A Unique Multilingual Media Platform

Articles Economy National Society

വൻ പ്രഖ്യാപനങ്ങളില്ലാത്ത, നിറം മങ്ങിയബജറ്റ് നിരാശത പടർത്തുന്നു

  • February 4, 2026
  • 1 min read
വൻ പ്രഖ്യാപനങ്ങളില്ലാത്ത, നിറം മങ്ങിയബജറ്റ് നിരാശത പടർത്തുന്നു

കേന്ദ്രധനമന്ത്രി നി‍ർമ്മല സീതാരാമൻ അവതരിപ്പിച്ച 2026-27 ബജറ്റിനെ ഒറ്റവാചകത്തിൽ നിർവചിക്കുന്നത് എങ്ങനെ എന്ന് ആലോചിക്കുകയായിരുന്നു. നിറം മങ്ങിയ, ആവേശരഹിതമായ ബജറ്റ് എന്ന് വിശേഷിപ്പിച്ചാൽ പോലും ഇത്തവണത്തെ പ്രകടനത്തിന്റെ നിലവാരക്കുറവ് പൂർണമായി പ്രതിഫലിപ്പിക്കാൻ പറ്റും എന്ന് തോന്നുന്നില്ല. അത്രമേൽ നിരാശജനകമാണ്.

മുൻ ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പളനിയപ്പൻ ചിദംബരത്തെപ്പോലെ 9 ബജറ്റ് അവതരിപ്പിച്ചതിൻ്റെ നിറവിൽ നിൽക്കുന്ന നി‍ർമ്മല സീതാരാമൻ, അധികം താമസിയാതെ 10 ബജറ്റ് അവതരിപ്പിച്ച മൊറാ‍ർജി ദേശായിയുടെ റെക്കോർഡും മറികടക്കും. കാരണം നരേന്ദ്രമോദിയുടെ കേന്ദ്രസ‍ർക്കാ‍ർ 2029 മേയിൽ അതിൻ്റെ കാലാവധി പൂ‍ർത്തിയാക്കുന്നത് വരെ നി‍ർമ്മല സീതാരാമൻ ധനമന്ത്രി സ്ഥാനത്ത് തുടരുമെന്നാണ് ചില‍ർ അനുമാനിക്കുന്നത്. പക്ഷേ, ഒരുകാര്യം ഓ‍ർക്കണം. അവതരിപ്പിക്കുന്ന ബജറ്റുകളുടെ എണ്ണം അതിൻ്റെ ഗുണനിലവാരത്തെ ഉറപ്പിക്കുന്നില്ല എന്നത് തന്നെ!

സാധാരണ ബജറ്റ് അവതരണ ദിവസങ്ങൾ സ്റ്റോക്ക് മാർക്കറ്റിൽ വലിയ ചലനങ്ങളുണ്ടാക്കാറുണ്ട്. ഇക്കുറി ബജറ്റ് അവതരണ ദിവസം സ്റ്റോക്ക് മാ‍ർക്കറ്റിന് ബ്ളഡി സൺഡേ ആയിരുന്നു. കഴിഞ്ഞ ആറുവ‍ർഷത്തിനിടെ ഏറ്റവും മോശം പ്രകടനത്തിനാണ് സ്റ്റോക്ക് മാ‍ർക്കറ്റ് സാക്ഷ്യം വഹിച്ചത്. ആഭ്യന്തര, വിദേശ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും, വരുമാന ശേഖരണം വർദ്ധിപ്പിക്കുന്നതിനും, കടമെടുക്കൽ കുറയ്ക്കുന്നതിനുമുള്ള പദ്ധതികളെപ്പറ്റി ധനമന്ത്രി പറഞ്ഞോ. ശ്രദ്ധിച്ചാൽ അറിയാം. എടുത്തുകാട്ടാനാവാത്തവിധം തീരെ കുറവാണ്.

