രാഷ്ട്രീയത്തിൽ സ്ഥിര വൈരികളും സുഹൃത്തുക്കളും ഇല്ല എന്നാണ് പറയാറ്. ഇന്ത്യയിലെ മുന്നണി ഭരണങ്ങളുടെ തുടക്കക്കാരായ കേരള ജനതക്ക് ഇത് പ്രത്യേകം പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല. കോർപറേഷൻ വീതം വെയ്പ്പ്, തിരഞ്ഞെടുപ്പിലെ മണ്ഡലങ്ങളുടെ എണ്ണം, സ്‌കൂളുകളുടെ അലോട്ട്മെന്റ്, ആരാധനാലയങ്ങളുടെ തർക്കം തുടങ്ങി മന്ത്രിസ്ഥാനങ്ങളുടെ വലിപ്പം വരെ മുന്നണി മാറ്റങ്ങൾക്കു കാരണമാകാറുണ്ട്. നിലനിൽപ്പിന്റെ പ്രശ്നമായത് കൊണ്ട് എല്ലാം മറന്നു കൂടെക്കൂട്ടുകയേ മുന്നണിയിലെ താക്കോൽ സ്ഥാനത്തിരിക്കുന്ന പാർട്ടിക്ക് സാധ്യമാകൂ. വർഷങ്ങൾക്ക് മുൻപ് പിണറായി വിജയൻ കേരള തൊഗാഡിയ എന്ന് വെള്ളാപ്പള്ളി നടേശനെ വിളിച്ചതിനെ ഇപ്പോൾ ഗോവിന്ദൻ മാഷിന് ന്യായീകരിക്കേണ്ടി വരുന്നത് ഇതൊക്കെ കൊണ്ടാണ്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് കഴിഞ്ഞുള്ള ഈ അവസരത്തിൽ വെള്ളാപ്പള്ളിയെ കൊണ്ട് ആർക്കൊക്കെ എന്തൊക്കെ നേടാനായി എന്ന് ഒരു പരിശോധന പാർട്ടികൾക്ക് നല്ലതാണ്.
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച രാഷ്ട്രീയ കക്ഷികളെ, മൂന്ന് മുന്നണികളുടെ ഭാഗമായി കണക്കാക്കി കൊണ്ടാണ് ഇത്തരം ഒരു അവലോകനത്തിലേക്ക് കടക്കുന്നത്. ഇതിൽ വെള്ളാപ്പള്ളിയെ കൊണ്ട് ഏറ്റവും ബുദ്ധിമുട്ടുണ്ടായത് പുള്ളിയെ കൈപിടിച്ച് കാറിലൊക്കെ കയറ്റി കൊണ്ട് നടന്ന ഇടതുപക്ഷ മുന്നണിക്ക് തന്നെയാണ്. പത്ത് വർഷം കൊണ്ടുണ്ടായ ഭരണവിരുദ്ധ നിലപാട് കാരണം മൊത്തത്തിൽ ജനങ്ങൾ തങ്ങൾക്ക് എതിരാണ് എന്ന് മനസ്സിലാക്കാൻ അവർക്ക് അവൈലബിൾ പോളിറ്റ്ബ്യുറോ ഒന്നും കൂടേണ്ട ആവശ്യം ഇല്ലായിരുന്നു. പതിനാലാം അസ്സെംബ്ലിയിലേക്ക് നടന്ന അഞ്ചിൽ നാല് ബൈ ഇലക്ഷനും മുന്നണിക്ക് നഷ്ടപ്പെട്ടിരുന്നു. കൂടാതെ 2024ലെ പൊതു തിരഞ്ഞെടുപ്പിൽ ഒരൊറ്റ സീറ്റ് (ആലത്തൂർ) മാത്രമാണ് വിജയിക്കാൻ സാധിച്ചത്. അതിനു പുറമെ, ശക്തനായ സ്ഥാനാർത്ഥിയെ നിറുത്തി മത്സരിച്ച തൃശൂർ മണ്ഡലത്തിൽ ബിജെപിയോട് തോറ്റതും വലിയ തിരിച്ചടിയായി. ദേശീയ തലത്തിൽ ന്യൂനപക്ഷങ്ങൾ നേരിടുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിൽ വോട്ടുകൾ വിഘടിക്കരുത് എന്ന മുസ്ലിം ക്രിസ്ത്യൻ സമുദായങ്ങളുടെ തിരിച്ചറിവും, അതിനു ഒരു അഖിലേന്ത്യ പാർട്ടിയുടെ സഹായം ആവശ്യമാണ് എന്ന വിശ്വാസവും ഇടത് പക്ഷത്തിനു മറ്റൊരു തിരിച്ചടിയായി. അവരുടെ ക്യാപ്റ്റനായ പിണറായിയുടെ ജനപ്രീതി താഴേക്കാണ് എന്നതും സംസ്ഥാന നേതാക്കൾ തിരഞ്ഞെടുപ്പിനെ മുന്നേ തന്നെ മനസ്സിലാക്കി കഴിഞ്ഞിരുന്നു.

