A Unique Multilingual Media Platform

Articles Gender Minority Rights Politics Protest Social Justice

പുരുഷ നിർമ്മിത ലോകത്തെ സ്ത്രീ !

  • December 13, 2025
  • 1 min read
പുരുഷ നിർമ്മിത ലോകത്തെ സ്ത്രീ !

എഴുത്തുകാരിയും സാംസ്കാരിക പ്രവർത്തകയുമായ ഡോക്ടർ ഖദീജാമുംതാസ് എഴുതുന്ന പംക്തി ഹൃദയപക്ഷം തുടരുന്നു. സമകാലിക കേരളത്തിൽ ശ്രദ്ധേയമായി ചർച്ച ചെയ്യപ്പെടുന്ന  ഒരു ലൈംഗിക കുറ്റകൃത്യ കേസിന്റെ വിധിയുടെ അടിസ്ഥാനത്തിൽ ആ കേസിലെ അതിജീവിതയുടെ ജീവിതാവസ്ഥകളുടെയും അതുമായി ബന്ധപ്പെട്ട സാമൂഹിക വിഷയങ്ങളെപ്പറ്റിയുമാണ് ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നത്. കേരളത്തിൻറെ പശ്ചാത്തലത്തിൽ ഇന്ത്യയിലെയും ലോകത്തിലെയും സമാനമായ സ്ഥിതിവിശേഷങ്ങളുടെ അന്വേഷണമാണ് ഈ ലേഖനം.

പ്രസിദ്ധയായ ഒരു സിനിമാ താരം നിർമ്മാതാക്കൾ തന്നെ  ഏർപ്പാടാക്കിക്കൊടുത്ത വാഹനത്തിൽ വാസസ്ഥലത്തേക്കു മടങ്ങവെ, പൊതുനിരത്തിൽ വെച്ച്, ആ മേഖലയുടെ അരികുപറ്റി ജീവിക്കുന്നവർ തന്നെയായ ചില തെമ്മാടികളാൽ ലൈംഗികാക്രമണത്തിനിരയാവുക, ആ രംഗങ്ങൾ  വീഡിയോയിൽ പകർത്തപ്പെടുക, സഹകരിച്ചില്ലെങ്കിൽ ഞങ്ങൾക്കിതു വീണ്ടും വീണ്ടും ആവർത്തിച്ച് പകർത്തേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തപ്പെടുക! കുറേ അരികുമനുഷ്യർ പ്രബലരുടെ പ്രേരണയോ പ്രതിഫലേച്ഛയോ ഇല്ലാതെ ഇങ്ങനെയൊരു കൃത്യത്തിനു മുതിരുമെന്ന് അവളോ പൊതു സമൂഹമോ വിശ്വസിക്കുന്നില്ല. എങ്കിൽ ആണധികാര ഹുങ്കിൻ്റെ ആ ആൾരൂപം (രൂപങ്ങൾ) ആര്? അതിശക്തമായ സൂചനകൾ ഉണ്ടായിട്ടും  എങ്ങനെയവർ നിയമവലയിൽ നിന്ന് ഒരു പോറലുമേൽക്കാതെ ആഘോഷപൂർവം പുറത്തേക്കു പോവുന്നു! ഇന്ത്യൻ ഡെമോക്രസിയുടെ പരാജയമാണോ ഇത്? ആൺവ്യവസ്ഥയുടെയും സമ്പത്തിൻ്റെയും ദുഃസ്വാധീനത്തിനു അതീതമായി നിൽക്കാൻ നമ്മുടെ ഭരണഘടനയ്ക്കോ നിയമാവലികൾക്കോ സാധ്യമാവുന്നില്ല എന്നാണോ? അംബേദ്ക്കറെ ഓർമ്മിക്കുന്നു – ആ വാക്കുകളും. ‘ഭരണഘടന എത്ര ശ്രേഷ്ഠമായിട്ടും കാര്യമില്ല. ആരാണതിനെ കൈകാര്യം ചെയ്യുന്നത് എന്നതിനനുസരിച്ചായിരിക്കും രാജ്യത്തിൻ്റെ ഭാവി.’