കേന്ദ്ര‍സർക്കാ‍ർ കൊട്ടിഘോഷിച്ച് നടപ്പാക്കിയ മൂന്ന് പ്രധാനപ്പെട്ട പദ്ധതികളാണ് പ്രധാനമന്ത്രിയുടെ ഇന്റേൺഷിപ്പ് പദ്ധതി, പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെൻ്റീവ് (പിഎൽഐ), എല്ലാ ഗ്രാമീണ കുടുംബങ്ങൾക്കും ശുദ്ധജലം നൽകാൻ ലക്ഷ്യമിടുന്ന ജൽ ജീവൻ പദ്ധതി എന്നിവ. ഈ മൂന്ന് സർക്കാർ പദ്ധതികളുടെ പരാജയം ബജറ്റ് അംഗീകരിക്കുന്നുവെന്ന് വേണം കരുതാൻ. ഈ സാമ്പത്തിക വർഷത്തിൽ പ്രധാനമന്ത്രിയുടെ ഇന്റേൺഷിപ്പ് പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ് കഴിഞ്ഞ തവണത്തെ ബജറ്റിനേക്കാൾ പകുതിയിൽ കുറവാണ് (10,831 കോടി രൂപ). പിഎൽഐ പദ്ധതി മോട്ടോർ വാഹന മേഖലയിലൊഴികെ പദ്ധതി തീരെ ഫലപ്രദമല്ലെന്നത് ബോധ്യപ്പെട്ടതോടെ പദ്ധതി വിഹിതം മൂന്ന് ശതമാനമായി വെട്ടിക്കുറച്ചു. ജൽ ജീവൻ പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ് 2025-26ൽ 27,000 കോടി രൂപ ആയിരുന്നത് ഇത്തവണത്തെ ബജറ്റ് എസ്റ്റിമേറ്റിൽ 17,000 കോടി രൂപയായി കുത്തനെ ഇടിഞ്ഞു.

കേന്ദ്രഗവൺമെന്റിൻ്റെ വായ്പയെടുപ്പ് രാജ്യത്താകമാനമുള്ള പൗരൻമാരിൽ ആശങ്കയുളവാക്കുന്ന സാഹചര്യത്തിൽ , രാജ്യത്തെ പരമോന്നത ധനകാര്യ സ്ഥാപനമായ റിസ‍‍ർവ് ബാങ്ക് ഓഫ് ഇന്ത്യയേയും (ആർ‌ബി‌ഐ), സർക്കാർ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെയും (പി‌എസ്‌യു) പരമാവധി ചൂഷണം ചെയ്യാനുള്ള ശ്രമം ബജറ്റിൽ പ്രകടമാണ്. നിലവിൽ ആർ‌ബി‌ഐയിൽ നിന്നുള്ള ലാഭവിഹിതം കേന്ദ്രസർക്കാരിൻ്റെ മൊത്തം നികുതിയിതര വരുമാനത്തിന്റെ പകുതിയോളമാണ്. വാസ്തവത്തിൽ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ പോലുള്ള ബൃഹത്തും ലാഭകരവുമായ പൊതുമേഖലാ സ്ഥാപനങ്ങളെക്കാൾ കൂടുതലാണ് ആ‍ർബിഐയുടെ ഖജനാവിലേക്കുള്ള സംഭാവനയെന്ന് വ്യക്തം. സ‍ർക്കാരിൻ്റെ ധനസ്ഥിതി മെച്ചപ്പെടുത്തുന്നതിനായി കൂടുതൽ ലാഭവിഹിതം നൽകാൻ പൊതുമേഖലാ സ്ഥാപനങ്ങൾ നി‍ർബന്ധിതരാകുന്നതോടെ, അവരുടെ മൂലധനച്ചെലവിൽ വെട്ടിക്കുറവുണ്ടാകുന്നുവെന്നും ഇതൊരു ശുഭ സൂചനയല്ലെന്നും സാമ്പത്തിക വിദഗ്ദ്ധ‍ർ ചൂണ്ടിക്കാട്ടുന്നു.

സ‍ർക്കാരിൻ്റെ ഓഹരി വിറ്റഴിക്കൽ പദ്ധതിയിൽ മന്ദഗതിയിലാണ്. നടപ്പു സാമ്പത്തിക വർഷത്തെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ബജറ്റ് ലക്ഷ്യത്തിന്റെ ഏകദേശം 72 ശതമാനം കൈവരിക്കുമെന്നാണ് സൂചനയെങ്കിലും നിലവിലെ ബജറ്റ് ഓഹരി വിറ്റഴിക്കലിനും ആസ്തി സമ്പാദനത്തിനുമായി ലക്ഷ്യമിടുന്നത് 80,000 കോടി രൂപയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇതാദ്യമായാണ് ഇത്തരമൊരു വർദ്ധനവ്.

മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഡിപി) അനുപാതം കുറഞ്ഞതിനാൽ, ബജറ്റ് എസ്റ്റിമേറ്റിനെയും നികുതി പിരിവിനെയും അപേക്ഷിച്ച് കേന്ദ്ര സർക്കാരിന്റെ മൊത്ത നികുതി വരുമാനം ഏകദേശം അഞ്ച് ശതമാനം കുറഞ്ഞു. 2020-21, 2021-22 വർഷങ്ങളിലെ കോവിഡ് വർഷങ്ങളിൽ കുതിച്ചുചാട്ടം ഉണ്ടായിട്ടും, ജിഡിപിയുടെ ഒരു ശതമാനമെന്ന നിലയിൽ 2016-17 മുതൽ മൊത്തം സർക്കാർ ചെലവ് സ്തംഭനാവസ്ഥയിലാണെന്ന് സാമ്പത്തിക വിദഗ്ധൻ രതിൻ റോയ് പറഞ്ഞു.

ഇതാദ്യമായി ചരക്കു സേവന നികുതി പിരിവിൻ്റെ (ജിഎസ്ടി) ലക്ഷ്യം കുറച്ചിരിക്കുന്നു. 2025 സെപ്തംബറിൽ ജിഎസ്ടി നിരക്ക് കുറച്ചിരുന്നെങ്കിലും പിന്നീടുണ്ടായ ഉയർന്ന ഉപഭോഗം ഉയർന്ന നികുതി പിരിവിലേക്ക് നയിക്കുമെന്നായിരുന്നു കണക്ക് കൂട്ടൽ. പക്ഷേ അത് സംഭവിച്ചില്ലെന്ന് മാത്രമല്ല, നേരെമറിച്ച്, ഗാർഹിക വായ്പകൾ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തുകയും ചെയ്തിരിക്കുന്നു.

സമ്പന്നരിൽ നിന്ന് നികുതി ചുമത്തി വരുമാനം വർദ്ധിപ്പിക്കുന്നതിനുപകരം കൂടുതൽ കടം വാങ്ങി ധനക്കമ്മി നിയന്ത്രിക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാർ, മൂലധന ചെലവിലും സാമൂഹിക ക്ഷേമ , ആരോഗ്യ, വിദ്യാഭ്യാസ പദ്ധതികൾക്കുമുള്ള തുക വൻതോതിൽ വെട്ടിക്കുറയ്ക്കുകയാണ്. വലതുപക്ഷ ഭരണകൂടത്തിന്റെ നവലിബറൽ സാമ്പത്തിക നയങ്ങളോട് ചേരുംപടി ചേരുന്നതിനാൽ ഇക്കാര്യത്തിൽ കാര്യമായി അത്ഭുതപ്പെടാനില്ല.

ഗ്രാമീണ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ചെലവിലേക്കായി ബജറ്റ് എന്താണ് കരുതിവച്ചിരിക്കുന്നതെന്ന് പരിശോധിക്കുന്നത് രസകരമായിരിക്കും. കഴിഞ്ഞ പാ‍ർലമെന്റ് ശൈത്യകാല സമ്മേളനത്തിൽ മഹാതാമാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ (MNREGA) എന്നന്നേയ്ക്കുമായി തുടച്ചുമാറ്റി വികസിത് ഭാരത് റോസ്ഗാ‍ർ ആജീവിക മിഷൻ (ഗ്രാമീൺ) (വിബി ജി റാം ജി) കൊണ്ടുവന്നെങ്കിലും, അടുത്ത സാമ്പത്തികവ‍ർഷത്തേക്ക് പ്രത്യേകമായി അനുവദിച്ച 30,000 കോടി രൂപ അടക്കം പുതുക്കിയ എസ്റ്റിമേറ്റിൽ 88,000 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. അതായത് കേന്ദ്രം ഉറപ്പുനൽകുന്ന പ്രതിവർഷം 125 തൊഴിൽ ദിനങ്ങൾക്ക് ഈ തുക പര്യാപതമാകില്ല എന്നുറപ്പിക്കാം.

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ കേന്ദ് വിഹിതം 90 ശതമാനത്തിൽ നിന്ന് 60 ശതമാനമായി കുറച്ചിട്ടുണ്ടെങ്കിലും (ഇത് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിനെ സന്തോഷിപ്പിച്ചിട്ടില്ലെന്നും അതുവഴി ഭരണ സഖ്യത്തെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്) 2026-27 ൽ വിബി ജി റാം ജി ആക്ട് നടപ്പിലാക്കുന്നതിനായി ധനമന്ത്രി സീതാരാമൻ 95,692 കോടി രൂപ വകയിരുത്തി. കാരണം ഒന്നേയുള്ളൂ, ജനപ്രീതി നഷ്ടപ്പെടുമെന്ന ഭയം. ഗ്രാമങ്ങളിൽ തൊഴിൽ സൃഷ്ടിക്കുന്നതിനുള്ള (വള സബ്‌സിഡി അടക്കം) ചെലവ് പാടെ വെട്ടിക്കുറയ്ക്കാത്തതിന് പിന്നിലെ കാരണവും ഈ ഭയം തന്നെ.

