ഇടതുപക്ഷം നേരിടുന്ന രാഷ്ട്രീയവും സംഘടനാപരവും ആശയവിനിമയപരവുമായ വെല്ലുവിളികളെക്കുറിച്ചുള്ള ഈ സംവാദം സൈദ്ധാന്തിക പ്രസിദ്ധീകരണമായ ‘മാർക്സിസ്റ്റ് സംവാദ’ത്തിന് വേണ്ടിയാണ് റെക്കോഡ് ചെയ്തത്. . കോഴിക്കോട് അടുത്തിടെ ചേർന്ന സി.പി.ഐ.(എം) പ്രത്യേക സംസ്ഥാന കമ്മിറ്റി യോഗത്തിന് മുന്നോടിയായി നടന്ന ഈ ചർച്ച, തിരഞ്ഞെടുപ്പ് തിരിച്ചടികളുടെ പശ്ചാത്തലത്തിൽ ഇടതുപക്ഷത്തിന്റെ പ്രസക്തി, ജനങ്ങളുമായുള്ള ബന്ധം, സംഘടനാപരമായ നവീകരണം, പുതിയ തലമുറയുമായുള്ള ആശയവിനിമയം, മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ വെല്ലുവിളികൾ തുടങ്ങിയ വിഷയങ്ങളെ വിമർശനാത്മകമായി പരിശോധിക്കുന്നു.
ചരിത്രകാരൻ കെ. എൻ. ഗണേഷ് മോഡറേറ്റ് ചെയ്ത സംവാദത്തിൽ സി.പി.ഐ.(എം) കേന്ദ്ര കമ്മിറ്റി അംഗവും മുൻ കേരള ധനമന്ത്രിയുമായ ഡോ. ടി. എം. തോമസ് ഐസക്, സി.പി.ഐ.(എം) കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയുമായ സി. എസ്. സുജാത, മുതിർന്ന മാധ്യമപ്രവർത്തകരായ വെങ്കിടേഷ് രാമകൃഷ്ണൻ, കെ. ജെ. ജേക്കബ് എന്നിവർ പങ്കെടുക്കുന്നു. സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന്റെ മുന്നോട്ടുള്ള വഴികളെക്കുറിച്ചുള്ള ഈ വിശദമായ സംവാദം ദി ഐഡം (The AIDEM) ഇവിടെ പുനഃപ്രസിദ്ധീകരിക്കുന്നു.
ഇടതുപക്ഷത്തിന് ഭാവിയുണ്ടോ എന്ന ചോദ്യം ഇന്ന് പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. കേരളത്തിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായ പരാജയവും 1970 കൾക്ക് ശേഷം ആദ്യമായി രാജ്യത്ത് ഒരു സംസ്ഥാനത്തും ഇടതുപക്ഷമുന്നണിക്ക് ഭരണം ഇല്ലാതാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇത്തരമൊരു ചോദ്യം ഉയരുന്നത്. ഈ പ്രതിസന്ധി ഘട്ടത്തിൽ ജനവിശ്വാസം ആർജിച്ച് തിരിച്ചു വരാൻ ഇടതുപക്ഷത്തിന് കഴിയുമോ? അതിനായി ഇടതുപക്ഷം അതിന്റെ രാഷ്ട്രീയവും സംഘടനാപരവും ആയ നയങ്ങളിലും രീതികളിലും മാറ്റം വരുത്തേണ്ടതുണ്ടോ? ജനങ്ങളുമായി സംവദിക്കാൻ പുതിയ മാർഗങ്ങൾ ആരായേണ്ടതുണ്ടോ ? തുടങ്ങിയ വിഷയങ്ങൾ മുൻ നിർത്തിയുള്ള ഒരു ചർച്ചയുടെ സംഗ്രഹരൂപമാണ് ചുവടെ.
കെ എൻ ഗണേശ്: എല്ലാവർക്കും സ്വാഗതം. ഇന്ന് നമ്മൾ ഇവിടെ കൂടിയിരിക്കുന്നത് ഇടതുപക്ഷ രാഷ്ട്രീയം ഇന്ത്യയിൽ നേരിടുന്ന വെല്ലുവിളികൾ എന്നുള്ള വിഷയത്തെക്കുറിച്ചുള്ള ഒരു ചർച്ചയ്ക്ക് വേണ്ടിയിട്ടാണ്. എല്ലാവർക്കും അറിയുന്നതുപോലെ 2026ൽ നടന്ന തിരഞ്ഞെടുപ്പുകളിൽ പശ്ചിമബംഗാളിലും കേരളത്തിലും ഏറ്റവും സുശക്തമായ പാർട്ടിയായ സി പി ഐ എമ്മും അതിന്റെ നേതൃത്വത്തിലുള്ള മുന്നണിയും പരാജയപ്പെട്ടു. ത്രിപുരയിൽ നേരത്തേ പരാജയം നേരിടേണ്ടിവന്നു. ഇതേ സമയം തന്നെ ഇന്ത്യയൊട്ടാകെ മോദി സർക്കാരിനെതിരായി പലതരത്തിലുള്ള പ്രക്ഷോഭങ്ങൾ, ജനകീയ സമരങ്ങൾ ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണിപ്പോൾ. കഴിഞ്ഞ ഒന്ന് രണ്ടു വർഷങ്ങളായി സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭം നടന്നുവരികയാണ്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിക്ക് ചുറ്റുപാടുമുള്ള പ്രദേശങ്ങളിലെ തൊഴിലാളികളും രാജസ്ഥാനിലും മറ്റുമുള്ള കർഷകരും ഇതേ രീതിയിൽ പ്രക്ഷോഭങ്ങൾ നടത്തുകയുണ്ടായി. ഏറ്റവും അവസാനമായിട്ട് ജന്തർ മന്തറിൽ വിദ്യാർത്ഥികളുടെ പ്രക്ഷോഭം നടന്നു. ഇത് പിന്നീട് ഒരു അഖിലേന്ത്യാ തരത്തിലുള്ള പ്രക്ഷോഭമായി മാറുകയും അവസാനം വിജയം കൈവരിക്കുകയും ചെയ്തു. ഇത് തെളിയിക്കുന്നത് മോദി സർക്കാരിനെതിരെ ശക്തമായ ഒരു ജനവികാരം നിലനിൽക്കുന്നുണ്ട് എന്നും അത് വളർന്നു വരുന്നുണ്ട് എന്നുമാണ്.

അതേസമയം മോദി സർക്കാരിനെതിരെ ഏറ്റവും ശക്തമായി പ്രതികരിച്ചുകൊണ്ടിരുന്ന രണ്ട് ഗവൺമെന്റുകൾ, ഒന്ന് കേരളത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയും, തമിഴ് നാട്ടിൽ, ഇടതുപക്ഷം പിന്തുണച്ചിരുന്ന ഡിഎംകെ ഗവൺമെന്റും പരാജയപ്പെട്ടു. ഇതോടെയാണ് ഇനി ഇടതുപക്ഷത്തിന് എന്ത് പ്രസക്തി എന്ന രീതിയിലുള്ള ചർച്ച സജീവമായത്. ഇടതുപക്ഷത്തിന്, ഒരുപക്ഷേ 10 വർഷം മുമ്പ് ഉണ്ടായിരുന്ന സ്വാധീനവും ജനപിന്തുണയും വിലപേശൽ നടത്താനുള്ള ആർജ്ജവവും നഷ്ടപ്പെട്ടിരിക്കുന്നു എന്ന വിമർശനമാണ് ഉയരുന്നത്. അതേസമയം, കഴിഞ്ഞ വർഷങ്ങളിൽ നടന്ന പ്രധാനപ്പെട്ട സമരങ്ങളിലും പ്രക്ഷോഭങ്ങളിലും ഇടതുപക്ഷത്തിന് അതിന്റേതായിട്ടുള്ള ഒരു പങ്ക് വഹിക്കാനും കഴിഞ്ഞിട്ടുണ്ട്. ഈ ഒരു അവസ്ഥയെ നമ്മൾ എങ്ങനെ പരിശോധിക്കും? ഏതു രീതിയിലാണ് നമ്മൾ ഇടതുപക്ഷത്തിന്റെ സ്വാധീനത്തെ വിലയിരുത്തുന്നത് ? അതിനെക്കുറിച്ചുള്ള ഒരു വിശദമായ ചർച്ചയാണ് ഇവിടെ പ്രതീക്ഷിക്കുന്നത്.
തോമസ് ഐസക്: ഗണേഷ് ഇപ്പോൾ ഇടതുപക്ഷത്തിന്റെ ഭാവി കാണുന്നത് ഇന്ത്യയിലെ ഇന്നത്തെ സാഹചര്യത്തിന്റെ പശ്ചാത്തലത്തിലാണ്. ഇവിടെ ഇരിക്കുന്ന ആരുടെയും ചെറുപ്പകാലത്ത് ഇടതുപക്ഷത്തിന് ഭാവിയുണ്ടോ എന്ന് ചിന്തിക്കുകയോ സന്ദേഹിക്കുകയോ പോലും ചെയ്തിരുന്നില്ല. ഇടതുപക്ഷമാണ് ഭാവി എന്ന് എല്ലാവരും കരുതിയിരുന്നു. അന്ന് ലോകത്ത് സോഷ്യലിസ്റ്റ് ക്യാമ്പ് നിരന്തരം വളർന്നുകൊണ്ടിരുന്നു. എന്നാൽ ഇന്നത്തെ നിയോലിബറൽ കാലഘട്ടത്തിൽ, പ്രത്യേകിച്ചും സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം, ഇടതുപക്ഷത്തിന്റെ ഭാവിയെന്ത് എന്ന ചോദ്യം ലോകമെമ്പാടും ഉയരുന്നുണ്ട്. അതിലേക്ക് വിശദമായി കടക്കുന്നില്ല.പക്ഷേ ഇന്നത്തേതല്ല ഉത്തരം എന്ന് ഒരു സംശയവുമില്ലാതെ പറയാം. അതിലൊന്ന് അസമത്വത്തിന്റെ തോതിലുണ്ടായ ഭീമമായ വളർച്ചയാണ്. മനുഷ്യരാശിയുടെ തന്നെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്ന രീതിയിലേക്ക് അത് വളർന്നു. ഇതിനൊരു ബദൽ അനിവാര്യമാണ്. ഇപ്പോൾ സാർവദേശീയമായ ബദൽ എന്താണെന്ന് കൃത്യമായി നിർവ്വചിക്കാൻ പറ്റിയിട്ടില്ല എന്നുള്ളതാണ് നമ്മുടെ ധർമ്മസങ്കടവും പ്രയാസവും.
എന്നാൽ ഇന്ത്യയിലേക്ക് വരുമ്പോൾ നമുക്ക് അത്ര വലിയൊരു സന്ദേഹത്തിന് സ്ഥാനമില്ല. ഇന്ത്യക്കുള്ളിൽ ഒരു ബദൽ സൃഷ്ടിക്കുന്നതിനുള്ള വലിയ പരിശ്രമം നടത്തിക്കൊണ്ടിരുന്ന സർക്കാരുകളുടെ പതനത്തെക്കുറിച്ചാണ് ഗണേഷ് സംസാരിച്ചത്. ആ സർക്കാരുകൾ ഇന്ന് ഇല്ലെങ്കിൽ പോലും അവയുടെ വലിയ അനുഭവം നമുക്കുണ്ട്. പ്രത്യേകിച്ച് കേരളത്തിന്റെ അനുഭവം കാണിക്കുന്നത് ഈ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ജനങ്ങൾക്ക് എത്രയും മെച്ചപ്പെട്ട ഒരു ജീവിതം എത്രയോ തലമുറയായിട്ട് കൊടുക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നാണ്. ഇപ്പോൾ നിയോലിബറലിസം അതിനൊരുപാട് തടസ്സങ്ങൾ സൃഷ്ടിക്കുന്നുണ്ട്. പക്ഷെ അതിനുള്ളിൽ നിന്നുകൊണ്ട് ഒരു ബദൽ ആവിഷ്കരിച്ച് നടപ്പാക്കാൻ പറ്റില്ല. പക്ഷേ നാളെ വരേണ്ട ലോകത്തിന്റെ ഒരു ചെറിയ മാതൃകയെങ്കിലും ഇന്ന് സൃഷ്ടിക്കുക സാധ്യമാണ് എന്നൊരു സങ്കല്പം നമ്മൾ മുന്നോട്ടുവെച്ചിട്ടുണ്ട്. അങ്ങനെ ഒരു കാഴ്ചപ്പാട് പ്രായോഗികമായി തന്നെ നമുക്ക് മുന്നിലുള്ളതുകൊണ്ട് കേരളത്തിലെ ഇടതുപക്ഷത്തിന്റെ ഭാവിയെക്കുറിച്ച് ഒരു ആശങ്കയും എനിക്കില്ല. മറ്റു പാർട്ടികൾക്കോ മറ്റു സംവിധാനങ്ങൾക്കോ ഇല്ലാത്ത ഒരു വ്യക്തതയും തെളിമയാർന്ന കാഴ്ചപ്പാടും കേരളത്തിന്റെ ഭാവിയെ കുറിച്ച് നമുക്കുണ്ട്. ഇന്ത്യയിൽ ഇനി എന്താണ് ചെയ്യുക, 21ാം നൂറ്റാണ്ടിൽ ഏതുതരത്തിലുള്ള സോഷ്യലിസ്റ്റ് വ്യവസ്ഥയാണ് ഇന്ത്യയിൽ വേണ്ടത്, എന്നതിനെക്കുറിച്ചും നമുക്ക് വ്യക്തതയുണ്ട്. അതുകൊണ്ട് എനിക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ട്. ജേക്കബിന് എന്തോ സ്വല്പം സന്ദേഹം ഉണ്ടെന്നു തോന്നുന്നു.
