ഗോവയില്‍ അമ്പത്തിയേഴാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ (IFFI) ഉദ്ഘാടന ചിത്രമായി ഉണ്ടായിരുന്നത്, പൊളിഷ് സംവിധായകന്, പാവെൽ പാവ്ലിക്കോവ്സ്കിയുടെ (Paweł Pawlikowski) ‘ഫാദർലാൻഡ്’ (Fatherland) എന്ന ചിത്രമായിരുന്നു. ഈ ചിത്രത്തിന് 2026-ലെ കാന്‍ ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുള്ള പുരസ്കാരം നേരത്തേ ലഭിച്ചിട്ടുളളതാണ്. അതുപോലെ ഓസ്കാറിനുളള പോളിഷ് എന്‍ട്രിയായും ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
വിശാലമായ അര്‍ഥത്തില്‍, യുദ്ധാനന്തര യൂറോപ്പിന്റെ ഭൂപടത്തിൽ, കീറിമുറിക്കപ്പെട്ട ഒരു ജനതയുടെ ആത്മാവിനെയാണ് എൺപത്തിരണ്ട് മിനിറ്റുളള ഈ ബ്ലാക്ക്&വൈറ്റ് സിനിമ അഴിച്ചെടുക്കാനോ വിശകലനം ചെയ്യാനോ ശ്രമിക്കുന്നത്. തോമസ് മാൻ (Thomas Mann) എന്ന നോബൽ സമ്മാനജേതാവായ പ്രമുഖ ജർമ്മൻ എഴുത്തുകാരനിലൂടെയും മകൾ എറിക്കയിലൂടെയും (Erika) ആണ് പ്രധാനമായും ഈ ബയോപിക് ചിത്രം മുന്നേറുന്നത്. 1949-ലെ ജർമ്മനിയിലൂടെ സഞ്ചരിക്കുന്ന ഈ ‘റോഡ് മൂവി’, ഒരര്‍ഥത്തില്‍, ചരിത്രത്തിന്റെ ചാരക്കൂമ്പാരത്തില്‍ നിന്ന് സാഹിത്യവും രാഷ്ട്രീയവും മനുഷ്യത്വവും തമ്മിലുള്ള ഉരച്ചിലുകളും സംഘര്‍ഷങ്ങളും വായിച്ചെടുക്കുക കൂടിയാണ്. സാൻഡ്ര ഹുള്ളർ (Sandra Hüller) എറിക്കയായും ഹാൻസ് സിഷ്ലർ (Hanns Zischler) തോമസ് മാനായും വേഷമിടുന്ന ചിത്രം, ആദ്യം സൂചിപ്പിച്ചതുപോലെ, കാൻ ചലച്ചിത്രമേളയിലെ മികച്ച സംവിധാനത്തിനുള്ള പുരസ്കാരത്തിന് പിന്നാലെയാണ് ഗോവയില്‍, ഇന്ത്യൻ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയത്. ഒരു ഉന്നത സംസ്കാരത്തിന്, സ്വന്തം മണ്ണിൽ തന്നെ തിരിച്ച് ഭീകരതയുടെ മുഖംമൂടി അണിയാനും കഴിയുമെന്ന തിരിച്ചറിവാണ്, സ്വന്തം പ്രവാസത്തേക്കാൾ വലിയ മുറിവ് എന്ന ബോധ്യം, തോമസ് മാനെ ചിത്രത്തില്‍ ഏറെ അലട്ടുന്നുണ്ട്..! അഥവാ ആ മുറിവിന്റെ അളവുകോലായി മാറുകകൂടിയാണ് ഈ ചിത്രം എന്നും പറയാം.
