A Unique Multilingual Media Platform

AI Articles Technology

ജൈവചേതനയോ യന്ത്രഭാവനയോ?

  • October 3, 2026
  • 2 min read
ജൈവചേതനയോ യന്ത്രഭാവനയോ?

അക്ഷരങ്ങള്‍ക്കും അൽഗൊരിതങ്ങള്‍ക്കും നടുവിലെ മനുഷ്യരാശി

 

മനുഷ്യൻ സ്വന്തം നിഴലിനെപ്പോലും പേടിച്ചിരുന്ന ഒരു പ്രാചീന കാലം; ആദിമത, നമുക്കുണ്ടായിരുന്നുവല്ലോ..! അവിടെ നിന്ന് ശാസ്ത്രജ്ഞാനത്തിലൂടെ മനുഷ്യന്‍ നേടിയ മുന്നേറ്റങ്ങള്‍ വാക്കുകള്‍ക്കതീതമാണുതാനും. എന്നാല്‍ ഇന്ന് മനുഷ്യന്‍,‍ താൻ തന്നെ സൃഷ്ടിച്ച ‘യന്ത്രബുദ്ധി’ക്ക് മുന്നില്‍ (നിര്‍മ്മിത ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) പകച്ചു നില്‍ക്കുകയാണോ?! അക്ഷരങ്ങൾക്കും ആശയങ്ങൾക്കും മേൽ അൽഗൊരിതങ്ങൾ ആധിപത്യം സ്ഥാപിക്കുന്ന പുതിയ ഡിജിറ്റൽ യുഗത്തിൽ, ഏറ്റവും വലിയ ചോദ്യം നമ്മുടെ നിലനിൽപ്പിനെക്കുറിച്ചു കൂടിയാണെന്ന് വരുന്നു.

കമ്പ്യൂട്ടറുകൾ കവിതകളെഴുതുകയും, കൃത്രിമബുദ്ധി ക്യാൻവാസിൽ വിസ്മയങ്ങൾ തീർക്കുകയും ഒക്കെ ചെയ്യുമ്പോൾ, യഥാർത്ഥ മനുഷ്യന്റെ സർഗ്ഗാത്മകതയ്ക്ക് എന്ത് സംഭവിക്കും? അവന്റെ സംസ്കാരത്തിന്റെ അടുത്ത ഘട്ടം ‘സൂപ്പര്‍ഇന്റലിജന്‍സ്’ പൂര്‍ണ്ണമായും അപഹരിക്കുമോ എന്ന ആശങ്ക കൂടിയാണ് ഇപ്പോള്‍ വളര്‍ന്നു വരുന്നത്. ഒരു യന്ത്രത്തിനും പകർന്നുനൽകാനാവാത്തത് എന്ന് നമ്മള്‍ കരുതുന്ന അല്ലെങ്കില്‍ കരുതിയ ജൈവസൗന്ദര്യവും സര്‍ഗചൈതന്യവും എല്ലാം ഹൈജാക്ക് ചെയ്യപ്പെടുകയാണോ..?! ഭാഷയുടെ അസ്ഥിത്വം തന്നെ ചോദ്യചിഹ്നമാകുന്ന പുതുസന്ദര്‍ഭത്തില്‍, സംസ്കാരം എന്നത് ആകെത്തന്നെ ബാബേല്‍ ഗോപുരം പോലെ ഇടിഞ്ഞു പോകുമോ? സൂപ്പ‍ര്‍ഇന്റലിജന്‍സ് മനുഷ്യ ഭാഷയേയും സംസ്കാരത്തേയും, ഉല്പത്തി പുസ്തകത്തില്‍ പറയുന്നതുപോലെ കലക്കിക്കളയുമോ..? അതോ ഫലത്തില്‍ അത് ഒരു ഏകലോകത്തിന്റെയും ഏകഭാഷയുടെയും ഏകസംസ്കൃതിയുടെയും പുന:സൃഷ്ടിയാകുമോ? പ്രമുഖ സ്വീഡിഷ് തത്ത്വചിന്തകനും ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ‘ഫ്യൂച്ചർ ഓഫ് ഹ്യൂമാനിറ്റി ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ’ (Future of Humanity Institute) സ്ഥാപക ഡയറക്ടറായിരുന്ന നിക്ക് ബോസ്ട്രം (Nick Bostrom), ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനെക്കുറിച്ചും മനുഷ്യഭാവിയെക്കുറിച്ചും സാങ്കേതിക വിദ്യകളിലെ അപകടസാധ്യതകളെക്കുറിച്ചുമുളള സുപ്രധാന പഠനങ്ങളിലൂടെ ഏറെ ശ്രദ്ധേയനായിട്ടുളള വ്യക്തിയാണ്.

നിക്ക് ബോസ്ട്രം

മനുഷ്യര്‍ക്ക് താൽപ്പര്യമുള്ള സര്‍വ്വ മേഖലകളിലും, അവരുടെ വൈജ്ഞാനിക പ്രകടനത്തെ അവിശ്വസനീയമാംവിധം എത്രയോ മടങ്ങ് മറികടക്കുന്ന ഏതൊരു ബുദ്ധിയും സൂപ്പര്‍ഇന്‍റലിജന്‍സ് ആണ് എന്നാണ്, ‘Superintelligence: Paths, Dangers, Strategies’ എന്ന പേരില്‍ 2014 ല്‍ എഴുതിയ പുസ്തകത്തില്‍ അദ്ദേഹം നിരീക്ഷിക്കുന്നത്. മനുഷ്യരാശിയുടെ ഭാവി പൂർണ്ണമായി ഇല്ലാതാക്കാൻ സാധ്യതയുള്ള ദുരന്തങ്ങളെക്കുറിച്ചെല്ലാം, ഉദാഹരണത്തിന് നിയന്ത്രണം തെറ്റിയ നിര്‍മ്മിതബുദ്ധി, വിനാശകരമായ ബയോടെക്നോളജി എന്നിവയെക്കുറിച്ചെല്ലാം അദ്ദേഹം പഠനങ്ങൾ നടത്തുകയും ഇത്തരം ആഗോള ഭീഷണികളെ മുൻകൂട്ടി കണ്ട് പ്രതിരോധിക്കാനുള്ള വഴികള്‍ ആരായുകയും ചെയ്യുന്നത്, ഇപ്പോള്‍ കൂടുതല്‍ പ്രസക്തമാകുന്നു എന്ന സാഹചര്യവുമുണ്ട്.

