നാരായണഗുരുവും നമ്മളും
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലും കേരളീയ സമൂഹത്തിന്റെ ആന്തരികഘടനയിൽ സംഭവിച്ച ഏറ്റവും മൗലികവും വിപ്ലവാത്മകവുമായ ഒരു പരിവർത്തനത്തിന്റെ ചാലകശക്തി ശ്രീനാരായണഗുരുവായിരുന്നു എന്നു പറഞ്ഞാല്‍ തെറ്റാകില്ല. കാരണം, വലിയൊരളവ്, ജാതിശ്രേണീബദ്ധമായ ഒരു ‘അനാചാരസമുച്ചയ’ത്തിൽനിന്ന് ആധുനികതയുടെയും ജനാധിപത്യ മൂല്യങ്ങളുടെയും മനുഷ്യകേന്ദ്രീകൃത ബോധത്തിലേക്ക് കേരളത്തെ കൈപിടിച്ചുയർത്തിയത് ഗുരുവിന്റെ കർമ്മപദ്ധതികളാണ്. എന്നാൽ ഒരു നൂറ്റാണ്ടിനിപ്പുറം കേരളീയ പൊതുമണ്ഡലം നാരായണഗുരുവിനെ എങ്ങനെയാണ് അഭിസംബോധന ചെയ്യുന്നത് എന്ന് പരിശോധിക്കുമ്പോൾ നമുക്ക് കാണാന്‍ കഴിയുക വൈരുധ്യങ്ങളുടെയോ വിരോധാഭാസങ്ങളുടേയോ ഒരു സഞ്ചയമാണെന്നതാണ് വാസ്തവം..!
ജാതിരഹിതമായൊരു മാനവിക ബോധത്തിലേക്ക് ലോകത്തെ നയിക്കാൻ ശ്രമിച്ച ഒരു ആചാര്യനെ, സ്വന്തം ജാതിയുടെ അതിർത്തിവരമ്പുകൾക്കുള്ളിൽ തളച്ചിടാനും, ആചാരങ്ങളെ യുക്തിബോധം കൊണ്ട് വെട്ടിനിരത്തിയ ഒരു ദാർശനികനെ വീണ്ടും യാഥാസ്ഥിതിക പൂജാവിധികളിലും അനുബന്ധകാര്യങ്ങളിലും പ്രതിഷ്ഠിക്കാനുമാണ് സമകാലിക സമൂഹം വ്യഗ്രത കാട്ടുന്നത് എന്നതു തന്നെയാണ് സുപ്രധാന വൈരുധ്യമാകുന്നത്. വിപ്ലവകരമായ ചിന്തകളെ അതിന്റേതായ തീക്ഷ്ണതയോടെ ഉൾക്കൊള്ളുന്നതിനുപകരം, പ്രതിമകൾ പണിത് തൊഴുകയ്യോടെ വണങ്ങുകയും, യഥാര്‍ഥ ഉള്ളടക്കത്തെ നിഷ്ക്രിയമാക്കുകയും ചെയ്യുന്ന സാംസ്കാരിക അപചയത്തെ മുൻനിർത്തി ഗുരുവിന്റെ ദർശനങ്ങളെയും സമകാലിക യാഥാർത്ഥ്യങ്ങളെയും വിശകലനം ചെയ്യാനുളള ഒരു ചെറിയ ശ്രമമാണ് ഈ ലേഖനം.

നാരായണഗുരുവിന്റെ സാമൂഹിക ഇടപെടലുകൾ വെറും ബാഹ്യമായ സാമൂഹ്യപരിഷ്കരണ പ്രവർത്തനങ്ങൾ മാത്രമായിരുന്നില്ല എന്നത് പെട്ടെന്ന് മനസ്സിലാക്കാവുന്നതാണ്. അദ്വൈത ദർശനത്തിന്റെ മൂർത്തവും പ്രായോഗികവുമായ ഒരു രാഷ്ട്രീയ പ്രയോഗം കൂടിയായിരുന്നു അത് എന്ന് സൂക്ഷ്മാര്‍ഥത്തില്‍ തിരിച്ചറിയാനാകും. ശങ്കരാചാര്യരുടെ അദ്വൈതം, സൈദ്ധാന്തിക തലത്തിൽ ഏകത്വത്തെ പ്രഘോഷിച്ചപ്പോഴും, വ്യവഹാരതലത്തിൽ വർണ്ണാശ്രമ വ്യവസ്ഥയെ അവിശ്വസനീയമായ വിധം സംരക്ഷിച്ചുപോന്നു എന്ന യാഥാര്‍ഥ്യംകൂടി ഇവിടെ തെളിഞ്ഞു വരുന്നുണ്ട്. എന്നാൽ, നാരായണഗുരു ആ അദ്വൈതത്തെ മനുഷ്യന്റെ തുല്യതയ്ക്കുള്ള വിമോചന ദർശനമായി രൂപാന്തരപ്പെടുത്തി എന്ന കാര്യമാണ് ഇവിടെ അത്യധികം പ്രസക്തമാകുന്നത്.
അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം
എന്നും
അവനിയിലൊരപ്പനൊരമ്മ പെറ്റമക്ക-
ളവയറിവൊന്നിലിതൊക്കെയൊന്നുതന്നേ
എന്നും ആത്മോപദേശ ശതകത്തിൽ ഗുരു എഴുതുന്നത്, ഇവിടെ ഓര്‍ക്കാം. വ്യക്തിയുടെ ആത്മസുഖവും പരന്റെ സുഖവും തമ്മിൽ വൈരുദ്ധ്യമില്ലാത്ത ഒരു തലത്തിലാണ് ഗുരുവിന്റെ അധ്യാത്മികത നിലയുറപ്പിക്കുന്നത്.
‘അപരൻ’ എന്നത് അന്യനല്ല, മറിച്ച് തന്റെ തന്നെ ആത്മാംശമാണെന്ന തിരിച്ചറിവാണ്, അദ്ദേഹത്തെ സംബന്ധിച്ച്, ജാതിഭേദങ്ങളെ ഇല്ലാതാക്കുന്നത് എന്ന് സാരം. ഇതിന്റെ തുടർച്ചയായാണ് ‘ജാതിമീമാംസ’യിലൂടെ ഗുരു മനുഷ്യവംശത്തിന്റെ ഏകത്വത്തെ ശാസ്ത്രീയവും ദാർശനികവുമായി സമർത്ഥിക്കുന്നത്:
മനുഷ്യാണാം മനുഷ്യത്വം
ജാതിർഗോത്വം ഗവാം യഥാ
തഥാ ന ബ്രാഹ്മണാദ്യാസ്തി
നൈവ ഭേദോസ്തി കിഞ്ചന.
