A Unique Multilingual Media Platform

Articles Kerala Obituary Politics

ചരിത്രത്തിലേക്ക് നടന്നു കയറിയ സമര തേജസ്

  • July 21, 2025
  • 1 min read
ചരിത്രത്തിലേക്ക് നടന്നു കയറിയ സമര തേജസ്

കേരളത്തിന്റെ ആ സമര തേജസ് അസ്തമിച്ചു. സ്വന്തം സഹജീവികൾക്ക് വേണ്ടി ജീവിതത്തെ ആകെ സമര പോരാട്ടമാക്കി മാറ്റിയ നേതാവാണ് വിട പറയുന്നത്. സ്വജീവിതത്തിലെ യാതനകളുടെ അഗ്നിചൂളയിൽ നിന്നും തൊഴിലാളി വർഗ്ഗ മോചന പോരാട്ടത്തിലേക്ക് എടുത്തുചാടിയാണ് വി.എസ് രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. അധികാര കസേരകളിൽ ഇരുന്നപ്പോഴും ഈ പോരാട്ടവീറിന് ഒരു കുറവും ഉണ്ടായിരുന്നില്ല. കേരള ജനതയുടെ ആവേശവും പ്രതീക്ഷയുമായി മാറിയ ഈ മഹാനായ നേതാവിന് ദി ഐഡത്തിന്റെ ആദരാഞ്ജലികൾ.

 

വി.എസുമായുള്ള ഒരു സ്വകാര്യ സംഭാഷണത്തിനിടയിൽ ഒരു ചോദ്യം: ഏഴാം ക്ലാസിൽവെച്ച് പഠനം നിർത്തിയത് എന്തേ? ഉത്തരം- സ്കൂളിലേക്ക് മൂന്നു – നാലു മൈൽ നടക്കണം തിരികെയും. പുസ്തകത്തിന്റെയും ബുക്കിന്റെയും കാര്യമവിടെ നിൽക്കട്ടെ; ഒരുനേരമെങ്കിലും എന്തെങ്കിലും കഴിക്കേണ്ടെ? കൊടിയ ദാരിദ്ര്യത്തിന്റെതായിരുന്നു അച്യുതാനന്ദന്റെ ബാല്യം. അതിന് അദ്ദേഹത്തിന്റെ വാക്കുകൾതന്നെസാക്ഷ്യം. അനാഥത്വംപുറമെ. നാലുവയസ്സുള്ളപ്പോൾ അമ്മ മരിച്ചു. പതിനൊന്നാം വയസ്സിൽ അച്ഛനും.പതിനാലുകാരൻ ജേഷ്ടൻ; താഴെ മൂന്നുകുഞ്ഞുങ്ങൾ,ബാല്യകാല ജീവിതദുരിതം അവർണ്ണനീയം. അവിടെ നിന്നാണ് അച്യുതാനന്ദൻ ഇന്നത്തെ വി.എസ് ആയി വളർന്നത്. വിസ്മയം പകരുന്ന ജീവിതം.

പതിനാറാം വയസ്സിൽ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തുകൊണ്ട് പൊതുജീവിതത്തിനുതുടക്കം. എൺപതുവർഷങ്ങൾ പിന്നിട്ടു. പൊതുരംഗത്ത് ഇത്രനാൾ ; വിസ്മയമാകാം. ഈ യാത്ര ഒട്ടും സുഗമമായിരുന്നില്ല. സമര ധീരതയുടേതായിരുന്നു. സമരഭരിതമായിരുന്നു. ആ വഴിയിൽ നേരിട്ട പീഡനങ്ങൾ അനന്യമാണെന്നു പറയാം.

പുന്നപ്ര വെടിവെയ്പ് 1946 ഒക്ടോബർ 23 നായിരുന്നു. മൂന്നാംപക്കം അച്യുതാനന്ദൻ അറസ്റ്റിലായി. പാലാ ലോക്കപ്പിൽ ഊഴമിട്ട് പോലീസുകാരുടെ മർദ്ദനം.അവസാനം കാൽ വെള്ളയിൽ ബയണറ്റ്കുത്തികയറിയപ്പോൾ മൃതപ്രായനായി. മരിച്ചുവെന്നുതന്നെ പോലീസുകാർ നിനച്ചു. കുറ്റിക്കാട്ടിൽ തള്ളാം, ആരുചോദിക്കാൻ പോകുന്നവഴിയിൽ സഹായത്തിനുകൂടെ കൂട്ടിയിരുന്ന “കള്ളൻ കോവാലൻ’ പോലീസുകാരോടു പറഞ്ഞു അനക്കമുണ്ട്. ഭാഗ്യത്തിനുകൊണ്ടുതള്ളിയത് പാലാ ആശുപത്രിയിൽ.

