തിരഞ്ഞെടുപ്പ് പ്രചാരകനായി കേരളത്തിലെത്തുന്ന നരേന്ദ്രമോദിയോട് ചില ചോദ്യങ്ങൾ
ബിജെപി – എൻ ഡി എ സ്ഥാനാര്‍ത്ഥികളുടെ പ്രചാരകനെന്ന നിലയില്‍ കേരളത്തിലെത്തുന്ന നരേന്ദ്ര മോദിയോട് ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ ആഗ്രഹിക്കുകയാണ്. 2014 മുതൽ പ്രധാനമന്ത്രിയായി അധികാരത്തിലിരുന്ന കാലയളവിലൊന്നും തന്നെ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ലെന്ന കാര്യം ഓര്‍ക്കാതെയല്ല ഇത്തരമൊരു സാഹസത്തിന് മുതിരുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് (2007), ഇന്ത്യയിലെ ധീരനായ പത്രപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറുകയും കുടിക്കാന്‍ വെള്ളം ആവശ്യപ്പെടുകയും അഭിമുഖ സംഭാഷണം പാതിവഴിയില്‍ അവസാനിപ്പിക്കുകയും ചെയ്ത നരേന്ദ്ര മോദിയുടെ മുഖം ഇന്നലെയെന്നപോലെ മുന്നിലുണ്ട്.എങ്കില്‍ക്കൂടിയും, ഒരു മലയാളിയെന്ന നിലയിലും, താങ്കളും താങ്കളുടെ പാര്‍ട്ടിയും മുന്നോട്ടുവെക്കുന്ന തെരഞ്ഞെടുപ്പ് മുദ്രാവാക്യത്തെ ആശങ്കയോടെ നോക്കിക്കാണുന്ന ഒരാളെന്ന നിലയിലും, ചില ചോദ്യങ്ങള്‍ ചോദിക്കപ്പെടാതെ പോകരുതെന്ന് കരുതുന്നു.

‘മാറ്റം തുടങ്ങാം… ഇനി കേരളം വളരും’ എന്നതാണല്ലോ താങ്കളുടെ പാര്‍ട്ടിയും തെരഞ്ഞെടുപ്പ് മുന്നണിയും കേരള ജനതയ്ക്ക് മുന്നില്‍ വെക്കുന്ന മുദ്രാവാക്യം. എങ്ങോട്ടാണ് കേരളം മാറേണ്ടത് എന്നാണ് ചോദ്യം?
കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി ഗുജറാത്ത് സംസ്ഥാനം ഭരിക്കുന്നത് താങ്കള്‍ നയിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടിയാണല്ലോ. ഈ മുപ്പത് കൊല്ലക്കാലത്തിനിടയില്‍ പത്തുവര്‍ഷക്കാലം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നതും താങ്കളാണ്. അതുകൊണ്ടുതന്നെ ഇക്കാലയളവില്‍ ഗുജറാത്തും കേരളവും കൈവരിച്ച സാമൂഹിക വളര്‍ച്ചാ നേട്ടങ്ങളെ ഒന്ന് താരതമ്യം ചെയ്യുന്നത് നന്നായിരിക്കും.

ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് താങ്കള്‍ ‘ഗര്‍വി ഗുജറാത്ത്’ എന്ന് വിശേഷിപ്പിക്കുന്ന സംസ്ഥാനത്തിലെ ബഹുമുഖ ദാരിദ്ര്യ സൂചിക 11.66 ശതമാനമാണ്. അതേസമയം കേരളത്തിലേത് 0.55%വും!!! (Niti Ayog). ബിജെപിയുടെ താരപ്രചാരകാ, കേരളത്തെ എങ്ങോട്ട് മാറ്റാനാണ് താങ്കള്‍ ശ്രമിക്കുന്നത്?!!!!
