A Unique Multilingual Media Platform

Articles Cinema

‘കാന്ത’ – പീരിയഡും സമകാലികവും

  • November 22, 2025
  • 1 min read
‘കാന്ത’ – പീരിയഡും സമകാലികവും

സംവിധായകനും നായകനടനും തമ്മിലുള്ള ഈഗോ ക്ലാഷുകൾ  വെള്ളിത്തിരിക്കപ്പുറമുള്ള സിനിമയുടെ ഇതിഹാസ കഥകൾക്ക് നിറം പകരുന്നതാണ്.  താൻപോരിമകൾ മാറ്റുരസുമ്പോൾ അതു കടുത്ത ശത്രുതയായി പരിണമിക്കാം. പരസ്പര സംഘർഷം വ്യക്തിഗതമാവുകയും അതു ശത്രുതയുടെയും പകയുടെയും പ്രതികാരത്തിന്റെയും തീവ്രതലങ്ങളിലേക്ക് മാറുകയും ചെയ്യുന്നു. കനകവും കാമിനിയും മാത്രമല്ല കലഹത്തിനിടയാക്കുന്ന കാരണങ്ങൾ. ചിലപ്പോൾ സർഗ്ഗതാത്മകമായ അഭിപ്രായഭിന്നതകളും ഇതിനു വിഷയീഭവിച്ചേക്കാം. ശെൽവമണി ശിവരാജിന്റെ “കാന്ത”  ഈ സർവ്വകാലികമായ പ്രമേയത്തിനാണ് ദൃശ്യമാനം നൽകിയിരിക്കുന്നത്. കാന്തയുടെ പ്രത്യേകത അതൊരു പീരിയഡ് സ്റ്റോറിയാണെന്നാണ്. ഇതിവൃത്തതിൽ പ്രണയവും കുറ്റകൃത്യവും സവിശേഷ ചേരുവയാകുന്നു.

 

ഹിച്ച്‌കോക്കിയൻ രീതിയിൽ പടം തുടങ്ങിയത് ആകാംഷ ഉയർത്തുന്നതാണ്. ബ്ലാക് ആൻഡ് വൈറ്റ് നിഴലാട്ടങ്ങളും അമൂർത്ത നിഴൽ ചിത്രങ്ങളും ഉദ്വേഗം ജനിപ്പിക്കുന്നതാണ്. പിസ്റ്റളിൽ നിന്നും വെടിയുതിർക്കുന്നതോടെയാണ് ആദ്യ രംഗം അവസാനിക്കുന്നത്. പിന്നെ നമ്മൾ മോഡേൺ സ്റ്റുഡിയോവിൽ  പുതിയ സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടു ചർച്ചയ്ക്കുവരുന്ന സമുദ്രകനിയുടെ ദൃശ്യമാണ് കാണുന്നത്. പക്വതയുള്ള എന്നാൽ പ്രൗഢനായ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാകാത്ത സംവിധായകൻ. ആക്ഷൻ മുതൽ കട്ട് വരെയുള്ള വരെയുള്ള ഷൂട്ടിങ് ദൈർഘ്യത്തിൽ എന്തു  നടക്കണമെന്ന് തിരുമാനിക്കേണ്ടയാൾ. ഡയറക്ടർ കട്ട് വിളിച്ചാൽ രംഗ ചിത്രീകരണം കഴിഞ്ഞു. രണ്ടാമതും ടേക്ക് വേണോ, തിരക്കഥയിൽ മാറ്റം വരുത്തണോ, എഡിറ്റിങ് മേശയിൽ നിന്നും അന്തിമമായി എന്ത് പുറത്തിറങ്ങണമെന്നോ നിശ്‌ചയിക്കേണ്ടതും അയാൾ. സമുദ്രകനിയുടെ മുഖഭാവത്തിൽ അതുണ്ട്.