ഷാർലെറ്റ് പെർകിൻസ് ഗിൽമാൻ

ഷാർലറ്റ് പെർകിൻസ് ഗിൽമാൻ്റെ നോവൽ,അവളുടെ ലോകം ( Her Land ) വായിച്ചതോർക്കുന്നു.  സ്ത്രൈണതയുടെ ഒരു ലോകം, വ്യക്തിസ്വാതന്ത്രൃ സംരക്ഷണത്തിൻ്റെ, സുസ്ഥിര ഭരണത്തിൻ്റെ, നീതിയുടെ,യുദ്ധരാഹിത്യത്തിൻ്റെ, പരിസ്ഥിതിസംരക്ഷണത്തിൻ്റെ മാതൃകകൾ മാത്രം ചൂണ്ടിക്കാണിക്കാനാവുന്ന കൽപ്പിത ലോകം ! അതിനും പത്തു വർഷങ്ങൾക്കു മുമ്പ്, 1905 ൽ , കൽക്കത്തയിലിരുന്ന് ഒരു മുസ്ലിം എഴുത്തുകാരിയും(റൊകെയ്യാ ബീഗം ബംഗ്ലാദേശ് ആക്ടിവിസ്റ്റ്, എഴുത്തുകാരി)) സ്വപ്നം കണ്ടു -Sultana’s Dream! ആദ്യത്തേതിൽ പുരുഷന്മാരേ ഇല്ലായിരുന്നുവെങ്കിൽ, അതുകൊണ്ടു തന്നെ പുരുഷൻ ‘നയിക്കുന്ന’ കുടുംബ സംവിധാനവും അതിൻ്റെ സ്വാർത്ഥതകളും ശിശുവിരുദ്ധതകളും ഇല്ലായിരുന്നുവെങ്കിൽ, സുൽത്താനയുടെ സ്വപ്നത്തിൽ കുടുംബങ്ങളെ തലതിരിച്ചിട്ടിരിക്കുന്നു! പുരുഷന്മാർ വീട്ടകങ്ങളിൽ, ശിശുപരിപാലനവും പാചകവുമൊക്കെയായി. സ്ത്രീകൾ ഭരണം തുടങ്ങി എല്ലാ മേഖലകളിലും . രണ്ടിടത്തും സമാധാനവും ശാന്തിയുമുണ്ട്. law and Order ഉണ്ടെന്നർത്ഥം. അന്യരോടുള്ള കരുതൽ ആണ് രണ്ടു സ്വപ്നലോകങ്ങളിലെയും അടിസ്ഥാന ആശയം. കരുതൽ, സമഗ്രത,ചേർത്തുപിടിക്കൽ! ‘തുല്യപ്രാതിനിധ്യ നിയമ’ത്തിനു വേണ്ടി വാദിക്കുന്നവർ വെറും വൃക്തി അവകാശങ്ങളുടെ തലത്തിൽ നിന്നല്ല, അല്ലെങ്കിൽ ആയിരിക്കരുത്, ആ ആവശ്യമുയർത്തുന്നത്. സ്ത്രൈണ നന്മകളുടെ ഒരു ലോകനിർമ്മിതി അടിയന്തിരമായി ആവശ്യമുണ്ട് എന്ന നിലയിൽക്കൂടിയാണ്. ലോകത്തിന് നഷ്ടപ്പെടുന്നതെന്തെന്ന് അത് അറിയുന്നില്ല എന്നതാണ് പരമമായ സത്യം !

ഗിൽമാൻ്റെ Her Land എന്ന പുസ്തകത്തിൻ്റെ കവർ പേജ്

Family ,Law and Democracy എന്നതായിരുന്നു ഡൽഹിയിൽ ഒരാഴ്ചമുമ്പ് പങ്കെടുത്ത രാജ്യാന്തര വർക്ക്ഷോപ്പിൻ്റെ തീം. ഒരു രാജ്യത്തിൻ്റെ ഡെമോക്രസിയെ കുടുംബം എന്ന അടിസ്ഥാന യൂണിറ്റിനെ ചുറ്റിപ്പറ്റിയുള്ള നിയമങ്ങൾ, അവയുടെ നിർമ്മിതി, നിർവഹണം, അപനിർമ്മാണം, മനുഷ്യാവകാശങ്ങൾ തുടങ്ങിയവയിലൂടെ വിലയിരുത്തുകയായിരുന്നു, അവതാരകർ തന്നെ മുഖ്യ ശ്രോതാക്കളും ആവുന്ന രൂപത്തിൽ നടന്ന ഈ ശിൽപ്പശാല. FORGEM (Forum for Gender Equality Among Muslims) എന്ന സംഘടനയുടെ പ്രതിനിധിയായി എത്തിയതായിരുന്നു രാജ്യതലസ്ഥാനത്ത്. ഇൻഡിഗോ വിമാനക്കമ്പനിക്കാരുടെ നിരുത്തരവാദ സമീപനത്തിൽ വലഞ്ഞു പോയിരുന്നു പ്രതിനിധികളിൽ പലരും. വലിയ പരിക്കേൽക്കാതെ പോകാനും വരാനുമായെങ്കിലും ലോ ആൻ്റ് ഓർഡർ തകരാർ എല്ലാ മേഖലകളെയും വിഴുങ്ങിക്കൊണ്ടിരിക്കുന്നു എന്നുണർത്തുന്ന മറ്റൊരുദാഹരണമായിത്തന്നെ ഇതിനെയും കാണുന്നു.