പ്രവാസിയുടെ മാതൃദേശം
ഫ്രാങ്ക്ഫർട്ടിൽ ഗയ്ഥെ പുരസ്കാരം (Goethe Prize) സ്വീകരിക്കാൻ എത്തുന്ന വേളയിൽ ഒരു മാധ്യമപ്രവർത്തകൻ ചോദിക്കുന്ന ലളിതമായ ചോദ്യം, നിങ്ങളുടെ വീട് എവിടെയാണ് എന്ന ലളിതമായ ചോദ്യം, പക്ഷേ, അമേരിക്കൻ പൗരത്വവും കാലിഫോർണിയയില്‍ വീടും സ്വന്തമാക്കിയ എഴുപത്തിനാലുകാരനായ തോമസ് മാന്റെ മുന്നിൽ ആ ചോദ്യം ഒരു രാഷ്ട്രീയ സംഘര്ഷമായിത്തന്നെ മാറുന്നു. നാസി ജർമ്മനിയിൽ നിന്ന് പലായനം ചെയ്ത് പതിനാറ് വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹം തിരികെ വരുന്നത്. ഭാഷയും പാരമ്പര്യവും തന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണെങ്കിലും, ആ ഭാഷയെയും പാരമ്പര്യത്തെയും ആകെ ഫാസിസവും വംശഹത്യയും കയ്യടാക്കിയതിന്റെ ലജ്ജ അയാളെ എഴുത്തുകാരനെ വേട്ടയാടുക കൂടിയാണ്. ‘ഹൈമത്ത്’ (Heimat – Home or Homeland) എന്ന ജർമ്മൻ പദത്തിന്റെ ആഴം ഇവിടെയാണ് സിനിമ തുറന്നു കാട്ടുന്നത്. കേവലം ഭൂമിശാസ്ത്രപരമായ അതിരുകളല്ല ‘ഹൈമത്ത്’ എന്നും അത് ഓർമ്മകളുടെയും സാംസ്കാരിക ശീലങ്ങളുടെയും ആന്തരിക ഭൂപടം കൂടിയാണെന്നും സിനിമ സൗമ്യമായി എന്നാല്‍ ശക്തമായി പറഞ്ഞുവെക്കുന്നു. അമേരിക്കയിൽ സുരക്ഷിതനായി ജീവിക്കുമ്പോഴും, ജർമ്മനിയിലെ തകർന്ന നഗരങ്ങളും വിഭജിക്കപ്പെട്ട രാഷ്ട്രീയ ചേരികളും തോമസ് മാന്റെ ഉള്ളിലെ കുറ്റബോധത്തെ തൊട്ടുണർത്തുന്നത് അതിനാലാണ്.

അമേരിക്കൻ അധീനതയിലുള്ള ഫ്രാങ്ക്ഫർട്ടിൽ നിന്ന് (രണ്ടാം ലോകയുദ്ധത്തിനു ശേഷം അമേരിക്കന്‍ സോണ്‍ ഓഫ് ഒക്യുപേഷനു കീഴിലായിരുന്നു. ഫ്രാങ്ക്ഫര്‍ട്ട്) സോവിയറ്റ് സ്വാധീനമുള്ള വെയ്മറിലേക്ക് (Weimar) യാത്ര ചെയ്യുമ്പോൾ, രണ്ട് വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളുടെ ഇടനാഴിയിലൂടെയാണ് ആ കഥാപാത്രങ്ങൾ നീങ്ങുന്നത് എന്നു കാണാം. വിഭജിക്കപ്പെട്ട ലോകത്തിന്റെ ഈ ചിത്രം വർത്തമാനകാലത്തെ കൂടി അഭിസംബോധന ചെയ്യുന്നുണ്ടെന്ന് പറയാം. അതിരുകളും വിദ്വേഷങ്ങളും കനത്തുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത്, ‘അതിർത്തികളില്ലാത്ത കഥകൾ’ എന്ന ഐ.എഫ്.എഫ്.ഐ. (IFFI) തീമിനോട്, ഈ സിനിമ ചേർന്നുനിൽക്കുന്നതില്‍ അതിശയമില്ല. എഴുത്തുകാരൻ എപ്പോഴും ഒരു രാജ്യത്തിന്റെ പൗരനായല്ല പകരം മനുഷ്യാവസ്ഥയുടെ സാക്ഷിയായാണ് നിലകൊള്ളുന്നത് എന്ന സത്യവും ഈ ചിത്രത്തിന്റെ ഫ്രെയിമുകളില്‍ തെളിയുന്നു. വെയ്മറില്‍ ഫോട്ടോ എടുക്കുമ്പോൾ, നിൽക്കുന്നവരുടെ സ്ഥാനങ്ങൾ മാറ്റുന്ന ഒരു രംഗമുണ്ട്. ഗൊയ്ഥെയുടെ പ്രതിമയ്ക്ക് തൊട്ടടുത്ത്, പ്രത്യേകിച്ച് ഇടതുഭാഗത്തേക്ക് തോമസ് മാനിനെ നിർത്തുന്നതിലൂടെ, ആ സാംസ്കാരിക പാരമ്പര്യത്തിന്റെ നേരിട്ടുള്ള ‘അവകാശി’ തോമസ് മാനാണെന്ന ദൃശ്യസന്ദേശം കൂടിയാണ് സോവിയറ്റ് ഉദ്യോഗസ്ഥർ നൽകിയത് എന്ന് തീര്‍ച്ചയായും തോന്നി.
