A Unique Multilingual Media Platform

Articles Minority Rights Politics

‘മുഹമ്മദ് ദീപക്’ , കോട്ദ്വാറിൻ്റെ ഹീറോ ; ഇന്ത്യൻ മതനിരപേക്ഷതയുടെയും  

  • February 10, 2026
  • 1 min read
‘മുഹമ്മദ് ദീപക്’ , കോട്ദ്വാറിൻ്റെ ഹീറോ ; ഇന്ത്യൻ മതനിരപേക്ഷതയുടെയും  

രാജ്യതലസ്ഥാനമായ ഡൽഹിയിൽ ജനുവരി 26ന്  ഇന്ത്യയുടെ റിപ്പബ്ളിക് ദിനാഘോഷം പൊടിപൊടിക്കവെ,  ഉത്തരാഖണ്ഡിലെ ചെറുപട്ടണമായ കോട്ദ്വാറിൽ അങ്ങേയറ്റം ഹീനമായൊരു സംഭവം അരങ്ങേറിയിരുന്നു. നമ്മുടെ സമൂഹത്തിൽ അനുദിനം പടരുന്ന വർഗ്ഗീയ വിഷയത്തിൻ്റെ നേർകാഴ്ചയായിരുന്നു ആ സംഭവം.

നിങ്ങൾ ടെലിവിഷൻ ചാനലുകളിലൂടെ വാർത്തകൾ അറിയുന്ന ഒരാളാണെങ്കിൽ അന്ന് കോട്ദ്വാറിൽ നടന്നതിനെക്കുറിച്ചറിയാൻ സാധ്യത തീരെ കുറവാണ്. കാരണം ഒരു ചാനലിലും കോട്ദ്വാർ സംഭവത്തെക്കുറിച്ച് വലിയ തലക്കെട്ടുകൾ വന്നില്ലെന്നത് തന്നെ. എന്നാൽ നിങ്ങൾ പത്രം വായിക്കുന്നയാളാണെങ്കിൽ, അകത്തെ പത്രത്താളുകളിൽ ഒരു മൂലയ്ക്ക് ചെറിയകോളം വാർത്തയായി ഇത് കണ്ടെന്നു വരാം. എന്നാൽ നിങ്ങളൊരു സോഷ്യൽമീഡിയ ഫോളോവറാണെങ്കിൽ, ഉറപ്പായും കോട്ദ്വാറിൽ നടന്നതിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കും. കാരണം കോടിക്കണക്കിന് പ്രതികരണങ്ങളാണ് കോട്ദ്വാർ സംഭവത്തിൽ സോഷ്യൽമീഡിയയിൽ വൈറലായത്.

കോട്ദ്വാറിൽ മുഹമ്മദ് ദീപക് അക്രമികളോട് സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യം

അപ്പോൾ നിങ്ങൾ ചോദിക്കും. യഥാർത്ഥത്തിൽ എന്താണ് കോട്ദ്വാറിൽ നടന്നതെന്ന്. ജനുവരി 26ന് ബജ്രംഗ്ദൾ പ്രവർത്തകരാണെന്ന് അവകാശപ്പെട്ട ഒരു കൂട്ടം യുവാക്കൾ കോട്ദ്വാറിലെ ഒരു തുണിക്കടയിലേക്ക് ഇരച്ചു കയറി. എഴുപത് വയസ്സ് പിന്നിട്ട കടയുടമയായ മുസ്ളീം വയോധികനെ തടഞ്ഞുവച്ച്  അവർ ആക്രോശിച്ചു. കടയുടെ പേര് ഉടൻ മാറ്റണം എന്നായിരുന്നു സംഘത്തിൻ്റെ ആവശ്യം. ‘ബാബ സ്‌കൂൾ ഡ്രസ് ആൻഡ് മാച്ചിംഗ് സെന്റർ’ എന്ന കടയുടെ പേരിന് എന്താണ് കുഴപ്പമെന്ന് ഒരു പക്ഷേ നിങ്ങൾ ചിന്തിച്ചേക്കാം. കടയുടെ പേരിലെ ഇംഗ്ളീഷ് വാക്കുകളല്ല, മറിച്ച്