ഡിസംബർ രണ്ടിന് ഡൽഹിയിൽ വന്നിറങ്ങുമ്പോൾ ആശങ്കകൾ മറ്റു പലതുണ്ടായിരുന്നു. രണ്ടാഴ്ചമുമ്പു നടന്ന ഡൽഹി സ്ഫോടനം,കടുത്തശൈത്യം, കൂടിയ  അന്തരീക്ഷ മാലിന്യത്തോത്…എങ്കിലും, വാത്മീകി കോളനിയിലെ ബാപ്പു നിവാസ് സന്ദർശനത്തോടെ തന്നെ പുതുപ്രഭാതം തുടങ്ങാനായത് ആ യാത്രയെ തികച്ചും അർത്ഥവത്താക്കിയെന്നു തോന്നുന്നു. സ്വാതന്ത്ര്യ സമ്പാദനത്തിനു രണ്ടുമാസം മുമ്പുവരെ, 200 ദിവസങ്ങൾ ഗാന്ധിജിയെന്ന യോഗീവര്യൻ  ദളിത് കുഞ്ഞുങ്ങൾക്ക് വിദ്യ ചൊല്ലിക്കൊടുത്തും ചർക്കയിൽ നൂൽ നൂറ്റും കഴിഞ്ഞയിടം! സ്വാതന്ത്ര്യ ദിനം അടുത്തെത്തിയതിൻ്റെ പ്രതീക്ഷകളും ആഘോഷപരതയും നേതാക്കളിൽ ഉയർന്നു തുടങ്ങിയ കാലം! വാത്മീകി ക്ഷേത്രത്തിനോടനുബന്ധിച്ച ആ കൊച്ചു മുറിയിൽ ‘എൻ്റെ ജീവിതം തന്നെ  എൻ്റെ സന്ദേശം’, എന്നു പറയാതെ പറഞ്ഞ രാഷ്ട്ര പിതാവിനെ സ്മരിച്ചു കൊണ്ടാണ് ഉച്ചയ്ക്കു ശേഷം തുടങ്ങിയ ശിൽപ്പശാലയിലേയ്ക്ക് പ്രവേശിക്കാനായത് എന്നതിൻെറ അർത്ഥവ്യാപ്തി എത്രയെന്ന് ആ മൂന്നു ദിവസങ്ങൾ മനസ്സിലാക്കി തരികയായിരുന്നു. (നിർദ്ദേശം തന്ന പ്രിയ സുഹൃത്ത് ഹരിദാസിനും കൂട്ടിനു വന്ന പഴയ  വിദ്യാർത്ഥി ഡോ.നിഷാദിനും നന്ദി!)