ഇനി നമുക്ക് രണ്ട് സംസ്ഥാനങ്ങളിലെയും ശിശുമരണ നിരക്കുകള്‍ ഒന്ന് താരതമ്യം ചെയ്യാം.2025-26 കാലയളവിലെ സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് അനുസരിച്ച് ഗുജറാത്തില്‍ 1000ത്തില്‍ 20 എന്ന നിരക്കിലാണ് ശിശുമരണ നിരക്ക്. അതേസമയം കേരളത്തില്‍ 1000ല്‍ 5ഉം!!!!!!
‘വികാസ് പുരുഷ്’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന പ്രധാനമന്ത്രീ, കേരളത്തിലെ ശിശു മരണ നിരക്ക് ഗുജറാത്തിന് സമാനമാക്കാമെന്നാണോ താങ്കള്‍ വാഗ്ദാനം ചെയ്യുന്നത്?!!!! ഇരു സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങളിലേക്കൊന്ന് നോട്ടം പായിച്ചാലോ, മി.പ്രധാനമന്ത്രി?
ഗുജറാത്തിലെ സാക്ഷരതാ നിരക്ക് ഔദ്യോഗിക കണക്കുകള്‍ പ്രകാരം 84.6% ആണ്. കേരളത്തിലേത് 95.3% വും. കഴിഞ്ഞ ഒരു ദശകക്കാലയളവില്‍ ഗുജറാത്തില്‍ അടച്ചുപൂട്ടപ്പെട്ട സര്‍ക്കാര്‍ സ്‌കൂളുകള്‍ 525 എണ്ണം വരുമെന്നാണ് ഔദ്യോഗിക കണക്ക്. ഇതേ കാലയളവില്‍ കേരളത്തില്‍ ഒരു സര്‍ക്കാര്‍ സ്‌കൂളും അടച്ചുപൂട്ടപ്പെട്ടില്ലെന്ന് മനസ്സിലാക്കേണ്ടതുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിദ്യാഭ്യാസ കച്ചവടം നടത്താനുള്ള അവസരം ഒരുക്കിക്കൊടുക്കുക എന്ന മാറ്റമാണോ കേരളത്തിലേക്ക് എത്തിക്കാന്‍ താങ്കള്‍ ആഗ്രഹിക്കുന്നത്?
മാനവ വികസന സൂചികയില്‍ (human development index) ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഗുജറാത്തിന്റെ സ്ഥാനം 25-ാമത് ആണെന്നതും കേരളത്തിന്റേത് 2-ാമത് ആണെന്നതും താങ്കള്‍ക്കറിയാമായിരിക്കുമല്ലോ?സാമൂഹിക പിന്നോക്കാവസ്ഥ ഏറ്റവും രൂക്ഷമായി നിലനില്‍ക്കുന്ന ഗുജറാത്തിനെ മാറ്റിയെടുത്തിട്ട് പോരേ, കേരളത്തിനെ മാറ്റത്തിലേക്ക് നയിക്കുന്നത് മി. പ്രധാനമന്ത്രീ?!!!!
സാമുദായിക/വര്‍ഗ്ഗീയ ലഹളയുടെ കാര്യത്തില്‍, താങ്കളുടെ തന്നെ ആഭ്യന്തര മന്ത്രാലയം നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച്, കഴിഞ്ഞ ഒരു ദശകക്കാലയളവില്‍ 150-200 വരെ ലഹളകളാണ് ഗുജറാത്തില്‍ സംഭവിച്ചിട്ടുള്ളത്. എന്നാല്‍ ഇതേകാലയളവില്‍ കേരളത്തില്‍ അത്തരത്തിലുള്ള വര്‍ഗ്ഗീയ ലഹളകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെയും കണക്കുകള്‍ തെളിയിക്കുന്നു.

