A Unique Multilingual Media Platform

Articles Cinema Culture National

“സന്തോഷ്” എന്ന സമ്മാനിത സിനിമയെ സെൻസർ ബോർഡിന് എന്താണ് ഇത്ര പേടി?

  • October 15, 2025
  • 1 min read
“സന്തോഷ്” എന്ന സമ്മാനിത സിനിമയെ സെൻസർ ബോർഡിന് എന്താണ് ഇത്ര പേടി?

എഴുത്തുകാരനും സാമൂഹിക സാംസ്കാരിക മാധ്യമ നിരീക്ഷകനുമായ ദാമോദർ പ്രസാദ് ദി ഐഡം-ൽ എഴുതുന്ന പംക്തി – ചതുരവൃത്തം ഇവിടെ ആരംഭിക്കുന്നു. 

മാധ്യമങ്ങളുടെ സൈദ്ധാന്തികവും പ്രാവർത്തികവുമായ വിവിധ വശങ്ങളും മാധ്യമവിദ്യാഭ്യാസത്തിൻ്റെ വ്യത്യസ്ത തലങ്ങളും സവിശേഷമായി പഠിക്കുന്ന ദാമോദർ പ്രസാദ് ചതുരവൃത്തത്തിലൂടെ അന്വേഷിക്കുക സിനിമയെയും സമകാലികദൃശ്യ സംസ്കാരത്തെയും ദൃശ്യസാങ്കേതിവിദ്യകളെയും കുറിച്ചാണ്.

സൂക്ഷ്മവിശകലനത്തിൻ്റെ വഴി സ്വീകരിക്കുന്ന ഈ പംക്തിയിലൂടെ പുതുതായി റിലീസ് ചെയ്ത ഇന്ത്യൻ ഭാഷകളിലെ സിനിമകളെയും അതുപോലെ ലോക സിനിമകളെയും റിവ്യൂ ചെയ്യുന്നു. ശ്രദ്ധേയമായ വെബ് സീരീസുകളുടെ വിമർശനാത്മകമായ റിവ്യൂവും ഇതിൻറെ ഭാഗമായി വരുന്നു. അതുപോലെ പരസ്യചിത്രങ്ങളും അനിമേഷനുകളും എ.ഐ അടിസ്ഥാനമാക്കിയിട്ടുള്ള സൃഷ്ടികളും വികസ്വരമായി കൊണ്ടിരിക്കുന്ന ദൃശ്യ സംസ്കാരത്തെ കുറിച്ചുള്ള വിലയിരുത്തലിന്റെ ഭാഗമായി ഈ പംക്തിയിലൂടെ നിരൂപണം ചെയ്യുന്നു.

കാഴ്ചയും കാഴ്ചാ സംസ്കാരവും അതിൽ വരുന്ന മാറ്റങ്ങളും സാംസ്കാരിക രാഷ്ട്രീയത്തിന്റെ അന്തർഗതങ്ങളും ഇതിൽ വിമർശനദൃഷ്ട്യാ വിലയിരുത്തപ്പെടുന്നു. ലോക ചലചിത്ര സംസ്കാരത്തിലെ നാഴികക്കല്ലുകളെ പറ്റിയും അനന്യങ്ങളായ ചലച്ചിത്രങ്ങളെക്കുറിച്ചും അതിന്റെ സൃഷ്ടാക്കളെക്കുറിച്ചുമുള്ള സമകാലികമായ വീക്ഷണവും ഇതിലൂടെ പങ്കുവയ്ക്കുന്നു.

 

 

2024ലെ മികച്ച നവാഗത ചിത്രത്തിനുള്ള അവാർഡ് ലഭിച്ച ഹിന്ദി ഭാഷാ ചിത്രം “സന്തോഷ്” ഇന്ത്യയിൽ പ്രദർശിപ്പിക്കാൻ സെൻസർ ബോർഡ് അംഗീകാരം നൽകിയില്ല. ഇന്ത്യയുടെ സനാതന യാഥാർഥ്യമായ ജാതിയുടെ സമകാലിക അനുഭവങ്ങളെ ഡോക്യൂമെന്ററി റിയലിസത്തിന്റെ ദൃശ്യവ്യാകരണത്തിലൂടെ പ്രതിപാദിക്കുന്ന ചലച്ചിത്രങ്ങളുടെ പാരമ്പരയിൽപ്പെടുന്ന സിനിമയായിരിക്കെ തന്നെ “സന്തോഷ്” സ്ത്രീപക്ഷ ഉൾക്കാഴ്ചയോടെ ഇന്ത്യയെ ആഴത്തിൽ പിളർത്തിയിരിക്കുന്ന മുസ്ലിം അപരവൽക്കരണത്തിന്റെ ഭീഷണമായ അനുഭവ യാഥാർഥ്യത്തെകൂടി അനാവരണം ചെയ്യുന്നു. സനാതനത്വത്തിനു പോറലേൽപ്പിപിക്കുന്നതൊന്നും സെൻസർ ബോർഡ് കണ്ടു മടങ്ങി വരാറില്ല.