ജയിൽവാസം ഉൾപ്പെടെ യാതനയുടെകാലഘട്ടം.ഒരിക്കൽ ജയിലിൽ ചെന്നുകണ്ട ജേഷ്ഠൻ,അനുജന്റെ ദയനീയരൂപംകണ്ട് തലചുറ്റിവീണുപോയി.

ആറുവർഷത്തിലധികം ജയിലിലായിരുന്നു ജീവിതം. സിപിഐഎം രൂപീകൃതമായപ്പോൾ “ചൈനചാരൻ’ എന്ന ചാപ്പകുത്തി ജയിലിലടച്ചു. അടിയന്തരാവസ്ഥകാലം ജയിലിൽ, 1948 ൽ ഒരു തവണ ജയിൽ മോചിതനായെങ്കിലും പാർടി നിരോധിക്കപ്പെട്ടിരുന്നതിനാൽ തല പുറത്തുകാണിക്കാനായില്ല. ആ കാലമത്രയും ഒളിവു ജീവിത യാതന.

വീട്ടിൽ പട്ടിണിയും ദാരിദ്ര്യവുമൊക്കെയായിരുന്നെങ്കിലും അച്യുുതാനന്ദനെ വ്യാകുലപ്പെടുത്തിയിരുന്നത് അന്യന്റെ ആകുലതയാണ്. അതുകൊണ്ടുതന്നെയാണ് ചെറുതെങ്കിലും ,ഉണ്ടായിരുന്ന പണികളെല്ലാം കളഞ്ഞ് പൊതുകാര്യത്തിനറങ്ങിയത്. ആലപ്പുഴയിലെ ആസ്പിൻവാൾ ഫാക്ടറിയിൽ നെയ്ത്തുകാരനായികൊണ്ടാക്കി. പതിനേഴാം വയസ്സിൽ അൻപതുപൈസ കൂലി. അവിടെ പണിക്കുപരി തൊഴിലാളികളെ സംഘടിപ്പിച്ച് ജീവിത സമരത്തിനിറക്കുന്നതിലായിരുന്നു ശ്രദ്ധ. വി.എസ്.എന്ന വിപ്ലവ സൂര്യൻ ആവിർ ഭവിച്ചത് ആ കയർ നെയ്ത്തുശാലയിലായിരുന്നു. 

അച്യുതാനന്ദന്റെ സംഘാടകമികവും തൊഴിലാളിവർഗ്ഗ സംസ്കാരവും സഖാവ് പി.കൃഷ്ണപിള്ളതന്നെ കണ്ടറിഞ്ഞു.പൂർണ്ണസമയ പാർട്ടിപ്രവർത്തകനാകാൻ നിർദ്ദേശിച്ചതും അദ്ദേഹംതന്നെ. 1940 ൽ കമ്മ്യൂണിസ്റ്റുപാർട്ടി അംഗത്വം പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല. അവശർക്കുവേണ്ടി നിരന്തരപ്രവർത്തനം, സമരത്തോടുസമരം; സമരഭരിതമായ ജീവിതം അഥവാ,ജീവിതം തന്നെ സമരമായി.അതിലൂടെയാണ് രാഷ്ട്രീയ പടവുകൾ ക്രമമായി അദ്ദേഹം കയറിയത്.ജനങ്ങളുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയത്.

പുന്നപ്ര വയലാർ സ്വാതന്ത്ര്യസമരം വി.എസിന്റെ രാഷ്ട്രീയ ജീവിതത്തിൽ നിർണ്ണായകമായിരുന്നു. ഭീകരമായ യാതനയുടെ സമയംകൂടിയായിരുന്നു അത്. നാനാവിഭാഗം തൊഴിലാളികളുടെ സംഘാടകനായിരുന്നു വി.എസ്.

