A Unique Multilingual Media Platform

The AIDEM

Art & Music Memoir

നാടിൻറെ നാടകക്കാരൻ

  • September 17, 2022
  • 1 min read
നാടിൻറെ നാടകക്കാരൻ

പ്രതിഭാധനരായ അനവധി നാടകപ്രവർത്തകരെ വളർത്തിയെടുത്ത നാടാണ് കോട്ടയം. പൊൻകുന്നം വർക്കി, എൻ.എൻ. പിള്ള, ജി. അരവിന്ദൻ, തുടങ്ങി, ഇങ്ങേയറ്റം കെ.ആർ. രമേഷ്, സാംകുട്ടി പട്ടംകരി വരെ അസാമാന്യപ്രതിഭയുള്ളവർ.

അക്കാദമിക പരിശീലന മികവില്ലാതെ, സ്വയാർജ്ജിത പരിജ്ഞാനത്താൽ നാടക കലയുടെ മർമ്മം കണ്ടറിഞ്ഞ ഓണംതുരുത്ത് രാജശേഖരൻ എന്ന കോട്ടയംകാരനായ മഹാപ്രതിഭ ഇന്നലെ യവനികക്കു പിന്നിൽ മറഞ്ഞു.

എന്നും പിന്നിൽ നിന്നു കളിക്കുവാനും, കളിപ്പിക്കുവാനും മാത്രം അറിയുന്നൊരാൾ- എന്നാലത് നെഗറ്റിവ് കളിയല്ല. തികച്ചും പോസിറ്റിവായത്. ഒരിക്കലും പൊതുവേദിയിൽ പ്രത്യക്ഷപ്പെടില്ല. ഉജ്വലമായൊരു അവതരണത്തിനൊടുവിൽ പോലും സദസ്സിനെ അഭിമുഖീകരിക്കാൻ വിമുഖനാണയാൾ. പിന്നരങ്ങിലേക്ക് അന്വേഷിച്ചു ചെന്നാൽ നിങ്ങളുടെ സങ്കൽപ്പത്തിലുള്ള ആളല്ല അയാൾ. ജുബ്ബയും തോൾസഞ്ചിയുമില്ല. താടിമീശ ഒട്ടുമേയില്ല. പൊക്കം കുറഞ്ഞൊരാൾ പൊട്ടനെപ്പോൽ നിൽക്കും.

മുന്നിലേക്ക് ഇടിച്ചുകയറി കളിക്കാൻ അറിയാത്തതിനാൽ സർക്കാർ വക പുരസ്‌കാരങ്ങൾ കാര്യമായൊന്നും ലഭിച്ചതുമില്ല. സഹൃദയരായ നാടകപക്ഷക്കാർ നിർലോഭം കൊടുത്തുകൊണ്ടിരുന്ന പരീക്ഷണ നാടകങ്ങൾ, വ്യത്യസ്ത ഇനം അരങ്ങുകൾ, ഇവയ്‌ക്കൊന്നിനും കണ്ണും കാതും അങ്ങനെ കോട്ടയംകാർ കൊടുത്തിട്ടില്ല എന്നു വേണം പറയാൻ- ഇന്നും. അതുകൊണ്ടാണല്ലോ, വടക്കോട്ടു നാടകം വളരുമ്പോൾ, ഇവിടെ നിന്നിടത്തു നിൽക്കുന്നത് (എന്നാലതിന്‌ ഇപ്പോൾ മാറ്റവും ഉണ്ട്).

