പുഴകളിലും തണ്ണീർത്തടങ്ങളിലും ഉത്സവ മാലിന്യം നിക്ഷേപിക്കുന്നത് തടയണമെന്ന് സാമൂഹിക – സാംസ്കാരിക പ്രവർത്തകർ
മതാചാരങ്ങളുടെയും ഉത്സവങ്ങളുടെയും പേരിൽ പുഴകളിലും തണ്ണീർത്തടങ്ങളിലും വിഗ്രഹങ്ങളും മാലിന്യങ്ങളും നിക്ഷേപിക്കുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി സതീശനോട് ആവശ്യപ്പെട്ട് പ്രമുഖ സാംസ്കാരിക പ്രവർത്തകർ .

പുഴകളും തണ്ണീർത്തടങ്ങളും പ്രകൃതിവിഭവങ്ങൾ മാത്രമല്ലെന്നും ജനങ്ങളുടെ ജീവജലസ്രോതസ്സുകളും സാംസ്കാരിക സമ്പത്തുമാണെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു. നിരവധി ഗ്രാമങ്ങളിലെ കുടിവെള്ള പദ്ധതികൾ പുഴകളെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നതെന്നും വരും തലമുറയുടെ ജീവിതം നിലനിർത്തുന്നതിനും ഇവയുടെ സംരക്ഷണം അനിവാര്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.
പൊതുജലസ്രോതസ്സുകൾ മലിനമാക്കുന്നതിനെതിരെ നിയമങ്ങൾ നിലവിലുണ്ടെങ്കിലും മതാചാരങ്ങളുടെയും ഉത്സവങ്ങളുടെയും പേരിൽ പുഴകളിലും തണ്ണീർത്തടങ്ങളിലും വൻതോതിൽ വിഗ്രഹങ്ങളും മാലിന്യങ്ങളും നിക്ഷേപിക്കുന്നതായി പ്രസ്താവനയിൽ ആരോപിച്ചു. കുടിവെള്ളക്ഷാമം നേരിടുന്ന കേരളത്തിൽ ഇത്തരം മലിനീകരണം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും അവർ പറഞ്ഞു.
പാലക്കാട് ഗിരിധരൻ രാമനാഥപുരം നടത്തിയ ഒറ്റയാൾ സമരവും പ്രസ്താവനയിൽ പരാമർശിച്ചിട്ടുണ്ട്. നിലവിലുള്ള നിയമങ്ങൾ ഫലപ്രദമായി നടപ്പാക്കണമെന്നും മതോത്സവങ്ങളുടെ പേരിൽ പുഴകളിലും തണ്ണീർത്തടങ്ങളിലും വൻതോതിൽ മാലിന്യം നിക്ഷേപിക്കുന്നത് നിരോധിക്കണമെന്നും സാംസ്കാരിക പ്രവർത്തകർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

കുരീപ്പുഴ ശ്രീകുമാർ, കെ. സച്ചിദാനന്ദൻ, സതീഷ് കൊയിലത്ത് ,ഡോക്ടർ എസ് .ഫൈസി തുടങ്ങിയവർ പ്രസ്താവനയിൽ ഒപ്പുവച്ചു.