അസ്ഥിത്വപരമായ അപായം (Existential Risk) എന്ന ഒരു ആശയമായിട്ടാണ് അദ്ദേഹം ഈ സാഹചര്യത്തെ മുന്നോട്ടു വെച്ചിരുന്നത് എന്നതും പ്രത്യേകം ഓര്‍ക്കാം. അതുപോലെ, യന്ത്രാനുകരണം (Simulation) ഒരു അപര നാഗരികതയോ സമാന്തര നാഗരികതയോ സൃഷ്ടിക്കാനുളള സാധ്യതയും അദ്ദേഹം എടുത്തു പറഞ്ഞിരുന്നു.

 

‘യന്ത്രിമ’യും ജൈവികതയും

അപ്പോഴും സർഗ്ഗാത്മകത എന്നത് കേവലം വരികളുടെയോ വർണ്ണങ്ങളുടെയോ ഭംഗിയല്ല അല്ല എന്നതും അത് മനുഷ്യന്റെ അനുഭൂതികളുടെയും, സന്തോഷങ്ങളുടെയും വേദനകളുടെയും, സങ്കടങ്ങളുടെയും, അവിചാരിതമായ പുതിയ കണ്ടെത്തലുകളുടെയും എല്ലാം ഒരു സംഗമഭൂമിയാണ് എന്ന യാഥാര്‍ഥ്യം നിലനില്‍ക്കുന്നു. ഒരു കുട്ടി നിലത്തു വീഴുമ്പോഴുള്ള വേദനയോ, പ്രകൃതിയുടെ ചെറിയ ഒരു നിശബ്ദതയോ, പ്രണയത്തിന്റെ തരള ഭാവങ്ങളോ ഒരു അൽഗോരിതത്തിന് ഒരിക്കലും അനുഭവിക്കാനാവില്ല എന്ന വസ്തുത ബാക്കി നില്‍ക്കുന്നു. കാരണം അല്‍ഗൊരിതത്തില്‍ അത് വെറും ഡാറ്റയുടെ പുനഃസൃഷ്ടി മാത്രമായാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്.

