റസാസാത്ത് – ദൃശ്യങ്ങളും അദൃശ്യങ്ങളും (മൊറോക്കൻ യാത്രാകുറിപ്പുകൾ – 9)
ജി പി രാമചന്ദ്രന്
- November 24, 2026
- 1 min read
ജി.പി. രാമചന്ദ്രന്റെ മൊറോക്കോ യാത്രാക്കുറിപ്പുകള്‍ തുടരുന്നു…
മെര്സൂഖയില് നിന്ന് റസാസാത്തിലേയ്ക്കുള്ള യാത്രയും മണിക്കൂറുകള്‍ നീണ്ടതാണ്. കാലത്തു പുറപ്പെട്ടു. ഏതാനും സമയത്തിനകം റസ്സാനിയിലെത്തി.

എര്‍ഗ് ചെബ്ബി എന്നറിയപ്പെടുന്ന സഹാറ മരുഭൂമിയുമായി അടുത്തു നില്ക്കുന്ന ഒരു വാണിജ്യനഗരമാണ് റസ്സാനി. ഒട്ടകപ്പുറത്തുള്ള വാണിജ്യസവാരികള് നിലനിന്നിരുന്ന കാലത്ത് ട്രാന്‍സ് സഹാറന്‍ റൂട്ടില്‍ റസ്സാനിയുടെ പ്രാധാന്യം വളരെ കൂടുതലായിരുന്നു. സിജില്‍ മാസ എന്ന നഗരം തകര്‍ന്നതിനെ തുടര്‍ന്ന് അതിനടുത്തായി പതിനാലാം നൂറ്റാണ്ടിലാണ് റസ്സാനി രൂപം കൊള്ളുന്നത്. മരുഭൂമിയുടെ സമീപത്താണുള്ളതെങ്കിലും മരുപ്പച്ചയും നദിയും ഈ നഗരത്തിനടുത്തുണ്ടെന്നതാണ് സവിശേഷത. അതുകൊണ്ടായിരിക്കണം ഇതൊരു മനുഷ്യവാസ നഗരമായി പരിണമിച്ചതും. മരുഭൂമിയിലൂടെയുള്ള യാത്രയ്ക്കും ചരക്കു ഗതാഗതത്തിനും ഒട്ടകങ്ങളെയാണ് ആശ്രയിച്ചിരുന്നതെങ്കില്‍ ചെറിയ ദൂരങ്ങളിലേയ്ക്ക് ചരക്കു കടത്തുന്നതിന് കൂടുതലും കഴുതകളെ ആണ് മൊറോക്കോയില്‍ ഉപയോഗിക്കുന്നത്. റസ്സാനിയിലും നിറയെ കഴുതകളെ കാണാം. ആടുകളും ഇവിടെ ഇഷ്ടം പോലെ ഉണ്ട്. ഇറച്ചിയ്ക്കും തോലിനുമായി അവയെയും ഉപയോഗിക്കുന്നു.