മനുഷ്യന്റെ ജാതി മനുഷ്യത്വമാണ്, പശുവിന് പശുത്വം എന്നപോലെ. ബ്രാഹ്മണനോ ചണ്ഡാലനോ എന്ന ഭേദം ബാഹ്യമായൊരു സങ്കൽപം മാത്രമാണെന്ന് ഗുരു അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചു. ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന വാക്യം കേവലമൊരു മുദ്രാവാക്യമായിരുന്നില്ല എന്നതും ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. കാരണം, വലിയൊരളവ് ജീവശാസ്ത്രപരവും ആത്മീയവുമായ ഒരു സമഗ്രസത്യത്തിന്റെ സാക്ഷാത്കാരം കൂടിയായി പിറന്ന വാക്യമായിരുന്നു അത് എന്ന് തിരിച്ചറിയാന്‍ പ്രയാസമില്ല.
വിഗ്രഹപ്രതിഷ്ഠയും വിഗ്രഹഭഞ്ജനവും
1888-ലെ അരുവിപ്പുറം പ്രതിഷ്ഠ, ഒരര്‍ഥത്തില്‍, കേരളീയ സാമൂഹ്യ ചരിത്രത്തില്‍ ഏറെ പ്രകമ്പനം സൃഷ്ടിച്ച ഒരു ജനാധിപത്യ പ്രഖ്യാപനമായിരുന്നു. നെയ്യാറിലെ ഒഴുക്കിൽ നിന്ന് മുങ്ങിയെടുത്ത ഒരു ശിലയെ പ്രതിഷ്ഠിച്ചുകൊണ്ട്, ആയിരത്താണ്ടുകളായി ബ്രാഹ്മണ്യത്തിന് മാത്രം കൽപ്പിച്ചുനൽകിയിരുന്ന പൗരോഹിത്യ കുത്തകയെയാണ് ഗുരു അതിലൂടെ ചോദ്യം ചെയ്തത് എന്നു പറയാം. ‘നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത്’ എന്ന ലളിതവും എന്നാൽ മൂർച്ചയേറിയതുമായ ഒരു മറുപടി വരേണ്യാധികാരത്തിന്റെ ശിരസ്സിലാണ് തുളച്ചുകയറിയത്.

അരുവിപ്പുറത്ത് ഭിത്തിയിൽ ആലേഖനം ചെയ്ത ശ്ലോകം ഇന്നും കേരളത്തിന്റെ നവോത്ഥാന പ്രമാണമായി നിലകൊള്ളുന്നു-
ജാതിഭേദം മതദ്വേഷ-
മേതുമില്ലാതെ സർവ്വരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണിത്.
എന്നാൽ അരുവിപ്പുറത്തുനിന്ന് ഗുരു മുന്നോട്ട് സഞ്ചരിക്കുന്ന വഴിയും രീതിയും ഏറെ ശ്രദ്ധേയമാണ്. വിഗ്രഹത്തിൽനിന്ന് വിളക്കിലേക്കും, വിളക്കിൽനിന്ന് ആലപ്പുഴ മുരുക്കുമ്പുഴയിൽ ‘സത്യം, ധർമ്മം, ദയ, ശാന്തി’ എന്നീ വാക്കുകളിലേക്കും, ഒടുവിൽ കളവങ്കോട് കണ്ണാടി പ്രതിഷ്ഠയിലേക്കും ഗുരു തന്റെ ആരാധനാസങ്കല്പത്തെ പരിവർത്തിപ്പിക്കുന്നതാണ് നമ്മള്‍ കാണുന്നത്. കണ്ണാടിയിൽ താൻ കാണുന്നത് തന്റെ സ്വന്തം മുഖമാണ്; അഥവാ ഈശ്വരൻ പുറത്തല്ല, ഉള്ളിലാണെന്ന ‘തത്ത്വമസി’ ഭാവം സാധാരണക്കാരന് തിരിച്ചറിയാൻ കണ്ണാടിയേക്കാൾ മികച്ച മറ്റൊരു ചിഹ്നമില്ലായിരുന്നു. വിഗ്രഹത്തിൽ തുടങ്ങി വിഗ്രഹത്തെ സ്വയം ഇല്ലാതാക്കുന്ന ഒരു ദാർശനിക പരിണാമം കൂടിയായിരുന്നു അത്.
ആത്മീയതയും സാമൂഹികതയും
(തൈക്കാട് അയ്യാവ്, ചട്ടമ്പി സ്വാമികള്‍, സഹോദരന്‍ അയ്യപ്പന്‍)
ആത്മീയതയെ, സാമൂഹികമായ പ്രത്യുല്പാദനപരതയില്‍ അഥവാ ഉൽപാദനപ്രക്രിയയിൽ നിന്നോ വിദ്യാഭ്യാസത്തിൽ നിന്നോ വേർപെടുത്തി കാണാൻ ഗുരു ഒരിക്കലും തയ്യാറായില്ല. മനുഷ്യന്റെ ഭൗതികമായ പുരോഗതിയില്ലാതെ ആത്മീയമായ ഉണർവ് അസാധ്യമാണെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു ‘വിദ്യ കൊണ്ട് പ്രബുദ്ധരാവുക, സംഘടന കൊണ്ട് ശക്തരാവുക, വ്യവസായം കൊണ്ട് അഭിവൃദ്ധിപ്പെടുക’ എന്ന ഗുരുവിന്റെ ആഹ്വാനം ഇന്നും ലോകത്തിന് മാതൃകയാക്കാവുന്ന സമ്പൂർണ്ണ വികസന രേഖയായി നിലനില്‍ക്കുകയുമാണ്.