യുവാൽ നോവാ ഹരാരി

ഇസ്രായേല്‍ ചരിത്രകാരനും, തത്ത്വചിന്തകനും, ജറുസലേമിലെ ഹീബ്രു യൂണിവേഴ്‌സിറ്റിയിലെ ചരിത്രവിഭാഗം പ്രൊഫസറുമായ യുവാൽ നോവാ ഹരാരി (Yuval Noah Harari), മനുഷ്യന്റെ ഭൂതകാലത്തേയും പരിണാമത്തേയും ഭാവിയേയും കുറിച്ച് ഏറെ ഗൗരവത്തോടെ ചിന്തിക്കുന്നു. പക്ഷേ, അദ്ദേഹം, ‘AI is the first tool that can make decisions and generate new ideas by itself. Previous tools like the printing press or the steam engine could not create new ideas; they only amplified human ideas. AI changes everything because it has agency (സ്വന്തമായി തീരുമാനങ്ങൾ എടുക്കാനും പുതിയ ആശയങ്ങൾ സൃഷ്ടിക്കാനും കഴിയുന്ന ആദ്യത്തെ ഉപകരണമാണ് നിര്‍മ്മിതബുദ്ധി. അച്ചടിയന്ത്രമോ ആവി എൻജിനോ പോലുള്ള മുൻകാല ഉപകരണങ്ങൾക്ക് പുതിയ ആശയങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നില്ല; അവ മനുഷ്യന്റെ ആശയങ്ങളെ പെരുപ്പിച്ചു കാണിക്കുക മാത്രമാണ് ചെയ്തത്. നിര്‍മ്മിതബുദ്ധി എല്ലാം മാറ്റിമറിക്കുന്നു, കാരണം അതിന് സ്വന്തമായി കർതൃത്വമുണ്ട്.) എന്ന് നിരീക്ഷിക്കുമ്പോള്‍, യന്ത്രബുദ്ധിയുടെ ‘കര്‍തൃത്വം’ എന്ന പ്രധാന കാര്യമാണ് ഇപ്പോള്‍ സജീവ ചര്‍ച്ചയാകുന്നത് എന്ന് കാണാം. എന്നാൽ ഹരാരി ചൂണ്ടിക്കാണിക്കുന്ന ആ ‘കർതൃത്വം’ കേവലം ഗണിതശാസ്ത്രപരമായ ഒരു പ്രക്രിയയാണ് എന്നതും അതിന് ആത്മാവില്ല അല്ലെങ്കില്‍ ആന്തരികമായ സത്ത ഇല്ല എന്നതും ഏവര്‍ക്കുമറിയാവുന്ന വസ്തുത മാത്രമാണ്. ഒരു മനുഷ്യൻ എഴുതുന്ന വരികളിൽ അവന്റെ അനുഭവവും വിയർപ്പും കണ്ണീരും ജീവന്റെ തുടിപ്പും എല്ലാം ഉണ്ട്. ആ അര്‍ഥത്തില്‍, അതിനെ ഒരു സെർവറിനും പകരം വെക്കാനാവില്ല എന്നതും നിസ്തര്‍ക്കമാണ്. പക്ഷേ അല്‍ഗൊരിതത്തിന്റെ- കമ്പ്യൂട്ടര്‍ ക്രിയാക്രമത്തിന്റെ- കാണാച്ചരടുകള്‍ ഇപ്പോള്‍ അവിടേക്കും എത്തിക്കഴിഞ്ഞിരിക്കുന്നു എന്നതിലാണ് കുഴമറിയുന്ന ഒരു സങ്കീര്‍ണ്ണത സംജാതമാകുന്നത്. (ഇന്ത്യന്‍ ഗണിതശാസത്രം, അറബ് ലോകത്തും പാശ്ചാത്യലോകത്തും എത്തിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച പേർഷ്യൻ ജ്യോതിശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനുമായ അൽ-ഖ്വാരിസ്മിയുടെ പേരിൽ നിന്നാണ്‌ ‘അൽഗൊരിതം’ എന്ന വാക്ക് ഉണ്ടായിട്ടുളളത്.) ഒരു പക്ഷേ മുമ്പ്, ഒ വി വിജയന്‍ തന്റെ മധുരം ഗായതി എന്ന രചനയില്‍ എഴുതിയതു പോലെ, ‘യന്ത്രിമ’യുടെ ലോകം പൂര്‍ണ്ണതയുടെ ലോകമായാണ് നിലകൊള്ളുന്നത്. രണ്ട് അര്‍ദ്ധഗോളങ്ങളായി പിളരുന്ന ഭൂമിയില്‍ ഒരു അര്‍ദ്ധഗോളം മനുഷ്യര്‍ ഭരിക്കുമ്പോള്‍ മറ്റേ അര്‍ദ്ധഗോളം യന്ത്രം ഭരിക്കുന്നതായാണ് വിജയന്‍ നോവലില്‍ വിഭാവനം ചെയ്തത്. അതില്‍‍ യന്ത്ര സ്വത്വം എന്ന നിലയില്‍ വിജയന്‍ ‘യന്ത്രിമ’ എന്ന വാക്ക് തന്നെ പുതിയതായി പ്രയോഗിക്കുകയായിരുന്നു. നോവലില്‍ യന്ത്രം, മനുഷ്യന്റെ അപൂര്‍ണ്ണതയ്ക്കായും മാനുഷ്യകത്തിലെ കണ്ണുനീരിന്റെ ഉപ്പിനായും കേഴുന്നത് കൗതുകകരമാണ്. അൽഗൊരിതങ്ങൾക്ക് കോടിക്കണക്കിന് ഡാറ്റകൾ സെക്കൻഡുകൾക്കുള്ളിൽ വിശകലനം ചെയ്യാം, മനോഹരമായ വാചകങ്ങൾ കോർത്തിണക്കാം, കാവ്യാത്മകമായ ബിംബങ്ങൾ പോലും നിർമ്മിച്ചെടുക്കാം. പക്ഷേ, ഒരു യാഥാർത്ഥ്യം ഇവിടെ വിസ്മരിച്ചുകൂടാത്തതാണ്- അതെല്ലാം അനുകരണങ്ങള്‍ (Simulations )മാത്രമാണ് എന്നതാണത്. പ്രണയത്തിന്റെ തീവ്രതയോ, നഷ്ടബോധത്തിന്റെ ശൂന്യതയോ, മരണത്തോടുള്ള ഭയമോ, വിയർപ്പൊഴുക്കി നേടിയ വിജയത്തിന്റെ ആഹ്ലാദമോ ഒന്നും ഒരു യന്ത്രത്തിന് ഒരിക്കലും അനുഭവിക്കാനാവില്ല. വികാരങ്ങൾ എന്നത് കേവലം രാസപ്രവർത്തനങ്ങളോ ഡാറ്റാ പാറ്റേണുകളോ മാത്രമല്ല എന്നും അത് തലമുറകളായി മനുഷ്യൻ അനുഭവിച്ചറിഞ്ഞ ചരിത്രവും, അസ്തിത്വത്തിന്റെ വേദനയുമാണ് എന്നും വിജയന്‍ മധുരം ഗായതിയില്‍, മനുഷ്യന്റെ അപൂര്‍ണ്ണതയെ മഹത്വപ്പെടുത്തുമ്പോള്‍, പറയാതെ പറയുകയായിരുന്നു. ഡാറ്റകളുടെ അമ്പരപ്പിക്കുന്ന പുന:സൃഷ്ടികളിലും ഏകോപനങ്ങളിലും ജൈവിക സത്തയുടെ അംശം പോലുമില്ലെന്ന വലിയ തിരിച്ചറിവിലും, വിജയന്‍ പക്ഷേ ‘യന്ത്രിമ’യുടെ സമാന്തര ലോകം അവതരിപ്പിക്കുമ്പോള്‍, അക്ഷരാര്‍ഥത്തില്‍, അദ്ദേഹം പ്രവാചകന്റെ വഴിയിലൂടെ സഞ്ചരിക്കുകയായിരുന്നോ..?!

 