മരുഭൂവാസികളായ ബദവികള്‍ തന്നെ നേരിട്ട് ഈത്തപ്പഴങ്ങളും മറ്റും കച്ചവടം ചെയ്യുന്നത് കാണണമെങ്കില്‍ റസ്സാനിയിലെത്തണം. കുറച്ചു സമയം വണ്ടി നിര്‍ത്തി ഞങ്ങള്‍ ഈ കച്ചവടം നോക്കി നിന്നു. നമുക്ക് സ്വാദു നോക്കാനായി അവര്‍ ഇഷ്ടം പോലെ ഈത്തപ്പഴം തരും. പഴക്കം ഒട്ടുമില്ലാത്ത ഈത്തപ്പഴങ്ങളാണിവിടെ ലഭിക്കുക. ഞങ്ങളുടെ യാത്രാസംഘത്തിലുണ്ടായിരുന്ന പലരും കിലോക്കണക്കിന് ഈത്തപ്പഴം വാങ്ങിക്കൂട്ടി. മജ്ഹൂല്‍ എന്നറിയപ്പെടുന്ന സവിശേഷമായ ഒരു തരം ഈത്തപ്പഴമാണ് റസ്സാനിയില് വില്പനയ്ക്ക് വെച്ചിരുന്നത്. ഇത് മൊറോക്കോയില്‍ പൊതുവേ ലഭ്യമായതും അറേബ്യന്‍ ഭാഗങ്ങളില്‍ ഇല്ലാത്തതുമാണ്. അതുകൊണ്ടായിരിക്കണം, സൗദി അറേബ്യയില്‍ നിന്ന് ഞങ്ങളുടെ സംഘത്തിലുണ്ടായിരുന്ന ബഷീര്‍, ശെരീഫ് എന്നിവര്‍ ഈ മജ്ഹൂല്‍ ഈത്തപ്പഴം നിറയെ വാങ്ങിയത്. വിമാനയാത്രയുടെ പൊല്ലാപ്പും, നാട്ടിലെത്തിയ ഉടനെ ഇത് ഉപയോഗിച്ചില്ലെങ്കില്‍ കേടു വരുമെന്നതിനാലും ഞാന്‍ ഒട്ടും തന്നെ വാങ്ങുകയുണ്ടായില്ല.

ഒരു കാലത്ത് ജൂതവംശജര്‍ ഇവിടെ നിറയെ ഉണ്ടായിരുന്നു. മറ്റു നഗരങ്ങളിലെന്നതു പോലെ, ഇവിടെയും ജൂതസെമിത്തേരി അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. മറാക്കിഷിലെ മെല്ലയിലാണ് ഞങ്ങള്‍ പിന്നീട് ജൂത സെമിത്തേരിയില്‍ വിശദമായ സന്ദര്‍ശനം നടത്തിയത്. മൊറോക്കോയിലെല്ലായിടത്തുമുള്ള ജൂത സെമിത്തേരികള്‍ പരമ്പരാഗത്വം കാത്തു സൂക്ഷിച്ചുകൊണ്ട് നിലനിര്‍ത്തി പരിപാലിയ്ക്കാനുള്ള തീരുമാനം എടുത്തത് മൊഹമ്മദ് ആറാമന്‍ രാജാവാണ്. ചരിത്രപരമായി വളരെ നിര്‍ണായകമായ ഒരു തീരുമാനമാണ് ഇത് എന്ന് പ്രത്യേകം എടുത്തുപറയേണ്ടതില്ലല്ലോ. മറാക്കിഷിലെ മെല്ലയിലെത്തിയ കാര്യം രേഖപ്പെടുത്തുമ്പോള്‍ അത് വിശദീകരിക്കാം. ജൂതമതത്തിലെ ആത്മീയ നേതാവായിരുന്ന ബാബ സാലി റസ്സാനിയിലാണ് ജനിച്ചത്.
നബി പരമ്പരയില്‍ പെട്ട അലവി രാജവംശമാണ് ഇപ്പോഴും മൊറോക്കോയില്‍ ഭരണാധികാരത്തിലുള്ളത്. സിറിയയില്‍ അടുത്ത കാലത്ത് പുറത്താക്കപ്പെട്ട ബഷാര്‍ അല്‍ അസദിന്റെ മതവിഭാഗമായ അലവൈറ്റ് ശിയാക്കളും ഈ അലവി വിഭാഗവും രണ്ടും രണ്ടാണ്. മൊറോക്കോയിലെ അലവി രാജവംശത്തിന്റെ ജന്മദേശം കൂടിയാണ് റസ്സാനി. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ നടക്കുന്ന റസ്സാനിയിലെ ചന്ത ഇപ്പോഴും വളരെ പ്രസിദ്ധമാണ്. കച്ചവടക്കാരുടെ സംഘങ്ങള്‍ക്ക് തങ്ങുന്നതിനു വേണ്ടി നിര്‍മ്മിച്ചിട്ടുള്ള സത്രങ്ങളുള്ള കോട്ടകള്‍ റസ്സാനിയിലുണ്ട്.