ആശ്രമങ്ങൾക്കൊപ്പം വിദ്യാലയങ്ങളും വായനശാലകളും വ്യവസായശാലകളും നിർമ്മിക്കാൻ ഗുരു നിർദ്ദേശിക്കുമ്പോഴും, കൃഷിയിലും കൈത്തൊഴിലുകളിലും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കാൻ അദ്ദേഹം ഓര്‍മിപ്പിക്കുമ്പോഴും ആചാരപരമായ ദുർവ്യയങ്ങൾ, കെട്ടുകല്യാണം, തിരണ്ടുകുളി തുടങ്ങിയ അർത്ഥശൂന്യമായ ആചാരങ്ങൾ എന്നിവ നിർത്തലാക്കി പണം വിദ്യാഭ്യാസത്തിനും കൃഷിക്കുമായി വിനിയോഗിക്കാൻ ആഹ്വാനം ചെയ്യുമ്പോഴും എല്ലാം ഗുരുവിന്റെ ആത്മീയത സാമൂഹികതയില്‍ നിന്ന് വിച്ഛേദിക്കപ്പെട്ട ഒന്നല്ലെന്ന് സുവ്യക്തമാകുകയാണ്. സഹോദരൻ അയ്യപ്പൻ ‘സഹോദര പ്രസ്ഥാന’ത്തിലൂടെയും യുക്തിവാദത്തിലൂടെയും ഗുരുവിന്റെ ആശയങ്ങളെ മുന്നോട്ട് കൊണ്ടുപോയപ്പോൾ, ആശാൻ തന്റെ കാവ്യങ്ങളിലൂടെ ഗുരുവിന്റെ ദർശനങ്ങൾക്ക് സൗന്ദര്യശാസ്ത്രപരമായ ഭാഷ്യം രചിച്ച പശ്ചാത്തലവും മറ്റൊന്നല്ലെന്ന് കാണാം. ഗുരുവിന്റെ ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന ദര്‍ശനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, അയ്യപ്പന്‍ ‘ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്’ എന്ന തിരുത്ത് നല്‍കിയത് ഏറെ പ്രശസ്തമാണ്. ‘അങ്ങനെയും പറയാം’ എന്നായിരുന്നു ഗുരുവിന്റെ സമചിത്തതയോടെയുളള പ്രതികരണം.
‘മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ
മാറ്റുമതുകളീ നിങ്ങളെത്താൻ.’
എന്ന് കുമാരനാശാൻ ‘ദുരവസ്ഥ’യിൽ കുറിച്ചത് ഗുരുവിന്റെ ഈ വിമോചന ബോധത്തിന്റെ മാറ്റൊലി കൂടിയാകുന്നുണ്ട്. മാത്രമല്ല, നാരായണഗുരുവിന്റെ ദാര്‍ശനിക ജീവിതം, ഒറ്റപ്പെട്ട ഒരു തുരുത്തുപോലെ നിലകൊള്ളുകയായിരുന്നില്ല എന്നതും പ്രത്യേകം ഓര്‍ക്കാം. അന്നത്തെ കേരളീയ നവോത്ഥാന നായകരുമായും ആത്മീയ ഗുരുക്കന്മാരുമായും അദ്ദേഹം പുലർത്തിയ ആഴത്തിലുള്ള സംവാദങ്ങളും പാരസ്പര്യവും ഫലത്തില്‍ അക്കാലത്ത്, കേരളത്തിന്റെ പരിവർത്തനത്തിന് വലിയ ആക്കം കൂട്ടിയിട്ടുണ്ട്. ശ്രീനാരായണഗുരുവിന്റെ വ്യക്തിത്വ രൂപീകരണത്തിലും ആത്മീയ അന്വേഷണങ്ങളിലും നിർണ്ണായക പങ്കുവഹിച്ച ഗുരുവര്യനായിരുന്ന തൈക്കാട് അയ്യാവു സ്വാമികള്‍.

ജാതിചിന്തകൾക്കതീതമായി ജ്ഞാനവും യോഗവിദ്യയും പകർന്നുനൽകിയ അയ്യാവിന്റെ ശിഷ്യത്വം ഗുരുവിന്റെ ചിന്തകളെ കൂടുതൽ വിശാലമാക്കി. അതുപോലെ, ചട്ടമ്പിസ്വാമികളുമായുള്ള ഗുരുവിന്റെ സൗഹൃദം കേരളീയ നവോത്ഥാന ചരിത്രത്തിലെ അത്യപൂർവ്വമായ അധ്യായമാണ്. അണിയൂർ ക്ഷേത്രത്തിലും മരുത്വാമലയിലും ഒരുമിച്ചു കഴിഞ്ഞ നാളുകൾ ഇരുവരുടെയും ദാർശനിക വ്യക്തതയ്ക്ക് കരുത്തുപകർന്നിരിക്കണം. വൈദിക പാരമ്പര്യം ബ്രാഹ്മണരുടെ മാത്രം കുത്തകയല്ലെന്ന് ‘വേദാധികാര നിരൂപണ’ത്തിലൂടെ ചട്ടമ്പിസ്വാമികൾ സ്ഥാപിച്ചപ്പോൾ, ആ ജ്ഞാനത്തെ ക്ഷേത്രപ്രതിഷ്ഠകളിലൂടെയും സാമൂഹിക സംഘടനകളിലൂടെയും തെരുവിൽ പ്രയോഗവൽക്കരിക്കുകയാണ് ഒരര്‍ഥത്തില്‍ നാരായണഗുരു ചെയ്തത്.
‘സർവ്വജ്ഞനായ് സകലമാനസവാസിയായ് വി-
ദ്ദർപ്പത്തിലെന്റെ ഗുരുനാഥനുമായ് വിരാജും
ചിദ്വിദ്യകൊണ്ടു ഭവഭീതി കെടുത്തൊരദ്വൈ-
തവൈഭവൻ ശരണമെന്നുടെ തീർത്ഥപാദൻ.’
എന്ന് ചട്ടമ്പിസ്വാമികളുടെ സമാധിയിൽ അനുശോചിച്ച് ഗുരു രചിച്ച ‘നവമഞ്ജരി’യിലെ സമാധിശ്ലോകത്തിലെ വരികൾ ഇരുവരും തമ്മിലുണ്ടായിരുന്ന ആത്മബന്ധത്തിന്റെ തേജോരേഖയത്രേ..!
