മനമോഹൻ: ജീവിതം എന്ന പാഠപുസ്തകം
മനമോഹനെ പൊതു സമൂഹം ഏറെ അറിയണം എന്നില്ല. ചരിത്രം മുന്നോട്ട് പ്രവഹിക്കുമ്പോൾ അതിന് തൊട്ടുപിന്നിൽ അദൃശ്യരായി നിൽക്കുന്ന ചിലരുണ്ടാവും.
കേരളത്തിന്റെ വികസന ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലുകളായ സമ്പൂർണ്ണ സാക്ഷരത, ജനകീയാസൂത്രണം, ശാസ്ത്ര സാഹിത്യ പരിഷത് എന്നിവയിലൊക്കെ പ്രധാന സംഭവങ്ങൾക്ക് തൊട്ടുപിറകിൽ എന്നാൽ എല്ലാ കാര്യത്തിലും ശ്രദ്ധാലുവായി ഏത് സംഘാടനത്തിന്റേയും പ്രധാന ഭാഗമായി ചിലർ ഉണ്ടായിരുന്നു.
അവരിൽ പ്രധാനപ്പെട്ട ഒരാളായിരുന്നു വി.ജി മനമോഹൻ.
ഞാൻ എഴുപതുകളുടെ അവസാനം പരിഷത്തിൽ എത്തുന്ന കാലം മുതൽ വളരെ അടുത്ത ബന്ധമുള്ള വ്യക്തികളിൽ ഒരാളായിരുന്നു മനമോഹൻ. വളരെ സൗമ്യൻ, ഏറെ സംസാരമില്ല, വലിയ കണിശക്കാരൻ..എന്നാൽ അടുത്ത സൗഹൃദം. മനമോഹനെപ്പോലെ ചിലർ പിറകിൽ ഇല്ലെങ്കിൽ ഈ നടന്ന ചരിത്ര പ്രക്രിയകളൊന്നും ഇത്ര മനോഹരമായി ജനകീയമായി ഫലപ്രാപ്തിയിൽ എത്തുമായിരുന്നില്ല എന്നത് എന്റെ വ്യക്തിപരമായ കാഴ്ച്ച കൂടിയാണ്.
ഞങ്ങളെപ്പോലുള്ള ഉഴപ്പന്മാരെ ഒറ്റ നോട്ടത്തിൽ പണിയെടുപ്പിക്കാൻ മനമോഹന് കഴിയും. അതുകൊണ്ടുതന്നെ ഒരല്പം ഭയത്തോട് കൂടിയ സൗഹൃദമാണ് ഞങ്ങൾക്ക് മനമോഹനോട്.
കിഴക്കുംകര ലൈബ്രറി, കിഴക്കുംകര ഗ്രാമശാസ്ത്ര സമിതി എന്നിവിടങ്ങളിൽ നിന്നായിരുന്നു മനമോഹന്റെ സാമൂഹിക ജീവിതത്തിന്റെ തുടക്കം. പിന്നീട് പരിഷത്തായി പ്രധാന തട്ടകം. പരിഷത്തിലേയ്ക്കു കൊണ്ടുവന്നത് വെട്ടൂർ പി.രാജനും എൻ. സദാശിവനുമാണ്. എന്നാൽ എം.പി പരമേശ്വരനായിരുന്നു പ്രധാന ഊർജ സ്രോതസ്സ്.
പരിഷത്തിന്റെ സംസ്ഥാന സെക്രട്ടറി, ട്രെഷറർ, തിരുവനന്തപുരം ജില്ല സെക്രട്ടറി ഒക്കെയായി മനമോഹൻ പ്രവർത്തിച്ചിട്ടുണ്ട്.

