A Unique Multilingual Media Platform

Articles Culture Kerala Obituary

ഞാനിന്നും ശബ്ദതാരാവലിയിലെ വാക്കുകൾ പഠിച്ചു കൊണ്ടിരിക്കുകയാണ്

  • June 20, 2026
  • 1 min read
ഞാനിന്നും ശബ്ദതാരാവലിയിലെ വാക്കുകൾ പഠിച്ചു കൊണ്ടിരിക്കുകയാണ്

എൻ. ആർ. എസ് ബാബു സാർ.

ആ മഹത്തായ പത്രപ്രവർത്തന തലമുറയിലെ അവസാനത്തെ കണ്ണിയും യാത്രയായിരിക്കുന്നു.

മലയാള പത്രപ്രവർത്തന രംഗത്തെ കുലപതികളൊക്കെ കടന്നു പോയിക്കഴിഞ്ഞു.

എൻ.ആർ.എസ് ബാബു

1987 ൽ കേരള സർവകലാശാലയുടെ കാര്യവട്ടത്തെ ഡിപ്പാർട്ടുമെന്റ് ഒഫ് ജേർണലിസത്തിൽ നിന്ന് പത്ര പ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദമെടുത്ത് കലാകൗമുദി /കേരള കൗമുദി യിൽ ജോലിയ്ക്കെത്തുമ്പോഴാണ് എൻ. ആർ. എസ്.ബാബു സാറിനെ ആദ്യമായി കാണുന്നത്.

അതിനുമുമ്പ് ആ പേര് കേരളകൗമുദി പത്രത്തിലും കലാകൗമുദി വാരികയിലും പലപ്രാവശ്യം വായിച്ചിട്ടുണ്ട്.

1979 ആഗസ്റ്റ് 11 ന് ഗുജറാത്തിലെ മോർബി ജില്ലയിലെ മച്ചു അണക്കെട്ട് തകർന്ന് ആയിരങ്ങൾ മരിക്കാനിടയായ മോർബി ദുരന്തത്തെക്കുറിച്ച് കലാകൗമുദി പ്രസിദ്ധീകരിച്ച ഫീച്ചർ എഴുതിയ എൻ. ആർ. എസ്. ബാബു വിനെ കടുത്ത ആരാധനയോടെയാണ് വായിച്ചിരുന്നത്. മലയാളത്തിലെ എക്കാലത്തെയും മികച്ച ഫീച്ചറുകളിൽ ഒന്നായ മോർബി ദുരന്തത്തെക്കുറിച്ചുള്ള ആ ലേഖനം,ഫീച്ചർ എഴുത്തിന്റെ പാഠപുസ്തകം എന്ന് തന്നെ കണക്കാക്കാവുന്ന ഒന്നായിരുന്നു. പിന്നെയും നിരവധി ഫീച്ചറുകൾ , ലേഖനങ്ങൾ, കുറിപ്പുകൾ.

എസ്. ജയചന്ദ്രൻ നായരുമൊത്ത് കേരള കൗമുദി ദിനപത്രത്തിൽ എഴുതിയ “ഗവൺമെന്റിന്റെ അറിവോടെയുള്ള വന സ്വത്ത് അപഹരണം “(1974 സെപ്തംബർ 12 ) കേരളത്തിലെ രാഷ്ട്രീയ, മാധ്യമ രംഗത്ത് ഉണ്ടാക്കിയ കോളിളക്കങ്ങളെ കുറിച്ച് പത്രപ്രവർത്തക വിദ്യാർത്ഥി എന്ന നിലയിൽ താല്പര്യത്തോടെ ശ്രദ്ധിച്ചിട്ടുണ്ട്. കാട്ടുകള്ളന്മാർ എന്ന ആ പരമ്പരയാണ് എം.എസ്. മണി സാറിന് എൻ.ആർ.എസ് ബാബു സാറിനെയും എസ്. ജയചന്ദ്രൻ നായർ സാറിനെയും ഒപ്പം കൂട്ടി കലാകൗമുദി വാരിക തുടങ്ങാൻ പ്രേരണയായതെന്നും കേട്ടിട്ടുണ്ട്.

കലാകൗമുദി വാരികയുടെ ലക്കങ്ങൾ സൂക്ഷിച്ച് വച്ച് ഇഷ്ടപ്പെട്ട ലേഖനങ്ങൾ ഇടക്കിടെ വായിച്ചാസ്വദിച്ചിരുന്ന എനിക്ക് ആ സ്ഥാപനത്തിൽ ജോലി ചെയ്യാൻ കിട്ടിയ അവസരം നൽകിയ അഭിമാനം ചെറുതായിരുന്നില്ല. അന്ന് പത്രപ്രവർത്തനം സ്ത്രീകൾക്ക് ചേർന്ന തൊഴിലായി കണക്കാക്കിയിരുന്നില്ല. പത്ര സ്ഥാപനങ്ങളിൽ സ്ത്രീകളും വിരളമായിരുന്നു.