ഇവരില്‍ നിന്ന് ചുങ്കവും നികുതിയും പിരിച്ചെടുത്ത് സമ്പന്നരായവരും ഇവിടെയുണ്ടെന്ന് ലുഖ്മാന് പറഞ്ഞു. മണ്ണും വൈക്കോലും മരവും ഉപയോഗിച്ചാണ് ഇവിടത്തെ കോട്ടകള്‍ പണിതിട്ടുള്ളത്. നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും കാര്യമായ കേടില്ലാതെ അവ നിലനില്ക്കുന്നു. റസാസാത്തില് നിന്നുള്ള യാത്ര തുടരവെ, ഐത്ത് ബെന്‍ ഹദ്ദോവിലെ ഗംഭീരമായ കോട്ട ഞങ്ങള്‍ വിശദമായി തന്നെ നടന്നു കാണുകയുണ്ടായി. അതിന്റെ വിശേഷങ്ങള്‍ ഈ അദ്ധ്യായത്തിന്റെ അവസാനമുണ്ട്.
റസ്സാത്തില് നിന്നുള്ള യാത്രയില്‍ ഞങ്ങളടുത്തതായി എത്തിയത് തോദ്ര ജോര്‍ജ് എന്ന നയനാനന്ദകരമായ ഒരു മരുപ്പച്ചയിലാണ്. തോദ്ര നദി കടന്നു പോകുന്ന വഴിയില്‍ രണ്ടു ഭാഗത്തും വളരെ ഉയരത്തില്‍ പ്രകൃതി തന്നെ രൂപപ്പെടുത്തിയ പാറച്ചുമരുകള് ഇരുവശത്തുമുള്ള ഒരു മലയിടുക്കാണിത്. ഇവിടെ കുത്തനെയുള്ള പാറയുടെ ഉയരം ഏതാണ് നാനൂറു മീറ്ററിലധികം ഉണ്ട്. മലകയറ്റം പരിശീലിക്കുന്നവരെയും ഇവിടെ കാണാന്‍ കഴിഞ്ഞു.

വൈകുന്നേരത്തോടെ ഞങ്ങള്‍ റസാസാത്തിലെത്തി. അവിടെയാണ് അന്ന് രാത്രി താമസിച്ചത്. വളരെ ജനവാസം കുറഞ്ഞ ഒരു നഗരമായിട്ടാണ് റസാസാത്ത് അനുഭവപ്പെട്ടത്. ശബ്ദമില്ലാത്തത് എന്നാണ് റസാസാത്ത് എന്ന പദത്തിന്റെ അര്‍ത്ഥം. അമാസിഗ് പ്രയോഗമാണിത്. അറ്റ്ലസ് സ്റ്റുഡിയോ എന്നു പേരുള്ള ഒരു പടുകൂറ്റന്‍ ഫിലിം സ്റ്റുഡിയോ ഇവിടെ ഉണ്ട്. ലിറ്റില്‍ ഹോളിവുഡ് എന്നും അറിയപ്പെടുന്ന ഈ സ്റ്റുഡിയോ ഞങ്ങള്‍ റസാസാത്തിലെത്തിയതിന്റെ പിറ്റേന്ന് വിശദമായി സന്ദര്‍ശിച്ചു.

റസാസാത്തില് ഇബിസ് ഗ്രൂപ്പിന്റെ ഹോട്ടലിലാണ് ഞങ്ങള്‍ തങ്ങിയത്. മറാക്കിഷിലും മറ്റു നഗരങ്ങളിലുമെല്ലാം ഇബിസ് ഗ്രൂപ്പിന്റെ ഹോട്ടലുകളുണ്ട്. ബഡ്ജറ്റ് ഹോട്ടല്‍ ശ്രേണിയിലുള്ള ഈ ഹോട്ടലുകളില്‍ അത്യാവശ്യം എല്ലാ സൗകര്യങ്ങളുമുണ്ടാവും, എന്നാല്‍ വലിയ ആര്ഭാടങ്ങളുണ്ടാവുകയുമില്ല. പ്രഭാത ഭക്ഷണം വേണമെങ്കില്‍ പ്രത്യേകം പറയണം. ഇവരുടെ വൈഫൈ പാസ് വേഡ് എല്ലായിടത്തും ഒന്നാണ്. അതുകൊണ്ട് ഒരു നഗരം വിട്ട് മറ്റൊരു നഗരത്തിലെത്തിയാല്‍ അവിടെ ഇബിസ് ഗ്രൂപ്പ് ഹോട്ടലിലാണ് താമസം എങ്കില്‍ ആ ഹോട്ടലിലെത്തിയതും നമ്മുടെ ഫോണ്‍ തന്നത്താന്‍ വൈഫൈ കണക്ട് ആയിട്ടുണ്ടാവും.
