A Unique Multilingual Media Platform

Articles Everything Under The Sun National Politics

ലോക സഭക്ക് ​തിളക്കം പ​ക​ർ​ന്ന 18 നക്ഷത്ര പു​ത്രി​മാ​ർ

  • September 20, 2025
  • 1 min read
ലോക സഭക്ക് ​തിളക്കം പ​ക​ർ​ന്ന 18 നക്ഷത്ര പു​ത്രി​മാ​ർ

സാമ്രാജ്യത്തിന്റെ ഉള്ളകത്തിലിരുന്ന്, ഒരു നെയ്ത്തുകാരി നക്ഷത്രവെളിച്ചത്താൽ നെയ്തുകൊണ്ടിരുന്നു. അവ ഓരോന്നും രാജകീയ ദർബാറിൽ സാന്നിധ്യമറിയിക്കേണ്ടവയായിരുന്നു. ക്രൂരമായ സ്ത്രീവിരുദ്ധ മുൻവിധി സൂക്ഷിച്ച കാവൽക്കാർ, പക്ഷേ, കൂട്ടത്തിൽ ഏറ്റവും മികച്ചവയെ മാത്രം രാജകീയ മന്ദിരത്തിലേക്ക് കടത്തിവിട്ടു. അക്കൂട്ടത്തിൽ ‘നക്ഷത്രപുത്രിമാർ’ (Starlit Daughters) എന്ന് വിളിക്കാവുന്ന 18 പേരുണ്ടായിരുന്നു. ധീരതയുടെയും സത്യസന്ധതയുടെയും ജ്ഞാനത്തിന്റെയും പ്രകാശത്താൽ പ്രശോഭിച്ചവർ.

മുക്കാൽ നൂറ്റാണ്ട് പിന്നിട്ട നമ്മുടെ പാർലമെന്റിന്റെ ചരിത്രത്തിൽ 1952 മുതൽ 2024 വരെ ലോക സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും അഴിമതിയോ വർഗീയതയോ കുറ്റകൃത്യങ്ങളോ തൊട്ടുതീണ്ടാതെ, എല്ലാവിധ പുറന്തള്ളലുകളെയും അതിജയിക്കുകയും ചെയ്ത 18 മുസ്‍ലിം വനിതകളുടെ ജീവിതം രേഖപ്പെടുത്തിയിരിക്കുന്നു റഷീദ് കിദ്വായിയും അംബർ കുമാർ ഘോഷും ചേർന്ന് ‘Missing from the House: Muslim Women in the Lok Sabha’ എന്ന പുസ്തകത്തിൽ.

പഞ്ചതന്ത്രത്തിലെയും സൂഫി സാരോപദേശകഥകളിലെയും നായികമാരെപ്പോലെ, രാജ്യത്തിന്റെ ആത്മാവിനെ ചേർത്തിണക്കുന്ന ഏറ്റവും മികച്ച നൂലിഴകളായി നിലകൊണ്ട നക്ഷത്രപുത്രിമാർ. അധികാരകേന്ദ്രങ്ങളിൽ അരികുവത്കരിക്കപ്പെട്ടവരായല്ല, വിദ്വേഷം, വെറുപ്പ്, വിഭജനം, പുരുഷ നിയമനിർമാതാക്കളെ പലപ്പോഴും കളങ്കപ്പെടുത്തുന്ന അഴിമതി എന്നിവക്കെതിരായ ശുദ്ധീകരണ ശക്തിയായാണ് ഈ 18 വനിതകളെ പുസ്തകം ആഘോഷിക്കുന്നത്. അവരിൽ ചിലർ ഇപ്പോഴുമുണ്ട്, ചിലർ വിടപറഞ്ഞു, ചിലർ വിസ്മൃതിയിലാണ്ടു പോയി.

1952 മുതൽ തിരഞ്ഞെടുക്കപ്പെട്ട 7500 എം.പിമാരുടെ 0.6 ശതമാനം മാത്രമാണ് മുസ്‍ലിം വനിതകൾ. 2024 വരെയുള്ള 18 ലോക സഭകളിൽ നാലെണ്ണത്തിൽ പേരിനൊരു മുസ്‍ലിംവനിത പോലുമുണ്ടായില്ല. ഈ കടുത്ത പ്രാതിനിധ്യക്കുറവ് ഏതെങ്കിലും രാഷ്ട്രീയകാലഘട്ടവുമായോ പാർട്ടിയുമായോ ബന്ധപ്പെട്ടതല്ല. എന്നിരിക്കിലും, ‘മുസ്‍ലിം പ്രീണനം’ എന്ന ഭാരതീയ ജനത പാർട്ടിയുടെ ആരോപണത്തെ ഈ പുസ്തകം പൊളിച്ചടുക്കുകയും പുരുഷാധിപത്യ-ഭൂരിപക്ഷവാദ മുൻവിധികളെ തുറന്നുകാട്ടുകയും ചെയ്യുന്നു.

സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ മികച്ച ചരിത്രാഖ്യാതാവായ റഷീദ് കിദ്വായ്, ആകർഷകമായ അനുഭവ കഥകളെ കോർത്തിണക്കിയിരിക്കുന്നു. പുസ്തകത്തിന്റെ സഹ രചയിതാവായ അംബർകുമാർ ഘോഷ്, ഒരു ഗവേഷകന്റെ സൂക്ഷ്മതയോടെ വിവരങ്ങളും അനുഭവപരമായ ഉൾക്കാഴ്ചയും ചേർത്ത് ഈ രചനയെ കൂടുതൽ സമ്പന്നമാക്കി.

 

മുഫീദ അഹ്മദ് മുതൽ ഇഖ്റാ ഹസൻ വരെ

1957ൽ അസമിലെ ജോർഹട്ടിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മുഫീദ അഹ്മദാണ് ഇന്ത്യയിലെ ആദ്യത്തെ മുസ്‍ലിം വനിത എം.പി. 2024ൽ യു.പിയിലെ കൈരാനയിൽ നിന്ന് ജയിച്ച ഇഖ്റാ ഹസൻ ചൗധരി നിലവിലുള്ള പ്രതിനിധിയും. ഇവർക്കിടയിൽ സുഹ്റബെൻ അക്ബർഭായ് ചാവ്ഡ (ബനസ്കന്ത), മൈമൂന സുൽത്താൻ, ബീഗം അക്ബർ ജഹാൻ അബ്ദുല്ല (ശ്രീനഗർ, അനന്ത്നാഗ്), റാഷിദ ഹഖ് ചൗധരി (സിൽച്ചാർ), മുഹ്സിന കിദ്വായ് (മീറത്ത്), ആബിദ അഹ്മദ് (ബറേലി), നൂർബാനു (റാംപൂർ), റുബാബ് സയിദ (ബഹ്റൈച്ച്), മഹ്ബൂബ മുഫ്തി (അനന്ത്നാഗ്), തബസ്സും ഹസൻ (കൈരാന), മൗസം നൂർ (മാൾഡാ നോർത്ത്), കൈസർ ജഹാൻ (സിതാപൂർ), ഡോ. മംതാജ് സംഗ്മിത (ദുർഗാപൂർ), സജ്ദ അഹ്മദ് (ഉലുബെരിയ), റാണി നരഹ് (ലഖിംപൂർ), നുസ്രത് ജഹാൻ റൂഹി (ബാരിസാത്) എന്നിങ്ങനെ 16 പേർ കൂടിയുണ്ട്. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സമാജ്‍വാദി പാർട്ടി, ബി.എസ്.പി, പി.ഡി.പി എന്നീ പാർട്ടികളാണ് ഇവർക്ക് ടിക്കറ്റ് നൽകിയത്.

ഇഖ്റ ഹസൻ ചൗധരി

സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ളി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മു​സ്‌​ലിം വ​നി​ത​ക​ളെ​ക്കു​റി​ച്ച് ഈ ​പു​സ്ത​കം പ്ര​തി​പാ​ദി​ക്കു​ന്നി​ല്ല, രാ​ജ്യ​സ​ഭ​യി​ലെ അ​വ​രു​ടെ നാ​മ​മാ​ത്ര പ​ങ്കാ​ളി​ത്ത​ത്തെ​ക്കു​റി​ച്ച് സം​ക്ഷി​പ്ത​മാ​യി മാ​ത്രം പ​റ​യു​ന്നു. ഇ​ന്ത്യ​ൻ നി​യ​മ​നി​ർ​മാ​ണ സ​ഭ​ക​ളി​ൽ മു​സ്‌​ലിം​ക​ളു​ൾ​പ്പെ​ടെ, എ​ല്ലാ സ​മൂ​ഹ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള സ്ത്രീ​ക​ളു​ടെ​യും പ്രാ​തി​നി​ധ്യം എ​ത്ര ദ​യ​നീ​യ​മാം​വി​ധം അ​പ​ര്യാ​പ്ത​മാ​ണെ​ന്ന് ഈ ​പു​സ്ത​കം കൃ​ത്യ​മാ​യി വ​ര​ച്ചു​കാ​ട്ടു​ന്നു​.