കെ ജെ ജേക്കബ്: അതിനകത്തൊരു പ്രശ്നം ഉണ്ട്. ഒരു അവസരം ചരിത്രം കൊണ്ടുവന്നു വെക്കുമ്പോൾ അതിൽ ഭയങ്കര സന്ദേഹവാദികളാണ് ഇടതുപക്ഷം. ഗണേഷ് സാർ പറഞ്ഞ ഡൽഹിയിലെ ജന്തർ മന്തറിലെ സമരം കഴിഞ്ഞപ്പോൾ ദേശീയ മാധ്യമങ്ങൾ ശ്രദ്ധിച്ച ഒരു കാര്യം അതിൽ ഇടതുപക്ഷത്തിന്റെ പങ്കാണ്. പലരും അതിനെക്കുറിച്ച് എഴുതി. യഥാർഥത്തിൽ ഈ സമരം ഏറ്റവും അധികം കൊണ്ടുനടക്കുന്നത് എസ്എഫ്ഐ ആണ്. ഞാൻ അവരോട് പറഞ്ഞുകൊണ്ടിരുന്നത്, വിദ്യാഭ്യാസത്തെ ആർഎസ്എസ് എങ്ങനെയാണ് ഹൈജാക്ക് ചെയ്യുന്നത് എന്ന് നിങ്ങൾ പറഞ്ഞാൽ കേരളത്തിലെ, ഇന്ത്യയിലെ മധ്യവർഗ്ഗത്തിന് അത് മനസ്സിലാകില്ല എന്നായിരുന്നു. കാരണം ആർഎസ്എസ് എന്താണ് ചെയ്യുന്നത് എന്ന് അവരവരുടെ ചോറിൽ മണ്ണ് വീഴുന്നതുവരെ അവർക്ക് മനസ്സിലാവില്ല. അതേസമയം മെഡിക്കൽ എൻട്രൻസ്, സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ചോദ്യപേപ്പർ(ചോർച്ച ) വിഷയം വളരെ ഗൗരവമുള്ളതാണ്. അപ്പോൾ ഈ പ്രശ്നം പറഞ്ഞാൽ അത് എല്ലാ മനുഷ്യർക്കും കുട്ടികൾക്കും മനസ്സിലാകും. അതുമായി ബന്ധപ്പെടുത്തി ആർഎസ്എസിനെ കുറിച്ച് പറഞ്ഞാൽ അവർക്ക് ബോധ്യമാകും. കാരണം ഇപ്രാവശ്യം നടന്നത് കേവലം ഒരു പേപ്പർ ലീക്ക് അല്ല. ചോദ്യപേപ്പർ തയ്യാറാക്കുന്ന ആളുകൾ തന്നെ അത് ലീക്ക് ചെയ്തു. ആ സംവിധാനമാകെ തകർന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തന്നെ ഭരണസംവിധാനത്തിന്മേലുള്ള പിടി അയയുകയാണെന്ന് എനിക്ക് തോന്നുന്നു. എനിക്കതിന് വ്യക്തമായ തെളിവൊന്നുമില്ല. പക്ഷെ നമ്മൾ സാധാരണഗതിയിൽ കാണുന്ന, ഭൂരിപക്ഷമുള്ള ഒരു പ്രധാനമന്ത്രിക്കും ഭരണ സംവിധാനത്തിനും നമ്മൾ പ്രതീക്ഷിക്കുന്ന ഒരു കെട്ടുറപ്പുണ്ട്. ഇതിന്റെ അകത്ത് നിന്ന് ഇത്രയും വലിയൊരു പ്രശ്നം, ആരും ചോദിക്കാനും പറയാനും ഇല്ല എന്നൊരു തോന്നലിൽ നിന്നു മാത്രം വന്നതാണ്.
കൊച്ചിയിൽ എസ്എഫ് ഐയുടെ ഒരു മീറ്റിങ്ങിൽ ഞാൻ പങ്കെടുത്തിരുന്നു. അതിന് ശേഷമാണ് ജന്തർ മന്തർ പ്രക്ഷോഭം വരുന്നത്. ഇതൊരു അവസരമായിരുന്നു; കേരളത്തിൽ പ്രത്യേകിച്ചും. ആർഎസ്എസ് എന്താണ് ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയിലും ചെറുപ്പക്കാരോടും ചെയ്തുകൊണ്ടിരിക്കുന്നത് എന്നതിനുള്ള ഏറ്റവും മികച്ച ഉദാഹരണമാണ് നമ്മൾ കണ്ടത്. അടക്കിവെച്ചിരുന്ന രോഷം മൊബിലൈസ് ചെയ്യാൻ ഇടതുപക്ഷത്തിന് പറ്റിയില്ല. 12 വർഷമായി അധികാരത്തിലുള്ള മോദിസർക്കാർ ബാക്കിയുള്ള മൂന്നു വർഷം കൂടി കഴിയുമ്പോഴേക്കും ശിഥിലമാകും. അപ്പോഴത്തേക്കും എന്തായിരിക്കും ഇടതുപക്ഷം മുന്നോട്ടുവെക്കാൻ പോകുന്ന ഒരു ബദൽ സംവിധാനം എന്നതാണ് ഒരു പ്രശ്നം. രണ്ടാമത്തേത് ആർഎസ്എസും ബിജെപിയും നടത്തിക്കൊണ്ടിരിക്കുന്നത് ഭീകരമായ വർഗീയവൽക്കരണമാണ്. വിഭജനം കഴിഞ്ഞ് ഒരു ഭാഗം (പാക്കിസ്ഥാൻ) മതത്തിന്റെ പേരിൽ വേർപെട്ടു പോയപ്പോഴും നമ്മുടേത് സെക്കുലർ കോൺസ്റ്റിറ്റ്യൂഷൻ ആയി നിലനിന്നു. അതിന് കാരണം അന്ന് നമ്മുടെ പൊളിറ്റിയും സെക്കുലർ ആയിരുന്നു. ഇന്ന് പൊളിറ്റി വലിയ തോതിൽ മാറിക്കൊണ്ടിരിക്കുകയാണ്. അപ്പോൾ എത്രകാലം നമുക്ക് ഈ സെക്കുലർ കോൺസ്റ്റിറ്റ്യൂഷനെ സംരക്ഷിക്കാൻ കഴിയും ആ കോൺസ്റ്റിറ്റ്യൂഷന് എത്ര കാലം നമ്മളെ സംരക്ഷിക്കാൻ കഴിയും തുടങ്ങിയ വിശാലമായ രാഷ്ട്രീയ വിഷയങ്ങൾ നിലനിൽക്കുന്നുണ്ട്. മനുഷ്യർക്കിടയ്ക്കുള്ള ഈ സന്ദേഹങ്ങൾ രാഷ്ട്രീയ പ്രശ്നമാക്കി മാറ്റാനും അതിനുള്ള ഒരു ബദൽ മുന്നോട്ടുവെക്കാനും ഇടതുപക്ഷ പാർട്ടികൾക്ക് കഴിയേണ്ടതുണ്ട്. ഇപ്പോൾ ഡൽഹിയിൽ നടന്ന വലിയ സമരത്തിലും അതിൽ പങ്കാളികളായ ജനക്കൂട്ടത്തിലും 10 ശതമാനം പേർ മാത്രമേ എസ്എഫ് ഐക്കാർ ഉണ്ടാവുകയുള്ളൂ. ഈ ജനക്കൂട്ടത്തിന് ഒരു ഓറിയന്റേഷൻ കൊടുക്കാൻ ഇടതുപക്ഷത്തിന് കഴിയേണ്ടതുണ്ട്. അതിന്റെ അടിത്തറ എന്തായിരിക്കണം എന്നുള്ള ചോദ്യം വരുമ്പോൾ അതിനുത്തരമുണ്ടാകുകയും വേണം.
പ്രധാനമന്ത്രി പറയുന്നത് ഡെമോഗ്രാഫിക് ഡിവിഡന്റിനെക്കുറിച്ചാണ്. 50 ശതമാനത്തിലധികം മനുഷ്യർ 30 വയസ്സിനു താഴെയുള്ള ഒരു രാജ്യമാണ് നമ്മുടേത്. അവരുടെ പ്രശ്നങ്ങൾ വളരെ ഗൗരവമുള്ളതാണ്. ഇന്ത്യയിലുള്ള പ്രമാണിവർഗത്തിനും ഇത് മനസ്സിലായിട്ടുണ്ട്. ഞങ്ങൾക്ക് വേവലാതിയുണ്ട് എന്ന ആഖ്യാനമാണ് അവരിൽ നിന്നും ഉയരുന്നത്. ഇത് ചാനലൈസ് ചെയ്യാൻ, ഇതൊരു രാഷ്ട്രീയ ബദലാക്കി മാറ്റാൻ, ഇന്ത്യയിലെ മറ്റ് മതനിരപേക്ഷ ജനാധിപത്യ ശക്തികളുമായി ചേർന്ന് പ്രവർത്തിക്കുക എന്ന പ്രധാനപ്പെട്ട റോൾ നിർവഹിക്കാൻ ഇടതുപക്ഷത്തിന് കഴിയേണ്ടതുണ്ട്.
തോമസ് ഐസക്: എനിക്ക് തോന്നുന്നു പ്രധാന ഇഷ്യൂ ജന്തർ മന്തർ തന്നെയാണ്. ജേക്കബ് ഉയർത്തിയപ്രധാന ചോദ്യം ഇതാണ്. ചോദ്യ പേപ്പർ വിഷയത്തിൽ എസ്എഫ് ഐ നേരത്തെ തന്നെ സജീവമായി സമര രംഗത്തുണ്ടായിരുന്നു. പക്ഷേ സിജെപി വന്നപ്പോൾ മാത്രമാണ് ഇത് വലിയ വിഷയമായത് എന്തുകൊണ്ട് ?
വെങ്കിടേഷ് രാമകൃഷ്ണൻ: ജേക്കബ് പറഞ്ഞതുപോലെ നമ്മുടെ ലാർജർ പൊളിറ്റി സെക്കുലർ പൊളിറ്റിയിൽ നിന്ന് പുറത്തുപോയി. അതൊരു സെക്ടേറിയൻ ആയിട്ടുള്ള ആശയത്തിന്റെ പിറകെ പോകുന്ന സ്ഥിതി രാജ്യമെമ്പാടും ദൃശ്യമാണ്. പ്രത്യേകിച്ചും ഉത്തരേന്ത്യയിൽ. ഈ സന്ദർഭത്തിലും ഇടതുപക്ഷത്തിന് വ്യക്തമായിട്ടുള്ള പദ്ധതികളുണ്ട്. ഐസക്ക് പറഞ്ഞതുപോലെ കേരളത്തിൽ നമ്മൾ ഒരു ബദലിനെപ്പറ്റിയുള്ള ഒരു ചിത്രം മുന്നോട്ടുവെച്ചിട്ടുണ്ട്. അത് അപൂർണ്ണമാണെന്നാണ് എന്റെ അഭിപ്രായം. എങ്കിലും ഐസക്കിന്റെ നേതൃത്വത്തിൽ ജനകീയാസൂത്രണം മുതൽ ഇങ്ങോട്ട്, കഴിഞ്ഞ 10 വർഷത്തെ സർക്കാരിന്റെ കാലത്തുണ്ടായിട്ടുള്ള വലിയ രീതിയിലുള്ള പശ്ചാത്തല സൗകര്യ വികസനത്തിലേക്ക് നയിച്ച സംരഭങ്ങൾ എല്ലാം തന്നെ പ്രത്യക്ഷമായ വികസനമാണ്.
പക്ഷേ ഇടതുപക്ഷത്തിന്റെ കാര്യത്തിൽ എനിക്ക് നിരന്തരമായിട്ട് തോന്നിയിട്ടുള്ള ഒരു കാര്യം കമ്മ്യൂണിക്കേഷന്റെ ലെവലിൽ, പ്രത്യേകിച്ചും പുതിയ കാലത്തെ കമ്മ്യൂണിക്കേഷനിൽ, കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ജ്ഞാനശാസ്ത്രപരമായ ഒരു (എപ്പിസ്റ്റമോളോജിക്കൽ) പ്രതിസന്ധി ഇടതുപക്ഷം അഭിമുഖീകരിക്കുന്നുണ്ട് എന്നാണ്. അതായത് ജ്ഞാനശാസ്ത്രപരമായിട്ട് നമുക്ക് ആശയവിനിമയം ചെയ്യാനുള്ള ഭാഷ സ്വായത്തമാക്കിയിട്ടില്ല. ഇടതുപക്ഷം ചെയ്തിട്ടുള്ള എല്ലാത്തരം ഇടപെടലുകളും വളരെ യാന്ത്രികമാണ്. യാന്ത്രിക നിരാഖ്യാനം, അതുകൊണ്ടുള്ള കമ്മ്യൂണിക്കേഷൻ ടെലിവിഷന്റെ കാലത്ത് തുടങ്ങി അത് പിന്നെ ഈ സോഷ്യൽ മീഡിയയുടെയും നിർമിത ബുദ്ധിയുടെയും ലെവലിലേക്ക് വരുമ്പോൾ വലിയ കുതിച്ചുചാട്ടം തന്നെ നടത്തുന്നുണ്ട്. പക്ഷേ ഇടതുപക്ഷം അത് യാന്ത്രികമായി സ്വീകരിച്ചു. അതിനെ ഓർഗാനിക് ആയിട്ട് റീപ്രൊഡ്യൂസ് ചെയ്യാനോ ക്രാഫ്റ്റ് ചെയ്യാനോ തയ്യാറാറായില്ല. അതിനുവേണ്ടി ഇടതുപക്ഷം ഉണ്ടാക്കിയിട്ടുള്ള സംവിധാനങ്ങളാകട്ടെ ഈ യാന്ത്രികതയിൽ ഒടുങ്ങി പോവുകയും ചെയ്തു. സർഗാത്മകമായ ആശയവിനിമയത്തിന്റെ അഭാവം പ്രകടമാണ്. ഉദാഹരണത്തിന് കോക്രോച്ച് എന്ന പ്രതീകം കണ്ടെത്തി എന്നുള്ളതാണ് ഒരുപക്ഷേ അഭിജീത് ദീപ്കെയുടെ രാഷ്ട്രീയ സർഗാത്മകത എന്നു പറയാം.
കെ എൻ ഗണേശ്: അതൊരു ആക്സിഡന്റൽ നിന്ന് വന്നതാണ്.
വെങ്കിടേഷ് രാമകൃഷ്ണൻ: ശരിയാണ്. ആക്സിഡന്റിൽ നിന്ന് വന്നതാണ് പക്ഷേ അത് സ്വീകരിക്കപ്പെട്ടു.
തോമസ് ഐസക്: വെങ്കിടേഷ് പറയുന്നത് ടൈമിംഗ് ആണ്.
അത് ചരിത്രപരമായ ഒരു നിമിഷത്തിന് അവസരമൊരുക്കി. എപ്പോഴാണോ ഉചിതമായ സമയം അത് എത്തിപ്പിടിക്കുകയാണ് പ്രധാനം.
വെങ്കിടേഷ് രാമകൃഷ്ണൻ: എൻ ടി രാമറാവു ആന്ധ്രയിൽ മുഖ്യമന്ത്രിയായ സമയത്ത് ഞാൻ “ദേശാഭിമാനി”യിൽ വർക്ക് ചെയ്യുകയായിരുന്നു.. ആ സമയത്ത് ആന്ധ്രയിൽ കർഷക സമരങ്ങൾ മുഴുവൻ നടക്കുന്നത് ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലായിരുന്നു. പക്ഷേ അവസാനം മുഖ്യമന്ത്രിയായിരുന്ന ടി. അഞ്ചയ്യയെ രാജീവ് ഗാന്ധി അപമാനിച്ച സംഭവത്തെ കരുവാക്കി “ആന്ധ്ര ഗൗരവം” എന്ന മുദ്രാവാക്യം ഉയർത്തി എൻ.ടി രാമറാവു ആന്ധ്രയിലെ ജനങ്ങളെ മുഴുവൻ വൈകാരികമായി കൂടെ നിർത്തി. അതായത് അടിസ്ഥാനപരമായി കമ്മ്യൂണിക്കേഷൻ പ്രധാനമാണ്. എങ്ങനെയാണ് ഈ പുതിയ കാലത്ത് കമ്മ്യൂണിക്കേഷൻ എന്നുള്ളത് പാർട്ടി നേതൃത്വം മുതൽ താഴെതട്ടിലുള്ള ആൾക്കാരെ വരെ പഠിപ്പിക്കേണ്ട ആവശ്യമുണ്ട്. സ്റ്റഡി ക്ലാസ്സില് പുതിയ കാലത്തുള്ള കാര്യങ്ങൾ എങ്ങനെയാണെന്നുള്ളത് പഠിക്കേണ്ട അത്യാവശ്യമുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.