Sultana’s Dream ൻ്റെ രചയിതാവ് റോകെയ്യാ ബീഗം

പ്രതിനിധികളിൽ മുക്കാലും സ്ത്രീകൾ. അവരിൽ 6 പേർ ജർമനിയിലെ  ചരിത്ര – സോഷ്യോളജി വിഭാഗക്കാർ (സംഘാടകരും അവർ തന്നെ). അക്കാദമിക, സാമൂഹ്യ, നിയമ, ഗവേഷണരംഗത്തു നിന്നു വന്ന ഇന്ത്യൻപ്രതിനിധികളിലേറെപ്പേർക്കും നേരനുഭവങ്ങളുടെ, കണ്ടെത്തലുകളുടെ, അഭിപ്രായ രൂപീകരണങ്ങളുടെ വൈവിധ്യമാർന്ന വിഷയങ്ങൾ പങ്കുവെക്കാനുണ്ടായിരുന്നു.  ഇന്ത്യയിലെ ഇന്നും ഏകീകൃതമല്ലാത്ത, ഏകതാനതയെ പ്രതിരോധിക്കുന്ന കുടുംബ (വൃക്തി) നിയമങ്ങൾ, അഥവാ,Personal Laws പ്രധാന ചർച്ചാവിഷയമായ ശിൽപ്പശാലയിൽ, സവർണരും, ദളിത്, ബുദ്ധ,  വിഭാഗക്കാരും  സെമറ്റിക് മതവിഭാഗക്കാരും സാമൂഹ്യവിഷയങ്ങൾ എന്ന നിലയിൽ ജാതിമത അതിർത്തികൾ ഭേദിച്ചു പ്രവർത്തിക്കുന്നവരും എല്ലാം,  പ്രബന്ധങ്ങൾ അവതരിക്കാനായി എത്തിച്ചേർന്നിരുന്നു. ഇന്ത്യൻമുസ്ലിങ്ങളിലെ വിവിധ വിഭാഗങ്ങൾ പിന്തുടരുന്ന വ്യക്തിനിയമങ്ങൾ ഷാഫി, ഹനഫി, ഹമ്പലി, മാലിക്കി തുടങ്ങിയവയിലെ നിയമക്കുരുക്കുകൾ, പ്രത്യേകിച്ച് അവാന്തരവിഭാഗങ്ങൾ പരസ്പരമുള്ള വിവാഹങ്ങൾ ഉണ്ടായ കുടുംബങ്ങളിലെ അനുഭവത്തിൻ്റെ വെളിച്ചത്തിൽ തന്നെ അവതരിക്കപ്പെടുകയുണ്ടായി.

ഹിന്ദു വൃക്തിനിയമങ്ങൾ, ദത്ത്, സ്വത്തവകാശ നിയമങ്ങളിലെ സങ്കീർണതകൾ തുടങ്ങിയവ  സവർണവിഭാഗത്തിൽപ്പെട്ട അക്കാദമിക് നിയമമേഖലകളിലെ  വനിതകൾ അവതരിപ്പിച്ചത് പ്രൗഢങ്ങളായിരുന്നുവെങ്കിൽ, അംബേദ്ക്കറോടൊപ്പം ബുദ്ധമതത്തിലേക്ക് മാറിയവരുടെ  പിൻമുറക്കാരി അവതരിപ്പിച്ച  ധാർമ്മിക – സാമൂഹൃ സങ്കീർണതകളും സംഘർഷങ്ങളും ഇന്ത്യൻ സമൂഹത്തിൻ്റെ അടിത്തട്ട് പ്രതിഫലിപ്പിക്കുന്നതായി അനുഭവപ്പെട്ടു. ബുദ്ധമതാനുയായിയായിട്ടും ഹിന്ദുമതം നിയമങ്ങളാൽ അവരെയും കുരുക്കിയിടുമ്പോൾ പുതിയ വിമോചനമതത്തിൻ്റെ അടിസ്ഥാന തത്വങ്ങളിൽ പലതും കൈവിടേണ്ടി വരുന്ന നിരാശ അവർ പങ്കുവെച്ചു. ഒപ്പം, തലമുറകൾക്കുമുമ്പേ മതം മാറിയിട്ടും ദളിതത്വത്തിൽ നിന്ന് രക്ഷപ്പെടാനനുവദിക്കാത്ത പൊതു സമൂഹത്തിൻ്റെ മനോഭാവം ബോംബെ നഗരവാസിയായ ആ ഇഗ്നോ അസോസിയേറ്റ് പ്രൊഫസറുടെ വാക്കുകളിൽ പ്രതിഷേധമായിരമ്പി. ആദിവാസിയും ക്വീർ വൃക്തിയുമായവളുടെ നിയമ- സാമൂഹ്യപര കുരുക്കുകൾ, മുസ്ലിം സമുദായക്കാരിയായ ട്രാൻസ് വ്യക്തിയുടെ അനുഭവങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തം, ഭിന്ന ലൈംഗികത രണ്ടു പേർക്കും അധികഭാരമാണെങ്കിലും.