പീരിയഡ് സിനിമയുടെ ശില്പഘടനയെയാണ് കാന്ത പിന്തുടരുന്നതെങ്കിലും ഇതിലെ ആഖ്യാനത്തിന്റെ ഭാഗമാകുന്ന ആദ്യകാല തമിഴ്  സിനിമാ രംഗ ചിത്രീകരണത്തിൽ ഭാവാഭിനയത്തിന്റെ ശൈലീവൽക്കരണത്തെയാണ് പാരഡി ചെയ്യുന്നത്.  പാട്ടുരംഗങ്ങളിലും മറ്റും ചടുലത പ്രകടിപ്പിച്ചു സമകാലികമായ അനുഭവമാക്കിയിട്ടുണ്ട് പ്രതിപാദനം. ആണുങ്ങൾ തമ്മിലുള്ള ഈഗോ ക്ലാഷ് ഇതിനു മുമ്പും സിനിമയ്ക്ക് പ്രമേയമായിട്ടുണ്ട്. അതിൽ കാമിനിയുടെ പക്ഷപാതിത്വമാണ് അഹന്തയെ മൂർച്ഛിപ്പിക്കുക. ഈ പന്ഥാവിൽ നിന്നും വ്യതിചലിച്ചു വ്യക്തികൾ തമ്മിലുള്ള അകലച്ചയ്ക്കും ശത്രുതയ്ക്കും ആരാധനയെയും അധികാര രാഷ്ട്രീയത്തെയും മുഖ്യ കാരണമാക്കിയത് മണി രത്നത്തിന്റെ “ഇരുവർ” ആണ്. മോഹൻലാൽ അഭിനയംക്കൊണ്ടു വിസ്മയിപ്പിച്ച സിനിമയാണ് ഇരുവർ. കാന്തയുടെ പീരിയഡ് ആഖ്യാനം തീർച്ചയായും ഇരുവർ സിനിമയെ ഓർമിപ്പിക്കും.

‘ഇരുവർ’ ചിത്രത്തിലെ ഒരു രംഗം

Who done it..  -കൊലപാതക രഹസ്യത്തിന്റെ അനാവരണത്തിന്റെ സിനിമകൂടിയാണ് കാന്ത. പീരിയഡ് സിനിമയുടെ പശ്ചാത്തലതിൽ തമിഴ് സിനിമയുടെ സ്റ്റുഡിയോ കാലത്തിൽ ആദ്യമായി നായകത്വ ബിംബം സ്ഥാപിക്കപ്പെടുന്നതും കലയിലും ചലച്ചിത്ര വ്യവസായത്തിലും  നായകബിംബങ്ങളുടെ അപ്രമാദിത്വവും അതിനോടുള്ള ആദ്യകാലം മുതൽക്കേയുള്ള വിപ്രതിപതിയും കാന്ത ആവിഷ്ക്കരിക്കുന്നു. ഭാഗ്യശ്രീ ബോർസെ അവതരിപ്പിക്കുന്ന കഥാപാത്രമാണ് കുമാരി. പുതുമുഖ നടിയാണ് കുമാരി. സ്ത്രീകേന്ദ്രിത തിരക്കഥയായാണ് ഇത് രചിക്കപ്പെട്ടിട്ടുള്ളത്. ശാന്ത എന്നാണ് സിനിമയ്ക്കുള്ളിലെ സിനിമയുടെ ടൈറ്റലായി സംവിധാകൻ വിഭാവനം ചെയ്തിരുന്നത്. എന്നാൽ, നായക നടൻ ടി കെ മഹാദേവൻ ആദ്യം വരുത്തുന്ന തിരുത്തു തന്നെ സിനിമയുടെ ടൈറ്റലാണ്. സ്ത്രീ കേന്ദ്രിത സിനിമയിൽ നിന്നും നായകകേന്ദ്രിത സിനിമയായി ഇതിനെ മാറ്റുന്നു. അങ്ങനെ ശാന്ത – കാന്തയാകുന്നു. ശാന്തയുടെ കഥാപാത്രം അവതരിപ്പിക്കുന്ന കുമാരിക്കാണ് ഇതിൽ കൂടുതൽ പ്രാധാന്യമെന്നും സിനിമയുടെ ചിത്രീകരണവേളയിൽ നായിക കഥാപാത്രത്തിന്റെ മേൽകൈ നിലനിർത്താൻ തന്നോടൊപ്പം നിൽക്കണമെന്ന് സംവിധായകൻ ടി കെ പി കുമാരിയിൽ നിന്നുറുപ്പു വാങ്ങുന്നുണ്ട്. സംവിധായകന്റെ ശിഷ്യ  (protégé) എന്ന നിലയിലാണ്  കുമാരി ആദ്യരംഗങ്ങളിൽ സംവിധായകനൊപ്പം നിൽക്കുന്നത്.