ജ്ഞാനവിനിമയങ്ങള്‍ സംവാദസന്ദര്‍ഭങ്ങള്‍
(വാഗ്ഭടാനന്ദന്‍, അയ്യങ്കാളി, ടാഗോര്‍, ഗാന്ധിജി)
ആത്മവിദ്യാസംഘത്തിന്റെ സ്ഥാപകനായ വാഗ്ഭടാനന്ദനുമായി ഗുരു നടത്തിയ സംവാദങ്ങൾ, കേരളത്തിലെ യുക്തി-വേദാന്ത ചിന്തകളുടെയും ധാരകളുടെയും ഉരകല്ലായി കണക്കാക്കപ്പെടുന്നു. അദ്വൈതത്തെ കർക്കശമായി വ്യാഖ്യാനിച്ച വാഗ്ഭടാനന്ദൻ, ഗുരുവിന്റെ ക്ഷേത്രപ്രതിഷ്ഠകളെ വിമർശിച്ചുകൊണ്ട് ‘കല്ലുകൾ എങ്ങനെ ഈശ്വരനാകും?’ എന്ന് ചോദിക്കുന്നുണ്ട്. അതിശയോക്തിയില്ലാതെയും ശാന്തതയോടെയും ഗുരു നല്‍കുന്ന മറുപടി, ‘എല്ലാ കല്ലും ശിവനാണ്. ശൂന്യമാണ് ശിവം. കല്ലുകളിലൂടെ ജഗത്തിനെ അറിയണം, കല്ലിനെ കാതിൽ അണിയുന്നതിൽ തെറ്റില്ല, മനസ്സിൽ ചുമക്കാതിരുന്നാൽ മതി’ എന്നത്രേ..!
അതുപോലെ, അധഃസ്ഥിത ജനതയുടെ അവകാശപ്പോരാട്ടങ്ങൾക്ക് തീപകർന്ന അയ്യങ്കാളിയുമായി ഗുരു പുലർത്തിയ ബന്ധം സാമൂഹിക മാറ്റങ്ങൾക്ക് വലിയ കരുത്തായിട്ടുണ്ട്. 1912-ൽ ബാലരാമപുരത്തുവെച്ച് അയ്യങ്കാളി ഗുരുവിനെ സന്ദർശിച്ചപ്പോൾ, കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചും സംഘടനയുടെ ശക്തിയെക്കുറിച്ചുമാണ് ഗുരു സംസാരിച്ചത്. സാധുജന പരിപാലന സംഘത്തിന്റെ രൂപീകരണത്തിന് പിന്നിൽ എസ്.എൻ.ഡി.പി യോഗത്തിന്റെ മാതൃകയും ഗുരുവിന്റെ പ്രത്യക്ഷമായ ആശീർവാദവുമുണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്. പ്രവർത്തനരീതികളിലും കർമ്മമേഖലകളിലും വ്യത്യസ്തത പുലർത്തുമ്പോഴും, മാനവികതയിലും തുല്യനീതിയിലും അധിഷ്ഠിതമായ ഒരു സമൂഹനിർമ്മിതിയായിരുന്നു ഇരുവരുടെയും ലക്ഷ്യം.

അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചുകൊണ്ടിരുന്ന അയ്യങ്കാളിക്ക് ഗുരുവിന്റെ അനുഗ്രഹവും ആത്മീയ പിന്തുണയും വലിയ ഊര്‍ജ്ജം നല്‍കിയിട്ടുണ്ട്. അരികു ജനതയുടെ അല്ലെങ്കില്‍ അടിത്തട്ടു ജനതയുടെ വിദ്യാഭ്യാസ അവകാശങ്ങൾക്കും സാമൂഹിക ഉന്നമനത്തിനുമായുള്ള അയ്യങ്കാളിയുടെ പ്രവർത്തനങ്ങളെ ഗുരു പ്രശംസിക്കുക മാത്രമല്ല, പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. കൂടാതെ, ഗുരുവിന്റെ പ്രധാന ശിഷ്യനും എസ്.എൻ.ഡി.പി യോഗത്തിന്റെ ജനറൽ സെക്രട്ടറിയുമായിരുന്ന മഹാകവി കുമാരനാശാനും അയ്യങ്കാളിയും ശ്രീമൂലം പ്രജാസഭയിലെ നോമിനേറ്റഡ് അംഗങ്ങളായിരുന്നു. ദളിത് പിന്നാക്ക ജനവിഭാഗങ്ങളുടെ സ്കൂൾ പ്രവേശനം, വഴിനടക്കാനുള്ള സ്വാതന്ത്ര്യം, പൊതുസ്ഥലങ്ങളിലെ തുല്യാവകാശം തുടങ്ങിയ വിഷയങ്ങളിൽ ഇരുവരും ഒന്നിച്ച് പ്രജാസഭയ്ക്കുള്ളിൽ ശക്തമായ ഇടപെടലുകൾ നടത്താനും ഈ സന്ദര്‍ശനം വഴിയൊരുക്കി.

മഹാകവി രവീന്ദ്രനാഥ ടാഗോർ ശിവഗിരിയിലെത്തി ശ്രീനാരായണഗുരുവിനെ സന്ദർശിച്ചിട്ടുളളതും പ്രധാനപ്പെട്ട ഒരു സംഭവമാണ്. ഭാരതത്തിന്റെ കിഴക്കും തെക്കും നിന്നുള്ള രണ്ട് മഹാത്മാക്കളുടെ സമാഗമം ചരിത്രപരമായ ഒരു സാംസ്കാരിക വിനിമയം കൂടിയായി മാറുകയായിരുന്നു. ശിവഗിരിയിലെ ശാന്തമായ അന്തരീക്ഷത്തിൽ നാരായണഗുരുവിന്റെ അരികിലിരുന്ന ടാഗോർ, ഗുരുവിന്റെ ആത്മീയ തേജസ്സിൽ വിസ്മയഭരിതനായി. സന്ദർശനത്തിനുശേഷം ടാഗോർ കുറിച്ച വാക്കുകൾ ‘ഭാരതത്തിന്റെ നാനാഭാഗങ്ങളിൽ സഞ്ചരിച്ച് നിരവധി പുണ്യപുരുഷന്മാരെയും മഹർഷിമാരെയും ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ, സ്വാമി ശ്രീനാരായണഗുരുവിനെക്കാൾ ആത്മീയമായി ഉന്നതിയിലെത്തിയ, അല്ലെങ്കിൽ അദ്ദേഹത്തിന് തുല്യനായ ഒരു മഹാത്മാവിനെ എനിക്ക് എവിടെയും കാണാൻ കഴിഞ്ഞിട്ടില്ല. ആ മുഖത്തെ ദിവ്യപ്രഭയും ആഴമേറിയ ശാന്തതയും ഞാൻ ഒരിക്കലും മറക്കില്ല.’ എന്നായിരുന്നു. ഭാഷാപരമായ അതിരുകൾക്കപ്പുറം നിശ്ശബ്ദതയുടെയും ഭാവസാന്ദ്രതയുടെയും തലത്തിലായിരുന്നു ആ സംവാദം നടന്നത്.
