മാനസികാരോഗ്യ ദിനത്തിൽ ഒരു പ്രസവാനന്തര വിഷാദ അനുഭവം ഓർത്തെടുക്കുമ്പോൾ…
ഇന്ന് ലോക മാനസിക ആരോഗ്യദിനം. ഞാൻ കടന്നു പോയ ഇരുട്ട് നിറഞ്ഞ ആ ദിനങ്ങളിലേക്ക് ഓർമകളിലൂടെ തിരിച്ചു പോവുകയാണ്. ആ തിരിച്ചുപോക്കിനിടെ ഞാൻ എന്നോട് തന്നെയും ലോകത്തോടും ഒരു കാര്യം ആവർത്തിച്ചു കൊണ്ടിരിക്കുന്നു ; പ്രസവാനന്തര വിഷാദം സാധാരണമാണ്. സഹായം തേടുന്നത് ബലഹീനത അല്ല, ധൈര്യമാണ്. പക്ഷേ തിരിച്ചറിവോടും അസുഖം എന്താണെന്ന് മനസ്സിലാക്കിക്കൊണ്ടുള്ള ക്രിയാത്മക പ്രതികരണത്തോടും പുറം തിരിഞ്ഞു നിൽക്കാനുള്ള നിഷേധാത്മക പ്രവണത അക്കാദമികമായി മന:ശാസ്ത്രവും കൗൺസിലിങ്ങും പഠിച്ചവരിൽ പോലും ഉണ്ടാകാം എന്നാണ് എൻറെ അനുഭവം കാണിക്കുന്നത്. ആ അനുഭവത്തിന്റെ ചില അംശങ്ങൾ തുറന്നു പറയുകയാണ് ഇവിടെ.
ഡെലിവറി കഴിഞ്ഞു നാലാം ദിവസം വീട്ടിലെത്തിയ ശേഷം ആണ് എനിക്ക് ഹോസ്പിറ്റലിൽ നിന്ന് ആ ഫോൺ വന്നത്. കുഞ്ഞിന്റെ ബ്ലഡ് ടെസ്റ്റിൽ എന്തോ പ്രശ്നം കാണുന്നു എന്നും പെട്ടെന്ന് ആശുപത്രിയിലേക്ക് പോകണം എന്നുമായിരുന്നു ഫോൺ സന്ദേശം. ഛർദ്ദി ഉണ്ടാകുന്നു എങ്കിൽ എമർജൻസി യിലേക്ക് പോകണം എന്നും പറഞ്ഞു ഒരു ഇമെയിലും ആശുപത്രിയിൽ നിന്ന് വന്നു. അത് വരെ ചെയ്ത എല്ലാ ടെസ്റ്റുകളും നോർമൽ ആയിരുന്നു. അവൻ (കുഞ്ഞ്) ആണെങ്കിൽ സുഖമായി ഉറങ്ങുന്നു.
എങ്കിലും ഈ സന്ദേശങ്ങൾ മനസ്സിനെ നന്നായി തന്നെ ഉലച്ചു. അടുത്ത ദിവസം രാവിലെ ഹോസ്പിറ്റലിലേക്ക് പോകുന്നത് പേടിച്ചു വിറച്ചാണ്. നാലാം ദിവസം ആയിട്ടും സിസേറിയൻ ചെയ്തതിന്റെ വേദനയ്ക്ക് ഇത്തിരി പോലും വ്യത്യാസമില്ലാരുന്നു. വയറിന്റെ താഴെ ഭാഗം മുറിഞ്ഞു വീഴുന്ന പോലെ തോന്നി. വേദന കാരണം ഇരിക്കാനും നിൽക്കാനും പറ്റാത്ത അവസ്ഥ.