തമിഴ് സിനിമാരംഗത്തെ തലയെടുപ്പുള്ള സംവിധായകനാണ് ‘അയ്യാ’ എന്ന് വിളിക്കുന്ന ടി കെ പി. സമുദ്രക്കനി അഭിനയിച്ച ഈ കഥാപാത്രം തന്റെ മേൽക്കോയ്‌മയ്‌ക്കായാണ് പോരാടുന്നത്. അയാളുടെ തന്നെ ശിഷ്യനായാണ് നായക നടൻ,  ടി കെ മഹാദേവൻ സിനിമയിൽ കടന്നുവരുന്നത്. സിനിമയിൽ പതുക്കെ ഒരു താരപദവി അയാൾ നേടുകയാണ്. “നടിപ്പിൻ ചക്രവർത്തി”യെന്നാണ് ആരാധകവൃന്ദം ദുൽഖറിന്റെ കഥാപാത്രത്തെ വിളിക്കുന്നത്. നടിപ്പിൻ ചക്രവർത്തിയാകുന്നതോടെ സംവിധായകന്റെ നിർദേശങ്ങൾക്ക് വില നൽകുന്നില്ല. ഷോട്ടിന്റെ ആംഗിൾ മുതൽ എത്ര ടേക്ക് വേണം എന്നു മാത്രമല്ല തിരക്കഥയിൽ  ആരാധകരുടെ താല്പര്യം എന്ന കാരണം മുൻനിർത്തി സംവിധായകന്റെ എതിർപ്പുകൾ അവഗണിച്ചു മാറ്റങ്ങൾ വരുത്തുകയാണ്. ശ്രീനിവാസന്റെ സരോജ് കുമാറിന്റെ റിയലിസ്റ്റിക് പതിപ്പാണ് നായകബിംബം. ഇതൊരു സർവ്വകാലിക പ്രതിഭാസമാണ്. സിനിമ സംവിധയകന്റെ സൃഷ്ടിയാണോ അതോ താരപദവിയുള്ള നടന്റെയോ എന്ന പ്രശ്നം എത്രമേൽ പുരാതീനമാണ് അത്രമേൽ സമകാലികവുമാണ്. വാണിജ്യ സിനിമയുടെ പരിവട്ടത്തിൽ എത്രതന്നെ മികവുപുലർത്തിയ സംവിധായകനാണെങ്കിലും വിട്ടുവീഴ്ച ചെയ്യാൻ നിർബന്ധിതനാകുന്നു. അപൂർവമാണ് കെ ജി ജോർജിനെ പോലുളള സംവിധായക പ്രതിഭകൾ. സംവിധായകന്റെ ദർശനമാണ് ചലച്ചിത്രകല എന്നു വിശ്വസിക്കുന്ന കെ ജി ജോർജിനെ പോലുള്ളവർ തങ്ങളുടെ നിലപാടുകൾക്ക് വേണ്ടി തോൽക്കാൻ വിധിക്കപ്പെട്ടവരാണ്. ക്യാമറ കൃത്യമായി എവിടെ വെയ്ക്കാൻ നിർദേശിക്കാൻ പറ്റാത്ത കച്ചവടസിനിമ സംവിധായകൻ ഒരു ഏകോപകൻ മാത്രമാണ്. പക്ഷെ, അയാൾക്ക് മഹാനടന്മാർ ചോദിക്കുമ്പോൾ ഡേറ്റ് നൽകുകയും അങ്ങനെ നിർമിക്കുന്ന ഏറ്റവും തല്ലിപ്പൊളി സിനിമകൾ  അവരുടെ ഫിലിമോഗ്രാഫിയിലേക്ക് എഴുതിചേർക്കാൻ താല്പര്യപ്പെടുന്നുവെന്ന വിചിത്രമായ പ്രതിഭാസം എല്ലാ സിനിമയിലുമുണ്ടെന്നു പറയുമ്പോൾ മലയാള സിനിമയിലുമുണ്ടെന്നുള്ള കാര്യം പ്രത്യേകമെടുത്തു പറയേണ്ടല്ലോ.