വി.എസ് അവരെ സ്വാതന്ത്ര്യസമരത്തിൽ അണിചേർക്കുന്ന രാഷ്ട്രീയ പ്രബുദ്ധത പകരുകകൂടി ചെയ്തു. അങ്ങനെയാണ് തിരുവിതാംകൂർ ഇൻഡ്യൻ യൂണിയനിൽ ചേർക്കണമെന്നും സ്വതന്ത്ര തിരുവിതാംകൂർ വേണ്ടായെന്നും ആവശ്യപ്പെട്ടുള്ള ജനകീയ സമരം രൂപപ്പെട്ടത്. അത്തരമൊരു പ്രക്ഷോഭം ഇന്ത്യയിൽ തെലങ്കാനയും,ജാലിയൻവാലാബാഗും മാത്രമാണ്.

പുന്നപ്ര വയലാറിനുശേഷം ചിതറിപ്പോയ കമ്മ്യൂണിസ്റ്റുപാർട്ടിയെ പുന:സംഘടിപ്പിക്കുന്ന ഭഗീരപ്രയത്നത്തിലായിരുന്നു. 1948 മുതൽ 1952 വരെ നീണ്ട ഒളിവു ജീവിത ഘട്ടം. ഫലമുണ്ടായി. 1957 ലെ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ നിന്നാണ് താരതമ്യേന ഏറ്റവും കൂടുതൽ സീറ്റുകളിൽ വിജയം ഉണ്ടായത്. വി.എസായിരുന്നു ജില്ലാസെക്രട്ടറി. 

കമ്മ്യൂണിസ്റ്റു പാർട്ടി അംഗത്വത്തിൽ രാജ്യത്തെ ഏറ്റവും മുതിർന്നയാളാണ് വി.എസ്. തിരു-കൊച്ചി സംസ്ഥാനം മുതൽ സംസ്ഥാന സമിതിയിൽ അംഗമാണ്. അവിഭക്ത കമ്മ്യൂണിസ്റ്റുപാർട്ടിയുടെ നാഷണൽ കൗൺസിൽ അംഗമായിരുന്നു. സിപിഎം രൂപീകരിച്ചതു മുതൽ കേന്ദ്ര കമ്മറ്റി അംഗമാണ്. പരമോന്നത ഘടകമായ പൊളിറ്റ്ബ്യൂറോയിൽ 23 വർഷം. 2008ലാണ് ആ സ്ഥാനം ഒഴിയുന്നത്. കേരള സംസ്ഥാന സെക്രട്ടറിയായി പതിനൊന്നു വർഷം. സിപിഐ എമ്മിന്റെ ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ വിഭാഗീയ പ്രവർത്തനം 1985 ലായിരുന്നു. ആടിയുലഞ്ഞുപോയ പാർട്ടിയെ സംരക്ഷിച്ചതിന്റെ നെടുകായത്വം വി എസിന്റെ മേൽവിലാസത്തിൽ തന്നെ.

നിയമസഭാ പ്രവർത്തനം 34 വർഷം. 15 വർഷം പ്രതിപക്ഷനേതാവ്, 5 വർഷം മുഖ്യമന്ത്രി. 2016 മുതൽ 21 വരെ ഭരണപരിഷ്ക്കാര കമ്മീഷൻ ചെയർമാൻ.

അഴിമതി, അനീതി, സ്ത്രീ പീഡനം എന്നിവയോടൊക്കെയുള്ള അസഹിഷ്ണുത അദ്ദേഹത്തിന് അടക്കാനാകുമായിരുന്നില്ല. എസ്.എൻ.സി ലാവിലിൻ ഇടപാടിൽ അഴിമതി ഉണ്ടായിട്ടില്ലെന്നാണ് പാർട്ടി നിലപാട്. അതിനൊപ്പം നിന്നിരുന്നെങ്കിൽ അദ്ദേഹത്തിനു പിബിയിൽ നിന്ന് പുറത്തുപോകേണ്ടിവരില്ലായിരുന്നു. പോരാട്ടത്തിന് പദവി ഒരിക്കലും വിഘ്നമായിരുന്നില്ല. പാർട്ടി സെക്രട്ടറി ആയിരുന്നപ്പോൾ തുടങ്ങിയതാണ് ഇടമലയാർ അഴിമതി കേസ്. മുഖ്യമന്ത്രിയായിരിക്കെയാണ് അദ്ദേഹം അത് വിജയകരമായി അവസാനിപ്പിച്ചത്. കുറ്റം ചെയ്ത മുൻ മന്ത്രിയെ ജയിലിൽ അടയ്ക്കും വരെ നീണ്ട നിയമ യുദ്ധം.