വൈക്കം സത്യാഗ്രഹത്തിന്റെ പശ്ചാത്തലത്തിലാണ് മഹാത്മാഗാന്ധി 1925 മാർച്ച് 12-ന്ശിവഗിരിയിലെത്തി ശ്രീനാരായണഗുരുവിനെ കാണുന്നത്. രണ്ട് വ്യത്യസ്ത വീക്ഷണങ്ങൾ തമ്മിലുള്ള ആഴമേറിയ ആശയസംവാദമായിരുന്നു അത്. അഹിംസ, ജാതിവ്യവസ്ഥ, മതപരിവർത്തനം, മോക്ഷം തുടങ്ങിയ വിഷയങ്ങളിൽ ഇരുവരും സുദീർഘമായി സംസാരിച്ചു.

ഗാന്ധിജിയുടെ ചാതുർവർണ്ണ്യ സങ്കൽപ്പത്തെയും പാരമ്പര്യ തൊഴിൽ സങ്കൽപ്പത്തെയും നിശിതമായ യുക്തിയോടെ ഗുരു പ്രതിരോധിക്കുകയുണ്ടായി. ഒരേ മരത്തിലെ ഇലകൾ വ്യത്യസ്ത വലിപ്പത്തിലും നിറത്തിലുമാണെന്ന പ്രകൃതിനിയമം ചൂണ്ടിക്കാട്ടി ഗാന്ധിജി മനുഷ്യരിലെ വൈവിധ്യത്തെ ന്യായീകരിക്കാൻ ശ്രമിച്ചപ്പോൾ, ‘എല്ലാ ഇലകളുടെയും നീര് പിഴിഞ്ഞെടുത്താൽ ഒരേ രുചിയും ഗുണവുമാണ്. അതുപോലെ മനുഷ്യരുടെ ബാഹ്യമായ വ്യത്യാസങ്ങൾക്കപ്പുറം അവരുടെ രക്തവും ആത്മാവും ഒന്നുതന്നെയാണ്’ എന്ന മറുപടിയിലൂടെ ഗുരു, ഗാന്ധിജിയുടെ വാദത്തെ പ്രതിരോധിക്കുകയായിരുന്നു. അതുപോലെ, പരമ്പരാഗത ജാതിത്തൊഴിലുകൾ പ്രാവീണ്യം വർദ്ധിപ്പിക്കുമെന്ന ഗാന്ധിയുടെ വാദത്തെ ഗുരു പൂർണ്ണമായി നിരാകരിക്കുകയാണ് ചെയ്തത്. ‘ജാതിവ്യവസ്ഥ മനുഷ്യന്റെ ബുദ്ധിയെയും സ്വാതന്ത്ര്യത്തെയും തളർത്തുന്നു. സ്വാതന്ത്ര്യമില്ലാത്ത അധ്വാനം ഗുണമേന്മയുള്ളതാവില്ല. ഒരുവന്റെ അഭിരുചിക്കനുസരിച്ചുള്ള തൊഴിൽ തിരഞ്ഞെടുക്കാൻ അവന് അവകാശമുണ്ടാകണം’ എന്ന നിലപാടില്‍ ഗുരു ഉറച്ചുനിന്നു. അയിത്തം മാറാൻ ഹിന്ദുക്കൾ സ്വയം മാറണമെന്ന് ഗാന്ധിജി പറഞ്ഞപ്പോൾ, ഗുരുവിന്റെ ചിന്ത പ്രായോഗിക മുന്നേറ്റങ്ങളിലായിരുന്നു: ‘അവർക്ക് അറിവും വിദ്യാഭ്യാസവും സമ്പത്തുമാണ് ആവശ്യം. തുല്യ അവസരങ്ങൾ ലഭിച്ചാൽ മാത്രമേ പിന്നാക്ക ജനതയ്ക്ക് മുന്നേറാൻ സാധിക്കൂ.’ എന്ന നിരീക്ഷണത്തില്‍ അത് വ്യക്തമാണ്. വൈക്കം സത്യഗ്രഹത്തിൽ, വഴിനടക്കാനുള്ള സ്വാതന്ത്ര്യം മാത്രമല്ല, ക്ഷേത്രപ്രവേശനവും സമ്പൂർണ്ണ സമത്വവുമാണ് ലക്ഷ്യമാക്കേണ്ടതെന്ന് ഗുരു ഗാന്ധിജിയെ ഓർമ്മിപ്പിക്കുന്നുണ്ട്. ഗാന്ധിജിയുടെ രാഷ്ട്രീയ ചിന്തകളിൽ ജാതിനിർമ്മാർജ്ജനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ കൂടുതൽ തീവ്രമാകുന്നതിന് ഈ ശിവഗിരി സംവാദം വലിയ പങ്കുവഹിച്ചതായി അനുമാനിക്കപ്പെടുന്നു.
ദര്‍ശനത്തിന്റെ പ്രകടനപത്രിക
ആലുവ അദ്വൈതാശ്രമത്തിൽ 1924ൽ ഗുരു വിളിച്ചുചേർത്ത ‘സർവ്വമത സമ്മേളനം’ ഇന്ത്യയിലെ തന്നെ ആദ്യത്തെ മതസൗഹാർദ്ദ സംവാദ വേദിയായിരുന്നു.
‘വാദിക്കാനും ജയിക്കാനുമല്ല,
അറിയാനും അറിയിക്കാനുമാണ്.’
