A Unique Multilingual Media Platform

AI Articles GenZ Protest

അനലോഗ് വിപ്ലവം: ഡിജിറ്റൽ യുഗത്തിൽ ആശയവിനിമയവും രാഷ്ട്രീയവും ജെൻ സീ തിരുത്തിയെഴുതുന്നത് എങ്ങനെ

  • August 5, 2026
  • 1 min read
അനലോഗ് വിപ്ലവം: ഡിജിറ്റൽ യുഗത്തിൽ ആശയവിനിമയവും രാഷ്ട്രീയവും ജെൻ സീ തിരുത്തിയെഴുതുന്നത് എങ്ങനെ

ജനിച്ചുവീണതുമുതൽ വൈഫൈ റൂട്ടറുകളുടെയും അൽഗോരിതങ്ങളുടെയും ലോകത്ത് ജീവിക്കുന്ന ഇന്നത്തെ ജെൻ സീ തലമുറയ്ക്ക് (Gen Z) ഡിജിറ്റൽ ലോകം ഒരു പുതുമയല്ല, അതവരുടെ ജീവിതത്തിന്റെ ഒരു ഭാഗമാണ്. എന്നാൽ സ്മാർട്ട്‌ഫോണുകളിൽ എപ്പോഴും മുഖം പൂഴ്ത്തിയിരിക്കുന്ന ഈ തലമുറക്കിടയിൽ ഇന്ന് വലിയൊരു സാംസ്കാരിക മാറ്റം സംഭവിക്കുകയാണ്. അവരിൽ ഗണ്യമായ ഒരു വിഭാഗം ഡിജിറ്റൽ മടുപ്പ് എന്ന പ്രതിഭാസത്തിന്റെ പിടിയിലാവുകയാണ്. “എ ഐ സ്ലോപ്പ് ബേൺഔട്ട്” (AI slop burnout) എന്ന് സാങ്കേതിക ഭാഷയിൽ പറയുന്ന ഈ പ്രതിഭാസം ചില പുതിയ ചിന്തകൾക്കും വഴി വെച്ചിരിക്കുന്നു.

ആശയവിനിമയം വളരെ എളുപ്പവും വേഗത്തിലുമായ ഈ കാലത്ത്, ആ വേഗത്തെ തടയുകയോ പിടിച്ചു കെട്ടുകയോ ചെയ്യുന്ന ഒരു ‘അനലോഗ് വിപ്ലവമാണ് ഈ പുതിയ ചിന്തകളുടെ ഒരു രൂപം . സാധാരണ തപാൽ സംവിധാനങ്ങളെയും കത്തെഴുത്തിനെയും തിരികെ കൊണ്ടുവന്ന് പോസ്റ്റ് ഓഫീസുകളെ പുതിയ സാംസ്കാരിക കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ഇവർ. പേനയും കടലാസും ഉപയോഗിക്കുന്നതാണ് സ്വന്തം ശബ്ദം മറ്റുള്ളവരെ കേൾപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗമെന്ന് സ്ഥാപിക്കാൻ അവർ ശ്രമിക്കുന്നു.

ഈ മാറ്റം മനസ്സിലാക്കണമെങ്കിൽ ഡിജിറ്റൽ ലോകം ഉണ്ടാക്കിയ മടുപ്പിനെക്കുറിച്ച് ആദ്യം അറിയണം. എഡിറ്റ് ചെയ്ത ചിത്രങ്ങളും, യാന്ത്രികമായ മറുപടികളും, നിരന്തരമുള്ള മെസ്സേജുകളുമാണ് ഇന്ന് നമ്മൾ കാണുന്നത്.

വാട്സാപ്പും ജിമെയിലും ആശയവിനിമയം എളുപ്പമാക്കിയെങ്കിലും അതിലെ വൈകാരികത നഷ്ടപ്പെടുത്തി. ഒരു മെസ്സേജ് ടൈപ്പ് ചെയ്ത് നിമിഷങ്ങൾക്കകം അത് വായിക്കപ്പെടുമ്പോൾ, ആ വാക്കുകൾക്ക് യാതൊരു വിലയുമില്ലാതാകുന്നു.

