A Unique Multilingual Media Platform

Articles International Society Travel

സഹാറ – പ്രണയങ്ങളും സ്വർണ്ണ മണൽത്തരികളും (മൊറോക്കൻ യാത്രാകുറിപ്പുകൾ – 8)

സഹാറ – പ്രണയങ്ങളും സ്വർണ്ണ മണൽത്തരികളും (മൊറോക്കൻ യാത്രാകുറിപ്പുകൾ – 8)

ജി.പി. രാമചന്ദ്രന്റെ മൊറോക്കോ യാത്രാക്കുറിപ്പുകള്‍ തുടരുന്നു… (മുൻ ലക്കങ്ങൾ വായിക്കാം ഇവിടെ)

സഹാറയിലൂടെ ഒട്ടകപ്പുറത്തുള്ള മണല്‍ സഞ്ചാരം എല്ലാവര്‍ക്കുമായി ലുഖ്മാന്‍ ഏര്‍പ്പാട് ചെയ്തിരുന്നു. മെര്‍സൂഖയിലെത്തിയ വൈകുന്നേരം തന്നെ ഇതു വേണ്ടവര്‍ക്ക് ആകാം എന്നതായിരുന്നു ധാരണ. ഞങ്ങളുടെ സംഘത്തിലുണ്ടായിരുന്ന ഒമ്പതു പേരില്‍ നാലു പേര്‍ മാത്രമേ പക്ഷെ ആ സാഹസത്തിനു മുതിര്‍ന്നുള്ളൂ. ഞാന്‍ ഇതു വേണ്ടെന്നു വെച്ചതിന്റെ കാരണം, ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ലഡാക്കിലെ നുബ്ര താഴ് വരയിൽ പോയപ്പോള്‍ ഒട്ടക സഫാരി നടത്തിയതിന്റെ അനുഭവം ഉള്ളതു കൊണ്ടാണ്. മുതുകത്ത് ഇരട്ടക്കൂനുകളുള്ള പ്രത്യേക തരം ഒട്ടകങ്ങളാണ് നുബ്ര വാലിയിലുള്ളത്. എട്ടും പത്തും ഒട്ടകങ്ങളെ അവരുടെ കഴുത്തിലുള്ള കയര്‍ക്കുടുക്കുകള്‍ പരസ്പരം ബന്ധിപ്പിച്ചാണ് നമ്മളെ ഓരോന്നിന്റെ പുറത്ത് ഓരോരുത്തരായി കയറ്റി ഒരു കിലോമീറ്ററില്‍ താഴെ ദൂരം സഞ്ചാരം നടത്തുന്നത്.

ലഡാക്കിലെ നുബ്ര വാലിയിൽ ഒട്ടക സവാരി നടത്തിയ ജി.പി രാമചന്ദ്രൻ

കയറുന്നതും ഇറങ്ങുന്നതും നടക്കുന്നതും ഒക്കെ പുറത്തു കയറുന്നവരുടെ സുരക്ഷ ഉറപ്പു വരുത്തിക്കൊണ്ടാണ്. ആരും വീഴുകയോ മറ്റു പരിക്കുകള്‍ പറ്റുകയോ ഒന്നുമില്ല. പക്ഷെ, നമ്മളെ അസ്വസ്ഥപ്പെടുത്തുന്ന കാര്യം, ഇങ്ങിനെ പരസ്പരം ബന്ധിപ്പിച്ച് നടന്നു പോകുന്ന ഒട്ടകങ്ങള്‍ പരസ്പരം ഉരുമ്മുന്നതും മുക്രയിടുന്നതുമാണ്‌. സ്‌നേഹം കൊണ്ടാണോ നീരസവും വൈരാഗ്യവും പ്രകടിപ്പിക്കാനാണോ എന്താണെന്നറിയില്ല ഇവ പരസ്പരം ഉരുമ്മിക്കൊണ്ടിരിക്കും. ഇത് അതിനു പുറത്തിരിക്കുന്ന എന്നെ വളരെ അധികം അലോസരപ്പെടുത്തി. അതോടൊപ്പം കാലിനു ചെറിയ വേദനയും ഉള്ളതിനാൽകൂടിയാണ് മൊറോക്കോ യാത്രയില്‍ വേണ്ടത്ര സമയവും സൗകര്യവും എല്ലാം ഉണ്ടായിട്ടും അതു വേണ്ടെന്നു വെച്ചത്.