ഡൽഹിയിലെ ബാപ്പു നിവാസിൽ ഡോ. ഖദീജാ മുംതാസ്

ജർമൻ പ്രതിനിധികളുടെ ആദ്യ അവതരണങ്ങൾ, വിവാഹമോചിതരുടെയും അവിവാഹിത അമ്മമാരുടെയും രക്ഷാകർതൃത്വ നിയമസങ്കീർണതകളിലും പരിഹാര ചിന്തകളിലും ഒതുങ്ങിയപ്പോൾ ഇന്ത്യൻ അവസ്ഥകളെ അവ ഒട്ടുമേ പ്രതിഫലിപ്പിക്കുന്നില്ല  എന്നു തുറന്നു പറഞ്ഞു കൊണ്ടാണ് തെക്കനേഷ്യൻ കുടുംബ – നിയമവിഷയങ്ങളിൽ ഗവേഷണം നടത്തിയ സീനിയർ ഇന്ത്യൻ അക്കാദമീഷ്യയും ഗ്രന്ഥ രചയിതാവുമായ  പ്രൊഫ. ശ്രീമതി ബസു തൻ്റെ പ്രൗഢമായ പ്രബന്ധാവതരണം തുടങ്ങിയത്. കൗതുകപ്പെടുത്തിയത് അവർ ഇപ്പോൾ പഠനം നടത്തിക്കൊണ്ടിരിക്കുന്നത്  ഇന്ത്യയിലെ ആണവകാശ സംഘടനകളെപ്പറ്റിയാണ് (MRA-Men’s Right Movement) എന്നതാണ്. കുടുംബത്തിൽ നിന്ന് പുറത്താക്കപ്പെട്ട് ഭിക്ഷയാചിച്ചു ജീവിക്കുന്ന പുരുഷൻ്റെ ചിത്രവും, Don’t teach me to hate my Papa  എന്നെഴുതിയ പ്ലക്കാർഡ് കയ്യിൽ പിടിച്ചുനിൽക്കുന്ന പെൺകുട്ടിയും മെൻസ് ഡേ ആഘോഷപരിപാടികളും, ആഘോഷത്തിനിടെ പണം യാചിച്ചെത്തുന്ന വൃദ്ധയും എന്തിനാണ് പണം, ഭക്ഷണം പോരേ എന്ന ചോദ്യത്തിന് തന്നെ ഉപേക്ഷിച്ചു പോയ പുരുഷനെതിരെ കേസുകൊടുക്കാനാണെന്ന മറുപടി കേട്ട് വിളറുന്ന പുരുഷ പ്രഭൃതികളും ഒക്കെയായി ചിരിക്കാനിത്തിരി വക തന്നു ആ സരസ പ്രഭാഷണം.

യു.പിയിലെ നവാബു കുടുംബങ്ങളിലെ സ്വത്തു വ്യവഹാരത്തർക്കങ്ങളും, സമ്പന്ന ഷിയ കുടുംബത്തിൻ്റെ സ്വത്തിൻെറയും വഖഫ് സ്വത്തുക്കളുടെയും കൈമാറ്റത്തർക്കങ്ങളിൽ  സുന്നി – ഷിയ വിവാഹങ്ങളും അവയുടെ ഏകീകൃതമല്ലാത്ത വൃക്തിനിയമങ്ങൾ ഉണ്ടാക്കുന്ന സങ്കീർണതകളും ചരിത്രത്തിലെ ശക്തരായ സ്ത്രീ പ്രതിനിധാന കഥകളും വിവരിക്കുന്ന രണ്ടു പ്രബന്ധങ്ങൾ, മാതൃദായക്രമം ഇന്നും പിൻതുടരുന്ന സമൂഹങ്ങളുടെ രാജ്യാന്തരവ്യവഹാരങ്ങളുടെ അഴിയാക്കുരുക്കുകൾ (മെഹമൂദ് കൂരിയ) എന്നിവയോടൊപ്പം, All India Democratic Women’s Association പ്രതിനിധിയായെത്തിയ മുതിർന്ന മുസ്ലിം സാമൂഹ്യ പ്രവർത്തക കണ്ടെത്തുന്ന വൃക്തിനിയമത്തിൻ്റെയും മറ്റനേകം സാമൂഹ്യ അധ:സ്ഥിതാവസ്ഥകളുടെയും ഇരകളായിത്തീർന്ന ദരിദ്ര മുസ്ലിംസ്ത്രീകളുടെ കഥകളും ഒന്നിക്കുമ്പോൾ മുസ്ലിം സമുദായത്തിനകത്തുതന്നെയുള്ള അനുഭവ വൈവിധ്യങ്ങൾ അമ്പരപ്പിച്ചു. നേഹ ദീക്ഷിത് എന്ന പത്ര പ്രവർത്തകയുടെ The Many lives of Syeda x എന്ന സുപ്രസിദ്ധ പുസ്തകത്തിൽ കണ്ട , ഡൽഹി നഗരപ്രാന്തത്തിൽ കുടുംബം പുലർത്താൻ തുച്ഛ പ്രതിഫലത്തിന് കൈവേലകൾ വിൽക്കേണ്ടി വരുന്ന, മുസ്ലിമായിപ്പോയതിൻെറ ഇരട്ട ഭാരം പേറുന്ന സൈദമാരിൽ ഒരാൾ എഴുന്നേറ്റു വരുന്നതുപോലെയാണ്  സെഹ്ബ ഫാറൂഖി എന്ന ആ മുതിർന്ന സാമൂഹൃപ്രവർത്തകയുടെ അനുഭവവിവരണം കേട്ടപ്പോൾ  തോന്നിയത്.

