A Unique Multilingual Media Platform

Articles Kerala

ഡോ. എം. ലീലാവതിയുടെ എഴുത്തു ജീവിതം

  • September 16, 2026
  • 1 min read
ഡോ. എം. ലീലാവതിയുടെ എഴുത്തു ജീവിതം

മലയാള സാഹിത്യ നിരൂപണ രംഗത്ത് ഏറെക്കാലമായി തന്റെ ധിഷണയുടെ വെളിച്ചം പ്രസരിപ്പിക്കുന്ന പ്രകാശഗോപുരമാണ് ഡോ.എം.ലീലാവതി. ഇന്ന് നൂറാം വയസ്സിലേക്ക് പ്രവേശിക്കുകയാണ് ലീലാവതി ടീച്ചർ. ഈ സന്ദർഭത്തിൽ ടീച്ചറുടെ പ്രിയശിഷ്യരിൽ ഒരാളായ ഡോ. രതി മേനോൻ ആ എഴുത്തുജീവിതത്തിലൂടെ ആദരപൂർവം കടന്നുപോവുന്നു..


ഏതൊരു മലയാളിയേയും വിസ്മയിപ്പിക്കുകയും ആഹ്ലാദം കൊള്ളിക്കുകയും ചെയ്യുന്ന എഴുത്തു ജീവിതമാണ് ഡോ. എം. ലീലാവതിയുടേത്. ഏതാണ്ട് എട്ടര ദശാബ്ദക്കാലമായി സാഹിത്യത്തിന്റെ വിവിധ മേഖലകളിൽ വ്യാപരിക്കുന്ന ടീച്ചർ 99-ാമത്തെ വയസ്സിലും തുടർച്ചയായി എഴുതികൊണ്ടിരിക്കയാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽപുറത്തുവന്നഭഗവത്ഗീതവ്യാഖ്യാനം‘, ‘കഥാപർവം’, ‘ഹരികഥാലോകം‘, ‘അഷ്ടകാന്തം‘, ‘ഭാരതാലോകംഎന്നിവയും പ്രസിദ്ധീകരണത്തിനു തയ്യാറായിരിക്കുന്നമേരീ അരുന്ധതീയം ആഗോള ജാതീയംഎന്നിവയും ടീച്ചറുടെ വൈവിധ്യപൂർണമായ അഭിരുചികളുടേയും വിസ്തൃതമായ വായനയുടേയും നിദർശനങ്ങളാണ്. പുരുഷന്മാർമാത്രം വ്യാപരിച്ചിരുന്ന മേഖലയിലാണ് ടീച്ചർ നേട്ടം കൊയ്തത് എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. സന്മാർഗ സാഹിത്യത്തിൽ പോലും ടീച്ചറുടെ സമകാലികരായ സ്ത്രീകൾ എഴുത്തുനിർത്തി മൗനത്തിലേക്ക് പോകുകയോ ജീവിതം തന്നെ അവസാനിപ്പിക്കുകയോ ചെയ്ത സാഹചര്യത്തിലാണ് വെല്ലുവിളികളെ സധൈര്യം നേരിട്ട് ടീച്ചർമുന്നോട്ട് പോയത് എന്നത് ചെറിയ കാര്യമല്ല. പക്വതയില്ലാത്ത പെൺകുട്ടിയെന്നും മീശവെച്ച സ്ത്രീയെന്നും ചിത്രീകരിക്കപ്പെട്ടിട്ടുപോലും തന്റെ കർമ്മപഥത്തിൽ  നിന്ന് വ്യതിചലിക്കാൻടീച്ചർതയ്യാറായില്ല. പിന്നെ ചെയ്യാവുന്നത് ടീച്ചറുടെ സമീപനങ്ങളെ അവഗണിക്കുകയോ തമസ്ക്കരിക്കുകയോ ചെയ്യുകയാണ്. അത് നിർബാധം നടക്കുന്നുമുണ്ട്.

ഡോ.എം.ലീലാവതി

ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ‍ ‘കേരള സ്ത്രീയുടെ ഭാഷാപാണ്ഡിത്യംഎന്ന ലേഖനമാണ് ടീച്ചറുടെ അച്ചടിമഷി പുരണ്ട ആദ്യലേഖനം. തിരിഞ്ഞു നോക്കുമ്പോൾ ഏറെ ദീർഘദർശനം ശീർഷകത്തിലുണ്ടെന്ന് തോന്നിപ്പോകും. മുത്തച്ഛന്പറഞ്ഞു കൊടുത്ത ഒരു ശ്ലോകത്തെ ആസ്പദമാക്കി രചിച്ച ലേഖനം കോട്ടയത്തു നിന്ന് പ്രസിദ്ധീകരിച്ചിരുന്നബാലമിത്രംഎന്ന മാസികയിലാണ് പ്രസിദ്ധീകരിച്ചത്. അതിന് അധ്യാപകർ നല്കിയ പ്രചോദനം തന്റെ എഴുത്ത് ജീവിതത്തിന് വളരെ സഹായകമായി എന്ന് ടീച്ചർ സൂചിപ്പിച്ചിട്ടുണ്ട്. സാഹിത്യ രസികനായിരുന്ന മുത്തച്ഛനും ബുദ്ധിമതിയും കവിതയിൽഅതീവ താല്പര്യവുമുള്ള അമ്മയുമാണ് സാഹിത്യത്തിന്റെ ലോകത്തിലേക്ക് ടീച്ചറെ ആനയിച്ചത്. അന്നത്തെ ഭാഷാ പാഠ്യപദ്ധതിയും ഭാഷാദ്ധ്യാപകരും അനുകൂലമായ സാഹചര്യം സൃഷ്ടിച്ചുകൊടുത്തു. ഏഴിൽ പഠിക്കുമ്പോൾ‍ സ്കൂൾ വാർഷികത്തിന് മുണ്ടശ്ശേരി നടത്തിയ പ്രസംഗം സാഹിത്യത്തെ പുതിയൊരു വെളിച്ചത്തിൽ കാണാൻ ടീച്ചറെ പ്രേരിപ്പിച്ചു. രാജാക്കന്മാരുടെ ജീവിതം മാത്രമല്ല സാധാരണക്കാരന്റെ ജീവിതവും രസാത്മകമായി ചിത്രീകരിച്ചാൽ മഹത്തായ സാഹിത്യമാകും എന്ന് പ്രസംഗത്തിൽ മുണ്ടശ്ശേരി അഭിപ്രായപ്പെട്ടു. മനുഷ്യകഥാനുഗായികൾ എന്ന പ്രയോഗം പലവുരു ആവർത്തിച്ചു അതിന്റെ അർത്ഥവ്യാപ്തി വിശദീകരിച്ചത് ടീച്ചറെ വല്ലാതെ സ്വാധീനിച്ചു.