സി എസ് സുജാത: ഞാനോർക്കുന്നത് സോവിയറ്റ് യൂണിയൻ തകരുന്നതിന് മുമ്പ് നമ്മൾ വിളിച്ച മുദ്രാവാക്യം “ഇന്ത്യ തുടുക്കാനും ഇന്ത്യ ചുവക്കാനും ഒരുപാട് സമയം വേണ്ട” എന്നായിരുന്നു. പക്ഷേ ആ മാറ്റം രാജ്യത്ത് വന്നില്ല. ഇപ്പോഴാകട്ടെ, 1977 ന് ശേഷം ഇടതുപക്ഷത്തിന്റെ ഒരു ഗവൺമെന്റ് ഇല്ലാത്ത രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. സ്വാഭാവികമായിട്ടും അതിന്റെ വിഷമവും പ്രയാസവും എല്ലാ പുരോഗമന മനസ്സുകളിലും ഉണ്ടായിട്ടുണ്ട്. എങ്കിലും ഈപ്രതിസന്ധി മറികടക്കാൻ കഴിയുമെന്ന നല്ല ആത്മവിശ്വാസം എനിക്കുണ്ട്. ഇന്ത്യാ ഗവൺമെന്റിന്റെ നയങ്ങൾക്കെതിരായി നടക്കുന്ന വലിയ സമരങ്ങളാണ് അതിനു കാരണം. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒറ്റയ്ക്ക് ഭരിക്കാൻ ഭൂരിപക്ഷം കിട്ടിയില്ല. അതൊരു കൊച്ചു കാര്യമായിട്ട് ഞാൻ കാണുന്നില്ല. കൃഷിക്കാരുടെ സമരം നടന്ന സ്ഥലങ്ങളിൽ ബിജെപിക്ക് ഒരുപാട് സീറ്റുകൾ നഷ്ടപ്പെടുകയുണ്ടായി. ഇന്ത്യാ മുന്നണിയും എൻഡിഎ സഖ്യവും തമ്മിൽ ചെറിയ വ്യത്യാസം മാത്രമേയുള്ളൂ. അതായത് ജനങ്ങളുടെ പോരാട്ടത്തിന് ഫലം ഉണ്ടാകുക തന്നെ ചെയ്യും. ഇപ്പോൾ ഇവിടെ നോയിഡയിലെയും ജാർഖണ്ഡിലെയും ഉത്തരാഖണ്ഡിലെയും സമരത്തെക്കുറിച്ച് പറഞ്ഞുവല്ലോ. ജീവിത പ്രയാസങ്ങൾ ഉണ്ടാകുമ്പോൾ ജനങ്ങളും തൊഴിലാളികളും മുന്നോട്ടുവരും. അത്തരത്തിലൊരു മുന്നേറ്റം ഇന്ന് രാജ്യത്ത് വന്നുകൊണ്ടിരിക്കുന്നുണ്ട്. അതിനെ ഞാൻ പോസിറ്റീവ് ആയി കാണുകയാണ്.
സിജെപിയുടെ സമരവും അതിൽ ലെഫ്റ്റ് വിദ്യാർത്ഥി സംഘടനകളുടെ ശക്തമായ സാന്നിധ്യവുമെല്ലാം കാരണം രാജ്യത്ത് നല്ല മാറ്റം ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അതെല്ലാം വളരെ പെട്ടെന്ന് തന്നെ വരുമോ എന്ന് ചോദിച്ചാൽ വരില്ലായിരിക്കാം. ആ മാറ്റം ശക്തിപ്പെടുത്താൻ നമുക്ക് കഴിയേണ്ടതായിട്ടുണ്ട്. ഒരു കാര്യം ഞാൻ പറയാം.കേന്ദ്ര ഗവർമെന്റ് കഴിഞ്ഞ ഏപ്രിലിൽ പ്രത്യേക പാർലമെൻറ് സമ്മേളനം വിളിച്ചുകൂട്ടുകയുണ്ടായി. ലോക സഭയിൽ നിലവിലുള്ള 543 സീറ്റ് 850 ആക്കി ഉയർത്തുകയും 33% സംവരണം സ്ത്രീകൾക്ക് കൊണ്ടുവരികയും എന്നുള്ളതായിരുന്നു ലക്ഷ്യം. സ്ത്രീകളോടുള്ള താല്പര്യം കൊണ്ടൊന്നുമായിരുന്നില്ല ഈ നീക്കം. അങ്ങനെയാണെങ്കിൽ 2023ൽ പാസാക്കിയ നാരിശക്തി വന്ദൻ നടപ്പിലാക്കി നിലവിലുള്ള സീറ്റിൽ 33% സംവരണം കൊടുക്കാം. പക്ഷേ അവരത് ചെയ്യില്ല. അവരുടെ ഉദ്ദേശം സ്ത്രീകളുടെ പേരു പറഞ്ഞ് സ്ഥായിയായി ഭരണം നിലനിർത്തുക എന്നതായിരുന്നു. ആർഎസ്എസിന്റെ ആശയങ്ങൾ നടപ്പിലാക്കാൻ ബിജെപിക്ക് ഒരു തുടർ ഭരണം ഉറപ്പിക്കാനുള്ള ശ്രമവുമായിട്ട് വന്നപ്പോൾ അതിനെ ഒരു പരിധി വരെ പരാജയപ്പെടുത്താൻ നമുക്ക് സാധിച്ചു. ഈ വിഷയം സമൂഹമധ്യത്തിൽ കൊണ്ടുവരുവാൻ ഇടതുപക്ഷ മഹിളാ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പാർലമെന്റ് സമ്മേളന കാലയളവിലെ സമരത്തിന് സാധിച്ചിട്ടുണ്ട്. കൃഷിക്കാരും തൊഴിലാളികളും ചെറുപ്പക്കാരും സ്ത്രീകളും വിദ്യാർത്ഥികളും എല്ലാം നടത്തുന്ന പോരാട്ടത്തിന്റെ ഒരു ഫലം രാജ്യത്ത് ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അത് വേഗത്തിൽ നടക്കുമോ എന്ന ആശങ്ക ഉണ്ടാവാം. അതിനുവേണ്ടി ഇടതുപക്ഷം ശക്തമായി മുന്നോട്ടു വരണം. അതിൽ നമ്മുടെ പാർട്ടിക്ക് (സിപിഐഎം) ഒരു പ്രധാനപ്പെട്ട റോൾ നിർവഹിക്കാൻ കഴിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
കെ എൻ ഗണേശ്: ഇവിടെ രണ്ട് മൂന്ന് കാര്യങ്ങളുണ്ട്. ഒരു കാര്യം ഇവിടെ സൂചിപ്പിക്കപ്പെട്ട പോലെ സമരങ്ങൾ ഉയർന്നു വരുന്നുണ്ട്. പല സ്ഥലങ്ങളിലും പല രീതികളിലുള്ള സമരങ്ങൾ ഉയർന്നുവരികയാണ്. സ്വതന്ത്ര ഇന്ത്യയുടെ എല്ലാ കാലഘട്ടങ്ങളിലും ഇത്തരം സമരങ്ങൾ ജനകീയ സമരങ്ങളായിട്ടാണ് ഉയർന്നു വന്നിട്ടുള്ളത്. ഉദാഹരണത്തിന് ജെ പി പ്രസ്ഥാനം എന്ന പേരിലുള്ള പ്രസ്ഥാനം ജെപി ഉണ്ടാക്കിയതല്ല. ബീഹാറിലും മറ്റു സ്ഥലങ്ങളിലും വളർന്നുവന്ന സമരങ്ങളെ ജയപ്രകാശ് നാരായണൻ ഒരു അംബ്രല്ല കൈൻഡ് ഓഫ് ഫോർമേഷൻ ആയിട്ട് വളർത്തി നിലനിർത്തുക മാത്രമാണ് ചെയ്തത്. ഈ സമരങ്ങൾ ഇത്തരത്തിൽ ഉയർന്നു വരുന്നു എന്നുള്ളത് ഒരു പുതിയ കാര്യമല്ല. അത് മുമ്പും ഉണ്ടായിട്ടുണ്ട്. പക്ഷേ ആ സമയത്ത് രണ്ടു ചോദ്യങ്ങൾ പ്രധാനമാണ്. ഒന്ന് ഇടതുപക്ഷം ആ സമരത്തിന്റെ കൂടെ ഉണ്ടോ ഇല്ലയോ എന്നകാര്യം. 1950 ന് ശേഷം നടന്നിട്ടുള്ള ഏതാണ്ട് എല്ലാ സമരങ്ങളിലും ഇടതുപക്ഷം അതിനോടൊപ്പം ഉണ്ടായിട്ടുണ്ട്. രണ്ടാമത്തേത് വെങ്കിടേഷ് പറഞ്ഞതു പോലെയുള്ള കമ്മ്യൂണിക്കേഷന്റെ പ്രശ്നമാണ്. കമ്മ്യൂണിക്കേഷൻ സ്കിൽ എന്ന് പറയുന്നത് ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം എന്തായിരിക്കണം എന്നുള്ള ഒരു പ്രശ്നമുണ്ട്. കാരണം ഇടതുപക്ഷത്തിന് അടിസ്ഥാനപരമായിട്ട് ഒരു രാഷ്ട്രീയം ഉണ്ട്. ആ രാഷ്ട്രീയത്തിന് അനുസരിച്ചുള്ള ഒരു കമ്മ്യൂണിക്കേഷൻ രൂപം മാത്രമേ ഇടതുപക്ഷത്തിന് വികസിപ്പിക്കാൻ കഴിയൂ. അതല്ലാതെ ആന്ധ്ര ഗൗരവം എന്നവിഷയം ഉയർത്തി തെലുങ്ക് ദേശം പാർടി ചെയ്തതുപോലെയുള്ള ഫോർമുലേഷനിലേക്ക് പോകാൻ ഇടതുപക്ഷത്തിന് കഴിയില്ല.
മറ്റൊരു പ്രധാനപ്പെട്ട കാര്യം ജേക്കബ് പറഞ്ഞതുപോലെ സെക്കുലർ പൊളിറ്റിയിലുണ്ടാകുന്ന തീർത്തും വ്യത്യസ്തമായ മാറ്റമാണ്. ഈ മാറ്റം സ്വത്വ രാഷ്ടീയത്തിന്റെ (ഐഡന്റിറ്റി പൊളിറ്റിക്സ്) രൂപത്തിൽ ബൗദ്ധിക മേഖലയിൽ അടക്കം ആധിപത്യമുള്ള സംഗതിയായി മാറുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഇടതുപക്ഷ രാഷ്ട്രീയം എന്തായിരിക്കണം എന്ന വിഷയം ഉയർന്നു വരുന്നു. ഒരുപക്ഷേ ഇന്നത്തെ സാഹചര്യത്തിൽ ജനാധിപത്യ രാഷ്ട്രീയത്തിന്റെ രൂപം എന്നു പറഞ്ഞാൽ സ്വത്വ രാഷ്ട്രീയത്തിൽ നിന്നും ജനാധിപത്യത്തെയും മതനിരപേക്ഷതയെയും പ്രതിരോധിക്കുക എന്നതാണ്. ഇത് രണ്ടും എങ്ങനെ ഒന്നായി ചേർക്കുമെന്നതാണ് അടിസ്ഥാനപരമായിട്ട് ഞാൻ കാണുന്ന പ്രശ്നം. ഇതൊരു കമ്യൂണിക്കേഷന്റെ പ്രശ്നമല്ല. തന്ത്രത്തിന്റെയും അടവിന്റെയും പ്രശ്നമാണ്.
തോമസ് ഐസക്: ജന്തർ മന്തറിലെ പ്രധാന വിഷയം എന്തായിരുന്നു? തൊഴിലില്ലായ്മയും പരീക്ഷാ വ്യവസ്ഥയുടെ തകർച്ചയും അതിലെ അഴിമതിയുമാണ്. ഈ വിഷയങ്ങൾ ഉയർത്തി ഇടതുപക്ഷ വിദ്യാർഥി സംഘടനകൾ – എസ് എഫ് ഐയും എസ് എഫും- സമരം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഇവിടെ ചൂണ്ടിക്കാണിച്ചതുപോലെ നമ്മുടെ മുന്നിലുള്ള പ്രശ്നം എന്തുകൊണ്ട് അതിന് ട്രാക്ഷൻ ലഭിച്ചില്ല എന്നതാണ്. സിജെപി സമരത്തിലേക്ക് വന്നതോടെ മാത്രമാണ് അതിന് ട്രാക്ഷൻ ലഭിക്കുന്നത്.
വെങ്കിടേഷ് രാമകൃഷ്ണൻ: സിജെപിക്ക് ഈ സമരം സംഘടിപ്പിക്കാൻ അറിയാത്തതുകൊണ്ട് ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളോട് ചോദിച്ചിട്ടാണ് അവർ ഈ സമരം സംഘടിപ്പിക്കുന്നത്.
തോമസ് ഐസക്: എന്തുകൊണ്ട് സിജെപി വന്ന ഘട്ടത്തിൽ സമരം ആർജ്ജിച്ച അംഗീകാരവും വ്യാപ്തിയും നേരത്തെ തന്നെ പിടിച്ചെടുക്കാൻ ഇടതുപക്ഷ സംഘടനകൾക്ക് കഴിഞ്ഞില്ല എന്നതു തന്നെയാണ് വിഷയം. അവിടെയാണ് കമ്മ്യൂണിക്കേഷൻ പ്രശ്നം കടന്നുവരുന്നത്. ആദ്യഘട്ടത്തിൽ അഭിജിത്തിന്റെ പേര് പോലും ആൾക്കാർക്ക് അറിയുമായിരുന്നില്ല. പാറ്റകളെ മാത്രമേ അറിയുമായിരുന്നുള്ളൂ. പാറ്റ ഒരു പ്രതീകമായി പെട്ടെന്ന് മാറി. അത് ജനമനസ്സുകളെ അതിവേഗം കീഴടക്കി. സോഷ്യൽ മീഡിയയെ ഇന്ത്യയിലുള്ള മുഴുവൻ കുട്ടികളെയും സംഘടിപ്പിക്കുന്നതിന് എങ്ങനെ ഉപയോഗിക്കാൻ പറ്റും എന്നും അവർ കാട്ടിത്തന്നു. അത് ഓട്ടോമാറ്റിക് ആൻഡ് സ്പോണ്ടേനിയസ് ആയിട്ട് നടക്കുന്ന ഒരു പ്രക്രിയയാണ്. ആ ഒരു ശേഷി നമുക്ക് ഉണ്ടായിരുന്നില്ല. സമരത്തിന്റെ രൂപങ്ങളും പ്രധാനമാണ്. നമ്മൾ എങ്ങനെയാണ് അധികാരികളെ പരിഹാസ്യരാക്കുക എന്ന് അവർ കാട്ടിത്തന്നു. വ്യത്യസ്തമായ രീതികൾ കമ്മ്യൂണിക്കേഷനിൽ മാത്രമല്ല സമര രൂപങ്ങളിലും കൊണ്ടുവരാൻ കഴിയും എന്നും അവർ തെളിയിച്ചു.