അക്കാലത്തെ പരിഷത് പ്രവർത്തനങ്ങൾക്ക് അസാധാരണമായ ചില പ്രത്യേകതകൾ ഉണ്ടായിരുന്നു. അസാധ്യം എന്ന് ഒറ്റ നോട്ടത്തിൽ കാണുന്ന പ്രവർത്തനങ്ങൾ ഏറ്റെടുക്കുക. എന്നിട്ട് അത് നടപ്പാക്കി കാണിച്ചുകൊടുക്കുക. അതിൽ ഏറ്റവും പ്രധാനമായിരുന്നു ഒരു വർഷം കൊണ്ട് സംസ്ഥാനം പൂർണമായും സാക്ഷരമാക്കാനുള്ള പദ്ധതി. അതിന്റെ സാർത്ഥകമായ തുടർച്ചയായിരുന്നു ജനകീയാസൂത്രണം. ട്രാൻസെക്റ്റ് വാക്കും വിഭവ ഭൂപട സർവേയും ഗ്രാമ ചരിത്രത്തിന്റെ രേഖപ്പെടുത്തലും ആയിരക്കണക്കിന് വികസന രേഖകളുമൊക്കെ ചേർന്ന് കുറേ ‘വട്ടൻ’ ആശയങ്ങൾ ചുരുങ്ങിയ കാലം കൊണ്ട് നടപ്പാക്കണം എന്നുണ്ടെങ്കിൽ അതിന് പിന്നിൽ സാമാന്യം വട്ടുള്ള കുറേയാളുകൾ ഉണ്ടാവണം. അതിൽ ഒരാളായിരുന്നു മനമോഹൻ എന്ന് ഞാൻ രേഖപ്പെടുത്തുമ്പോൾ അതിൽ എന്റെ കൂടി രാഷ്ട്രീയ പഠനത്തിന്റെ ചേരുവകളുണ്ട്.
പാരിഷത്തികത എന്നൊരു ആശയം പൊതുവെ പരിഷത് പ്രവർത്തകർക്കിടയിലുണ്ട്. അത് വെറും അനൗപചാരികമായ പെരുമാറ്റം മാത്രമല്ല. കണക്ക് സൂക്ഷിക്കാത്തവർ, ഏറ്റെടുത്ത ചുമതലകൾ നിർവ്വഹിക്കാത്തവർ, കത്തിന് മറുപടി അയക്കാത്തവർ, മറ്റ് മനുഷ്യരുടെ പ്രവർത്തനങ്ങളെ സ്വന്തം പ്രവർത്തനവുമായി കണ്ണി ചേർക്കാത്തവർ എന്നിവർക്കാണ് പാരിഷത്തികത എന്ന ആശയം മനസ്സിലാകാത്തത് എന്ന് പറയാറുണ്ട്. ഇങ്ങനെ നോക്കുമ്പോൾ പാരിഷത്തികതയുടെ ഏറ്റവും ഉന്നതമായ ആദർശരൂപമായിരുന്നു മനമോഹൻ.
ജനകീയാസൂത്രണം വന്നതോടെ ഡോ തോമസ് ഐസക്കിന്റെ പ്രധാന സഹപ്രവർത്തകനായി മനമോഹൻ മാറി. എത്ര സങ്കീർണമായ പ്രവർത്തനവും ധൈര്യപൂർവ്വം ഏറ്റെടുക്കുമെന്നതാണ് മനമോഹന്റെ പ്രത്യേകത എന്നാണ് ഐസക്ക് പറയുന്നത്.

ജനകീയാസൂത്രണത്തിന്റെ തുടക്കമായി ആദ്യത്തെ ട്രാൻസെക്റ്റ് വാക്കും മറ്റ് പരീക്ഷണങ്ങളും നടത്തിയതും മനമോഹന്റെ സ്വന്തം ആറ്റിപ്ര പഞ്ചായത്തിലാണ് 1986-ൽ പരിഷത്ത് നടത്തിയ ഹാലി ധൂമ ഹേതുവിന്റെ വരവോടെയുള്ള സയൻസ് ഒളിമ്പ്യാഡ്, 1987-ലെ പരിഷത്തിന്റെ പ്രസിദ്ധമായ ജനകീയാരോഗ്യ സർവ്വേ, പരിഷത്ത് 1987-ലെ ഭോപ്പാലിലേക്കു നടത്തിയ സയൻസ് ട്രയിൻ, സാക്ഷരത പ്രസ്ഥാനം എന്നിവയിലെല്ലാം പ്രധാന ആസൂത്രക്കാരിൽ ഒരാളായിരുന്നു മനമോഹൻ.