പ്രൊഫ. ശ്രീമതി ബസു

കാശ്മീരിലെ അർദ്ധവിധവകളുടെയും കുട്ടികളുടെയും ദുരന്ത ജീവിതത്തെപ്പറ്റിയുള്ള മറ്റൊരു സാമൂഹ്യപ്രവർത്തകയുടെ കണ്ണീർച്ചുവയുള്ള പ്രബന്ധം ഹൃദയങ്ങളിൽ കത്തികൊണ്ടു വരയുന്ന അനുഭവമുണ്ടാക്കി. പുരുഷന്മാർ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നറിയാതെയുള്ള അതിദീർഘകാത്തിരിപ്പിനിടയിൽ യുവ അർദ്ധവിധവകൾ അനുഭവിക്കേണ്ടി വരുന്ന വൈകാരിക അസ്ഥിരതകൾ, കുടുംബ പ്രശ്നങ്ങൾ, പുനർവിവാഹ ചിന്തകളിൽ (അതു പലപ്പോഴും സാമൂഹൃ സുരക്ഷയ്ക്കുവേണ്ടിയാണെങ്കിലും) ഇടങ്കോലിടുന്ന നിയമ വ്യവസ്ഥകൾ അങ്ങനെയങ്ങനെ അവരുടെ ദുരിതങ്ങൾ നീളുന്നു. വ്യത്യസ്ത വൃക്തിനിയമങ്ങളും  താൽക്കാലിക സർക്കാർ ഓർഡിനൻസുകളും അവളുടെ കാത്തിരിപ്പുകാലത്തിൻ്റെ നിയമമനുശാസിക്കുന്ന ദൈർഘ്യത്തെപ്പറ്റി ചർച്ച തുടരുമ്പോൾ, സ്കൂൾ ഡ്രോപ് ഔട്ടുകളാവുന്ന, തീവ്രവാദത്തിലേക്കോ മയക്കുമരുന്നുപയോഗത്തിലേക്കോ തെന്നിപ്പോവുന്ന, മക്കളും അവരുടെ ജീവിതം ദുരിതമയമാക്കുന്നു. സർക്കാരോ നിയമങ്ങളോ അവരുടെ പൗരാവകാശങ്ങളെപ്പറ്റി ഒട്ടും ബോധവാന്മാരല്ലെന്നർത്ഥം. മതവും കണ്ണില്ലാത്ത നിയമങ്ങളും എത്ര സ്ത്രീ ജീവിതങ്ങളെയാണ് താറുമാറാക്കുന്നത്!

മുസ്ലിം സ്ത്രീയുടെ ജനാധിപത്യാവകാശങ്ങൾക്കു വേണ്ടി പൊരുതുന്നവർക്ക് ഏറ്റവും വലിയ വെല്ലുവിളി വർത്തമാനരാഷ്ട്രീയ കാലാവസ്ഥയാണെന്ന സത്യം കേരളത്തിലിരുന്നു പറയുമ്പോൾ സംഘടനാംഗങ്ങൾക്കിടയിൽ നിന്ന് വലിയ വിമർശനങ്ങൾ ഉയർന്നു വരാറുണ്ടായിരുന്നു. യുക്തിവാദികളെന്നവകാശപ്പെടുന്ന മെമ്പർമാരിൽ നിന്നാണ് ഏറ്റവുമധികം ആക്രമണങ്ങൾ നേതൃനിരയിലുള്ളവർക്ക് അനുഭവിക്കേണ്ടി വന്നിട്ടുള്ളതും. അവർക്ക് ശത്രുക്കൾ ഇസ്ലാംമതവും മതനേതൃത്വവും മാത്രം! ഏകീകൃത സിവിൽ കോഡല്ല, വ്യക്തിനിയമങ്ങളുടെ പരിഷ്കരണമാണ് സംഘടന ആവശ്യപ്പെടുന്നത് എന്ന് FORGEM എല്ലാ വേദികളിലും പ്രഖ്യാപിച്ചു കൊണ്ടിരിക്കുന്നത് ഈ പ്രതിബന്ധങ്ങളെ മറികടന്നു തന്നെയാണുതാനും. പക്ഷേ ഡൽഹിയിലെ ശിൽപ്പശാലയിൽ പങ്കെടുത്തവർ, ജർമ്മൻകാർ ഉൾപ്പെടെ ആ സമീപനത്തിലെ ശരികൾക്കൊപ്പം തന്നെയായിരുന്നു. ട്രിപ്പിൾ തലാഖ് നിയമനിർമ്മാണത്തിലെ ന്യൂനപക്ഷവിരുദ്ധതയും ഏക സിവിൽകോഡ് എന്ന ചതിക്കുഴിയുടെ ആഴവും തിരിച്ചറിയുന്നവർ തന്നെയായിരുന്നു ഉത്തരേന്ത്യൻ പ്രതിനിധികൾ.

