറ്റിയിൽ നിന്ന് ഈ ബിരുദം നേടിയെന്നാണ് അദ്ദേഹം പറയുന്നത്.
പ്രശാന്ത് കിഷോർ
പ്രശസ്തമായ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ എല്ലാവർക്കുമറിയാം, എന്നാൽ കാലിഫോർണിയ പബ്ലിക് യൂണിവേഴ്സിറ്റി എന്നൊന്ന് നിലവിലില്ല” നീരജ് കുമാർ അന്ന് തുറന്നടിച്ചു. രാഷ്ട്രീയ എതിരാളിയായിരുന്ന സമ്രാട്ടിനെതിരെ അന്ന് ഉന്നയിച്ച ആരോപണങ്ങൾ നീരജ് കുമാർ ഇപ്പോൾ ആവർത്തിക്കുമോ? ഇരുവരും ഒരേ എൻ.ഡി.എ മുന്നണിയുടെ ഭാഗമാണിന്ന്. നീരജ് കുമാറിന്റെ നേതാവ് നിതീഷ് കുമാർ സ്ഥാനമൊഴിഞ്ഞു കൊടുത്തതിന് പകരമാണ് സമ്രാട്ട് മുഖ്യമന്ത്രിയായത്.
ലാലു പ്രസാദും നിതീഷ് കുമാറും
ബിഹാറിലെ മാധ്യമ ചർച്ചകൾ ഇപ്പോൾ മാറിയിരിക്കുന്നു. സമ്രാട്ട് ചൗധരിയുടെ വരവോടെ എൻ.ഡി.എയുടെ ‘ലവ-കുശ’ (കുർമി-കൊയ്‌രി) സമവാക്യം ശക്തമാകുമെന്നാണ് പലരും വാദിക്കുന്നത്. സവർണ രാഷ്ട്രീയത്തിന് പുറമെ പിന്നാക്ക വിഭാഗങ്ങളെ ഏകോപിപ്പിച്ച ത്രിവേണി സംഘത്തിന്റെ പാരമ്പര്യവുമായും ചിലർ ഇതിനെ ബന്ധിപ്പിക്കുന്നു. ലാലു പ്രസാദിലൂടെ യാദവരും നിതീഷ് കുമാറിലൂടെ കുർമികളും ഭരണം നടത്തിയെങ്കിൽ ഇപ്പോൾ കൊയ്‌രി വിഭാഗത്തിന്റെ ഊഴമാണെന്നാണ് ഇവരുടെ പക്ഷം. എന്നാൽ രാഷ്ട്രീയത്തെ ഗൗരവബുദ്ധിയോടെ സമീപിക്കുന്ന ചരിത്രകാരും സാമൂഹിക ശാസ്ത്രജ്ഞരും ഈ താരതമ്യത്തെ ലളിതവത്കരണമായി കാണുന്നു.
സമ്രാട്ട് ചൗധരി പെട്ടെന്നൊരു ദിവസം മുഖ്യമന്ത്രിയായതല്ല. എട്ടു വർഷം മുമ്പ് ബി.ജെ.പിയിൽ എത്തിയ അദ്ദേഹം നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കീഴിൽ കൃത്യമായി വളർത്തിയെടുക്കപ്പെടുകയായിരുന്നു. അദ്ദേഹത്തെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി അവരോധിച്ച ഘട്ടത്തിൽ പഴയ തലമുറയിൽപ്പെട്ട സംഘപരിവാറുകാർ അമ്പരന്നിരുന്നു. മോദി-ഷാ ദ്വയത്തിന്റെ കണക്കുകൂട്ടൽ പിഴച്ചില്ല എന്ന് ഇപ്പോൾ അവർക്ക് തോന്നുന്നുണ്ടാവും. കോൺഗ്രസിൽ നിന്ന് അഴിമതി ആരോപണങ്ങളുമായി വന്നിട്ടും ബി.ജെ.പിയുടെ കരുത്തുറ്റ മുഖമായി മാറിയ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുമായാണ് ചിലർ സമ്രാട്ടിനെ താരതമ്യം ചെയ്യുന്നത്.
സാമ്രാട്ട് ചൗധരിയും അമിത് ഷായും
മുസ്‍ലിം സമൂഹത്തെ ചേർത്ത് നിർത്തുന്ന, സാംസ്കാരിക അടയാളങ്ങൾക്ക് വിലകൽപ്പിക്കുന്ന പതിവ് ബിഹാറിലെ ഭരണ നേതൃത്വങ്ങൾ എക്കാലവും പിൻതുടർന്നിരുന്നു. നിതീഷ് കുമാറും ലാലു പ്രസാദും ജഗന്നാഥ് മിശ്രയുമെല്ലാം മുസ്‍ലിം സാംസ്കാരിക മര്യാദകളെ ബഹുമാനിച്ചു, ഇഫ്താർ ചടങ്ങുകളിൽ തൊപ്പി ധരിച്ചു, ഈദ് ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു. എന്നാൽ, ഒരു മുസ്‍ലിം പുരോഹിതൻ നൽകിയ തൊപ്പി ധരിക്കാൻ സമ്രാട്ട് ചൗധരി വിസമ്മതിക്കുന്ന വിഡിയോ ഇപ്പോൾ വൈറലാണ്.
ഒരു മുസ്ലീം തൊഴിലാളി നൽകിയ തൊപ്പി ധരിക്കാൻ വിസമ്മതിക്കുന്ന ബീഹാർ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി.
ചില ലിബറൽ നിരീക്ഷകർ ഇതിനെ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും, സമ്രാട്ടിന്റെ രാഷ്ട്രീയ ഗുരുവായ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സമാനമായ ഒരു നിലപാട് സ്വീകരിച്ചിരുന്നു എന്നത് ഇവിടെ ഓർക്കേണ്ടതുണ്ട്. പുതിയ ഇന്ത്യയിലെ ബി.ജെ.പി നേതൃത്വത്തിന്റെ പ്രതീകാത്മക രാഷ്ട്രീയവുമായി ഇത് ചേർന്നുനിൽക്കുന്നു.
About Author
നളിൻ വർമ്മ
നളിൻ വർമ്മ പത്രപ്രവർത്തകനും എഴുത്തുകാരനുമാണ്. അദ്ദേഹം ന്യൂഡൽഹിയിലെ ജാമിയ ഹംദർദ് സർവകലാശാലയിൽ മാസ് കമ്മ്യൂണിക്കേഷനും ക്രിയേറ്റീവ് റൈറ്റിംഗും പഠിപ്പിക്കുന്നു.
The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.