തങ്ങളുടെ അടിസ്ഥാന വോട്ട് ബാങ്കായ ഈഴവ സമൂഹം മെല്ലെ ബിജെപിയുമായി അടുത്ത് കൊണ്ടിരിക്കവേ, തിരഞ്ഞെടുപ്പിൽ അവർ കൂടി കൈവിട്ടാൽ പിന്നെ ബംഗാളിലേക്കാൾ കഷ്ടമാകും കാര്യങ്ങൾ എന്ന തിരിച്ചറിവ്, പിണറായി വഴി ഉണ്ടാക്കിയെടുത്ത വെള്ളാപ്പള്ളി സൗഹൃദത്തെ തന്നെ മുറുക്കെ പിടിക്കാൻ ഇടതുപക്ഷം തയ്യാറായി. ബിജെപിയിലേക്ക് പോയ വോട്ടുകളെയും, ഭിന്നിച്ചു നിൽക്കുന്ന ഭൂരിപക്ഷ സമുദായ വോട്ടുകളെയും തങ്ങൾക്കു അനുകൂലമാക്കാൻ ഇടതുപക്ഷം മുന്നിൽ നിറുത്തിയ വെള്ളാപ്പള്ളി നടേശൻ പക്ഷെ ഗുണം ചെയ്തില്ല എന്ന് മാത്രമല്ല, കാര്യമായ ദോഷം ഈ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉണ്ടാക്കുകയും ചെയ്തു. SNDP ജനറൽ സെക്രട്ടറി എന്ന നിലയിൽ ആ സംഘടനയിൽ തന്നെ ഏറെ പഴി കേട്ടുകൊണ്ടിരിക്കുന്ന നേതാവാണ് വെള്ളാപ്പള്ളി. അത് കൊണ്ട് തന്നെ അവിടുന്നുള്ള വോട്ടുകൾ കിട്ടിയില്ല. വെള്ളാപ്പള്ളിയുടെ ചങ്ങാത്തം മൂലം, കിട്ടുമായിരുന്ന മുന്നാക്ക വോട്ടുകളും വേറെ വഴിക്ക് പോയി.
ഒന്ന് മുന്നോട്ടു കടന്നു വന്നു കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവം പറഞ്ഞിട്ട് പോകാം. ഇടതുപക്ഷം നയിക്കുന്ന ഒരു സൊസൈറ്റിയിൽ നിന്ന്, വർഷങ്ങളായി അവിടെ ജോലി ചെയ്യുന്ന വിധവയായ ഒരു താൽക്കാലിക ജീവനക്കാരിയെ പിരിച്ചു വിട്ട വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അവരുടെ 15 വയസ്സുള്ള മകൻ യുഡിഎഫിന് വേണ്ടി വോട്ട് ചോദിച്ചു പ്രവർത്തിച്ചു എന്ന കാരണത്താലാണ് പിരിച്ചു വിട്ടത് എന്നും വാർത്തയിൽ ഉണ്ടായിരിന്നു. ഇനി നമുക്ക് BDJS പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയുടെ പിതാവായ വെള്ളാപ്പള്ളി നടേശന്റെ കാര്യത്തിലേക്ക് തിരിച്ചു വരാം. ഒരു NDA ഘടകക്ഷിയുടെ സ്ഥാപക നേതാവിനെ കൂടെക്കൂട്ടി കൊണ്ട് നടന്നത് ഇടതുപക്ഷ സഹചാരികൾക്ക് ഒട്ടും തന്നെ പിടിച്ച കാര്യമല്ല. മാത്രവുമല്ല ഇലക്ഷൻ അടുക്കുംതോറും ആ വ്യക്തി തൻ്റെ വാക്കുകളിലൂടെ വമിച്ച വർഗ്ഗീയത ഇടതുപക്ഷത്തെ ഇഷ്ടപ്പെടുന്ന ആർക്കും തന്നെ ദഹിക്കുന്ന ഒന്നായിരുന്നില്ല. വലിയൊരു കൂട്ടം ജനങ്ങളെ മാറി ചിന്തിക്കാൻ ഇത് പ്രേരിപ്പിച്ചു.