ജോലിക്ക് ചേർന്ന ആദ്യ ദിവസം തന്നെ ജയൻ സാർ (എസ്.ജയചന്ദ്രൻ നായർ ) പറഞ്ഞു.

“അപ്പുറത്ത് ബാബുവുണ്ട്. കണ്ടിട്ട് വരൂ”.

തൊട്ടടുത്ത മുറിയിലെത്തി സ്വയം പരിചയപ്പെടുത്തി അല്പം ഭയപ്പാടോടെ നിൽക്കുമ്പോൾ മേശപ്പുറത്ത് നിന്ന് ശബ്ദതാരാവലി എടുത്തു തന്ന് ബാബു സാർ ആദ്യത്തെ അസൈൻമെന്റ് തന്നു .

” ഒരു നോട്ട്ബുക്ക് എടുക്കുക. ദിവസം 5 പുതിയ വാക്ക് വീതം ഇതിൽ നിന്ന് എഴുതിയെടുത്ത് പഠിക്കുക”.

 

രണ്ട് വർഷക്കാലത്തെ കലാകൗമുദി / കേരള കൗമുദി ക്കാലത്ത് ഫീച്ചറെഴുത്തിന്റെ , പത്രപ്രവർത്തനത്തിന്റെ എത്രയെത്ര പാഠങ്ങളാണ് എൻ.ആർ.എസ് ബാബുസാറിൽ നിന്ന് പഠിച്ചത്.

ജീവിതകാലം മുഴുവൻ പത്രപ്രവർത്തനം ഗൗരവമായെടുക്കാൻ പ്രേരണ നൽകിയ നിരവധി മഹാരഥന്മാർ അന്ന് അവിടെ പത്രാധിപർമാരായി ഉണ്ടായിരുന്നു. എൻ. ആർ. എസ്. ബാബു സാറിനെ കൂടാതെ

എം.എസ്. മണി ,

എസ്.ജയചന്ദ്രൻ നായർ ,

എം.പി.നാരായണ പിള്ള ,

എൻ.എൻ. സത്യവ്രതൻ,

എ.പി. വിശ്വനാഥൻ അങ്ങനെ ഒരു നിര .

ആദ്യമായി എഴുതിയ ചെറുകഥ ” രാക്ഷസൻ “ ധൈര്യപൂർവ്വം അയച്ചത് എൻ.ആർ.എസ്. ബാബു സാറിനായിരുന്നു. കലാകൗമുദി യിൽ പ്രാധാന്യത്തോടെ സാറത് പ്രസിദ്ധീകരിച്ചു. തുടർന്നെഴുതിയ നിരവധി കഥകളും കലാകൗമുദി യിൽ തന്നെ പ്രസിദ്ധീകരിച്ചു.

 

2002 ൽ ട്രാൻസ്ഫർ കിട്ടി അസമിലെ ഗുവഹത്തിയിലെത്തുമ്പോൾ സാറിന്റെ ഇമെയിൽ –

” നമ്മുടെ വായനക്കാർക്ക് അസം ഇന്നും അത്ര പരിചിതമല്ല. അതു കൊണ്ട് വിശദമായ ഒരു വിവരണ പരമ്പര വായനക്കാർക്ക് താല്പര്യമുണ്ടാക്കും. എല്ലാം വിശദമായി എഴുതണം. അതിൽ ബീന വേണം. ബൈജു വേണം. അപ്പു വേണം. “

2003 ജൂലൈ മുതൽ “അസം യാത്ര” കലാകൗമുദി യിൽ പ്രസിദ്ധീകരിച്ചു തുടങ്ങി.

ആ അസം യാത്രയാണ് പുസ്തക രൂപത്തിൽ ബ്രഹ്മപുത്രയിലെ വീട് ആയത്.

കലാകൗമുദി യിൽ ഒപ്പമുണ്ടായിരുന്ന നാരായണ ഭട്ടതിരിയുടെ മനോഹരമായ കവർ ചിത്രത്തോടൊപ്പം പുറത്തിറങ്ങിയ ബ്രഹ്മപുത്രയിലെ വീട് എൻ. ആർ. എസ് ബാബു സാറിന്റെ ചിന്തയിലായിരുന്നു ആദ്യം പിറന്നത് എന്ന് നന്ദിയോടെ ഓർത്തു പോകുന്നു.