‘യന്ത്രനിഴല്‍’ എന്ന സാംസ്കാരിക ഗര്‍ത്തം

ഇതുമായി ബന്ധപ്പെട്ട് ചിന്തിക്കുമ്പോള്‍, പ്രശസ്ത ഭാഷാശാസ്ത്രജ്ഞനായ നോം ചോംസ്കി (Noam Chomsky) നൽകിയ മുന്നറിയിപ്പ് അത്യന്തം ചിന്തനീയമായിത്തീരുന്നുണ്ട്. ‘The current machine learning models are essentially high-tech plagiarism engines. They don’t think; they just interpolate between existing data points, matching patterns without any understanding of meaning.’ (നിലവിലുള്ള മെഷീൻ ലേണിംഗ് മോഡലുകൾ അടിസ്ഥാനപരമായി ഹൈ-ടെക് മോഷണ യന്ത്രങ്ങളാണ്. അവ ചിന്തിക്കുന്നില്ല; നിലവിലുള്ള ഡാറ്റാ പോയിന്റുകൾക്കിടയിൽ പരതുക മാത്രമാണ് ചെയ്യുന്നത്, അർത്ഥത്തെക്കുറിച്ചുള്ള യാതൊരു ധാരണയുമില്ലാതെ അവ പാറ്റേണുകൾ ഒപ്പിയെടുക്കുന്നു.) ‘ഹൈ-ടെക് മോഷണ യന്ത്രങ്ങള്‍’ എന്ന് 2023 ജനുവരിയില്‍ ആദ്യം ചോംസ്കി പൊതുവായി പറയുകയും അധികം വൈകാതെ ന്യൂയോര്‍ക്ക് ടൈംസില്‍ ‘The False Promise of ChatGPT’ എന്ന പേരില്‍ ഇക്കാര്യം വിശദീകരിച്ച് എഴുതുതകയും ചെയ്തു. കാരണം, കാര്യങ്ങള്‍ അതിവേഗം അതിനെ കൂടുതല്‍ ആശ്രയിച്ചു തുടങ്ങുകയായിരുന്നു.

നോം ചോംസ്കി

ചുരുക്കിപ്പറഞ്ഞാല്‍, ഇന്ന് നമ്മൾ ഉപയോഗിക്കുന്ന ഭാഷ പോലും ഒരു വലിയ പ്രതിസന്ധിയെ നേരിടുകയാണ് എന്ന ഘട്ടം എത്തിക്കഴിഞ്ഞിരുന്നു. ആശയവിനിമയം വളരെ വേഗത്തിലായപ്പോൾ, വാക്കുകളുടെ ആഴം കുറഞ്ഞുപോകുകയും ചാറ്റ്‌ബോട്ടുകളും ലാംഗ്വേജ് മോഡലുകളും നമ്മുടെ ദൈനംദിന എഴുത്തുകളെ നിയന്ത്രിക്കാൻ തുടങ്ങുകയും ചെയ്യുകയായിരുന്നു. ഒരര്‍ഥത്തില്‍ നമ്മുടെ സ്വന്തം ചിന്താശേഷി മരവിച്ചുതുടങ്ങുന്നു എന്നു കൂടിയാണതിനര്‍ഥം. മാത്രമല്ല, അർത്ഥമില്ലാത്ത പാറ്റേൺ ഒപ്പിയെടുക്കലുകൾ മാത്രമായി ഭാഷ ചുരുങ്ങുമ്പോൾ, ഭാഷയുടെയും കവിതയുടെയും സാഹിത്യത്തിന്റെയും എല്ലാം ആത്മാവും അസ്തിത്വവും ചോദ്യചിഹ്നങ്ങളായി മാറുന്നു. വാക്കുകളുടെ കൂട്ടമല്ല, മറിച്ച് പറയാതെ പറയുന്ന മൗനങ്ങളുടെയും വികാരങ്ങളുടെയും വിപുലമായ ലോകമാണ് സര്‍ഗാത്മക സാഹിത്യം എന്ന മൗലികധാരണ പോലും ഉലഞ്ഞു തുടങ്ങുന്നു. എഴുത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന മൗനങ്ങളെ തിരിച്ചറിയാൻ ഒരു മെഷീൻ ലേണിംഗ് അൽഗോരിതത്തിനും സാധ്യമല്ല എന്ന നമ്മുടെ അടിസ്ഥാന ബോധ്യത്തില്‍ നിന്ന്, കൃത്രിമ മൗനങ്ങളിലേക്ക് നമ്മള്‍ ഏറ്റവും പെട്ടെന്ന് കാല്‍ തെന്നി വീഴുന്ന സാഹചര്യം രൂപപ്പെട്ടു കഴി‍ഞ്ഞിരിക്കുന്നു. ഭാഷാപരമായ സൃഷ്ടികളുടെ- സാഹിത്യമുള്‍പ്പെടെയുളള സൃഷ്ടികളുടെ കര്‍തൃത്വം ആശങ്കയുളവാക്കും വിധം ഇപ്പോള്‍ ‘യന്ത്രനിഴലി’ലായിത്തീര്‍ന്നിരിക്കുന്നു. ഭാഷാ കര്‍തൃത്വം യന്ത്രത്തിന്റെ നിഴലിലാകുക എന്നാല്‍ സംസ്കാരവും കൈവിട്ടുപോകുന്നു എന്നു തന്നെയാണ് പ്രാഥമികാര്‍ഥം. നമ്മുടെ ഭാഷയും സംസ്കാരവും ഹൈജാക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു എന്ന് യുവാല്‍ ഹരാരി സൂചിപ്പിക്കുന്നതിന്റെ സാരവും മറ്റൊന്നല്ലെന്നര്‍ഥം. ചുരുക്കത്തില്‍, മനുഷ്യൻ ഇതുവരെ നിർമ്മിച്ചെടുത്തിട്ടുള്ളതിൽവെച്ച് അല്ലെങ്കില്‍ അനുഭവിച്ചിട്ടുളളതില്‍ വെച്ച് ഏറ്റവും തീവ്രമായ ഒരു സാംസ്കാരിക പ്രതിസന്ധിയിലൂടെയാണ് സമകാലിക ലോകം കടന്നുപോകുന്നത്. ഭാഷയും ഭാവനയും അനുഭൂതികളും ഒരുകാലത്ത് ജൈവിക മനുഷ്യന്റെ മാത്രം കുത്തകയായിരുന്നു എങ്കില്‍ ഇന്ന്, അത്, സിലിക്കണിന്റെയും അൽഗൊരിതങ്ങളുടെയും ലോകത്ത്, ആർട്ടിഫിഷ്യൽ ഇന്റലിജൻസും അതിമാനുഷിക ബുദ്ധിയും (Superintelligence) ചേരുന്ന പുതിയൊരു ചരിത്രസന്ധിയായി പരിണമിക്കുകയാണ്. ഇത് കേവലം ശാസ്ത്രീയമായ ഒരു മുന്നേറ്റമായി മാത്രം എണ്ണാന്‍ കഴിയില്ല എന്നതാണ് അതിലെ പ്രധാന വൈപരീത്യം. കാരണം, അത് മനുഷ്യന്റെ സാംസ്കാരിക അടിത്തറയെയും ഭാവിയെയും ആകെത്തന്നെ ആഴത്തിൽ പുനർനിർവചിക്കുന്ന ഒരു സങ്കീർണ്ണ പ്രതിഭാസമായി വളരുകയാണ്..! പ്രശസ്ത അമേരിക്കന്‍ സാങ്കേതിക വിമർശകനായ ജാരണ്‍ ലനിയര്‍ (Jaron Lanier) തന്റെ You Are Not a Gadget (2010) എന്ന പുസ്തകത്തിൽ, സുപ്രധാനമായ ഈ ആശങ്ക പങ്കുവെക്കുന്നുണ്ട്.