പിതാവും പുത്രനും
തോമസ് മാന്റെ സാഹിത്യജീവിതം മുഴുവൻ കലാകാരന്റെ ധാർമ്മികതയും കലയിലെ അപകടങ്ങളും തമ്മിലുള്ള സംഘർഷങ്ങളായിരുന്നു എന്ന് നേരത്തേ നീരീക്ഷിക്കപ്പെട്ടിട്ടുണ്ട്. 1947-ൽ പുറത്തിറങ്ങിയ ‘ഡോക്ടർ ഫൗസ്റ്റസ്’ (Doktor Faustus) എന്ന നോവലിൽ സംഗീതജ്ഞനായ അഡ്രിയാൻ ലെവർകൂണിലൂടെ (Adrian Leverkühn) തോമസ് മാൻ വരച്ചുകാട്ടിയത്, കലാപരമായ ഉന്നതിക്ക് വേണ്ടി തന്റെ ആത്മാവ് പണയം വയ്ക്കുന്ന ജർമ്മൻ ബുദ്ധിജീവിയുടെ ദുരന്തമായിരുന്നു. സിനിമയില്‍- ‘ഫാദർലാൻഡിൽ’ മാൻ സ്വയം ആ ചോദ്യത്തിന് മുന്നിൽ വിചാരണ ചെയ്യപ്പെടുന്നു–കലയും മനുഷ്യത്വവും ഒരേ ശരീരത്തില്‍-മനുഷ്യനില്‍ നിലനിൽക്കുമോ, അതോ കലയുടെ പേരിൽ മനുഷ്യത്വം ബലികഴിക്കപ്പെടുമോ? തന്റെ മകൻ ക്ലോസ് മാന്റെ (Klaus Mann) ജീവിതവും ഈ സിനിമയിൽ ഒരു നിഴലായി അദ്ദേഹത്തിന് ഒപ്പമുണ്ട്. ‘മെഫിസ്റ്റോ’ (Mephisto) എന്ന നോവലിലൂടെ നാസി ഭരണകൂടത്തോട് ഒത്തുചേർന്ന കലാകാരന്റെ വേഷപ്പകർച്ച തുറന്നുകാട്ടിയ ക്ലോസ് മാന്‍, സ്വന്തം ജീവിതത്തിൽ തകർച്ചയുടെയും ഏകാന്തതയുടെയും ആഴങ്ങളിലേക്ക് പതിക്കുന്നു. പ്രഭാതത്തിന് തൊട്ടുമുമ്പുള്ള ഒറ്റ ഷോട്ടിൽ ക്ലോസിന്റെ നഗ്നമായ ശരീരവും നിരാശയും കാണിച്ച് സിനിമ തുടങ്ങുമ്പോൾ, ആ തലമുറയുടെ ആന്തരിക തകർച്ചയുടെ കൃത്യമായ സൂചന കൂടിയാണ് സംവിധായകന് ലക്ഷ്യമാക്കുന്നത്. മകനെക്കുറിച്ചുള്ള ദുരന്തവാർത്ത എത്തുമ്പോഴും തന്റെ പ്രഭാഷണയാത്രയും പൊതുജീവിതവും തുടരാൻ തോമസ് മാൻ കാണിക്കുന്ന കാർക്കശ്യം, കലാകാരന്റെ കർത്തവ്യബോധവും ഒരു പിതാവിന്റെ നിസ്സഹായതയും തമ്മിലുള്ള തീവ്ര വൈരുധ്യം കൂടി വെളിപ്പെടുത്തുന്നുണ്ട്.