“ബാബ” എന്ന വാക്ക് ഉപയോഗിച്ചതാണ് അവരെ പ്രകോപിപ്പിച്ചത്. ബാബ എന്ന വാക്ക് ഒരു മുസ്ളീം ഉപയോഗിക്കുന്നതായിരുന്നു അവരുടെ പ്രശ്നം. “ബാബ” എന്നത് ശങ്കര ഭഗവാനുമായി  ബന്ധപ്പെട്ടതാണെന്നും അതിനാൽ ഒരു മുസ്ലീം കടയുടമയ്ക്ക് അത് ഉപയോഗിക്കാൻ കഴിയില്ലെന്നും അവർ ഉറക്കെ അലറി.  കടയുടെ സൈൻബോർഡിൽ അതിൻ്റെ ഉടമയുടെ പേരും വ്യക്തമായി എഴുതിയിരുന്നു. “ബാബ” എന്ന വാക്ക് ഫക്കീർമാരുമായും സൂഫിമാരുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കടയുടമ പറഞ്ഞെങ്കിലും മതാന്ധത ബാധിച്ച ആ യുവാക്കളുടെ സംഘം അത് ചെവിക്കൊണ്ടില്ല.

ഒരുവയോധികനുചുറ്റും നിന്ന് കോപാകുലരായ ചെറുപ്പക്കാർ തട്ടിക്കയറുകയും ആക്രോശിക്കുകയും ചെയ്യുന്നതിനിടയിലേക്ക് പെട്ടന്നതാ ഒരു യുവാവ് കടന്നെത്തി. നെഞ്ചുംവിരിച്ച് ധൈര്യപൂർവം അക്രമികൾക്ക് മുന്നിലേക്കെത്തി, എന്താണിവിടെ നടക്കുന്നതെന്ന് ചോദ്യം ചെയ്ത യുവാവിന് നേരെ സംഘം തിരിഞ്ഞു. നിൻ്റെ പേരെന്താണെന്ന അക്രമിസംഘത്തിൻ്റെ ചോദ്യത്തിന് ശങ്കയേതുമില്ലാതെ ആ ചെറുപ്പക്കാരൻ മറുപടി നൽകി. ‘എൻ്റെ പേര് “മുഹമ്മദ്” ദീപക് എന്നാണ്’. തന്റെ നാട്ടുകാരായ മുസ്ലീം സഹോദരങ്ങളോടുള്ള ഐക്യദാർഢ്യം ആയിരുന്നു അവന്റെ മറുപടിയിൽ തെളിഞ്ഞത്.

രോഷാകുലരായ ആൾക്കൂട്ടത്തിനും മുസ്ളീം കടയുടയ്ക്കും ഇടയിൽ കോട്ടമതിൽ പോലെ നിലയുറപ്പിച്ച് പ്രതിരോധം തീർത്ത ചെറുപ്പക്കാരൻ തൊട്ടടുത്തുള്ള ജിമ്മിൻ്റെ ഉടമയും ബോഡി ബിൽഡറുമാണ്. അദ്ദേഹത്തിൻ്റെ ജിമ്മിൻ്റെ പേരെഴുതിയ വലിയ ബോർഡിൽ  ബജ് രംഗ്ബലിയുടെ വലിയ ചിത്രം സ്ഥാപിച്ചിട്ടുണ്ടായിരുന്നു.

ഭീഷണികൾക്ക് മുന്നിൽ പതറാതെ, മുസ്ളിം കടയുടമയ്ക്ക് വേണ്ടി സംസാരിച്ച ദീപക് അക്രമി സംഘത്തോട് തർക്കിച്ചു.  കൂടുതൽ പ്രശ്നത്തിന് നിൽക്കാതെ സ്ഥലം വിട്ടോളാൻ ആവശ്യപ്പെട്ടു. ഇതെല്ലാം കണ്ടുനിന്ന ആൾക്കൂട്ടത്തിലൊരാൾ വീഡിയോ പകർത്തി സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തു. സംഗതി വൈറലായതോടെ ഗത്യന്തരമില്ലാതെ അക്രമി സംഘം പിൻവാങ്ങി.