മർസൂഖയിൽ പക്ഷേ ഒട്ടകയാത്ര കുറേക്കൂടി രസകരമായ അനുഭവമാണ് സമ്മാനിച്ചതെന്നാണ് അത് ചെയ്ത ഞങ്ങളുടെ കൂട്ടത്തിലുള്ളവർ പറഞ്ഞത്. ഒരു കാരവൻ യാത്രയുടെ സമ്മോഹനമായ അനുഭവം. ഇവിടെ ഒട്ടകങ്ങൾ നൂറ്റാണ്ടുകളായി പ്രധാന സഞ്ചാര മാർഗം ആയിരുന്നുവല്ലോ. അതിനാൽ അവ കൂടുതൽ കുലീനതയോടെ യാത്രികരെ സ്വീകരിക്കുന്ന പോലെ തോന്നിച്ചു. ഈ യാത്രക്ക് ഈ പ്രദേശത്തിന്റെ കാരവൻ ചരിത്രവുമായും ബന്ധമുണ്ട്.

മരുഭൂമിയിലെ സൂര്യോദയത്തിന്റെ പശ്ചാത്തലത്തിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന യാത്രാസംഘം

പൗരാണിക കാലത്തെ ആഫ്രിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു നഗരമായിരുന്നു ഇപ്പോഴത്തെ മാലിയിലെ തിമ്പുക്തു. സഹാറയുടെ ഒരറ്റത്താണ് അത് സ്ഥിതി ചെയ്യുന്നത്. അബ്ദെറഹിമാൻ സിസാക്കോയുടെ സിനിമകളിലൊന്നിന്റെ പേരു തന്നെ തിമ്പുക്തു എന്നാണ്. അവിടെ നിന്ന് സ്വർണം, ആനക്കൊമ്പ് പോലുള്ള വസ്തുക്കൾ ഒട്ടകപ്പുറത്ത് കാരവനുകളായി ക്രമീകരിച്ചായിരുന്നു മൊറോക്കോയിലേക്ക് പതിനൊന്ന്-പതിനാറ് കാലഘട്ടത്തിൽ എത്തിച്ചിരുന്നത്. ഡ്രൈ ഫുഡ് പോലുള്ളവ തിരികെ മാലിയിലേക്കും എത്തിച്ചു. മർസൂഖക്ക് അടുത്തുള്ള റസ്സാനി എന്ന നഗരം അത്തരം യാത്രികരുടെ ഇടത്താവളം ആയിരുന്നു. ഇപ്പോഴും ബദവി ജീവിതെത്തിന്റെ ഗംഭീരമായ നാഗരിക വത്കരണം നമുക്ക് കാണാൻ പറ്റുന്ന സ്ഥലമാണ് ഈ റസ്സാനി. ഞങ്ങൾ അവിടെ ഇറങ്ങി ഈത്തപ്പഴം വാങ്ങിയതിനെപ്പറ്റി വഴിയേ എഴുതാം.

സഹാറയിലെ ആ സഞ്ചാരവും അതിന്റെ വന്യതയും ഒക്കെ മരുഭൂമി ജീവിതം ആവിഷ്കരിക്കുന്ന പുസ്തകങ്ങൾ വായിക്കാൻ കൂടി പ്രേരണ നൽകി. ഒട്ടകങ്ങള്‍ മുഖങ്ങള്‍ ഉരുമ്മുന്നത് എന്തുകൊണ്ടാണ് എന്നറിയാനും എനിക്ക് താല്പര്യമുണ്ടായിരുന്നു. പ്രസിദ്ധ അറബ് നോവലിസ്റ്റ് ഇബ്രാഹിം അല്‍ കോനിയുടെ സ്വര്‍ണ മണല്‍ത്തരികള്‍ (ഗോള്‍ഡ് ഡസ്റ്റ്) വായിക്കാനെടുത്തത്.