1991ൽ സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പിലാക്കിയതോടെ വന്നു തുടങ്ങിയ മാറ്റങ്ങളിലൊന്ന് ട്രേഡ് യൂണിയൻ മെമ്പർഷിപ്പ് ഇടിയാൻ തുടങ്ങിയെന്നതാണ്. സമരങ്ങളുടെ എണ്ണവും കുറഞ്ഞു. കഴിഞ്ഞ വർഷം പകുതി വരെയുള്ള ഡാറ്റ വന്നപ്പോൾ 35 സമരങ്ങളാണ് നടന്നത്. ഏതാണ്ട് സമരരഹിതമായ ഒരു ഇന്ത്യയിലേക്കായിരുന്നു യാത്ര. എന്നാലിപ്പോൾ സ്ഥിതി മാറി. ഈ ജൂലൈ മാസം, ശരാശരി 1000 തൊഴിലാളികൾ പണിയെടുക്കുന്ന, 300 ഫാക്ടറികളിൽ സമരം നടന്നു. “ലെഫ്റ്റ് വ്യൂസി”ൽ മുഴുവൻ സമരവും ഡോക്യുമെന്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഇപ്പൊൾ 100 എണ്ണം ഡോക്യുമെന്റ് ചെയ്തു കഴിഞ്ഞു. 300 ഉം ചെയ്യും. ആരാണ് സമരം ചെയ്തത് ? സംഘടിത ട്രേഡ് യൂണിയനുകൾ അല്ല. കാരണം ഇപ്പോൾ 60 % തൊഴിലാളികളും കരാർ തൊഴിലാളികളാണ്. അവർക്ക് ലേബർ യൂണിയൻ അവകാശങ്ങളൊന്നും ഇല്ല. അവർ ഫാക്ടറിയുടെ തൊഴിലാളിയുമല്ല, കോൺട്രാക്ടറുടെ തൊഴിലാളിയാണ്. അവർ എങ്ങനെയാണ് സമരം ചെയ്തത്. അവരുടെ സംഘാടനം പൂർണമായും ഡിജിറ്റൽ വഴിയാണ് നടന്നത്. യോഗവും കാര്യങ്ങളും ഒന്നുമല്ല. ഈ തൊഴിലാളികൾ എല്ലാവരും 30 നും 35 വയസ്സിനും താഴെയുള്ളവരാണ്. കാരണം പഴയ ഫാക്ടറികൾ- ജൂട്ടും കോട്ടൺ മില്ലും-ഒക്കെ പൂട്ടിപ്പോയി. ഇപ്പോഴുള്ളത് പുതിയ ഫാക്ടറികളാണ്. ഇവിടുത്തെ തൊഴിലാളികൾ യുവതലമുറയിൽ പെട്ടവരാണ്. അവരാണ് ഡിജിറ്റൽ മാധ്യമങ്ങൾ ഉപയോഗിച്ചത്. ഈ രംഗത്ത് ഇടപെടണമെങ്കിൽ ഈ കമ്മ്യൂണിക്കേഷൻ മാർഗങ്ങൾ ഇടതുപക്ഷവും സ്വായത്തമാക്കണം. അല്ലാതെ സാധ്യമല്ല. ഇവർക്കെതിരായ കേസ് പോലും ഡിജിറ്റൽ കേസുകളാണ്. ഐടി ആക്റ്റിന് കീഴിലാണ് കേസ് എടുത്തിരിക്കുന്നത്. അതിനാൽ ഈ കമ്മ്യൂണിക്കേഷൻ രീതി അറിയണം. പുതിയ സമര രൂപങ്ങൾ കണ്ടെത്തുകയും വേണം.
കെ ജെ ജേക്കബ്: കണ്ടന്റ് മാത്രമല്ല പ്രശ്നം.
കേരളത്തിൽ സാധാരണ ഗതിയിൽ ആർഎസ്എസ് – ബിജെപിക്ക് എതിരെ ഒരാൾ പറഞ്ഞു കഴിഞ്ഞാൽ അയാളെ ഉടനെ രാജ്യദ്രോഹി, തീവ്രവാദി എന്നാണ് മുദ്രകുത്താറുള്ളത്. ഞാൻ ഇതിനിടെ ഒരു മലയാളി പോസ്റ്റർ കണ്ടു. “തീവ്രവാദി നിന്റെ തന്ത”, “ദേശദ്രോഹി നിന്റെ മറ്റേ തന്ത” എന്നാണ് അതിൽ എഴുതി വെച്ചിരുന്നത്. ഡൽഹിയിലെ കേസുകൾ പിൻവലിക്കുന്ന കാര്യം വന്നപ്പോൾ കേന്ദ്രസർക്കാർ പറഞ്ഞു സുപ്രീം കോടതി വഴിയാണ് അത് പിൻവലിക്കേണ്ടത് എന്ന്. അപ്പോൾ വിദ്യാർഥികൾ പറഞ്ഞത് അങ്ങനെയെങ്കിൽ ഞങ്ങൾ എന്തിന് നിങ്ങളോട് സംസാരിക്കണം. ഞങ്ങൾ കോടതിയോട് നേരിട്ട് സംസാരിക്കാം എന്നാണ്. സാധാരണഗതിയിൽ ഒരു എസ്എഫ് ഐക്കാരൻ ഇങ്ങനെ സംസാരിക്കില്ല. കാരണം സുപ്രീം കോടതിയെ ബഹുമാനിക്കാനാണ് അവർ പഠിച്ചത്.
ചീഫ് ജസ്റ്റിസിനെതിരെ ആ കോടതിയിൽ ചെന്നിട്ടാണ് വിദ്യാർഥികൾ ഒരു സ്റ്റേറ്റ്മെന്റ് എഴുതി വായിച്ചത്. എസ്എഫ് ഐ വിദ്യാർഥികൾ അത് ചെയ്യില്ല.
ഇവിടെയൊരു ബഹുമാന ശൂന്യതയുടെ (ഇറെവറൻസിന്റെ) അംശം ഉണ്ട്. പ്രശ്നങ്ങൾ കൃത്യമായിട്ട് നിർവചിക്കാൻ വിദ്യാർഥികൾക്ക് അറിയാം. അവർക്ക് ഒരു തരത്തിലുള്ള ബാഗേജും ഇല്ല. ഏതു ഭാഷയിൽ വേണമെങ്കിലും അവർക്ക് സംസാരിക്കാൻ കഴിയും. അവർ അത് പറയും. ഇറ്റ് വർക്സ്. ഇപ്പൊ എന്റെ മകളോട് സിപിഎമ്മിനെ കുറിച്ച് പറയുമ്പോൾ അവർ കുത്തുന്ന ചോദ്യങ്ങൾ എന്നോട് ചോദിക്കും. അവർക്ക് കാര്യങ്ങൾ അറിയാം. 17 വയസ്സുള്ള ഒരു പെൺകുട്ടിക്ക് നമ്മുടെ രാജ്യത്ത് നടക്കുന്ന പൊളിറ്റിക്സിനെ കുറിച്ച് ധാരണയുണ്ട്. പുതു തലമുറയുടെ ഇറെവറൻസിനെ സ്വായത്തമാക്കണമെങ്കിൽ ഇടതുപക്ഷത്തിന്റെ സ്ട്രക്ച്ചർ മാറണം.
വെങ്കിടേഷ് രാമകൃഷ്ണൻ: സ്ട്രക്ചർ ജനാധിപത്യവൽകരിക്കണം.
കെ ജെ ജേക്കബ്: ശരിയാണ്, ഘടനയിൽ ജനാധിപത്യവത്കരണം വേണം. നിങ്ങൾ സുപ്രീം കോടതി ആണെങ്കിലും ശരി കേന്ദ്രസർക്കാർ ആയാലും ശരി നമ്മൾ ഒരു പ്രശ്നവുമായി വന്നിരിക്കുമ്പോൾ നമ്മളെ കേൾക്കാൻ തയ്യാറാകണം. നിങ്ങളുടെ അധികാരം നിങ്ങൾ പുറത്തു കാണിച്ചാൽ മതി. എന്റെ അടുത്ത് സംസാരിക്കുമ്പോൾ, എന്റെ പ്രശ്നം പരിഹരിക്കാനാണ് വരുന്നതെങ്കിൽ, ഞാൻ പറയുന്നത് കേൾക്കണം. ഈ ഒരു ചിന്താപദ്ധതി സ്വാതന്ത്ര്യ സമര കാലത്ത് ഉണ്ടായിരുന്നതാണ്. ഭരണത്തിന്റെയും സിസ്റ്റത്തിന്റെയും ഭാഗമായതോടെ പലയിടത്തും കോംപ്രമൈസുകൾ ചെയ്തു. ഇതിൽ നിന്നും പുറത്തുകടക്കാൻ പറ്റും.
ഉത്തർപ്രദേശിലെ യൂണിവേഴ്സിറ്റികളില് എസ്എഫ്ഐ യുടെയും എഐഎസ്എഫിന്റെയും സമരങ്ങൾ നടക്കുന്നുണ്ട്. ഉത്തർപ്രദേശിൽ സമരം ചെയ്യാൻ വിദ്യാർഥികൾക്ക് പേടിയാണ്. അവിടെയാണ് കുട്ടികൾ ഒരു സർവ്വകലാശാലയെ രക്ഷപ്പെടുത്താൻ വേണ്ടി സമരം ചെയ്യുന്നത്. ഞാൻ എസ്എഫ്ഐക്കാരോട് പറഞ്ഞു, നിങ്ങൾ ഇതൊക്കെ ഒന്ന് നാട്ടുകാരോട് പറയൂ എന്ന്.
എസ്എഫ് ഐക്കാർ എങ്കിലും മാറാൻ തയ്യാറാകണം. സിപിഐഎമ്മിനൊക്കെ ഡെമോക്രാറ്റൈസിങ് ആയിട്ടുള്ള, ഈക്വൽ ആയിട്ടുള്ള ടേംസിൽ സംസാരിക്കുന്നതിന് സമയം എടുക്കും. നിങ്ങളുടെ പോളിസി തീരുമാനിക്കാൻ കേന്ദ്രകമ്മിറ്റിയും സംസ്ഥാന സെക്രട്ടറിയറ്റും ഒക്കെ കഴിയുമ്പോഴേക്കും സമയം കഴിയും. നിങ്ങൾക്ക് കാര്യം പറയണമെന്നുണ്ടെങ്കിൽ അത് സുപ്രീം കോടതി ജഡ്ജിയുടെ മുമ്പിലും നേരിട്ടും പറയാൻ കഴിയണം. സിപിഎമ്മിന്റെ ജനറൽ സെക്രട്ടറിയുടെ മുഖത്ത് നോക്കി കാര്യം പറയാൻ പറ്റുന്ന ഒരു കോൺഫിഡൻസ് കൊടുക്കാൻ ഇടതുപക്ഷ രാഷ്ട്രീയത്തിന് പറ്റണം. അഭിജിത് ദീപ് കെ യു എസിൽ നിന്നും വരുന്നതിനു മുമ്പേ എംഎ ബേബിയെ വിളിക്കുന്നുണ്ട് . ഇടതുപക്ഷത്ത് ഈ ടാലന്റ് അവൈലബിൾ ആണ്. അതിനെ കെട്ടഴിച്ചുവിടാനും ഉപയോഗിക്കാനുമുള്ള സംവിധാനം ഇടതുപക്ഷ പാർട്ടികൾ കണ്ടെത്തണം.
സി എസ് സുജാത: ഇതിനിടെ ഒരു സഖാവിന്റെ മകൾ, ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടി അമ്മയോട് പറയുകയാണ് എന്നും സമരത്തിനും പരിപാടിയുമായി പോകുന്ന അമ്മക്ക് ഡൽഹിയിലെ സമരത്തിനും പോയിക്കൂടെ എന്ന്. ജന്തർ മന്തർ സമരത്തിന് വലിയൊരു മാറ്റം നമ്മുടെ സമൂഹത്തിൽ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട് എന്നതിന്റെ ഉദാഹരണമാണിത്.
കെ എന് ഗണേശ്: സ്ട്രക്ച്ചറൽ ആയിട്ടുള്ള ലിമിറ്റേഷൻ ഉണ്ട് എന്നത് ശരിയാണ്. എങ്കിലും ജനകീയ സമരങ്ങൾ ജനകീയ സമരങ്ങളായി കാണണം. ഒരു തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമായിട്ട് ജനകീയ സമരങ്ങൾ നടത്താൻ കഴിയില്ല. ജനങ്ങൾ വൻതോതിൽ സമരത്തിൽ അണിചേരുമ്പോൾ മാത്രമേ അത് ജനകീയ സമരങ്ങൾ ആകുകയുള്ളൂ. ഇങ്ങനെ ജനങ്ങൾ ഒത്തുകൂടുമ്പോൾ ബഹുമാനക്കുറവിന്റെ തലം വരും. അതുപോലെ വിദ്യാർത്ഥി സമരത്തിൽ ആദ്യം തൊട്ട് അവസാനം വരെ ഒരു ബഹുമാനക്കുറവിന്റെ തലം ഉണ്ട്. ഇതില്ലാതെ ഒരു വിദ്യാർത്ഥി സമരം നടത്തിക്കൊണ്ടു പോകാൻ കഴിയില്ല. മാസ് ഓർഗനൈസേഷൻ എന്ന് പറയുന്നത് അത് ഓർഗനൈസ്ഡ് ആണെങ്കിൽ പോലും അടിസ്ഥാനപരമായിട്ട് അതിനൊരു കൂട്ടായ്മയുടെ സ്വഭാവമുണ്ട്. അവിടെയാണ് ഈ പ്രശ്നം വരുന്നത്. ആ കളക്റ്റീവിന്റെ സ്വഭാവം വരുമ്പോൾ നൂറുകണക്കിന് സമരരൂപങ്ങൾ അത് ഉപയോഗിക്കും. ഇവിടെ ആരോ സഫ്ദർ ഹാഷ്മിയെ പറ്റി പറഞ്ഞു. സഫ്ദർ ഇത്തരം രൂപങ്ങൾ കൃത്യമായി ഉപയോഗിച്ചയാളാണ്. ട്രേഡ് യൂണിയൻ സമരങ്ങളിൽ പോലും.