സ്ത്രീപീഡന കുറ്റവാളികളെ വിടാതെ പിന്തുടർന്നു. അതിനുവേണ്ടിവന്ന സമയ ദൈർഘ്യം പ്രശ്നമേ അല്ലായിരുന്നു.ജനകീയ സമരം ഉയർത്തികൊണ്ടുവരിക; ഒപ്പം നിയമവഴിയും.വി എസിന്റെ പൊതു ജീവിതം സർവ്വതല സമരഭരിതം.

വി.എസിനെകുറിച്ച് പ്രൊഫസർ എം.എൻ വിജയന്റെ കമന്റ്:- “പരാജയം ഭക്ഷിച്ചു ജീവിക്കുന്നയാൾ” സംഘടനയിലും പാർലമെന്ററി രംഗത്തും നേരിട്ട തിരിച്ചടികളായിരുന്നു പശ്ചാത്തലം. 1963 യുദ്ധകാലത്ത് പട്ടാളക്കാർക്ക് രക്തദാനം ചെയ്യണമെന്ന് ജയിലിൽവെച്ച് നിർദ്ദേശിച്ചതിന് ആദ്യനടപടി. പിന്നീട് ഇതുപോലെ പലവട്ടം. പോളിറ്റിബ്യൂറോയിൽ നിന്ന് പുറത്താക്കൽ വരെ. 2015ൽ പാർട്ടിവിരുദ്ധ മനോനിലയിലേക്ക് പോകുന്നുവെന്ന് പാർട്ടി സംസ്ഥാന നേതൃത്വം പരസ്യ പ്രസ്താവനയിറക്കി.

1965ലായിരുന്നു ആദ്യ നിയമ സഭാപോരാട്ടം. തോറ്റു. 1977ൽ തോറ്റു. 1991ൽ ജയിച്ചു. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിരുന്നു. എൽഡിഎഫിനു ഭൂരിപക്ഷമില്ല.1996ൽ മുഖ്യമന്ത്രി സ്ഥാനാർത്ഥി തന്നെ. തോറ്റു. മുന്നണി ജയം. 2001ൽ ജയം. മുന്നണിയുടെ തോൽവി.2006ൽ ആദ്യം സീറ്റ് നിഷേധത്തിൽ അപമാനം. ഈ സംഭവ വികാസങ്ങളൊന്നും ആത്മധൈര്യത്തെ ബാധിച്ചില്ല. 1996ൽ ഫലപ്രഖ്യാപനം പുലർച്ചെ ആറു മണിക്കായിരുന്നു.രാവിലെതന്നെ കുളിച്ചൊരുങ്ങി ഏഴരമണിക്ക് തിരുവനന്തപുരത്ത് പാർട്ടി സെക്രട്ടറിയേറ്റ് യോഗത്തിനു പുറപ്പെട്ടു.2006ൽ വിഎസിന് സീറ്റില്ലായെന്ന് മാധ്യമങ്ങൽ ആഘോഷിക്കവെ വിഎസിനെ രാവിലെ കണ്ടത് എകെജി സെന്ററിൽ എൽഡിഎഫ് സീറ്റ് വിഭജനചർച്ചയിൽ, പ്രത്യേക ഭാവഭേദമൊന്നുമില്ലാതെ. 2016 ൽ പാർട്ടി ജനറൽ സെക്രട്ടറിസീതാറാംയെച്ചൂരി പിണറായിവിജയനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമ്പോൾ വി.എസ് ഒപ്പമുണ്ടായിരുന്നു. വിഎസ് കേരളത്തിന്റെ കാസ്ട്രോയെന്ന് വിശേഷിപ്പിച്ചപ്പോഴും ആ മുഖത്ത്ഭാവഭേദങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് മാധ്യമങ്ങൽ റിപ്പോർട്ട് ചെയ്തിരുന്നു.

എൺപത്തിരണ്ടാം വയസ്സിലാണ് വി.എസ് മുഖ്യമന്ത്രി ആകുന്നത്. തുടർന്ന് 92-ാം വയസ്സുവരെ പ്രതിപക്ഷ നേതാവ്. ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനം കഴിയുമ്പോൾ പ്രായം 96. 2011ലെ തിരഞ്ഞെടുപ്പിൽ രാഹുൽഗാന്ധി വിഎസിന്റെ പ്രായാധിക്യത്തെ ഇകഴ്ത്തി സംസാരിച്ചു. അത് ശ്രദ്ധയിൽപ്പെടുത്തിയ മാധ്യമപ്രവർത്തകരോട് നാലുവരി കവിതയായിരുന്നു പ്രതികരണം.

