A Unique Multilingual Media Platform

Articles Cinema Kerala Law Society

ചില ക്രിമിനോളജിക്കല്‍ പാഠങ്ങൾ: ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍’‍ എന്ന ചിത്രവും സിസ്റ്റവും

  • September 17, 2026
  • 1 min read
ചില ക്രിമിനോളജിക്കല്‍ പാഠങ്ങൾ: ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍’‍ എന്ന ചിത്രവും സിസ്റ്റവും

(മുന്നറിയിപ്പ്: ഈ ലേഖനത്തിൽ ചിത്രത്തിൻ്റെ കഥാഗതിയെയും പ്രധാന സംഭവവികാസങ്ങളെയും കുറിച്ചുള്ള വെളിപ്പെടുത്തലുകൾ ഉൾപ്പെടുന്നുണ്ട്. കഥയിലെ വഴിത്തിരിവുകൾ മുൻകൂട്ടി അറിയാൻ താൽപര്യമില്ലാത്ത വായനക്കാർ ശ്രദ്ധിക്കുക.)

 

ക്രിമിനോളജിയിലെ പ്രധാനപ്പെട്ട ഒരു ശാഖയാണ് കുറ്റകൃത്യങ്ങളിലേക്ക് ഒരു മനുഷ്യനെ നയിക്കുന്ന സാഹചര്യങ്ങളുടെ മനഃശാസ്ത്രപരമായ പഠനം അഥവാ Situational Criminology എന്നത്. നിയമ പുസ്തകങ്ങളിൽ തെറ്റും ശരിയും കറുപ്പും വെളുപ്പുമായി കൃത്യമായി വേർതിരിച്ചും നിര്‍വ്വചിച്ചും വെച്ചിട്ടുണ്ടെങ്കിലും, യഥാർത്ഥ ജീവിതത്തിൽ അവ പലപ്പോഴും തിരിച്ചറിയാൻ കഴിയാത്ത വിധം ചാരനിറമാര്‍ന്ന്, ഇടകലർന്നു കിടക്കുന്ന അവസ്ഥ സംജാതമാകാറുണ്ട്.

‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍’ എന്ന സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെത്തന്നെ, പ്രഥമദൃഷ്ട്യാ (Prima Facie) മാത്രം കാര്യങ്ങളെ നോക്കിക്കാണുന്ന, നിയമസംഹിതയ്ക്ക് മുന്നിൽ കുറ്റക്കാരായി മുദ്രകുത്തപ്പെടുന്ന ഒരു കൂട്ടം സാധാരണ പൊലീസുകാരുടെ കഥയാണ് ചിത്രം ഏറ്റവും ലളിതമായി പറയാം.

 

നിയമപുസ്തകവും അതിജീവനചോദനയും

കുറ്റവാളിയെ കണ്ടെത്താനുള്ള സ്വാഭാവിക ട്രാക്കില്‍ നിന്ന് മാറി, തികച്ചും സാന്ദര്‍ഭികമായ എന്നാല്‍ തീര്‍ത്തും തെറ്റായ ഒരു സാഹചര്യത്തിൽ കുടുങ്ങിപ്പോകുന്ന സാധാരണക്കാരായ പോലീസുകാര്‍ക്ക് എന്ത് സംഭവിക്കും എന്ന അന്വേഷണം കൂടിയായി ഷാഹദ് സംവിധാനം ചെയ്ത ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ എന്ന ചിത്രം മാറുന്നുണ്ട്. ഒരു പേരിന്റെ അർത്ഥവ്യാപ്തിക്കപ്പുറം, കുറ്റകൃത്യങ്ങളുടെ മനഃശാസ്ത്രവും നിയമപരമായ നിർവചനങ്ങളും വ്യത്യസ്തമായ രീതിയില്‍ വിശകലനം ചെയ്യപ്പെടുന്ന ഒരു അനുഭവം ഇവിടെ രൂപപ്പെടുന്നു.