റസാസാത്തില് എത്തിയ ദിവസത്തിന്റെ പിറ്റേന്ന് കാലത്ത് ഞാനൊറ്റയ്ക്ക് ഒരു പ്രഭാത സവാരിയ്ക്കിറങ്ങി. റോഡുകളില്‍ ആളുകള്‍ തീരെ ഉണ്ടായിരുന്നില്ല. കടകളൊന്നും തന്നെ തുറന്നിരുന്നുമില്ല. കുറെ നടന്നപ്പോള്‍ ഒരു കച്ചവടക്കാരി അവരുടെ ചെറിയ ഭക്ഷണ ശാല തുറന്നിരിക്കുന്നതു കണ്ടു. അവിടെ നിന്ന് മൊറോക്കന്‍ ചായ കുടിച്ചു. മൊറോക്കന്‍ റൊട്ടിയും അവര്‍ തയ്യാര്‍ ചെയ്യുന്നുണ്ടായിരുന്നു. വളരെ ഹൃദ്യമായ പെരുമാറ്റമാണ്. സര് കമാണ്ടെ എന്നായിരുന്നു ആ ഭക്ഷണശാലയുടെ പേര്.
റസാസാത്ത് പ്രഭാത നടത്തക്കാഴ്ചകൾ – വിജനമായ തെരുവും ചായക്കടയും
മണ്ണിന്റെ നിറമുള്ള ചുമരുകളാണ് മിക്കവാറും എല്ലാ കെട്ടിടങ്ങള്‍ക്കും. ഞങ്ങള്‍ താമസിച്ച ഇബിസ് ഹോട്ടലും അതു പോലെ തന്നെ. ഐത്ത് ബെന്‍ ഹദ്ദോവിലെ കസബ (കോട്ട)യുടെ ശൈലി തന്നെയാണിതിനൊക്കെയും. കാലത്ത് നടക്കുന്നതിനിടെ, വഴിയില്‍ കണ്ട കടകളുടെയും മറ്റ് സ്ഥാപനങ്ങളുടെയുമെല്ലാം ഫോട്ടോകള്‍ കുറെ എടുത്തു. അലയന്‍സ് ഫ്രാങ്കെ എന്ന ഫ്രഞ്ച് സര്‍ക്കാരിന്റെ സാംസ്ക്കാരിക കേന്ദ്രം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. പോണ്ടിച്ചേരിയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന അലയന്‍സ് ഫ്രാങ്കെയില് ചലച്ചിത്ര പ്രദര്‍ശനങ്ങള്‍ക്കും മറ്റും പലപ്പോഴും ഞാന്‍ പോയിട്ടുള്ളത് ഓര്‍മ്മ വന്നു. തദ്ദേശീയ സര്ക്കാരിന്റെയാണെന്നു തോന്നുന്നു മറ്റൊരു സാംസ്ക്കാരിക കോംപ്ലക്സും വഴിയില്‍ കണ്ടു. അതിരാവിലെയായിരുന്നതു കൊണ്ട് ഒന്നും തുറന്നിരുന്നില്ല.