ദുൽഖർ സൽമാന്റെ ടി കെ മഹാദേവൻ തിരക്കഥയിൽ മാറ്റം വരുത്തുന്നുവെന്നു മാത്രമല്ല ഷോട്ട് ആംഗിളും എത്ര ടേക്ക് എന്നതു  വരെയും  തീരുമാനിക്കുന്നു. സെറ്റിൽ സംവിധായകൻ നോക്കുകുത്തിയാകുന്നു. നായകനടൻ അനുഭവിക്കുന്ന സാഡിസ്റ്റ് ആഹ്ളാദത്തിൽ  സംവിധായകൻ  നിസ്സഹായാനാകുന്നു. അയാളിൽ അമർഷം കനക്കുന്നു. നടിപ്പിൻ  ചക്രവർത്തിക്കാണ് നിർമാതാവിന്റെ ഉൾപ്പെടെ സ്റ്റുഡിയോ ഫ്ലോറിലെ സകലരുടെയും പിന്തുണ. സംവിധായകൻ അനുഭവിക്കുന്ന ഈ നിന്ദയും ഒറ്റപ്പെടലും അയാളിൽ തീരാപക സൃഷ്ടിക്കുന്നു. ഇവർ തമ്മിലുള്ള വൈരുധ്യം മൂർച്ഛിക്കുന്നതിനു നായക നടി കുമാരി കാരണമാകുന്നു. നടിപ്പിൻ ചക്രവർത്തി ചിത്രീകരണ വേളയിൽ കുമാരിയുടെ അസാധാരണ അഭിനയശേഷി തിരിച്ചറിയുകയും അവർ തമ്മിലുള്ള അടുപ്പം പ്രണയബന്ധമായി വളരുകയുമാണ്.

“കാന്ത”യിലെ സംഘർഷത്തിന്റെ കേന്ദ്രബിന്ദു നായകനടനുമായി കൂടുതൽ കൂടുതലായി അടുക്കുന്ന നായകനടിയും അക്കാരണത്താൽ തന്നിൽ നിന്നും കുമാരി ഏറെ അകന്നുപോകുന്നു എന്നു വിശ്വസിക്കുന്ന സംവിധായകനും തമ്മിൽ വളരുന്ന തീവ്രമായ പകയാണ്. പകയുടെ മൂർദ്ധന്യത്തിൽ ടി കെ മഹാദേവനെ വധിക്കാനുള്ള ചില സംഭവങ്ങൾ സംവിധായകൻ ആസൂത്രണം ചെയ്തിട്ടുണ്ടെന്നു നായക നടൻ സംശയിക്കുന്നു. അത്തരം വധശ്രമങ്ങളിൽ നിന്നും യാദൃശ്ച്യാ അയാൾ രക്ഷപ്പെടുകയാണ്. ഈ സംശയത്തിന് പശ്ചാത്തലമാകുന്ന ഒരു കാര്യം അയാൾ കുമാരിയോടു പങ്കുവെക്കുന്നുണ്ട്. ഒരു കൊലപാതക കുറ്റാരോപണത്തിന്റെ പേരിൽ അയാൾക്ക് ജയിലിൽ പോകേണ്ടി വന്ന സംഭവമാണത്. ഇതിനു കാരണക്കാരൻ സംവിധായകനാണെന്ന് അയാൾ സംശയിക്കുന്നു. തന്റെ വളർച്ചയും  ആരാധകവൃന്ദത്തിന്റെ കൈയടിയുമാണ് നടിപ്പിൻ ചക്രവർത്തിയോടുള്ള ഈർഷ്യക്കു കാരണമായതെന്നു അയാൾ കരുതുന്നു. സിനിമയുടെ ഇതിവൃത്തത്തിൽ അത്ര പ്രധാനമല്ലാത്ത  ഈ ജയിൽ ശിക്ഷയുടെ കാര്യമാണ് കാന്ത സിനിമയിലെ നായക കഥാപാത്രത്തിനു  തമിഴ് സിനിമയിലെ ആദ്യനായകനായ ത്യാഗരാജഭാഗവതരുടെ ഛായയുണ്ടെന്നു പ്രതീതിക്കു ഹേതുവായതത്രെ.