മത സൗഹാര്‍ദ്ദത്തിലും സഹവര്‍ത്തിത്വത്തിലും കഴിയുന്ന കേരളത്തെ വര്‍ഗ്ഗീയമായി ചേരിതിരിഞ്ഞ് കലഹിക്കുന്ന ഒരു സംസ്ഥാനമായി മാറ്റിത്തരാമെന്നാണോ മി. പ്രധാനമന്ത്രീ താങ്കള്‍ അവകാശപ്പെടുന്നത്?!!!ഇതുവരെയുള്ള ചോദ്യങ്ങള്‍ ഗുജറാത്തിനെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു. ഇനി താങ്കളുടെ പാര്‍ട്ടി കഴിഞ്ഞ പത്തും ഇരുപതും വര്‍ഷങ്ങളായി ഭരണത്തിലിരിക്കുന്ന ഉത്തര്‍പ്രദേശിലെയും മധ്യപ്രദേശിലെയും അവസ്ഥ കൂടി ചെറുതായൊന്ന് പരിശോധിക്കാം.
മാനവ വികസന സൂചികയില്‍ ഉത്തര്‍പ്രദേശിന്റെ സ്ഥാനം ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് 33-ാമത്തേതാണ്. മധ്യപ്രദേശിന്റേത് 32-ാമതും. വിദ്യാഭ്യാസ നിലവാരത്തിന്റെയും സാക്ഷരതയുടെയും കണക്കെടുപ്പ് നടത്തിയാലും ഈ രണ്ട് സംസ്ഥാനങ്ങളും ദേശീയ ശരാശരിയെക്കാളും താഴ്ന്ന നിലവാരം മാത്രമേ പുലര്‍ത്തുന്നുള്ളൂ എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകാന്‍ വഴിയില്ല.
മധ്യപ്രദേശില്‍ മാത്രം കഴിഞ്ഞ ഒരു ദശകക്കാലയളവില്‍ അടച്ചുപൂട്ടപ്പെട്ട സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ എണ്ണം 29,410 ആണ്. ഉത്തര്‍പ്രദേശില്‍ 25,126 സ്‌കൂളുകളാണ് ഇക്കാലയളവില്‍ അടച്ചുപൂട്ടപ്പെട്ടത്. താങ്കള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരിക്കുന്ന കാലത്താണ് സര്‍ താങ്കളുടെ പാര്‍ട്ടി ഭരിക്കുന്ന ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും ഇത്രയധികം പൊതുവിദ്യാലയങ്ങള്‍ അടച്ചുപൂട്ടപ്പെട്ടത്.
ആരോഗ്യം, ശുചിത്വം, ശിശുമരണ നിരക്ക്, പൊതു ജനാരോഗ്യ സംവിധാനങ്ങള്‍ തുടങ്ങി സാമൂഹ്യസുരക്ഷയുമായി ബന്ധപ്പെട്ട ഏത് മേഖലകള്‍ പരിശോധിച്ചാലും ബിജെപി ഭരിക്കുന്ന ഏത് സംസ്ഥാനങ്ങളെക്കാളും മെച്ചപ്പെട്ട സ്ഥിതിയാണ് കേരളത്തിന്റേത് മി. പ്രധാനമന്ത്രി.