എന്ന് അദ്വൈതാശ്രമത്തിന്റെ പടിപ്പുരയിൽ ഗുരു എഴുതിവെപ്പിച്ചതില്‍, അദ്ദേഹത്തിന്റെ ദര്‍ശനത്തിന്റെ പ്രകടനപത്രികയുണ്ട്. സഹിഷ്ണുതയ്ക്കപ്പുറം സ്വീകാര്യതയും പാരസ്പര്യവുമാണ് ജനാധിപത്യ സംവാദങ്ങളുടെ അടിത്തറയെന്ന് ഗുരു എടുത്തു പറയുകയും അത് തെളിയിക്കുകയും ചെയ്തു. എല്ലാ മതങ്ങളുടെയും സാരം ഒന്നാണെന്നും, നദികളെല്ലാം ഒടുവിൽ കടലിൽ ചെന്നുചേരുന്നതുപോലെ മനുഷ്യന്റെ ആത്മീയ അന്വേഷണങ്ങളെല്ലാം ചെന്നെത്തുന്നത് ഒരേ പരമസത്യത്തിലാണെന്നും ഗുരു ‘മതമീമാംസ’യിലൂടെ ശക്തമായി പ്രഖ്യാപിക്കുന്നു.
പല മതവുമേകമതത്വമാണ് പൊരുളാൽ
കലഹമൊഴിഞ്ഞു കരുത്തേറി വാഴ്വാൻ;
പലവഴിപോയൊരൊരൊറ്റയാറ്റിലമരും
പലജലധാരകൾപോലെയെന്നുമേ കാൺക.
എന്ന് ഗുരു എഴുതുന്നു. അതുപോലെ,
പല മതസാരവുമേകമെന്നു പാരാ-
തുലകിലൊരാനയിലന്ധരെന്നപോലെ
പലവിധ യുക്തി പറഞ്ഞു പാമരന്മാ-
രലവതു കണ്ടലയാതമർന്നിടേണം
എന്ന് ആത്മോപദേശശതകത്തില്‍, സ്പഷ്ടമാക്കുന്നതും ഇവിടെ ഓര്‍ക്കാം.
നാരായണഗുരു എന്ന ‘ജാതിത്തലവന്‍’
(കമ്പോളവല്‍ക്കരണവും ധ്രുവീകരണവും)
പക്ഷേ, നിര്‍ഭാഗ്യവശാല്‍ ഉദാത്തവും വിപ്ലവാത്മകവുമായ ഒരു ദർശനത്തോട് ഇന്നത്തെ കേരളീയ സമൂഹം എന്തു നിലപാടാണ് സ്വീകരിക്കുന്നത് എന്നത് വലിയ ഒരു ചോദ്യമാണ്..! മാത്രമല്ല, ഈ ചോദ്യം ആഴത്തിലുള്ള ആത്മപരിശോധന ആവശ്യപ്പെടുന്ന ഒരു ചോദ്യം കൂടിയായി മാറുന്നുണ്ട്. ദാര്‍ശനിക തലത്തില്‍ അദ്വൈതവും ജാതിനിരാസവും സ്വാശ്രയത്വവും ഗുരുവിന്റ പ്രമുഖ മണ്ഡലങ്ങളായിരിക്കുമ്പോള്‍ തന്നെ, ആദ്യം സൂചിപ്പിച്ചതുപോലെ, സാമൂഹിക-ഭൗതികതലത്തിലും അദ്ദേഹം സര്‍ഗാത്മകമായി ഇടപെടുകയായിരുന്നു. വിദ്യാഭ്യാസത്തിനും സംഘടനയ്ക്കും വ്യവസായത്തിനും അദ്ദേഹം നല്‍കിയ പ്രാധാന്യവും ഭാഗധേയവും ഇവിടെ പ്രത്യേകം സ്മരണീയമാണ്. പക്ഷേ സമകാലിക പൊതുബോധത്തില്‍ സംഭവിക്കുന്ന വിചിത്രമായ പിന്നോട്ടു പോക്ക്, സത്യത്തില്‍ ഏറെ അമ്പരപ്പിക്കുന്നതത്രേ..!
പ്രത്യക്ഷമായോ പരോക്ഷമായോ ചാതുര്‍വര്‍ണ്യ-ആചാരവല്‍ക്കരണത്തിലേക്കും, ഗുരുവിനെ ജാതീയമായി തളച്ചിടുന്ന സാഹചര്യത്തിലേക്കും കാര്യങ്ങള്‍ എത്തിയിട്ട് ഏറെ ആയിക്കഴിഞ്ഞു എന്നത് ഒരു പരമാര്‍ത്ഥം മാത്രമല്ലേ..?! വിഗ്രഹങ്ങളെ നിരാകരിച്ച് കണ്ണാടിയും ദീപവും ജ്ഞാനവും പ്രതിഷ്ഠിച്ച ഗുരുവിനെ, ഇന്ന് മലയാളി വീണ്ടും വെങ്കലത്തിലും മാർബിളിലും തീർത്ത വിഗ്രഹങ്ങളാക്കി മാറ്റിയിരിക്കുന്നു. ഗുരുവിന്റെ ചിത്രത്തിനു മുന്നിൽ മഞ്ഞപ്പട്ടു ചാർത്തി കർപ്പൂരം കത്തിക്കുന്നതിലൂടെ ഗുരു നിരാകരിച്ച പൗരോഹിത്യത്തെയും ആചാര ഭാരങ്ങളെയും വലിയൊരളവ് നാം പിൻവാതിലിലൂടെ തിരിച്ചുകൊണ്ടുവന്നിരിക്കുന്നു. ഗുരുവിന്റെ ജന്മദിനവും സമാധിയും കേവലമായ ഘോഷയാത്രകളിലും ഉച്ചഭാഷിണി പ്രയോഗങ്ങളിലും വഴിപാടുകളിലും ഒതുങ്ങിപ്പോകുമ്പോൾ, അദ്ദേഹത്തിന്റെ എഴുത്തുകളും തത്ത്വചിന്തകളും ആരും വായിക്കാതെ, അലമാരകളിൽ പൊടിപിടിക്കുന്ന പരിതാപകരമായ സാഹചര്യം രൂപപ്പെട്ടിരിക്കുന്നു. ‘നാം ജാതിവിട്ടിരിക്കുന്നു’ എന്ന് സ്വന്തം കയ്യൊപ്പോടെ പ്രഖ്യാപിച്ച മഹാത്മാവാണ് നാരായണഗുരു. 