സംവിധായകനും നായക നടനും തമ്മിലുള്ള സംഘർഷത്തിന്റെ മൂർദ്ധന്യത്തിലാണ് സെറ്റിൽ വെച്ച് നായകനടി വെടിയേറ്റുമരിക്കുന്നത്. സിനിമയിൽ അവസാന രംഗത്തിൽ ഉപയോഗിച്ച പിസ്‌റ്റലാണ് കൊലപാതകത്തിനായി ഉപയോഗിച്ചതെന്നാണ് ഏക തെളിവാകുന്നത്. പിന്നീടുള്ള ഭാഗം പോലീസ് സ്റ്റോറിയാണ്. കാന്ത സിനിമയുടെ നിർമാതാവ് റാണാ ദുഗ്ഗബട്ടിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. പീരിയഡ് സിനിമയിലെ അഭിനയത്തിന്റെ അതേ അമിതശൈലീകൃത രീതി അന്വേഷണ ഉദ്യോഗസ്ഥനും വേണമെന്ന തെറ്റിദ്ധാരണയാണ് ഈ കഥാപാത്രത്തെ അസഹനീയമാക്കുന്നത്. സ്റ്റുഡിയോ പോലീസ് സ്റ്റേഷനാക്കുകയും അയാൾ അതിൽ കയറി അഭിനയപ്രകടനം കാഴ്ചവെക്കാൻ തുടങ്ങുന്നു. നടനും നിർമാതാവും ഒരാൾ തന്നെയായാലും സംവിധായകന്റെ കഥയെന്താകുമെന്നതിനു ഒരു ഉദാഹരണമാണ് റാണാദുഗ്ഗബട്ടിയുടെ വേഷംക്കെട്ട്. “കാന്ത”യുടെ സംവിധായകൻ സെൽവമണി സെൽവരാജ് ഈയൊരു ഭാഗത്തിൽ തന്റെ സംവിധായക ദൗർബല്യം പ്രകടമാക്കുന്നു. സംവിധായകൻ  എന്ന നിലയിൽ  സിനിമയുടെ ആദ്യപകുതിയിൽ പ്രകടിപ്പിക്കുന്ന  കൈത്തഴക്കം സെൽവമണി സെലവരാജിനു അവസാനരംഗങ്ങളിൽ നഷ്ടപ്പെടുകയാണ്. ഒരുപക്ഷെ, ഇതു തിരിച്ചറിഞ്ഞതുക്കൊണ്ടാകാം അവസാനരംഗത്തിൽ അനങ്ങാൻ പറ്റാത്ത വിധത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെ വിലങ്ങിൽ ബന്ധനസ്ഥനാക്കുന്നത്.