“പൊതു പ്രാസംഗികനും എഴുത്തുകാരനുമല്ല. പിന്നെ? സംഘാടനത്തെ ഒരു കലയും ആസ്വാദ്യകരമായ വിദ്യാഭ്യാസ രീതിയുമാക്കി മനമോഹൻ മാറ്റും” ഐസക്ക് എഴുതുന്നു:
“കാര്യങ്ങൾ നീക്കാൻ വേണ്ടി സോപ്പിടലും വാഗ്ദാനങ്ങൾ നൽകലും മനമോഹൻ ചെയ്യാറില്ല. പറയേണ്ട കാര്യങ്ങൾ, നടക്കാത്ത കാര്യങ്ങൾ, വിയോജിപ്പുകൾ, തുടങ്ങിയവ വളച്ചുകെട്ടും അലങ്കാരങ്ങളുമില്ലാതെ തുറന്ന് നേർരേഖയായി തന്നെ പറയും. ആദ്യം കേൾക്കുന്നയാൾക്ക് വിഷമവും തോന്നാം. എന്നാൽ മനമോഹനനെ അറിയാവുന്നവർക്കും ഒപ്പം പ്രവർത്തിക്കുന്നവർക്കും പരിചയമുള്ളവർക്കും അതു പ്രശ്നമാകാറില്ല. സംഘടനാ ചിട്ടയിലും തീരുമാനങ്ങൾ നടപ്പിലാക്കുന്നതിലും അണുകിട വ്യതിചലിക്കാത്ത കാർക്കശ്യക്കാരനാണ്. പക്ഷെ വർത്തമാനം എപ്പോഴും സൗഹാർദ്ദപരമാണ്. ഒരാളും പിണങ്ങിപ്പോയ അനുഭവം ഇല്ല.”
“മനമോഹൻ എനിക്ക് വെറുമൊരു പരിഷദ് സുഹൃത്ത് മാത്രമായിരുന്നില്ല.” ടി ഗംഗാധരൻ പറയുന്നു: “ഞാൻ പരിഷത്തിൻ്റെ ജനറൽ സിക്രട്ടരിയായിരുന്ന കാലത്ത് (1988-90) പരിഷത്തിൻ്റെ സംസ്ഥാന ട്രഷററായിരുന്നു മനമോഹൻ. ഒരുമിച്ചുള്ള യോഗങ്ങളും യാത്രകളും പ്രവർത്തനങ്ങളും താമസവുമൊക്കെ നിരവധി. അതുവരെയുള്ള പരിഷദ് ചരിത്രത്തിൽ പരിഷത്ത് ഏറ്റെടുത്ത ഏറ്റവും വലിയ സർക്കാർ പ്രൊജക്ടായിരുന്നു എറണാകുളം ജില്ലാ സമ്പൂർണ്ണസാക്ഷരതാ പ്രൊജക്ട് (അന്നത്തെ 80 ലക്ഷം രൂപ). സാമ്പത്തിക കാര്യത്തിൽ അണുവിട തെറ്റാതെ, അവസാനം കേന്ദ്ര ലിറ്ററസി മിഷന് ഏതാനും ലക്ഷം രൂപ തിരിച്ചു കൊടുത്ത് കേന്ദ്ര സർക്കാരിനെ ഞെട്ടിച്ച പ്രവർത്തനമായിരുന്നു, പിന്നീട് ഇന്ത്യയിലെ 300 ൽ പരം ജില്ലകളിലെ സമ്പൂർണ്ണ സാക്ഷരതാ പ്രൊജക്ടുകൾക്ക് മാതൃകയായിത്തീർന്ന ആ പ്രൊജക്ട്.”

