A Unique Multilingual Media Platform

Book Review Kerala Literature

ബി.സി ജോജോ – സൗഹൃദങ്ങളുടെ ബൈലൈൻ

  • August 7, 2026
  • 1 min read
ബി.സി ജോജോ – സൗഹൃദങ്ങളുടെ ബൈലൈൻ

“അയാളെ കയറ്റിയ ആംബുലൻസ് തൈക്കാട് ശ്മശാനത്തിലേക്ക് നീങ്ങുമ്പോൾ ഞാൻ ആലോചിച്ചു: ഒരാൾ മരിച്ചു കഴിഞ്ഞാൽ അയാൾ നേടിയതിനേക്കാൾ ഓർക്കപ്പെടുക, അയാൾ കൊടുത്തതായിരിക്കും.”

“അടുക്കള വാതിൽ ” എന്ന എൻ്റെ കഥയിലെ ഈ വാചകം എന്തുകൊണ്ടോ എനിക്ക് പലപ്പോഴും ഏറെ പ്രിയപ്പെട്ടതാണ്. ഈ വരികൾ മനസിൽ കുറിക്കുമ്പോൾ ഞാൻ ഒരു മരണവീട്ടിൽ നിൽക്കുകയായിരുന്നു. കേവലം മൂന്നുപേർ പോലും പങ്കെടുക്കാത്ത ഒരു മരണത്തിന്! മൗനം തളം കെട്ടിക്കിടന്ന ഒരു വീട്. നമുക്കു ചുറ്റും അത്തരം കാഴ്ചകൾ ഏറുമ്പോൾ ഈ ലോകം വിട്ടുപോയ ഒരു മനുഷ്യനെ ഒത്തിരിപ്പേർ ചേർന്ന് ആഴത്തിൽ ഓർമ്മിക്കുന്ന ഒരു മികച്ച പുസ്തമാണ് ” ബൈലൈൻ – ബി.സി. ജോജോ”.

ബി.സി. ജോജോ എന്ന പകരം വയ്ക്കാനില്ലാത്ത, ധീരനായ പത്രപ്രവർത്തകനെക്കുറിച്ച് അദ്ദേഹത്തെ അടുത്തു നിന്നറിഞ്ഞ ഒരു പിടി സുഹൃത്തുക്കളും സ്നേഹിതരും സമൂഹത്തിലെ മറ്റ് തലങ്ങളിൽ പെടുന്നവരും ഇവിടെ ഒത്തുചേരുന്നു. പലരും പ്രഗത്ഭമതികൾ. അവരുടെ ഇളകി മറിയുന്ന ഓർമകളിൽ മറക്കാത്ത യാത്രകളുണ്ട്, വേദനകളുണ്ട്, പൊട്ടിച്ചിരികളും സംവാദങ്ങളും കാത്തിരിപ്പുകളുമൊക്കെയുണ്ട്…… അങ്ങനെ ഏറെ വ്യത്യസ്തതയാർന്ന ഒരു പുസ്തകമാണിത്.

ഒരാൾ സ്വന്തം അനുഭവങ്ങളും ജീവിത പരിസരവുമൊക്കെ എഴുതുമ്പോൾ എത്ര ശ്രമിച്ചാലും അതിൽ ഒരു ” ഞാൻ ” കടന്നു വരും. ആ ” ഞാൻ ” എത്ര ശ്രമിച്ചാലും ചില ഇല്ലാകഥകളും പൊങ്ങച്ചങ്ങളും കള്ളത്തരങ്ങളും ഒക്കെ പറയും. പലതും ഒളിച്ചു പിടിക്കും. പക്ഷേ, മരിച്ചു പോയ ഒരാളെക്കുറിച്ച്, അയാളുടെ ശേഷിപ്പുകളെക്കുറിച്ച് ഒരു പുസ്തകം വരുമ്പോൾ സംഭവിക്കുന്നത് മറ്റൊന്നാണ്. മാത്രമല്ല, ഒരു മനുഷ്യൻ മരിച്ചു കഴിഞ്ഞാൽ അയാളെക്കുറിച്ച് ഒരു പുസ്തകം വരണമെങ്കിൽ മറ്റുള്ളവർക്ക് ആ ജീവിതം അത്രമേൽ ആഴത്തിൽ പതിയണം. അതാണ് അയാൾ മറ്റുള്ളവർക്കായി ഈ ഭൂമിയിൽ ശേഷിപ്പിക്കുന്നത്. ഇവിടെ അത് കാണാം. ഓരോ വാക്കിലും വരിയിലും. അതൊരു ഊർജവും പ്രേരണയും ആണ്. മറ്റൊരു സത്യം, ജീവിച്ചിരിക്കവെ അയാൾക്ക് വായിക്കുവാനോ അറിയുവാനോ കഴിയാത്ത ഒരു പുസ്തകം!