ഭാഗ്യത്തിന് നേഴ്സ് എന്നെ ഡോക്ടറുടെ റൂമിലേക്ക് പെട്ടെന്ന് തന്നെ വിളിച്ചു. ക്ഷമയോടെ കേൾക്കണം എന്നും മോന് കാര്യമായ പ്രശനം ഉണ്ടെന്നും ഛർദിച്ചു മരണം വരെ സംഭവിക്കാമെന്നും ഒരൊറ്റ ശ്വാസത്തിൽ ഡോക്ടർ പറഞ്ഞു. ഞാൻ 18 വയസ്സ് വരെ ഒരു വെജിറ്റേറിയൻ ആയിരുന്നത് കൊണ്ടും, എന്റെ ബ്ലഡ് എ നെഗറ്റീവും മോൻ എ പോസിറ്റീവും ആയതു കൊണ്ടും വിശദമായ ചെക്കപ്പ് ചെയ്യണം എന്നും പറഞ്ഞു. കടുത്ത മലബന്ധം കാരണം ഞാൻ ഡോക്ടർ പറഞ്ഞത് പോലെ വിറ്റാമിനുകൾ ഒന്നും കഴിച്ചില്ലാരുന്നു. അത് കോംപ്ലിക്കേഷന് ഒരു കാരണം ആവാം എന്നും അവർ പറഞ്ഞു.

ഇതൊക്കെ കേട്ടപ്പോൾ തന്നെ കണ്ണിൽ ഇരുട്ട് കയറുന്ന പോലെ ആയി. എന്തായാലും ടെസ്റ്റുകൾക്ക് തയ്യാറായി. പ്രധാനമായി ബ്ലഡ്, യൂറിൻ ടെസ്റ്റുകൾ, എന്റെയും മോന്റെയും. എന്റെ ബ്ലഡ് എടുത്ത ശേഷം ഞാൻ ആ റൂമിൽ നിന്ന് ഇറങ്ങി. മോന്റെ നിർത്താതെ ഉള്ള കരച്ചിൽ, സിറിഞ്ചിനെ സർജറിയെക്കാൾ പേടിയുള്ള എനിക്ക് കേട്ട് നിൽക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ഏകദേശം അര മണിക്കൂർ എടുത്തു മോന്റെ ബ്ലഡ് എടുക്കാൻ. കരഞ്ഞു കരഞ്ഞു അവൻ ഉറങ്ങി പോയി. യൂറിൻ എടുക്കണമെകിൽ അവൻ ഉണരുന്നത് വരെ കാത്തിരിക്കണം.
ഞങ്ങളെ അവർ പുറത്തേക്ക് വിട്ടു. പുറത്തെ ബഹളം കേട്ടിട്ടും എണീക്കുന്നില്ല അവൻ. അവിടെ ഉള്ള ഗാർഡനിൽ ഞങ്ങൾ ഇരുന്നു. ശങ്കർ മഹാദേവന്റെ ‘ ഏകദന്തായ’ എന്ന പാട്ട് ഞാൻ ഗർഭകാലത്തിന്റെ തുടക്കം മുതൽ ദിവസവും കേൾക്കാറുണ്ടായിരുന്നു. ജനിച്ച ശേഷം അത് കേട്ടാൽ അവൻ ഏത് കരച്ചിലും നിർത്തും. അതോർത്തുകൊണ്ട് ആ പാട്ട് നിർത്താതെ അവനെ കേൾപ്പിച്ചു. പക്ഷേ അവൻ ശാന്തമാവാൻ നാലു മണിക്കൂറോളം എടുത്തു. ഇതെല്ലാം ചെയ്ത് കഴിയുമ്പോഴേക്കും ഞാൻ ആകെ തളർന്നിരുന്നു.
റിസൾട്ട് കിട്ടാൻ രണ്ടാഴ്ച്ച കാത്തിരിക്കണം. കുഞ്ഞിന് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകാൻ ഞാൻ തന്നെയാണ് കാരണം എന്നു എനിക്ക് തോന്നി. അത് ആരോടും പറഞ്ഞതുമില്ല. രണ്ടാഴ്ച്ച കഴിഞ്ഞു റിസൾട്ട് വന്നു, എനിക്കും മോനും ബി 12 വിറ്റാമിന്റെ സാരമായ കുറവ് ഉണ്ടെന്നും (ഡെഫിഷ്യൻസി+) അതല്ലാതെ വേറെ ഒരു പ്രശ്നവും ഇല്ല എന്നുമായിരുന്നു റിസൾട്ട്. ഈ കുറവ് പരിഹരിക്കാൻ മൂന്നോ നാലോ തവണ ഇഞ്ചക്ഷൻ എടുക്കണം. പക്ഷേ എന്നിട്ടും എന്റെ മനസ്സ് ശാന്തമായില്ല. വിചിത്രമായ ഒരു വാശി എന്നെ പിടികൂടി. ആ ഹോസ്പിറ്റലിൽ മോന് ഇഞ്ചക്ഷൻ എടുക്കണ്ട എന്നു പറഞ്ഞു ഞാൻ തർക്കിച്ചു.