ഇത് മറികടക്കാൻ കൂടുതൽ സമയവും ശ്രദ്ധയും നൽകേണ്ട അനുഭവങ്ങളിലേക്ക് യുവതലമുറ തിരിയുന്നു. പാട്ടുകൾ മുഴുവനായി ആസ്വദിക്കാൻ പഴയ റെക്കോർഡ് പ്ലെയറുകൾ തേടിപ്പോകുന്നവരും, 4K സ്മാർട്ട്ഫോൺ ക്യാമറകൾക്ക് പകരം പഴയ ഡിജിറ്റൽ ക്യാമറകൾ വാങ്ങുന്നവരുമെല്ലാം ഇതിന്റെ ഉദാഹരണങ്ങളാണ്. ഈ മാറ്റങ്ങളിൽ ഏറ്റവും മനോഹരമായത് ‘കത്തെഴുത്തിന്റെ തിരിച്ചുവരവാണ്’ (letter-writing renaissance). 2026-ൽ ഈ മാറ്റം വലിയ തരംഗമാകുമെന്ന് ആഗോള ട്രെൻഡ് നിരീക്ഷകർ നേരത്തെ തന്നെ പ്രവചിച്ചിരുന്നു.

ലെറ്റർ ക്ലബ്ബുകളും ക്യാമ്പസ് ഹബ്ബുകളും

ബാങ്ക് സ്റ്റേറ്റ്‌മെന്റുകളോ ബില്ലുകളോ വരാൻ വേണ്ടി മാത്രം ഉപയോഗിച്ചിരുന്ന പോസ്റ്റ് ബോക്സുകളിലേക്ക് ഇന്ന് കത്തുകൾ വന്ന് തുടങ്ങിയിരിക്കുന്നു. ഇതിനായി “സ്നെയിൽ മെയിൽ ക്ലബ്ബുകൾ” (Snail Mail Clubs) തന്നെ ഇന്ന് രൂപപ്പെട്ടിട്ടുണ്ട്. മാസം 300 മുതൽ 500 രൂപ വരെ വരിസംഖ്യ നൽകിയാൽ മനോഹരമായ കത്തുകൾ നിങ്ങളെ തേടിയെത്തും.

കാലിഗ്രാഫി, ആർട്ട് പ്രിന്റുകൾ, സ്റ്റിക്കറുകൾ തുടങ്ങിയവ അടങ്ങിയ ഈ കത്തുകൾ ഒരുപാട് സന്തോഷമാണ് അവർക്ക് നൽകുന്നത്. പഴയ കാലത്തോടുള്ള നൊസ്റ്റാൾജിയ എന്നതിലുപരി, ഡിജിറ്റൽ ലോകത്തെ ഈ അനലോഗ് അനുഭവം അവർക്ക് വലിയൊരു പുതുമയാണ്. ചാറ്റ് ബോക്സുകളിൽ മാഞ്ഞുപോകുന്ന മെസ്സേജുകൾക്ക് പകരം, നേരിട്ട് സ്പർശിച്ചറിയാവുന്ന ഒരു കത്ത് കയ്യിൽ കിട്ടുന്നത് വലിയൊരു അനുഭവമാണ് അവർക്ക് നൽകുന്നത്.

ഡൽഹി സർവകലാശാലയിലെ പുതിയ ജെൻ-സീ (Gen-Z) പോസ്റ്റ് ഓഫീസ്.

ഇന്ത്യ പോസ്റ്റും ഈ മാറ്റം തിരിച്ചറിഞ്ഞിട്ടുണ്ട്. 2026 ജനുവരിയോടെ ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ള 46 പോസ്റ്റ് ഓഫീസുകൾ നവീകരിക്കാനുള്ള പദ്ധതി അവർ ആരംഭിച്ചു. ഐഐടി-ഡൽഹിയിലെ മാതൃക പിന്തുടർന്ന് ഡൽഹി സർവകലാശാലയിൽ (DU) ആരംഭിച്ച “ജെൻ സീ പോസ്റ്റ് ഓഫീസ്” ഇതിനൊരു മികച്ച ഉദാഹരണമാണ്. ഫൈൻ ആർട്സ് വിദ്യാർത്ഥികൾ വരച്ച ചുവർചിത്രങ്ങൾ, സൗജന്യ വൈഫൈ, സുഖപ്രദമായ സോഫകൾ, പുസ്തകങ്ങൾ എന്നിവയോടൊപ്പം തന്നെ ക്യൂ ആർ കോഡ് വഴിയുള്ള പാഴ്സൽ ബുക്കിംഗും ഡിജിറ്റൽ പെയ്‌മെന്റും ഇവിടെ ലഭ്യമാണ്. ചുരുക്കത്തിൽ, പോസ്റ്റ് ഓഫീസുകൾ ഇന്ന് വെറുമൊരു സർക്കാർ സ്ഥാപനം എന്നതിലുപരി യുവജനങ്ങളുടെ പുതിയ ഒത്തുചേരൽ കേന്ദ്രങ്ങളായി മാറിയിരിക്കുന്നു.

