ഇന്ത്യയിൽ മൽസര പരീക്ഷകൾ നടത്തുന്ന എല്ലാ ഏജൻസികളുടേയും വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന കാലഘട്ടമാണിത്. പ്രൊഫഷണലിസം എന്ന വാക്ക് വേണ്ടിടത്തും വേണ്ടാത്തിടത്തും ഉപയോഗിക്കാൻ അറിയാമെന്നല്ലാതെ ഈ സംവിധാനത്തിനുള്ളിൽ പ്രവർത്തിച്ചവരും ഇപ്പോൾ പ്രവർത്തിക്കുന്നവരുമായ ആളുകൾ കൈക്കൊണ്ട തീരുമാനങ്ങളിൽ യാതൊരു പ്രൊപഷണലിസവുമില്ലെന്ന് മാത്രമല്ല അവരുടെ ചെയ്തികൾ ഇന്ത്യൻ സമൂഹത്തെയാകെ പിന്നോട്ടടിപ്പിക്കുന്നതുമാണ്.

കാലാനുസൃതമല്ലാത്ത വിദ്യാഭ്യാസ രീതികളും സിലബസുകളും ഇന്ത്യയിൽ പഠിച്ചിറങ്ങുന്ന മഹാഭൂരിക്ഷത്തേയും നിരക്ഷരതയ്ക്ക് തുല്യരായി തന്നെ നിലനിറുത്തുന്നു. ലോകറാങ്കിംഗിൽ എവിടെയുമെത്താൻ നമ്മുടെ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കഴിയാതെ പോകുന്നത് കാലാകാലങ്ങളിൽ അധികാരം പങ്കിട്ടവരുടെ പിടിപ്പുകേട് കൊണ്ടു തന്നെയാണ്. പശുവിസർജ്ജ്യത്തിന്റെ മേന്മ വിളമ്പുന്ന പണ്ഡിതവിശാരദന്മാർ സാധാരണക്കാരൻ നൽകുന്ന ഭീകരമായ നികുതിപ്പണത്തിന്റെ പങ്കുപറ്റി കാലം കഴിക്കുന്നു എന്നല്ലാതെ രാജ്യത്തിന്റെ വികസനത്തിനും വരും തലമുറകളുടെ ഉന്നമനത്തിനും വേണ്ടി എന്താണ് ചെയ്തത് എന്നു തിരഞ്ഞാൽ വലിയ ശൂന്യതയാകും അനുഭവപ്പെടുക. കേരള സർവകലാശാലയുടെ വൈസ് ചാൻസലറായ മോഹനനൻ കുന്നുമ്മേലിനെ പോലുള്ള അൽപ്പബുദ്ധികൾ ആൽഫാ ജനറേഷന് മുന്നിൽ ഇളിഭ്യനായി നിൽക്കുന്ന കാഴ്ച നമ്മൾ കണ്ടു. രാജ്യതലസ്ഥാനത്തും ജാർഖണ്ഡിലും കേരളത്തിലും പരീക്ഷ നടത്തിപ്പ് സംഘത്തിന്റെ വൻവീഴ്ചകളുടെ വാർത്തകളാണ് നമ്മെ തേടിവരുന്നത്. അടിസ്ഥാനപരമായി ഇവിടത്തെ രാഷ്ട്രീയ നേതൃത്വത്തിന്റെ സ്വജനപക്ഷപക്ഷപാതിത്വത്തിന്റേയും നെറികേടുകളുടേയും ഉപോൽപ്പന്നങ്ങളാണ് ഈ വീഴ്ചകൾ അല്ലെങ്കിൽ കബളിപ്പിക്കലുകൾ. കക്ഷി രാഷ്‌ട്രീയത്തിന് അതീതമായി ഈ തൽപ്പര കക്ഷികൾ നമ്മുടെ രാജ്യത്തോട് ചെയ്യുന്ന ഇത്തരം മഹാപാതകങ്ങളെ നേരിടാൻ തലയും തലച്ചോറും നരച്ച ഇന്ത്യൻ രാഷ്ട്രീയ നേതൃത്വത്തിന് കഴിയാത്തിടത്താണ് സി. ജെ. പി പോലുള്ള കൂട്ടായ്മകൾ പ്രസക്തമാകുന്നത്.