സെഹ്ബ ഫാറൂഖി

നിയമ മേഖലയെ മാത്രം പറയുന്നതെന്തിന്, ഇന്ത്യയിലെവിടെയാണ് ജനാധിപത്യം എന്ന ചോദ്യം മുഴങ്ങിനിൽക്കുന്നുണ്ടായിരുന്നു 3 ദിവസം നീണ്ട ശിൽപ്പശാലാ വേദിയിൽ. നിയമസഹായം തേടി പോലീസ് സ്റ്റേഷനുകളിലെത്തുന്ന സ്ത്രീകളെ അപമാനിക്കുന്ന പോലീസുകാരുടെ സമീപനങ്ങളെ വിവരിച്ചു സംസാരിച്ച ബാംഗ്ലൂരിലെ അഡ്വക്കേറ്റ് ആക്ടിവിസ്റ്റും ചൂണ്ടിക്കാണിച്ചത് അതാണ്. ഇത് പോലീസ് വകുപ്പിൻ്റെ അപചയത്തിലേയ്ക്കല്ല, ഡെമോക്രസിയുടെ തകർച്ചയിലേക്കാണ് യഥാർത്ഥത്തിൽ വിരൽചൂണ്ടുന്നത് എന്നവർ.

മേൽക്കൂര തകർന്നു വീഴാൻ നിൽക്കുന്ന  വീട്ടിൽ വട്ടമിട്ടിരുന്ന് അതിനെ രക്ഷിക്കേണ്ടതെങ്ങനെയെന്നു ചർച്ച ചെയ്യുന്ന കുറച്ചു പേർ എന്ന നിസ്സഹായതയോ നിരാശയോ ഭൂരിപക്ഷം പേരിലുമുണ്ടായിരുന്നു. ഭയം മാത്രം ഇല്ലാതിരുന്നവരായതിനാൽ അവർ അവിടെത്തന്നെയിരുന്നു ചിന്തിക്കുന്നു പ്രവർത്തിക്കുന്നു! വാതിൽ തുറന്നു പുറത്തേയ്ക്കോടാതെ!

ആക്ടിവിസം ഇന്ന് മുസ്ലിം സ്ത്രീകളിലാണ് സജീവം എന്ന കൗതുകമേറ്റിയ പരാമർശവും രണ്ടുമൂന്നു പേരിൽ നിന്നു വന്നു. എൺപതുകളിലെ ജീവനാംശവിരുദ്ധ പ്രക്ഷോഭത്തിൽ (ഷാ ബാനു ബീഗം കേസ്) ന്യൂനപക്ഷ വിശ്വാസസംരക്ഷണത്തിനായിറങ്ങിയ പുരുഷമുസ്ലിങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു കമ്യൂണിറ്റിയെ മുഴുവൻ അരക്ഷിതരാക്കുന്ന പൗരത്വഭേദഗതി നിയമ (C.A.A) ത്തിനെതിരെ ഷഹീൻ ബാഗ് സമരം ധീരതയോടെ നയിച്ചത് ആരായിരുന്നു?!! പുരുഷന്മാരല്ലല്ലോ? എസ്.ഐ.ആർ (Special Intensive Revision) എന്ന വേഷം മാറിയ പൗരത്വനിർണയ പ്രക്രിയയും,CAA-NRC യും പി.എം. ശ്രീ വിദ്യാഭ്യാസ പദ്ധതിയും മനുസ്മൃതിയും മാത്രമല്ല, വഖഫ് നിയമ ഭേദഗതിയും, മുസ്ലിം പെഴ്സണൽ ലോ ബോർഡിൻ്റെ സ്ത്രീവിരുദ്ധതയും ചർച്ചയായ ശിൽപ്പശാലയിൽ നടന്ന അഭിപ്രായ കൈമാറ്റങ്ങൾ സ്ത്രീ ലോകനിർമ്മിതിയുടെ ആവശ്യകതയെ ഊന്നിപ്പറയുന്നതു തന്നെയായിരുന്നു. സ്ത്രീകൾ തന്നെ അതിനായി മുന്നിട്ടിറങ്ങേണ്ടതുണ്ടെന്നും!