50 പൈസയുടെ പ്രതിഷേധം: സ്പർശിച്ചറിയാവുന്ന ആക്ടിവിസം

കത്തെഴുത്ത് വെറുമൊരു കൗതുകം മാത്രമല്ല, അതൊരു വലിയ രാഷ്ട്രീയ ആയുധം കൂടിയാണെന്ന് ജെൻ സീ തെളിയിക്കുകയാണ്. സോഷ്യൽ മീഡിയയിലെ ക്ലിക്കുകളിൽ ഒതുങ്ങുന്ന പ്രതിഷേധങ്ങൾക്കപ്പുറം, ഒരു പോസ്റ്റ് കാർഡ് എന്നത് കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റുന്ന ഒന്നാണ്. കൂടാതെ, ഇമെയിലുകളെപ്പോലെ അതിനെ എളുപ്പത്തിൽ അവഗണിക്കാനാവുകയുമില്ല.

2026 മെയ് മാസത്തിൽ ഇന്ത്യയിൽ നടന്ന ഒരു സംഭവം ഇതിന് വ്യക്തമായ ഉദാഹരണമാണ്. വ്യാജ ബിരുദങ്ങൾ ഉപയോഗിച്ച് ജോലിയിൽ പ്രവേശിച്ചവരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് “പരാദങ്ങൾ” എന്നും “പാറ്റകൾ” എന്നും വിമർശിച്ചിരുന്നു. എന്നാൽ അദ്ദേഹം രാജ്യത്തെ തൊഴിലില്ലാത്ത ചെറുപ്പക്കാരെ മുഴുവൻ പാറ്റകളോട് ഉപമിച്ചു എന്ന തരത്തിൽ മാധ്യമങ്ങളിൽ വാർത്തകൾ വളച്ചൊടിക്കപ്പെട്ടു. താൻ അങ്ങനെ ഉദ്ദേശിച്ചിട്ടില്ലെന്നും, യുവാക്കൾ ഈ രാജ്യത്തിന്റെ നെടുംതൂണുകളാണെന്നും അദ്ദേഹം പിന്നീട് വ്യക്തമാക്കിയെങ്കിലും, അതിനുമുമ്പ് തന്നെ വലിയൊരു പ്രതിഷേധവും നേരിട്ടിരുന്നു.

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനു അയച്ച പാറ്റകളുടെ ചിത്രമുള്ള 50 പൈസയുടെ പോസ്റ്റ്കാർഡുകൾ.

വെറുതെ ഒരു ഹാഷ്‌ടാഗ് ഉണ്ടാക്കുന്നതിന് പകരം, യുവാക്കൾ പോസ്റ്റ് ഓഫീസുകളിലേക്കാണ് പോയത്. വെറും 50 പൈസയ്ക്ക് ലഭിക്കുന്ന പോസ്റ്റ് കാർഡുകളിൽ പാറ്റയുടെ ചിത്രം അച്ചടിച്ച്, “നന്ദി” (Thank you) എന്ന് മാത്രം എഴുതി ആയിരക്കണക്കിന് പോസ്റ്റ് കാർഡുകളാണ് അവർ ചീഫ് ജസ്റ്റിസിന് സുപ്രീം കോടതിയിലേക്ക് അയച്ചത്. ഡിജിറ്റൽ ലോകത്തിന് പുറത്ത് നടന്ന വളരെ ശക്തമായൊരു പ്രതിഷേധമായി അതിനെ വിലയിരുത്തുന്നവരുമുണ്ട്.