കൈപ്പുഴ, നീണ്ടൂർ, ഒണംതുരുത്തു ഗ്രാമങ്ങൾ ഒരുകാലം ഉജ്വലനാടകാഭിമുഖ്യമുള്ളവരാൽ സമ്പന്നമായിരുന്നു. പള്ളിക്കൂടങ്ങളിലെ കലോത്സവ നാടകങ്ങൾ അതിനുദാഹരണം. നീണ്ടൂർ, കൈപ്പുഴ സ്‌കൂളുകളിൽ ഒരു ദിനം വീതം നാടക മത്സരങ്ങൾക്കായി മാറ്റിവെച്ചു. ഇരുപതോളം നാടകങ്ങൾ ഏറ്റുമുട്ടും. രാജശേഖരൻ എന്ന മനുഷ്യന്റെ നാടകങ്ങൾ കൂടുതലുണ്ടാവും. ചിലപ്പോൾ ഒരു നാടകത്തിന്റെ തന്നെ പല അവതരണങ്ങൾ. ഒട്ടും വിരസതയില്ലാതെ എല്ലാം കണ്ട കാലം. ചക്രം, കാലം, അരങ്ങത്തു കുഞ്ഞന്മാർ, ജാഗ്രത, എന്നീ നാടകങ്ങളിലെ സംഭാഷണങ്ങൾ ഭരത് ചന്ദ്രൻ ഐ.പി.എസ്. പറയുമ്പോലെ, കുട്ടികൾ, യുവാക്കൾ ഏറ്റുപറഞ്ഞു നടന്നു. അതിശക്തമായിരുന്നു അതിലെ സാമൂഹ്യവിമർശം. മുൻപരിചയമില്ലാത്ത രംഗപാഠങ്ങൾ. അരങ്ങിൽ നടന്മാർ മാത്രമേയുള്ളൂ. സെറ്റില്ല, പ്രോപ്പർട്ടിയില്ല. പ്രധാന ടൂൾ അവരുടെ ശരീരം മാത്രം. അവർ വനവും, നഗരവും, പാലങ്ങളും, പുഴയുമെല്ലാം, ശരീരഭാഷ കൊണ്ടും, ക്രിയകൾ കൊണ്ടും ആവിഷ്കരിച്ചു. ചിലപ്പോൾ അഭിനേതാക്കൾ തോർത്തുകൾ മാത്രം പ്രോപ്പർട്ടിയാക്കി. മറ്റൊരിക്കൽ ഓരോ മുളവടികൾ കൊണ്ടും ഇന്ദ്രജാലം കാട്ടി. എല്ലാറ്റിനും പിന്നിൽ രാജശേഖരൻ സാർ മാത്രം!

നാട്ടിൽ ഒട്ടനവധി അമച്വർ സംഘങ്ങൾക്കു വേണ്ടി നാടകം ചെയ്തു. ഓണംതുരുത്ത് പബ്ലിക് ലൈബ്രറിക്കു വേണ്ടി നിരന്തരം പ്രയത്‌നിച്ചു. ലൈബ്രറി കേന്ദ്രീകരിച്ചു ഗ്രാമത്തിലെ ആളുകൾക്ക് വേണ്ടി ശില്പശാലകൾ, രംഗാവതരണങ്ങൾ നടത്തിക്കൊണ്ടിരുന്നു.

ഇടക്കയാൾ കോട്ടയം വിട്ടു. കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് കേന്ദ്രീകരിച്ച് ഉജ്വല നാടകപ്രവർത്തനം. ഇടയ്ക്കിടെ, വളരെ വൈകി വരുന്ന ഓണംതുരുത്തു കെ.എസ്.ആർ.ടി.സി. ബസ്സിലെ യാത്രക്കാരനായി, നാട്ടിലേക്കെത്തും. ആ വണ്ടിയിൽ ചിലപ്പോൾ ഞാനും കയറും. മെഡിക്കൽ റെപ്രസന്റേറ്റിവ്‌മാരുടെ പഴയ ബാഗ് പോലെ ഒന്ന് തൂക്കിപ്പിടിച്ചിട്ടുണ്ടാവും. ആ ഭീകരനോട് മിണ്ടണമെന്നു വിചാരിച്ചാലും ഗൗരവത്തോടെയുള്ള നിൽപ്പും, ഭാവവും കണ്ടാൽ വേണ്ടെന്നു വെക്കും- ‘നമുക്കൊക്കെ അപ്രാപ്യനാണയാൾ’.