ജാരണ്‍ ലനിയര്‍

‘We are creating a culture where we devalue human experience in favour of data representation. If we continue to treat human output as mere training data for algorithms, we will hollow out our own culture.’ (ഡാറ്റാ പ്രാതിനിധ്യത്തിന് വേണ്ടി നാം മനുഷ്യന്റെ അനുഭവങ്ങളെ വിലകുറച്ചുകാണുന്ന ഒരു സംസ്കാരത്തെയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യന്റെ സൃഷ്ടികളെ അൽഗൊരിതങ്ങള്‍ക്കായുളള പരിശീലന ഡാറ്റ മാത്രമായി നാം കാണുന്നത് തുടർന്നാൽ, നാം നമ്മുടെ സംസ്കാരത്തെത്തന്നെ പൊള്ളയായ ഒന്നാക്കി മാറ്റും.). പ്രതീതി യാഥാര്‍ഥ്യത്തിന്റെ അഗ്രഗാമി എന്നു പോലും വിശേഷിപ്പിക്കപ്പെടുന്ന ലനിയറുടെ ഈ ഓര്‍മപ്പെടുത്തല്‍ എത്ര വിലപ്പെട്ടതാണെന്നോര്‍ക്കുക. ‘പൂർണ്ണ വളർച്ചയെത്തിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വികസനം മനുഷ്യവർഗ്ഗത്തിന്റെ തന്നെ അവസാനത്തിന് കാരണമായേക്കാം… അത് സ്വന്തം നിലയിൽ കുതിച്ചുയരുകയും, അനുദിനം വര്‍ദ്ധിത വേഗത്തില്‍ സ്വയം പരിഷ്കരിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ജൈവിക പരിണാമത്തിലെ വേഗതയില്ലായ്മ കൊണ്ട് പരിമിതപ്പെട്ടിരിക്കുന്ന മനുഷ്യന്, ആ യന്ത്രവേഗത്തോട് മത്സരിക്കാൻ കഴിയില്ല, തൽഫലമായി മനുഷ്യൻ പിന്തള്ളപ്പെടുകയും ചെയ്യും’ (The development of full artificial intelligence could spell the end of the human race…. It would take off on its own, and re-design itself at an ever-increasing rate. Humans, who are limited by slow biological evolution, couldn’t compete, and would be superseded) എന്ന് സ്റ്റീഫൻ ഹോക്കിംഗ് 2014ല്‍ ബി.ബി.സി.ക്ക് നൽകിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നത് ഇവിടെ ചേര്‍ത്ത് വായിക്കാം.

 