സവർണ്ണ കുലത്തിൽ പിറന്നെങ്കിലും സാമ്പത്തിക പരാധീനതകൾ ഏറെ അലട്ടിയ ബാല്യകൗമാരങ്ങൾ ആയിരുന്നു ടീച്ചറുടേത്. മരുമക്കത്തായം പിന്തുടരുന്ന സമുദായത്തിലെ രീതികളും അച്ഛനമ്മമാർ തമ്മിലുള്ള പൊരുത്തക്കേടുകളും കൊണ്ട് കലുഷിതമായിരുന്നു ടീച്ചറുടെ ആദ്യകാല ജീവിതം. അറിവു നേടാനുള്ള തൃഷ്ണകൊണ്ടുമാത്രമാണ്ഉച്ചപ്പട്ടിണി കിടന്ന് വിശപ്പ്സഹിച്ച്അതിവേഗം ബഹുദൂരംനടന്ന് തളർന്നിട്ടും വിദ്യുച്ഛക്തി ഇല്ലാത്ത കാലത്ത് മുട്ടവിളക്കത്ത് കണക്കും കെമിസ്ട്രിയും പഠിച്ചത് ഒരു ലക്ഷ്യവും മുന്നിൽ കണ്ടുകൊണ്ടായിരുന്നില്ല” (ധ്വനി പ്രയാണം, 2024) എന്ന് ടീച്ചർരേഖപ്പെടുത്തിയിട്ടുണ്ട്.

പത്താം ക്ലാസ് പരീക്ഷയിൽ പൊതു റാങ്കിൽ ‍ നാലാം സ്ഥാനവും മലയാളത്തിൽ റെക്കോർഡ് മാർക്ക് നേടിയിട്ടും തുടർപഠനം വലിയ ചോദ്യ ചിഹ്നമായപ്പോൾഅധ്യാപകർതന്നെയാണ് മുൻകൈയെടുത്ത്  ഇന്റർമീഡിയേറ്റിന് എറണാകുളം മഹാരാജാസ് കോളേജിൽ ചേർത്തത്. കോളേജിൽ ചേർന്നപ്പോൾ ഇംഗ്ലീഷ് പരിജ്ഞാനത്തിന്റെ കുറവും ഫിസിക്സ് എന്ന വിഷയം സ്കൂളിൽ പഠിക്കാതിരുന്നതും വലിയ അപകർഷതാബോധം തന്നിൽഉളവാക്കിയെന്ന് ടീച്ചർ ആത്മകഥയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടുപ്രതിബന്ധങ്ങളും അറിവിനോടുള്ള അദമ്യമായ തൃഷ്ണയിൽ ചെയ്യുന്ന പ്രവർത്തിയോടുള്ള പ്രതിബദ്ധതയും കൊണ്ട് മറികടന്ന് ഫസ്റ്റ് ഗ്രൂപ്പിൽ ഫസ്റ്റ് റാങ്കും ലേഡിവെല്ലിംഗ്ടൺ സ്കോളർഷിപ്പും ടീച്ചർനേടി. ഉയർന്ന മാർക്കുള്ളത് കൊണ്ട് മെഡിസിന് അനായാസം അഡ്മിഷന്ലഭിക്കുമായിരുന്നിട്ടും സാമ്പത്തിക പരാധീനത കൊണ്ട് (അന്ന് പഠിക്കാൻ മദ്രാസിൽ പോകണം) അത് സാധിച്ചില്ല. കെമിസ്ട്രിയിൽപഠനംതുടരണമെന്ന ആഗ്രഹം പ്രിന്സിപ്പലായിരുന്ന പ്രൊഫ. ശങ്കരൻ നമ്പ്യാരുടെ ഇച്ഛപ്രകാരം മാറ്റിവെച്ച് ടീച്ചർക്ക് മലയാളം ബി..യ്ക്ക് ചേരേണ്ടിവന്നു. വിഷമിക്കേണ്ടശീലാവതിമലയാളംഎന്ന് ആളുകൾപരിഹസിക്കുന്നതിനെലീലാവതിമലയാളമാക്കി മാറ്റാൻ കഴിയുമെന്ന് തന്റെ പ്രിയ ശിഷ്യയ്ക്ക് പ്രൊഫ. സി. എൽ. ആന്റണി നല്കിയ ഉപദേശം ടീച്ചർ അക്ഷരാർത്ഥത്തിൽ‍ പാലിച്ചുവെന്ന് കാലം തെളിയിച്ചു. മലയാളം പഠിക്കുമ്പോൾ സംസ്കൃതത്തിൽ നല്ല ഗ്രാഹ്യംവേണമെന്ന തോന്നലിൽ ഗുരുവായൂരെ കൃഷ്ണശാസ്ത്രിയിൽ നിന്ന് ടീച്ചർ സംസ്കൃതത്തിൽ അറിവ് നേടി.

ബി..യ്ക്കു പഠിക്കുമ്പോൾ തന്നെ ശാസ്ത്രഗ്രന്ഥങ്ങളും ഇംഗ്ലീഷ് സാഹിത്യ വിമർശനങ്ങളും ലീലാവതി ടീച്ചർ ധാരാളമായി വായിക്കുമായിരുന്നു. വായനയുടെ കരുത്താണ് ബി.. സെലക്ഷന്പരീക്ഷയിൽ ‍ ടീച്ചർക്ക് ഇംഗ്ലീഷിന് ഒന്നാം സ്ഥാനം നേടി കൊടുത്തത്. ബി..യ്ക്ക് ഇംഗ്ലീഷിൽ ക്ലാസ് കിട്ടുക എന്നത് വിരളഭാഗ്യമായിരുന്നതുകൊണ്ട് പിന്നീട് മലയാളം ട്യൂട്ടർ തസ്തികയിൽ ഗവൺമെന്റ് ജോലിക്ക് അപേക്ഷിച്ചപ്പോൾ ഇംഗ്ലീഷ് ട്യൂട്ടറായിട്ടാണ് നിയമനം ലഭിച്ചത്. അത് വേണ്ടെന്നുവെച്ച് കുറച്ചുനാള്കൂടി കാത്തിരുന്നിട്ടാണ് മലയാളം ട്യൂട്ടറായി നിയമനം നേടിയത്. അന്ന് ലഭിച്ച ഒന്നാം സ്ഥാനവും താഴെ റാങ്ക് ലഭിച്ച പുരുഷന്മാരുടെ കണ്ണിലെ കരടായി ടീച്ചറെ മാറ്റി.

ഡോ.എം.ലീലാവതി

തൃശ്ശൂർ സെൻ്റ് മേരീസ് കോളേജിലാണ് ലീലാവതി ടീച്ചർ ബി.എ. കഴിഞ്ഞ ഉടനെ അധ്യാപികയായി ചേർന്നത്. പിന്നീട് എം.എ.  പ്രൈവറ്റായി പഠിക്കാൻ‍ മദ്രാസ് സ്റ്റെല്ലാ മേരീസിൽ ജോലി ചെയ്തു. എംഎ പഠിത്തം റാങ്കോടെ പാസ്സായി തിരികെ തൃശ്ശൂർ സെൻ്റ് മേരീസിൽ ചേർന്നു. അതിനു മുൻപ് ശങ്കരകുറുപ്പിൻ്റെ നിർ‍ദ്ദേശത്താൽ പരിഷത്ത് മാസികയിൽ പുസ്തക സമീക്ഷകൾ എഴുതുമായിരുന്നെങ്കിലും സെൻ്റ് മേരീസിൽ പഠിക്കുമ്പോൾ ‘നിമിഷം’ എന്ന കവിതയ്ക്ക് മാരാർ എഴുതിയ നിരൂപണത്തിലെ പല കാര്യങ്ങളും ശരിയല്ല എന്നുകാട്ടി ടീച്ചർ മാതൃഭൂമിയിൽ എഴുതിയ ലേഖനമാണ് നിരൂപണ ലോകത്ത് ആളുകളുടെ ശ്രദ്ധ ടീച്ചറിലേക്ക് തിരിയാൻ‍ കാരണമായത്. മാരാരെ പോലെ ഒരു നിരൂപകനെ എതിർക്കുക, അതും യുവതിയായ ഒരു സ്ത്രീ എന്നത് അക്കാലത്ത് ചിന്തിക്കാനെ സാധ്യമായി വന്നില്ല. പക്ഷേ തനിക്കെതിരെ വന്ന എല്ലാ ആരോപണങ്ങളേയും – എഴുത്തുകാരി എന്ന നിലയിലും, പിന്നീട് പ്രഭാഷക എന്ന നിലയിലും, സാമൂഹിക പ്രശ്നങ്ങളോട് പ്രതികരിക്കുന്ന വ്യക്തി എന്ന നിലയിലും – ടീച്ചർ‍ സധൈര്യം നേരിട്ടു. മുൾപാതകളും ഉള്ളുരുക്കങ്ങളും അവഹേളനങ്ങളും ആവോളം ആ എഴുത്തുവഴിയിലുണ്ട്.