“പരിഷദ് പ്രവർത്തനത്തിൻ്റെ എത്രയോ പ്രതിസന്ധികളിൽ അവയൊക്കെ അനായാസം കൈകാര്യം ചെയ്യുന്ന മനമോഹൻ്റെ ചിത്രം എൻ്റെ മനസ്സിലുണ്ട്. മുണ്ടേരി വനം കൊള്ളക്കെതിരെ നടന്ന മുണ്ടേരി മാർച്ചിൽ, നിരോധനം പ്രഖ്യാപിച്ച വനമേഖലയിലേക്ക് പോലീസ് മുറയിൽ കടന്നുകയറുന്ന മനമോഹൻ.” ടി ജി പറയുന്നു.
ഡോ തോമസ് ഐസക്ക് ധനകാര്യ മന്ത്രിയായിരുന്ന രണ്ട് ടേമിലും മനമോഹനായിരുന്നു പ്രൈവറ്റ് സെക്രട്ടറി. 2006 ൽ ആദ്യത്തെ തവണ താനാണ് പ്രൈവറ്റ് സെക്രട്ടറി എന്ന് ഐസക്ക് അറിയിച്ചപ്പോൾ ‘ശരി’ എന്നുപറഞ്ഞ് മനമോഹൻ അടുത്ത് വിളിച്ചത് സ്വന്തം ഡോക്റ്ററെ ആണ് എന്ന് മനോജ് പുതിയവിള എഴുതുന്നു: “ അടുത്ത ദിവസം നിശ്ചയിച്ചിട്ടുള്ള തന്റെ ഹൃദയ ശസ്ത്രക്രിയ മാറ്റിവയ്ക്കണം എന്ന് പറയാൻ! പിന്നീട് ഐസക്ക് നിർബന്ധിച്ചാണ് ശസ്ത്രക്രിയ ചെയ്യുന്നത്. അതാണ് മനമോഹൻ.”
ഈ പ്രവർത്തനങ്ങളിലൂടെ കേരളത്തിൽ മനമോഹൻ കെട്ടിപ്പടുത്ത സംഘടന വൈപുല്യം കൊണ്ടും വൈവിധ്യം കൊണ്ടും സമൃദ്ധമായിരുന്നു.
ഒരൊറ്റ ഫോൺ കോളിൽ കേരളം മുഴുവൻ എത്താനുള്ള പാടവം എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
രാഷ്ട്രീയം കഴിഞ്ഞാൽ മനമോഹന്റെ പ്രത്യേക താത്പര്യം സംഗീതമാണ്. തിരക്കുപിടിച്ച ഒരു ദിവസത്തിന്റെ ഒടുവിൽ കർണാടക സംഗീതം കേട്ട് കണ്ണടച്ച് കിടക്കുന്ന മനമോഹനെ എനിക്ക് ഓർമ്മയുണ്ട്.

അച്ഛന്റെ അകാല വേർപാടിനെ തുടർന്ന് വളരെ ചെറുപ്പത്തിൽ വലിയൊരു കുടുംബത്തിന്റെ പൂർണ്ണ ചുമതല മനമോഹന് ഏറ്റെടുക്കേണ്ടി വന്നു.
വിവാഹജീവിതം ഒരുവർഷത്തിൽ താഴെ മാത്രമാണ് ഉണ്ടായത്. പങ്കാളിയെ ക്യാൻസർ കവർന്നു. ഈ ഞെട്ടലിൽ നിന്നു മുക്തിനേടാൻ കുറച്ചുസമയമെടുത്തു. എന്നാൽ സജീവമായ സാമൂഹിക പ്രവർത്തനം കൊണ്ടാണ് മനമോഹൻ ഈ ദുഖത്തെ മറികടന്നത്. അതിനൊപ്പം ശാരീരികമായ ധാരാളം അസുഖങ്ങളുമുണ്ടായി. എന്നാൽ എപ്പോഴും പ്രസന്നമായാണ് മനമോഹൻ ജീവിതത്തോട് പ്രതികരിക്കുക.
രോഗങ്ങൾ ഇത്ര കഠിനമായി ശരീരത്തിൽ പിടിമുറുക്കിയപ്പോഴും മനമോഹൻ അത് ഗൗനിക്കാതെ പുതിയ പണിയിലേക്ക് എടുത്തുചാടി. ഏറ്റവും പുതിയ ചുമതല എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ അഞ്ചാമത് അന്താരാഷ്ട്ര കേരള പഠന കോൺഗ്രസിനുള്ള നേതൃത്വം ആയിരുന്നു. ഓഫീസിൽ ഇരിക്കുക പോലും അസാധ്യമായിരുന്നു. എങ്കിലും ദിവസവും അവിടെ എത്തും.