ഇന്ത്യൻ ജാതി വ്യവസ്ഥ അതിന്റെ സനാതനമായ അസ്പൃശ്യതയുടെയും അദൃശ്യതയുടെയും വാഴ്‌വ് നിലനിർത്തുന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കും തുടരുന്ന സാമൂഹികമായ ഘെറ്റോവൽക്കരത്തിലൂടെയാണ്. ഭൂഘടനാപരമായ അതിർത്തിതിരിച്ചു വേർപ്പെടുത്തിയ സാമൂഹിക ജീവിതം ഇന്ത്യൻ ഗ്രാമീണ ജീവിതത്തിന്റെ യാഥാർത്ഥ്യമാണ്. ആധുനികവൽക്കരണം തെല്ലും ഏശാത്തവിധം ജീവിതവ്യവസ്ഥകൾ വിവേചനപൂർവ്വം ക്രമീകരിക്കപ്പെട്ടിരിക്കുന്നു, ഗ്രാമങ്ങളിൽ നിന്നും ചെറുപട്ടണങ്ങളിലേക്ക് ജീവിതവ്യവസ്ഥകൾ സാമ്പത്തിക സാഹചര്യങ്ങളുടെ നിർബന്ധത്താൽ മാറുമ്പോഴും ഘെറ്റോകൾ പുനസൃഷ്ടിക്കപ്പെടുന്നു. അരികുവൽക്കരിക്കപ്പെട്ടവർ ഇറുകിജീവിക്കുന്ന ഘെറ്റോ ഇടങ്ങളെ ഡോക്യൂമെന്ററി റിയലിസത്തിന്റെ ദൃശ്യപംക്തികളിലൂടെ “സന്തോഷ്” വികസിതവും ആത്മനിർഭരവുമായ ഭാരതത്തിന്റെ ജീവിതയാഥാർഥ്യത്തിന്റെ സനാതനത്വത്തെയാണ് കാണിച്ചുതരുന്നത്. തീർച്ചയായും രാജ്യസ്നേഹത്തിന്റെ വർത്തമാന അളവുകോൽവെച്ച് വളരെയധികം പ്രകോപനപരമാണ് “സന്തോഷിൻറെ” ഇതിവൃത്തവും ദൃശ്യഘടനയും. സന്ധ്യ സൂരിയുടെ പ്രഥമ ചലച്ചിത്രം ഇനി ഓ.ടി.ടി പ്ലാറ്റുഫോമുകളിൽ കാണാം, സെൻസറുടെ നിയന്ത്രണം അവിടേക്കുകൂടി നീളുന്നിലെങ്കിൽ.