ഒരു കലാകാരന്റെ ഏറ്റവും വലിയ പരീക്ഷണം അവൻ എഴുതുന്ന വാക്കുകളിലല്ല, മറിച്ച് ഭീകരതയുടെ കാലത്ത് അവൻ സ്വീകരിക്കുന്ന നിശ്ശബ്ദതയിലോ അല്ലെങ്കില്‍ ഉച്ചരിക്കുന്ന ശബ്ദത്തിലോ ആണ് എന്ന ചിന്ത തോമസ് മാനെ വേട്ടയാടുന്ന ഘട്ടം കൂടിയാകണം അത്. തോമസ് മാന്റെ ‘ഡെത്ത് ഇൻ വെനീസ്’ മുതൽ ‘ദി മാജിക് മൗണ്ടൻ’ വരെയുള്ള കൃതികളിൽ കാണുന്ന രോഗാതുരമായ സൗന്ദര്യബോധവും ചരിത്രത്തിന്റെ തകർച്ചയും, പാവ്ലിക്കോവ്സ്കിയുടെ ദൃശ്യഭാഷയിൽ പുനർജനിക്കുന്നതായി കണക്കാക്കാം. വാർദ്ധക്യത്തിന്റെ അവശതകളും ചരിത്രത്തിന്റെ ഭാരവും പേറുന്ന തോമസ് മാൻ, ഒരു ഇതിഹാസനായകനായല്ല തകർന്നൊരു കാലത്തിന് സാക്ഷ്യം വഹിച്ച മനുഷ്യനാണ് പ്രത്യക്ഷപ്പെടുന്നതെന്ന് സാരം.
തോമസ് മാന്റെ വെയ്മർ യാത്ര
യഥാർത്ഥ ജർമ്മൻ സംസ്കാരത്തിന്റെ പ്രതീകമായാണ്, യോഹാൻ വുൾഫ്ഗാങ് വോൺ ഗയ്ഥെ (Johann Wolfgang von Goethe) ഈ സിനിമയിൽ കടന്നുവരുന്നത്. ഫ്രാങ്ക്ഫർട്ടിൽ ഗയ്ഥെ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം, ഗയ്ഥെയുടെ യഥാര്‍ഥ ഓർമ്മകൾ തുടിക്കുന്ന വെയ്മറിലേക്ക് നടത്തുന്ന യാത്ര, മാനെ സംബന്ധിച്ച് ഒരു തീർത്ഥാടനം പോലെയാണ്. എന്നാൽ നാസികൾ തങ്ങളുടെ പ്രചാരണത്തിന് ഗയ്ഥെയുടെയും മറ്റ് ക്ലാസിക്കൽ പാരമ്പര്യങ്ങളുടെയും ബിംബങ്ങൾ ഉപയോഗിച്ച ചരിത്രമുള്ളതിനാൽ, മാന്റെ വെയ്മർ യാത്രയും നിഷ്കളങ്കമാകണമെന്നില്ല, അതില്‍ കൃത്യമായ ഒരു നാസിസ്റ്റ് വിരുദ്ധ രാഷട്രീയം ഉണ്ടായിരുന്നിരിക്കാം. ഗയ്ഥെയുടെ ‘ഫൗസ്റ്റ്’ (Faust) നാടകത്തിലെ മെഫിസ്റ്റോഫെലിസും, മാന്റെ ‘ഡോക്ടർ ഫൗസ്റ്റസിനും ഇടയിലുളള സാംസ്കാരിക കണ്ണികൾ ഇവിടെ കൂടുതല്‍ മുറുകുന്നതായി കരുതാം.

ഗയ്ഥെയുടെ കാലത്ത് ജർമ്മനി ലോകസാഹിത്യത്തിന്റെയും മാനവികതയുടെയും കേന്ദ്രമായിരുന്നെങ്കിൽ, പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യവും ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയും പിന്നിടുമ്പോൾ ആ മാനവികത എങ്ങനെ തകർന്നുപോയി എന്ന അന്വേഷണമാണ് ഒരര്‍ഥത്തില്‍ ഈ യാത്ര. ഗയ്ഥെയുടെ സുവർണ്ണകാലവും ഹിറ്റ്ലറുടെ ഇരുണ്ട കാലവും തമ്മിലുള്ള അന്തരം പ്രേക്ഷകന്റെ മുന്നിൽ ഒരു കണ്ണാടി പോലെ നിൽക്കുന്നു. ‘Divide and rule, the politicians say; unite and lead, the wise men say’ എന്ന ഗെഥെയുടെ തന്നെ വാക്യം ഇവിടെ കൂടുതല്‍ പ്രസക്തമാകുന്നു. രാഷ്ട്രീയ വിഭജനങ്ങളുടെ മധ്യത്തിലൂടെ സഞ്ചരിക്കുമ്പോൾ, ജ്ഞാനവും ഐക്യവും തേടുന്ന ഗയ്ഥെയുടെ ദർശനം ഒരു ഓർമ്മപ്പെടുത്തലായി മാറുന്നു. എന്നാൽ വെറും ഗൃഹാതുരത്വത്തിൽ കുടുങ്ങിക്കിടക്കാൻ സിനിമ തയ്യാറാകുന്നില്ല. കാരണം ഗയ്ഥെയുടെ പേരിൽ പോലും അധികാര രാഷ്ട്രീയം കളിക്കുന്നവരെയാണ് വെയ്മറിലും ഫ്രാങ്ക്ഫർട്ടിലും കാണുന്നത് എന്ന് ചിത്രം തുറന്നു കാട്ടുക കൂടിയാണ്.