*കേരളം ഈ നേട്ടങ്ങള്‍ കൈവരിച്ചത് ഏതെങ്കിലും ഒരു പ്രത്യേക പാര്‍ട്ടിയുടെയോ നേതാവിന്റെയോ ഭരണകൂടത്തിന്റെയോ മാത്രം കഴിവുകള്‍ കൊണ്ടല്ല എന്ന് കൂടി പറയേണ്ടതുണ്ട്. താങ്കള്‍ക്കും താങ്കളുടെ പാര്‍ട്ടിക്കും അജ്ഞാതമായ നവോത്ഥാന മുന്നേറ്റം തൊട്ടുള്ള അതിദീര്‍ഘമായ ചരിത്രമുണ്ട് കേരളത്തിന്റെ സാമൂഹ്യമുന്നേറ്റങ്ങള്‍ക്ക് പിന്നില്‍. നാരായണ ഗുരുവും അയ്യങ്കാളിയും പൊയ്കയില്‍ അപ്പച്ചനും വക്കം മൗലവിയും പണ്ഡിറ്റ് കറുപ്പനും കൊച്ചുകാളിയും ഹലീമ ബിവിയും, ആര്യപള്ളവും, കൗമുദി ടീച്ചറും അടക്കമുള്ള നിരവധി നവോത്ഥാന നായകരുടെ ശ്രമങ്ങളുണ്ട്. സഖാവ് കൃഷ്ണപ്പിള്ളയും സഖാവ് ഏകെജിയും അടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കള്‍ നടത്തിയ മിച്ച ഭൂമി സമരം തൊട്ട് ളാഹ ഗോപാലനും സി.കെ.ജാനുവും അടക്കമുള്ളവര്‍ നടത്തിയ ഭൂസമരങ്ങള്‍ വരെയുള്ള ജനകീയ മുന്നേറ്റങ്ങള്‍ക്ക് ഇതില്‍ വലിയ പങ്കുണ്ട്. മാറിമാറി വരുന്ന സര്‍ക്കാരുകളെ സാമൂഹിക വികസന പാതയില്‍ നിന്ന് വ്യതിചലിക്കാതിരിക്കാന്‍ ജനാധിപത്യ സ്ഥലികളില്‍ നടത്തുന്ന അതിദീര്‍ഘമായ സമര-സംവാദ ചരിത്രമുണ്ട് ഈ കൊച്ചുകേരളത്തിന്. താങ്കള്‍ക്കും താങ്കളുടെ പാര്‍ട്ടിക്കും അജ്ഞാതമായ ജനാധിപത്യ സംവാദങ്ങളുടെ പാരമ്പര്യം* . കേരളത്തെ താങ്കള്‍ എവിടേക്കാണ് വലിച്ചിഴച്ച് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നത് എന്നതിന്റെ സൂചനകള്‍ ചെറിയൊരു കാലംകൊണ്ട്തന്നെ നല്‍കിക്കഴിഞ്ഞുവല്ലോ.
സ്ത്രീകളുടെ ശബരിമല പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതി വിധി ഉണ്ടായിരുന്നിട്ട് പോലും അതിനെതിരായി ആര്‍ത്തവ ലഹള സംഘടിപ്പിച്ച് സ്ത്രീകള്‍ക്കെതിരായ നിലപാടുകള്‍ താങ്കളുടെ പാര്‍ട്ടി വ്യക്തമായി പ്രദര്‍ശിപ്പിച്ചത് കേരളം കാണുകയുണ്ടായി. മുസ്ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് നേരെ വര്‍ഗ്ഗീയ വിദ്വേഷ പ്രചരണങ്ങള്‍ നിരന്തരമായി നടത്തിവരുന്ന താങ്കളുടെ പാര്‍ട്ടി നേതാക്കള്‍ പിന്തുടരുന്ന രാഷ്ട്രീയം ഞങ്ങളുടെ മുന്നിലുണ്ട്. ഗുജറാത്തും കന്ധമാലും മുസഫര്‍ നഗറും എങ്ങിനെ മറക്കാന്‍ കഴിയും?
കര്‍ഷക വിരുദ്ധ-തൊഴിലാളി വിരുദ്ധ നിയമങ്ങള്‍ താങ്കള്‍ പ്രധാനമന്ത്രിയായിരുന്ന കാലത്താണല്ലോ നടപ്പിലാക്കിയത്. ഇന്ത്യന്‍ രൂപയുടെ വില താങ്കള്‍ പ്രധാനമന്ത്രിയായ കാലം തൊട്ട് നിരന്തരമായി താഴേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നത് ഇന്ന് വാര്‍ത്തപോലും അല്ലാതായിക്കഴിഞ്ഞിരിക്കുന്നു.