‘അതിചിന്ത’ Vs ക്രിയാക്രമം അഥവാ അല്‍ഗൊരിതം

ഇപ്പോള്‍ ഒടുവില്‍, മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകനായ ബിൽ ഗേറ്റ്സ് ആഗസ്റ്റ് 26, 2026ല്‍ തന്റെ ബ്ലോഗില്‍ (Gates Notes), ‘The turbulent AI era is here. The choices we make now are critical’ എന്ന പേരില്‍ എഴുതിയ ആറായിരം വാക്കുകളുളള ദീര്‍ഘലേഖനത്തില്‍ ഈ വിഷയം ഗൗരവപൂര്‍വ്വം ഉന്നയിക്കുകയും ചില പ്രധാന മുന്നറിയിപ്പുകള്‍ നല്‍കുകയും ചെയ്യുന്നു. ഈ മാറ്റത്തിന്റെ ആഴത്തെക്കുറിച്ച് ബിൽ ഗേറ്റ്സ് ഇപ്രകാരം എഴുതുന്നു : ‘The transition to the AI era will be one of the most turbulent times in human history. Right now, we are not preparing adequately for that transition… In terms of equity, AI will either be the greatest equalizer ever invented, or the worst source of injustice’ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യുഗത്തിലേക്കുള്ള ഈ പരിവർത്തനം മനുഷ്യചരിത്രത്തിലെ ഏറ്റവും പ്രക്ഷുബ്ധമായ കാലഘട്ടങ്ങളിലൊന്നായിരിക്കും. നാം അതിനായി ഇപ്പോഴും വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്തുന്നില്ല… സമത്വത്തിന്റെ കാര്യത്തിൽ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇതുവരെ കണ്ടുപിടിക്കപ്പെട്ടതിൽവെച്ച് ഏറ്റവും വലിയ സമത്വവാദിയോ, അതല്ലെങ്കിൽ അനീതിയുടെ ഏറ്റവും വലിയ ഉറവിടമോ ആയിരിക്കും.) വാസ്തവത്തില്‍ ഈ വരികളിൽ അന്തർലീനമായിരിക്കുന്ന ആശങ്ക ചെറുതല്ല എന്ന് പെട്ടെന്നു തന്നെ തിരിച്ചറിയാനാകും. സമ്പന്നനും ദരിദ്രനും തമ്മിലുള്ള അന്തരം കൂട്ടാനോ അതോ അത് ഇല്ലാതാക്കാനോ നിര്‍മ്മിതബുദ്ധിയ്ക്ക് കഴിയും. എന്നാൽ, ഇതിനേക്കാൾ ഗൗരവമേറിയ ഒരു തലത്തിലേക്ക് സാങ്കേതികവിദ്യ ഇപ്പോള്‍ വളർന്നുകഴിഞ്ഞു എന്നതു കൂടിയാണ് ബില്‍ ഗേറ്റ്സ് വിവക്ഷിക്കുന്നത്. ഇന്ന് നാം കാണുന്ന ലാംഗ്വേജ് മോഡലുകൾ (LLMs) കേവലം പ്രോഗ്രാം ചെയ്ത നിർദ്ദേശങ്ങൾ അനുസരിക്കുന്ന യന്ത്രങ്ങൾ മാത്രമല്ല എന്നും അവ സ്വന്തമായി ചിന്തിക്കുകയും, സ്വയം പരിഷ്കരിക്കുകയും (Recursive Self-improvement) ചെയ്യുന്ന ഘട്ടത്തിലെത്തിയിരിക്കുന്നു എന്നു കൂടിയാണ് അതിന്റെ പൂര്‍ണ്ണാര്‍ഥം. നാം കേവലം ‘ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസിനെക്കുറിച്ചോ അതിലും ശക്തമായ സൂപ്പർഇന്റലിജൻസിനെക്കുറിച്ചോ സംസാരിക്കുമ്പോൾ, അത് വെറുമൊരു സയൻസ് ഫിക്ഷൻ കഥയല്ല സത്യം കൂടി ഒപ്പം ഓര്‍ക്കേണ്ടതുണ്ട്. ആദ്യത്തില്‍ സൂചിപ്പിച്ച നിക്ക് ബോസ്ട്രോമിന്റെ ‘Superintelligence: Paths, Dangers, Strategies’ എന്ന പുസ്തകത്തിൽ പറഞ്ഞതുപോലെ, മനുഷ്യന്റെ ബുദ്ധിശക്തിയെ മറികടക്കുന്ന ഒരു സൂപ്പർഇന്റലിജന്റ് യന്ത്രം ഭൂമിയിൽ നിലവിൽ വന്നാൽ, അതിന്റെ നിയന്ത്രണം മനുഷ്യന്റെ കയ്യിൽ ഒതുങ്ങണമെന്നില്ല എന്നു തന്നെയാണ് ബില്‍ ഗേറ്റ്സും വ്യക്തമാക്കുന്നത്. മാത്രമല്ല അദ്ദേഹം നൽകുന്ന മുന്നറിയിപ്പ് അത്യന്തം ഗൗരവമുള്ളതുമാകുന്നു.