ആ സമയം ‘എസ്. കുമരേശൻ ബി.എ.’ എന്നൊരു നാടകം നാട്ടിലെ സംഘം കളിച്ചു നടന്നു. ആ കൊച്ചു നാടകത്തെ പിന്നീട് വലുതാക്കി അവതരിപ്പിക്കുകയും ചെയ്തു. അതിലും സെറ്റുമില്ല, പ്രോപ്പർട്ടിയുമില്ല- മിനിമം ലൈറ്റ് മാത്രം. ധൈര്യം സംഭരിച്ച് ‘അരങ്ങത്തു കുഞ്ഞന്മാർ’ ഞങ്ങൾ കളിച്ചോട്ടെ എന്ന് ചോദിച്ചു. ‘കളിച്ചോ, കളിച്ചോ’ എന്ന് മാത്രം പറഞ്ഞു. നീണ്ടൂർ പ്രസാദാണ് പഠിപ്പിച്ചത്. നമുക്കും ഉണ്ടായിരുന്നു ഒരു കൊച്ചു നാടകസംഘം.

പിന്നീട് പ്രായം കൊണ്ടു നമ്മളും വളർന്നപ്പോൾ കേറിയങ്ങു ഇടിച്ചു. അന്നേരം മനസ്സിലായി ഇങ്ങേര് എത്ര സിംപിളാണെന്ന്. പൊതുമണ്ഡലത്തിൽ പ്രത്യക്ഷനാകാനുള്ള വൈമുഖ്യം കൊണ്ടുള്ള അന്തർമുഖത്വം അദ്ദേഹത്തെ ഭീകരനായി കാണാൻ ഇടയാക്കിയതിൽ എനിക്കിത്തിരി വിഷമം തോന്നി.

‘ഖലൻ’, ‘ചക്രം’ എന്നീ നാടകങ്ങൾ ദളിത് പക്ഷവും, തീവ്ര ഹിന്ദുത്വ വിരുദ്ധതയും കൊണ്ട് ശ്രദ്ധ നേടിയിരുന്നു. ‘ഖല’ന് പല വേദികളിലും സ്റ്റേ വന്നു. അതിനെയൊക്കെ അതിജീവിച്ചു പിന്നെയും അവതരണങ്ങൾ. ആ നാടകങ്ങൾ ഇന്ന് അവതരിപ്പിക്കുകയാണെങ്കിൽ വലിയ എതിർപ്പുകൾ നേരിടേണ്ടി വരും. അത്രമേൽ രാഷ്ട്രീയം പറയുന്നവയാണ് ആ നാടകങ്ങൾ.

വ്യക്തമായ കാഴ്ചപ്പാടുള്ള, സാമൂഹ്യ പ്രതിബദ്ധതയുള്ള, സ്ത്രീപക്ഷപാതിത്വമുള്ള, സർവ്വോപരി അന്ധവിശ്വാസങ്ങൾക്കെതിരായവ ആയിരുന്നു രാജശേഖരൻ സാറിന്റെ നാടകങ്ങൾ. എല്ലാ തീവ്രമതനിലപാടുകളെയും നിശിതമായും, ശക്തമായും എതിർത്തിരുന്നു. അദ്ദേഹത്തിന്റെ ഒട്ടുമുക്കാൽ നാടകങ്ങളിലും പ്രമേയമാണ് നായകൻ. നടീനടന്മാർ ഉപകരണങ്ങൾ മാത്രമാണ്. അതിനു കടകവിരുദ്ധമായ നാടകങ്ങളും ചെയ്തിരുന്നു.