മാര്ജാനെ എന്ന പേരിലുള്ള ഡിപ്പാര്‍ട്മെന്റ് സ്റ്റോറുകള്‍ റസാസാത്തിലും മറാക്കിഷിലും മിക്കവാറും മൊറോക്കന്‍ നഗരങ്ങളിലുമുണ്ട്. ഡിപ്പാര്‍ട്മെന്റ് സ്റ്റോറില്‍ ഒരു പ്രത്യേക ആവശ്യത്തിന് പോവുകയുണ്ടായി. കാര്യം നടന്നില്ല, എന്താണതെന്ന് വഴിയെ എഴുതാം. എന്നാല്‍ ആ കാര്യം നടക്കാത്തത് നന്നായി എന്ന് മടക്കയാത്രയില്‍ ബോധ്യപ്പെടുകയും ചെയ്തു.
റസാസാത്തിലെ ഇബിസ് ഹോട്ടൽ, റസാസാത്ത്-കോം പ്ലക്സ് കൾച്ചറൽ, മാർജാനെ മാർക്കറ്റ്,
റസാസാത്ത് ഹോട്ടലില്‍ നിന്ന് ചെക്കൗട്ട് ചെയ്തതിനു ശേഷം ഞങ്ങള്‍ പോയത് അറ്റ്ലസ് സ്റ്റുഡിയോവിലേയ്ക്കാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോകളിലൊന്നാണ് അറ്റ്ലസ് സ്റ്റുഡിയോ. 1983ല്‍ സ്ഥാപിച്ച ഈ സ്റ്റുഡിയോവില്‍ ലോകപ്രശസ്തമായ നിരവധി ഹോളിവുഡ് സിനിമകളും സീരീസുകളും മറ്റ് ഭാഷാ ചിത്രങ്ങളും ചിത്രീകരിച്ചിട്ടുണ്ട്. പരന്നു വ്യാപിച്ചു കിടക്കുന്ന മരുഭൂമിയോട് തൊട്ടാണ് അറ്റ്ലസ് സ്റ്റുഡിയോ സ്ഥാപിച്ചിട്ടുള്ളത്. പര്‍വതങ്ങളും അടുത്തുണ്ട്. ജനവാസം തീരെയില്ലെന്നു പറയാവുന്ന തരത്തില്‍ കുറവുമാണ്. മരുഭൂമിയും പര്‍വതങ്ങളും പശ്ചാത്തലമായി വരുന്ന സിനിമകള്‍ക്കു പുറമെ, ഏതു തരം സെറ്റിടാനും ഇഷ്ടം പോലെ സ്ഥലം ഒഴിഞ്ഞു കിടക്കുന്നുണ്ടെന്നതാണ് ഇവിടത്തെ പ്രത്യേകത. ലക്സറിലും മറ്റും കണ്ടതു പോലുള്ള ഈജിപ്ഷ്യന്‍ ക്ഷേത്രങ്ങള്‍, റോമന്‍ തെരുവുകള്‍, ടിബറ്റന്‍ ആശ്രമങ്ങള്‍, മധ്യകാല നഗരങ്ങള്‍ എന്നിവയൊക്കെ പല സിനിമകളിലും വന്നത് ഇവിടത്തെ സെറ്റുകളിലാണ്. ആ സെറ്റുകളില്‍ കുറെയെണ്ണം ഇപ്പോഴും ഇവിടെ കേടു കൂടാതെ നിലനിര്‍ത്തിയിട്ടുണ്ട്.
റിഡ്ലി സ്കോട്ട് അദ്ദേഹത്തിന്റെ ഗ്ലാഡിയേറ്റര്‍, കിംഗ്ഡം ഓഫ് ഹെവന്‍, ബോഡി ഓഫ് ലൈസ്, പ്രൊമിത്യൂസ്, എക്സോഡസ്, ഗ്ലാഡിയേറ്റര്‍ 2 എന്നീ സിനിമകളെല്ലാം ചിത്രീകരിച്ചത് അറ്റ്ലസ് സ്റ്റുഡിയോവിലാണ്. മമ്മി, പാഷന് ഓഫ് ക്രൈസ്റ്റ്, ഗെയിം ഓഫ് ത്രോണ്‍സ്, എന്നിവയും ഇവിടെ ചിത്രീകരിച്ചതു തന്നെ. അലെക്സാണ്ടര്‍, ക്ലിയോപാട്ര തുടങ്ങിയ നെറ്റ്ഫ്ളിക്സ് സീരീസുകളും ഇവിടെയാണ് ചിത്രീകരിച്ചത്.
