സമകാലിക സാമൂഹിക- രാഷ്ട്രീയ സമസ്യകളെക്കുറിച്ച് എഴുത്തുകാരി ഡോ. ഖദീജാമുംതാസ് എഴുതുന്ന പംക്തി. ഹൃദയപക്ഷം – ഇവിടെ ആരംഭിക്കുന്നു…

‘പണ്ട് ഹൈസ്കൂൾ ക്ലാസുകളിലെ സാമൂഹ്യപാഠപുസ്തകങ്ങളിലൂടെ കേട്ടറിഞ്ഞ മുഗൾ സാമ്രാജ്യ ചരിതങ്ങൾ സൗന്ദര്യബോധത്തെയും പ്രണയഭാവനകളെയും മനുഷ്യ ബന്ധങ്ങളെന്ന മഹാസമസൃകളെപ്പറ്റിയുള്ള ആലോചനകളെയും ഉണർത്തുന്നവയായിരുന്നു. കലയും സംഗീതവും ശിൽപ്പചാതുരി തുളുമ്പുന്ന നിർമ്മിതികളും അക്ബർ ചക്രവർത്തിയുടെ മതേതര സങ്കൽപ്പങ്ങളും, രജപുത്ര പത്നിമാരും സലിം -അനാർക്കലി പ്രണയവും പ്രണയ ദുരന്തവും താജ്മഹലും വെറും ഊഷരചരിത്രം മാതമായിരുന്നില്ല. ചെറിയ പ്രായത്തിൽ തന്നെ ഹൃദയങ്ങളിലേക്ക് കയറിക്കൂടിയ സൗന്ദര്യാനുഭൂതികൾ കൂടിയായിരുന്നു. ഉപനിഷത് പരിഭാഷ നടത്തിയ ദാരാഷുക്കോ രാജകുമാരൻ്റെ ദുരന്തവും ജൊഹനാരയുടെ ഏകാന്ത തടവുജീവിതം പകർത്തിയ കടലാസുകെട്ടിൻ്റെ വീണ്ടെടുപ്പും ബ്രിട്ടീഷുകാരോട് ആദ്യത്തെ ഏറ്റുമുട്ടലിന് നേതൃത്വം കൊടുക്കാൻ നിയോഗമുണ്ടായ ബഹദൂർ ഷാ സഫറിൻ്റെ നാടുകടത്തപ്പെട്ട ശിഷ്ടകാലവും ഇന്ത്യക്കാരൻ്റെ നോവല്ലെങ്കിൽ പിന്നെയെന്താണ് !

ഈ ഓർമ്മകൾക്കുമേൽ, മൂന്നു നൂറ്റാണ്ടിലധികം നീണ്ട മതവൈരങ്ങൾ കുറഞ്ഞ കാലഘട്ടത്തിനുമേൽ കറുത്ത ചായം പൂശി മറയ്ക്കാൻ ശ്രമിക്കുകയാണ് പുതിയ ചരിത്ര നിർമ്മിതിക്കാർ. കുഞ്ഞുങ്ങൾ പഠിക്കുന്ന പുസ്തകങ്ങളിൽ ഇനിയതൊന്നും വേണ്ട. അധിനിവേശക്കാരുടെ കറുത്ത അധ്യായങ്ങൾ നിർദ്ദയം വെട്ടുക. പുതിയ എൻ.സി.ഇ.ആർ.ടി പാഠ പുസ്തകങ്ങൾ പലസംസ്ഥാനങ്ങളിലും പ്രാബല്യത്തിലായിക്കഴിഞ്ഞു!
ഹിന്ദു ഭരണകാലം,മുസ്ലിം ഭരണകാലം, ബ്രിട്ടീഷ് ഭരണകാലം എന്നിങ്ങനെ വികലമായി ഉപഭൂഖണ്ഡചരിത്രത്തെ രേഖപ്പെടുത്തി വെക്കാൻ ജെയിംസ്മിൽ എന്ന ബ്രിട്ടീഷുകാരനെ പ്രേരിപ്പിച്ചത് ആരായിരിക്കാം? ബ്രിട്ടീഷുകാരുടെ ചരിത്ര വക്രീകരണം അല്ലെങ്കിൽ ലളിതവൽക്കരണം ഏതായാലും വളരെ നിഷ്കളകമായിരുന്നില്ല. പുതിയ സനാതന ധർമ്മികൾക്ക് പൗരാണികതയുടെ വീര്യം പറഞ്ഞ് ഒരു രാഷ്ട്രത്തെ മുഴുവൻ പുറകോട്ടുനടത്താൻ ഈ ലളിതവൽക്കരണം ഇന്ന് സഹായകമാവുന്നു.