ഇന്ത്യയുടെ വിവേചനപൂർവമായ സാമൂഹികജീവിതത്തിന്റെ അടിത്തട്ടിൽ വിസ്ഫോടകരമാംവിധം ഒരു അഗ്നിപർവതം പുകഞ്ഞുകൊണ്ടിരിക്കുന്നതിന്റെ ചില സൂചനകളും ഈ ചലച്ചിത്രത്തിന്റെ പ്രകോപനപരമായ അംശങ്ങൾക്ക് മൂർച്ച കൂട്ടുന്നു. അടിച്ചമർത്തൽ യന്ത്രങ്ങൾ എണ്ണയിട്ടപോലെ അതിന്റെ പതിവ് പ്രവർത്തനങ്ങൾ ജീവിതത്തിനുമേൽ സ്ഥൂലിച്ചു നിലനിർത്തുമ്പോഴും ആഴങ്ങളിൽ അസ്വസ്ഥതകൾ പെരുകുന്ന ചില അമർഷങ്ങളെക്കുറിച്ചുള്ള സൂചനകൾ കീഴാള ജനതയുടെ പ്രതിഷേധത്തിന്റെയും എതിർപ്പുകളുടെയും സ്വരങ്ങളിൽ അനുഭവേദ്യമാകാം. സന്ധ്യ സൂരി ഘെറ്റോകളിൽ അതിജീവിക്കുന്ന മനുഷ്യരുടെയുള്ളിൽ ഒതുക്കപ്പെടുന്ന അമർഷങ്ങൾക്ക് പ്രതിഷേധത്തിന്റെ ഒന്നോ രണ്ടോ ഭാഷണങ്ങളിലൂടെ മാത്രമാണ് സ്ത്രീകളിലൂടെയും യുവാക്കളിലൂടെയും ബഹിർസ്ഫുരണം നല്കുന്നതെങ്കിലും “സന്തോഷിന്റെ” ഡോക്യൂമെന്ററി റിയലിസത്തിന്റെ ദൃശ്യാഖ്യാനത്തിൽ മുഖ്യമായും അനുഭവപ്പെടുന്ന ഭരണകൂട ഭീകരതയെക്കാൾ ഈ കനക്കുന്ന അമർഷമാണ്. സന്തോഷ് – സനാതനമായ ഹിംസാത്മകതെരിരെയുയരുന്ന പ്രതിഷേധതീക്ഷണതയെയും സൂക്ഷ്മമായി പകർത്തുന്നു.

ഈ സിനിമയിലെ മുഖ്യകഥാപാത്രത്തിന്റെ പേര് തന്നെയാണ് സിനിമയുടെയും. സന്തോഷ് ഒരു പുരുഷന്റെ പേരുപോലെ ഇരിക്കുന്നുവല്ലോ എന്ന ചോദ്യത്തിനു ലിംഗാതീതമായ അർത്ഥം ധ്വനിപ്പിക്കുന്ന മറുപടിയും നൽകുന്നുണ്ട്. സന്തോഷ് ഒരു ഫെമിനിസ്റ്റ് കഥാപാത്രമല്ല. ഫെമിനിസ്റ്റ് എന്നു വിശേഷിപ്പിയ്ക്കാവുന്ന ഒരു സമീപനവും ഈ കഥാപാത്രം പ്രകടിപ്പിക്കുന്നില്ല. സന്തോഷ് അധികാരഘടനയുടെ ഭാഗമാണ്. എങ്കിലും അതിന്റെ അതിരുകളിൽ നിന്നുള്ള നീരിക്ഷണങ്ങളാണ് സന്തോഷിന്റെ നോട്ടങ്ങളെ നീതിപക്ഷമാക്കുന്നത്.

ഒരു കലാപ മദ്ധ്യേ കൊല്ലപ്പെട്ട പോലീസ് കോൺസ്റ്റബിളിന്റെ വിധവ എന്ന നിലയിൽ സന്തോഷിനു പോലിസ് കോൺസ്റ്റബിളായി തന്നെ ആശ്രിത നിയമനം ലഭിക്കുകയാണ്. ഒരുപക്ഷെ ഇന്ത്യൻ ഗ്രാമങ്ങളെക്കാൾ ഇന്ത്യ അതിന്റെ പൂർവ്വകാലങ്ങളെ സനാതന മാഹാത്മ്യത്തോടെ നിലനിർത്തുന്നത് പോലീസ് സ്റ്റേഷനുകളിലാണെന്നതാണ് വാസ്തവം. ഏതു കാലഘട്ടത്തിലെയും പോലീസ് സ്റ്റേഷന്റെ ഒരു ഇന്ത്യൻ ദൃശ്യമെടുത്താൽ അതിന്റെ വിരസ വാസ്തുഘടനയ്ക്ക് ചരിത്രപരമായ നൈരന്തര്യത അനുഭവപ്പെടും. ഒരുപക്ഷെ ഇന്ത്യ എന്നെങ്കിലും സാമൂഹികഘടനപരമായും രാഷ്ട്രീയമായും മാറിയിട്ടുണ്ടെങ്കിൽ അത് പ്രതിബിംബിക്കുക പോലീസ് സ്റ്റേഷന്റെ സ്ഥൂലവാസ്തുവിൽ വരുന്ന പരിവർത്തനങ്ങളിലാകണം.