മൂന്ന് മാസം കഴിഞ്ഞു അച്ഛനും അമ്മയും നാട്ടിലേക്ക് തിരിച്ചു പോയി. എനിക്ക് ഉറക്കമില്ലാതെ ആയി. 2..3..4 രാത്രിയിൽ ക്ലോക്കിലെ സൂചി പോകുന്നത് നോക്കി നിൽക്കുന്നതല്ലാതെ ഉറക്കമില്ല. എനിക്ക് എന്താണ് സംഭവിക്കുന്നത് എന്നു ഒട്ടും മനസ്സിലാവുന്നുണ്ടായിരുന്നില്ല. ഒരു ദിവസം രാത്രി പെട്ടെന്ന് ശ്വാസം കിട്ടാത്ത പോലെ ആയി. രാഗേഷ് ഏട്ടനും അയൽവാസി ആയ സുഹൃത്തും എന്നേം കൂട്ടി എൻ യു എച്ച് എമർജൻസിയി ലേക്ക് ഓടി. ശ്വാസം കിട്ടാതെ ഞാൻ അപ്പോൾ തന്നെ മരിക്കുമെന്ന് എനിക്ക് തോന്നി. ഹോസ്പിറ്റൽ എത്തിയപ്പോൾ എപ്പോളും കുറഞ്ഞ രക്തസമ്മർദ്ദം (ലോ ബി.പി) ഉള്ള എൻറെ റീഡിങ് 130/ 80. നേഴ്സ് വന്നു കുറച്ചു നേരം ബ്രീത്തിങ് എക്സർസൈസ് ചെയ്യിപ്പിച്ചു. എന്താണ് എന്റെ മനസിനെ അലട്ടുന്നത് എന്നു ചോദിച്ചു, എന്തോ ഉണ്ടെന്നു അല്ലാതെ എനിക്ക് വേറെ ഒന്നും അറിയില്ല. സൈക്കോളജിസ്റ് ന്റെ അപ്പോയ്ന്റ്മെന്റ് തന്നിട്ട് അവർ എന്നെ ഡിസ്ചാർജ് ചെയ്തു.
പക്ഷേ സൈക്കോളജിസ്റ്റ്നേ കാണാൻ ഞാൻ തയ്യാറായിരുന്നില്ല. അവർ എന്തൊക്കെയാ പറയാൻ പോകുന്നത് എന്നു എനിക്ക് അറിയാം എന്നും അതുകൊണ്ട് ഞാൻ പോകുന്നില്ല എന്നും പറഞ്ഞു. രാഗേഷേട്ടനും തോന്നി ഇത് ഞാൻ ഒറ്റയ്ക്ക് തന്നെ കൈകാര്യം ചെയ്യുമെന്ന്. എനിക്ക് വന്നത് ഒരു പാനിക്ക് അറ്റാക്ക് ആണെന്നും ഞാൻ ഡിപ്രെഷനിൽ ആണെന്നും എനിക്ക് മനസിലാക്കാൻ പറ്റിയില്ല.

പക്ഷേ എല്ലാ ദിവസവും വൈകുന്നേരം ആവുമ്പോൾ അതി ഭയങ്കരമായ ടെൻഷൻ വരും, നെഞ്ചിടിപ്പ്, ഒരു സിപ് വെള്ളം കുടിക്കണം എങ്കിൽ 2-3 മിനിറ്റ് വേണം. ഇരുട്ടിൽ ഒരു ടോർച് അടിക്കുമ്പോൾ മുന്നിലേക്ക് കാണുന്ന പോലെ നേരേ മുന്നിൽ മാത്രേ എനിക്ക് കാണുന്നുള്ളൂ. കണ്ണ് കാണാൻ വയ്യാത്ത ഒരാളെ കൈ പിടിച്ചു കൊണ്ട് പോകുന്ന പോലെ എന്നെ കൂട്ടി രാഗേഷേട്ടൻ കനാലിന്റെ കരയിൽ പോകും. എന്നും ഞാൻ ഫോട്ടോ എടുക്കുന്ന കനാലും സൂര്യാസ്തമയവും എനിക്ക് അരോചകമായി തോന്നി. അവിടെ ഉള്ള ചെടികളും പൂക്കളും ഉണങ്ങാൻ പോകുന്നത് പോലെ. അതിനിടയിൽ പല തവണ ഹോസ്പിറ്റൽ സന്ദർശനവും നടന്നുകൊണ്ടിരുന്നു. ആസ്തമ ആണെന്ന് വിചാരിച്ചു അതിന്റെ ടെസ്റ്റ് എടുത്തു. ആസ്തമ ഉണ്ടായിരുന്നില്ലെങ്കിലും ഞാൻ ഇൻഹേലർ എടുത്തു കുറച്ചു നാൾ. കിഡ്നി സ്റ്റോൺ നു ലേസർ സർജറി. പക്ഷേ ഡിപ്രഷന് മാത്രം ഒന്നും ചെയ്തില്ല. അതിനിടയിൽ ആത്മഹത്യ എന്ന ചിന്ത എനിക്ക് പല തവണ വന്നു.