അതേ സമയം, വെള്ളാപ്പള്ളിയുടെ ഈ ഇടത്പക്ഷ ചങ്ങാത്തത്തെ ബിജെപിയെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. പക്ഷെ തങ്ങളുടെ ആകെയുള്ള (അറിയപ്പെടുന്ന) ഒരു ഘടകകക്ഷിയുടെ പ്രസിഡന്റിന്റെ അച്ഛനെ കയറി കടന്നാക്രമിക്കാനും അവർക്ക് കഴിയുമായിരുന്നില്ല. മാത്രവുമല്ല, ആവശ്യത്തിന് എതിരാളികൾ ഉള്ളപ്പോൾ വെറുതെ എന്തിനു സംസാരത്തിന് ലൈസൻസ് ഇല്ലാത്ത വെള്ളാപ്പള്ളിയുടെ എതിർപ്പ് കൂടി വാങ്ങിക്കൂട്ടണം എന്നതായിരുന്നു അവരിൽ തലമുതിർന്നവരുടെ വാദം. എന്നേലും ഒരുനാൾ തങ്ങളുടെ അടുത്തേക്ക് വരാനുള്ള നേതാവാണ് എന്നതാണ് ബിജെപിയുടെ മനക്കണക്ക്.
വെള്ളാപ്പള്ളിയുടെ ന്യൂനപക്ഷത്തോടുള്ള എതിർപ്പുകൾ പക്ഷെ ബിജെപിക്ക് ഗുണമായും വിനയായും ഭവിച്ചു എന്ന് വേണം പറയാൻ. രണ്ട് മുന്നണികളിൽ പ്രധാന എതിരാളിയായ, ഒരു കേഡർ പാർട്ടിയായ, മാർക്സിസ്റ്റ് പാർട്ടിയോടൊപ്പം നിന്ന് കൊണ്ട് വെള്ളാപ്പള്ളി നടത്തിയ ന്യൂനപക്ഷ വിരുദ്ധ പ്രസംഗങ്ങൾ ഇടതുപക്ഷത്തിന് പകരം ബിജെപിയെയാണ് സഹായിച്ചത്. ന്യൂനപക്ഷങ്ങളെ അനുനയിപ്പിക്കാൻ വാക്കുകളിൽ വർഗീയത കുറച്ചുപയോഗിച്ച കേരളത്തിലെ ബിജെപി നേതാക്കൾ, തങ്ങൾക്കു പകരം വെള്ളാപ്പള്ളിയുടെ വാക്കുകൾ അണികളെ ഇളക്കും എന്ന് സമാധാനിച്ചു. സംഘപരിവാർ അനുയായികൾ, വെള്ളാപ്പള്ളി പറയുന്നതിൽ കാര്യമുണ്ട് എന്ന് സമ്മതിച്ചു കൊണ്ട് തിരഞ്ഞെടുപ്പ് ദിവസം ബാലറ്റിൽ അതിനനുസരിച്ചു കുത്തി. എന്നാൽ അമ്പലത്തിന്റെയും മതത്തിൻേറയും കപട ദേശീയതയുടെയും പേരിൽ വോട്ടഭ്യർത്ഥിച്ചു നടന്ന ബിജെപി അനുയായികൾ, കൂടെ നിന്ന BDJS സ്ഥാനാർത്ഥികളെ നിഷ്കരുണം തള്ളിക്കളഞ്ഞു. ആകെ 5 വാർഡിലാണ് തുഷാറിന്റെ പാർട്ടി ജയിച്ചത്. ഇത് എൻഡിഎയുടെ ഒരു മുന്നണി എന്നുള്ള നിലയിലുള്ള വിശ്വാസ്യതയെ തകർത്തിട്ടുണ്ട്. കേരളത്തിൽ നിന്നും മറ്റൊരു പാർട്ടി ഇനി ആ മുന്നണിയിലേക്ക് ചെല്ലാൻ മടിക്കും എന്ന കാര്യത്തിൽ രണ്ടഭിപ്രായമില്ല. പുതിയ സഹകാരികളെ മുന്നണിയിലേക്ക് കൊണ്ട് വരാൻ നടക്കുന്ന ജാവദേക്കർ ഇനി ബുദ്ധിമുട്ടും. തിരഞ്ഞെടുപ്പിൽ കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കാതിരുന്ന ബിജെപി അത് കൊണ്ടാണ്, തിരുവനന്തപുരത്തെ മേയർ സ്ഥാനം ഒരു റാങ്ക് ഔട്സൈഡർക്ക് കൊടുക്കാനുള്ള തീരുമാനം മാറ്റി, ഒരു കറകളഞ്ഞ പാർട്ടിക്കാരന് തന്നെ നൽകി പാർട്ടി അണികളെ ആവേശഭരിതരാക്കി നിറുത്താൻ തീരുമാനിച്ചത്.