മു​സ്‌​ലിം വ​നി​ത എം.​പി​മാ​രി​ൽ അ​ധി​ക​പേ​രും അ​സം, പ​ശ്ചി​മ ബം​ഗാ​ൾ, ഉ​ത്ത​ർ​പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ്. സാ​മൂ​ഹി​കവും-​സാ​മ്പ​ത്തി​ക​വുമാ​യി കു​റെ​ക്കൂ​ടി മു​ന്നി​ട്ടു​നി​ൽ​ക്കു​ന്ന തെ​ക്കേ ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ സ്ത്രീ​ക​ളു​ടെ അ​ധി​കാ​ര പ്രാ​തി​നി​ധ്യം തു​ലോം കു​റ​വാ​ണ്. പ​രി​മി​ത​മാ​യ സാ​ന്നി​ധ്യ​മാ​യിട്ടും, മു​സ്‌​ലിം വ​നി​ത എം.​പി​മാ​ർ ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തെ​യും രാ​ഷ്ട്ര​നി​ർ​മാ​ണ​ത്തെ​യും സ​മ്പ​ന്ന​മാ​ക്കാ​ൻ അ​സാ​ധാ​ര​ണ​മാ​യ സം​ഭാ​വ​ന​ക​ള​ർ​പ്പി​ച്ചു. ലോ​ക സ​ഭ ന​ട​പ​ടി​ക​ളി​ൽ മാ​ന്യ​ത​യും മ​ര്യാ​ദ​യും ഊ​ർ​ജ​സ്വ​ല​ത​യും കൊ​ണ്ടു​വ​രു​ന്ന​തി​ൽ അ​വ​ർ പ​ങ്കു​വ​ഹി​ച്ചു. പു​രു​ഷ എം.​പി​മാ​ർ ആ​ൺ​കോ​യ്മ പ്ര​ക​ടി​പ്പി​ക്കാ​നും പ​ര​സ്പ​രം അ​ധി​ക്ഷേ​പി​ക്കാ​നു​മു​ള്ള ഗോ​ദ​യാ​ക്കി സ​ഭ​യെ മാ​റ്റു​ന്ന കാ​ല​ത്ത് ഇ​തി​ന് ഏ​റെ പ്ര​സക്തി​യു​ണ്ട്.

നൂ​റു​വ​ർ​ഷ​ത്തി​ലേ​റെ ഭോ​പാ​ൽ നാ​ട്ടു​രാ​ജ്യം ഭ​രി​ച്ച ബീ​ഗ​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ൽ നി​ന്നാ​ണ് മൈ​മൂ​ന സു​ൽ​ത്താ​ന്‍റെ വരവ്​. ഇം​ഗ്ലീ​ഷ് സാ​ഹി​ത്യ​ത്തി​ൽ അ​ഗാ​ധ​മാ​യ അ​റി​വു​ണ്ടാ​യി​രു​ന്ന മൈ​മൂ​ന, വാ​ക്ചാ​തു​രി​യും പാ​ണ്ഡി​ത്യ​വും കൊ​ണ്ട് അ​തി​ശ​ക്ത​യാ​യ വി​ജ​യരാ​ജെ സി​ന്ധ്യ​യെ​പ്പോ​ലും കു​ഴ​ക്കി. മ​റ്റൊ​രു ആ​ക​ർ​ഷ​കവ്യ​ക്തി​ത്വ​മാ​യ മു​ഹ്സി​ന കി​ദ്വാ​യി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്റെ കാ​ല​ത്ത് 1960ക​ളി​ൽ ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സി​ൽ ​ചേ​ർ​ന്ന​താ​ണ്. പ​ല ത​വ​ണ യു.​പി നി​യ​മ​സ​ഭ​യി​ലും ലോ​ക്സ​ഭ​യി​ലും രാ​ജ്യ​സ​ഭ​യി​ലും കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ലും അം​ഗ​മാ​യ അ​വ​ർ​ക്ക് ഇ​ന്ദി​ര ഗാ​ന്ധി​യി​ൽ നി​ന്ന് ല​ഭി​ച്ച അ​തേ ബ​ഹു​മാ​നം സോ​ണി​യ ഗാ​ന്ധി​യി​ൽ നി​ന്നും രാ​ഹു​ൽ, പ്രി​യ​ങ്ക എ​ന്നി​വ​രി​ൽ നി​ന്നും ല​ഭി​ച്ചു.