പക്വവും സന്തുലിതവുമായ നിരൂപണത്തെക്കുറിച്ച് ലീലാവതി ടീച്ചർക്ക് കൃത്യമായ ധാരണയുണ്ട്. നല്ല കൃതികൾ‍ നന്നായി ആസ്വദിക്കുകയും നല്ലതും തീയതും തിരിച്ചറിയാൻ‍ ആസ്വാദകരെ പരിശീലിപ്പിക്കുക എന്ന കർമ്മം നിറവേറ്റലുമാണ് എക്കാലത്തും നല്ല നിരൂപകർ‍ ഏറ്റെടുത്തിട്ടുള്ളത് എന്ന് ടീച്ചർ അഭിപ്രായപ്പെടുന്നു. “ശരാശരിയിൽ നിന്ന് ഉയരുന്നവർ‍ കലാചിന്തയുടെ പ്രഭാതം മുതൽ തന്നാണ്ടു വരെ വികസിച്ചു പോന്നിട്ടുള്ള കലാതത്വചിന്താപദ്ധതികളും കലാസ്വാദന സിദ്ധാന്തങ്ങളും മനസ്സിലാക്കാൻ‍ ശ്രമിക്കുകയും അവയിൽ നിന്ന് സ്വാഭിരുചിയും സ്വീയപ്രവണതകളും നിർ‍ദ്ദേശിക്കുന്നതനുസരിച്ച് ഏതൊക്കെ സ്വാംശീകരിക്കാൻ കഴിയുമോ അതൊക്കെ സ്വാംശീകരിച്ച് ഏത് കൃതിയേ കുറിച്ചും സ്വന്തമായ ഒരു വീക്ഷണം രൂപവത്കരിക്കാൻ‍ ശക്തനായി തീരുകയും ചെയ്യുന്നു” എന്ന് ടീച്ചർ‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഡോ.എം.ലീലാവതി

(പക്വവും സന്തുലിതവുമായ നിരൂപണം). ഇത്തരം സജ്ജീകരണങ്ങളും സ്വന്തമായ അപഗ്രഥനാത്മക പ്രതിഭയും ഈക്ഷാനൈപുണിയും ഒന്നിച്ചു പ്രവർത്തിക്കുന്നതിൻ്റെ ഫലമായുണ്ടാക്കുന്ന നിരീക്ഷണസാരത്തെ അവതരിപ്പിക്കാനുള്ള മാധ്യമം – സാരസ്വരം – കൂടി നിരൂപകന് ഉണ്ടാകേണം എന്നും ടീച്ചർ‍ കൂട്ടിച്ചേർക്കുന്നു. സാഹിത്യം സൗന്ദര്യാനുഭൂതിയിലൂടെ ശിവം സാക്ഷാത്കരിക്കുമ്പോൾ‍ നിരൂപണം സൗന്ദര്യ ശിവങ്ങളുടെ സത്ത തേടുന്നു. എന്നാൽ ഉത്പാദകൻ്റെ (സാഹിത്യ രചയിതാവിന്‍റെ) സ്വാതന്ത്ര്യവും ഉപഭോക്താവിന്‍റെ (സാഹിത്യ ആശ്വാദകന്‍റെ) സ്വാതന്ത്ര്യവും ഒരേ പോലെ പ്രസക്തമാണെന്ന് ടീച്ചർ വാദിക്കുന്നു. പുല്ല് മുതൽ പൂഷാവുവരെ എന്തിനെപ്പറ്റിയും സാഹിത്യം രചിക്കാം എങ്കിലും അപരനെ ദ്രോഹിക്കാൻ‍ വ്യക്തിക്ക് സ്വാതന്ത്ര്യമില്ല (സാഹിത്യവും, സ്വാതന്ത്ര്യവും, ജനശക്തി നവംബർ 2017). പാരായണം സ്വന്തം രീതിയിൽ നടത്താൻ ആർക്കും സ്വാതന്ത്ര്യമുണ്ട്. എന്നാൽ ഒരു കൃതിയെ കുറിച്ചുള്ള സ്വന്തം മതം കർത്താവിൻ്റെ വിവക്ഷിതം കൂടിയാണെന്ന് സ്ഥാപിക്കാനുള്ള യജ്ഞം കൃതിയുടെ അപപാരായണത്തിലേ എത്തിനില്‍ക്കൂ എന്ന് ടീച്ചർ‍ വിശ്വസിക്കുന്നു. മാരാരുടേയും പി.കെ. ബാലകൃഷ്ണൻ്റേയും, അഴീക്കോടിൻ്റേയും മറ്റും ചില നിലപാടുകളെ ടീച്ചർ‍ യുക്തിപൂർ‍വ്വം എതിരിടുന്നത് ഊ വിശ്വാസത്തിൻ്റെ പുറത്താണ്. വ്യാഖ്യാനാത്മക നിരൂപണം കർത്തൃവിവക്ഷിതം വേണ്ടുംവണ്ണം ഗ്രഹിച്ചില്ലെങ്കിൽ തെറ്റായ പ്രചരണത്തിന് വഴിവെച്ചേക്കാം എന്ന് ടീച്ചർ‍ കരുതുന്നു. ബാലാമണി അമ്മയുടെ ‘വഴിയിൽ‍ വെച്ച്’ എന്ന കവിതയ്ക്ക് സംഭവിച്ച ദുര്യോഗം ഉദാഹരണമായി ടീച്ചർ ചൂണ്ടിക്കാട്ടുന്നു.