ജെവല്‍ ഓഫ് ദ് നൈലില്‍ ഉപയോഗിച്ച വിമാന രൂപം ആണ് സ്റ്റുഡിയോയ്ക്കുള്ളില്‍ പ്രവേശിച്ച ഉടനെ നാം കാണുക. പല സിനിമകളിലുപയോഗിച്ച സൈനിക ക്യാമ്പുകള്‍, വിമാനം നിര്‍ത്തിയിടുന്ന ഗരാഷുകള്‍, ബറ്റാലിയനുകളെ കൊണ്ടു പോകുന്ന ബസ്സുകള്‍, സിനഗോഗുകള്‍, കൃത്രിമ കുതിരകള്‍ എന്നിവയെല്ലാം ഉണ്ട്. പരമ്പരാഗതമായി കെട്ടിയുണ്ടാക്കിയ ഒരു ടെന്റിനുള്ളിലെത്തിയാല് മൊറോക്കന്‍ വേഷം ധരിച്ച സുന്ദരി നമ്മോടൊത്ത് ഫോട്ടോയ്ക്ക് പോസ് ചെയ്യും. വിവിധ സിനിമകളില്‍ എക്സ്ട്ര ആയി അഭിനയിച്ച മറ്റൊരു നടനെയും ഇവിടെ കണ്ടുമുട്ടി. ആ സിനിമകളുടെയൊക്കെ ലൊക്കേഷന്‍ പാസുകള്‍ അയാളുടെ കൈവശമുണ്ട്.

2016ലിറങ്ങിയ ബെന്ഹര് ഇവിടെയാണ് ചിത്രീകരിച്ചത്. 1959ലെ ബെന്ഹര് ആണ് വാസ്തവത്തില്‍ ചരിത്രം സൃഷ്ടിച്ച സിനിമ. പതിനൊന്ന് അക്കാദമി അവാര്‍ഡുകള്‍ നേടിയ ഈ ബെന്‍ഹറില്‍ മുഖ്യവേഷം ചെയ്തത് ചാള്ട്ടണ് ഹെസ്റ്റണാണ്. ലോകമെമ്പാടും പല തവണ ഈ ബെന്ഹര് റി റിലീസ് ചെയ്തിരുന്നു. അത്തരമൊരു റി റിലീസില്‍ എറണാകുളം ഷേണായീസിന്റെ വിസ്താരമ പ്രൊജക്ഷനില്‍ ബെന്ഹര് കണ്ടത്, ഇവിടത്തെ ബെന്ഹര് സെറ്റിലെത്തിയപ്പോള്‍ ഓര്‍മ്മ വന്നു. ഞാന്‍ ഷേണായീസില്‍ നിന്ന് ബെന്ഹര് കാണുമ്പോള്‍, ഡോള്‍ബി സൗണ്ട് സിസ്റ്റങ്ങളൊന്നും നിലവില്‍ വന്നിട്ടുണ്ടായിരുന്നില്ല. സ്റ്റീരിയോഫോണിക് സൗണ്ട് സിസ്റ്റമാണെന്നു തോന്നുന്നു ഷേണായീസിലുണ്ടായിരുന്നത്. ബെന്‍ഹറില്‍ ഒരു നാണയം നിലത്തു വീഴുന്ന രംഗത്തില്‍ നമ്മുടെ സീറ്റിന്റെ തൊട്ടു താഴെയായി അത് വന്നു വീഴുന്ന ശബ്ദം നാം കേള്‍ക്കും. അന്നത്തെ നിലയ്ക്ക് അമ്പരപ്പുണ്ടാക്കിയ അനുഭവമായിരുന്നു അത്. അതെല്ലാം ഓര്‍മ്മയിലേക്ക് കുതിച്ചെത്തി.