മൈമൂന സുൽത്താൻ

“മു​ഹ്സി​നാ​ജി​ക്ക് രാ​ഷ്ട്രീ​യ രം​ഗ​ത്തു​ള്ള​വ​രു​മാ​യി മാ​ത്ര​മ​ല്ല, ജീ​വി​ത​ത്തി​ന്റെ നാ​നാ തു​റ​ക​ളി​ലു​ള്ള ആ​ളു​ക​ളു​മാ​യും ഊ​ഷ്മ​ള​ബ​ന്ധം സ്ഥാ​പി​ക്കാ​ൻ അ​സാ​ധാ​ര​ണ​മാ​യ ക​ഴി​വു​ണ്ട്” എ​ന്നാ​ണ് അ​വ​രു​ടെ ഓ​ർ​മ​ക്കു​റി​പ്പാ​യ ‘മൈ ​ലൈ​ഫ് ഇ​ൻ ഇ​ന്ത്യ​ൻ പൊ​ളി​റ്റി​ക്സി’​ൽ സോ​ണി​യ ഗാ​ന്ധി കു​റി​ച്ചി​ട്ട​ത്. ഇ​ക്കൂ​ട്ട​ത്തി​ലെ പു​തു​മു​റ​ക്കാ​രി​യാ​യ ഇ​ഖ്റാ ഹ​സ​ൻ ചൗ​ധ​രി ല​ണ്ട​നി​ൽ നി​ന്ന് ബി​രു​ദ​മെ​ടു​ത്ത ശേ​ഷ​മാ​ണ് നാ​ട്ടി​ലെ​ത്തി പൊ​തു​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. ലോ​ക സ​ഭ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ വ​നി​ത എം.​പി എ​ന്ന നി​ല​യി​ൽ ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ട് അവർ പേ​രെ​ടു​ത്തു.

മുഹ്സിന കിദ്വായി

ബി.ജെ.പിയും സഖ്യകക്ഷികളും പല രാജവംശങ്ങളെയും കുടുംബപിന്തുടർച്ചയെയും ഉൾക്കൊള്ളുന്നുണ്ടെങ്കിലും, സംഘപരിവാർ നേതാക്കൾ കോൺഗ്രസിനെയും സഖ്യകക്ഷികളെയും ‘വംശാധിപത്യ’ പാർട്ടികൾ എന്നാണ് വിമർശിക്കാറ്. ലോക സഭയിലെ മുസ്‌ലിം സ്ത്രീകളുടെ മുന്നേറ്റത്തിൽ പിന്തുടർച്ച നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് പറയാതിരിക്കാനാവില്ല. ഇല്ലായിരുന്നെങ്കിൽ, 75 വർഷത്തിനിടെ 18 മുസ്‌ലിം വനിത എം.പിമാരെപ്പോലും കാണാൻ കഴിയുമായിരുന്നില്ല. മുസ്‌ലിംകളെ ലക്ഷ്യമിട്ട് ബി.ജെ.പി ഐ.ടി സെൽ നിരന്തരം പടച്ചുവിടുന്ന ധ്രുവീകരണ -വിദ്വേഷ അജണ്ടയിൽ വിശ്വസിക്കാത്ത, ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ച് സത്യസന്ധമായ ഉൾക്കാഴ്ച തേടുന്നവർക്ക് ഈ പുസ്തകം ശിപാർശ ചെയ്യുന്നു.


ഈ പരമ്പരയിലെ കൂടുതൽ ലേഖനങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

About Author

നളിൻ വർമ്മ

നളിൻ വർമ്മ പത്രപ്രവർത്തകനും എഴുത്തുകാരനുമാണ്. അദ്ദേഹം ന്യൂഡൽഹിയിലെ ജാമിയ ഹംദർദ് സർവകലാശാലയിൽ മാസ് കമ്മ്യൂണിക്കേഷനും ക്രിയേറ്റീവ് റൈറ്റിംഗും പഠിപ്പിക്കുന്നു.

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.