അഴിമതിയാണ് ജന്തർ മന്തർ സമരത്തിന് കാരണമായത്. അതോടൊപ്പം കോച്ചിങ്ങ് സെന്ററുകളും മറ്റും ചേർന്ന് ഒരു തരം മെറിറ്റോക്രസിയാണ് സൃഷ്ടിച്ചത്. വെറും മെറിറ്റോക്രസി മാത്രം സൃഷ്ടിച്ച് ബാക്കിയുള്ളവരെയൊക്കെ പുറം തള്ളുന്ന ഒരു സംവിധാനമാണ് നിലവിൽ വന്നത്. അതിനോടുള്ള പ്രതികരണമാണ് ജന്തർ മന്തറിൽ കണ്ടത്. സമരത്തിന് വന്ന രാജസ്ഥാനിൽ നിന്നും ഉത്തരാഖണ്ഡിൽ നിന്നും ബീഹാറിൽ നിന്നും ഒക്കെ കുട്ടികളുടെ രക്ഷിതാക്കൾ ഞങ്ങളുടെ മക്കൾ എങ്ങിനെയാണ് ജീവിക്കുക എന്ന് ഞങ്ങൾക്ക് അറിഞ്ഞുകൂടാ എന്നാണ് വിലപിച്ചത്. എങ്ങനെ ജീവിക്കണമെന്ന് ഞങ്ങൾക്ക് അറിഞ്ഞുകൂടാ എന്നുള്ള ചോദ്യത്തിൽ നിന്നാണ് ഇത്തരത്തിലുള്ള വലിയൊരു സമരം ഉണ്ടായത്. അതിനകത്ത് ഒരു രാഷ്ട്രീയം ഉണ്ടെന്നർഥം. സിസ്റ്റമിക് ക്രൈസിസിന്റെ ഇപ്പോഴത്തെ സ്വഭാവം കാണിക്കുന്ന ഒരു പൊളിറ്റിക്സ് ആണിത്.
വെങ്കിടേഷ് രാമകൃഷ്ണൻ: ഞാൻ പറയുന്നത് ഇത്രയും സിസ്റ്റമിക് ക്രൈസിസ് നിലനിൽക്കുന്ന ഒരു രാജ്യത്ത് എങ്ങനെയാണ് ലെഫ്റ്റ് പൊളിറ്റിക്സിന്റെ ട്രാക്ഷൻ വർധിപ്പിക്കുക എന്നതാണ്. ആ ചോദ്യം അഡ്രസ്സ് ചെയ്യപ്പെടുമ്പോൾ മനസ്സിലാക്കേണ്ട പ്രാഥമികമായ കാര്യങ്ങളിൽ ഒന്ന് ഈ കമ്മ്യൂണിക്കേഷൻ ആണ്. ക്രിയേറ്റീവ് ആയിട്ടുള്ള കമ്മ്യൂണിക്കേഷൻ കെട്ടഴിച്ചു വിടണമെങ്കിൽ ഈ സ്ട്രക്ച്ചറിനോടുള്ള ഭയഭക്തി ബഹുമാനം ഇടതുപക്ഷ പാർട്ടികൾക്ക് അകത്തുനിന്ന് മാറണം എന്നാണ് എന്റെ പക്ഷം.
തോമസ് ഐസക്: കമ്മ്യൂണിക്കേഷനിൽ കേരളത്തിലെ ഇടതുപക്ഷം ഒട്ടു പിറകിലായിരുന്നില്ല. മോസ്റ്റ് ഇഫക്റ്റീവ് കമ്യൂണിക്കേറ്റർ ആയിരുന്നു ഇടതുപക്ഷം. പ്രിന്റ് മീഡിയ മാത്രമല്ല കഥാപ്രസംഗത്തെ പോലും രാഷ്ട്രീയമായ ആശയ പ്രചാരണത്തിന് ഉപയോഗിക്കുകയുണ്ടായി. ആ കമ്യൂണിക്കേഷനിൽ റാങ്ക് ആന്ഡ് ഫയലിനെ മുഴുവൻ പങ്കെടുപ്പിക്കുകയും ചെയ്തു. എല്ലാ സ്ഥലത്തും, ചായ കുടിക്കുമ്പോഴും ലൈബ്രറിയിലും പെട്ടിക്കടയിലും ഒക്കെ മറുപടി പറഞ്ഞിട്ടേ പോകാറുള്ളൂ. കേരളത്തിലെ ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ സമ്പത്ത് അവരായിരുന്നു. അവരായിരുന്നു ഫലപ്രദമായ കമ്യൂണിക്കേറ്റർ. അവർക്ക് ശരിയായ രാഷ്ടീയുണ്ട്. അത് മറ്റുള്ളവരിലേക്ക് ഫലപ്രദമായി എത്തിക്കാനും അറിയാമായിരുന്നു. ടെലിവിഷൻ കാലം വരെയും അതുണ്ടായിരുന്നു. നമ്മൾ കൈരളിക്ക് തുടക്കംകുറിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ നമ്മൾ വലിയൊരു മാറ്റത്തിന്റെ യുഗത്തിലാണുള്ളത്. ഡിജിറ്റൽ, സോഷ്യൽ മീഡിയ യുഗത്തിൽ.

വെങ്കിടേഷ് രാമകൃഷ്ണൻ: ടിവി കാലത്തോടെയാണ് കേരളം ഒരു വിശാല മാധ്യമ സമൂഹത്തിലേക്ക് കടക്കുന്നത്. ഭാഷ കറപ്ടും വള്ഗറൈസ്ഡുമായി. അതിനൊരു ബദൽ ഉണ്ടാക്കാൻ, നേത്തേ കെ പി എ സിക്ക് കഴിഞ്ഞതുപോലെ, ദേശാഭിമാനിക്ക് കഴിഞ്ഞത് പോലെ സാങ്കേതികരംഗത്ത് പ്രവർത്തിക്കുന്നവർക്ക് കഴിഞ്ഞില്ല. കറപ്ടും വൾഗറൈസ്ഡുമായ ഭാഷ തന്നെ അതേപടി അനുകരിക്കുകയും ആ വൈകൃതത്തിനൊപ്പം പോവുകയുമാണ് ചെയ്തത്.
കെ ജെ ജേക്കബ്: നാഷനൽ മൂഡ് ക്യാപ്ച്ചർ ചെയ്യുന്നത് ഇൻക്രിമിന്റൽ ആയി മാത്രമേ നടക്കൂ. മൂന്നാം മോദി സർക്കാരിൽ പലതരത്തിലുള്ള പ്രശ്നങ്ങൾ അവരുടെ തന്നെ ഭരണത്താൽ ഉണ്ടാകുന്നുണ്ട്. ഇപ്പോൾ മോദി ജൻസിയുമായി കണക്ട് ചെയ്യുകയാണെന്ന് പറഞ്ഞ് തുടങ്ങുകയാണ്. പക്ഷേ നടക്കുന്നില്ല. ഇടതുപക്ഷത്തിന് ഇൻക്രിമിന്റൽ ആയി മാത്രമേ മുന്നോട്ട് പോകാൻ പറ്റുകയുള്ളോ ? ഇടതുപക്ഷം ഒരു കുതിച്ചുചാട്ടത്തെക്കുറിച്ച് ആലോചിക്കണം. എങ്ങിനെയാണ് കോക്രോച്ച് പാർടിക്ക് ഇടതുപക്ഷവുമായി പോലും ബന്ധം സ്ഥാപിക്കാൻ കഴിയുന്നത്. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയത്തിലുള വിശ്വാസം കൂടിയില്ലേ അതിനു പിന്നിൽ. ഇൻക്രിമിന്റലായിട്ടുള്ള ഘടനാപരമായ വളർച്ചയുടെ അപ്പുറത്തേക്ക് കടക്കാനുള്ള സമയമായിട്ടില്ലേ? ഇടതുപക്ഷം അടിയന്തരാവസ്ഥക്കാലത്ത് ജെ പി മൂവ്മെന്റിന്റെ കൂടെ പോയി. അതിനു ശേഷം വി.പി.സിങ്ങിന്റെ കൂടെ പോയി. 2004 ൽ ഒന്നാം യു പി എ സർക്കാരിന്റെ കാലത്ത് ഒരു പ്രധാന നടന്റെ റോളിലെത്തി. അതിന്റെ അപ്പുറത്തേക്ക് കടക്കാനുള്ള സമയമായിട്ടില്ലേയെന്ന് എനിക്ക് തോന്നാറുണ്ട്. കാരണം ജനസംഖ്യയിൽ അമ്പത് ശതമാനത്തിൽ കൂടുതലുള്ള, മുപ്പത് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഇടതുപക്ഷ രാഷ്ട്രീയം മനസ്സിലാകുമെന്നുള്ളതാണ് കോക്രോച്ച് പാര്ട്ടിയുടെ പ്രതികരണത്തിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. ഇതിനെ മുതലാക്കാൻ ഇടതുപക്ഷത്തിന് പറ്റുമോ?
പ്രശ്നമെന്താണെന്ന് വെച്ചാൽ നമ്മൾ സ്ട്രക്ച്ചേർഡ് ആയി ചിന്തിച്ചാൽ അതിന് കഴിയില്ല. സ്വതന്ത്രമായി ചിന്തിക്കാൻ പറ്റണം. നീറ്റ് പരീക്ഷ എന്നുള്ളത് എസ്.എഫ്.ഐ ക്ക് ഒരു ഇൻസുലിൻ ആയിട്ട് ഉപയോഗിക്കാമെന്ന് ഞാൻ എസ്.എഫ്.ഐക്കാരോട്
പറഞ്ഞിരുന്നു. ഇത്തരം വിഷയങ്ങൾ ഇന്ന് രാജ്യത്തിന്റെ പല യൂണിവേഴ്സിറ്റികളിലും നടക്കുമ്പോൾ അത് ഉപയോഗിച്ചുകൊണ്ട് വളരാൻ ശ്രമിക്കണം.
കെ എൻ ഗണേശ്: നമ്മൾ സോഷ്യൽ മീഡിയ ഫലപ്രദമായി ഉപയാഗിക്കണം എന്നു പറയുമ്പോൾ നാം മനസ്സിലാക്കേണ്ട ഒരു കാര്യം എല്ലാ മാധ്യമങ്ങളും ജനങ്ങളുടെ സൃഷ്ടിയാണെന്നുള്ളതാണ്. കണ്ടന്റ് ക്രിയേറ്റർമാരും ജനങ്ങളാണ്. എൻ്റെ ഓർമ്മയിൽ നിന്ന് വരുന്ന ഒരുദാഹരണം പറയാം. ഒരു റൈഡറായ യുട്യൂബർ ഇൻഡോറിൽ നിന്ന് ഭിൽവാര വരെ പോകുമ്പോൾ ചുവന്ന തെരുവുള്ള ഗ്രാമത്തിൽ ചെന്നുപെടുകയുണ്ടായി. ആ ഗ്രാമം മുഴുവൻ ചുവന്ന തെരുവാണെന്ന് പറയാം. ഇത്തരം പുറത്തുവരാത്ത യഥാർഥവസ്തുതകൾ കണ്ടെത്തുന്ന ബ്ലോഗർമാരെ കൂടി ഉപയോഗിക്കേണ്ടതുണ്ട് എന്നു മാത്രം പറയുകയാണ്.
വെങ്കിടേഷ് രാമകൃഷ്ണൻ: വീണ്ടും വീണ്ടും ഇടതുപക്ഷത്തിന്റെ സംഘടനാ ചട്ടകൂടിലേക്ക് പോകാൻ ഞാൻആഗ്രഹിക്കുന്നില്ല. എങ്കിലും എനിക്കുണ്ടായ ഒരനുഭവം പങ്കുവെക്കാം. ഇടതുപക്ഷത്തിന്റെ മൂന്ന് സർക്കാരുകൾ ഭരിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഞാൻ ചത്തീസ്ഗഢിലെ കർഷക ആത്മഹത്യ റിപ്പോർട്ട് ചെയ്യാൻ പോകുകയുണ്ടായി. റായ്പൂരിൽ നിന്ന് നൂറു കിലോമീറ്റർ അകലെയാണ് സംഭവം. ഞാൻ ഇതിനെപ്പറ്റി മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയിട്ടുള്ളതാണ്. അന്ന് ഛത്തീസ്ഗഡ് ഭരിക്കുന്നത് ബിജെപിയാണ്. ഞാൻ ആത്മഹത്യ ചെയ്ത കർഷന്റെ വീട്ടിൽ പോയപ്പോൾ കുടുംബാംഗങ്ങളോട് ചോദിച്ചത് മന്ത്രിമാരോ പ്രതിപക്ഷ നേതാക്കളിൽ ആരെങ്കിലും വന്നോ എന്നാണ്. അപ്പോൾ അവർ പറഞ്ഞത് ഒരു പാർട്ടിയിലെ ഒരാള് മാത്രമാണ് വന്നത് എന്നാണ്. സി പി എം ജില്ലാ സെക്രട്ടറി മോട്ടോർസൈക്കിളിൽ എത്തുകയും ചെറിയ സഹായമൊക്കെ ചെയ്തു കൊടുക്കുകയും ചെയ്തുവത്രെ.രണ്ടുമാസം കഴിഞ്ഞ് ഞാൻ വീണ്ടും ഇതേ വീട്ടിൽ പോയപ്പോൾ അവർ പറഞ്ഞത് ആ സി പി എം നേതാവും പിന്നെ വരാതായി എന്നാണ്. ആ പാർട്ടി നേതാവിനെ ഞാൻ ഫോണിൽ വിളിച്ചപ്പോൾ അയാൾ പറഞ്ഞത് ഇടയ്ക്കിടക്ക് പോകാൻ മോട്ടോർ സൈക്കിളിൽ പെട്രാൾ അടിക്കാൻ പണം ഇല്ല എന്നായിരുന്നു. മൂന്ന് ഇടതുപക്ഷ സർക്കാരുകൾ ഭരിച്ചുകൊണ്ടിരിക്കുന്ന സമയത്താണിത് എന്നോർക്കണം.
ഞാനിത് പിന്നെ കേരളത്തിലും ബംഗാളിലും ത്രിപുരയിലും ഉള്ള ഒരുപാട് നേതാക്കന്മാരോട് പറയുകയുണ്ടായി. അടിസ്ഥാനപരമായി ഇടതുപക്ഷം ഓവറോൾ ആയിട്ടുള്ള ഒരു സ്ട്രക്ച്ചറിനെ പറ്റി ആലോചിക്കേണ്ട സമയം അതിക്രമിച്ചു.ഞാൻ വീണ്ടും ആവർത്തിക്കുന്നു യാന്ത്രികത വന്നിട്ടുണ്ട്. അത് മറികടക്കാൻ എങ്ങനെ കഴിയും എന്നതാണ് പ്രധാനപ്പെട്ട ചോദ്യം.
തോമസ് ഐസക്: ഇന്നിപ്പോ കേരളത്തിലെ വിദ്യാർഥിസമൂഹത്തിന് ന്യൂസ് പേപ്പർ വായിക്കലോ ടിവി കാണലോ ഒന്നും ഉണ്ടാവില്ല. എന്നാൽ അവർ ഇവിടെ നടക്കുന്ന കാര്യങ്ങളൊക്കെ സോഷ്യൽ മീഡിയ വഴി അറിയും. ഇപ്പുറത്ത് നമ്മുടെ സംഘടനയും സംവിധാനങ്ങളുമുണ്ട്.അത് പഴയ പ്രിന്റ് മീഡിയയുടെ കാലത്തുള്ളതാണ്. ഇതുകൊണ്ട് അർഥമാക്കുന്നത് ഇത്രയേയുള്ളൂ. രാജ്യത്ത് കുറെ തൊഴിലാളി സമരങ്ങൾ നടന്നു. ആ തൊഴിലാളികൾ എങ്ങനെ കമ്യൂണിക്കേറ്റ് ചെയ്തു? സോഷ്യൽ മീഡിയ വഴി. കുട്ടികളും കമ്യൂണിക്കേറ്റ് ചെയ്തതും ഇതുവഴി തന്നെ.നമ്മൾ അതേസമയത്ത് നമ്മുടെ മാസിക ഇറക്കും. മാർച്ച് നടത്തും. യോഗം നടത്തും. അപ്പോൾ ഇതിനോട് താൽപര്യമുള്ള ഒരു ടീം മാത്രമേ ഇത് കേൾക്കുന്നുള്ളു. മറ്റുള്ളവരിലേക്ക് എത്തുന്നില്ല.