മുസ്ലിം ഭരണകാലത്തിനു മുകളിൽ അധിനിവേശക്കാരെന്ന കറുത്ത ചായം. കോളനി വാഴ്ചക്കാലമെന്ന കൃസ്ത്യൻ കാലത്തെ തുരത്തിയ ഹൈന്ദവ തദ്ദേശീയർ ഈ രണ്ടു കാലങ്ങളെയും അതിജീവിച്ച് പഴയ സുവർണ കാലത്തേയ്ക്ക് മടക്കിക്കൊണ്ടു പോകുന്നവർ!! എത്ര സുന്ദരമായ ആശയം!
ഏകീകൃതമായ ഒരു സുവർണഹൈന്ദവ കാലം ആഭൂതകാല ചരിതത്തിലുണ്ടോ?മൗര്യരാജവംശം, ചന്ദ്രഗുപ്തമൗര്യ , ബിംബിസാരൻ, അശോകൻ,പാടലീപുത്ര.നളന്ദ അതിനും നൂറ്റാണ്ടുകൾക്ക് മുമ്പ്, തക്ഷശില.. വിജ്ഞാന വൈവിധ്യങ്ങളുടെ, പുരാതന അധ്യാപനങ്ങളുടെ കേന്ദ്രങ്ങൾ. ചരകൻ, ശുശ്രുതൻ, പാണിനി, ആരൃഭട്ട ..പക്ഷേ, ഇവയൊക്കെ , ഇവരൊക്കെ ഹൈന്ദവസംസ്കൃതിയുടെ സ്വന്തമോ? ഇന്ന് പാക്കിസ്ഥാനിലുള്ള പുരാതന തക്ഷശിലാ സർവകലാശാലയുടെ അവശിഷ്ടങ്ങൾ ജൈന, ബുദ്ധ സംസ്കൃതികൾ പേറുന്നു. ഇന്ന് ബീഹാറായി മാറിയ പാടലീപുത്രയിലാണ് അമ്പരപ്പിക്കുന്ന നളന്ദ സർവ്വകലാശാലയുടെ ഓർമ്മകൾ പുനരുജ്ജീവിപ്പിക്കുന്ന അവശിഷ്ട ഭാഗങ്ങൾ. ബുദ്ധ തത്വങ്ങളുടെ പഠനവും വിശകലനവും പ്രചരണങ്ങളുമായിരുന്നു അതിലൂടെ പ്രധാനമായി നടന്നിരുന്നത്. കാലത്തിലൂടെ പാഠ്യ വിഷയങ്ങൾ സങ്കരമായിട്ടുണ്ടാവാം എങ്ങനെയായാലും ജൈന-ബുദ്ധസംസൃതികളെ മാറ്റി നിർത്തിക്കൊണ്ടൊരു വൈജ്ഞാനിക -സാഹിത്യ ഭാഷാചരിത്രമില്ല ഇന്ത്യയ്ക്ക് . വൈദ്യശാസ്ത്രം, ജ്യോതിശാസ്ത്രം, ഭാഷശാസ്ത്രം എന്നിങ്ങനെ പൗരാണിക ഇന്ത്യയുടെ ചരിത്രനേട്ടങ്ങളിലൊക്കെ ബുദ്ധ ജൈന സാന്നിധ്യമുണ്ട്. ബുദ്ധമതം ചാതുർവർണ്യ മതത്തെ തിരുത്തിക്കൊണ്ടു ഉയർന്നുവന്നതാണ്. ജൈനമതം അതിനേക്കാൾ പുരാതനമായ അനേകമനേകം സമതയുടെ മതങ്ങളിലൊന്നും ! ഈ സുദീർഘകാലഘട്ടത്തെ ഒന്നായി ഹിന്ദുമത ഭരണകാലം എന്നു ലഘൂകരിക്കുന്നതിലെ അപാരബുദ്ധിയെ എന്തു പറഞ്ഞു വിശേഷിപ്പിക്കണം!
കേരളത്തിനൊരു ബൗദ്ധപാരമ്പര്യമുണ്ടോ? ധാരാളം തെളിവുകൾ ഭാഷയിൽ സ്ഥലനാമങ്ങളിൽ, വൈദ്യത്തിൽ ‘ഉണ്ട്’. പക്ഷേ പ്രഖ്യാപിത ചരിത്രകാരന്മാർ ഇതിനെ എതിർക്കുന്നു. അല്ലെങ്കിൽ മറയ്ക്കാൻ ശ്രമിക്കുന്നു. ബ്രാഹ്മണാധിനിവേശത്തിനു മുമ്പ് ഇവിടമൊരു ചതുപ്പുനിലമായിരുന്നു, I അപരിഷ്കൃതരായ പെറുക്കി ത്തീനികൾ മാത്രമുണ്ടായിരുന്നയിടം! തെളിവുകൾ പക്ഷേ, ഈ മറച്ചുവെക്കലുകളെ അതിജീവിച്ച് പുറത്തു വന്നുകൊണ്ടേയിരിക്കും.