മലയാള സാഹിത്യ നിരൂപണത്തിന് ഊരും പേരും ഉടലും ഉയിരും നല്‍കിയ കേസരി, മാരാർ, പോൾ, മുണ്ടശ്ശേരി, കുറ്റുപുഴ എന്നിവരും പിന്നാലെ വന്ന എൻ. കൃഷ്ണപിള്ള, എസ്. ഗുപ്തൻ നായർ, എൻ. വി. കൃഷ്ണ വാര്യർ, ഡോ. കെ. എൻ‍. എഴുത്തച്ഛൻ, എം. പി. ശങ്കുണ്ണി നായർ‍, ഡോ. രാഘവൻ‍ പിള്ള, ഡോ. ഭാസ്ക്കരൻ നായർ എന്നിവരും സൃഷ്ടിച്ച നേട്ടങ്ങളുടെ സവിശേഷ മുഖങ്ങൾ‍ മനസ്സിലാക്കി കൊണ്ടാണ് ലീലാവതി ടീച്ചർ നീരൂപണത്തിൻ്റെ രംഗത്തേക്ക് കടന്നുവരുന്നത്. ‘സത്യം ശിവം സുന്ദരം’ എന്ന കൃതി ഇത് തെളിയിക്കുന്നു. ‘കവിതയും ശാസ്ത്രവും’, ‘നവരംഗം’, ‘നവതരംഗം’ എന്നീ ആദ്യകാല കൃതികളിൽ സാഹിത്യ പ്രസ്ഥാനങ്ങളെ കുറിച്ചു ശാസ്ത്രവും കവിതയും തമ്മിലും ശാസ്ത്രവും മനോവിജ്ഞാനീയവുമായ ബന്ധത്തേക്കുറിച്ചുമുള്ള അവലോകനങ്ങളാണ് ഉൾപ്പെട്ടിരുന്നത്. എന്നാൽ ‘വർണ്ണരാജി’, ‘അമൃതമശ്നുതെ’, ‘കവിതാധ്വനി’ മുതലായ കൃതികളിൽ എത്തുമ്പോഴേക്കും കവിതയെ സംബന്ധിച്ച ലീലാവതി ടീച്ചറുടെ ആഴത്തിലുള്ള അപഗ്രഥന പാടവം വെളിവാകുന്നു. ‘വർണ്ണരാജി’യിലെ 14 കവികളെ കുറിച്ചുള്ള പഠനങ്ങൾ ‘അമൃതമശ്നുതെ’ എന്നതിലെ 18 ലേഖനങ്ങൾ‍ (ഒരെണ്ണം നാടകത്തെ കുറിച്ചാണ്). ‘കവിതാധ്വനി’യിലെ ഒന്നാം ഭാഗത്തുള്ള 24 ഒറ്റകവിതാ പഠനങ്ങൾ രണ്ടാം ഭാഗത്തുള്ള കവിതാ പഠനങ്ങൾ‍ എന്നിവയെല്ലാം എഴുത്തച്ഛന്‍ മുതൽ ആധുനിക കവികൾ വരെയുള്ളവരെ മനസ്സിലാക്കാനും അവരുടെ സവിശേഷതകൾ ‍ അവതരിപ്പിക്കാനുമുള്ള ടീച്ചറുടെ അപാരമായ കഴിവ് വ്യക്തമാക്കുന്നു. വൈചിത്ര്യത്തിനു വേണ്ടിയുള്ള അന്വേഷണങ്ങളും പുതിയ വെളിച്ചങ്ങൾ‍ ഉൾ‍ക്കൊള്ളാനുള്ള ത്വരയും ഏതു സാഹിത്യത്തേയും ജരാനരകളിൽ നിന്ന് രക്ഷിക്കുന്നു എന്ന പ്രസ്താവന (രണ്ട് തരം സങ്കീർണതകൾ‍)  തൻ്റെ നിരൂപണ രീതിയിൽ എന്നും പ്രയോഗപക്ഷത്ത് എത്തിക്കാന്‍ ശ്രമിച്ച വ്യക്തിയാണ് ലീലാവതി ടീച്ചർ.

ലീലാവതി ടീച്ചറുടെ പ്രധാന കൃതികൾ

പൗരസ്ത്യസാഹിത്യ ദർ‍ശനത്തോട് തനിക്ക് ആഭിമുഖ്യമുണ്ടെങ്കിലും മറ്റ് സാഹിത്യ സിദ്ധാന്തങ്ങളോട് ടീച്ചർ ഒരിക്കലും അയിത്തം കല്‍പ്പിക്കുന്നില്ല. ഓരോ കവിയേയും പഠിക്കുമ്പോൾ‍ അവരുടെ കാവ്യ വ്യക്തിത്വത്തിനു അനുസൃതമായ നിരൂപണ രീതിയാണ് അഭിലഷണീയം  എന്ന ടീച്ചറുടെ കാഴ്ച്ചപ്പാടിന് ഉത്തമോദാഹരണങ്ങളാണ് ‘ജിയുടെ കാലജീവിതം’, ‘മഹാകവി വള്ളത്തോള്‍’, ‘ബാലാമണിയമ്മയുടെ ലോകങ്ങള്‍’, ‘അക്കിത്തത്തിൻ്റെ കവിത – ഒരു പഠനം’, ‘കവിതയുടെ വിഷ്ണുലോകം’, ‘വൈലോപ്പിള്ളിക്കവിതാ പഠനങ്ങൾ‍’, ‘ഒ എൻ വി കവിതാപഠനങ്ങൾ‍’ തുടങ്ങിയ കൃതികൾ‍. ഇടശ്ശേരി, സച്ചിദാനന്ദൻ‍, കെ. ജി. ശങ്കരപ്പിള്ള, കടമ്മനിട്ട, വിജയലക്ഷമി, റഫീഖ് അഹമ്മദ് തുടങ്ങിയ കവികളുടെ കവിതകളിലെ ചില സവിശേഷതകളെ കുറിച്ചുള്ള ടീച്ചറുടെ പഠനങ്ങൾ ശ്രദ്ധേയമാണ്. ‘അർത്ഥാന്തരങ്ങൾ‍’എന്ന കൃതിയിലെ മൂന്ന് ലേഖനങ്ങൾ‍, ‘നവകാന്തം’ എന്ന കൃതിയിലെ ഒന്നാം ഭാഗം എന്നിവയും എടുത്ത് പറയേണ്ടവയാണ്.

ഡോ എം ലീലാവതി

കവിതയെ കുറിച്ചാണ് ടീച്ചർ അധികം എഴുതിയിട്ടുള്ളതെങ്കിലും വിഖ്യാതമായ രണ്ട് പുരസ്കാരങ്ങൾ ടീച്ചർ‍ക്ക് നേടികൊടുത്തത് നോവൽ പഠനത്തിനാണ്. ഷൊളോഖോവിൻ്റെ നോവൽ പഠനമായ “വിശ്വോത്തരമായ വിപ്ലവേതിഹാസ”ത്തിന് സോവിയറ്റ് ലാൻ്റ് അവാർഡും സി. രാധാകൃഷ്ണൻ്റെ ഏഴ് നോവലുകളെ അടിസ്ഥാനമാക്കി രചിച്ച ‘അപ്പുവിൻ്റെ അന്വേഷണ’ത്തിന് വയലാർ അവാർ‍ഡും ടീച്ചർക്ക് ലഭിച്ചു. ‘ശൃംഗാരാവിഷ്ക്കരണം സി. വിയുടെ കൃതികളിൽ‍’, ‘ചെറുകാടിൻ്റെ സ്ത്രീ കഥാപാത്രങ്ങൾ’, ‘അസുരവിത്ത് ഒരു പഠനം’, ‘കാവ്യാരതിയിലെ ലേഖനങ്ങൾ‍’, ‘അർ‍ത്ഥാന്തര’ത്തിലെ മൂന്ന് ലേഖനങ്ങൾ‍, ‘നവകാന്തം’ എന്ന കൃതിയിലെ രണ്ടാം ഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ലേഖനങ്ങൾ‍, ‘സി. രാധാകൃഷ്ണൻ്റെ കഥാലോകങ്ങൾ‍’, ‘കഥാപർവ്വം’, ‘ഹരികഥാലോകം’, ‘അഷ്ടകാന്തം’ എന്നീ കൃതികൾ, സുബാഷ് ചന്ദ്രൻ‍, അശോകൻ‍ ചരുവിൽ, ഹരിത സാവിത്രി, എം. എസ്. ബനേഷ് എന്നിവരുടെ നോവലുകൾക്ക് എഴുതിയ പഠനങ്ങൾ എന്നിവയെല്ലാം തന്നെ കഥാലോകവും തനിക്ക് അനായാസം വഴങ്ങും എന്ന് ടീച്ചർ സ്ഥാപിക്കുന്നു.