ഇബ്രാഹീം അൽ കോനി ലിബിയയിലെ സഹാറ മരുഭൂമിയിൽ ആണ് ജനിക്കുന്നത്. മരുഭൂമിയിലെ പ്രണയങ്ങളാണ് ഈ നോവലിലെ ഒരു പ്രധാന പ്രതിപാദ്യം. മരുഭൂമിയിലെ പ്രണയങ്ങള്‍ എന്നു കേള്‍ക്കുമ്പോള്‍ മനുഷ്യരുടെ പ്രണയം എന്നാണ് നാം ആദ്യം കരുതുക. തീര്‍ച്ചയായും മനുഷ്യരുടെ പ്രണയങ്ങളും ഈ നോവലിലുണ്ട്. എന്നാല്‍, വിസ്മയകരമായ പ്രണയങ്ങള്‍ ഉണ്ടാകുന്നത്‌ ഒട്ടകങ്ങള്‍ തമ്മിലാണ്.

ഗോള്‍ഡ് ഡസ്റ്റിലെ (അല്‍ തിബ്ര്‍) പ്രധാന കഥാപാത്രമായ ഉഖയ്യാദ് രാത്രി വൈകുമ്പോള്‍, പ്രണയവും കാമവും തേടി മരുഭൂമിയിലൂടെ അലഞ്ഞ് പല പല തമ്പുകളില്‍ നുഴഞ്ഞു കയറും. തമ്പുകള്‍ക്ക് പുറത്ത് തന്റെ ഒട്ടകത്തെ കെട്ടിയിട്ട്, പ്രണയിനിയുടെ തമ്പിലേക്ക് പോകുകയും പിന്നീട് പുലര്‍ കാലത്തിനു തൊട്ടു മുമ്പായി തിരിച്ചു പോരുകയുമാണ് പതിവ്. മഗാര്‍ബര്‍ താഴ് വരയിലെ പെണ്ണൊട്ടകവുമായി ഇതിനിടയില്‍ തന്റെ വിശ്വസ്തനായ ആണൊട്ടകം വേഴ്ചകള്‍ നടത്തുന്നുണ്ടെന്ന കാര്യം ഉഖയ്യാദ് കണ്ടുപിടിക്കുന്നു.

എന്തിനാണ് ഇത് മറച്ചു വെക്കുന്നത്, പെണ്ണുങ്ങളോട് കൂടുന്നതല്ലേ ജീവിതത്തിന്റെ കാരണം തന്നെ എന്നെല്ലാം ഒട്ടകത്തോട് സംസാരിക്കുന്നുമുണ്ട് നായകന്‍. എന്നാലൊരു ദിവസം തന്റെ പ്രണയിനിയുമായി സല്ലപിച്ചു കൊണ്ടിരിക്കുമ്പോള്‍, പുറത്തു നിന്ന് സ്‌ഫോടനാത്മകമായ ഒരു ശബ്ദം ഉഖയ്യാദ് കേട്ടു. ഇടിമിന്നലായിരിക്കുമെന്നു കരുതി തമ്പിനു പുറത്തെത്തിയ അയാള്‍ക്ക് മനസ്സിലായി, അത് ഒട്ടകങ്ങള്‍ തമ്മിലുള്ള പോരാണെന്ന്. സുന്ദരിയൊട്ടകത്തിനു വേണ്ടി തന്റെ വിശ്വസ്തനും മറ്റൊരാണൊട്ടകവും തമ്മില്‍ പൊരിഞ്ഞ യുദ്ധമായിരുന്നു. വെളിച്ചം വന്നപ്പോഴാണ് തന്റെ ഒട്ടകത്തിന്റെ ദേഹത്തുണ്ടായിട്ടുള്ള മുറിവുകളെല്ലാം ഉഖയ്യാദ് കാണുന്നത്. ചോരയില്‍ കുളിച്ചാണ് ഒട്ടകം നിന്നിരുന്നത്.