നമ്മുടെ ഭാരതീയ സനാതനത്വത്തിന്റെ ഒരു മഹത്വമെന്തെന്നാൽ ഭരണഘടനയെയും ജനാധിപത്യ റിപ്പബ്ലിക്കിനെയുമൊക്കെ നിസ്സന്ദേഹം അതിജീവിച്ച പോലീസ് സ്റ്റേഷൻ ചിരപുരാതനമായ ഇന്ത്യൻ അവസ്ഥയെ മാനിച്ചു തന്നെ അതിവർത്തിക്കും എന്നതാണ്. പൂർണ്ണ കച്ചവട സിനിമകളാണെങ്കിലും ‘തൊണ്ടി മുതൽ’ പോലുള്ള സമകാലിക മധ്യവർത്തി സിനിമയാണെങ്കിലും ഡോക്യൂമെന്ററി റിയലിസം പിന്തുടരുന്ന “സന്തോഷ്” പോലുള്ള സ്വതന്ത്ര സിനിമകളിലാണെങ്കിലും സനാതന ഇന്ത്യയുടെ ഭാവി ഭൂതാവിഷ്ടമെന്ന പോലെ പോലീസ് സ്റ്റേഷനിൽ ഭദ്രമാണെന്ന കാര്യത്തിൽ ദൃശ്യപരിചരണത്തിന്റെ കാര്യത്തിൽ എല്ലാ ധാരയിലുംപ്പെടുന്ന ഏതു കാലത്തേയും സിനിമകൾ ഏകപക്ഷമാണ്.

ഇന്ത്യയുടെ ക്രിമിനൽ നിയമസംഹിത, അത് ഐ പി സി യാകട്ടെ, ബി എൻ എസാകട്ടെ പാവനമായി സംരക്ഷിക്കപ്പെടുന്ന ഒരു ഇന്ത്യൻ പോലീസ് സ്റ്റേഷനിൽ കോൺസ്റ്റബിൾ ജോലിക്കായി സന്തോഷ് നിയുക്തയാവുകയാണ്. സന്തോഷിനെ അവതരിപ്പിച്ചിരിക്കുന്നത് ഷഹാന ഗോസ്വാമിയാണ്. നന്ദിത ദാസിന്റെ ഫിറാഖിൽ മുനീറയായി സ്വിഗ്ഗാറ്റോവിൽ പ്രൊതിമയായി ഷഹാന ശ്രദ്ധനേടിയിട്ടുണ്ട്. മീരനയ്യാരുടെ റുഷ്ദിയുടെ മിഡ്നൈറ്റ്സ് ചിൽഡ്രനെ അവലംബമാക്കിയുള്ള സിനിമയിലും ഇന്ത്യൻ വെബ്സീരീസ് എ സ്യൂട്ടബിള് ബോയിലും ഷഹാന ഗോസ്വാമിയുടെ അഭിനയപാടവം കണ്ടതാണ്. “സന്തോഷി”ൽ മുൻപറഞ്ഞ സിനിമകളിൽ നിന്നും വ്യത്യസ്തമായി ഏറക്കുറെ ഉൾവലിഞ്ഞ കഥാപാത്രത്തെയാണ് ഷഹാന അവതരിപ്പിക്കുന്നത്. സ്വതന്ത്രമായി പ്രവർത്തിക്കുകയും ചിന്തിക്കുകയും സാഹസികതയോടൊപ്പം സഹാനുഭൂതിയും പ്രകടിപ്പിക്കുകയും ചെയ്യുന്ന കോൺസ്റ്റബ്ൾ കഥാപാത്രമാണ് സന്തോഷ്. സന്തോഷ് വളരെ വിരളമായേ സംസാരിക്കുന്നുളളൂ. ഭാവവിന്യാസങ്ങളിലൂടെയാണ് ഈ കഥാപാത്രം വികാരങ്ങളെ സംവദിക്കുന്നത്.