നിലവിൽ ഇന്ത്യയുടെ ഭരണം നടത്തുന്നവരും ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിൽ ഭരണം നടത്തുന്നവരും ശരാശരിയ്ക്ക് വളരെ താഴെയുള്ളവരാണ്. ഇവരെ സഹിക്കാനുള്ള ബാധ്യത ജെൻസീക്കും ആൽഫാ ജനറേഷനും തീരെയില്ല.
കോൺഗ്രസ്സാണ് രാജ്യത്തെ പ്രധാന പ്രതിപക്ഷം. പക്ഷേ ഈ ധാരണ ആ പാർട്ടിയിൽ രാഹുൽഗാന്ധിയിൽ മാത്രമായി ഒതുങ്ങുന്നു. കഴിഞ്ഞ പ്രവർത്തക സമിതിയിൽ വിദ്യാർത്ഥി പ്രക്ഷോഭം നടന്നയിടങ്ങളിലേക്ക് എത്ര കോൺഗ്രസ്സ് നേതാക്കൾ പോയി എന്ന ചോദ്യം രാഹുൽഗാന്ധിക്ക് തന്നെ ഉന്നയിക്കേണ്ടി വന്നു. ഒരു പാർട്ടിയെന്ന നിലയിൽ എഥനോൾ കലർന്ന പെട്രോളിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കാൻ കോൺഗ്രസ്സിന് കഴിയാതെ പോകുന്നത് എന്തു കൊണ്ടാണ്? രാജ്യം കണ്ട ഏറ്റവും നഗ്നമായ അഴിമതിയാണ് ഇ-20 പെട്രോൾ കുംഭകോണം. അക്ഷരാർത്ഥത്തിൽ സാധാരണക്കാരനെ പഞ്ചസാര മുതലാളിമാർക്ക് വേണ്ടി കൊള്ളയടിക്കുന്ന ഏർപ്പാട്. നിതിൻ ഗഡ്കരിയുടെ മക്കൾ മാത്രമല്ല ഈ ലാഭത്തിന്റെ പങ്കു പറ്റുന്നത്. മഹാരാഷ്ട്രയിലേയും ഉത്തർപ്രദേശിലേയും തമിഴ്നാട്ടിലേയും കോൺഗ്രസ്സ് നേതാക്കളും വൻകിട പഞ്ചസാര മില്ലുകളുടെ നടത്തിപ്പുകാരാണ്.
മഹാരാഷ്ട്രയിലെ ഏറ്റവും വലിയ പഞ്ചസാര മില്ലുകൾ ശരദ്പവാർ കുടുംബത്തിന്റേതാണ്. അതു കൊണ്ട് തന്നെ ഈ കൊള്ളയ്ക്കെതിരെ സംഘടിക്കാൻ ആരും തയ്യാറാകില്ല. ഇന്ധനവില കുത്തനെ വർദ്ധിപ്പിക്കുമ്പോഴും യുക്തസഹമല്ലാതെ നിലനിറുത്തുമ്പോഴും ഈ രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ സമരരംഗത്തില്ലാത്തതിന്റെ കാരണവും ഇതു തന്നെ. ലാഭം പൊതുവായി പങ്കുവയ്ക്കപ്പെടുന്ന ഒരു അശ്ളീല സംസ്കാരം ഇന്ത്യയിലെ പ്രധാനപ്പെട്ട രാഷ്ട്രീയ നേതൃത്വങ്ങൾക്കിടയിൽ നിലനിൽക്കുന്നു. ജനാധിപത്യം പണാധിപത്യത്തിന്റേതാകുന്നതാണ് ഇവിടത്തെ രാഷ്ട്രീയ പ്രശ്നം.