(ഇടത് നിന്ന്) എൻ ആർ എസ് ബാബു, ഫാസിൽ, ഓമന ഗംഗാധരൻ

മലയാള പത്രപ്രവർത്തന രംഗത്തെ കുലപതിമാരെ കുറിച്ച് കലാകൗമുദി ക്ക് വേണ്ടി തയ്യാറാക്കിയ ഡേറ്റ് ലൈൻ പരമ്പരയിൽ അഭിമുഖത്തിന് വേണ്ടി പലവട്ടം സമീപിച്ചിട്ടും ബാബുസാർ വഴങ്ങിയില്ല.

“അങ്ങനെ എഴുതാനും വേണ്ടിയൊന്നും ഞാൻ ചെയ്തിട്ടില്ല” എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി . എം. എസ്. മണി സാറും എസ്.ജയചന്ദ്രൻ നായർ സാറും അതു തന്നെ ആവർത്തിച്ചു.

ഡേറ്റ് ലൈൻ, പത്രജീവിതങ്ങൾ തുടങ്ങിയ രണ്ട് പുസ്തകങ്ങളിലും ആ പത്രപ്രവർത്തന പ്രതിഭകളുടെ ജീവചരിത്രകുറിപ്പുകൾ ചേർക്കാനോ കലാകൗമുദിക്കാലം രേഖപ്പെടുത്താനോ കഴിഞ്ഞില്ല എന്നത് ഇപ്പോഴും നിരാശയുണ്ടാക്കുന്നുണ്ട്.

അതൊരു കാലം തന്നെയായിരുന്നു.

അതൊരു തലമുറ തന്നെയായിരുന്നു. പത്രപ്രവർത്തനത്തെ ജീവശ്വാസമായെടുത്ത തലമുറ. പണത്തിനും പ്രശസ്തിക്കും അധികാരത്തിനും വേണ്ടി പത്രപ്രവർത്തനമൂല്യങ്ങളെ ബലികഴിക്കാത്ത, പത്രപ്രവർത്തന ധർമ്മം മറക്കാത്ത കുറേ മനുഷ്യരുടെ

കീഴിൽ പത്രപ്രവർത്തന ജീവിതത്തിന്റെ തുടക്കം കുറിക്കാനായി എന്നത് ജീവിതത്തിലെ സൗഭാഗ്യമായിത്തന്നെ ഞാൻ കണക്കാക്കുന്നു.

 

ഓർമ്മ –

എൻ.ആർ.എസ് ബാബു സാറിന്റെ ഓർമ്മശക്തി കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. പലപ്പോഴും അസൂയപ്പെട്ടിട്ടുമുണ്ട്. എന്നാൽ ഏത് നിമിഷവും മാഞ്ഞു പോകാവുന്ന തികച്ചും നശ്വരമായ ഒന്ന് മാത്രമാണ് ഓർമ്മ എന്ന് സാറിന്റെ അവസാനകാലജീവിതം വെളിവാക്കിത്തന്നു. (ഓർമ്മയുടെ പേരിൽ അഹങ്കരിച്ചിട്ട് കാര്യമില്ലെന്ന് അമ്മയുടെ മറവിരോഗത്തിലൂടെ അതിന് മുമ്പ് തന്നെ ജീവിതം പഠിപ്പിച്ചിരുന്നു.)

ഒരു പാട് ഒരുപാട് ഓർമ്മകളുണ്ട് – എഴുതാനും എഴുതാതിരിക്കാനും തോന്നുന്നവ –

ചരിത്രത്തെ ചിറകിലേറ്റിയവരിൽ ഒരാളാണ് കടന്നു പോയത്.

സ്നേഹത്തോടെ പ്രണാമം പ്രിയപ്പെട്ട ബാബു സാർ .

ഞാനിന്നും ശബ്ദതാരാവലിയിലെ വാക്കുകൾ പഠിച്ചു കൊണ്ടിരിക്കുകയാണ്.

About Author

കെ. എ. ബീന

എഴുത്തുകാരിയും മാധ്യമപ്രവർത്തകയും കോളമിസ്റ്റും. ആദ്യ പുസ്തകം 'ബീന കണ്ട റഷ്യ'. ബാലസാഹിത്യ നോവലുകളായ 'അമ്മക്കുട്ടിയുടെ ലോകം' അമ്മക്കുട്ടിയുടെ സ്‌കൂൾ തുടങ്ങി 32 ഓളം കൃതികൾ രചിച്ചിട്ടുണ്ട്. കേരളകൗമുദി, മാതൃഭൂമി പ്രസിദ്ധീകരണങ്ങളിൽ പ്രവർത്തിച്ചു. തിരുവനന്തപുരം ദൂരദർശൻ, ആകാശവാണി എന്നിവിടങ്ങളിൽ ന്യൂസ് എഡിറ്റർ ആയിരുന്നു. ലാഡ്‌ലി മീഡിയ പ്രാദേശിക - ദേശീയ അവാർഡുകൾ അടക്കം നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

0
Would love your thoughts, please comment.x
()
x