സന്തോഷ് വ്യക്തിപരമായ ജാതി വിവേചനം അഭിമുഖീകരിക്കുന്നില്ല. കീഴ് ഉദ്യോഗസ്ഥ എന്ന നിലയിൽ അവരുടെ സ്ഥാനം നിർണയിക്കപ്പെട്ടിട്ടുള്ളതാണ്. സ്റ്റേഷൻ മേധാവി രക്ഷാധികാരിത്വത്തോടെയാണ് സന്തോഷിനോട് പെരുമാറുന്നത്. ഡ്യൂട്ടിയിലിരിക്കെ സന്തോഷ് ഒരു ദിവസം മകളെ കാണാതായത് അന്വേഷിക്കാനായി പോലീസ് സ്റ്റേഷനിൽ പരാതി നല്കാൻ വന്നിരിക്കുന്ന നിസ്സഹായനായ ഒരു പിതാവിനെ കാണുന്നു.പോലീസ് മേധാവികൾക്കു മുമ്പിൽ നിലത്തുകുന്തിച്ചിരിക്കുന്ന അയാളിൽ നിന്നും പരാതി എഴുതി വാങ്ങുന്നു. ഈ കേസ്സന്വേഷണത്തിന്റെ ഭാഗമായി ദളിതർ പാർക്കുന്ന ഗ്രാമത്തിലെ ഏക ജലസ്രോതസ്സായ കിണറിൽ നിന്നും ആടിന്റെ ജീർണിച്ച ജഡത്തോടൊപ്പം കാണാതായ പെൺകുട്ടിയുടെ മൃതദേഹം ലഭിക്കുന്നു. മരണപ്പെട്ട പെൺകുട്ടി ദേവികയുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്നും ദേവികയ്ക്ക് നീതിവേണമെന്നും ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം വാർത്ത ചാനലുകളിലൂടെ ഒരു പ്രധാന വിഷയമാകുന്നു. ദളിത് ജീവിതത്തോടുള്ള അവഗണനയും പോലീസ് സ്റ്റേഷനുകൾ ജാതീയവിശ്വാസങ്ങളുടെ കേന്ദ്രമാകുന്നതും പൊടുന്നനെ പ്രതിഷേധത്തെ രാജ്യവ്യാപകമാക്കുന്നു. പ്രതിഷേധത്തെ തുടർന്നു സന്തോഷ് ജോലി ചെയ്യ്തിരുന്ന പോലീസ് സ്റ്റേഷനിലെ ഓഫീസറായി കേസ്സന്വേഷിക്കാൻ ഗീതാ ശർമ്മ എന്ന പോലീസ് ഉദ്യോഗസ്ഥ നിയുക്തയാകുന്നു. കൂട്ടത്തിൽ പറഞ്ഞുക്കൊള്ളട്ടെ, ഡൽഹിയിൽ നിർഭയ ബാലസംഗംചെയ്തു കൊല്ലപ്പെട്ടതും തുടർന്നുണ്ടായ പ്രതിഷേധത്തെക്കുറിച്ചും ഡോക്യൂമെന്ററി നിർമിക്കാനായിരുന്നു സന്ധ്യ സൂരിയുടെ ഉദ്യമം. പിന്നീടാണ് ഇന്ത്യൻ അവസ്ഥയെക്കുറിച്ചുള്ള ചലച്ചിത്രമായി ഇതു മാറുന്നത്.

ഗീത ശർമ്മയുടെ കഥാപാത്രം ചെയ്തിരിക്കുന്നത് സുനിത രാജ്‌വാറാണ്. സിഗരറ്റു വലിക്കുന്നതും കൂസലില്ലാതെ അവർ സഹപ്രവർത്തകരായ പുരുഷ പോലീസുകാരുടെ കൂടെ ചിരിയും കളിയുമായി സമയം പോക്കുന്നതും സന്തോഷ് ശ്രദ്ധിക്കുന്നു. സന്തോഷുമായി അവർ പെട്ടെന്ന് അടുപ്പം സ്ഥാപിക്കുകയും കേസ്സന്വേഷണത്തിൽ സന്തോഷിനെയും ചേർക്കുകയും ചെയ്യുന്നു.സന്തോഷിന്റെ അന്വേഷണത്തിൽ ദേവികയുമായി സലിം എന്നു പേരുള്ള ഒരു മുസ്ലിം പയ്യൻ അടുപ്പത്തിലായിരുന്നുവെന്ന വിവരം ഫോൺ പരിശോധിക്കവേ മനസ്സിലാവുന്നു.. കേസന്വേഷണത്തിന്റെ ഭാഗമായി ദേവികയുടെയും മുസ്ലിം പയ്യന്റെയും വീടുകൾ സന്ദർശിക്കുന്നുണ്ട്. മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ട ദളിതരുടെയും മുസ്ലിമുങ്ങളുടെയും ജീവിതത്തിന്റെ ദൈന്യതയും നിരാലംബതയും ഡോക്യൂമെന്ററി യാഥാർഥ്യമെന്നോണം സന്ധ്യ സൂരി പകർത്തുന്നുണ്ട്. ഇതിനു വിപരീതമെന്ന പോലെ ഗ്രാമത്തിലെ പ്രധാന്റെ വീടും ചിത്രീകരിക്കുന്നു.