മരുഭൂമിയിൽ താമസിക്കുന്നവരുടെ അടുക്കള

കഥയങ്ങിനെ പോകുന്നു. അതായത് ജന്തുസഹജമായ കേവല കാമാര്‍ത്തികളും വേഴ്ചകളും അല്ല പ്രണയങ്ങളും പ്രതികാരങ്ങളും എല്ലാം നിറഞ്ഞ മൃഗജീവിതങ്ങളാണ് ഒട്ടകങ്ങളുടേത് എന്നാണ് ഇബ്രാഹിം അല്‍ കൗനി വിവരിക്കുന്നത്. ഈ പ്രണയ-പ്രതികാരങ്ങള്‍ക്കിടയ്ക്കാണ് കേവലം വിനോദത്തിന്റെ പേരില്‍ ഒട്ടകപ്പുറത്ത് കയറി ഏതാനും വാരകള്‍ സഞ്ചരിക്കുന്ന നാം ഞെരുങ്ങുന്നത് എന്ന അനുഭവമാണ് നുബ്ര വാലിയിലുണ്ടായത് എന്ന തോന്നലാണ് എന്നെ മെര്‍സൂഖയില്‍ അത് ആവര്‍ത്തിക്കുന്നതില്‍ നിന്ന് വിലക്കിയത്.

മനുഷ്യനും വന്യപ്രകൃതിയും തമ്മിലുള്ള പാരസ്പര്യങ്ങളെ കുറിച്ചുള്ള ആദിമ ജ്ഞാനങ്ങളുടെ സൂക്ഷിപ്പുകാര്‍ ആണ് ബദവികള്‍ എന്നറിയപ്പെടുന്ന മരുഭൂമിയിലെ മനുഷ്യര്‍ എന്നാണ് ഇബ്രാഹിം അല്‍ കോനി നോവലുകളെക്കുറിച്ചെഴുതിയ ഫസല്‍ റഹ് മാന്‍ നിരീക്ഷിക്കുന്നത്. മരുഭൂമിയുടെ രഹസ്യങ്ങളറിയാവുന്നവരാണ്‌ ബദവികള്‍. യഥാര്‍ത്ഥത്തില്‍ ബദവികള്‍ക്കു മാത്രമറിയാവുന്ന മൃഗങ്ങളുടെ രഹസ്യങ്ങളായിരിക്കാം ഇബ്രാഹിം അല്‍ കൗനി ആധുനികമായ നോവലിലേയ്ക്ക് കൊണ്ടു വന്നിരിക്കുന്നത്.

മരുഭൂമി- ബദവികളുടെ താമസപ്പുര

മിത്തുകളുടെയും അസ്തിത്വപരമായ ഉത്കണ്ഠകളുടെയും ലോകങ്ങളിലൂടെ സഞ്ചരിച്ച്‌ അദ്ദേഹം ജീവിതത്തിന്റെ പരമാര്‍ത്ഥങ്ങള്‍ വെളിപ്പെടുത്തുന്നു. റ്റാമഷെഖ് മൊഴിയും ടോരെഗ് നാടോടി പാരമ്പര്യവും മരുഭൂമിയുടെ സഹജമായ ആത്മീയതയുമാണ് എഴുത്തില്‍ ധാരാളിയായ അല്‍കൗനിയെ വഴി നടത്തുന്നത് എന്നാണ് ഫസല്‍ പറയുന്നത്. സഹാറാ മരുഭൂമിയില്‍ ലിബിയ മുതല്‍ മൊറോക്കോ വരെ ആഫ്രിക്കയിലെങ്ങും സഞ്ചരിക്കുന്ന, എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്ന, ഒരിടത്ത് തറഞ്ഞുനില്‍ക്കുകയെന്നാല്‍ അടിമത്തമാണെന്നു വിശ്വസിക്കുന്ന ‘മൂടുപടമിട്ടവര്‍ ‘, ‘നീല മനുഷ്യര്‍ ‘ എന്നൊക്കെ അറിയപ്പെടുന്ന ടോരെഗ്- നാടോടി വിഭാഗക്കാര്‍ മരുഭൂമിയെ സ്വാതന്ത്ര്യത്തിന്റെയും പ്രകൃതിയുമായുള്ള സമന്വയത്തിന്റെയും കേന്ദ്രമായിക്കാണുന്നു. “ജന്മ സ്ഥലത്തിന്റെ കാര്യത്തിലെ അനിവാര്യത പോലെത്തന്നെ മരുഭൂമി അപാരമായ ചിഹ്നങ്ങള്‍ അതില്‍ ജനിച്ചവരുടെ ആത്മാക്കളില്‍ ഒളിപ്പിച്ചു വെക്കുന്നു. അവ ഒരുനാള്‍ ഉണരാനായി ആഴങ്ങളില്‍ ഉറങ്ങിക്കിടക്കുന്നു. എന്റെ മഹാ മരുഭൂമി എന്നില്‍ നട്ട ചിഹ്നങ്ങള്‍ എന്നെ ഒരു കവിയാക്കി, ഈ ഭൂമിയിലെ സത്യം തേടുന്ന ഒരാളും,” എന്ന് ഒരഭിമുഖത്തില്‍ അല്‍ കോനി പറയുന്നുണ്ട്.