ഡോ.എം ലീലാവതി ടീച്ചർക്ക് വയലാർ അവാർഡ് നേടികൊടുത്ത, “അപ്പുവിന്റെ അന്വേഷണം” എന്ന കൃതി.

നിരൂപണ രംഗത്ത് ഡോ. എം. ലീലാവതിയുടെ ആദരണീയമായ ഒരു സംഭാവന എന്നത് ആദിപ്രരൂപാധിഷ്ഠിതമായ ഒരു നിരൂപണരീതി ഉരുത്തിരിയിച്ചു കൊണ്ടുവന്നു എന്നതാണ്. ഫ്രോയിഡീയന്‍ സിദ്ധാന്തങ്ങളോട് ടീച്ചർ‍ക്ക് താല്‍പര്യമില്ലായിരുന്നു. എന്നാൽ ഡോ. സി. എൻ. മേനോൻ്റെ (ബനാറസ് ഹിന്ദു സർവകലാശാല) യൂങ്ങിയൻ പരികല്പനകൾ പഠിക്കുന്ന കാലത്തു തന്നെ ടീച്ചറെ ആകർഷിച്ചിരുന്നു. അരിസ്ട്ടോട്ടിലിന്‍റെ കത്താഴ്സിസ് സങ്കല്‍പ്പവും ഭാരതീയ സൗന്ദര്യ ശാസ്ത്രത്തിലെ ധ്വനി സിദ്ധാന്തവും സമന്വയിപ്പിച്ച് കൃതികളെ വിലയിരുത്താനുള്ള അദ്ദേഹത്തിന്‍റെ ശ്രമവും ടീച്ചറില്‍ ആഭിമുഖ്യം ഉണ്ടാക്കി. ഇതുമായി ബന്ധപ്പെട്ട നിരവധി ഗ്രന്ഥങ്ങളുടെ ഗാഢമായ പാരായണവും അപഗ്രഥനവുമാണ് ‘ആദിപ്രരൂപങ്ങള്‍ സാഹിത്യത്തില്‍’ എന്ന ഗ്രസ്ഥത്തിന്‍റെ രചനയ്ക്ക് പ്രേരകമായത്. എന്നാൽ‍ യുങ്ങിയൻ സിദ്ധാന്തങ്ങളുടെ തനിയാവർ‍ത്തനമല്ല ആ ഗ്രസ്ഥത്തിന്‍റെ ഉള്ളടക്കം. ജീവിവർഗ്ഗങ്ങളും നരവർ‍ഗ്ഗവും പിന്നിട്ടുപോന്ന യുഗയുഗാന്തരങ്ങളിലൂടെ നേടിയ അനുഭൂതി പരമ്പരകളുടെ ചില മുദ്രകൾ സമൂഹാവബോധമനസ്സിൽ‍ വിലയിച്ചു കിടക്കുന്നുണ്ടെന്നും, മനനത്തോടു ബന്ധപ്പെട്ട ഏത് വ്യാപാരത്തേയും അവ നിയന്ത്രിക്കുകയോ സ്വാധീനിക്കുകയോ രൂപപ്പെടുത്തുകയോ ചെയ്യുന്നുണ്ടെന്നും യുങ്ങ് കരുതുന്നു. ഇത് ആനന്ദവർ‍ദ്ധനനൻ്റെ ധ്വനി സങ്കല്‍പ്പത്തോടും അഭിനവഗുപ്ത്തൻ്റെ അഭിവ്യക്തി വാദത്തോടും ചേർന്നു പോകുന്നതാണ് എന്നാണ് ടീച്ചർ‍ യുക്തിയുക്തം സമർഥിക്കുന്നത്. വൃഷ്ടി ചേതസ്സിനേയും സമഷ്ടി ചേതസ്സിനേയും നിഗൂഢതകളെ കുറിച്ചും പരാമർശി‍ക്കുന്ന മാണ്ഡുക്യോപനിഷത്തിൽ‍ പറയുന്ന ജാഗ്രത്, സ്വപ്നം, സുഷുപ്തി, തുരീയം എന്ന പൊരുൾ‍ തന്നെയാണ് സ്വപ്ന-പുരാവൃത്ത-കലാ- രൂപാതികളുടെ നിരീക്ഷണ പാടവത്തിലൂടെയും അപഗ്രഥനത്തിലൂടെയും യുങ്ങ്, എറിക് ന്യൂമാൻ‍ എന്നിവർ‍ ചെന്നെത്തിയിരിക്കുന്നതും എന്ന് ടീച്ചർ‍ സൂചിപ്പിക്കുന്നു. അനാദിവാസന എന്ന് അഭിനവഗുപ്ത്തനും സമൂഹബോധ ചേതസ്സിൽ‍ ചിരന്തനമായി വർത്തിച്ചു പോരുന്ന അനുഭൂതി സാരസഞ്ചയം എന്ന് യുങ്ങും വ്യപദേശിക്കുന്നത് ഒന്നുതന്നെയാണെന്നാണ് ടീച്ചറുടെ പക്ഷം. അങ്ങനെ യുങ്ങിന്‍റേയും അദ്ദേഹത്തെ പിന്തുടരുന്നവരുടേയും ആശയങ്ങളും പൗരസ്ത്യ സൗന്ദര്യദർശനങ്ങളും സമന്വയിപ്പിച്ച് രൂപപ്പെടുത്തിയ ടീച്ചറുടെ നിരൂപണ സിദ്ധാന്തം ആദി പ്രരൂപങ്ങളെ വർഗ്ഗീകരിച്ച് മഹാപിതാവ്, മഹാമാതാവ്, വീരപുരുഷൻ‍, ശിശു പ്രരൂപം, പ്രാതിഭാസിക പ്രരൂപങ്ങൾ, പ്രക്രിയാരൂപങ്ങൾ‍ എന്നിങ്ങനെ വിവിധ തലത്തിൽ‍ വിശദീകരിച്ച് മലയാളത്തിലെ നിരവധി കവിതളേയും കഥകളേയും അതിന്‍റെ അടിസ്ഥാനത്തിൽ ടീച്ചർ‍ പഠിക്കുകയും തന്‍റെ സിദ്ധാന്തത്തിന്‍റെ പ്രായോഗിക തലം മനസ്സിലാക്കിത്തരുകയും ചെയ്യുന്നു.

ലീലാവതി ടീച്ചർ മഹാരാജാസിൽ ക്ലാസ്സ്‌ എടുക്കുന്നു.