1916 മെയ് മാസത്തിൽ, ആലുവ അദ്വൈതാശ്രമത്തിൽ വെച്ച് ഗുരു ഒരു പരസ്യ വിളംബരം തയ്യാറാക്കി ഒപ്പുവെക്കുകയുണ്ടായി. ‘നാം ഏതെങ്കിലും ഒരു പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല എന്ന് കുറച്ചു കാലമായി പ്രഖ്യാപിച്ചിട്ടുള്ളതാകുന്നു. എങ്കിലും ചിലർ നമ്മെ അവരുടെ ജാതിയിൽപ്പെട്ട ആളായി വിചാരിച്ചും പ്രവർത്തിച്ചും വരുന്നതായി അറിയുന്നു. അത് ശരിയല്ല. നാം യാതൊരു ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല. നാം ജാതിഭേദവും മതദ്വേഷവും ഇല്ലാതെ സർവ്വമാനവരുടെയും ഐക്യത്തിനും അഭ്യുന്നതിക്കും വേണ്ടിയാണ് പ്രവർത്തിക്കുന്നത്.’ എന്നായിരുന്നു വിളംബരത്തിന്റെ പൂര്‍ണ്ണരൂപം. അതായത് അക്കാലത്തു തന്നെ ഗുരു വലിയ പ്രതിസന്ധി നേരിട്ടിരുന്നു എന്ന വാസ്തവം നമുക്കു മുന്നിലുണ്ട്. എന്നാൽ ഇന്നത്തെ രാഷ്ട്രീയ-സാമുദായിക കേരളം ഗുരുവിനെ ഒരു പ്രത്യേക പിന്നാക്ക സമുദായത്തിന്റെ മാത്രം ‘സ്വത്തായി’ ചുരുക്കിക്കെട്ടിയിരിക്കുന്നു. സംഘടനകൾ തങ്ങളുടെ വിലപേശൽ ശക്തി വർദ്ധിപ്പിക്കാനുള്ള സമുദായ ചിഹ്നമായി ഗുരുവിനെ ഉപയോഗിക്കുമ്പോൾ നഷ്ടപ്പെടുന്നത് ഗുരുവിന്റെ സാർവ്വലൗകിക മാനവികതയല്ലാതെ മറ്റൊന്നുമല്ല. മറുവശത്ത്, മറ്റു സമുദായങ്ങൾ ഗുരുവിനെ ഒരു പ്രത്യേക വിഭാഗത്തിന്റെ ‘ജാതിത്തലവ’നായി കണ്ട് അകറ്റിനിർത്തുന്ന അപകടകരമായ മാനസികാവസ്ഥയും സജീവമായി നില്‍ക്കുന്നു.
ഗുരുവിന്റെ മഞ്ഞവസ്ത്രവും വചനങ്ങളും ഇന്ന് ഒരു ബ്രാൻഡായി മാറിയിരിക്കുന്നു. ഗുരുവിന്റെ പേരിൽ സ്ഥാപനങ്ങൾ പടുത്തുയർത്തുമ്പോഴും അവിടെ ഗുരുവചനങ്ങളുടെ നൈതികതയോ സാമൂഹിക നീതിയോ എത്രമാത്രം പുലരുന്നുണ്ട് എന്നത് വലിയൊരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. വിദ്യാലയങ്ങൾ കച്ചവടകേന്ദ്രങ്ങളായും, സംഘടനകൾ സ്വജനപക്ഷപാതത്തിന്റെ ഇടങ്ങളായും മാറുമ്പോൾ, ‘വിദ്യ കൊണ്ട് പ്രബുദ്ധരാവുക’ എന്ന ഗുരുവിന്റെ ശബ്ദം വലിയ തോതില്‍ അപഹസിക്കപ്പെടുകയാണെന്നു തോന്നിയാല്‍ തെറ്റുണ്ടോ?! മതസൗഹാർദ്ദത്തിന്റെ ഉച്ചകോടിയായിരുന്ന സർവ്വമത സമ്മേളനം നടത്തിയ ഗുരുവിനെ, ഇന്നത്തെ തീവ്ര ജാതീയ-വർഗീയ-രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തങ്ങളുടെ താല്പര്യങ്ങൾക്കനുസരിച്ച് വ്യാഖ്യാനിക്കാൻ ശ്രമിക്കുന്ന കാഴ്ച അത്യന്തം ഖേദകരമാണ്. ഗുരുവിനെ കേവലമൊരു ഹിന്ദു സന്യാസിയായോ അല്ലെങ്കിൽ സനാതനധർമ്മത്തിലെ യാഥാസ്ഥിതികതയുടെ സംരക്ഷകനായോ ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ ഒരുവശത്ത് നടക്കുമ്പോൾ, അദ്ദേഹത്തിന്റെ ആത്മീയതയെ പൂർണ്ണമായി തമസ്കരിച്ച്, ഭൗതികവാദിയായി മാത്രം ഒതുക്കാൻ മറ്റൊരു വിഭാഗം ശ്രമിക്കുന്നു. രണ്ടു സമീപനവും ഗുരുവിനോട് നീതി ചെയ്യുന്നില്ല എന്നതാണ് വാസ്തവം. നാരായണഗുരുവും അദ്ദേഹത്തിന്റ പ്രസ്ഥാനവും നേരിട്ട ആന്തരികമായ ചില പരിമിതകളോ തിരിച്ചടികളോ ഈ സാഹചര്യങ്ങള്‍ക്ക് വഴിച്ചൂട്ടായി പ്രവര്‍ത്തിച്ചിരിക്കാം.