ചിത്രത്തിൻറെ പരസ്യ പ്രചാരണ പോസ്റ്റർ

പൊതുവില്‍, മലയാള സിനിമയിലെ കുറ്റാന്വേഷണ ഫോർമാറ്റുകൾ കാലങ്ങളായി സഞ്ചരിക്കുന്ന വഴിയിലൂടെയല്ല ഈ സിനിമയുടെ സഞ്ചാരം എന്നത് ശ്രദ്ധേയമാണ്. ശക്തനും ബുദ്ധിമാനുമായ ഒരു താരപരിവേഷത്തില്‍- ഒരു നായകന്റെയോ അല്ലെങ്കിൽ അതിബുദ്ധിമാനായ ഒരു ഹീറോ ഇൻവെസ്റ്റിഗേറ്ററുടെയോ പിന്നാലെ നീങ്ങുന്ന പതിവ് രീതികളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ഇവിടെ കാര്യങ്ങള്‍. ഒരു പോലീസ് സ്റ്റേഷന്റെ നാലു ചുവരുകൾക്കുള്ളിൽ, പെട്ടെന്ന്, തീര്‍ത്തും സാന്ദര്‍ഭികമായി ഉണ്ടാകുന്ന ഒരപകടവും അതിനെത്തുടർന്നുണ്ടാകുന്ന ആഘാതങ്ങളും സംഘര്‍ഷങ്ങളും ചിത്രം ശക്തമായി ആവിഷ്കരിക്കുന്നു.

പോലീസുകാരനായ ഭർത്താവിന്റെ ദാരുണ മരണത്തെ തുടർന്ന്, ആശ്രിത നിയമനത്തിലൂടെ സ്റ്റേഷനിലേക്ക് ജോലിക്കെത്തുന്ന അലീന എബ്രഹാം എന്ന സിവിൽ പോലീസ് ഓഫീസർ, തന്റെ ചുറ്റുമുള്ള പൊതുവില്‍ പുരുഷമേധാവിത്വമുള്ള ഔദ്യോഗിക ലോകത്ത് ആദ്യഘട്ടത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കി വരാന്‍‍ പാടുപെടുന്ന ഒരു സാധാരണ സ്ത്രീ കൂടിയാണ്. അപ്പോഴും ക്ലറിക്കല്‍ തസ്തികയിലേക്കുളള വാഗ്ദാനം നിരസിച്ച് അവര്‍ യൂണിഫോം ധരിക്കുന്നത് ഭര്‍ത്താവിന് ആ തൊഴിലിനോട് ഉണ്ടായിരുന്ന പാഷന്‍ അല്ലെങ്കില്‍ അഭിനിവേശം കൊണ്ട് കൂടിയാണ്. ഒരു രാത്രിയിലുളള വാഹന പരിശോധനയെത്തുടര്‍ന്ന്, സ്റ്റേഷനിൽ വെച്ചുണ്ടാകുന്ന ആകസ്മികമായ അപകടവും, തുടർന്ന് നിയമത്തിന്റെ കൈകളിൽ നിന്ന് രക്ഷപ്പെടാൻ ‍ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ നടത്തുന്ന നെട്ടോട്ടവുമാണ് ചിത്രത്തിന്റെ പൊതുപശ്ചാത്തലം. ക്രിമിനോളജി അഥവാ കുറ്റശാസ്ത്രം എന്നത് കേവലം കുറ്റവാളിയെ പിടികൂടൽ മാത്രമല്ലെന്നും കുറ്റകൃത്യത്തിലേക്ക് വ്യക്തിയെ നയിക്കുന്ന പശ്ചാത്തലങ്ങളെയും സാമൂഹിക സാഹചര്യങ്ങളെയും അപഗ്രഥിക്കല്‍ കൂടിയാണെന്നും നേരത്തേ സൂചിപ്പിച്ചുവല്ലോ. ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ എന്ന ശീർഷകം തന്നെ ഒരര്‍ഥത്തില്‍, നിയമപരമായ ഈ തത്വത്തെ പ്രശ്നവല്‍ക്കരിക്കുന്നുണ്ട്. Prima Facie എന്ന ലാറ്റിന്‍ പദം നിയമസംജ്ഞയായി ഉപയോഗിക്കുന്നതാണ്, മലയാളത്തില്‍ ‘പ്രഥമദൃഷ്ട്യാ’ എന്നാകുന്നത്. ആദ്യ അറിവിലും സാഹചര്യത്തിലും കുറ്റക്കാരായി മാറുന്ന നാല് പൊലീസുകാരെ-അലീന എബ്രഹാം (പാർവതി തിരുവോത്ത്), ശ്രീനാഥ് (മാത്യു തോമസ്), ദാസൻ (സിദ്ധാർത്ഥ് ഭരതൻ), ദിവ്യ (ഉണ്ണിമായ പ്രസാദ്)-സിനിമയില്‍ ചിത്രീകരിക്കുന്നു. ഭയത്തിന്റെയും ഉത്കണ്ഠയുടെയും നിതാന്ത സാഹചര്യത്തിലൂടെ കഥാപാത്രങ്ങളും പ്രേക്ഷകരും നീങ്ങുന്നു എന്നതില്‍ സിനിമാ സ്ക്രിപ്റ്റിന്റെയും സംവിധാനത്തിന്റെയും മികവ് പ്രകടമാകുന്നു. തുച്ഛമായ ശമ്പളത്തിനും സ്റ്റേഷനിലെ അനന്തമായ ജോലിഭാരത്തിനും ഇടയിൽ ജീവിച്ചുതീർക്കുന്ന സാധാരണക്കാരായ പൊലീസുകാരുടെ നേര്‍ചിത്രം കൂടി ഇവിടെ വെളിപ്പെടുന്നുണ്ട്. പാര്‍വ്വതി തിരുവോത്ത് അവതരിപ്പിക്കുന്ന അലീന എബ്രഹാമിന്റെ ലോകം ഒരേസമയം അരക്ഷിതവും ദയനീയവുമാണ്.