ഷഹീൻ ബാഗ് CAA വിരുദ്ധ സമരത്തിൽ നിന്നും

ശബ്ദമില്ലാത്തവരുടെ ശബ്ദമായി താൻ മാറുന്നതിലെ സംതൃപ്തി തീവ്ര കാലങ്ങളിലൂടെ കടന്നുപോയ നടിയായ അതിജീവിത പത്രപ്രവർത്തകയോടു വിങ്ങലോടെ പറയുന്ന വാക്കുകളിൽ മുഴങ്ങുന്നുണ്ടായിരുന്നു. അവൾ ധീര! പേരോ മുഖമോ ഇല്ലാത്തവളല്ല അവൾ. ഇനിയും പോരാട്ടവീര്യം കൈവിടാത്തവൾ. ‘അവളുടെ ലോകം’ യാഥാർത്ഥ്യമാവുക തന്നെ ചെയ്യും. നിയമങ്ങൾ കൈവിട്ടുവെന്നു തോന്നിയാലും. കാരണം കുറച്ചു പേരൊന്നുമല്ല അവളോടൊപ്പമുള്ളത്.

About Author

ഡോ. ഖദീജാമുംതാസ്

ഡോ .ഖദീജാമുംതാസ് - നോവലിസ്റ്റും ലേഖികയുമായ മെഡിക്കൽ ഡോക്ടർ . പി.എസ്., ഗവ. മെഡിക്കൽ കോളേജിലെ ഗൈനക്കോളജിസ്റ്റും പ്രൊഫസറുമായിരുന്നു. നാല് നോവലുകളും 3 ചെറുകഥാ സമാഹാരങ്ങളും സാഹിത്യത്തെയും സാമൂഹിക പ്രശ്നങ്ങളെയും അടിസ്ഥാനമാക്കിയുള്ള ലേഖനങ്ങളുടെ പുസ്തകങ്ങളുടെയും രചയിതാവ്. ബർസ എന്ന നോവൽ 2010-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടി. 2016 മുതൽ 6 വർഷം കേരള സാഹിത്യ അക്കാദമിയുടെ വൈസ് ചെയർ പേഴ്‌സൺ സ്ഥാനം വഹിച്ചിട്ടുണ്ട്, ഇപ്പോൾ കേന്ദ്ര സാഹിത്യ അക്കാദമിയുടെ മലയാളം ഉപദേശക സമിതി അംഗമാണ്. പ്രൊഫ. സച്ചിദാനന്ദൻ നയിക്കുന്ന മാനവിക പ്രസ്ഥാനമായ ദേശീയ മാനവിക വേദിയുടെ വൈസ് ചെയർപേഴ്സണും ആണ്.

2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Ajitha Usman

ലേഖനം ഗംഭീരമിയിരിക്കുന്നു ഡോക്ടർ. സാമൂഹ്യ ജീവിതത്തിലെ, പ്രത്യേകിച്ച് പല സങ്കുചിത നിയമ കുരുക്കുകളാൽ സ്ത്രീകളനുഭവിച്ചു പോരുന്ന നിരന്തരയാതനകളെക്കുറിച്ച് പങ്കുവെക്കുന്ന ഒരുപാട് അനുഭവങ്ങളുടെ തീച്ചുള ഈയൊരു ചെറിയ ലേഖനത്തിൽ നിന്ന് തന്നെ മനസ്സിലാക്കാൻ പറ്റും. ഇത്തരം കൂടിച്ചേരലുകളും വിലയിരുത്തലുകളും, പ്രത്യേകിച്ച്, ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ അത്യന്താപേക്ഷിതമാണ്.

Zahira Rahman

Facts analysed with insight.

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.