നാട്ടിലേക്ക് പോയി രണ്ടു മാസം നിന്നപ്പോൾ ഞാൻ കുറച്ചൊക്കെ നോർമൽ ആയി. ഞാൻ ഡിപ്രെഷനിൽ ആണെന്ന് തിരിച്ചറിവ് ഉണ്ടായി. ഒരു കൗൺസലർ ആയി ജോലി ചെയ്യാൻ എനിക്ക് ഇനി പറ്റില്ലേ എന്നായിരുന്നു എന്റെ മനസ്സിനെ അലട്ടിയ ചോദ്യവും വിഷമവും. പക്ഷേ ജോലി ചെയ്ത ഹോസ്പിറ്റലിലെ സാർ ആയിരുന്ന ഡോക്ടർ ശിവരാമകൃഷ്ണന് വ്യത്യസ്തമായ അഭിപ്രായമായിരുന്നു. അദ്ദേഹം പറഞ്ഞു, “ഇനി നിനക്ക് രോഗികളെ കൂടുതൽ മനസിലാക്കാൻ പറ്റും”. തിരിച്ചു സിങ്കപ്പൂർ എത്തിയപ്പോൾ കോവിഡ് കാലം തുടങ്ങി. പതുക്കെ നോർമൽ ആയി വരുന്ന എനിക്ക് അച്ഛന്റെ അസുഖം താങ്ങാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു. 2021 ൽ അച്ഛൻ ഞങ്ങളെ വിട്ടുപോയപ്പോൾ ഞാൻ പിന്നേം ഡിപ്രഷനിലേക്ക് പോയി. രണ്ട് വർഷത്തിൽ കൂടുതൽ എടുത്തു ഞാൻ പഴയതു പോലെ ആവാൻ.
ഡിപ്രഷൻ ആണെന്ന് ഞാൻ മനസിലാക്കിയ ശേഷം എല്ലാ രോഗികളോടും ഞാൻ പറയാറുള്ളത് പോലെ താല്പര്യം ഉള്ള മറ്റു കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു. ആരുടേയും കണ്ണിൽ നോക്കി സംസാരിക്കാൻ എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല ആ കാലമത്രയും. എന്നിട്ടും ഞാൻ നാടകത്തിൽ എന്നപോലെ ജീവിതത്തിൽ അഭിനയിച്ചു. ചിരിക്കാൻ തോന്നുന്നില്ല എങ്കിലും ചിരിച്ചു.
എല്ലാം ആലോചിക്കുമ്പോൾ ഇപ്പോളും ഒരു പേടിയാണ്. തോന്നിയ പോലെ റോഡ് ക്രോസ്സ് ചെയ്തിട്ട് കാർ ഇടിക്കാതെ രക്ഷപ്പെട്ടതും വെള്ളം കുടിക്കാൻ പറ്റാതെ കരഞ്ഞതും ഒക്കെ. ഒരു പാട് ഇഷ്ടമുള്ള ഏകദന്തായ ഇപ്പോൾ കേൾക്കുമ്പോൾ ആ ഹോസ്പിറ്റലിൽ അനുഭവിച്ച ടെൻഷൻ വരുന്ന പോലെ. ആ ഹോസ്പിറ്റൽ ബിൽഡിംഗ് കാണുമ്പോൾ ഞാൻ തല തിരിക്കും.