മിഷണ്‍ ക്ലിയോപാട്ര, ദലൈലാമയുടെ പിന്‍ഗാമികളുടെ കഥ പറയുന്ന കുന്തുന് എന്നിവയും ഇവിടെ ചിത്രീകരിച്ചതാണ്. ഹൈദരാബാദിലെ രാമോജി റാവ് ഫിലിം സിറ്റിയിലും സിങ്കപ്പൂരിലെ ഡിസ്നി സ്റ്റുഡിയോവിലും എല്ലാം പോയ അനുഭവം തന്നെയാണ് അറ്റ്ലസ് സ്റ്റുഡിയോവിലെത്തിയപ്പോഴും ഉണ്ടായത്. സിനിമയുടെ മായികമായ ചലനാവേഗത്തില് നാം മതിമറന്നിരിക്കുന്ന പല ദൃശ്യങ്ങളും ഇത്തരത്തില്‍ സെറ്റിട്ടാണ് എടുത്തത് എന്ന് നേരില്‍ മനസ്സിലാക്കുമ്പോള്‍, നാം മനസ്സില്‍ കെട്ടിപ്പൊക്കിയുണ്ടാക്കിയ മാഹാത്മ്യത്തില്‍ സ്വല്പം ഇടിവു തട്ടിയതു പോലെയാണ് വാസ്തവത്തില്‍ തോന്നുക.
എന്നാല്‍, ഐത്ത് ബെന്‍ ഹദ്ദോ എന്ന കോട്ടയിലെത്തിയപ്പോള്‍ ഈ തോന്നല്‍ മാറി മറിഞ്ഞു. വിസ്മയകരമായ ഒരു മണ് കോട്ടയാണ് ഐത്ത് ബെന്‍ ഹദ്ദോ. ആലിബാബ, ലോറന്‍സ് ഓഫ് അറേബ്യ, ജീസസ് ഓഫ് നസറേത്ത്, സോളമന് ആന്റ് ഷെബ, കുന്തുന്, സാംസണ് ആന്റ് ഡെലിലാ, ഇന്ത്യാനാ ജോണ്‍സ് 3, ദ് ഗാര്ഡന് ഓഫ് ഈദന്‍, ക്ലിയോപാട്ര, ദ് മമ്മി, ഗ്ലാഡിയേറ്റര്‍, കിംഗ്ഡം ഓഫ് ഹെവന്‍, പ്രിന്‍സ് ഓഫ് പേര്‍സ്യ, ദ് ബൈബിള്‍, ഗെയിം ഓഫ് ത്രോണ്‍സ്, ക്യൂന്‍ ഓപ് ദ് ഡെസെര്‍ട്, അലെക്സാണ്ടര്‍ തുടങ്ങി ക്രിസ്റ്റഫര്‍ നോളന്റെ ദ് ഒഡീസി വരെ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.

കളിമണ്ണ്, വെട്ടിയെടുത്ത കല്ല്, ഉപ്പുകട്ടകള്‍, വൈക്കോലും മറ്റ് ഉണക്കിയ പുല്ലുകളും, മരപ്പലകകളും തടികളും എന്നിവ കൊണ്ടാണ് ക്സാര്‍ അഥവാ ഇഘ്രെം എന്നു വിളിക്കപ്പെടുന്ന ഇത്തരം കോട്ടകള്‍ കെട്ടിയുണ്ടാക്കുന്നത്. മൊറോക്കോയ്ക്കു പുറമെ ടുണീഷ്യ, അള്‍ജീരിയ, ലിബിയ, മൗറിത്താനിയ, എന്നിവിടങ്ങളിലെല്ലാം ഇത്തരം കോട്ടകളുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും മനോഹരമായത് ഐത്ത് ബെന്‍ ഹദ്ദോ തന്നെ. ഇത് യുനെസ്കോ ഹെറിറ്റേജ് സൈറ്റാണ്. നിരവധി വീടുകള്‍ പല ഉയരത്തിലും പടികളാലും ഇടവഴികളാലും വേര്‍പെടുത്തിയും പരസ്പരം ചേര്‍ന്നുമാണ് പണിതിട്ടുള്ളത്. ഈ കോട്ടയ്ക്കകത്ത് ഇപ്പോള്‍ അധികം ആളുകള്‍ താമസിക്കുന്നതായി തോന്നിയില്ല. പലരും പുറത്തേയ്ക്ക് താമസം മാറ്റി. എന്നാല്‍, ആര്‍ക്കൈവല്‍ പ്രാധാന്യം പരിഗണിച്ച് നല്ല രീതിയില്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.