ഈ ലാഭത്തിന്റെ പങ്ക് പറ്റുന്ന മുഖ്യധാരാ മാധ്യമങ്ങൾക്കും ഇത്തരം പ്രശ്നങ്ങളിൽ താല്പര്യമില്ല. അവർ വന്ദേമാതരം മുഴുവൻ പാടിയോ ഇല്ലയോ എന്ന ചർച്ചകളിൽ പൊതുജനത്തെ തളയ്ക്കാൻ ശ്രമിക്കും. തൊഴിലില്ലായ്മയും പട്ടിണിയും ഇന്ത്യൻ ഗ്രാമങ്ങളിൽ പടർന്നിറങ്ങുമ്പോൾ വന്ദേമാതരത്തിന്റെ വരികൾ പാടി അതൊക്കെ പരിഹരിക്കാൻ കഴിയുമെന്ന് വിശ്വസിപ്പിക്കാനാണ് അധികാര വർഗ്ഗത്തിന്റെ ശ്രമം. ഇതെല്ലാം ചർച്ച ചെയ്യപ്പെടേണ്ട പാർലമെന്റ് ഒരു ദിവസം പോലും കൂടാതെ പിരിയുന്ന വിധത്തിൽ ഫ്ളോർ മാനേജ്മെന്റ് നടത്താൻ ബി. ജ. പിക്കായി. ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും ഒരു എം. പിക്കും അവരുടെ അലവൻസുകളും മറ്റ് സൗകര്യങ്ങളും മുടങ്ങിയിട്ടില്ല. ഒരു സാധാരണ ഫാക്ടറി തൊഴിലാളി പണിമുടക്കിയാൽ ഡയസ്നോൺ ഉള്ള ഈ രാജ്യത്ത് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സഭയിലേക്ക് തന്നെ വന്നില്ല. ഉത്തരവാദിത്വ ബോധം ഇല്ലാത്തതു കൊണ്ടും നാണവും മാനവും എന്തെന്ന് അറിയാത്തത് കൊണ്ടും ഇരുവരും സിറ്റിംഗ് ഫീസ് വാങ്ങുകയും ചെയ്യും. ഇന്ത്യൻ ജനാധിപത്യത്തിൽ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ച് അതിൽ നിന്നും രാഷ്ട്രീയ നേട്ടം കൊയ്യാനിറങ്ങി, ഒടുവിൽ അതേ ഭയം കാരണം പാർലമെന്റിൽ കയറാതെ നടക്കേണ്ട ഗതികേട് ലോകത്തിന്ന് മറ്റൊരു ഭരണാധികാരിയ്ക്കും ഇല്ല. ഇവരുടെ ചെയ്തികളുടെ ഏറ്റവും മോശമായ ഫലം ബാങ്ക് ഓഫ് അമേരിക്ക പുറത്തു വിട്ട റിപ്പോർട്ടിലുണ്ട്. ലോകത്തിലെ ഏറ്റവും വിലകെട്ട സ്റ്റോക്ക് മാർക്കറ്റ് ഇന്ത്യയുടേതാണെന്നാണ് അവർ നടത്തിയ സർവ്വേ പറയുന്നത്.

ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകാൻ പോകുന്നു എന്നൊക്കെ വീമ്പിളക്കി ഉത്തരേന്ത്യയിലെ നിരക്ഷരരെ പറ്റിക്കുന്നത് പോലെയല്ല കണ്ണും കാതും തുറന്നിരിക്കുന്ന ലോകത്തെ പറ്റിക്കുന്നത്.