ഇത്തരം അവസ്ഥയെ പറ്റി അക്കാദമികമായി പഠിച്ചിട്ടും സ്വയം മനസിലാക്കി പെരുമാറാൻ പറ്റില്ലേ എന്നു പലരും എന്നെ വിമർശിച്ചു. എനിക്ക് വേണ്ടപ്പെട്ട, വിവരവും വിദ്യാഭ്യാസവും ഉള്ള പലരിൽ നിന്നും കണക്കിന് കേട്ടു. കുറുന്തോട്ടിക്ക് വാതമോ എന്ന തമാശയും അവരിൽ പലരും പറഞ്ഞു.
മനസ്സ് തുറന്നു സംസാരിക്കാൻ അടുപ്പം ഉള്ള ഒരു പാട് പേർ ഉണ്ടായിട്ടും ഞാൻ അത് ചെയ്തില്ല എന്നതാണ് സത്യം. എങ്കിലും എന്തോ പ്രശനം ഉണ്ടെന്ന് മനസിലാക്കി കൂടെ നിന്ന ചിലരുണ്ട്. സ്വന്തം കുഞ്ഞിനെ എന്ന പോലെ മോനെയും എന്നെയും നോക്കിയ ബിന്ദു ആന്റി ഒരു സൂപ്പർ വുമൺ ആയി എനിക്ക് തോന്നി. തീർത്താൽ തീരാത്ത കടപ്പാട് ഉണ്ട് പ്രിയപ്പെട്ട ചില മനുഷ്യരോട്. അവർ ഇല്ലായിരുന്നു എങ്കിൽ ഞാൻ ഇപ്പോൾ ഉണ്ടാകുമായിരുന്നോ എന്നു പോലും സംശയമാണ്.

ഡിപ്രഷൻ ഒരു കാര്യമാക്കേണ്ടതില്ലാത്ത വെറും തോന്നൽ ആണെന്നു പറയുന്ന പലരും ഇപ്പോളും നമുക്കിടയിലുണ്ട്. കുഞ്ഞിനേയും എടുത്തു ആത്മഹത്യ ചെയ്യുന്ന അമ്മമാരുടെ വാർത്ത വായിക്കുമ്പോൾ വല്ലാത്ത ഒരു വിങ്ങലാണ്. ജീവിതത്തെ നേരിടാനും കുഞ്ഞിനെ നോക്കാനും എന്നെ കൊണ്ട് പറ്റില്ല എന്ന അകാരണമായ ഒരു ഭയം അവർക്ക് ആ സമയത്തു ഉണ്ടാകും.ഒരു പക്ഷേ അവരെ മനസിലാക്കി പെരുമാറാൻ പറ്റുന്ന ഒരേ ഒരു മനുഷ്യൻ അല്ലെങ്കിൽ കുറച്ചു നാളത്തെ മരുന്ന് മാത്രം മതി അവരെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ട് വരാൻ. പക്ഷേ ഈ തിരിച്ചറിവിലേക്ക് എത്താൻ, നിഷേധാത്മകമായ ആത്മ അവഗണന മറികടക്കാൻ അത്ര എളുപ്പമല്ല.
മാതൃത്വത്തിന്റെ സന്തോഷത്തിന്റെ മറവിൽ ചിലർ നിശബ്ദമായി നേരിടുന്ന ഇരുണ്ട വാസ്തവം ഉണ്ട്. അതാണ് ഞാനും അനുഭവിച്ച പോസ്റ്റ് പാർട്ടം ഡിപ്രഷൻ അഥവാ പ്രസവാനന്തര ഡിപ്രഷൻ. ആ സമയത്തു ഒരു അമ്മയായിട്ടും സ്ത്രീ ആയിട്ടും തകർന്നു പോയി എന്ന തോന്നൽ ഉണ്ടാകാം. പരിഗണനയും പിന്തുണയും ആവശ്യമാണ്. പ്രസവ ശുശ്രൂഷയുടെ ഭാഗമായി മാനസിക ആരോഗ്യ സ്ക്രീനിംഗ് കൂടി ഉൾപ്പെടുത്തിയാൽ പലർക്കും നേരെത്തെ തന്നെ സഹായം ലഭിക്കുകയും ഗുരുതരമാവുന്നതിനു മുൻപ് തിരിച്ചറിയാൻ കഴിയുകയും ചെയ്യും. ഈ ലോകാരോഗ്യ ദിനത്തിൽ എന്നിൽ നിറയുന്ന ചിന്തകൾ ഇതാണ്.