തിരഞ്ഞെടുപ്പ് ഫലം വന്നതിന്റെ പിറ്റേന്ന് ഒരു യുഡിഎഫ് നേതാവ് ഈ ലേഖകനോട് തമാശ രൂപത്തിൽ പറഞ്ഞത്, വെള്ളാപ്പള്ളിയുടെ ഒരു പടം കെപിസിസി ഓഫീസിൽ വച്ച്, ഇദ്ദേഹം ഈ മുന്നണിയുടെ ഐശ്വര്യം എന്ന് എഴുതി വയ്ക്കണം എന്നാണ്! കാര്യം ശരിയാണ്, നടേശൻ മുതലാളിയുടെ സഹായം ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ലഭിച്ചത് കോൺഗ്രസിന് മാത്രമല്ല, യുഡിഎഫിന് മൊത്തമായിട്ടാണ്. അങ്ങനെ എടുത്തു പറയാൻ കാരണം, ഇത്തവണ ന്യൂനപക്ഷ വോട്ടുകൾ, പ്രത്യേകിച്ച് മുസ്ലിം വോട്ടുകൾ ഭിന്നിച്ചു പോകാതിരിക്കാനുള്ള അടവുകൾ വെള്ളാപ്പള്ളിയുടെ പ്രധാന എതിരാളിയായ വി ഡി സതീശൻ ചെയ്തു വച്ചിരുന്നു എന്നതാണ്. യുഡിഎഫിലെ പ്രധാന ഘടക കക്ഷിയായ മുസ്ലിം ലീഗിനെ ഈ തന്ത്രത്തിലേക്ക് സമ്മതിപ്പിച്ചെടുത്തതിന് ഉള്ള മുഴുവൻ മാർക്കും സതീശനുള്ളതാണ്. കേരളത്തിലെയും, മലബാറിലെ മൊത്തമായുമുള്ള മുസ്ലിം വോട്ടുകൾ തങ്ങൾക്കുള്ളതാണ് എന്ന പിടിവാശി ഉപേക്ഷിക്കാൻ ലീഗ് തയ്യാറായി. മതപരമായും, രാഷ്ട്രീയപരമായും ദൂരെ നിറുത്തിയിരുന്ന ജമാഅത്തെ ഇസ്ലാമിയെ കൂടെ കൂട്ടാൻ സാദിക്കലി ശിഹാബ് തങ്ങൾ തയ്യാറായത് യുഡിഎഫിനെ സംബന്ധിച്ചു വലിയൊരു നേട്ടമായി. എത്ര ചെറുതാണെങ്കിലും, മുസ്ലിം ലീഗ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വേരോട്ടമുള്ള മുസ്ലിം പാർട്ടിയായ ജമാഅത്തിന്റെ വെൽഫെയർ പാർട്ടിയെ ഒപ്പം നിറുത്തുക വഴി, സാധാരണ ഗതിയിൽ ഭിന്നിച്ചു പോകാറുണ്ടായിരുന്നു മുസ്ലിം വോട്ടുകൾ കൈപ്പത്തിക്കും ഏണിക്കും കിട്ടി. മുന്നണി സംവിധാനത്തിലല്ലാതെ നിലനിൽപ്പില്ല എന്ന സത്യം മനസ്സിലാക്കിയ വെൽഫെയർ പാർട്ടി, ഇലക്ഷൻ കഴിഞ്ഞു അതിനുള്ള കാര്യങ്ങൾ ശരിയാക്കാം എന്ന സതീശന്റെ വാക്കുകൾ വിശ്വസിച്ചു. ഇപ്പോൾ യുഡിഎഫിന്റെ, അസ്സോസിയേറ്റ് അംഗത്വം അല്ലെങ്കിൽ പോലും, സൗഹൃദ അംഗത്വം നേടിയത് ജമാഅത്തിന്റെ മുജീബ് റഹ്മാനെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്.