 

പാര്‍വ്വതി തിരുവോത്ത് എന്ന നടി

മലയാള സിനിമയിൽ സ്വന്തം നിലപാടുകൾ കൊണ്ടും ശക്തമായ കഥാപാത്ര തെരഞ്ഞെടുപ്പുകൾ കൊണ്ടും എപ്പോഴും ചർച്ച ചെയ്യപ്പെട്ടിട്ടുളള നടിയാണ് പാർവതി തിരുവോത്ത്. മലയാള സിനിമയിൽ സ്ത്രീകേന്ദ്രീകൃത കഥാപാത്രങ്ങളിലൂടെയും ശക്തമായ നിലപാടുകളിലൂടെയും വഴിമാറിനടന്ന നടിയാണ് പാർവ്വതി തിരുവോത്ത്. എന്നാൽ തന്റെ നീണ്ട അഭിനയജീവിതത്തിൽ ആദ്യമായിട്ടാണ് താരം ഒരു പോലീസ് വേഷത്തിൽ, അതും ഒരു സാധാരണ സിവിൽ പോലീസ് ഓഫീസറുടെ വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത്. അലീന എന്ന കഥാപാത്രത്തെ പാർവതി അവതരിപ്പിച്ചിരിക്കുന്നത് വലിയ ഡയലോഗുകളിലൂടെയോ ആക്ഷന്‍ രംഗങ്ങളിലൂടെയോ അല്ലെന്നത് ഓര്‍ക്കണം. ആ അര്‍ഥത്തില്‍, ഈ കഥാപാത്രം, ഒരു നടി എന്ന നിലയില്‍ അവരുടെ കരിയറിലെ വലിയൊരു പരീക്ഷണം കൂടിയാണ്. തന്റെ കണ്ണുകളിലെ പ്രതിഫലനങ്ങളിലൂടെയും ഭയം ഊറിനില്‍ക്കുന്ന നിശബ്ദതയിലൂടെയും അവര്‍ കഥാപാത്രത്തിന്റെ അവസ്ഥ ഗംഭീരമായി ആവിഷ്കരിക്കുന്നു.