ദേവികയുടെ മൃതശരീരം സ്പർശിക്കാൻ പോലീസ് ഉദ്യോഗസ്ഥർ മടിക്കുന്നു. മൃതശരീരത്തിനു കൂട്ടിരിക്കുന്നത് സന്തോഷാണ്.ദേവികയുടെ കാതിൽ കിടന്നിരുന്ന ഒരു ജോഡി കമ്മലെന്നു വിളിക്കാവുന്ന ഒരു വളയം സന്തോഷ് സൂക്ഷിച്ചുവെയ്ക്കുന്നു പിന്നീട് അത് ദേവികയുടെ വീട്ടിൽ തന്നെ തിരികെ വെയ്ക്കുന്നുണ്ട്. ദേവികയുമായി അടുപ്പുമുണ്ടെന്നു ആരോപിക്കുന്ന സലീമിനെ തേടിയുള്ള സന്തോഷിനെ അന്വേഷണം മുസ്ലിം ഘെറ്റോജീവിതത്തെക്കുറിച്ചുള്ള കാഴ്ചകളാകുന്നു. പക്ഷെ ഈ അന്വേഷണം സന്തോഷിനെ കൂടുതൽ ദൃഢ ചിത്തയാക്കുന്നു. ഇതിലെ ഒരു ദൃശ്യത്തിൽ സന്തോഷ് പുരുഷന്മാർ തിങ്ങി നിറഞ്ഞിരിക്കുന്ന ഒരു ഭക്ഷണശാലയിൽ ഭക്ഷണം കഴിക്കുന്നവേളയിൽ തന്നെ തുറിച്ചുനോക്കുന്ന പുരുഷനോടുള്ള ഛർദിൽ പ്രതികരണം സന്തോഷിന്റെ നിർഭയത്വത്തെ അനുഭവപ്പെടുത്തുന്നു.

77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ‘സന്തോഷ്’ എന്ന ചിത്രത്തിന്റെ അഭിനേതാക്കളും അണിയറപ്രവർത്തകരും

സമകാലിക ഇന്ത്യയുടെ ലവ് ജിഹാദ് വംശീയവാദത്തിനു സ്ഥീരീകരണമെന്നോണം കുറ്റസമ്മതത്തിനായി പൊലീസ് സലിമിനെ മൂന്നാം മുറ പീഡനത്തിന് വിധേയമാക്കുകയാണ് . സന്തോഷും അതിൽ പങ്കാളിയാകാൻ നിർബന്ധിതയാകുന്നു. സന്തോഷിന്റെ പ്രഹരത്തോടെ സലിം മരിക്കുന്നു. തുടരന്വേഷണത്തിൽ സലീമിനെതീരെ മൂന്നാം മുറ പ്രയോഗിച്ചതിനു ഗീതാ ശർമ്മ സസ്‌പെൻഡ് ചെയ്യപ്പെട്ടു അന്വേഷണം നേരിടുകയാണ്. സന്തോഷ് പ്രതിസ്ഥാനത്തുനിന്നും മാറ്റിനിർത്തപ്പെടുന്നത് ഗീതാ ശർമയ്ക്ക് സന്തോഷിനോടുള്ള അടുപ്പം കാരണമാണെന്നു അവർ പറയുന്നു. സന്തോഷിനെ സംബന്ധിച്ചടത്തോളം ഏറ്റവും വലിയ തിരിച്ചറിവ് പോലീസും നിയമവ്യവസ്ഥയും അകാരണമായി യാതൊരു തെളിവുകളുടെയും അടിസ്ഥാനമില്ലാതെ സലീമിനെ ക്രൂരമായി കുറ്റവിചാരണചെയ്തതിലാണ്. ദളിതരും അഞ്ചാം വേദക്കാരുമായ പഞ്ചമരുടെ ജീവിതാവസ്ഥ അഭംഗരും നിലനിർത്തുന്ന നിയമപരിപാലനം ഒരുവേളയിൽപോലും ഗ്രാമീണരുടെ ജീവിതത്തിനുമേൽ അധികാരം സ്ഥാപിച്ചിരിക്കുന്ന ഭൂസ്വാമിമാരുടെ നേർക്ക് തിരിയുന്നില്ല. സന്ധ്യ സൂരി പകർത്തുന്ന ഇന്ത്യൻ അവസ്ഥയുടെ ഡോക്യൂമെന്ററി യാഥാർഥ്യം ഒട്ടും പുതുമയില്ലാത്തതാണ് കാരണം പുതുമ ചേർക്കാൻ ഒന്നുമില്ലാതെ മരവിച്ചുനിൽക്കുന്നതാണ് ഇന്ത്യൻ സാമൂഹിക വ്യവസ്ഥ.