ജാതിയുടെ സാമ്പത്തിക അടിത്തറയെ വേണ്ടരീതിയില്‍ പ്രത്യക്ഷത്തിൽ അഭിസംബോധന ചെയ്യാൻ അദ്ദേഹത്തിൻ്റെ ആത്മീയ-ധാർമ്മിക മുന്നേറ്റത്തിന് സാധിച്ചില്ല എന്ന ഒരു നിരീക്ഷണം അല്ലെങ്കില്‍ വിമര്‍ശനം നേരത്തേ തന്നെ ഉളളതാണ്. ജാതി വിവേചനത്തിൻ്റെ ഒരു പ്രധാന സ്രോതസ്സായ ‘കാർഷികജന്മിത്ത’ത്തിനെതിരെ ഭൂപരിഷ്കരണ സ്വഭാവമുള്ള രാഷ്ട്രീയ മുദ്രാവാക്യങ്ങൾ ഗുരുവിൻ്റെ പ്രസ്ഥാനം മുന്നോട്ടുവെച്ചില്ല എന്നതു കൂടിയാണ് ഈ വിമര്‍ശനത്തിന്റെ അന്ത:സത്ത. അതുപോലെ സംഘടന വഴി ശാക്തീകരണം ലക്ഷ്യമിട്ട് രൂപീകരിച്ച ശ്രീനാരായണ ധർമ്മ പരിപാലന യോഗം (SNDP), ഗുരുവിൻ്റെ സമഗ്രമാനവികതാ സങ്കല്പത്തില്‍ നിന്ന് വ്യതിചലിച്ച്, പ്രധാനമായും ഒരു പ്രത്യേക സമുദായത്തിൻ്റെ മാത്രം സാമുദായിക-വിലപേശൽ വേദിയായി ചുരുങ്ങാന്‍ തുടങ്ങിയപ്പോള്‍, സമുദായവൽക്കരണത്തെ നിയന്ത്രിക്കാൻ, ആദ്യം സൂചിപ്പിച്ചതുപോലെ, ഗുരുവിന് സ്വന്തം ജീവിതകാലത്തുതന്നെ പൂർണ്ണമായി കഴിയാത്ത സാഹചര്യമുണ്ടായി. ഒടുവിൽ സംഘടനയിൽ നിന്ന് സ്വയം വിട്ടുനിൽക്കാൻ അദ്ദേഹം നിർബന്ധിതനാകുന്ന ചരിത്ര വൈരുധ്യവും മറ്റൊരു പരിമിതിയായി എണ്ണാം. ക്ഷേത്രങ്ങൾ വേണ്ടെന്ന് പിന്നീട് ഗുരു വ്യക്തമായി പറഞ്ഞെങ്കിലും, ആദ്യഘട്ടത്തിൽ സ്ഥാപിക്കപ്പെട്ട നിരവധി ക്ഷേത്രങ്ങൾ പിൽക്കാലത്ത്, പൂര്‍വ്വകാല ബ്രാഹ്മണിക ആചാരങ്ങളിലേക്കും വഴിപാടുകളിലേക്കും തിരിച്ചുപോവുന്ന വിരോധാഭാസവും അക്കാലത്ത് ഗുരുവിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വൈക്കം സത്യാഗ്രഹം പോലുള്ള ജനകീയ സമരങ്ങളിൽ പങ്കെടുത്തപ്പോഴും, തീവ്രമായ പ്രക്ഷോഭ മാർഗ്ഗങ്ങളേക്കാൾ ആത്മശുദ്ധീകരണത്തിലും അനുനയത്തിലുമാണ് സ്വാഭാവികമായും ഗുരു കൂടുതല്‍ ഊന്നൽ നൽകിയിരുന്നത്. ഇത് ഫലത്തില്‍, ചൂഷിത ജനവിഭാഗങ്ങളുടെ രാഷ്ട്രീയ ശാക്തീകരണത്തിന് ചില ഘട്ടങ്ങളില്‍ പ്രതിരോധം സൃഷ്ടിച്ചു എന്നതും നേരത്തേ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
ഗുരു തന്ന കണ്ണാടി
ഇത്തരം ചില ആന്തരികമായ തിരിച്ചടികളോ പരിമിതികളോ എത്ര തന്നെ ഉണ്ടായിട്ടുണ്ടെങ്കിലും, നാരായണഗുരു ഒരിക്കലും ഒരു ഭൂതകാല സ്മാരകമല്ല എന്ന സത്യത്തിലേക്ക് നമ്മള്‍ ജാഗ്രതയോടെ ഉണരേണ്ടതുണ്ട്. മാത്രമല്ല, ഗുരു യഥാര്‍ഥത്തില്‍, വർത്തമാനകാല ജീർണ്ണതകളെ മുറിച്ചുകടക്കാനുള്ള ഏറ്റവും മൂർച്ചയേറിയ ഒരു ദാർശനികായുധം പോലുമാണ് എന്ന വസ്തുത അതിന്റ ഗൗരവത്തില്‍ തിരിച്ചറിയേണ്ടതുണ്ട്. ജാതിയും മതവും വീണ്ടും പുതിയ രൂപങ്ങളിൽ മനുഷ്യരെ ഭിന്നിപ്പിക്കുന്ന ഈ ഇരുണ്ട ഘട്ടത്തിൽ, ഗുരുവിന്റെ അദ്വൈത ദർശനം പല തലങ്ങളില്‍ കൂടുതൽ പ്രസക്തമാവുക കൂടിയാണ്.

ഗുരുവിനെ ഉത്സവപ്പറമ്പുകളിലെ അലങ്കാരങ്ങളിൽ നിന്നും സാമുദായിക രാഷ്ട്രീയത്തിന്റെ തായംകളികളില്‍ നിന്നും എല്ലാം മോചിപ്പിക്കേണ്ട സമയം എത്രയെത്രയോ വൈകിയിരിക്കുന്നു. ശിലകളിൽ വീണ്ടും ദൈവികത തിരയുന്ന മലയാളി, പക്ഷേ, ഗുരു തന്ന കണ്ണാടിയിലേക്ക് നോക്കാൻ തയ്യാറാവുമോ എന്നതാണ് കാതലായ ചോദ്യം. കാരണം, ആ കണ്ണാടിയിൽ സ്വന്തം പ്രതിബിംബം കാണുമ്പോൾ മാത്രമേ, നമ്മള്‍ ശക്തിപ്പെടുത്തുന്ന ജാതിയുടെയും അന്ധവിശ്വാസങ്ങളുടെയും തീരാക്കളങ്കങ്ങള്‍ കുറെയെങ്കിലും മാഞ്ഞുപോകുകയുള്ളൂ. ഗുരു ആവശ്യപ്പെട്ടത് പൂജയായിരുന്നില്ല, ബോധമായിരുന്നു. അതുപോലെ, ഭക്തിയായിരുന്നില്ല വിവേകമായിരുന്നു. ആ തിരിച്ചറിവിലേക്ക് നമ്മള്‍ ഉണരുമ്പോൾ മാത്രമേ സത്യത്തില്‍, നാരായണഗുരു എന്ന ആശയവും ദര്‍ശനവും വീക്ഷണവും വിപ്ലവവും എല്ലാം അതിന്റെ പൂര്‍ണ്ണതയിലെത്തുകയുള്ളൂ; സഫലമാകുകയുള്ളൂ..!