പാഠപുസ്തകങ്ങൾ ഇനിയും ഇൻക്ലൂസീവ് ആകേണ്ടതുണ്ട് എന്നതാണ് സത്യം! പക്ഷേ, അവർ മുസ്രിസ് ഉദ്ഘനനത്തെ, തമിഴ്നാട്ടിലെ ആദിമ ദ്രവീഡിയൻ സംസ്കാരത്തിൻ്റെ ഉദ്ഘനനത്തെ നിർത്തിവെപ്പിക്കുന്നു.. ടിപ്പുവിന് നെഗറ്റീവ് പരിവേഷവും ശിവജിക്ക് ആദർശ ഭരണ പരിവേഷവും നൽകുന്നു. എന്തെല്ലാം കസർത്തുകളാണ് വേണ്ടി വരുന്നതെന്നോർക്കുക. ദക്ഷിണേന്ത്യയിലെ ചോള ഭരണകാലമാണ് 3 – 4 നൂററാണ്ട് നീണ്ടുനിന്ന ഇന്ത്യയിലെ സുദീർഘ ചാതുർവർണ്യവാഴ്ചക്കാലം. ജാതീയതയെ നിലനിർത്തി, സ്ത്രീവിരുദ്ധതയെ ആചാരമാക്കി ( സതിയെ മഹത്വവൽക്കരിച്ച്), അവർണദൈവങ്ങളെയൊക്കെ ഉപദൈവങ്ങളാക്കി അവർ മനോഹരമായ ക്ഷേത്ര എടുപ്പുകൾ നിർമ്മിച്ച് കലോപാസകരെന്ന ഖ്യാതി നേടി. സ്ത്രീകളുടെ കലാവിഷ്കാരങ്ങൾ ദേവദാസികൾക്കു മാത്രമായി ചുരുക്കി. തമിഴ്നാട്ടിലെ ക്ഷേത്രത്തിൽ പൂജ കഴിഞ്ഞ ദണ്ഡും ചെങ്കോലും പുതിയ പാർലമെൻ്റ് മന്ദിരത്തിൽ മന്ത്രോച്ചാരണ സഹിതം സ്ഥാപിച്ച ഭരണാധികാര തീരുമാനത്തിൽ മനുഷ്യ വിഭജനത്തിൻ്റെ ചാതുർവർണ്യമാണ് തങ്ങളുടെ ആത്യന്തികനയമെന്ന പ്രഖ്യാപനമാണ്.

ഇനി ഈ നയങ്ങൾ സ്വായത്തമാക്കിയ ഒരു പുതുതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ അടിച്ചേൽപ്പിക്കൽ. ജാത്യാഭിമാനം സ്വായത്തമാക്കിയ ഒരു അപ്പർ ക്ലാസ് വിദ്യാർത്ഥി സമൂഹത്തെ അവർക്കു വാർത്തെടുക്കണം. പാരമ്പര്യാഭിമാനത്തിൽ പൊതിഞ്ഞ ഉപരിപ്ലവ ശാസ്ത്രബോധം, കോർപ്പറേറ്റുകൾക്ക് സഹായകമാവും വിധം ടെക്നീഷ്യൻസ് ലെവലിൽ മാത്രം ആഴം കുറഞ്ഞ ശാസ്ത്ര ബോധം, ഇങ്ങനെയൊക്കെയായാൽ അവരെ കഠിനാധ്വാനികളായ തൊഴിലാളികൾ മാത്രമായി നിലനിർത്താനാവും ചോദ്യങ്ങളില്ല, ബുദ്ധിപരമായ ഇടപെടലില്ല, വെറും തൊഴിലാളികൾ! ദിവസത്തിൽ 18 മണിക്കൂർ വരെ ജോലി ചെയ്യാൻ തയ്യാറായ, മനുഷ്യ ബന്ധങ്ങൾക്ക് പ്രാധാന്യം കൊടുക്കാത്ത, സ്നേഹം, കരുതൽ ഒക്കെ അനൃമായ ടെക്നോക്രാറ്റുകൾ! ഇതാണോ ഇന്ത്യൻ യുവത്യത്തിൻ്റെ ഭാവിയാകേണ്ടത്?