വിശ്വസാഹിത്യ കൃതികളെയും, പുരാണങ്ങളെയും ഉപജീവിച്ച് നിരവധി നാടകങ്ങൾ ചെയ്തു. എക്കോനാടകം, ഹെലൻ, ഗ്രീക്കിലെ മീഡിയ, സൂതപുത്രൻ, പാമ്പ്, കപ്പലോട്ടക്കാരി, പൗലോസ് എന്ന വെറും പൗലോസ്, നമുക്ക് സ്തുതി പാടാം, മീൻ കാംഫ് പാർട്ട് 3, പേഴ്സി പിസാലം, ഈസോപ്പ് കഥയിലെ ഇന്ത്യക്കാരൻ, പൂർവ്വപക്ഷത്തിലെ ശീലാഗോപുരങ്ങൾ, വളരെ ഖേദപൂർവ്വം, അരാഗ്നി, ഹിറ്റ്‌ലർ, ദുര്യോധനൻ, കുഞ്ഞിക്കാല്, സാമൂഹ്യ പാഠം അവസാനഭാഗം അധ്യായം ഒന്ന്, ഇടവണ്ണ, തുടങ്ങി അനേകം നാടകങ്ങൾ, രൂപകങ്ങൾ, സ്‌കിറ്റുകൾ, ഏകപാത്ര അവതരണങ്ങൾക്കായുള്ള രചനകൾ. ഡോക്യുമെന്ററി ഫിലിമുകളും, ടെലിഫിലിമുകളും ചെയ്തിരുന്നു.

ഏതു പരിസ്ഥിതിയിലും, പരിതസ്ഥിതിയിലും നാടകം ചെയ്യാനറിയുന്ന നാടകക്കാരൻ. ബ്രഹ്മാണ്ഡ സെറ്റ്, മ്യുസിക്, പ്രോപ്പർട്ടികൾ- എന്നാൽ ഇവയൊന്നുമില്ലാതെ തിയറ്ററിന്റെ ലാളിത്യം അറിഞ്ഞുള്ള നാടകങ്ങൾ. എല്ലാം വഴങ്ങുന്ന പ്രതിഭയായിരുന്നു ഒണംതുരുത്ത് രാജശേഖരൻ. നാട്ടിൻപുറ അമച്വർ നാടക അവതരണങ്ങളുടെ വസന്തകാലം ദൃശ്യമാധ്യമങ്ങളുടെ പിടിയിൽ മുങ്ങിയപ്പോൾ അദ്ദേഹം സ്‌കൂൾ, കോളേജ് നാടകങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. സംസ്ഥാന ദേശീയ കലോത്സവങ്ങളിൽ അദ്ദേഹത്തിന്റെ കുട്ടികൾ ഗംഭീര വിജയങ്ങൾ നേടി.

കേരളത്തിന്റെ വിവിധ ഇടങ്ങളിൽ കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള തിയറ്റർ വർക്ക്ഷോപ്പുകൾ നയിച്ചു. ഒരിക്കൽ ഞങ്ങൾ സംസാരിച്ചപ്പോൾ ഞാൻ ചോദിച്ചു, “സാറിന്റെ എക്‌സ്‌പീരിയൻസ് വെച്ച് ഒരു നാടകപഠന സിലബസ് പോലൊന്ന് തയ്യാറാക്കിക്കൂടെ?” അതിന്റെ പണിപ്പുരയിലാണ് താനെന്ന് എന്നോട് പറയുകയും അതിന്റെ ചില ഫോർമാറ്റുകൾ എനിക്ക് പിന്നീട് അയച്ചുതരികയും ചെയ്തിരുന്നു.

തെരുവുനായ ശല്യം രൂക്ഷമായ ഈ സാഹചര്യത്തിൽ, ഇതേ പ്രശനം മുൻപ് സജീവമായപ്പോൾ, ഞാൻ കേന്ദ്ര കഥാപാത്രമായി, ഈ വിഷയം പ്രമേയമാക്കി ഒരു ഏകപാത്ര നാടകം ചെയ്തത് ഇത്തരുണത്തിൽ ഓർമ്മിക്കുന്നു. ഈ നാടകത്തിനായി അദ്ദേഹം നടത്തിയ അന്വേഷണങ്ങളും, കണ്ടെത്തലുകളും വിസ്മയാവഹമാണ്. അദ്ദേഹത്തിന്റെ എല്ലാ നാടകങ്ങളിലും ഈ പഠനവും അന്വേഷണവുമുണ്ട്. വെറുതെയല്ല സ്ക്രിപ്റ്റ് എഴുതുന്നതെന്ന് സാരം. എസ്. രാമാനുജം, പി.കെ. വേണുക്കുട്ടൻ നായർ തുടങ്ങിയവരുടെ കളരികളിൽ പങ്കെടുത്തിട്ടുണ്ടെന്ന് പറഞ്ഞതായി ഓർക്കുന്നു.