കെ ജെ ജേക്കബ്: കഴിഞ്ഞ ദിവസം ഒരു പെൺകുട്ടിയുടെ കണ്ണിന്റെ തൊട്ടുതാഴെ പരിക്കേറ്റു. ഞാനും േഫ സ് ബുക്കിൽ ആ ഫോട്ടോ ഇട്ടു. പിന്നെ ഞാൻ ആലോചിച്ചു. പഴയ കാലത്താണെങ്കിൽ കുട്ടികൾ ചാടി പ്രതിഷേധിക്കാൻ ഇറങ്ങുമായിരുന്നു. എന്നാൽ കേരളത്തിൽ ഒന്നുമുണ്ടായില്ല.സമരത്തിന്റെ സമയം കഴിഞ്ഞു എന്ന് തോന്നിയോ? കൂടുതൽ കൂട്ടികൾ സമരമുഖത്തേക്ക് വരുന്നത് ഒരു ആശയത്തിന്റെ പേരിൽ ആയിരിക്കണം, സമരത്തിന്റെ പേരിൽ ആയിരിക്കരുത്. എന്തിനുവേണ്ടി സമരം ചെയ്തു എന്നുള്ള cause ന് പിന്നിലായിരിക്കണം കുട്ടികൾ ആണിനിരക്കേണ്ടത്. എങ്ങനെയാണ് നമ്മുടെ യൂണിവേഴ്സിറ്റികളിൽ ആര്.എസ്.എസ് കടന്നുകയറുമ്പോൾ അവരുടെ ഭാവി ഇല്ലാതാകുന്നത് എന്നുള്ള കൃത്യമായ ധാരണയുടെ പുറത്ത് വേണം കുട്ടികൾ എസ്.എഫ്.ഐയുടെ സമരത്തിലേക്ക് വരാൻ .
കെ എൻ ഗണേശ്: ഒരുദാഹരണം പറയുകയാണെങ്കിൽ ജെ എൻ യുവിൽ ഒരു രാത്രിയിൽ എ ബി വി പിക്കാർ അവിടുത്തെ എസ്.എഫ്.ഐക്കാരെ ആക്രമിച്ചു. ഒരു പെൺകുട്ടിയുടെ കണ്ണിന് ഗുരുതരമായ പരിക്കേറ്റു. കണ്ണിന്റെ ഭാഗം മുഴുവൻ ചോര വന്ന് കണ്ണ് അടഞ്ഞുപോയി. കണ്ണിൽ ബാൻഡേജ് ഇട്ടാണ് ആ പെൺകുട്ടി നടന്നുകൊണ്ടിരുന്നത്. ആ കുട്ടിയാണ് ഐഷി ഘോഷ്. ഐഷിഘോഷിന്റെ കൂടെ ഉണ്ടായിരുന്ന ഒരു വിദ്യാർഥി ഈ ദൃശ്യങ്ങൾ.മൊബൈലിൽ പകർത്തി ഫ്ളാഷ് ചെയ്തതോടെയാണ് ഇത് വലിയ വാർത്തയായത്. സാമൂഹ്യമാധ്യമങ്ങൾക്ക് ഇത്തരമൊരു റോളുണ്ട് എന്ന് ഞാൻ അംഗീകരിക്കുന്നു.

മറ്റൊരു വിഷയത്തിലേക്ക് വരാം. ഞാൻ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അധ്യാപക വൃത്തി ചെയ്തിരുന്ന സമയത്ത് മുസ്ലിം സമുദായത്തിൽ നിന്ന് ധാരാളം കുട്ടികൾ കോളജിലേക്ക് വന്നിരുന്നു. അവരുടെ ഇടയിൽ എസ്എഫ്ഐ പ്രവർത്തിക്കുകയും മലപ്പുറം ജില്ലയിലെ കുറെ കോളേജുകളിൽ ജയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ പറയുന്ന കുട്ടികളെ യഥാർത്ഥത്തിൽ ട്രെയിൻ ചെയ്തതും അവരെ ഇന്റർനാഷണൽ ലെവലിൽ എത്തിച്ചതും സാഫി ഇൻസ്റ്റിറ്റ്യൂട്ട് എന്ന് പറയുന്ന ജമാഅത്തെ ഇസ്ലാമിയുടെ ഒരു ഇൻസ്റ്റിറ്റ്യൂട്ട് ആയിരുന്നു. ഇന്നു കാണുന്ന ജമാഅത്തെ ഇസ്ലാമിയുടെ മുഴുവൻ ആൾക്കാരും ഈ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ളവരാണ്. ഞാൻ പറഞ്ഞു വരുന്നത് എസ്എഫ് ഐക്കാർ അവരുടെ വർക്ക് ചെയ്യുന്നു. ഇവർ ആദ്യം എല്ലാവരും എസ്എഫ് ഐ ആക്ടിവിസ്റ്റുകളായിരുന്നു. പിന്നീട് ജമാഅത്ത് ഇസ്ലാമിയായി മാറി. ഈ ട്രാൻസ്ഫോർമേഷനെ എങ്ങനെ അഭിമുഖീകരിക്കും എന്ന വിഷയം വരുമ്പോൾ രാഷ്ട്രീയ ഇടപെടലിന്റെ പ്രധാന്യം ബോധ്യപ്പെടും. അത് സോഷ്യൽ മീഡിയ കൊണ്ട് മാത്രം നമുക്ക് ചെയ്യാൻ കഴിയില്ല. അത് പൊളിറ്റിക്കൽ ആയിട്ട് മാത്രമേ അഭിമുഖീകരിക്കാൻ കഴിയൂ.
തോമസ് ഐസക്: ശരിയാണ്. എന്നാൽ എന്താണ് രാഷ്ട്രീയം കൊണ്ടർഥമാക്കുന്നത്. വന്ദേമാതരം വിഷയത്തിലേക്ക് വരാം. വന്ദേമാതരത്തിന്റെ എല്ലാ ശ്ലോകങ്ങളും പാടുന്നത് ദേശീയ പാരമ്പര്യത്തിന് എതിരാണ്. ദേശവിരുദ്ധമാണ്. അതാണ് നമ്മുടെ സ്വാതന്ത്ര്യസമരം എടുത്ത നിലപാട്.
അത് ഇന്ന് അവർ അടിച്ചേൽപിക്കാൻ ശ്രമിക്കുന്നു. അതിനെ ചെറുക്കണം. ഒരു സംശയവും വേണ്ട.
ആ ചെറുത്തുനിൽപ്പിനെതിരെയാണ് ഭ്രാന്തമായ പൊലീസ് ആക്രമണം ഉണ്ടായത്. പക്ഷേ അതിനൊത്ത പ്രതികരണങ്ങള് വിദ്യാർത്ഥി സമൂഹത്തിൽനിന്ന് ഉണ്ടായില്ല. അപ്പോൾ എവിടെയാണ് കുറവ് വരുന്നത്. ഇതിന്റെ രാഷ്ട്രീയം വിദ്യാർത്ഥി സമൂഹത്തിലേക്ക് എത്തിക്കാനായില്ല എന്നതാണ് കുറവ്. അങ്ങനെ എത്തിക്കാൻ കഴിയാത്തതിന്റെ ഒരു കാരണം എന്താണ്. അവിടെയാണ് കമ്മ്യൂണിക്കേഷൻ പോരായ്മ. നമ്മൾ ഒരു പ്രസംഗം നടത്തിയതുക്കൊണ്ടായില്ല. നമ്മൾ അച്ചടിച്ച സാധനം ഇറക്കിയാലും ആവില്ല. കുട്ടികൾ കൂടുതലും പരസ്പര ആശവിനിമയം നടത്തുന്നത് സോഷ്യൽ മീഡിയ വഴിയാണ്. നമുക്ക് ഇതിലൂടെ ഫലപ്രദമായി ഇടപെടാൻ കഴിയുന്നില്ല.
കെ എൻ ഗണേശ്: വന്ദേമാതരത്തിന്റെ യഥാർഥ പ്രശ്നം അവസാനത്തെ നാല് വരിയിലാണ്. ഈ പറയുന്ന ഭാഗത്താണ് ബംഗ്ലാ മാതാവിനെ ദുർഗയായിട്ടും ശത്രു സംഹാരിണിയായിട്ടും മറ്റുള്ളവരെ നിഗ്രഹിക്കുന്നതായിട്ടും പറയുന്ന പരാമർശമുള്ളത്. ഈ അവസാനത്തെ നാല് വരി ആർക്കും അറിഞ്ഞുകൂടാ. ഇവിടുത്തെ മുഖ്യമന്ത്രിക്ക് പോലും അറിയില്ല എന്ന് തോന്നുന്നു. പാടിയവർക്കും അറിയില്ല. അപ്പോൾ വേണ്ടത് ഈ ഭാഗം എന്താണെന്ന് പ്രചരിപ്പിക്കുകയാണ്. എന്നാൽ അതു ചെയ്യുന്നില്ല. അത് പറയാതെയാണ് ഈ സമരം നടത്തിയത്. പിന്നെ ആര് കേൾക്കാനാണ്.
വെങ്കിടേഷ് രാമകൃഷ്ണൻ: കേവലം സോഷ്യൽ മീഡിയ ഉപയോഗിച്ചുകൊണ്ട് മാത്രം ഒന്നും സംഭവിക്കില്ല. സോഷ്യൽ മീഡിയയിൽ അവർ ഉപയോഗിക്കുന്ന ഭാഷ ഉപയോഗിക്കണം. യാന്ത്രികമായി അവരുടെ ഭാഷ ഉപയോഗിച്ചതുകൊണ്ടും കാര്യമില്ല. അവർ സാധാരണയായി ഉപയോഗിക്കുന്ന ഭാഷ തന്നെ ഉപയോഗിക്കണം.
കെ ജെ ജേക്കബ്: അവരുടെ ഗ്രാമർ വേറെയാണ്. ആ ഗ്രാമറും സ്വീകരിക്കണം.
വെങ്കിടേഷ് രാമകൃഷ്ണൻ: പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് എന്റെ ഒരു സുഹൃത്ത്, ഒരു മീഡിയ സ്റ്റുഡന്റ് വ്യത്യസ്ത പാർട്ടികൾ നടത്തിയിട്ടുള്ള സോഷ്യൽ മീഡിയ ഇടപെടൽ സംബന്ധിച്ച് തിരുവനന്തപുരത്ത് എത്തി പഠനം നടത്തി. അയാൾ പത്ത് കേസ് സ്റ്റഡിയാണ് നടത്തിയത്. അതിൽ നാല് കേസ് സ്റ്റഡി ലെഫ്റ്റിന്റെ സ്ഥാനാർഥികളെക്കുറിച്ചും ആറ് കേസ് സ്റ്റഡി മറ്റു വ്യത്യസ്തമായപാർട്ടികളെക്കുറിച്ചുമായിരുന്നു. അയാൾ പറഞ്ഞത്, ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയയിൽ ഇൻവെസ്റ്റ് ചെയ്യുകയും അതിനുവേണ്ടിയിട്ടുള്ള മനുഷ്യാധ്വാനം ചെലവാക്കുകയും ചെയ്തിട്ടുള്ളത് ഇടതുപക്ഷത്തിന്റെ നാല് സ്ഥാനാർത്ഥികൾ ആയിരുന്നു എന്നാണ്. എന്നിട്ടും ആ നാല് സ്ഥാനാർത്ഥികളും ദയനീയമായി പരാജയപ്പെട്ടു. അയാൾ പറയുന്നത്, ഇടതുപക്ഷത്തിന്റെ സോഷ്യൽ മീഡിയകമ്മ്യൂണിക്കേഷനിൽ പോലും സംഭവിക്കുന്നത് അവരുടെ ഒരു ക്ലോസ്ഡ് ക്ലബ്ബിന്റെ പുറത്തേക്ക് അതൊന്നും പോകുന്നില്ല എന്നാണ്. എന്തുകൊണ്ട് അത് പോകുന്നില്ല എന്നതിനുള്ള ഉത്തരം ഉപയോഗിക്കുന്ന ഭാഷയുടെയും ദൃശ്യങ്ങളുടെ ഭാഷയുടെയും പ്രശ്നമാണ്. ഈ ഗ്രാമർ പഠിക്കേണ്ട ആവശ്യമുണ്ട്.

കെ എൻ ഗണേശ്: ഞാൻ ഭാഷയുടെ ഗ്രാമർ എന്നതുകൊണ്ട് അർഥമാക്കുന്നത് അതിന്റെ രാഷ്ട്രീയ ഉള്ളടക്കത്തെയാണ്.
വെങ്കിടേഷ് രാമകൃഷ്ണൻ: ഭാഷയ്ക്കും രാഷ്ട്രീയമുണ്ട് എന്ന കാര്യം ഞാൻ അംഗീകരിക്കുന്നു. അതോടൊപ്പം ഭാഷ കമ്യൂണിക്കേഷനുള്ള, കാര്യങ്ങൾ പ്രതിഫലിപ്പിക്കാനുള്ള മാർഗമാണ്. വേണ്ടത് പുതിയ സാങ്കേതിക വിദ്യയുടെ ഭാഷ സ്വായത്തമാക്കലാണ്. സാങ്കേതികവിദ്യ മാറുമ്പോൾ ഭാഷയും മാറും.
കെ ജെ ജേക്കബ്: എസ് എഫ് ഐയ്ക്ക് വന്ദേമാതരത്തിന്റെ രാഷ്ട്രീയം നന്നായി അറിയാം, എങ്ങനെയാണ് അത് ഉണ്ടായതെന്നും ഇത് എങ്ങനെയാണ് വിഭജനത്തിന് കാരണമായതെന്നും ഇത് എങ്ങനെ ഇനിയും വിഭജനത്തിന് കാരണമാകുമെന്നുള്ള കാര്യത്തെക്കുറിച്ച് എസ്.എഫ്.ഐക്കാർക്ക് അറിയാം. ഇതിനകത്ത് വേറൊരു പ്രശ്നം കൂടി ഉണ്ട്. നിങ്ങൾ ഇത് പാടണ്ട എന്ന് പറയുമ്പോൾ, ഹിന്ദു ദൈവങ്ങളെ മാറ്റിനിർത്തി നിങ്ങൾ മുസ്ലിം പ്രീണനം നടത്തുന്നവരായി മാറും. ഇതിനും കൂടി മറുപടി പറയണം.