എന്നാൽ സംഭവം ഇതുകൊണ്ട് കഴിഞ്ഞില്ല. അപമാനിതരായി സ്ഥലം വിടേണ്ടി വന്ന ബജ് രംഗ്ദൾ പ്രവർത്തകർ ഡെറാഡൂണിൽ നിന്ന് ആളുകളെ ഇറക്കി. 100 -150 ഓളം പേർ വരുന്ന ഒരു സംഘം നേരെ കോട്ദ്വാറിലെത്തി മുസ്ലീം കടയുടമയ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ചു. ദീപക്കിനെ ഭീഷണിപ്പെടുത്തി. കലാപ സമാനമായ അന്തരീക്ഷം. മുസ്ലീങ്ങൾക്കെതിരായ അധിക്ഷേപ വാക്കുകൾ അവിടെ മുഴങ്ങി. ആർക്കെങ്കിലും ധൈര്യമുണ്ടെങ്കിൽ വന്നു ഞങ്ങളെ തടയൂ എന്നവർ വെല്ലുവിളിച്ചു.

പ്രകോപനം അതിരുംവിടും മുമ്പെ പൊലീസ് സംഘം സ്ഥലത്തെത്തി പ്രതിഷേധക്കാരെ പിരിച്ചുവിട്ടു. സോഷ്യൽമീഡിയയിൽ ഈ സംഭവം വ്യാപകമായ പ്രതിഷേധത്തിനിടയാക്കി. ദീപകിനെ അവർ യഥാർത്ഥ ഹീറോ എന്നു വിളിച്ച് പിന്തുണ നൽകി.

സോഷ്യൽമീഡിയയിലെ ഈ പ്രതികരണങ്ങളിൽ നിന്നൊരു കാര്യം പകൽപോലെ വ്യക്തമായി.  ഹിന്ദുമതത്തിന്റെ സംരക്ഷകരെന്ന വ്യാജേന നടക്കുന്നവരെയും അവരെ സഹായിക്കുന്നവർക്കെതിരെയും ശക്തമായ ജനവികാരമുണ്ടെന്നത് തെളിയിക്കപ്പെട്ടു.

പക്ഷേ, കഥ ഇവിടം കൊണ്ടും തീരുന്നില്ല. വിരോധാഭാസമെന്നു പറയട്ടെ, ദീപക് പ്രകടിപ്പിച്ച ധീരതയെ ദശലക്ഷക്കണക്കിന് ആളുകൾ ആഘോഷിക്കുകയും ബജ്രംഗ്ദൾ പ്രവർത്തകരുടെ നടപടികളെ അപലപിക്കുകയും ചെയ്യുമ്പോഴും, പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത് ദീപക്കിനെതിരെയാണ്. എന്താണ് ദീപക് ചെയ്ത കുറ്റമെന്നല്ലേ, ക്രമസമാധാനം തകർത്തുവത്രേ.

പിന്നെ, ‘നീതി നടപ്പാക്കുന്നതിൻ്റെ’  ഭാഗമായി പ്രാദേശിക പോലീസ് പ്രതിഷേധക്കാർക്കെതിരെയും എഫ്‌ഐആർ രജിസ്റ്റർ ചെയ്തു മാതൃകയായി. സംഘത്തിലെ അഞ്ച് നേതാക്കളെ സോഷ്യൽ മീഡിയയിലെ ചിത്രങ്ങളിലൂടെ വ്യക്തമായി തിരിച്ചറിയാമെങ്കിലും പൊലീസ് കേസെടുത്തപ്പോൾ അവരിപ്പോഴും “അജ്ഞാതരായ വ്യക്തികൾ” ആണ്.

ഋഷികേശിൽ കൊല്ലപ്പെട്ട ഹോട്ടൽ റിസെപ്ഷനിസ്റ്റ് അങ്കിതയോട് ലൈംഗിക ചുവയോടെ സംസാരിച്ച വിഐപിയെ സംരക്ഷിക്കാൻ പരമാവധി ശ്രമിച്ച ഉത്തരാഖണ്ഡ് പോലീസിൽ നിന്നും ഇതിൽ കൂടുതൽ എന്താണ് പ്രതീക്ഷിക്കുക.