അന്യോന്യം പൊരുത്തപ്പെട്ടു പോകില്ലെന്നു പലരും കരുതുന്ന ആശയപ്രപഞ്ചം, ധർ‍മ്മബോധം, വികാരതീവ്രത എന്ന മൂന്ന് മുനകളോടുകൂടിയ ത്രികോണത്തിൽ ഒതുങ്ങുന്ന ആശയപുണ്യഭൂമിയെ രൂപപ്പെടുത്തുന്നതിനെ കുറിച്ച് ടീച്ചർ‍ സൂചിപ്പിച്ചിട്ടുണ്ട്. (ത്രികോണത്തിലെ മാന്ത്രിക വൃത്തം). അതുപോലെ തന്നെ അഭിനവഗുപ്തൻ‍, യുങ്ങ്, മാര്‍ക്സ് എന്നീ ചിന്തകളെ മൂന്ന് മൂലകളിലാക്കി സങ്കല്‍പ്പിച്ച് ഒരു ത്രികോണം വരച്ചാൽ‍ അവരുടെ കലാതത്വവിചാരങ്ങളെ സമന്വയിപ്പിക്കുന്ന ഒരു മന്ത്ര വൃത്തത്തെ കുറിച്ചും ടീച്ചർ വിഭാവനം ചെയ്യുന്നുണ്ട്. (അഭിനവ ഗുപ്തൻ, യുങ്ങും, മാർക്സും). പ്രത്യക്ഷത്തിൽ ഇവർ‍ തമ്മിൽ യോജിപ്പില്ലെന്ന് തോന്നിയാലും മൂർത്തമാന ജീവിതവും മനുഷ്യാവസ്ഥകളുമാണ് ഉത്തമ സാഹിത്യത്തിന്‍റെ വിഷയമെന്ന മാർക്സിയ ന്നു‍ ദർശനത്തിന് വിരുദ്ധമല്ല, വിഭാവാദികളെ കുറിച്ചുള്ള ഭാരതീയ ദർ‍ശനം. വ്യക്തിയുടെ ജന്മ പരമ്പരകൾ എന്ന ഭാരതീയ സങ്കൽപത്തിൽ‍ നിന്ന് യുങ്ങിന്‍റെ സങ്കല്‍പ്പം വ്യത്യസ്തമാണെങ്കിലും അനുഭൂതികൾ‍ വ്യക്തിയുടെ ആവിർഭാവത്തിന് ശേഷമുള്ളവ മാത്രമല്ല എന്ന വീക്ഷണത്തിൽ‍ യുങ്ങും അഭിനവ ഗുപ്തനും യോജിക്കുന്നു. വ്യക്തി, സമൂഹത്തിന്‍റെ ഘടകം മാത്രമാണെന്ന, സമൂഹത്തിന്‍റെ സമഗ്ര ജീവിത ഭദ്രതയ്ക്ക് വ്യക്തിസ്വീയമായ സംഭാവന നല്‍കണമെന്നുമുള്ള മാക്സിയൻ‍ ദർശനത്തിന് ഒട്ടും തന്നെ വിരുദ്ധമല്ല, യുങ്ങിന്‍റേയും അഭിനവ ഗുപ്ത്തന്‍റെയും സാഹിത്യ ദർശനം എന്നാണ് ടീച്ചറുടെ അഭിപ്രായം. വാസ്തവത്തിൽ‍ ഇതുതന്നെയാണ് ടീച്ചറുടെ നിരൂപണ പ്രപഞ്ചത്തിന്‍റെ ഭൂമിക.

ഡോ. എം. ലീലാവതി

ലീലാവതി ടീച്ചർ വളരെ ഗൗരവത്തോടെ കൈകാര്യം ചെയ്തിട്ടുള്ള മേഖല സാഹിത്യ ചരിത്രമാണ്. ഒരു നല്ല സാഹിത്യ ചരിത്രം കൃതികളേയും പ്രസ്ഥാനങ്ങളേയും സാംസ്കാരിക കാലഘട്ടങ്ങളേയും ബന്ധപ്പെടുത്തി ചരിത്രപരമായ മാറ്റത്തെ കുറിച്ച് സൂചിപ്പിച്ച് ക്രമബദ്ധമായി രേഖപ്പെടുത്തുന്നതാണ്. കാലാനുക്രമമായ ഗ്രന്ഥവിവരണത്തിനപ്പുറം സാഹിത്യത്തെ രൂപപ്പെടുത്തുന്ന ചരിത്രപരമായ സാഹചര്യങ്ങളും സാഹിത്യരൂപങ്ങളുടെ ഉരുവപ്പെടലും പ്രാന്തവല്‍ക്കരിക്കപ്പെട്ടവയെ ഉൾ‍പ്പെടുത്തിയുള്ള വിപുലീകരണവും വിലമതിപ്പും ചരിത്ര ധാരണയും ഉണ്ടായിരിക്കണം. ഒരുപക്ഷേ ലീലാവതി ടീച്ചറുടെ കവിതാ സാഹിത്യ ചരിത്രത്തെ ഇതര സാഹതീയ ചരിത്രങ്ങളിൽ നിന്നു ഭിന്നമാക്കുന്ന സവിശേഷതയും ഇതുതന്നെയാകാം. വ്യക്തി, ജാതി, മതം മുതലായവയെ ആസ്പദമാക്കിയുള്ള രാഗദ്വേഷമോ, പ്രത്യയശാസ്ത്രം, വിശ്വാസം മുതലായവയിൽ അധിഷ്ഠിതമായ പൂർവ്വനിഗമനങ്ങളോ മൂല്യവിവേചനത്തെ സ്വാധീനിക്കാതെ 15 അദ്ധ്യായങ്ങളിലായി മലയാള കവിതയുടെ വികാസ പരിണാമങ്ങൾ സമഗ്രമായി രേഖപ്പെടുത്തുന്ന ഈ കൃതി മലയാള സാഹിത്യത്തിന് മുതൽക്കൂട്ടാണ് എന്ന കാര്യത്തിൽ തർ‍ക്കമില്ല. (കവിതാ സാഹിത്യ ചരിത്രം പരിഷ്ക്കരിച്ച പതിപ്പ് തയ്യാറാക്കാൻ രണ്ടുവട്ടം കഠിന ശ്രമം ചെയ്ത് പുതിയ കവികളെ പഠിച്ച് ഉൾ‍പ്പെടുത്തി തയ്യാറാക്കി കൊടുത്ത വിശദമായ കുറിപ്പുകൾ അവ കൈമോശംവന്നു എന്ന മുടന്തൻ‍ ന്യായം പറഞ്ഞു ഉൾപ്പെടുത്തിയില്ല. പുതിയ കവികളെ അവഗണിച്ചു എന്ന ആരോപണം ഇന്നും ടീച്ചറുടെ മേലുണ്ട്.