അപ്പോൾ ഇത്തവണത്തെ ബജറ്റിൽ പോസീറ്റീവ് ആയ കാര്യങ്ങളൊന്നുമില്ലേ എന്നു ചോദിച്ചാൽ ഇല്ല എന്നു തീ‍ർത്തുപറയാനാവില്ല. കാരണം അപൂർവ എർത്ത് ധാതുക്കൾ ലഭിക്കുന്നതിലും സെമികണ്ടക്ടറുകൾ നിർമ്മിക്കുന്നതിലും ഇന്ത്യയ്ക്ക് പോരായ്മകളുണ്ടെന്നത് ബജറ്റിൽ തിരിച്ചറിഞ്ഞിട്ടുണ്ട്.

മാത്രമല്ല, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (MSME) സഹായിക്കുമെന്ന് വാതോരാതെ പ്രസംഗിച്ചിരുന്നത് അല്പസൊല്പം പ്രവൃത്തിയിലാക്കാൻ ബജറ്റ് ശ്രദ്ധിച്ചിട്ടുണ്ട്. ടെക്സ്റ്റൈൽ മേഖല അടക്കമുള്ള വ്യവസായങ്ങളുമായി ബന്ധപ്പെട്ട MSME കൾ വഴി യുവാക്കൾക്കായി തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് ബജറ്റ് അംഗീകരിക്കുന്നു. അതേസമയം, മലിനീകരണ നിയന്ത്രണത്തിനായി ഘോരഘോരം വാദിക്കുന്ന സ‍ർക്കാ‍ർ പാവപ്പെട്ടവർക്കുള്ള ദ്രവീകൃത പെട്രോളിയം വാതക (LPG) വിതരണ വിഹിതവും മലിനീകരണ നിയന്ത്രണ വിഹിതവും ബജറ്റിൽ വെട്ടിക്കുറയ്ക്കാൻ മറന്നിട്ടില്ലെന്നതും ശ്രദ്ധിക്കണം. എന്തൊരു ക്രൂരത!

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് ധനികരെ കൂടുതൽ ധനികരാക്കാനുള്ള കേന്ദ്ര ധനമന്ത്രിയുടെ വ്യഗ്രത അധികമാരും ശ്രദ്ധിച്ചില്ലെന്ന് തോന്നു. ബജറ്റ് പ്രസംഗത്തിലെ ഒരു പ്രധാന പ്രഖ്യാപനം ഇവ‍ർക്ക് വേണ്ടി മാത്രമുള്ളതായിരുന്നു. ഗൂഗിൾ, മൈക്രോസോഫ്റ്റ് പോലുള്ള വിദേശ കമ്പനികൾക്ക് 2047 വരെ നികുതി അവധി നൽകിയ പ്രഖ്യാപനം യഥാർത്ഥത്തിൽ ആ‍ർക്കാണ് പ്രയോജനം ചെയ്യുക. ഗൂഗിൾ, മൈക്രോ സോഫ്റ്റ് കമ്പനികളുടെ ഇന്ത്യയിലെ ഡാറ്റാ സെന്ററുകളിൽ വൻതോതിൽ നിക്ഷേപം നടത്തിയിരിക്കുന്നത് മുകേഷ് അംബാനിയുടെയും ഗൗതം അദാനിയുടെയും നേതൃത്വത്തിലുള്ള കമ്പനികളാണ്. ടാക്സ് ഹോളിഡേ പ്രഖ്യാപനം അക്ഷരാ‍ത്ഥത്തിൽ അവ‍‍ർക്കൊരു അനുഗ്രഹമാണ്.

ഹോ… എന്തൊരു കരുതലാണീ കേന്ദ്രധനമന്ത്രിക്ക്…!

About Author

പരഞ്ജോയ് ഗുഹാ ഥാക്കൂർത

രാഷ്ട്രീയ നിരീക്ഷകൻ, സാമ്പത്തിക വിദഗ്ധൻ, സാമൂഹിക പ്രവർത്തകൻ

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x