കേരളത്തിൽ ഇലക്ഷൻ അടുക്കാറാകുമ്പോൾ ചർച്ചയാകുന്നു ജില്ലയാണ് മലപ്പുറം. കേരളത്തിലെ ഒരേയൊരു മുസ്ലിം ഭൂരിപക്ഷ ജില്ല എന്ന നിലക്ക്, അവർക്ക് ചാർത്തിക്കൊടുക്കുന്ന പട്ടങ്ങൾ നിരവധിയാണ്. പല കാലങ്ങളിൽ, പല നേതാക്കളും പറഞ്ഞതിന്റെയും പറയാത്തതിന്റെയും തലയും വാലും മുറിച്ചു കളഞ്ഞു, മുസ്ലിം വിരോധം നിറച്ച പ്രസ്താവനകളാണ് കൂടുതലും. പാകിസ്ഥാൻ മുതൽ സിറിയ വരെ ഈ ചർച്ചകളിൽ നിറയും. പച്ചക്കൊടികളുടെ നിറഭേദങ്ങൾ തുടങ്ങി, കരിപ്പൂർ വിമാനത്താവളത്തിലെ കള്ളക്കടത്തും ഇതിൽ പെടും.

മലപ്പുറത്തോടുള്ള ഈ വിരോധം തികച്ചും രാഷ്ട്രീയം മാത്രമല്ല എന്ന് മനസ്സിലാക്കാൻ മലപ്പുറത്ത് പോകണം എന്നൊന്നുമില്ല, ശരിക്കും കണ്ണ് തുറന്ന് , ദൂരെ നിന്നാണെങ്കിലും, ആ ദേശത്തെ ഒന്ന് കണ്ടാൽ മതിയാകും. സാമ്പത്തികമായും, വിദ്യാഭ്യാസപരമായും ഏറ്റവും പുറകിൽ നിൽക്കുന്ന ജില്ല എന്നൊരു പേര് അതിൻ്റെ തുടക്കകാലം മുതൽ മലപ്പുറത്തിന് കിട്ടിയിരുന്നു. മലപ്പുറം ഒരു ജില്ലയല്ലാത്തത് കൊണ്ട്, ആ പ്രദേശത്തിന് വേണ്ട ഭരണ ശ്രദ്ധ കിട്ടിയിരുന്നില്ല എന്ന സത്യത്തിൽ നിന്നാണ് അതൊരു ജില്ലയായി വരണം എന്ന ആഗ്രഹം ഉടലെടുത്തത്. അത്തരത്തിൽ പിന്നോക്കം നിന്ന ഒരു പ്രദേശം, വളരെ ചുരുങ്ങിയ കാലം കൊണ്ട് സാമ്പത്തിക ശക്തിയായി മാറിയതിന്റെ ഒരു വിഷമം, ഇന്നത്തെ മലപ്പുറം വിരോധത്തിന് പിന്നിലുണ്ട് എന്ന് പറഞ്ഞാൽ നിഷേധിക്കാൻ കഴിയില്ല. സാമ്പത്തിക ശക്തി എന്ന് പറയുമ്പോൾ, അവിടത്തെ ജനങ്ങളുടെ ജീവിത നിലവാരത്തിൽ വന്ന ഉയർച്ച, വിദ്യാഭ്യാസപരമായ വികസനം, തൊഴിലില്ലായ്മയിൽ ഉണ്ടായ കുറവ് എല്ലാം പെടും.