1990 ഇൽ ബാദൽ സർക്കാരിന്റെ തിയറ്റർ വർക്ക്ഷോപ്പിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ‘തേഡ് തിയറ്റർ’ എന്ന വിഷനിലുള്ള കളരി ആയിരുന്നു അത്. തന്റെ ശരീരം മാത്രം ഉപയോഗിച്ച്, മറ്റൊന്നിനെയും ആവശ്യമില്ലാതെ, ഏതു സമയത്തും, എവിടെയും, രാപ്പകൽഭേദമില്ലാതെ ഏതു സമയത്തും രംഗാവതരണം സാധ്യമാകുന്നതാണ് തേഡ് തിയറ്ററിന്റെ പോളിസി. എന്നെ അദ്‌ഭുതപ്പെടുത്തിയത് ഇതാണ്, ഇത്തരം സങ്കേതം ഉപയോഗിച്ച് രാജശേഖരൻ സാർ അത്തരം നാടകങ്ങൾ ചെയ്തിരുന്നു.

രാജശേഖരൻ സാറിന്റെ ഒരു അത്യുഗ്രൻ നാടകമായിരുന്നു ‘ബേസ് റൗമ’. ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ ജീവിതം പ്രമേയമാക്കി മാന്നാനം കെ.ഇ. കോളേജിന് വേണ്ടി ചെയ്ത നാടകം. ഒരുപാട് അന്വേഷണങ്ങളും, വായനയും ഇതിനായി അദ്ദേഹം നടത്തി. വിശുദ്ധൻ എന്നതിലുപരി ഒരു നവോത്ഥാന നായകൻ കൂടിയായിരുന്നു ഏലിയാസച്ചൻ. പള്ളിക്ക് ഒരു പള്ളിക്കൂടം എന്ന ആശയം ഉയർത്തി അദ്ദേഹം നടത്തിയ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, ആദ്യമായി ദളിത് വിദ്യാർത്ഥികൾക്ക് കൂടി പ്രവേശനം അനുവദിച്ച സംസ്കൃത വിദ്യാലയം, രണ്ടാമത്തെ അച്ചുകൂടം, എന്നിങ്ങനെ വൈപുല്യമാർന്ന പ്രവർത്തനങ്ങളായിരുന്നു അച്ചന്റേത്. ഈ നാടകത്തിന്റെ കലാസംവിധാനം ഞാനായിരുന്നു. വെല്ലുവിളികൾ നിറഞ്ഞതായിരുന്നു അത്. കറുത്ത നിറക്കാരനായ അച്ചനെ അങ്ങനെ തന്നെ നാടകത്തിൽ അവതരിപ്പിച്ചു. വിശുദ്ധ ജീവിതവും, അദ്‌ഭുത പ്രവർത്തികളും പ്രതീക്ഷിച്ച ചിലർക്ക് പച്ചയായ ഏലിയാസച്ചനെ അത്രയ്ക്കങ്ങു ബോധിച്ചില്ല. രണ്ട് അവതരണങ്ങളിൽ മാത്രമൊതുങ്ങി ആ നാടകം.