അതുപോലെ, “ചൈനീസ് മുഖച്ഛായ” ഉണ്ടെന്ന കാരണത്താൽ ത്രിപുരയിൽ നിന്നുള്ള ഒരു യുവാവിനെ ഒരു കൂട്ടം യുവാക്കൾ അടിച്ചുകൊന്നതും ഇതേ ഉത്തരാഖണ്ഡിൽ തന്നെയാണ്.

സംസ്ഥാനത്ത് വിവിധ സമുദായങ്ങൾ തമ്മിലുള്ള സംഘർഷങ്ങളെക്കുറിച്ച് നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. മുസ്ലീങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമ സംഭവങ്ങളും സാമ്പത്തിക ബഹിഷ്കരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്ത് ഏകീകൃത സിവിൽ കോഡ് (UCC) നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി തന്റെ പക്ഷപാതങ്ങൾ മറച്ചുവെക്കാൻ ശ്രമിക്കാറില്ല. വാസ്തവത്തിൽ, ഗുജറാത്തിന് ശേഷം ഉത്തരാഖണ്ഡ് വർഗീയതയുടെ (ഹിന്ദുത്വത്തിന്റെ) ഒരു പരീക്ഷണശാലയായി മാറിക്കൊണ്ടിരിക്കുകയാണ്.

ഹിമന്ത ബിശ്വ ശർമ്മ | അസം മുഖ്യമന്ത്രി

നിർഭാഗ്യവശാൽ, ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള ഈ വിവേചനവും വർഗീയ വൈറസും കുറയുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ല. മറിച്ച്, അത് കൂടുതൽ വഷളാകുന്നതായി വേണം മനസിലാക്കാൻ. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ കാര്യം തന്നെയെടുക്കാം. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ അത്രമേൽ കുപ്രസിദ്ധമാണ്.

ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റത്തെക്കുറിച്ചുള്ള ആശങ്കകൾ ന്യായമായിരിക്കാമെങ്കിലും, മുസ്ലീം തൊഴിലാളികളെ ബഹിഷ്കരിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തത് അങ്ങേയറ്റം ദൗർഭാഗ്യകരമെന്നു വേണം പറയാൻ. ഒരു മുസ്ലീം റിക്ഷാ ഡ്രൈവർ 5 രൂപ ആവശ്യപ്പെട്ടാൽ 4 രൂപ മാത്രം നൽകിയാൽ മതിയെന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.

കേട്ടപാതി കേൾക്കാത്ത പാതി, മുഖ്യമന്ത്രിയുടെ വാക്കുകൾ അന്വർത്ഥമാക്കി കോളേജ് വിദ്യാർത്ഥികൾ പാവപ്പെട്ട റിക്ഷാ തൊഴിലാളികൾക്ക് ഒരു രൂപ നൽകാതെ വിവേചനം കാണിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. ആശാനൊന്നു പിഴച്ചാൽ… എന്ന പഴഞ്ചൊല്ലാണിവിടെ പ്രയോഗത്തിലുള്ളത്.

മതതീവ്രവാദത്തിൻ്റെയും വർഗ്ഗീയതയും വിഷവിത്തുകൾ രാജ്യത്ത് അനുദിനം പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ

നമ്മുടെ രാഷ്ട്രീയ നേതാക്കൾക്ക് നല്ല ബുദ്ധി കൊടുക്കണേ എന്നു പ്രത്യാശിക്കാനേ സാധാരണക്കാർക്ക് കഴിയൂ.

ഈ ലേഖനം ആദ്യം പഞ്ചാബ് ടുഡേ ന്യൂസിൽ പ്രസിദ്ധീകരിച്ചു. വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

About Author

വിപിൻ പബ്ബി

ഇന്ത്യൻ എക്സ്പ്രസിന്റെ ചണ്ഡീഗഢിലെ മുൻ റസിഡന്റ് എഡിറ്ററും ഫ്രീലാൻസ് പത്രപ്രവർത്തകനുമാണ് വിപിൻ പബ്ബി. ജമ്മു കശ്മീർ, വടക്കുകിഴക്കൻ ഇന്ത്യ, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലെ സാമൂഹിക രാഷ്ട്രീയ സ്ഥിതിഗതികളുടെ വിശകലന വിദഗ്ദ്ധൻ

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.