ബി സി ജോജോ

പത്രപ്രവർത്തകനും നോവലിസ്റ്റുമായ ശ്രീ എം ബി സന്തോഷാണ് ഈ പുസ്തകം മനോഹരമായി എഡിറ്റ് ചെയ്ത് തയ്യാറാക്കിയിരിക്കുന്നത്. കവർ ഡിസൈനും ലേ ഔട്ടും നിർവഹിച്ചിരിക്കുന്നത് ശ്രീ. നാരായണ ഭട്ടതിരി.
മലയാളപത്രപ്രവർത്തന ചരിത്രത്തിലെ എക്കാലത്തെയും മികച്ച സ്കൂപ്പുകൾ സൃഷ്ടിച്ചിട്ടുള്ള പത്രപ്രവർത്തകനായിരുന്നു ബി.സി. ജോജോ. 1991- 92 കാലത്ത് അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് മന്ത്രിസഭയെ ഇളക്കിമറിച്ചത് പാമോയിൽ അഴിമതി കേസ് ആയിരുന്നു. അത് ബി.സി. ജോജോ എന്ന പത്രപ്രവർത്തകൻ പുറത്തു കൊണ്ടുവന്ന സ്ഫോടനാത്മകമായ ഒരു സ്കൂപ്പ് ആയിരുന്നു. ഈ പുസ്തകം അതിൻ്റെ സാഹസികമായ അന്വേഷണങ്ങളിലേക്കും നിഗൂഢതകളിലേക്കുമൊക്കെ സഞ്ചരിക്കുന്നുണ്ട്.

ബി. സി. ജോജോയെ കുറിച്ച് തികച്ചും വ്യക്തിപരമായ ഒരു ഓർമയാണ് എനിക്കുള്ളത്. ഏതാണ്ട് കാൽ നൂറ്റാണ്ട് മുൻപുള്ള ചില പ്രഭാതവേളകൾ. കരിക്കകത്ത് വീട്ടിൽ നിന്ന് ഞങ്ങൾ ചാക്ക മേൽപ്പാലം വരെ നാഷണൽ ഹൈവേ റോഡിലൂടെ രാവിലെ നടക്കാനിറങ്ങും. ഹൈവേയുടെ പണി പുരോഗമിക്കുന്ന കാലമാണ്. ഇന്നത്തെ വലിയ വാഹന തിരക്കുകൾ ഇല്ല. അതുകൊണ്ടുതന്നെ പ്രഭാത നടക്കാരുടെ പ്രിയപ്പെട്ട ഇടം കൂടിയായിരുന്നു ആ ചെമ്മൺപാത.

അങ്ങനെ ഞങ്ങൾ കരിക്കകത്തുനിന്ന് ചാക്കയിലേക്ക് നടക്കുമ്പോൾ എതിരെ ബി. സി. ജോജോ ചാക്ക മേൽപ്പാലം ഇറങ്ങി നടന്നുവരും. ചിലപ്പോൾ ഒറ്റയ്ക്ക് . മറ്റു ചിലപ്പോൾ ഒപ്പം ഒന്നോ രണ്ടോ പേർ. ഒറ്റയ്ക്ക് പോകുമ്പോൾ ആ മുഖത്ത് വലിയ ഗൗരവമാണ്. ഉള്ളിലെ ആരോടോ കലഹിക്കുകയും തർക്കിക്കുകയും ഒക്കെ ചെയ്യുന്ന ഭാവം. അദ്ദേഹത്തെ കാണുമ്പോൾ ദൂരെനിന്നേ തിരിച്ചറിയുന്ന അച്ഛൻ പറയും: “ദാ …ജോജോ വരുന്നു.”

എം ബി സന്തോഷ്, എഡിറ്റർ

പിന്നെ അച്ഛൻ്റെ വർത്തമാനം മുഴുവനും ജോജോ അടുത്തിടെ എഴുതിയ ഏതെങ്കിലും റിപ്പോർട്ടുകളെക്കുറിച്ചായിരിക്കും. അല്ലെങ്കിൽ പണ്ടുവായിച്ച ആർട്ടിക്കിളുകളെക്കുറിച്ചായിരിക്കും. അങ്ങനെ ഒന്ന് മിണ്ടുവാൻ പോലും ആകാതെ, അകലെനിന്നു മാത്രം കാണുകയും ആരാധനയോടെ വായിക്കുകയും ചെയ്ത ഒരു വലിയ പ്രതിഭയായിരുന്നു ബി. സി. ജോജോ, എനിക്ക്. പുസ്തകത്തിൻ്റെ എഡിറ്റർ കൂടിയായ ശ്രീ എം. ബി. സന്തോഷ് ഇങ്ങനെ കുറിക്കുന്നു:

“ജോജോയെപ്പറ്റി ഒരു പുസ്തകം തയ്യാറാക്കുമ്പോൾ അതിന് ആരെയൊക്കെ സമീപിക്കണമെന്ന് നിശ്ചയമില്ലാതിരുന്ന നാളുകളുണ്ട്. കാരണം ജോജോയുടെ സൗഹൃദവലയത്തിൻ്റെ വ്യാപ്തി കണക്കുകൂട്ടലുകൾക്കപ്പുറമാണ്. എന്നുമാത്രമല്ല വൈവിധ്യപൂർണ്ണവുമാണ്. ജീവിതത്തിൻ്റെ സമസ്ത മേഖലകളിലേക്കും വ്യാപിച്ചു കിടക്കുന്നതാണ് ആ ഇടപെടലിൻ്റെ ദീപ്തി. ഒടുവിൽ ബി. സി. ജോജോ ട്രസ്റ്റുമായി സഹകരിച്ചവരിലേക്ക് ചുരുക്കാൻ തീരുമാനിക്കുകയായിരുന്നു. ഇത് ഒരു കൂട്ടായ്മയുടെ പുസ്തകമാണ്. കൂട്ടായ്മകളുടെ മുന്നിലായിരുന്നു എപ്പോഴും ജോജോയുടെ സ്ഥാനം. പങ്കുചേർന്ന കൂട്ടായ്മകളുടെയെല്ലാം ശ്വാസവും ജീവനും ജോജോ ആയിരുന്നു.”

ബാലചന്ദ്രൻ ജോജോ എന്ന ബി. സി. ജോജോയ്ക്ക് യാത്രയും സംഗീതവും ആയിരുന്നു പത്രപ്രവർത്തനം കഴിഞ്ഞാൽ ഹരം. സൗഹൃദങ്ങളുടെ ഇരുകരയിലും അദ്ദേഹം അത്തരമൊരു സുന്ദരരാഗമായി നിറഞ്ഞൊഴുകി. അതുകൊണ്ടുതന്നെ വിപുലമായ ഒരു സൗഹൃദലോകം സൃഷ്ടിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

ബി.സി ജോജോയുടെ വൈവിധ്യപൂർണ്ണമാർന്ന സൗഹൃദ വലയത്തിൽ നിന്നും തിരഞ്ഞെടുത്ത പ്രമുഖരാണ് ഇതിലെ ഓർമകൾ പങ്കു വയ്ക്കുന്നവർ. സിപിഎമ്മിന്റെ ജനറൽ സെക്രട്ടറി ശ്രീ എം എ ബേബിയിൽ തുടങ്ങി മുൻ മന്ത്രി കെ. കൃഷ്ണൻകുട്ടി, എം.വിജയകുമാർ, പ്രൊഫ. അലിയാർ, പ്രഭാവർമ്മ, ചിത്രകാരൻ അജയകുമാർ, ഡോ.ആർ. ഗോപീമണി പത്രപ്രവർത്തകരായ വെങ്കിടേഷ് രാമകൃഷ്ണൻ, പി.പി. ജയിംസ്, ജോൺമുണ്ടക്കയം, എം.എം. സുബൈർ, പി.വി.മുരുകൻ, കെ.രാജൻ ബാബു, ആർ. കിരൺ ബാബു, ഐഎഎസ് ഉദ്യോഗസ്ഥരായിരുന്ന എം.എൻ. ഗുണവർധനൻ, എ.അജിത്കുമാർ,കാർട്ടൂണിസ്റ്റ് ടി.കെ. സുജിത്, ജോജോയുടെ സഹോദരൻ ബി.സി.ജോഷി, ജോജോയുടെ മകൾ ഡോ.ജെ.എസ്.സുമി തുടങ്ങി നോവലിസ്റ്റും തിരക്കഥാകൃത്തുമായ ശ്രീ. ജി.ആർ. ഇന്ദുഗോപൻ വരെയുള്ള നിരവധി പ്രമുഖർ ഇവിടെ ബി.സി. ജോജോയെ അനുസ്മരിക്കുന്നു.