ബില്‍ ഗേറ്റ്സ്

‘ഒരു ബില്യൺ മരണങ്ങൾക്ക് കാരണമാകുന്ന സംഭവങ്ങൾക്ക് തിരികൊളുത്താൻ മാത്രം ശക്തമാണ് ഇന്നത്തെ AI. ഏറ്റവും പുതിയ AI ഉപകരണങ്ങൾ ദുഷ്ടലാക്കോടെ ഉപയോഗിക്കുന്ന മനുഷ്യരുടെ സംയോജനത്തേക്കാൾ ശക്തമായ ഒരു ആയുധം മനുഷ്യ ചരിത്രത്തിൽ ഒരിക്കലും ഉണ്ടായിട്ടില്ല (AI is certainly powerful enough to drive events that cause a billion deaths. There’s never been a weapon as powerful as the combination of people with ill intent using the latest AI tools) എന്ന് ബില്‍ ഗേറ്റ്സ് പറയുമ്പോള്‍, കൊറോണ പോലുളള മഹാമാരികളുടെ സാഹചര്യത്തെക്കുറിച്ച് കൂടി നമ്മള്‍ പുനര്‍ വിചിന്തനം ചെയ്യേണ്ടി വരും..! ഇവിടെയാണ് ബിൽ ഗേറ്റ്സ് മുന്നോട്ടുവെക്കുന്ന അതിചിന്ത അഥവാ ‘മെറ്റാകോഗ്നിഷൻ’ (Metacognition) സുപ്രധാനമായിത്തീരുന്നത്. ചിന്തയെക്കുറിച്ചുളള ചിന്ത -തന്റെ സ്വന്തം ചിന്തകളെക്കുറിച്ച് ചിന്തിക്കാനുള്ള കഴിവിന്റെ പ്രധാന്യം-ഏറെ പ്രസക്തമായിത്തീരുന്നത്, അതാണ് ഇപ്പോഴും മനുഷ്യ കുലത്തിന് പിടിവളളിയായുളള മനുഷ്യന്റെ ഏക ജൈവികശേഷി എന്ന നിലയിലാണ്. നിലവിലുള്ള AI മോഡലുകൾ വലിയ അളവിലുള്ള ഡാറ്റ പ്രോസസ്സ് ചെയ്ത് ടോക്കണുകൾ ഉണ്ടാക്കുക മാത്രമാണ് ചെയ്യുന്നത് എങ്കില്‍, മനുഷ്യനെപ്പോലെ ഒരു പ്രശ്നത്തെ സമഗ്രമായി വിലയിരുത്താനും, ‘ഞാൻ എന്തിനാണ് ഈ പ്രവൃത്തി ചെയ്യുന്നത്?’ എന്ന് തിരിഞ്ഞുനോക്കാനും ഈ യന്ത്രങ്ങൾക്ക് ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട് എന്ന ശുഭപ്രതീക്ഷയുടെ ഇടത്തെ ബില്‍ ഗേറ്റ്സ് പ്രത്യേകം ചൂണ്ടിക്കാണിക്കുന്നു. ‘യന്ത്രങ്ങളുടെ ബുദ്ധിശക്തിയാണ് മനുഷ്യരാശി ഇനി നിർമ്മിക്കേണ്ട അവസാനത്തെ കണ്ടുപിടിത്തമെന്നും കാരണം, തങ്ങളെ സൃഷ്ടിച്ച മനുഷ്യനേക്കാൾ മികച്ച രീതിയിൽ പുതിയ കാര്യങ്ങൾ കണ്ടെത്താൻ പിന്നീട് യന്ത്രങ്ങൾക്ക് കഴിയുമല്ലോ എന്നും നിക്ക് ബ്രോംസ്റ്റണ്‍ ഒരു വ്യാഴവട്ടത്തിനു മുമ്പുതന്നെ അല്പം തമാശപൂര്‍വ്വം എഴുതിയത് (Machine intelligence is the last invention that humanity will ever need to make, since machines will be better at inventing things than their human creators) ഇപ്പോള്‍ കാര്യത്തോട് ഏറെ അടുത്തു കഴിഞ്ഞു എന്ന സാഹചര്യമാണുളളത്. ദീര്‍ഘ ദര്‍ശനത്തോടെയുളള കൃത്യമായ ഇടപെടലുകളും അനിവാര്യമായ നിയമനിര്‍മ്മാണങ്ങളും എല്ലാം അത്യന്താപേക്ഷിതമാകുന്ന ഒരു ഘട്ടം കൂടിയാണിത് എന്ന് ബില്‍ ഗേറ്റ്സ് പ്രത്യേകം പറയുന്നതിന്റെ കാരണവും മറ്റൊന്നല്ല. ഭാവിയിലേക്കുള്ള നമ്മുടെ നോട്ടം ഭയവും പ്രതീക്ഷയും ഒരുപോലെ കലർന്ന ഒന്നാണ്. നിർമ്മിത ബുദ്ധി മനുഷ്യനെ അവന്റെ അധ്വാനത്തിൽ നിന്നും വിരസമായ ജോലികളിൽ നിന്നും മോചിപ്പിക്കുമെന്ന വാഗ്ദാനമുണ്ട്. എന്നാൽ അതേസമയം, മനുഷ്യന്റെ ആത്മാവിനെത്തന്നെ അത് നിർജീവമാക്കുമോ എന്ന ആശങ്കയും ശക്തമാണ്. സാങ്കേതികവിദ്യയുടെ അതിപ്രസരം മനുഷ്യനെ സ്വന്തം വികാരങ്ങളിൽ നിന്ന് പോലും അന്യവൽക്കരിക്കുന്ന കാലമാണിത്. സാങ്കേതിക പുരോഗതിയുടെ ഈ കുതിച്ചുചാട്ടത്തിൽ, മനുഷ്യൻ തന്റെ തനതായ അസ്തിത്വത്തെയും സാംസ്കാരിക മൂല്യങ്ങളെയും എങ്ങനെ സംരക്ഷിച്ചു നിർത്തും എന്നത് ഒരു വലിയ ചോദ്യചിഹ്നമായി അവശേഷിക്കുന്നു. യന്ത്രങ്ങളുടെ ശബ്ദത്തിന് മുന്നിൽ മനുഷ്യന്റെ സർഗ്ഗാത്മകമായ മൗനം അർത്ഥശൂന്യമായിത്തതീരുമോ? അതോ പുതിയൊരു മാനവികതയുടെ ഉദയത്തിന് ഈ പ്രതിസന്ധി വേദിയാകുമോ?കാലത്തിന്റെയും ഭാവിയുടെയും ഈ മഹാസന്ധിയിൽ, മനുഷ്യൻ തന്റെ സത്തയെ വീണ്ടെടുക്കാനുള്ള ആത്മപരിശോധന നടത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം, അറിവിന്റെയും അധികാരത്തിന്റെയും യന്ത്രങ്ങൾ തീർക്കുന്ന പുതിയൊരു അടിമത്തത്തിലേക്ക് മനുഷ്യസംസ്കാരം വഴിമാറിപ്പോകും എന്നത് അവിതർക്കമായ സത്യമത്രേ..!

 