ദിമാഗി നക്സലൈറ്റുകളാണ് രാജ്യത്തെ ഏറ്റവും വലിയ പ്രശ്നമെന്നാണ് നമ്മുടെ പ്രധാനമന്ത്രിയുടെ ഏറ്റവും പുതിയ കണ്ടെത്തൽ. നക്സലൈറ്റുകളെയെല്ലാം ഞങ്ങൾ കൊന്നു കഴിഞ്ഞു ഇനി ദിമാഗി നക്സലുകളെ കൂടി വകവരുത്തിയാൽ ഇന്ത്യാമഹാരാജ്യത്ത് സമ്പദ്സമൃദ്ധി വരുമെന്ന് ചിന്തിക്കാൻ സംഘബുദ്ധിയുള്ളവർക്ക് മാത്രമേ സാധിക്കൂ. ഹിന്ദുത്വും പോലുള്ള അതിമ്ളേച്ഛമായ പ്രത്യയശാസ്ത്രത്തെ ഉപാസിക്കുമ്പോൾ വരുന്ന വെറുമൊരു രോഗം മാത്രമല്ല ഇത്. ഈ സർക്കാരിനെതിരെ രാജ്യത്ത് വളർന്നു വരുന്ന യുതലമുറയുടെ പ്രതിഷേധത്തെ കൊണ്ടു കെട്ടാനുള്ള ഒരു തൊഴുത്തായി നക്സലിസത്തെ ഉപയോഗിക്കാനുള്ള ശ്രമമാണിതെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാകും. സർക്കാരിന്റെയും സംഘപരിവാരത്തിന്റേയും അവിശുദ്ധ അജണ്ടകളേയും വിധ്വംസക രാഷ്ട്രീയത്തേയും എതിർക്കുന്നവരെല്ലാം മാവോയിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവരാണെന്ന് വരുത്തിത്തീർത്ത് അവരെ വേട്ടയാടാനുള്ള അടുത്തപടിയുടെ തുടക്കമാണിത്. ചിന്തിക്കുന്നവനാണ് മനുഷ്യനെന്ന അടിസ്ഥാനവിവരത്തിന്റെ അഭാവത്തിൽ നിന്നും ഉലെടുത്ത ഈ നീചമായ കാഴ്ചപ്പാട് ഏശാതെ പോകുന്ന ഒരു ഏർപ്പാടാണെന്ന് ജന്തർമന്ദറിലെ സമരം കണ്ടിട്ടും മോദിക്കും കൂട്ടർക്കും മനസ്സിലാകാതെ പോകുന്നത് യാദൃശ്ചികമല്ല.

എടുത്തു പ്രയോഗിച്ച എല്ലാ ആയുധങ്ങളും തങ്ങൾക്ക് നേരെ തന്നെ തിരികെ വരുന്നത് നാഗ്പൂർ കാണുന്നുണ്ട്. ഇതു വരെ മിണ്ടാതിരുന്ന മോഹൻഭാഗവത് ന്യൂഡൽഹിക്ക് ഹിതകരമല്ലാത്ത രീതിയിൽ പ്രതികരിച്ചു തുടങ്ങിയിട്ടുമുണ്ട്. പാളയത്തിൽ തന്നെ പട മുറുകുന്നതിൽ മോദിക്കും അമിത്ഷായ്ക്കും ഉത്കണ്ഠയുമുണ്ട്. ഈ സാഹചര്യത്തിലാണ് ദിമാഗി നക്സലൈറ്റുകളുടെ കഥയുമായുള്ള നരേന്ദ്രമോദിയുടെ പുതിയ അടവ്. മഹാനായ ജവഹർലാൽ നെഹ്റു ഇരുന്ന കസേരയിലിരുന്നാണ് ഇത്തരം മൂന്നാംകിട ഗിമ്മിക്കുകൾ കാണിക്കുന്നതെന്ന് ഓർക്കുമ്പോഴാണ് നമ്മൾ മാത്രമല്ല ഭാരതാംബയും കരയുന്നത്.