സിനിമയിൽ പാർവതി ചെയ്യുന്ന പോലീസ് വേഷം

ഭർത്താവിന്റെ (ആസിഫ് അലി) വേർപാടിന്റെ നോവും, കുഞ്ഞിന്റെ കാര്യത്തിലുളള അരക്ഷിതാവസ്ഥയും, അബദ്ധവശാല്‍ സംഭവിച്ച കൈപ്പിഴ തന്റെ ജീവിതം തകർത്തു കളയുമോ എന്ന ഭയവും ഒരേസമയം മുഖത്ത് പ്രതിഫലിപ്പിക്കുക എന്നതാണ് ഈ കഥാപാത്രത്തിലൂടെ അവര്‍ ഏറ്റെടുത്ത പ്രധാന വെല്ലുവിളി. അവിടെയാണ് അവരിലെ അഭിനേത്രിയെ സിനിമാലോകം കൂടുതല്‍ ആഴത്തില്‍ അറിയുന്നത് എന്നു തന്നെ പറയാം..! വിജയരാഘവൻ അവതരിപ്പിച്ച ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹാരിസ് മീരാൻ എന്ന വളരെ ടഫ് ആയ ഉദ്യോഗസ്ഥന്റെ അന്വേഷണത്തെ നേരിടാൻ അലീന തന്ത്രങ്ങൾ മെനയുന്ന രംഗങ്ങള്‍ സിനിമയില്‍ പ്രധാനമാണ്. ഇവിടെ ഒരു മുൻനിര നായിക എന്ന നിലയിലുള്ള ഇമേജ് പൂർണ്ണമായും മാറ്റിവെച്ച്, സിസ്റ്റത്തിന്റെ മുന്നിൽ വിയർപ്പൊഴുക്കുന്ന ഒരു സാധാരണ ഉദ്യോഗസ്ഥയായി പാർവതി നടത്തുന്ന മേക്ക് ഓവര്‍ ശ്ലാഘനീയിമാണ്. താൻ ചെയ്യുന്ന തൊഴിലിന്റെ ഭാരവും, സമൂഹത്തിന്റെ മുൻപിൽ കുറ്റവാളിയായി ചിത്രീകരിക്കപ്പെടുമോ എന്ന ഭയവും തമ്മിലുള്ള വലിയൊരു ആന്തരിക സംഘർഷം നടിയുടെ ശരീരഭാഷയിൽ പ്രകടമാണ്. അവിടെയാണ് പാര്‍വ്വതിയിലെ, ആക്ടര്‍ സ്വയം രാകി മൂര്‍ച്ച കൂട്ടുന്നതും. സിനിമയുടെ ദൃശ്യപരതയ്ക്കും ബോക്സ് ഓഫീസ് സമവാക്യങ്ങൾക്കും അപ്പുറം, ഇതിലെ സിനിമാ സന്ദര്‍ഭങ്ങളും അഭിനയമുഹൂർത്തങ്ങളും വീക്ഷിക്കുമ്പോള്‍, തന്റെ അഭിനയജീവിതത്തിന്റെ രണ്ടാം ദശാഘട്ടത്തിൽ നിൽക്കുന്ന പാർവ്വതി തിരുവോത്ത്, സ്വന്തം കരിയറിലെ ഏറ്റവും കഠിനമായ പരീക്ഷണഘട്ടത്തെക്കൂടിയാണ് ഈ ചിത്രത്തിലൂടെ മറികടക്കുന്നത് എന്ന് തോന്നിപ്പോകും. ‘ഉള്ളൊഴുക്കി’ലെ (2024-ക്രിസ്റ്റോ ടോമി) അഞ്ജുവിന്റെ ഗംഭീരമായ മറ്റൊരു തുടര്‍ച്ച കൂടി അലീനയില്‍ കാണാം.