ഒന്നിലധികം ട്വിസ്റ്റുകൾ ഇതിവൃത്തത്തിൽ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും ഏറെക്കുറെ പ്രവചനീയമാണ് കൊലപാതക രഹസ്യത്തിന്റെ അനാവരണം. സിനിമ സെറ്റിൽ നടക്കുന്ന കൊലപാതകമാകയാൽ ആക്കൂട്ടത്തിലെ ആരിലേക്കെങ്കിലും സംശയത്തിന്റെ മുന നിവർത്തുമ്പോൾ തന്നെ ദുരൂഹത വർധിപ്പിക്കാനായി അതിനപ്പുറത്തുള്ള ചില കഥാപാത്രങ്ങളെകൂടി രംഗത്തിറക്കുന്നുണ്ട്. നായകനടന്റെ ഭാര്യയെയും ഭാര്യാപിതാവിനെയും വിശ്വസ്തനായ ഡ്രൈവറും രംഗത്തുവരുന്നു. എങ്കിലും, ഉദ്വേഗത്തെ തല്ലിക്കെടുത്തുന്ന വേഗതയിലാണ് അന്വേഷണം അതിപ്രകടനം നടത്തുന്നത്. സിനിമ, സിനിമ സെറ്റിലെ കൊലപാതകം, ദുരൂഹത, പ്രണയം, പക-ഈ ഘടകങ്ങൾ കെ ജി ജോർജിന്റെ “യവനിക”യെയും “ലേഖയുടെ മരണം -ഒരു ഫ്ലാഷ്ബാക്ക്” എന്ന സിനിമയെയും ഓർമിപ്പിക്കും. കുറ്റാന്വേഷണ സിനിമയുടെ വിജയമെന്നു പറയുന്നത് ഉദ്വേഗം ക്രമേണ വർധിപ്പിച്ചുക്കൊണ്ടു ഒരോ  മൂഹൂർത്തങ്ങളിലൂടെയും അന്വേഷണം വ്യാപിച്ചു- കുറ്റം നടത്തുന്ന സമയം, പശ്ചാത്തലം, ഹേതുവായ പ്രേരണ,കുറ്റം ചെയ്ത വ്യക്തി അല്ലെങ്കിൽ വ്യക്തികൾ എന്നിങ്ങനെ വെളിപ്പെടുത്തുമ്പോഴാണ്. (reveal).കാന്തയിലെ unravelling -ൽ അത്തരത്തിലുള്ള ഉദ്വേഗത സൃഷ്ടിക്കാൻ പാകത്തിലുള്ള സന്ദർഭങ്ങൾ പാളിപ്പോവുകയാണ്.

ഇങ്ങനെയുള്ള പാളിച്ചകൾ നിരത്താമെങ്കിലും ദുൽഖർ തന്റെ അഭിനയത്തിലൂടെ ഇതിനെ  മാറിക്കടക്കുന്നുണ്ട്. നടിപ്പിൻ  ചക്രവർത്തി എന്ന  നിലയിൽ പ്രകടിപ്പിക്കുന്ന അധീശത്വവും, ആരാധകർക്ക് പ്രിയങ്കരനാകുന്ന ആകർഷകത്വവും സംഘര്ഷങ്ങളിൽ അയാൾ അകമേ ദുർബലനാകുന്നതും അതിനെ അതിവർത്തിക്കാനായി പ്രകടിപ്പിക്കുന്ന  ആത്മവിശ്വാസവും ദുൽഖർ സൽമാൻറെ അഭിനയതികവിനു പുതിയ മാനം നൽകുന്നു, സമീപകാലങ്ങളിൽ ഡി ക്യൂ അഭിനയിച്ച കുറുപ്പ്, വെബ് സീരീസ്- ഗൺസ് ആൻഡ് ഗുലാബ്- ഈ മാറ്റത്തിനു സാക്ഷ്യവുമാകുന്നുണ്ട്. സമുദ്രക്കനി അമർഷം ഉള്ളിൽ ഒതുക്കി സ്വയം നിയന്ത്രണവിധേയനായ എന്നാൽ അപമാനത്തിന്റെ പാരമ്യത്തിൽ പൊട്ടിത്തെറിക്കുന്ന മുതിർന്ന കഥാപാത്രത്തെ വളരെ സ്വാഭാവികതയോടെ നടിച്ചിട്ടുണ്ട്. വൈകാരിക തീക്ഷ്ണതയുടെ മുഹൂർത്തങ്ങളിൽ അതിപ്രകടനം കാണിക്കാതെ എന്നാൽ താൻ  നിർവഹിക്കുന്ന ചലച്ചിത്രത്തിലെ കഥാപാത്രത്തിന്റെ റോളിൽ പ്രകടനാത്മകതയോടെയും ജീവിതവും സിനിമയും തമ്മിൽ എവിടെ വേർപ്പെടുന്നുവെന്നു ഇതിലെ പുരുഷകഥാപാത്രങ്ങളെ അനുഭവപ്പെടുത്തുന്നു ഭാഗ്യശ്രീ ബോർസെ നടിച്ച കുമാരി എന്ന തമിഴ് സുന്ദരിയുടെ കഥാപാത്രം. വശ്യമാണ് അവരുടെ ദുരൂഹതനിറഞ്ഞ ചിരി. അതിലെന്താണ് ഉള്ളടങ്ങിയിരിക്കുന്നുവെന്നതാണ് ഈ സിനിമയിലെ കൊള്ളാവുന്ന ഏക ട്വിസ്റ്റ്.