പാലം കടന്ന് കോട്ടയുടെ ഒരു വശത്തുള്ള ഇടുങ്ങിയ വഴിയിലൂടെ നാം അകത്തേക്ക് നടക്കുമ്പോള്‍, ഇരു വശങ്ങളിലും നിരവധി ചിത്രകാരരുടെയും ശില്പികളുടെയും കലാസൃഷ്ടികള്‍ നിറച്ചിരിക്കുകയാണ്. ബിനാലെകളിലെ ഇന്സ്റ്റലേഷനുകളിലെത്തിയ പ്രതീതിയാണ് എനിക്ക് തോന്നിയത്. കുറെ ദൂരം കോട്ടയ്ക്കകത്തെ വഴികളിലൂടെ നടന്ന് ഞങ്ങള്‍ പുഴയിലൂടെ നടന്ന് കോട്ടയിലേയ്ക്ക് കയറുന്ന വഴിയിലെത്തി. ഇവിടെയാണ് കുതിരപ്പുറത്ത് കയറി, കോട്ടയുടെ ചില ഭാഗങ്ങളിലൂടെ നടക്കാനുള്ള ഏര്‍പ്പാടുള്ളത്. ഒട്ടക സവാരി വേണ്ടെന്നു വെച്ചതു പോലെ ഈ കുതിര സവാരിയ്ക്കും ഞാന്‍ മുതിര്‍ന്നില്ല.

മൊറോക്കന്‍ വാസ്തുവിദ്യാ മികവിന്റെ ഏറ്റവും മികച്ച അടയാളം തന്നെയാണ് ഐത്ത് ബെന്‍ ഹദ്ദോ. ചെറുതും വലുതുമായി നിരവധി വീടുകളും മറ്റു കെട്ടിടങ്ങളുമാണ് ഈ കോട്ടയ്ക്കകത്തുള്ളത്. ചിലതിനെല്ലാം ഗോപുരസമാനമായ എടുപ്പുകളുണ്ട്. അല്ലാത്ത ചിലത് പതുങ്ങി ഇവയ്ക്കിടയില്‍ ഒളിച്ചു നില്ക്കുന്നു. അകത്തെത്തിയാല്‍ പക്ഷെ, പലതിലും പല മട്ടാണ്. ചില മുറികള്‍ കടകളായും ഭക്ഷണശാലകളായും വികസിപ്പിച്ചിട്ടുണ്ട്. ചിലതെല്ലാം ഒഴിഞ്ഞു കിടക്കുന്നു. സുഡാനില്‍ നിന്ന് മറാക്കിഷിലേയ്ക്കുള്ള സഹാറന്‍ വാണിജ്യ പാതയിലെ സുപ്രധാനമായ ഒരിടത്താവളമായിരുന്നു ഈ കോട്ട. വീടുകള്‍ക്കു പുറമെ, പള്ളിയും ചത്വരവും ധാന്യങ്ങള്‍ മെതിക്കാനുള്ള സ്ഥലവും മുസ്ലിം ജൂത സെമിത്തേരികളും സിദ്ദി അലിയുടെ മഖ്ബറയുമെല്ലാം ഇവിടെയുണ്ട്.

(അടുത്ത ലക്കത്തില്‍ : മറാക്കിഷ് – മായിക നഗരത്തിലെ ഉന്മാദരാത്രികള്‍)
മൊറോക്കോ യാത്രാക്കുറിപ്പുകൾ: മുൻ ലക്കങ്ങൾ വായിക്കാം ഇവിടെ.