 

കുറ്റശാസ്ത്രത്തിന്റെ വഴികള്‍

സിനിമ കേവലം ഒരു സസ്പെൻസ് ത്രില്ലർ എന്നതിലുപരിയായി നമ്മുടെ നീതിന്യായ വ്യവസ്ഥയെയും ക്രിമിനോളജി അഥവാ കുറ്റശാസ്ത്ര സിദ്ധാന്തങ്ങളെയും വിശകലനം ചെയ്യാനുളള ശ്രമം നടത്തുന്നുണ്ട്. ഇവിടെ ക്രിമിനോളജിയുടെ ഭാഗമായി കടന്നു വരുന്ന ഒരു ചോദ്യം, ശ്രദ്ധിച്ചാല്‍ തിരിച്ചറിയാനാകും. സിസ്റ്റത്തിന്റെ അഥവാ നിയമവ്വസ്ഥയുടെ ഭാഗമായി പ്രവർത്തിക്കുന്നവർ തന്നെ ആ സിസ്റ്റത്തിന്റെ കുരുക്കുകളും രീതിയും ഭയന്ന് ഒളിച്ചോടാൻ തുനിയുമ്പോൾ, നീതിന്യായവ്യവസ്ഥയിലെ പഴുതുകളാണോ അതോ മനുഷ്യ സഹജമായ അതിജീവനചോദനയാണോ ഇവിടെ മുന്നിട്ടു നില്‍ക്കുന്നത്? സ്വയരക്ഷാർത്ഥം എന്ന് എപ്പോഴും എഴുതിവെക്കാനോ മറ്റുളളവരെ ബോധ്യപ്പെടുത്താനോ കഴിയാത്ത, എന്നാൽ ജീവഭയം കൊണ്ട് മാത്രം ചെയ്തുപോകുന്ന കുറ്റങ്ങളെ സമൂഹവും കോടതിയും എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യവും പരോക്ഷമായി സിനിമ മുന്നോട്ടുവെക്കുന്നുണ്ടെന്ന് പറയാം. ചിത്രത്തിൽ വിജരാഘവൻ അവതരിപ്പിച്ച ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹാരിസ് മീരാൻ എന്ന മുതിർന്ന ഉദ്യോഗസ്ഥന്റെ കടുപ്പമേറിയ ചോദ്യങ്ങളെയും അന്വേഷണങ്ങളെയും അലീന നേരിടുന്ന രംഗങ്ങള്‍ ശ്രദ്ധേയമാണ്. താരപരിവേഷം ഉപേക്ഷിച്ച്, നിയമസംവിധാനത്തിന്റെ പല്‍ച്ചക്രങ്ങളില്‍പ്പെട്ട് ഉഴലുന്ന സാധാരണക്കാരിയായ പാർവതി നടത്തിയ മുന്നേറ്റം, ഹാരിസ് മീരന്‍ പറയുന്ന, സിസ്റ്റത്തിന് വികാരങ്ങളില്ല എന്ന സുപ്രധാന സത്യത്തെ ശക്തമായി വെളിപ്പെടുത്തുക കൂടിയാണ്. റോബി വർഗീസിന്റെ ക്യാമറയും മുജീബ് മജീദിന്റെ പശ്ചാത്തല സംഗീതവും സിനിമയുടെ ആത്മാവ് ചോരാതെ കാത്തു സൂക്ഷിക്കുന്നുണ്ട്. സ്റ്റേഷന്റെ ഇടുങ്ങിയ മുറികളും ഇരുളടഞ്ഞ കോണുകളും ക്യാമറയില്‍ പ്രത്യേകം പതിയുന്നുണ്ട്.

കഥാപാത്രങ്ങൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദത്തിന്റെ ആഴം പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ അത് പ്രധാന ഘടകമാകുന്നു. കുറ്റവാളികളും അന്വേഷണ ഉദ്യോഗസ്ഥരും തമ്മിലുള്ള പ്രത്യക്ഷ ഏറ്റുമുട്ടല്‍ ആകാതെ, മനഃശാസ്ത്രപരമായ ഒരു അന്വേഷണതലം ചിത്രത്തില്‍ സജീവമായി നില്‍ക്കുന്നു. സീനിയര്‍ ഉദ്യോഗസ്ഥനായ ഹാരിസ് എഴുതി കുറ്റാന്വേഷണാനുഭവങ്ങളുടെ പുസ്തകം പോലും സിനിമയില്‍ സക്രിയമായി ഇടപെടുന്നത് കൗതുകകരമാണ്. എങ്കിലും, ചിത്രത്തിന്റെ ആദ്യ പകുതി ഉത്കണ്ഠയുടെ മികച്ച അനുഭവം സൃഷ്ടിക്കുമ്പോല്‍ രണ്ടാം പകുതിയില്‍ എഴുതിത്തിലെ എളുപ്പവഴി (Convenient writing) അല്പം കടന്നുവന്നുവോ എന്ന സന്ദേഹം ഉണ്ടാകുന്നുണ്ട് എന്നത് മറച്ചുവെക്കുന്നില്ല.