“തലനരക്കുവതല്ലെൻ വൃദ്ധത്വം

തലനരയ്ക്കാത്തതല്ലെൻ യുവത്വം

കൊടിയദുഷ്പ്രഭുത്വത്തിനു തിരുമുമ്പിൽ

തലകുനിക്കാത്തതാണെന്റെ യൗവ്വനം”.

വി.എസ് വിവാഹിതനാകുന്നത് 42-ാം വയസിലാണ്.വധു വസുമതി. ഗവൺമെന്റ് ആശുപത്രിയിലെ നേഴ്സ്.ആലപ്പുഴ പട്ടണത്തിലെ ചന്ദനക്കാവിൽ ഒറ്റമുറി വാടകവീട്ടിലേക്കാണ് വധുവരന്മാർ ഗൃഹപ്രവേശം നടത്തിയത്. അന്ന് വി.എസ് എം എൽ എ യാണ്. പിറേറന്ന് രാവിലെ വധുവിനെ വധുഗൃഹത്തിലാക്കിയിട്ട് വി എസ് തിരുവനന്തപുരത്തേക്കുപോയി;നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ. ആലപ്പുഴ കളക്ട്രേറ്റിൽ ഔദ്യോഗിക സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ “കടപ്പുറം ആശുപത്രിയിൽ’ മോൾ പിറന്നത് അറിയുന്നു. പോയികണ്ടു മടങ്ങി. സഹായത്തിനു സഖാക്കൾ ഉണ്ടാകുമെന്ന് സമാധാനിപ്പിച്ചു.

അടിയന്തിരാവസ്ഥയിൽ വെളുപ്പിനെ വീടു വളഞ്ഞ് വി എസിനെ അറസ്റ്റു ചെയ്തുകൊണ്ടുപോകുമ്പോൾ വസുമതി ആശുപത്രിയിൽ രാത്രി ഡ്യൂട്ടിയിലായിരുന്നു. ഇതൊന്നുമറിയാതെ രണ്ടുപിഞ്ചു മക്കൾ ഉറങ്ങികിടന്നു. 1923 ഒക്ടോബർ 20നാണ് വിഎസിന്റെ ജനനം. വരുന്ന ഒക്ടോബർ 20 ന് 102 വയസ്. 2019 ഒക്ടോബർ 23നായിരുന്നു വിഎസിന്റെ രാഷ്ട്രീയ ജീവിതത്തിലെ നേരിട്ടു പങ്കെടുത്ത അവസാന പൊതുപരിപാടി.പുന്നപ്രദിന പൊതുസമ്മേളന ഉദ്ഘാടനം. പ്രസംഗം കസറി. പിറ്റേന്നു രാത്രിയിൽ ആ ദുരന്തം; സ്ട്രോക്ക്. ആ അവശതയിൽ ഏതാണ്ട് ആറുവർഷം. ഇരുന്നും കിടന്നും കഴിച്ചുകൂട്ടി. ഇപ്പോൾ ഇതാ ആ സൂര്യ തേജസ് മാഞ്ഞുപോയിരിക്കുന്നു; കേരളത്തിന്റേയും കമ്മ്യൂണിസ്റ്റു പാർട്ടിയുടെയും ചരിത്രത്തിൽ സമരധീരന്റെ ചരിത്രം അവശേഷിപ്പിച്ച്.

About Author

പി ജയനാഥ്

മുതിർന്ന മാധ്യമപ്രവർത്തകൻ. വി.എസിൻ്റെ ജീവചരിത്രകാരൻ. ദേശാഭിമാനിയുടെ മുൻ സീനിയർ ന്യൂസ് എഡിറ്റർ. വി.എസിൻ്റെ പ്രസ് സെക്രട്ടറിയുമായിരുന്നു.

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
ബാബുരാജ് കണ്ണോത്തുംചാൽ

ഹൃദയസ്പർക്കായ ഈ അനുസ്മരണക്കുറിപ്പിൽ മഹാനായ വി എസിനെ കാണുന്നു . ഒപ്പം അടുത്ത് നിന്ന് ആ സമര ജീവിതം കണ്ട ജയനാഥിനെയും . അഭിവാദ്യങ്ങൾ

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.