അപൂര്‍ണ്ണതയുടെ ആനന്ദം, അതിജീവനത്തിന്റെ വഴി

ചുരുക്കിപ്പറഞ്ഞാല്‍, ബുദ്ധിയുടെയും അറിവിന്റെയും പുതിയൊരു ലോകത്തേക്കാണ് നാം കാലെടുത്തു വെച്ചിരിക്കുന്നത്. സൂപ്പർഇന്റലിജൻസ് എന്നത് കേവലം ഒരു സാങ്കേതിക നേട്ടം മാത്രമല്ല എന്നും അത് മനുഷ്യന്റെ നിലനിൽപ്പിനെത്തന്നെ ചോദ്യം ചെയ്യുന്ന ഒരു മഹാപരീക്ഷണമാണ് എന്നും ഇപ്പോള്‍ ഏവര്‍ക്കും വെളിപ്പെടുകയാണ്. അതേസമയം, ഇവിടെ ഇതിന് ഒരു ഗുണപരമായ ഒരു മറുവശവുമുണ്ട് എന്നത് വിസ്മരിക്കാനാകില്ല. വികസ്വര രാജ്യങ്ങളിലെ വിദ്യാഭ്യാസ രംഗത്തും, ആരോഗ്യ മേഖലയിലും, കാർഷിക പുരോഗതിയിലും എല്ലാം നിര്‍മ്മിതബുദ്ധി ഒരു അനുഗ്രഹമായി മാറാനുളള സാധ്യത തള്ളിക്കളയാനാകില്ല. ഡോക്ടർമാരുടെ സേവനം ലഭ്യമല്ലാത്ത ദൂരസ്ഥലങ്ങളിൽ രോഗനിർണ്ണയം നടത്താനും, ഓരോ വിദ്യാർത്ഥിയുടെയും പഠനരീതിക്ക് അനുയോജ്യമായ രീതിയിൽ അറിവ് പകർന്നുനൽകാനുമുളള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ശേഷി നേരത്തേ വിലയിരുത്തപ്പെട്ടിട്ടുളളതാണ്. അതുകൊണ്ട് തന്നെ ഈ സാങ്കേതികവിദ്യയെ പൂർണ്ണമായി നിരോധിക്കുകയല്ല, മറിച്ച് അതിനെ മനുഷ്യന്റെ നന്മയ്ക്കായി കൃത്യമായ നിയമക്കൂട്ടങ്ങൾക്കുള്ളിൽ ഒതുക്കുകയാണ് വേണ്ടത്. ബിൽ ഗേറ്റ്സ് ഓർമ്മിപ്പിക്കുന്നതുപോലെ, ഈ പരിവർത്തന കാലഘട്ടത്തെ നാം എങ്ങനെ നേരിടുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ഭൂമിയില്‍ മനുഷ്യന്റെ ഭാവി. യന്ത്രങ്ങൾ നമ്മുടെ യജമാനന്മാരായി മാറുന്ന ഒരു നിസ്സഹായ ഘട്ടത്തില്‍-ദുരന്ത ഘട്ടത്തില്‍ കാര്യങ്ങൾ എത്താതിരിക്കാൻ, മനുഷ്യന്റെ കൂട്ടായ ജാഗ്രതയും ശക്തമായ നിയമനിർമ്മാണങ്ങളും അടിയന്തിരമായി ആവശ്യമായിത്തീരുന്നു എന്നു കൂടിയാണ് അതിനര്‍ഥം. എന്ത് ചിന്തിക്കണം, എന്ത് എഴുതണം എന്ന് തീരുമാനിക്കുന്നത് ഒരു അൽഗൊരിതം ആകുമ്പോൾ, അവിടെ നമ്മുടെ വ്യക്തിത്വം ഇല്ലാതാകുന്നു. വായനയും എഴുത്തും ആഴമുള്ള ചിന്തകളും തിരിച്ചുപിടിക്കുക മാത്രമാണ് ഒരു മാര്‍ഗം.

മധുരം ഗായതിയില്‍ മനുഷ്യന്റെ അപൂർണ്ണതകളെ സ്നേഹിക്കുന്ന, അതിനായി യാചിക്കുന്ന യന്ത്രങ്ങളാണ് ഉളളത്. ചുരുക്കത്തില്‍ നമ്മുടെ അപൂര്‍ണ്ണതകളെ നമ്മള്‍ കൂടുതല്‍ സ്നേഹിക്കേണ്ട ഒരു ഘട്ടം കൂടിയാണിതെന്നു പറയാം. കൃത്രിമമായ തികവുകളേക്കാൾ മനോഹരമാണ് മനുഷ്യന്റെ ജൈവികമായ പോരായ്മകൾ എന്ന തിരിച്ചറിവിലേക്ക് ഉണരേണ്ടുന്ന മുഹൂര്‍ത്തം..!! പ്രകൃതിയോടും യഥാർത്ഥ ലോകത്തോടും കൂടുതല്‍ ഇണങ്ങിനിൽക്കാനും ഡിജിറ്റൽ സ്ക്രീനുകളിൽ നിന്ന് അല്പം മാറി, മണ്ണുമായും മനുഷ്യരുമായും നേരിട്ടുള്ള ബന്ധങ്ങൾ കൂടുതല്‍ സ്ഥാപിക്കാനും ഈ ‘യന്ത്രിമ’യുടെ ലോകം നമ്മളെ കൂടുതലായി പ്രേരിപ്പിക്കാതിരിക്കില്ല. സർഗാത്മകതയുടെ പുതിയ ഉറവകളും അതിജീവനത്തിന്റെ പുതിയ പാതകളും അങ്ങനെ കൂടുതല്‍ തെളിയുമെന്ന് പ്രത്യാശിക്കാം.

About Author

രഘുനാഥന്‍ പറളി

നിരൂപകന്‍, വിവര്‍ത്തകന്‍, എഡിറ്റര്‍, പ്രഭാഷകന്‍, ഗ്രന്ഥകര്‍ത്താവ്‌. 1974 മെയ്‌ 28ന്‌ പാലക്കാട്‌ ജില്ലയിലെ പറളിയില്‍ ജനിച്ചു. ദര്‍ശനങ്ങളുടെ മഹാവിപിനം, ഭാവിയുടെ ഭാവന, ചരിത്രം എന്ന ബലിപീഠം, മൗനം എന്ന രാഷ്ട്രിയ രചന (വാക്കുകൾ സാക്ഷ്യങ്ങള്‍), സെല്ലുലോയ്ഡിലെ ചില്ലുപടവുകള്‍ (സിനിമ) എന്നിവയാണ്‌ പ്രസിദ്ധീകരിച്ച പ്രധാന നിരൂപണ കൃതികള്‍. 'സ്ഥലം ജലം കാലം' എന്ന പുസ്തകം ആത്മകഥാംശമുള്ള നിരൂപണ കൃതിയാണ്‌. ഡ്രീനാ നദിയിലെ പാലം, പെനാള്‍ട്ടി കാക്കുന്ന ഗോളിയുടെ ഉദ്വേഗം, ജീവിതത്തിലെ ഒരു ദിവസം എന്നീ കൃതികള്‍ (കെ.പി രാജേഷുമൊത്ത്‌) മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌. സി.പി രാമചന്ദ്രൻ-സംഭാഷണം, സ്മരണ, ലേഖനം (മലയാളിയായ പ്രമുഖ ഇംഗ്ലീഷ്‌ പത്രപ്രവര്‍ത്തകന്‍ സി.പി രാമചന്ദ്രനെക്കുറിച്ചുളള പുസ്തകം), വിശ്വോത്തര കഥകൾ- രാഷ്ട്രിയ കൊലപാതകങ്ങൾ എന്നീ കൃതികളുടെ എഡിറ്റര്‍ ആണ്‌.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

0
Would love your thoughts, please comment.x
()
x