“മരുഭൂമിയെക്കുറിച്ചുള്ള ചോദ്യങ്ങൾ നമ്മുടെ അസ്തിത്വത്തെക്കുറിച്ചുള്ള ചോദ്യങ്ങളാണ്. മരുഭൂമിയെന്നത്, കേവലം മണൽപ്പരപ്പ് മാത്രമല്ല. മനുഷ്യജീവിതത്തിന്റെ ഒരു സൂചകമാണ്. നമ്മളല്പം ആലോചിച്ചാൽ തിരിയും, മരുഭൂമി വിവിധ സചേതന വസ്തുക്കളാൽ സമ്പന്നമാണെന്ന്. അത് പറുദീസയാണ്. മരു ആരാമത്തിനു വിരുദ്ധമാണ്, നഗരകേന്ദ്രീകൃതമായ ജീവിതം. മരുഭൂമി വാസ്തവത്തിൽ ഒരു ‘ഇട’മല്ല. കാരണം, ഒരു സ്ഥലമെന്നു/പട്ടണമെന്ന് നമ്മൾ വ്യവഹരിച്ചു വരുന്നവയ്ക്ക്, ചില നിബന്ധനകളുണ്ട്. അവിടെ ജല സാന്നിധ്യമുണ്ട്. വെള്ളത്തിന്റെ അഭാവമുള്ളയിടത്ത്, ജീവിതം അസാധ്യമാണ്. അതിനാൽ തന്നെ മരുഭൂമി, ഒരു നിഴൽ പ്രദേശമാണ്. അല്ലെങ്കിൽ അദൃശ്യ സ്ഥലിയാണ്.

 

ഒരു നാഗരിക സ്ഥലത്തിന് ഉണ്ടാവണമെന്നു നമ്മൾ നിശ്ചയിച്ചിരിക്കുന്ന നിബന്ധനകളൊന്നുമില്ലാത്തെ ഒരു ഇടത്തെപ്പറ്റി എങ്ങനെയാണ് നോവലെഴുതുക, വിവിധ കാണ്ഡങ്ങളുള്ള പുസ്തകങ്ങൾ രചിക്കുക. അതെഴുതാനായിരുന്നു എന്റെ ശ്രമം” മരുഭൂമിയെക്കുറിച്ചുള്ള എഴുത്തുകൾക്കുള്ള നിമിത്തമായി ഇബ്രാഹീം അൽ കൗനി ഒരിക്കൽ വിശദീകരിച്ചതാണ്. ഇബ്രാഹീം ഒരു അഭിമുഖത്തിൽ പങ്കുവെക്കുന്നു: “മോസ്കോയിലെ മാക്‌സിം ഗോർക്കി പഠന കേന്ദ്രത്തിൽ 1970-കളുടെ ആദ്യത്തിൽ ഞാൻ പഠിക്കാനെത്തുമ്പോൾ, നോവൽ എന്ന കലാരൂപം നഗരകേന്ദ്രീകൃതമായി നിലനിൽക്കണം എന്ന സങ്കല്പമായിരുന്നു എങ്ങുമുണ്ടായിരുന്നത്.

അതായത് നാഗരിക ക്രിയകളെല്ലാം നഗരത്തിലാണ് നടക്കുന്നതെന്നും, അതാണ് ആവിഷ്കരിക്കേണ്ടതെന്നും, അനാഗരികമായ മറ്റു ജീവിതങ്ങൾ നോവലുകളിൽ വരേണ്ടതില്ലെന്നുമുള്ള സിദ്ധാന്തം. എന്റെ പരിചിത ജീവിതം മരുഭൂമിയായിരുന്നുവല്ലോ. അതിനെയെങ്ങനെ സാഹിത്യത്തിലേക്ക് കൊണ്ടുവരുമെന്നതായിരുന്നു എനിക്ക് മുമ്പിലുള്ള വെല്ലുവിളി. ഞാൻ എന്നോട് തന്നെ ആരാഞ്ഞു, നോവൽ എന്നത് ഒരു നഗര കേന്ദ്രീകൃത കലയാണോ എന്ന്. ആ ചിന്തകൾ എന്നെയെത്തിച്ച ബോധ്യം, നോവലിന്റെ ഭൂമിക നഗരമല്ല, മനുഷ്യരാണ് എന്നതായിരുന്നു. അതുകൊണ്ടുതന്നെ, എവിടെയൊക്കെ മനുഷ്യന്റെ സാന്നിധ്യമുണ്ടോ, അവിടെ നോവലിനും പിറക്കാൻ കഴിയും.