ഏറെക്കാലം കണ്ണൂർ മേഖലയിൽ വിവിധ ക്ളബ്ബുകൾ, ലൈബ്രറികൾ എന്നിവയ്ക്കായി അനേകം നാടകങ്ങൾ ചെയ്തു വരവേ, മാഹി നാടകപ്പുരയ്ക്കു വേണ്ടി ചെയ്ത ‘ദ്രൗണി’ എന്ന നാടകം ദേശീയ തലത്തിൽ വരെ അവതരിപ്പിക്കപ്പെടുകയും, കൊൽക്കത്ത, ബംഗളുരു, തുടങ്ങിയ വൻ നഗരങ്ങളിൽ അവതരിപ്പിക്കപ്പെടുകയും, സമ്മാനിതമാവുകയും ചെയ്തു.

അടുത്തയിടെ പൂഞ്ഞാറിലെ ഒരു നാടക സമിതിക്കു വേണ്ടി ഈ നാടകം കലാംശം ഒട്ടും ചോർന്നു പോകാത്ത രീതിയിൽ പ്രൊഫഷണൽ രീതിയിലേക്ക് മാറ്റുകയും, വീഡിയോ വോൾ പോലുള്ള പുത്തൻ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് അവതരിപ്പിക്കുകയും ചെയ്തു. ഇതിന്റെ കലാസംവിധാനവും ഞാൻ ആയിരുന്നു. നാടകത്തിൽ ധൃഷ്ടദ്യുമ്നനായി അഭിനയിക്കുകയും ചെയ്തു. ആധുനിക സാങ്കേതിക വിദ്യക്കൊപ്പം നടന്നു സ്വയം നവീകരിക്കുവാനും, പഠിക്കുവാനും അതീവ ശ്രദ്ധാലുവായിരുന്നു രാജശേഖരൻ സർ. പുതുതലമുറയ്‌ക്കൊപ്പം നാടകം ചെയ്യുന്നു എന്നതിനാൽ, പുത്തൻ സമ്പ്രദായങ്ങൾ, രീതികൾ എന്നിവയോട് സമരസപ്പെട്ടു പോകുവാനും കഴിഞ്ഞിരുന്ന നാടക പ്രവർത്തകനായിരുന്നു.

ചില്ലറ അസുഖങ്ങൾ. അവയെ സമ്മതിച്ചു കൊടുക്കാൻ ഒട്ടും മനസ്സില്ലാത്ത ആളായിരുന്നു അദ്ദേഹം. രോഗത്തിനും, ചികിത്സയ്ക്കും തന്റെ ശരീരത്തെ വിട്ടുകൊടുക്കാൻ കഴിയില്ലെന്ന് വാശി പിടിച്ച നിഷേധി. ഒണംതുരുത്തു പബ്ലിക്ക് ലൈബ്രറി കേന്ദ്രീകരിച്ച് പ്രതിമാസ നാടക അവതരണങ്ങൾ പ്ലാൻ ചെയ്തു വരവെയാണ്, ഒട്ടുമേ രംഗബോധമില്ലാത്ത ആ കോമാളി സാറിനെ കൊണ്ടുപോയത്.

About Author

പി. എം. യേശുദാസ്

ചിത്രകാരൻ, നാടക നടൻ, നാടക സംവിധായകൻ. എസ് ഹരീഷിന്റെ ആഗസ്ത് 1 7 നെ അവലംബിച് അജു കെ നാരായണൻ രചിച്ച ട്രാവൻകൂർ ലിമിറ്റഡ് സംവിധാനം ചെയ്തത് യേശുദാസാണ്.

3 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Santhosh Thomas
Santhosh Thomas
1 year ago

ഓണംതുരുത്തു രാജശേഖരനെന്ന നാടക ജീനിയസിനെ അടുത്തറിഞ്ഞ ആഴത്തിലുള്ള കൂടുതൽ അറിവു പകരുന്ന എഴുത്ത്.

ഗ്രേയ്റ്റ് ദാസേട്ടാ…

Bineeth
Bineeth
1 year ago

കുറച്ചു വാക്യങ്ങളിലൂടെ വലിയ ഒരു ജീവിതം

Nishad
Nishad
1 year ago

💞