ഓര്‍മയുടെ വെളുപ്പും മറവിയുടെ കറുപ്പും
‘ഇഡ’ (Ida), ‘കോൾഡ് വാർ’ (Cold War) എന്നീ ചിത്രങ്ങൾക്ക് ശേഷം പാവ്ലിക്കോവ്സ്കി പൂർത്തിയാക്കുന്ന ചരിത്ര ത്രയത്തിലെ മൂന്നാമത്തെ ചിത്രമാണ് ‘ഫാദർലാൻഡ്’. വാർസോയിൽ ജനിച്ച, ഓഷ്വിറ്റ്സിൽ മുത്തശ്ശിയെ നഷ്ടപ്പെട്ട, പ്രവാസത്തിന്റെ വേദനയറിഞ്ഞ ഒരു സംവിധായകനു മാത്രമേ ഈ അവസ്ഥ ഇത്രത്തോളം ആഴത്തിൽ അനുഭവിക്കാൻ കഴിയൂ എന്ന നിരീക്ഷണം പ്രത്യേകം ഓര്‍ക്കുന്നു.

അതിലോലമായ വൈകാരികതയും കർശനമായ ദൃശ്യക്രമവും അദ്ദേഹം ഇവിടെ സമന്വയിപ്പിക്കുന്നു. കറുപ്പ്-വെളുപ്പ് ഛായാഗ്രഹണം ഇവിടെ ഒരു അലങ്കാരമല്ലെന്നും ഭൂതകാലത്തിന്റെ ധാർമ്മിക ഭാരമാണെന്നും തിരിച്ചറിയാൻ പ്രയാസമില്ല. ബഹളമയമായ വർത്തമാനകാലത്ത് നിന്ന് വ്യത്യസ്തമായി, ശാന്തമായ ആഖ്യാനവും സംഭാഷണങ്ങളുടെ കനംകുറഞ്ഞ മൂർച്ചയുമാണ് ചിത്രത്തിന്റെ കരുത്തായി മാറുന്നത് എന്ന് തോന്നുകയുണ്ടായി. അതുപോലെ, സാൻഡ്ര ഹുള്ളർ അവതരിപ്പിക്കുന്ന എരിക മാൻ, പിതാവിന്റെ നിഴലിൽ ഒതുങ്ങിനിൽക്കുന്ന കഥാപാത്രമല്ലെന്ന് എളുപ്പം മനസ്സിലാകുന്നുണ്ട്. കൃത്യമായ രാഷ്ട്രീയ ബോധ്യങ്ങളും മൂർച്ചയുള്ള നർമ്മവും ഉള്ള സ്ത്രീയായാണ് അവര്‍ നിലകൊള്ളുന്നത്. അവളുടെ നോട്ടങ്ങളിലും സംഭാഷണങ്ങളിലും ചരിത്രത്തോടുള്ള വിമർശനാത്മക സമീപനം തെളിഞ്ഞുകാണാം. ‘All theory, dear friend, is grey, but the golden tree of life is green’ എന്ന (സിദ്ധാന്തങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും ചാരനിറത്തേക്കാൾ, മനുഷ്യജീവിതത്തിന്റെ പച്ചപ്പാണ് പ്രധാനമെന്ന) ഗയ്ഥെയുടെ വാക്കുകൾ, പാവ്ലിക്കോവ്സ്കിയുടെ ക്ലൈമാക്സ് രംഗത്തോട് ചേർത്തുവായിക്കാം. തോമസ് മാന്റെ മടക്കയാത്രയിൽ, ജീര്‍ണ്ണിച്ച പള്ളിയുടെ അവശിഷ്ടങ്ങൾക്കിടയിൽ, തകർന്ന ഓർഗനിൽ നിന്ന് ജര്‍മന്‍ സംഗീതജ്ഞന് ബാക്കിന്റെ (Johann Sebastian Bach) സംഗീതം ഒഴുകിയെത്തുമ്പോൾ തോമസ് മാൻ കണ്ണീരണിയുകയും എറിക്ക മാന്‍ അദ്ദേഹത്തിന്റെ കൈ ചേർത്തുപിടിക്കുകയും ചെയ്യുന്നുണ്ട്. ഇല്ലാതായതെല്ലാം ഇപ്പോഴും നമ്മുടെ ചുറ്റുമുള്ള വായുവിൽ നിറഞ്ഞുനിൽക്കുന്നുണ്ടെന്ന തിരിച്ചറിവാണോ ആ രംഗം നൽകുന്നത്..?! ‘ഫാദർലാൻഡ്’ എന്ന ചിത്രം കാണുമ്പോൾ, യുദ്ധവും വിഭജനവും എങ്ങനെയാണ് ഒരു കുടുംബത്തെയും ഒരു സംസ്കാരത്തെയും