എന്തുകൊണ്ട് ഇതൊരു ഹിന്ദു-മുസ്ലിം പ്രശ്നം അല്ല എന്നും രാജ്യത്തിന്റെ പ്രശ്നമാണ് എന്നും വിശദീകരിക്കണം. ഒരുകാലത്ത് എല്ലാവരെയും എകീകരിച്ച ഗാനത്തെ എങ്ങനെയാണ് വർഗീയവാദികൾ വിഭജിക്കാൻ വേണ്ടി ഉപയോഗിച്ചത്, എന്തുകൊണ്ടാണ് കോൺഗ്രസും ടാഗോറും മഹാത്മാഗാന്ധിയും പണ്ഡിറ്റ് നെഹ്റുവും അടക്കമുള്ള ആളുകൾ ഒരു തീരുമാനം എടുത്തത് എന്നുള്ളതിനെക്കുറിച്ചുള്ള വിശദീകരണവും പറയണം. അത് ഇവർക്ക് മനസ്സിലാവുകയും വേണം.
കെ എൻ ഗണേശ്: പത്ത് ശ്ലോകങ്ങൾ ഉള്ള ഒരു പദ്യത്തിന്റെ ആദ്യത്തെ ഭാഗം മാത്രമാണ് ഈ പാടി കൊണ്ടിരിക്കുന്നത്. ബാക്കിയൊന്നും നമ്മൾ പാടാറുമില്ല. ശ്രദ്ധിക്കാറുമില്ല. ആദ്യഭാഗം തെരഞ്ഞെടുക്കാൻ കാരണം അത് രാജ്യത്തിന്റെ ഭൂമിശാസ്ത്രത്തെ വരച്ചിടുന്നതും ജനങ്ങളുടെ ഐക്യത്തെ പ്രതിനിധീകരിക്കുന്നതുമാണ് എന്നതിനാലാണ്. ബങ്കിം ചന്ദ്ര ചതോപാധ്യയുടെ ആനന്ദമഠം എന്ന നോവലിൽ സന്യാസി കലാപത്തെ പരാമർശിച്ചുള്ള ഭാഗത്ത് ഉൾപ്പെടുത്തിയ പാട്ടാണിത്. ബംഗ്ലാ മാതാവിനെക്കുറിച്ചാണ് ഇന്ത്യയെക്കുറിച്ചല്ല അവസാന ഭാഗം പരാമർശിക്കുന്നത്. നമ്മൾ ഇതൊന്നും എവിടെയും പറയുന്നില്ല. നമ്മൾ അത് പറയണം. വെങ്കിടേഷ് പറഞ്ഞതുപോലെ, പറയേണ്ടത് പോലെ പറയണം. ഇത് പറയാതെ നമ്മൾ കേവലമായിട്ട് വന്ദേമാതരത്തെ എതിർത്തിട്ട് കാര്യമില്ല. വന്ദേമാതരം പാടുന്നതുകൊണ്ട് എന്താണ് തെറ്റ് എന്ന് ആരെങ്കിലും ചോദിച്ചാൽ അതിന് പ്രത്യേകിച്ച് മറുപടി ഒന്നും പറയാൻ നമുക്ക് ഉണ്ടാവില്ല. അതിന് വ്യക്തമായ മറുപടി ഉണ്ടാവണം.
വെങ്കിടേഷ് രാമകൃഷ്ണൻ: പുതിയ സാങ്കേതിക വിദ്യകൾ വന്ന ശേഷം ഇടതുപക്ഷത്തിന്റെ കമ്യൂണിക്കേഷനിലുള്ള മറ്റൊരു പോരായ്മ വിശദാംശങ്ങളും വസ്തുതകളും ഇല്ലാത്തതാണ്. വിശദാംശങ്ങൾ ഇല്ലാത്ത യാന്ത്രികമായിട്ടുള്ള കമ്യൂണിക്കേഷനാണ് അടിസ്ഥാന പ്രശ്നം. ദേശാഭിമാനി വരെയുള്ള ഇടതുപക്ഷത്തിന്റെ കമ്യൂണിക്കേഷൻ ഏറിയും കുറഞ്ഞും ഫലപ്രദമായിരുന്നു. കൂടുതൽ എഫക്ടീവ് ആയിരുന്നു കുറച്ച് ഇന്ഇഫക്ടീവായിരുന്നു. ടെലിവിഷൻ വന്നതോടെ ആ ഭാഷയെ അതേപടി അനുകരിക്കാൻ തുടങ്ങി. ബദൽ രാഷ്ട്രീയ ഭാഷ കണ്ടെത്തണം. അതില്ലാതെ കമ്യൂണിക്കേഷൻ ഫലപ്രദമാകില്ല,
2024 ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് പറ്റിയിട്ടുള്ള വിനാശകരമായ ഒരു കമ്യൂണിക്കേഷൻ പിഴവാണ് “അബ് കി ബാർ ചാർ സൗ പാർ” എന്ന തെരഞ്ഞെടുപ്പ് മുദ്രാവാക്യം. 400ൽ അധികം സീറ്റ് ഹിന്ദു രാഷ്ട്രം ഉണ്ടാക്കാനും ഭരണഘടന മാറ്റാനും വേണ്ടിയാണ് എന്ന് ദളിതർക്കിടയിൽ പ്രചാരണം നടത്താൻ പ്രതിപക്ഷ പാർട്ടികൾക്ക് കഴിഞ്ഞു. അതിന്റെ സ്വാധീനം ഞാൻ അയോധ്യയിൽ നേരിട്ടു കണ്ടു. പ്രചാരണത്തിന്റെ അവസാന ദിവസം ഞാൻ അയോധ്യയിൽ ഉണ്ടായിരുന്നു.
ലക്ഷക്കണക്കിന് ആൾക്കാര് രാമമന്ദിറിലേക്ക് പോകുന്നതിന് മുമ്പേ ഉയർന്ന സ്ഥലത്തുള്ള ഹനുമാൻ ഗഡി സന്ദർശിക്കും. ജയ് ശ്രീറാം വിളിച്ച് കയറിപോകുകയാണ് അവർ. ഞാൻ ഒരു മൂലയിൽ നിന്ന് ജയ് ഭീം എന്നു വിളിച്ചു. ഒരാൾ ഇറങ്ങിവന്ന് “ജയ് ഭീം, ജയ് സംവിധാൻ “(അംബേദ്ക്കർ വിജയിക്കട്ടെ, ഭരണഘടന വിജയിക്കട്ടെ ) എന്നു വിളിച്ചു. തൊട്ടടുത്തുള്ള ബാരാബാങ്കി ജില്ലയിൽ നിന്നാണ് അയാളും അമ്പതോളം കുടുംബങ്ങളും എത്തിയത്. ഈ ദളിത് വികാരമാണ് അയോധ്യയിൽ ബി ജെ പി തോൽകാൻ കാരണമായത്.
സി എസ് സുജാത: അയോധ്യയിൽ ഇങ്ങനെ ഒരു ഫലം ഞാൻ കരുതിയിരുന്നില്ല. ബി ജെപി തോറ്റത് അത്ഭുതമാണ്.
കെ ജെ ജേക്കബ്: ഭരണഘടന ഭേദഗതി ചെയ്യുമെന്നതുപോലെ തന്നെ സംവരണം കൂടി ഇല്ലാതാകുമെന്ന പ്രചാരണവും വന്നു. അഖിലേഷ് യാദവ് നന്നായിട്ട് ഇക്കാര്യങ്ങൾ പ്രചാരണം ചെയ്തു. നമ്മുടെ പ്രശ്നം ഇതല്ല. ഇത്തരം കഥകൾ നമ്മുടെ സമൂഹത്തിലും ഉണ്ട്. അതിനെ ഒരു മഹത്തായ ആഖ്യാനമായി ഉയർത്തി കൊണ്ടുവരികയാണ് പ്രശ്നം. ഇപ്പോൾ രാഹുൽ ഗാന്ധി അത് നന്നായി ചെയ്യുന്നുണ്ട്. പ്രധാനമന്ത്രി മോദി ഇപ്പോൾ രാഹുൽ ഗാന്ധിയെ അനുകരിക്കുകയാണ്.
കെ എൻ ഗണേശ്: രസകരമായ സംഭവങ്ങളാണ് കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്നത്. നമുക്ക് ഒരു മുഖ്യമന്ത്രിയുണ്ട്. അത് ആരാണ് എന്താണ് എന്നുള്ളതല്ല നമ്മുടെ മുമ്പിലുള്ള പ്രശ്നം. നിങ്ങൾ പറഞ്ഞ ടെലിവിഷൻ സൃഷ്ടിച്ച രസകരമായ കഥാപാത്രമാണിയാൾ. അയാളെ വളർത്തിക്കൊണ്ടുവന്നത് മാത്രമല്ല അയാളെ നുണയനാക്കി മാറ്റിയതും ഈ ടെലിവിഷനാണ്. കഴിഞ്ഞ അഞ്ചാറു മാസമായി ആസൂത്രിതമായി നടന്ന ടെലിവിഷൻ പ്രചാരണത്തിന്റെ ഭാഗമായുണ്ടായ ഇമേജാണ് വി.ഡി. സതീശൻ.രമേശ് ചെന്നിത്തലയെ പോലെ സീനിയറായവരെ മറികടന്നാണ് സതീശൻ വന്നത്. ഒരു വശത്ത് മോദിയും മറുവശത്ത് സതീശനും തമിഴ്നാട്ടിൽ വിജയിയും വരുന്നു. ഈ വളർച്ചയെ എങ്ങിനെ കാണുന്നു.
വെങ്കിടേഷ് രാമകൃഷ്ണൻ: ഇവരൊക്കെ വളർന്നു വരാൻ വേണ്ടിയിട്ടുള്ള വസ്തുനിഷ്ഠവും ആത്മനിഷ്ഠവുമായ കാരണങ്ങൾ സമൂഹത്തിൽ ഉണ്ടായിരുന്നു.മാധ്യമ പ്രചാരണം അതിനെ സഹായിച്ചുവെന്നുമാത്രമേയുള്ളൂ. മോദിയുടെ സമയത്ത് മാധ്യമങ്ങൾ എങ്ങനെ മാറി എന്നുള്ളതിന് ഒരു റിങ്ങ്സൈഡ് കാഴ്ചക്കാരനാണ് ഞാൻ. രണ്ടായിരത്തി പതിമൂന്നിൽ മോദി പതിനാറ് ടി.വി.ചാനലുകൾക്ക് അഹമ്മദാബാദിൽ വിളിച്ചിട്ട് മുഖാമുഖം നൽകിയിരുന്നു. അതിൽ സി എന് എന് ഐബിക്കുവേണ്ടി മുഖാമുഖം നടത്തിയത് എന്റെ ഒരു സുഹൃത്തായിരുന്നു. നേരത്തെ ചോദ്യങ്ങൾ കൊടുക്കണം. ആ ചോദ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മോദി മറുപടി പറയുക. എന്റെ സുഹൃത്ത് നേരത്തേ നൽകിയ ചോദ്യത്തിന് പുറത്ത് ഒരു ചോദ്യം ചോദിച്ചു. മുഖാമുഖം ലൈവ് അല്ല റെക്കോഡ് ആയിരുന്നു. ലിസ്റ്റിൽ ഇല്ലാത്ത ചോദ്യം ചോദിച്ചപ്പോൾ ഈ ചോദ്യകർത്താവിന്റെ മുതലാളിക്ക് പൈസ കൊടുത്ത് അയച്ചിട്ടില്ലേയെന്ന് മോദി ചോദിച്ചുവത്രെ..
കെ ജെ ജേക്കബ്: സതീശന്റെ ഉയർച്ചക്ക് പിന്നിൽ കമ്യൂണിസ്റ്റ് പാർട്ടികൾക്കും ഒരു റോളുണ്ടെന്നാണ് എന്റെ അഭിപ്രായം. കഴിഞ്ഞ ഒരു വർഷമായിട്ട് സതീശൻ ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്ന കാര്യം ഞങ്ങളാണ് യഥാർത്ഥ ഇടതുപക്ഷം എന്നും ഞങ്ങൾ മതനിരപേക്ഷതയിൽ വെള്ളം ചേർക്കില്ല എന്നുമാണ്. നരേന്ദ്ര മോദി എങ്ങനെ വർഗീയത വിൽക്കുന്നു അതുപോലെ മതനിരപേക്ഷത വിൽക്കാൻ സതീശനറിയാം. കോഴിക്കോട് പോയി എപി വിഭാഗത്തിന്റെ ജാഥയിൽ സതീശൻ പറഞ്ഞു ഞങ്ങൾ ഒരു കാരണവശാലും മതനിരപേക്ഷതയിൽ വെള്ളം ചേർക്കില്ല എന്നും ഞങ്ങളാണ് യഥാർത്ഥ ഇടതുപക്ഷം എന്നും. ഇത് രണ്ടും ബി ജെ പിയെ ലക്ഷ്യമിട്ട് പറയുന്നതല്ല. ഇത് സിപിഎമ്മിനെയും ഇടതുപക്ഷത്തെയും ലക്ഷ്യമാക്കിയിട്ടുള്ളതായിരുന്നു. അതിനെ പ്രതിരോധിക്കാൻ സിപിഎമ്മിന് പറ്റിയില്ല. എൽഡിഎഫും സിപിഎമ്മും യഥാർത്ഥ ഇടതുപക്ഷം അല്ല എന്നും അവർ മതനിരപേക്ഷതയിൽ സന്ധിചെയ്തു എന്നുമുള്ള പ്രചാരണമാണ് സതീശൻ ഇതുവഴി നടത്തിയത്.
കെ എൻ ഗണേശ്: എനിക്ക് തോന്നുന്നത് സ്വല്പം വ്യത്യസ്തമായ ഒരു കാര്യമാണ്. കേരളത്തിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ ഒരു തവണ മാത്രമാണ് 48 ശതമാനം വോട്ട് എൽഡിഎഫിന് നേടാനായത്. ഇതിനു ശേഷം 13 മുതൽ 15% വോട്ട് ബിജെപി യിലേക്ക്പോയി. അങ്ങനെ വരുമ്പോൾ സംഭവിക്കുന്നത് ചുരുങ്ങിയത് 53% വോട്ട് ഇടതുപക്ഷത്തിന് എതിരായി. ഈ വോട്ടുകൾ ശേഖരിക്കാൻ കഴിയുന്ന ആൾ ജയിക്കും.
അതാണിപ്പോൾ സംഭവിച്ചത്. വലതുപക്ഷ ഏകീകരണമാണ് എൽ ഡി എഫ് പരാജയത്തിന് കാരണം.
കെ ജെ ജേക്കബ്: വലതുപക്ഷ ഏകീകരണമാണ് എൽഡിഎഫ് തോൽവിക്ക് കാരണം എന്ന വാദത്തിൽ കഴമ്പില്ല. കേരളത്തിൽ എപ്പോഴാണ് വലതുപക്ഷം എൽ ഡി എഫിനെതിരെ ഏകീകരിക്കാതിരുന്നിട്ടുള്ളത്. ഈ വാദം ഒരു ക്ഷമാപണമായി ഉപയോഗിക്കുന്നത് അംഗീകരിക്കാനേ കഴിയില്ല.
കെ എൻ ഗണേശ്: ഇതൊരു ക്ഷമാപണം എന്ന രീതിയിൽ പറയുന്നതല്ല. എന്റെ വാദം തീർത്തും വ്യത്യസ്തമാണ്. വലതുപക്ഷ ഏകീകരണത്തിന് ഒരു കേന്ദ്ര ബിന്ദു വേണം. സതീശനായിരുന്നു ആ കേന്ദ്ര ബിന്ദു എന്നാണ് ഞാൻ പറഞ്ഞത്.