മേലുദ്യോഗസ്ഥ എന്ന നിലയിൽ സന്തോഷിനോടു ആഭിമുഖ്യം പുലർത്തുന്ന ഗീതാ ശർമ്മയ്ക്ക് സന്തോഷിനോടുള്ള കാമനയും പ്രകടമാകുന്നു. രാവിലെ നിത്യവും ശരീരവ്യായാമത്തിനായി ഓടാൻ പോകുന്ന സന്തോഷിനു ഒരു ട്രാക്ക് സൂട്ട് സമ്മാനിക്കുന്നുണ്ട്. അത് സ്വീകരിക്കുമ്പോൾ ഗീതാ ശർമ്മയുടെ മുഖത്ത് തെല്ലൊരു ആഹ്ളാദം അലതല്ലുന്നുണ്ട്. ക്ലൈമാക്സ് രംഗത്തിൽ സന്തോഷിനെ കാമനയോടെ സ്പർശിക്കവേ ഗീതാ ശർമ്മ പറയുന്ന ഡയലോഗ് “സന്തോഷി”ലെ പ്രമേയത്തിന്റെ കാതലിൽ സ്പർശിക്കുന്നു. “ഈ രാജ്യത്ത് രണ്ട് തരം തൊട്ടുകൂടാത്തവരുണ്ട്. ആരും തൊടാൻ അഭിലഷിക്കാത്തവർ, ആർക്കും തന്നെ തൊടാൻ കഴിയാത്തവരും.” രണ്ടുവിധമുള്ള ആവാസഘടനയും ഇതിനെ പ്രതീനിധികരിക്കുന്നു. അടഞ്ഞതും ശ്വാസം മുട്ടുന്നതുമായ ജീർണിച്ച ശിഥിലമായിരിക്കുന്ന വാസസ്ഥലങ്ങളും വിസ്തൃതിയും അധികാരത്തെ പ്രസരിപ്പിക്കുന്ന അകത്തളങ്ങളുള്ള ഭവനങ്ങളും. സംവിധായിക വിഭാവനം ചെയ്ത ഈവിധമുള്ള ദൃശ്യഘടനയെ പകർത്തിയിരിക്കുന്നത് ലെനേർട്ട് ഹില്ലേജും ചിത്ര സന്നിവേശം നിർവഹിച്ചിരിക്കുന്നത് മാക്സിം പോസി-ഗാർഷ്യയുമാണ്. സലീമിന്റെ മൊബൈൽ ഫോണിലെ ദൃശ്യങ്ങളിൽ മുംബൈ നഗരം സന്ദർശിച്ചപ്പോൾ സലിമിന്റെ സെൽഫികളിൽ നഗരത്തിൽ ലഭ്യമായേക്കാവുന്ന സ്വത്വനിരപേക്ഷതയിലേക്കുള്ള മോചനം. ഡോക്യൂമെന്ററി റിയലിസത്തിലെ ഏക ഫാന്റസി അതുമാത്രമാണ്. ഇന്ത്യയുടെ നാഗരികജീവിതത്തെക്കുറിച്ചുള്ള ഒരു ബോളിവുഡ് ഫാന്റസിയായി ഇതു പുനരാവർത്തിക്കപ്പെടുന്നുവെന്നു മാത്രം.


About Author

ദാമോദർ പ്രസാദ്

എഴുത്തുകാരൻ, സാമൂഹിക, സാംസ്കാരിക മാധ്യമ നിരീക്ഷകൻ

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.