ഇതു പീരിയഡ് സിനിമ മാത്രമല്ല, തമിഴ് സിനിമയുടെ ആദ്യസ്റ്റുഡിയോ കാലം പുനസൃഷ്ടിക്കുന്ന സിനിമ കൂടിയാണ്, ദൃശ്യങ്ങളിലെ വസ്തുവകകളിലൂടെ അതിധാരാളിത്തം പ്രകടമാക്കാതെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫ്രെമുകളും കളറിലൂടെയും സ്റ്റുഡിയോ സിനിമയുടെ അനുഭവലോകത്തിനു ദൃശ്യാവിഷ്‌കാരം നൽകിയിട്ടുണ്ട്. കാന്തയുടെ ഛായാഗ്രാഹകൻ  ഡാനി സാഞ്ചസ്-ലോപ്പസിന്റെ കൊത്തിവെയ്ക്കപ്പെട്ട ഫ്രേമുകൾ തന്നെയാകണം  ഈ സിനിമയിലെ എടുത്തുപറയത്തക്ക ഒരു സവിശേഷത. സെറ്റ് ഡിസൈനും വസ്തുവകകളും  വേഷവിധാനവും കാലത്തെ പുനസൃഷ്ടിച്ചിട്ടുണ്ട്.

കാലത്തെ അതിവർത്തിക്കുന്നതാണ് ഇതിലെ കേന്ദ്ര പ്രമേയം. ആണുങ്ങളുടെ ഈഗോ ക്ലാഷ്. ഈഗോ ഓരോരുത്തരുടേയും കാഴ്ചപ്പാടിൽ ന്യായീകരിക്കത്തക്കതുമാണ്. ഈഗോ ക്ലാഷിൻറെ വിസ്ഫോടങ്ങൾ അതിക്രമത്തിലേക്ക് നയിക്കുന്നു. അത് എന്ത് ആപത്തും ക്ഷണിച്ചുവരുത്താം. നിസ്സാരമായ വികാരങ്ങൾ മതി ഈ മനോരോഗത്തെ മൂർച്ഛിപ്പിക്കാൻ. വാസ്തവത്തിൽ, ആണുങ്ങളുടെ ആഴത്തിലുള്ള അരക്ഷിതാവസ്ഥയാണ് ക്ഷുദ്രമായ അഹംബോധത്തിനു നിധാനമാകുന്നത്. തങ്ങൾ  ഉന്നത ജീവികളാണെന്നു കരുതുന്ന ആളുകൾക്ക് മറ്റുള്ളവർ അയാളെ പിന്തുടരേണ്ട, അനുസരിക്കേണ്ട താഴ്ന്നവരാണ്. അവർക്കുനേരെ ഒരു  മനസ്സാക്ഷിയും കൂടാതെ ആക്രമണം നടത്തുന്നതിൽ അവർക്ക് ന്യായീകരണം കണ്ടെത്താനും പ്രയാസമുണ്ടാകില്ല.

About Author

ദാമോദർ പ്രസാദ്

എഴുത്തുകാരൻ, സാമൂഹിക, സാംസ്കാരിക മാധ്യമ നിരീക്ഷകൻ