തകർക്കുന്നത് എന്ന് നാം കാണുന്നു. തോമസ് മാൻ എന്ന വലിയ എഴുത്തുകാരൻ പോലും ചരിത്രത്തിന്റെ ചുഴിയിൽ നിസ്സഹായനായി നിൽക്കുമ്പോൾ, സാഹിത്യത്തിന് ലോകത്തെ എത്രത്തോളം മാറ്റാൻ കഴിയുമെന്ന ചോദ്യവും ഉയരുന്നുണ്ട്. കലയുടെ മഹത്വം കൊണ്ടോ ബുദ്ധിജീവിയുടെ അറിവ് കൊണ്ടോ മാത്രം മനുഷ്യന്റെ ക്രൂരതയെ തടയാനാവില്ല എന്ന കയ്പേറിയ സത്യം സിനിമ തുറന്നുപറയുന്നു. എൺപത്തിരണ്ട് മിനിറ്റ് മാത്രം ദൈർഘ്യമുള്ള ‘ഫാദർലാൻഡ്’ അതിന്റെ മിതത്വം കൊണ്ടാണ് പ്രേക്ഷകനെ പിടിച്ചിരുത്തുന്നത്. അമിതനാടകീയതകളില്ലാതെ, ഒരു യാത്രയുടെ താളത്തിൽ സഞ്ചരിക്കുന്ന ഈ ചിത്രം, IFFIയുടെ തുടക്ക ചിത്രമായത് നന്നായി എന്നും തോന്നുകയുണ്ടായി. തോമസ് മാനും ഗയ്ഥെയും പാവ്ലിക്കോവ്സ്കിയും ഒത്തുചേരുന്ന ഈ ദൃശ്യലോകം, ഓർമ്മകളും മറവികളും തമ്മിലുള്ള നിരന്തര സമരം കൂടിയായാണ് പ്രത്യക്ഷമാകുന്നത്. ഇരുണ്ട കാലഘട്ടങ്ങളിലാണ് കണ്ണ് കാഴ്ച കാണാൻ തുടങ്ങുന്നത് എന്ന കവിതാ ശകലം പോലെ (തിയോഡര്‍ റോത്ക), തകർച്ചയുടെയും വിഭജനത്തിന്റെയും ഇരുട്ടിൽ നിന്നുകൊണ്ട് മനുഷ്യത്വത്തിന്റെയും കലയുടെയും വെളിച്ചം തേടുകയാണ് ‘ഫാദർലാൻഡ്’ എന്ന ചിത്രം എന്ന് പറയാം. ജർമ്മനിയുടെ ഭൂതകാലത്തിലൂടെയുള്ള ഈ യാത്ര, ആ അര്‍ഥത്തില്‍ നമ്മുടെ വർത്തമാനകാലത്തോടുള്ള കലയുടെ (Art) ഒരു ചോദ്യം കൂടിയായി എണ്ണാം; നാം എവിടെയാണ് നില്‍ക്കുന്നത്, എങ്ങോട്ടാണ് പോകുന്നത്?
ആലോകന’ത്തിലെ ആഴക്കാഴ്ചകൾ. രഘുനാഥൻ പറളിയുടെ മറ്റ് ലേഖനങ്ങളിലേക്ക് പ്രവേശിക്കാൻ, ഇവിടെ ക്ലിക്ക് ചെയ്യുക






Fatherland is more than a story of a father and daughter returning to their homeland; it is a powerful reflection on war, political divisions, exile, identity and the burden of history. Paweł Pawlikowski uses the journey of Thomas Mann and Erika Mann through a divided Germany to remind us that the wounds of war and ideological conflicts extend far beyond borders. Cinema at its best does not merely tell stories; it challenges us to confront history, question divisions and rediscover our shared humanity. A fitting opening film for IFFI’s theme, Stories Without Borders.
Thanks for your words.. 😊🥰🌿