രാഷ്ട്രീയപ്രതികരണവും കൃത്രിമ ഭാഷാപ്രയോഗങ്ങളും

ഈ പ്രതിഷേധത്തെ പരിഹസിച്ചുകൊണ്ട് വിമർശകർ ഇതിനെ “കോക്ക്രോച്ച് ജനതാ പാർട്ടി” എന്ന് വിളിച്ചു. സോഷ്യൽ മീഡിയയിൽ എളുപ്പത്തിൽ സെൻസർ ചെയ്യാൻ കഴിയാത്ത ഈ വേറിട്ട പ്രതിഷേധം രാഷ്ട്രീയ നേതാക്കളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ഇതോടെ ജനശ്രദ്ധ തിരിക്കാനും യുവാക്കളെ സ്വാധീനിക്കാനും രാഷ്ട്രീയ പാർട്ടികൾ ജെൻ സീ ഉപയോഗിക്കുന്ന വാക്കുകൾ (slang) തങ്ങളുടെ പ്രചാരണങ്ങളിൽ കുത്തിത്തിരുകാൻ തുടങ്ങി.

“മോദിജി ക്ലോക്ക്ഡ് ഇറ്റ്”, “ഫുൾ പൊളിറ്റിക്കൽ ഫോമോ” തുടങ്ങിയ വാക്കുകൾ അനാവശ്യമായി രാഷ്ട്രീയ പ്രചാരണങ്ങളിൽ കടന്നുവന്നു. “ബ്രോ, നീ ജന്തർ മന്തറിൽ പോയോ?” എന്നൊക്കെയുള്ള പരസ്യങ്ങൾ യുവാക്കളെ ആകർഷിക്കുന്നതിന് പകരം വലിയ അരോചകമായാണ് അവർക്ക് അനുഭവപ്പെട്ടത്. യുവാക്കളുടെ യഥാർത്ഥ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിന് പകരം, അവരുടെ ഭാഷ മാത്രം അനുകരിക്കാൻ ശ്രമിക്കുന്നത് ഭരണകൂടത്തിനും ജനങ്ങൾക്കുമിടയിലുള്ള അകൽച്ചയെയാണ് കാണിക്കുന്നത്.

യാഥാർത്ഥ്യങ്ങളെ മറച്ചുവെക്കാനുള്ള ശ്രമങ്ങൾ

യുവാക്കളുടെ സംസ്കാരത്തെ കൂട്ടുപിടിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ, യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനായി പ്രതിപക്ഷ സംസ്ഥാനങ്ങളെ ലക്ഷ്യം വെക്കാൻ അവർ തീരുമാനിച്ചു എന്നുമുള്ള വാദങ്ങളും വിവിധഭാഗങ്ങളിൽ നിന്ന് ഉയർന്നുവന്നിരുന്നു. ഇതിന്റെ ഭാഗമായി പഞ്ചാബിലെ വിദ്യാഭ്യാസ മേഖലയിൽ “ചോദ്യപേപ്പർ ചോർച്ച” ആരോപിച്ച് പലരും രാജിക്കായി മുറവിളിയും കൂട്ടിയിരുന്നു. എന്നാൽ വസ്തുതകൾ പരിശോധിച്ചാൽ ഈ ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ഒന്നാമതായി, വ്യാപകമായൊരു ചോദ്യപേപ്പർ ചോർച്ച അവിടെ നടന്നിട്ടില്ല എന്നും സാങ്കേതികവിദ്യ ഉപയോഗിച്ച് നടന്ന ചെറിയൊരു കോപ്പിയടി ശ്രമം മാത്രമാണെന്നും, അധികൃതർ തന്നെ അത് പെട്ടെന്ന് കണ്ടുപിടിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു. രണ്ടാമതായി, കേന്ദ്ര സർക്കാർ ഏജൻസികൾ തന്നെ പുറത്തുവിട്ട കണക്കുകൾ പ്രകാരം പഞ്ചാബിലെ വിദ്യാഭ്യാസ മേഖല വളരെ മികച്ച നിലയിലാണ്:

വിലയിരുത്തൽ / അളവുകോൽ

ഉറവിടം ദേശീയ തലത്തിൽ പഞ്ചാബിന്റെ സ്ഥാനം

PARAKH രാഷ്ട്രീയ സർവേക്ഷൻ

NCERT / കേന്ദ്ര സർക്കാർ

3, 9 ക്ലാസുകളിൽ ഒന്നാം സ്ഥാനം; 6-ാം ക്ലാസിൽ രണ്ടാം സ്ഥാനം (കേരളത്തിന് പിന്നിൽ)

പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സ് (PGI)

വിദ്യാഭ്യാസ മന്ത്രാലയം

സ്കൂൾ വിദ്യാഭ്യാസത്തിൽ ദേശീയ തലത്തിൽ ഒന്നാം സ്ഥാനം

കമ്പ്യൂട്ടർ സൗകര്യങ്ങൾ

നീതി ആയോഗ് പോർട്ടൽ

99% സർക്കാർ സ്കൂളുകളിലും കമ്പ്യൂട്ടർ സൗകര്യം ലഭ്യമാണ്

സ്മാർട്ട് ക്ലാസ്സ്റൂമുകൾ

നീതി ആയോഗ് പോർട്ടൽ

സംസ്ഥാനത്തെ 80 ശതമാനത്തിലധികം സ്കൂളുകളിലും സ്മാർട്ട് ക്ലാസ്സ്റൂമുകൾ

അധ്യാപക പരിശീലനം സംസ്ഥാന സർക്കാർ

ഫിൻലാൻഡ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളുമായി സഹകരിച്ചുള്ള അന്താരാഷ്ട്ര പരിശീലന പദ്ധതികൾ

നീതി ആയോഗിന്റെ പോർട്ടലിൽ ലഭ്യമായ ഈ കണക്കുകൾ കേന്ദ്ര സർക്കാരിന്റെ തന്നെ വിലയിരുത്തലുകളാണ്. ഈ യാഥാർത്ഥ്യങ്ങൾ മറച്ചുവെച്ചുകൊണ്ട്, ചെറിയൊരു കോപ്പിയടിയുടെ പേരിൽ രാജി ആവശ്യപ്പെടുന്നത് യുവാക്കളുടെ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള രാഷ്ട്രീയ തന്ത്രം മാത്രമാകാമെന്നുള്ള വിലയിരുത്തലുകളുമുണ്ട്.

വാക്കുകളുടെ മൂല്യം വീണ്ടെടുക്കുമ്പോൾ

ജെൻ സീ-ന്റെ ആശയവിനിമയത്തിലെ ഈ മാറ്റം ഒരിക്കലും ഒരു പിന്നോട്ടടിയല്ല; മറിച്ച് കൃത്യമായൊരു തിരിച്ചറിവാണ്. വേഗത്തിലുള്ള മെസ്സേജുകളുടെ മടുപ്പിൽ നിന്നും കത്തെഴുത്തിന്റെ ശാന്തതയിലേക്ക് മാറുമ്പോൾ, ആശയവിനിമയം എങ്ങനെ, എപ്പോൾ നടത്തണം എന്ന പൂർണ്ണ നിയന്ത്രണം ഒരർത്ഥത്തിൽ അവർ ഏറ്റെടുക്കുകയാണെന്നു വരാം.


എ ഐ നൽകുന്ന മടുപ്പകറ്റാൻ കത്തുകൾക്കായി ക്ലബ്ബുകളിൽ ചേരുന്നതായാലും, പോസ്റ്റ് ഓഫീസുകളിൽ ഒത്തുകൂടുന്നതായാലും, 50 പൈസയുടെ പോസ്റ്റ് കാർഡ് വഴി ഭരണകൂടത്തോട് പ്രതിഷേധിക്കുന്നതായാലും, ഈ യുവതലമുറ വളരെ വലിയൊരു സന്ദേശമാണ് നൽകുന്നത് എന്നുവേണം കരുതാൻ.


അൽഗോരിതങ്ങളും പലവിധത്തിലുള്ള രാഷ്ട്രീയ പ്രചാരണങ്ങളും തന്ത്രങ്ങളും നിറഞ്ഞുനിൽക്കുന്ന ഈ കാലത്തും, കടലാസിൽ പതിയുന്ന മഷിയുടെ കരുത്തിനെ വെല്ലാൻ മറ്റൊന്നിനുമാവില്ല എന്ന് അവർ തെളിയിക്കുകയാണ്.

About Author

കീർത്തന

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

0
Would love your thoughts, please comment.x
()
x