മനസ്സിലാവാത്ത കാര്യം, എന്നും ഹിന്ദുത്വഫാസിസത്തെ എതിർക്കുന്നു എന്നവകാശപ്പെടുന്ന ഇടതുപക്ഷ സർക്കാർ എന്തു കൊണ്ട് ചർച്ചയോ ഘടകകക്ഷികൾക്കിടയിൽ സമവായമോ ഉണ്ടാക്കാതെ എൻ.ഇ.പി. ( നാഷണൽ എഡ്യു പോളിസി.) കേരളത്തിലെ സ്കൂളുകളിൽ ഏർപ്പെടുത്താൻ തുനിയുന്നു എന്നതാണ്. വിദ്യാഭ്യാസം കൺകറൻ്റ് ലിസ്റ്റിൽ പെടുന്നതാണ്. തമിഴ്നാട് ചെയ്യുന്നതു പോലെ, കീഴടങ്ങാതെ വിദ്യാഭ്യാസ വിഹിതം നേടിയെടുക്കാൻ നിയമ വഴികൾ തേടാൻ നമ്മുടെ സർക്കാർ തുനിയാത്തതെന്താണ്? സാമ്പത്തിക പ്രതിസന്ധി എന്നു പറയുമ്പോൾ തന്നെ,60%- 40% അനുപാതത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന സ്കൂളുകളിൽ അടിസ്ഥാന സൗകര്യവികസനത്തിനു ലഭിക്കുന്ന പണം പരിമിതമെന്ന് വിദഗ്ധർ. കേരളത്തിലെ തെരഞ്ഞെടുക്കപ്പെടാവുന്ന സ്കൂളുകൾ അടിസ്ഥാനവികസനകാര്യത്തിൽ ഏറെ മുന്നിലാണു താനും. അവയുടെ മുമ്പിൽ പി എം ശ്രീ ബോർഡും പ്രധാനമന്ത്രിയുടെ പടവും വെയ്ക്കുന്നതുകൊണ്ട് എന്താണ് നാം നേടുന്നത്? സാംസ്കാരികാഘാതങ്ങളാവട്ടെ, ഏറെയുണ്ട് താനും.

മാസങ്ങൾക്കകം കേരളത്തിൽ നിയമസഭാതിരഞ്ഞെടുപ്പു നടക്കുകയാണ്. തമിഴ്നാടിൻ്റെയും ബംഗാളിൻ്റെയും സ്ഥിതിയും അതു തന്നെ. ആ രണ്ടു സംസ്ഥാനങ്ങൾ എൻ. ഇ.പി.യുടെ ആപ്പിൽ തല കൊണ്ടു വെച്ചിട്ടില്ല. സുപ്രീം കോടതിയിൽ അവകാശപ്പെട്ട സംസ്ഥാന വിഹിതം ലഭിക്കാൻ വേണ്ട റിട്ട് ഫയൽ ചെയ്യുകയായിരുന്നു. കോവിഡ് കാലത്ത് വിദ്യാർത്ഥികൾക്ക് ഭാരം കുറക്കാനെന്ന പേരിൽ കേന്ദ്രം നടത്തിയ സിലബസ് സെൻസറിംഗിനെതിരെ അഡീഷണൽ പുസ്തകമിറക്കി പ്രതിരോധം ചമച്ച ഇടതുപക്ഷ സർക്കാർ, ഘടകകക്ഷിയായ സി പി ഐയുടെ വിയോജിപ്പിനെ നിഷ്കരുണം തള്ളിക്കളഞ്ഞ് തിരക്കുപിടിച്ച് കരാറൊപ്പിടുന്നതിൽ എന്തൊക്കെയോ ദുരൂഹതകളുണ്ട്. ഈ വർഷം അധ്യാപകരുമായും വിദ്യാർത്ഥി പ്രതിനിധികളുമായും രക്ഷിതാക്കളുമായും കേരളത്തിലങ്ങോളമിങ്ങോളം ചർച്ചകൾ സംഘടിപ്പിച്ച് പിന്നീട് കരിക്കുലം കമ്മറ്റികൾ പല വട്ടം കൂടിയിരുന്ന് പരിഷ്കരിച്ച സിലബസിൻ്റെ മേലാണ് ഈ അശനിപാതം വന്നു പതിക്കാനിരിക്കുന്നത്. ആദ്യം തെരഞ്ഞെടുത്ത വിദ്യാലയങ്ങൾ, പിന്നെ സ്വാഭാവികമായ സമ്പൂർണ കീഴടങ്ങൽ! എന്തിനു വേണ്ടി എന്ന ചോദ്യം വീണ്ടുമുയരുന്നു. ഈ വൈകിയ വേളയിൽ.. തിരഞ്ഞെടുപ്പു ഫലം എന്തായിരിക്കും എന്നുറപ്പില്ലാത്ത അവസ്ഥയിൽ. അതോ തിരഞ്ഞെടുപ്പുഫലം എന്തായിരിക്കണമെന്നു തീരുമാനിക്കുക ഈ നിരുപാധിക കീഴടങ്ങൽ ആയിരിക്കും എന്നതു കൊണ്ടോ? ഒന്നും തിരിയുന്നില്ലല്ലോ ഞങ്ങൾ സാധാരണക്കാർക്ക്!
ഈ പംക്തിയിലെ മറ്റ് ലേഖനങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.