മലയാള സാഹിത്യ നിരൂപണത്തിന്‍റെ അടിവേരുകൾ ഈ മേഖലയിൽ‍ അന്യഭാഷകളിലെ കുതിപ്പുകൾ എന്നിവയൊക്കെ മനസ്സിലാക്കി അതിൽ‍ നിന്നുള്ള ഊർ‍ജ്ജം മലയാള നിരൂപണം എവ്വിധം സ്വാംശീകരിച്ചു എന്ന അന്വേഷണമാണ് രണ്ട് ഭാഗങ്ങളിലായി (12 അധ്യായങ്ങൾ‍) ‘സാഹിത്യ നിരൂപണത്തിലെ ദിശാബോധം’ എന്ന കൃതി. നിരൂപണ ചരിത്രമല്ലാത്തതു കൊണ്ട് നിരൂപണത്തിൽ ഏർപ്പെട്ട എല്ലാവരെ പറ്റിയും പറഞ്ഞു പോകുന്നില്ലെങ്കിലും സാന്ദർഭികമായി ചിലരെയൊക്കെ സൂചിപ്പിക്കുന്നുണ്ട്. ഈ കൃതിയും ടീച്ചറുടെ ‘സത്യം ശിവം സുന്ദരം’ എന്ന കൃതിയും ചേർത്തു വെച്ചാൽ‍ മലയാള നിരൂപണ മേഖലയെ കുറിച്ച് വ്യക്തമായ ധാരണ ലഭിക്കും അതുപോലെ തന്നെ ‘ഫെമിനിസം – ചരിത്രപരമായ അന്വേഷണം’, ‘സ്ത്രീ സ്വത്വാവിഷ്ക്കാരം മലയാള സാഹിത്യത്തിൽ‍’ എന്നീ കൃതികൾ‍ ചേർ‍ത്തുവെച്ചാൽ സ്ത്രീ സാഹിത്യത്തെ സംബന്ധിച്ച് നല്ലൊരു ചരിത്രബോധം സ്വായത്തമാകും. ഈ കൃതികളെല്ലാം പ്രതിഫലിപ്പിക്കുന്നത് ടീച്ചറുടെ വ്യക്തവും കൃത്യവുമായ ചരിത്രബോധമാണ്.

നിരൂപക എന്ന നിലയിലാണ് ലീലാവതി ടീച്ചർ‍ പ്രശസ്ത എങ്കിലും ആദ്യമായി പ്രസിദ്ധീകരിച്ച ടീച്ചറുടെ കൃതി ഒരു ജീവചരിത്രമാണ് – ‘ഫ്ളോറന്‍സ് നൈറ്റിംങ്ഗേൾ‍’. പഠനത്തിൻ ഏറെ മികവ് പ്രദർ‍ശിപ്പിച്ചിട്ടും സാമ്പത്തിക പരാധീനത കൊണ്ട് വൈദ്യശാസ്ത്ര മേഖലയിൽ‍ പഠനം നടത്താൻ നിർവാഹമില്ലാതെ വന്നപ്പോൾ‍ ആതുരശുശ്രൂഷ രംഗത്ത് ഒരു നഴ്സ് എങ്കിലും ആകണം എന്ന താല്‍പര്യം ടീച്ചര്‍ വെച്ചുപുലർ‍ത്തിയിരുന്നു. സ്വാഭാവികമായി ഫ്ളോറന്‍സ് നൈറ്റിംങ്ഗേൾ‍ ആയിരുന്നു മാതൃക. അവരെ കുറിച്ചുള്ളതാണ് ആദ്യമായി അച്ചടി മഷി പുരണ്ട കൃതി എന്നത് യാദൃശ്ചികമായിരുന്നു. ജീവിതത്തിൻ മാതൃകയാക്കാൻ‍ ആഗ്രഹിക്കുകയും താൻ ആദരിക്കുകയും ചെയ്യുന്ന വ്യക്തികളുടെ അഞ്ച് ജവചരിത്രങ്ങൾ ടീച്ചർ‍ രചിച്ചിട്ടുണ്ട്. കവികളെ സംബന്ധിച്ച മുന്ന് ലഘു ജീവചരിത്രങ്ങളും.

ലീലാവതി ടീച്ചർ‍ വിലപ്പെട്ട സംഭാവന നല്‍കിയിട്ടുള്ള മറ്റൊരു ശാഖ വിവർ‍ത്തനമാണ്. ഡോ. ഡി. സി. കൊസംബിയുടെ പ്രാചീന ഭാരതത്തിന്‍റെ സംസ്ക്കാരവും നാഗരികതയും എന്ന ഗ്രന്ഥം വളരെ കരുതലോടെയാണ് ടീച്ചർ വിവർത്തനം ചെയ്തിട്ടുള്ളത്. യുഎസ്ഐഎസ് പ്രസിദ്ധീകരിച്ച നിരവധി കൃതികൾ ടീച്ചർ‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭർത്താവ് ഡോ. സി. പി. മേനോനോടൊപ്പം ദി മിസ്റ്റീരിയസ് യൂണിവേഴ്സ് (അദ്ഭുതപ്രപഞ്ചം) എന്ന കൃതി തർജ്ജമ ചെയ്തു. കൂടാതെ കേരള ഭാഷ ഇൻ‍സ്റ്റിറ്റ്യൂട്ടിനു വേണ്ടിയും കേന്ദ്ര സാഹിത്യ അക്കാദമിക്കു വേണ്ടിയും പരിഭാഷകൾ‍ നിർ‍വഹിച്ചിട്ടുണ്ട്. സർ‍ഗ്ഗാത്മക കൃതിക്ക് അക്കാദമി അവാർഡ് ലഭിച്ച വ്യക്തിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പരിഭാഷയ്ക്കും അവാർഡ് നല്‍കുക എന്ന അപൂർ‍വ്വ സൗഭാഗ്യം ലഭിച്ച ഏക വ്യക്തി ലീലാവതി ടീച്ചറാണ്. ടീച്ചറുടെ ശ്രീമദ് വാത്മീകി രാമായണം-പരിഭാഷാ വ്യാഖ്യാനം എന്ന ബൃഹത്കൃതിയാണ് ആ അപൂർവ്വ ബഹുമതി നേടി കൊടുത്തത്.

ലീലാവതി ടീച്ചറും ഭർത്താവ് ഡോ. സി. പി. മേനോനും

കവിതയോടുള്ള മമത കാരണം എഴുതിപ്പോയ കവിതയുടെ സമാഹാരമാണ് ‘അശ്രുപൂജ’, ‘നിറഞ്ഞ കണ്ണ്’ എന്നിവ. സാമൂഹിക വിഷയങ്ങളെ സംബന്ധിച്ച് കൃത്യമായി പ്രതികരിക്കുന്ന വ്യക്തിയാണ് ടീച്ചർ‍.അത്തരം ചില പ്രതികരണങ്ങൾ സമാഹരിച്ചതാണ് ‘ആശകൾ‍, ആശങ്കകൾ‍, ആകുലതകൾ‍’, ‘കരിയുന്ന കുട്ടികൾ‍ കരയുന്ന വലിയവർ‍’, ‘എട്ടുനാൾ കുട്ടികൾ‍ക്കൊപ്പം’ എന്നീ കൃതികൾ‍. ഭാഷയെ സംബന്ധിച്ച ടീച്ചറുടെ ഉൾക്കാഴ്ച്ചകൾ‍ രേഖപ്പെടുത്തിയ കൈപ്പുസ്തകമാണ് ‘നല്ലെഴുത്ത്’.