ചുരുക്കത്തില്‍, ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ എന്നത് വെറുമൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്നതിലുപരി, മനുഷ്യന്റെ അതിജീവന ചോദനകളെ ആഴത്തില്‍ അടയാളപ്പെടുത്തുന്ന ചിത്രമായി മാറുന്നു എന്നു പറയാം. ഒപ്പം പാർവ്വതി തിരുവോത്ത് എന്ന നടിയുടെ അഭിനയജീവിതത്തിലെ ശ്രദ്ധേയമായ ഒരു ഘട്ടത്തെക്കൂടി അത് അടയാളപ്പെടുത്തുന്നു. പ്രേക്ഷകര്‍ ചിത്രത്തിലെ പൊലീസുകാരെ ഏറെ എംപതിയോടെ-സഹാനുഭൂതിയോടെ കാണുന്ന സാഹചര്യത്തിലെത്തുന്നു എന്നതു തന്നെയായിരിക്കും ചിത്രത്തിന്റെ വലിയ വിജയവും ശക്തിയും.



‘ആലോകന’ത്തിലെ ആഴക്കാഴ്ചകൾ. രഘുനാഥൻ പറളിയുടെ മറ്റ് ലേഖനങ്ങളിലേക്ക് പ്രവേശിക്കാൻ, ഇവിടെ ക്ലിക്ക് ചെയ്യുക.

About Author

രഘുനാഥന്‍ പറളി

നിരൂപകന്‍, വിവര്‍ത്തകന്‍, എഡിറ്റര്‍, പ്രഭാഷകന്‍, ഗ്രന്ഥകര്‍ത്താവ്‌. 1974 മെയ്‌ 28ന്‌ പാലക്കാട്‌ ജില്ലയിലെ പറളിയില്‍ ജനിച്ചു. ദര്‍ശനങ്ങളുടെ മഹാവിപിനം, ഭാവിയുടെ ഭാവന, ചരിത്രം എന്ന ബലിപീഠം, മൗനം എന്ന രാഷ്ട്രിയ രചന (വാക്കുകൾ സാക്ഷ്യങ്ങള്‍), സെല്ലുലോയ്ഡിലെ ചില്ലുപടവുകള്‍ (സിനിമ) എന്നിവയാണ്‌ പ്രസിദ്ധീകരിച്ച പ്രധാന നിരൂപണ കൃതികള്‍. 'സ്ഥലം ജലം കാലം' എന്ന പുസ്തകം ആത്മകഥാംശമുള്ള നിരൂപണ കൃതിയാണ്‌. ഡ്രീനാ നദിയിലെ പാലം, പെനാള്‍ട്ടി കാക്കുന്ന ഗോളിയുടെ ഉദ്വേഗം, ജീവിതത്തിലെ ഒരു ദിവസം എന്നീ കൃതികള്‍ (കെ.പി രാജേഷുമൊത്ത്‌) മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌. സി.പി രാമചന്ദ്രൻ-സംഭാഷണം, സ്മരണ, ലേഖനം (മലയാളിയായ പ്രമുഖ ഇംഗ്ലീഷ്‌ പത്രപ്രവര്‍ത്തകന്‍ സി.പി രാമചന്ദ്രനെക്കുറിച്ചുളള പുസ്തകം), വിശ്വോത്തര കഥകൾ- രാഷ്ട്രിയ കൊലപാതകങ്ങൾ എന്നീ കൃതികളുടെ എഡിറ്റര്‍ ആണ്‌.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

0
Would love your thoughts, please comment.x
()
x