മരിക്കുന്നതിന്റെ തലേന്ന് രാത്രി ഒൻപത് മണിക്ക് മനമോഹന്റെ ഫോൺ വന്ന കാര്യം സഞ്ജയൻ ഓർക്കുന്നു: “ഇന്ന് ചർച്ച ചെയ്ത കാര്യങ്ങൾക്ക് ഞാൻ ചില വഴികൾ കണ്ടെത്തിയിട്ടുണ്ട്. നാളെ നമുക്കത് ചർച്ച ചെയ്യാം.” ഇതായിരുന്നു അവസാനത്തെ വാക്കുകൾ. അത് ചർച്ച ചെയ്യാൻ ഇനി മനമോഹൻ എത്തില്ല.
എന്നാൽ മനമോഹൻ കാണിച്ചു തന്ന വ്യത്യസ്തമായ ചില വഴികളുണ്ട്. അതായിരിക്കും നമുക്ക് മുന്നോട്ടുള്ള ജീവിതത്തിന് അർത്ഥം നൽകുന്നത്.
കേരളത്തിലെ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ, നിശബ്ദമായി, അംഗീകാരത്തിന് വേണ്ടിയല്ലാതെ, പൂർണമായ പ്രത്യയശാസ്ത്ര സ്ഥൈര്യത്തോടെ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് സഖാക്കളുണ്ട്. ചെറിയ പിന്നോട്ടടികളൊന്നും അവരെ ബാധിക്കില്ല. അതിനൊക്കെ അപ്പുറമാണ് അവർ കരുപ്പിടിപ്പിച്ചിരിക്കുന്ന രാഷ്ട്രീയ ബോധ്യങ്ങൾ.

“ഈ ജനകീയ ജനാധിപത്യ വിപ്ലവം നമ്മുടെ കാലയളവിൽ തന്നെ സംഭവിക്കും എന്ന വിശ്വാസത്തിന്റെ പുറത്താണ് ഞാനൊക്കെ പ്രസ്ഥാനത്തിലേക്ക് വരുന്നത്. നമ്മളൊക്കെ എത്ര നിഷ്കളങ്കരായിരുന്നു.” ഒരിക്കൽ മനമോഹൻ എന്നോട് പറഞ്ഞു: “ഇതൊക്കെ ചരിത്രത്തിലെ നീണ്ട കാലയളവിൽ സംഭവിക്കുന്ന കാര്യങ്ങളാണ്. തുടർച്ചയായി ഉത്തമ ബോധ്യത്തോടെ പ്രവർത്തിക്കുക എന്നതാണ് പ്രധാനം.”
ഇന്ന് മനമോഹൻ നമ്മളെ വിട്ടുപിരിഞ്ഞു.
ജീവിതത്തിൽ മാത്രമല്ല മരണത്തിലും മനമോഹൻ നമുക്ക് ചില പാഠങ്ങൾ പകർന്നുതന്നു. സ്വന്തം ഭൗതിക ശരീരം വൈദ്യ വിദ്യാർത്ഥികൾക്ക് പഠിക്കാനായി മെഡിക്കൽ കോളേജിന് കൈമാറി.
മനമോഹൻ കരുത്തുറ്റ പ്രാസംഗികനോ എഴുത്തുകാരനോ സൈദ്ധാന്തികനോ ആയിരുന്നില്ല. എന്നാൽ സ്വന്തം ജീവിതത്തിൽ കൂടി മനമോഹൻ പഠിപ്പിച്ച പാഠങ്ങൾ ഒരു പുസ്തകത്തിലും നമുക്ക് കണ്ടെത്താൻ കഴിയില്ല.
(ചിത്രങ്ങൾ കടപ്പാട്: ഫേസ്ബുക്ക്/തോമസ് ഐസക്ക്)