ഒരു രാഷ്ട്രത്തലവനെന്ന നിലയില്‍ താങ്കള്‍ എത്രമാത്രം പരാജയമാണെന്ന് രാജ്യത്തെമ്പാടും അനിശ്ചിതമായി പൂട്ടിക്കിടക്കുന്ന ഹോട്ടലുകളും തൊഴില്‍ സ്ഥാപനങ്ങളും തെളിവ് നല്‍കുന്നുണ്ട്. രാജ്യത്തെ കരുതല്‍ എണ്ണ ശേഖരം പോലും വര്‍ധിപ്പിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാതെ മധ്യപൂര്‍വ്വ മേഖലയിലെ യുദ്ധത്തെ ഇന്ത്യന്‍ അടുക്കളയിലേക്ക് വരെ എത്തിക്കുന്ന താങ്കളുടെ രാഷ്ട്രതന്ത്രജ്ഞതയെ പിആര്‍ കമ്പനികളാല്‍ സൃഷ്ടിച്ചെടുത്ത ഇമേജുകളിലൂടെ മറച്ചുവെക്കാന്‍ താങ്കള്‍ക്ക് കഴിഞ്ഞേക്കാം. പക്ഷേ, രാജ്യത്തെ കോടിക്കണക്കായ വീടുകള്‍, അടച്ചുപൂട്ടപ്പെട്ട ഹോട്ടലുകളും റെസ്റ്റോറന്റുകളും, തൊഴില്‍ രഹിതരായ ആളുകള്‍ താങ്കളുടെ ഭരണ നിപുണതയുടെ തെളിവുകളായി ഞങ്ങളുടെ മുന്നിലുണ്ട്.

നോട്ട് നിരോധനം എന്ന സാമ്പത്തിക അടിയന്തിരാവസ്ഥയിലേക്ക് ജനങ്ങളെ തള്ളിവിട്ട്, അസംഘടിത മേഖലയിലെ ലക്ഷക്കണക്കായ ചെറുകിട സ്ഥാപനങ്ങളെ തകര്‍ത്തെറിഞ്ഞ് താങ്കള്‍ നടത്തിയ തുഗ്ലക്കിയന്‍ പരിഷ്‌കരണത്തെ എങ്ങിനെ മറക്കാന്‍?കോവിഡ് കാലത്ത് ലക്ഷക്കണക്കിന് ജനങ്ങളെ മരണത്തിന് വിട്ടുകൊടുത്തിട്ട് കിണ്ണം കൊട്ടാന്‍ ആവശ്യപ്പെട്ട ഭരണാധികാരിയോട് എങ്ങിനെ പൊറുക്കും?!വിസ്താരഭയത്താല്‍ മുഴുവന്‍ സ്ഥിതിവിവരക്കണക്കുകളും നിരത്താന്‍ ഇവിടെ ഉദ്ദേശിക്കുന്നില്ല.
തല്‍ക്കാലം ഇത്രമാത്രം സൂചിപ്പിക്കട്ടെ;
മി. പ്രധാനമന്ത്രി, ഏത് അളവ് കോല്‍ വെച്ച് നോക്കിയാലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെക്കാള്‍ ഏറെ മുന്നിലാണ് കേരളം എന്ന് പറയുന്നതില്‍ ഒരു മലയാളിയായ ഞാന്‍ അഭിമാനിക്കുന്നു. താങ്കളും താങ്കളുടെ പാര്‍ട്ടിയും ഇവിടേക്ക് മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് അവകാശപ്പെടുമ്പോള്‍ അനല്‍പ്പമല്ലാത്ത ആശങ്കമാത്രമാണ് മനസ്സിലുള്ളത്. അതുകൊണ്ടുതന്നെ സമരങ്ങളിലൂടെയും സംവാദങ്ങളിലൂടെയും സഹവര്‍ത്തിത്വത്തിലൂടെയും ഞങ്ങള്‍ നേടിയെടുത്ത ഈ മുന്നേറ്റങ്ങളെ അതേപടി തുടരാന്‍ അനുവദിക്കുക.