കെ ജെ ജേക്കബ്: സതീശൻ പ്ലേ ചെയ്തത് ഇടതുപക്ഷത്തിന്റെ മുദ്രാവാക്യങ്ങളാണ്. വലതുപക്ഷ മുദ്രാവാക്യങ്ങളല്ല.
തോമസ് ഐസക്: ഈ പറഞ്ഞ രണ്ട് നിലപാടുകളും പരസ്പര പൂരകങ്ങളാണ്. ഒരു സംശയവും വേണ്ട. കേരളത്തിലെ വലതുപക്ഷത്തെ സംബന്ധിച്ചിടത്തോളം മൂന്നാം തവണ ഇടതുപക്ഷം ജയിക്കുക എന്ന് പറഞ്ഞാൽ താങ്ങാവുന്നതല്ല. നമ്മൾ ഈ ക്രിസ്ത്യൻ മതമേലധ്യക്ഷന്മാരോടൊക്കെ മാന്യമായിട്ടല്ലേ പെരുമാറിയിട്ടുള്ളൂ. ഇതൊക്കെ ഉണ്ടെങ്കിലും ഉള്ളിൽ ഇവരിനി മൂന്നാം പ്രാവശ്യം എൽഡിഎഫ് വരാൻ അനുദിക്കുന്നവരല്ല. ജമാഅത്തെ ഇസ്ലാമി തുടങ്ങി എല്ലാവർക്കും ഇക്കാര്യത്തിൽ യോജിപ്പാണ്. ഞങ്ങളാണ് യഥാർത്ഥ ഇടതുപക്ഷം ഞങ്ങൾ വന്നാൽ കൂടുതൽ ആനുകൂല്യങ്ങൾ തരും ഇതൊക്കെ, ഒരു ഭാഗം ഇടതുപക്ഷത്തിന്റെ വോട്ടു ചോർത്തും. ഞാൻ തള്ളുന്നില്ല. അതുകൊണ്ട് വലതുപക്ഷ ഏകീകരണം കൊണ്ടു മാത്രമല്ല അതോടൊപ്പം ഇടതുപക്ഷത്തിന്റെ വോട്ടിലും കുറവ് ഉണ്ടായിട്ടുണ്ട്. അത് തിരിച്ചുകൊണ്ടുവരുന്നതിന് വേണ്ടിയിട്ടാണ് നമ്മൾ ഇപ്പോൾ ശ്രമിക്കുന്നത്.
വെങ്കിടേഷ് രാമകൃഷ്ണൻ: എന്താണ് മുന്നോട്ടുളള വഴി എന്നതാണ് മുഖ്യ പ്രശ്നം. ഒരു കാര്യം ഞാൻ പറയാം. വളരെ ഗൗരവമായ ആത്മപരിശോധന ആവശ്യമാണ്. അത് തൊലിപ്പുറമേയുള്ളത് ആവാൻ പാടില്ല. വളരെ സത്യസന്ധവും ആത്മാർത്ഥമായിട്ടുമുള്ള ആത്മപരിശോധനയാണ് വേണ്ടത്. മുഖം നോക്കാതെയുള്ള ആത്മപരിശോധനയാണ് ആവശ്യം. രണ്ടാമതായി, സംഘടനാ സംവിധാനത്തിൽ ഭയഭക്തി ബഹുമാനത്തിന്റെ സംസ്ക്കാരം മാറേണ്ടത് വളരെ അത്യാവശ്യമാണ്. മൂന്നാമത്തേത്, 2014ലെ തിരഞ്ഞെടുപ്പിൽ കാണിച്ചിട്ടുള്ള പ്രധാനപ്പെട്ട ഘടകം ബയോപൊളിറ്റിക്സ് ആണ്. അതായത് ദളിതരും ന്യൂനപക്ഷവും പ്രതിനിധീകരിക്കുന്ന സ്വത്വ രാഷ്ട്രീയത്തിന്റെ ധാരയാണത്. അതിന് മുമ്പിൽ കണ്ണടയ്ക്കരുത്.
തോമസ് ഐസക്ക്: എനിക്കും ഇതിനെക്കുറിച്ച് അടിസ്ഥാനപരമായ അഭിപ്രായ വ്യത്യാസങ്ങൾ ഒന്നുമില്ല. ഇതെല്ലാം ചെയ്യേണ്ട കാര്യം തന്നെയാണ്. അതോടൊപ്പം രണ്ട് കാര്യം കൂടി ഞാൻ പറയാം. സർക്കാറിന്റെ പ്രവര്ത്തനങ്ങള് തുറന്നു കാണിക്കാനും അത് ഫലപ്രദമായി ജനങ്ങളിലേക്ക് കമ്യൂണിക്കേറ്റ് ചെയ്യാനും നമുക്ക് കഴിയണം.
കെ എൻ ഗണേശ്: സിപിഎമ്മിൻ്റെ കൊൽക്കത്ത പ്ലീനത്തിൽ പറഞ്ഞ ജനങ്ങളെ കേൾക്കണം എന്ന മുദ്രാവാക്യം പ്രാവർത്തികമാക്കണം. നമ്മൾ അങ്ങിനെ ചെയ്താൽ ദളിതരുടെ ആദിവാസികളുടെ, തീരദേശവാസികളുടെ, സാമാന്യ മനുഷ്യരുടെ പ്രശ്നങ്ങൾ നേരിട്ട് പോയി മനസ്സിലാക്കി അതിനോട് ഇടപെടാൻ കഴിയും.
കെ ജെ ജേക്കബ്: യുഡിഎഫ് എങ്ങനെ ഭരിച്ചാലും അതിന്റെ പേരിൽ ഇടതുപക്ഷം തിരിച്ചു വരും എന്ന് കരുതരുത്. യുഡിഎഫ് എങ്ങിനെയാണ് ഭരിക്കുക എന്നുള്ളതിനെക്കുറിച്ച് ഈ നാട്ടിലെ മനുഷ്യർക്ക് നല്ല ധാരണയുണ്ട്. വയനാട്ടിൽ കാണിച്ചതിനേക്കാൾ കൂടുതൽ ഒരു പ്രതിപക്ഷ രാഷ്ട്രീയ പാർട്ടിക്ക് (കോൺഗ്രസ്) ഇന്ത്യയിൽ എന്നല്ല ലോകത്ത് തന്നെ കാണിക്കാൻ പറ്റില്ല. എന്നിട്ടും അവർ അവിടെ വലിയ തോതിൽ ജയിച്ചു. അത് കാണിക്കുന്നത് യുഡിഎഫ് സർക്കാർ എങ്ങനെയായിരിക്കും ഭരിക്കുക എന്നുള്ളതിനെക്കുറിച്ച് മനുഷ്യർക്ക് നല്ല ധാരണയുണ്ട് എന്നാണ്. ഇവർക്ക് വോട്ട് ചെയ്ത മനുഷ്യരിൽ കുറച്ചു പേർ അവർക്ക് വോട്ട് ചെയ്യില്ലായിരിക്കാം. അവർ തിരിച്ച് ഇടതുപക്ഷത്തിലേക്ക് വോട്ട് ചെയ്യണമെന്നുണ്ടെങ്കിൽ സിപിഐ എമ്മിന്റെ കേന്ദ്ര കമ്മിറ്റി പറഞ്ഞ കാര്യങ്ങൾ ഓരോന്നോരോന്നായിട്ട് ചെയ്യണം. ഓരോ രാഷ്ട്രീയ പാർട്ടിക്കും അവരവരുടേതായ ഒരു മണ്ഡലം ഉണ്ട്. ആർ എസ് എസ് – ബി ജെ പി യെ സംബന്ധിച്ചിടത്തോളം അവർ വർഗീയത പറഞ്ഞിരിക്കും. അവർ മതനിരപേക്ഷത പറഞ്ഞാൽ ആ പാർട്ടി തീർന്നു. കോൺഗ്രസിന്റെ രാഷ്ട്രീയം എന്നുള്ളത് സെൻട്രിസ്റ്റ് ആണ്. അവർ മൃദു ഹിന്ദുത്വം കളിക്കാൻ പോയി ആ പാർട്ടി തീർന്നു. ഇടതുപക്ഷം അതിന്റെ മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രീയത്തിൽ ഉറച്ചു നിന്നില്ലെങ്കിൽ തിരിച്ചടി നേരിടും . ഞങ്ങളാണ് യഥാർത്ഥ ഇടതുപക്ഷം എന്ന് കേരളത്തിലെ കോൺഗ്രസുകാരൻ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ എങ്ങനെയാണ് സിപിഐഎം ഈ കാലം മുഴുവൻ അത് കേട്ട് നിന്നത്. ജയിച്ചാലും തോറ്റാലും പറയാൻ ബാക്കി രാഷ്ട്രീയം ഉണ്ടാകണം. ഇടതുപക്ഷത്തിന് ഒറ്റ നിലപാടേ ഉള്ളൂ. അത് മതനിരപേക്ഷ രാഷ്ട്രീയമാണ്. ഇടതുപക്ഷം കോൺഗ്രസിനോട് നിരന്തരം പറഞ്ഞുകൊണ്ടിരുന്ന കാര്യമാണ് ആർഎസ്എസ് ബി ജെ പി യുടെ ബി ടീം ആയിട്ട് കളിക്കരുത് എന്ന്. സി പി ഐ എം ഇടതുപക്ഷ മതനിരപക്ഷ രാഷ്ട്രീയത്തിൽ ഉറച്ചു നിൽക്കണം.

സി എസ് സുജാത: ഇടതുപക്ഷത്തിൽ നിന്നും അകന്ന ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിയുമെന്നാണ് വിശ്വാസം. കാരണം അറുപത്തഞ്ചിന് ശേഷമുള്ള ഏറ്റവും വലിയ തിരിച്ചടി ആയിട്ടാണ് പാർട്ടി ഈ തോൽവിയെ വിലയിരുത്തുന്നത്. ഈ ഒരു പരാജയം ജനങ്ങൾക്ക് എന്തുമാത്രം പ്രയാസം ഉണ്ടാക്കുന്നു എന്ന് ഒരു ചെറിയ കാലയളവിലുള്ള സതീശന്റെ ഭരണം തന്നെ ജനങ്ങളെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. പാർട്ടി എന്തുകൊണ്ട് പരാജയപ്പെട്ടു എന്നത് സംബന്ധിച്ച് വളരെ കൃത്യമായ വിലയിരുത്തലാണ് നടത്തിയിട്ടുള്ളത്. നന്നായിട്ടുള്ള ചർച്ച താഴെ ഘടകം വരെ നടന്നു. ഇതൊരു വലിയ പ്രക്രിയയാണ്. ഇതിനൊക്കെ ഒരു ഫലവും ഉണ്ടാകില്ല എന്ന് ഞാൻ കരുതുന്നില്ല. കാരണം മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി താഴെ ഘടകം മുതൽ മൂർച്ചയേറിയ വിമർശനങ്ങള് പാർട്ടി അംഗങ്ങൾ ഉയർത്തുകയുണ്ടായി.
അതിൽ നിന്നെല്ലാം രൂപപ്പെടുത്തിയതാണ് സംസ്ഥാന സമിതിയുടെയും കേന്ദ്ര കമ്മിറ്റിയുടെയും റിവ്യു റിപ്പോർട്ടുകൾ. വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കു ശേഷം നല്ല മാറ്റം ഉണ്ടാകുമെന്ന് ഞാൻ കരുതുന്നു.
ഇവിടെ എല്ലാവരും സൂചിപ്പിച്ച പോലെ ജനങ്ങളിലേക്ക് ചെല്ലുകയും അവരെ കേൾക്കുകയും വേണം. ആ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് തീർച്ചയായും മുന്നോട്ടുപോകും.
തോമസ് ഐസക്: ഇവിടെ ഇപ്പോ ഉന്നയിച്ച പ്രശ്നങ്ങൾക്ക് സി പി ഐ എമ്മിന്റെ കേന്ദ്ര കമ്മിറ്റി പ്രമേയവും സംസ്ഥാന കമ്മിറ്റി പ്രമേയവും കൃത്യമായ ഉത്തരങ്ങൾ നൽകിയിട്ടുണ്ട്. ഒരു പുതിയ കാര്യം കൂടി പറയാം. കേന്ദ്ര കമ്മിറ്റി വളരെ വിശദമായിട്ട് ഏതാണ്ടൊരു എൺപത്തഞ്ച് ചോദ്യങ്ങളുടെ ഒരു സെൽഫ് ക്ലാരിഫിക്കേഷൻ മുഴുവൻ പാർട്ടി മെമ്പർമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിൽ ഇങ്ങനെ ഒരു വലിയൊരു പ്രക്രിയ നടക്കുന്നതുകൊണ്ട് ആ അജൻഡ ഇപ്പോൾ ഇവിടെ എടുത്തിട്ടില്ല. പക്ഷേ ഞങ്ങൾ കേന്ദ്ര കമ്മിറ്റി മെമ്പർമാരെല്ലാം ഈ എൺപത്തഞ്ച് ചോദ്യങ്ങൾക്കും മറുപടി എഴുതി കൊടുത്തിട്ടുണ്ട്. അടുത്ത കേന്ദ്ര കമ്മിറ്റിയിൽ അത് ചർച്ച ചെയ്യാൻ പോവുകയാണ്. അതിലെ ചോദ്യങ്ങളിലൊന്ന്.പാർലമെന്റിലോ ഭരണത്തിലോ എല്ലാം തുടർച്ചയായിട്ട് ഇരിക്കുന്നതിന്റെ ഫലമായിട്ട് നമ്മുടെ മനോഭാവത്തിൽ വരുന്ന മാറ്റങ്ങളെക്കുറിച്ചാണ്. മാസ് ലൈനെക്കുറിച്ചും ഇതിൽ പരാമർശമുണ്ട്. ജനങ്ങളിൽ നിന്ന് പഠിക്കുന്നതിൽ ജനങ്ങളുമായിട്ടുള്ള ബന്ധത്തിൽ എന്തു പോരായ്മകൾ വന്നു. ജനം പറയുന്നതെല്ലാം കേൾക്കാനല്ല, പക്ഷേ ജനം പറയുന്നതെല്ലാം കേൾക്കാനുള്ള മനസ്സുണ്ടോ എന്നതാണ് ചോദ്യം. കേട്ടുകഴിഞ്ഞാൽ അതേക്കുറിച്ച് ആലോചിച്ചിട്ട് വീണ്ടും ജനങ്ങളിലേക്ക് ചെല്ലണം. ഇതാണ് മാസ് ലൈൻ. അതിൽ എന്തു പോരായ്മ വന്നിരിക്കുന്നു.
ജേക്കബ് പറഞ്ഞ പരിശോധന ഉണ്ടല്ലോ. അത് തന്നെയാണ് ഇത്. ഇതൊരു വലിയ പ്രക്രിയയാണ്. ഒരു സംശയവും വേണ്ട വലിയൊരു നവീകരണ പ്രക്രിയയിലൂടെ കടന്നുപോകുന്നതിന് ഈ തിരിച്ചടി കാരണമാകും, തിരിച്ചുവരികയും ചെയ്യും. തിരിച്ചു വരവ് അനിവാര്യമാണ്.