മരുഭൂമി സചേതനത്വം കൊണ്ട് സമ്പന്നമാണ്. പിന്നീടുള്ള എന്റെ ഓരോ രചനകളും മരുഭൂമിയിലെ സജീവതയെ കാണിക്കുന്നവയായിരുന്നു. അത് ഉയർത്തിയ ഒരു പ്രശ്‌നം മരുഭൂമിയിലെ കാലത്തെയും സമയത്തെയും സംബന്ധിച്ചുള്ളതായിരുന്നു. മരുഭൂമി ഒരു സ്ഥലമായി നാം ഗണിക്കുമ്പോൾ നിശ്ചയമായും അവിടെ സാഹിത്യമുണ്ടാകണം. മരുഭൂമിയിലെ സമയം മിത്തിക്കൽ ആക്കാം. കാരണം മരുഭൂമി പോലെയൊരു സ്ഥലത്ത്, നഗരങ്ങളിലെ മനുഷ്യർക്ക് ഉള്ള പോലെ സമയത്തിന്റെ കെട്ടുപാടോ ജീവിത സംഘര്ഷങ്ങളോ ഇല്ല. നമ്മൾ വാസസ്ഥലം എന്നതിന് നിശ്ചയിച്ചു വെച്ചിട്ടുള്ള സംഗതികളൊന്നും മരുഭൂമിയിലില്ല. അതുകൊണ്ടു സ്വാഭാവികമായി, അവിടെ കാലം അപ്രസ്കതമാണ്. മരുഭൂമിയിലെ കാലം, അനശ്വരതയാണ്. അവിടെ ഭൂതവും വർത്തമാനവും ഭാവിയും എല്ലാം ഒരുമിച്ചുചേരുന്നു. ഇത് നമ്മെളെ ആഴമുള്ള ആലോചനകളിലേക്കു നയിക്കുന്നു.

ബദവികളുടെ ആതിഥ്യസൽക്കാരം- ചൂടുചായ

മരുഭൂമിയെന്നത് എന്നത് ഇപ്പോഴും അചുംബിത നിധിയാണ്. മരുഭൂമിയെക്കുറിച്ചുള്ള ലോകത്തിന്റെ ബോധ്യം, അത് ശൂന്യമാണ് എന്നതാണ്. അതായത് മരുഭൂമിയിൽ തളംകെട്ടിനിൽക്കുന്നത് ഇല്ലായ്മയാണ്. ആ ധാരണ തെറ്റാണ്. മരുഭൂമിയിൽ എല്ലാമുണ്ട്. അവിടെയാണ് പ്രപഞ്ചം ശുദ്ധിയിലുള്ളത്. ആ വസ്തുതയെ അഭിമുഖീകരിക്കാനും അത് കണ്ടെത്താനും, ഇറങ്ങിത്തിരിക്കുക കഠിനമായ വെല്ലുവിളിയാണ്. അതിനു പുറപ്പെടുന്നവർ, തുളഞ്ഞുകയറണം മരുഭൂമിയിലേക്ക്.