ലീലാവതി ടീച്ചറുടെ സാഹിത്യ സംഭാവനകളെ കുറിച്ച് പറയുമ്പോൾ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഭാരതീയ ഇതിഹാസ പുരാണ സംബന്ധിയായി ടീച്ചർ രചിച്ച കൃതികൾ‍. വേദോപനിഷത്ത് കാലം, ബുദ്ധകാലം, ഇതിഹാസപുരാണ കാലം, സംസ്കൃത സാഹിത്യകാലം, മലയാള സാഹിത്യം എന്നിവയിൽ‍ സ്ത്രീ എങ്ങിനെ ചിത്രീകരിക്കപ്പെടുന്നു എന്നുള്ള അന്വേഷണമാണ് ‘ഭാരതസ്ത്രീ’. ഇത്ര വിപുലവും അഗാധവുമായ ഒരു അന്വേഷണം ഭാരതത്തിലെ ഏതെങ്കിലും ഭാഷയിൽ ലഭ്യമാണോ എന്നറിയില്ല. പുരാണകഥാപാത്രങ്ങളെ ഭവത്ക്കാലവുമായി ബന്ധിപ്പിച്ച് അവതരിപ്പിക്കുന്ന രീതി വായനയെ ഉന്മിഷത്താക്കുന്നു. ‘സത്യധർമ്മ ദർ‍ശനം ഇതിഹാസങ്ങളിൽ‍, ‘ശ്രീമദ് വാത്മീകി രാമായണം-പരിഭാഷ വ്യാഖ്യാനങ്ങൾ‍’ മൂന്ന് വാല്യം, ‘ഭഗവത്ഗീതാ വ്യാഖ്യാനം’, ‘ഭാരതാലോകം’ എന്നീ കൃതികളെല്ലാം തന്നെ ഈ മേഖലയിൽ‍ ടീച്ചർക്കുള്ള അഗാധമായ പാണ്ഡിത്യത്തിന്‍റെ നിദർശനങ്ങളാണ്. ഇടുങ്ങിയ മത വീക്ഷണത്തിൽ നിന്ന് വിടുതല്‍ തേടി ധർ‍മ്മാധർ‍മ്മങ്ങളുടെ കേവല ധർമ്മത്തേയും സ്വധർ‍മ്മത്തേയും ശരിയാം വണ്ണം ഗ്രഹിച്ച് വ്യാഖ്യാനിക്കാൻ‍ ശ്രമിക്കുന്നു എന്നതാണ് ലീലാവതി ടീച്ചറുടെ ഇതിഹാസ ദർ‍ശനത്തിന്‍റെ കരുത്ത്. അത് അവസാന വാക്കാണ് എന്ന് ടീച്ചറുറപ്പിച്ചു പറയുന്നുമില്ല. ടീച്ചറുടെ വിവക്ഷിതം രേഖപ്പെടുത്തുന്നു എന്നു മാത്രം. ഇതിഹാസങ്ങൾക്ക് ജനങ്ങളെ രസിപ്പിക്കുക എന്നതിനപ്പുറം വിമലപ്രബോധമുളവാക്കുക എന്ന ധർമ്മം കൂടിയുണ്ടെന്നും കാലനിരപേക്ഷമായ ലക്ഷ്യത്തിനൊപ്പം കാലബന്ധമായ ലക്ഷ്യവും അവ എങ്ങിനെ നിർ‍വഹിക്കുന്നു എന്നറിയാനുള്ള താല്‍പര്യവുമാണ് ഇത്തരം പഠനങ്ങൾ‍ക്ക് ടീച്ചറെ പ്രേരിപ്പിക്കുന്നതെന്നും ടീച്ചർ സൂചിപ്പിക്കുന്നു. അതാണ് ടീച്ചറുടെ ഇതിഹാസ ദർശനത്തിന്‍റെ അനന്യത.

ഫലാശക്തിയില്ലാത്ത കർമ്മനിഷ്ഠയാണ് തന്‍റെ എഴുത്തിന്‍റെ ആധാരശിലയെന്ന് ടീച്ചർ പറയുന്നുണ്ട് (ഭഗവത്ഗീതാ വ്യാഖ്യാനം). പ്രതിബന്ധങ്ങളെ പ്രതിരോധിക്കാൻ‍ ടീച്ചർ‍ക്ക് ശക്തി നല്‍കുന്നതും അതാകാം. കൊസംബിയുടെ പുസ്തക വിവർത്തനത്തിന്‍റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് പ്രശ്നം ഉണ്ടായപ്പോൾ‍ അത് നേരിടാൻ ടീച്ചർ‍ക്ക് കുറേകൂടി പ്രായം കുറവായിരുന്നു. എന്നാൽ ‘ഇരുപതാം നൂറ്റാണ്ടിലെ മലയാള സാഹിത്യ നിരൂപണം’ എന്ന ഗൗരവമായ പദ്ധതി ഏറ്റവും പ്രതിബദ്ധതയോടെ ചെയ്തു സമർ‍പ്പിച്ച, മരിച്ചുപോയ സാഹിത്യകാരന്മാരുടെ അനന്തരാവകാശികളുടെ സമ്മതപത്രവും നേടി സമർ‍പ്പിച്ച് ടീച്ചറുടെ ഭാഗത്തുനിന്നുള്ള എല്ലാ കാര്യവും ചെയ്തു തീർ‍ത്തിട്ടും അതിന്‍റെ ഗതിയേ കുറിച്ച് ടീച്ചറെ അറിയിക്കാൻ‍ കേന്ദ്ര സാഹിത്യ അക്കാദമിയോ അതിലെ മലയാള ഉപദേശക സമിതിയോ തയ്യാറാകുന്നില്ലെന്നത് ഈ ജ്ഞാനവൃദ്ധയോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ്. നിരൂപണത്തിൽ‍ പെണ്ണിന്‍റെ സാഹസസഞ്ചാരങ്ങൾക്ക് അത്രയേ വിലയുള്ളൂ എന്ന മനോഭാവം ഈ ഒരു സാഹചര്യത്തിൽ‍ പിടിച്ചുനില്‍ക്കാൻ‍ കഴിയുന്നത് ടീച്ചറുടെ ആത്മീയ ശക്തി ഒന്നു കൊണ്ടു മാത്രമാണ്. അതെ, അഹം ബോധത്തിൽ നിന്ന് മുക്തി നേടുക ആന്തരിക അവ്യവസ്ഥകളെ എഴുത്തുകൊണ്ട് പ്രതിരോധിക്കുക കൃത്യമായ വൈദഗ്‌ദ്യത്തോടെയും അനുതാപത്തോടെയും സാഹിത്യത്തെ സമീപിക്കുക എന്ന രീതിതന്നെയാണ് ഇന്നും മലയാള സാഹിത്യ രംഗത്ത് സജ്ജീവമായി പിടിച്ചു നില്‍ക്കാൻ ടീച്ചറെ പ്രാപ്തയാക്കുന്നത്.

About Author

ഡോ. രതി മേനോൻ

ആലുവ സെൻ്റ് സേവിയേഴ്സ് കോളേജിലെ മലയാള വിഭാഗം അദ്ധ്യക്ഷയായി വിരമിച്ചു. നിരൂപകയും വിവർത്തകയും. റേച്ചൽ കാഴ്സൺ എഴുതിയ വിഖ്യാതമായ നിശബ്ദവസന്തം മലയാളത്തിലേക്ക് വിവർത്തനം ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

0
Would love your thoughts, please comment.x
()
x