അവിടത്തെ ജനങ്ങൾക്കുണ്ടായിട്ടുള്ള ഈ ഉയർച്ച, മലബാറിലെ മുസ്ലിം സമുദായത്തിന് മാത്രമാണ് എന്ന രീതിയിൽ വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾ വന്നതോടെ, അതൊരു ദേശത്തിന്റെ അഭിമാനത്തിന്റെ പ്രശ്നമായി മാറി. വെള്ളാപ്പള്ളി മുസ്ലിം സമുദായത്തിലെ മാത്രമായി ഒറ്റപ്പെടുത്താതെ ക്രിസ്ത്യൻ സഭകളെയും തള്ളിപ്പറഞ്ഞപ്പോൾ, പിണറായി വിരുദ്ധ നീക്കം കേരളത്തിലെ മൊത്തം ന്യൂനപക്ഷങ്ങളെയും യുഡിഎഫിലേക്ക് കൂടുതൽ അടുപ്പിച്ചു എന്ന് വേണം പറയാൻ. വെള്ളാപ്പള്ളിയുടെ വില കുറഞ്ഞ പ്രസ്താവനകളെ മുഖവിലക്കെടുക്കാൻ ഭൂരിപക്ഷ സമുദായവും മടിച്ചു. ശബരിമലയിലെ സ്വർണ്ണക്കൊള്ള, കോടതി വിധി വന്നില്ലായിരുന്നെങ്കിൽ ജനം അറിയില്ലായിരുന്നു എന്ന വാർത്ത അവരെ വല്ലാതെ ചൊടിപ്പിച്ചു.

വെള്ളാപ്പള്ളിയുടെ പ്രസ്താവനകളോടെ അതിരു കടന്നുള്ള പ്രതികരണങ്ങൾ വേണ്ട എന്ന യുഡിഎഫ് നേതൃത്വത്തിന്റെ തീരുമാനവും അവരെ സഹായിച്ചു എന്ന് തന്നെ വേണം കരുതാൻ. തിരഞ്ഞെടുപ്പിന് മുൻപ് വെള്ളാപ്പള്ളി വാക്കുകൾക്ക് മൂർച്ച കൂട്ടി കൂട്ടി വന്നപ്പോൾ, യുഡിഎഫ് ക്യാമ്പ് അതിനെ പക്വതയോടെ, മിതമായ ഭാഷയിൽ, രാഷ്ട്രീയമായി നേരിട്ടു. പകരം പിണറായി സർക്കാരിന്റെ വീഴ്ചകളെയും, ശബരിമല സ്വർണ്ണക്കടത്തിനെയും ആയുധമാക്കി തിരഞ്ഞെടുപ്പിനെ നേരിട്ട് വിജയം നേടി.
തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വെള്ളാപ്പള്ളിയുടെ വാക്കുകൾക്കെതിരെ ഇടതുപക്ഷത്തു നിന്നും മുറുമുറുപ്പുകൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്. മാർച്ചിൽ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട്, ബിനോയ് വിശ്വം ഉൾപ്പടെയുള്ളവർ വെള്ളാപ്പള്ളിക്കെതിരെ വിമർശനവുമായി വന്നിട്ടും, സിപിഎം പിണറായിയുടെ സുഹൃത്തിനെ കൈവിടാൻ തയ്യാറായിട്ടില്ല. ഇത് മനസ്സിലാക്കി, ഒന്നും സംഭവിക്കാത്ത മട്ടിൽ ബിജെപി വെള്ളാപ്പള്ളിയുടെ അടുത്തേക്ക് ദൂതുമായി ചെല്ലുന്ന കാഴ്ച നാം കണ്ടുകൊണ്ടിരിക്കുകയാണ്. വെള്ളാപ്പള്ളി ആയത് കൊണ്ട് പറയാൻ പറ്റില്ല, എന്തും സംഭവിക്കാം. ഒന്ന് തറപ്പിച്ചു പറയാം, ഇടത്പക്ഷത്തിന് തെറ്റ് പറ്റിയിരിക്കുന്നു. അതിൻ്റെ പാപം കഴുകിക്കളയാൻ മൂന്ന് മാസമൊന്നും പോര!