മരുഭൂമിയിലാണ് പ്രവാചകർ പലരും ഉണ്ടായത്. പ്രധാന മതങ്ങൾ രൂപപ്പെട്ടത്. അതിനെല്ലാം പറ്റുന്ന ആഴമുള്ള ആലോചനയുടെ സുകുമാര ഭൂമികയാണ് മരുഭൂമി” (ഇബ്റാഹീം അൽ കോനി ; മരുഭൂമിയുടെ കഥാകാരൻ എന്ന എം ലുഖ്മാൻ എഴുതിയ ലേഖനത്തില്‍ നിന്ന്)

ബദവികളുടെ ജീവിതമെന്താണെന്ന് മരുഭൂമിയ്ക്കുള്ളിലേയ്ക്ക് പിറ്റേന്ന് അതി കാലത്ത് നടത്തിയ യാത്രയില്‍ ഞങ്ങള്‍ക്ക് ബോധ്യമായി. റിയാദ് മമൂഷെയിലെ വിശ്രമരാത്രി അതികാലത്തവസാനിപ്പിച്ച് ഞങ്ങള്‍ മരുഭൂമിയിലെ കാര്‍ യാത്രയ്ക്കായി പുറപ്പെട്ടു. ഈ യാത്രയിലാണ് ബദവികളുടെ ക്യാമ്പുകളിലേയ്ക്കും പോയത്. ദുബൈയില്‍ വെച്ചു നടത്തിയ ഡെസെര്‍ട്ട് സഫാരിയിലെ ദുരനുഭവം ഓര്‍മ്മിച്ച്‌, ദേഹമാകെ ഇളകി മറിയും എന്നു പേടിച്ച് എന്റെ പങ്കാളി പ്രീത ഈ റൈഡിനു വരുന്നില്ലെന്നു പറഞ്ഞു. എന്നാല്‍; ദുബൈയിലും മറ്റും പതിവുള്ള ഇളക്കി മറിക്കലുകളായിരുന്നില്ല മെര്‍സൂഖയിലെ മരുഭൂമി യാത്രകള്‍. എര്‍ഗ് ചെബ്ബി എന്നാണ് സ്വര്‍ണ നിറമുള്ള മണല്‍ പരന്ന മെര്‍സൂഖയിലെ മരുഭൂ ഭാഗത്തെ വിളിക്കുന്നത്.

ഇബ്റാഹീം അൽ കോനി

അറബികളുടെ പരമ്പരാഗത വേഷങ്ങളണിഞ്ഞെത്തിയ ഡ്രൈവര്‍മാരാണ് കാറുകളില്‍ ഞങ്ങളെ മരുഭൂമിയ്ക്കുള്ളിലേക്ക് കൊണ്ടു പോയത്. അള്‍ജീരിയയുടെ അതിര്‍ത്തിയോട് തൊട്ടടുത്താണ് മെര്‍സൂഖ സ്ഥിതി ചെയ്യുന്നത്. മരുഭൂമിയിലെ സൂര്യോദയം കാണാനാണ് ആദ്യം പോയത്. കിഴക്ക് അള്‍ജീരിയയില്‍ നിന്നെന്നോണം സൂര്യന്‍ ഉദിച്ചുയരുന്നത് വിസ്മയകരമായ കാഴ്ച തന്നെയായിരുന്നു.

സൂര്യോദയം ആസ്വദിച്ചതിനു ശേഷം മരുഭൂമിയ്ക്കുള്ളിലെ മണല്‍ക്കൂനകളിലൂടെ മതിയാവുന്നത്ര നേരം ഞങ്ങള്‍ നടന്നു. അകലെ നിന്ന് നോക്കുമ്പോള്‍ ചെറുതായി തോന്നുമെങ്കിലും അടുത്തെത്തുമ്പോള്‍ വലുതാകുന്ന കുന്നുകളും കുഴികളും ആയാണ് മരുഭൂമി സ്ഥിതി ചെയ്യുന്നത്. ചിലയിടത്ത് പിടി കിട്ടിയില്ലെങ്കില്‍ വീണു പോകുകയും ചെയ്യും. കാറ്റടിക്കുമോ എന്നതും പേടിച്ചിരുന്നു. ഒന്നുമുണ്ടായില്ല. കാറ്റുകളില്‍ എല്ലാം മൂടിപ്പോകുന്നതിനെക്കുറിച്ചൊക്കെ ആലോചിച്ചപ്പോള്‍ ഭീതി തോന്നി. നമ്മള്‍ നടന്ന കാലടിപ്പാടുകളെല്ലാം പെട്ടെന്നു തന്നെ മാഞ്ഞു പോകുമെന്നറിയാമെങ്കിലും അവയെല്ലാം ഒരു ഇന്‍സ്റ്റലേഷന്‍ പോലെ മനോഹരമായിരുന്നു.