ബി. സി. ജോജോ ട്രസ്റ്റാണ് ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. പ്രമുഖർക്കും സുഹൃത്തുക്കൾക്കും ഒപ്പം മകൾ ഡോ. സുമിയുടെ ‘അച്ഛൻ എന്നും വിസ്മയം’ എന്നൊരു ഹൃദയഹാരിയായ എഴുത്തും ഈ പുസ്തകത്തിലുണ്ട്. അച്ഛൻ എന്ന വ്യക്തിയെ ഒരുപാട് തുറന്നു കാണിക്കുന്ന ആർദ്രമായ ഒരു കുറിപ്പാണത്. എന്നും ഏകാന്തവിസ്മയമായിരുന്ന പിതാവിനെക്കുറിച്ച് ഡോ. സുമി ഹൃദയത്തിൽ തൊട്ട് ഇങ്ങനെ എഴുതുന്നു:

“അച്ഛനെപ്പോലെ ജീവിതം ഇത്രയധികം ആസ്വദിച്ചു ജീവിച്ചവർ ചുരുക്കമായിരിക്കും. ഭാവിയെപ്പറ്റിയുള്ള ആശങ്കകളോ ആകുലതകളോ ഇല്ലാതെ തികച്ചും വർത്തമാനത്തിൽ സന്തോഷവാനായി ജീവിച്ച വ്യക്തിയായിരുന്നു അച്ഛൻ. എനിക്ക് ഒരുപാട് സമ്മാനങ്ങൾ ബാക്കി വെച്ചിട്ടാണ് അച്ഛൻ പോയത്. ഞാൻ അച്ഛൻ്റെ ഏറ്റവും വലിയ ആരാധികയായിരുന്നു. ശക്തമായ തൂലികയിലൂടെ അച്ഛൻ ഇന്നുമെന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നു. കേരളകൗമുദി ആഴ്ചപ്പതിപ്പിൽ വന്ന ‘തിരയും തീരവും’ എന്ന പരമ്പര അച്ഛൻ്റെ ജീവിതത്തിൽ നിന്നും അടിച്ചെടുത്ത ഏടുകളാണ്. ആ പംക്തി അച്ഛൻ്റെ ജീവിതയാത്രയുടെ കുറിപ്പായിരുന്നു. അതിൽ അച്ഛനെ ഒരു തിരയായിട്ടാണ് ഉപമിച്ചിരിക്കുന്നത്. ചിലപ്പോൾ ശാന്തം ചിലപ്പോൾ രൗദ്രം. പക്ഷേ നമ്മളത് നീന്തിക്കടക്കുക തന്നെ വേണം.”

അതെ, അങ്ങനെ ബി. സി. ജോജോ എന്ന കടലിൻ്റെ ശാന്തതയും രൗദ്രതയുമൊക്കെ തിരിച്ചറിഞ്ഞ ഒരു കൂട്ടം പ്രിയപ്പെട്ടവരുടെ എഴുത്തുകളാണ് ഈ പുസ്തകത്തിൽ. ഒറ്റയിരിപ്പിൽ വായിച്ചു തീർക്കുവാനുള്ളതല്ല ഈ ഗ്രന്ഥം. ഇടയ്ക്കിടെ എടുത്തു മറിച്ചു നോക്കുകയും ഒരു ഔഷധംപോലെ ഒന്നോ രണ്ടോ കുറിപ്പുകൾ വായിച്ച് ഓർത്തിരിക്കുവാനുമുള്ള പുസ്തകമാണിത്.

അതുകൊണ്ടുതന്നെ നാളത്തെ ജേർണലിസം വിദ്യാർത്ഥികൾക്കും ഈ പുസ്തകം ഒരു പാഠമാകട്ടെ.

ബി.സി ജോജോ ട്രസ്റ്റ് ആണ് ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. കൂടുൽ അന്വേഷണങ്ങൾക്ക് : മൊ: 9446271463, 9495560600

About Author

ശ്രീകണ്ഠൻ കരിക്കകം

എച്ച് ആൻ്റ് സി നോവൽ പുരസ്കാരം,അബുദാബി ശക്തി അവാർഡ്,കലാകൌമുദി കഥാ പുരസ്കാരം,മികച്ച ഡോക്യുമെൻ്ററി രചനയ്ക്കുള്ള ആകാശവാണി ദേശീയ പുരസ്കാരം എന്നിങ്ങനെ നിരവധി അവാർഡുകൾ കരസ്ഥമാക്കിയ ശ്രീകണ്ഠൻ കരിക്കകം സാമൂഹികപ്രസക്തിയുള്ള നൂറിലേറെ ഡോക്യുമെൻ്ററികളുടെ രചനയും സംവിധാനവും നിർവഹിച്ചിട്ടുണ്ട്.സെയിൻ്റ് കൊറോണ,പപ്പാതി,അ,അങ്കണവാടി,തെറ്റിയും തിരുത്തിയും ഒരു ജീവിതമെഴുത്ത് അടക്കം 15 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.സർക്കാർ ഉദ്യോഗസ്ഥൻ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

0
Would love your thoughts, please comment.x
()
x