മെർസൂഖ- മരുഭൂമിയിലെ സൂര്യോദയം. കിഴക്ക് അൾജീരിയയാണ്. രാത്രി വിനോദസഞ്ചാരികൾക്ക് ഇവിടെ തമ്പടിച്ച് സൂര്യനോടൊപ്പം ഉണരുകയും ചെയ്യാം. അതിന്റെ ടെന്റുകൾ കാണാം.

ബദവികളുടെ ക്യാമ്പിലെത്തിയപ്പോള്‍, അവര്‍ ചായയും ലഘു പലഹാരങ്ങളും തന്ന് ഞങ്ങളെ സത്ക്കരിച്ചു. മൊറോക്കോയുടെ കൊടിയ്‌ക്കൊപ്പം ബദവികളുടെ കൊടിയും അടുത്തടുത്തായി കെട്ടിവെച്ചത് കണ്ടപ്പോള്‍, രാഷ്ട്രത്തിന്റെയും പൗരത്വത്തിന്റെയും ഉത്ക്കണ്ഠകള്‍ ഈ വിശാലതയ്ക്കുള്ളിലും അവരെ ബാധിക്കുന്നുണ്ടെന്നു തോന്നിച്ചു. മണലില്‍ വിരിച്ച കമ്പളങ്ങളില്‍ കുട്ടികള്‍ കിടന്നുറങ്ങുന്നു. തമ്പുകളില്‍ ചിലതില്‍ മനുഷ്യരുടെ കുടുംബങ്ങള്‍, മറ്റു ചിലതില്‍ ആടുകളുടെ പറ്റങ്ങള്‍ എന്നിങ്ങനെ മനുഷ്യരും വിശ്വസ്തരായ മൃഗങ്ങളും ചേര്‍ന്നുള്ള പാരസ്പര്യം അവിടെയും ജീവിതത്തിന്റെ അര്‍ത്ഥങ്ങള്‍ പകര്‍ന്നു നല്കി. അതിനിടയിലെവിടെയൊക്കെയോ കുഴിച്ചുണ്ടാക്കുന്ന കിണറുകളില്‍ വെള്ളമുണ്ടാകും എന്നതാണ് മറ്റൊരത്ഭുതം.

ബദവികളുടെ ആതിഥ്യ സത്ക്കാരം കഴിഞ്ഞ് ഏതാനും കിലോമീറ്ററുകള്‍ മരുഭൂമിയിലൂടെ തന്നെ സഞ്ചരിച്ച് ഞങ്ങള്‍ വലിയ ഒരു നീര്‍ത്തടാകത്തിലെത്തി. ദായെത് സ്രിജ് എന്നു പേരുള്ള ഈ തടാകത്തിലുള്ളത് ഉപ്പു വെള്ളമാണ്. ആ തടാകം, ജീവിതത്തിന്റെ സത്യങ്ങളും ആശ്വാസങ്ങളും നമ്മെ വീണ്ടും പഠിപ്പിച്ചു തന്നു.

(അടുത്ത ലക്കത്തില്‍: റാസസാത്ത് – ദൃശ്യങ്ങളും അദൃശ്യങ്ങളും)


മൊറോക്കോ യാത്രാക്കുറിപ്പുകൾ: മുൻ ലക്കങ്ങൾ വായിക്കാം ഇവിടെ.

About Author

ജി പി രാമചന്ദ്രന്‍

പ്രമുഖ ചലച്ചിത്ര നിരൂപകനായ ജി.പി. രാമചന്ദ്രൻ 2006 ലെ മികച്ച ചലച്ചിത്ര നിരൂപകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ജേതാവാണ്. 'സിനിമയും മലയാളിയുടെ ജീവിതവും', 'മലയാള സിനിമ - ദേശം, ഭാഷ, സംസ്‌ക്കാരം', 'ലോകസിനിമ കാഴ്ചയും സ്ഥലകാലങ്ങളും', എന്നിവയാണ് പ്രധാന പുസ്തകങ്ങൾ. കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്. ദേശീയ-സംസ്ഥാന ചലച്ചിത്ര-ടെലിവിഷൻ അവാർഡുനിർണയങ്ങൾക്കുള്ള ജൂറി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

0
Would love your thoughts, please comment.x
()
x