A Unique Multilingual Media Platform

Articles History National Policy Politics Protest

പ്രധാന്റെ രാജിക്കപ്പുറം ജന്തർ മന്തറിലെ യുവസമരം നൽകുന്ന ജനാധിപത്യ- ചരിത്ര പാഠങ്ങൾ

  • July 27, 2026
  • 1 min read
പ്രധാന്റെ രാജിക്കപ്പുറം ജന്തർ മന്തറിലെ യുവസമരം നൽകുന്ന ജനാധിപത്യ- ചരിത്ര പാഠങ്ങൾ

മന്ത്രിമാർ മുൻപും രാജി വെച്ചിട്ടുണ്ട്. ഗവൺമെന്റുകൾ ജനകീയ സമ്മർദ്ദങ്ങൾക്ക് മുമ്പിൽ മുൻപും വഴങ്ങിയിട്ടുണ്ട്. എന്നാൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിക്ക് ഇത്തരം സ്ഥിതിവിവര കഥനങ്ങൾക്ക് അപ്പുറത്തുള്ള  കൂടിയ  പ്രാധാന്യമുണ്ട്. ആ രാജിക്ക് കാരണമായ ജനാധിപത്യ പ്രക്രിയയിലാണ്, ആ പ്രക്രിയ തുറന്നിട്ട പുതിയ രാഷ്ട്രീയ സാധ്യതകളിലാണ് ആ പ്രാധാന്യം ഉൾക്കൊണ്ടിരിക്കുന്നത്.

ഡൽഹിയിൽ നാല് പതിറ്റാണ്ടിലേറെയായി  മാധ്യമപ്രവർത്തനം നടത്തുന്ന ഒരാളെന്ന നിലയിൽ, ഇന്ത്യൻ രാഷ്ട്രീയത്തെ മാറ്റിയെഴുതിയ മുൻകാല ജനകീയ മുന്നേറ്റങ്ങളുടെ പശ്ചാത്തലത്തിൽ മാത്രമേ എനിക്ക് നിലവിലെ ഈ പ്രക്ഷോഭത്തെയും നോക്കിക്കാണാനാകൂ. അത്തരം ഓരോ മുന്നേറ്റങ്ങളും രൂപപ്പെട്ടത് ന്യായമായ ജനകീയ പ്രശ്നങ്ങളിൽ നിന്നുതന്നെയാണ്. അവയെല്ലാം ദേശീയ രാഷ്ട്രീയ വ്യവഹാരങ്ങളെ മാറ്റിമറിക്കുകയും ചെയ്തു. എന്നാൽ അവയെല്ലാം ദീർഘകാലാടിസ്ഥാനത്തിൽ ജനാധിപത്യ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തിയോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെയാണ് പറയേണ്ടി വരിക. ചിലതെങ്കിലും അവയുടെ യഥാർത്ഥവും പ്രഖ്യാപിതവുമായ ലക്ഷ്യങ്ങളിൽ നിന്നും വ്യതിചലിച്ച്, തികച്ചും വിപരീതമായ രാഷ്ട്രീയ പ്രത്യയശാസ്ത്രമുള്ള പ്രതിലോമ ശക്തികളെ ഊട്ടിയുറപ്പിക്കുന്നതിലേക്കാണ് എത്തിച്ചേർന്നത്.

ചരിത്രം നൽകുന്ന മുന്നറിയിപ്പുകൾ

ഇതിലെ ആദ്യത്തെ വലിയ ഉദാഹരണമാണ് 1980-കളുടെ അവസാനത്തിൽ വി.പി. സിംഗിന്റെ നേതൃത്വത്തിൽ നടന്ന അഴിമതിവിരുദ്ധ സമരങ്ങളുടെ മുന്നേറ്റം. രാജീവ് ഗാന്ധി സർക്കാരിനെതിരായ ഒരു പ്രധാന പോരാട്ടമായി ബോഫോഴ്സ് തോക്ക് കേസും എച്ച് ഡീ ഡബ്ലിയു അന്തർവാഹിനി കേസും അവയ്ക്ക് ആധാരമായ അഴിമതിയും  മാറി. 1989-ലെ രാഷ്ട്രീയ കോളിളക്കങ്ങളിലേക്കും  അത് വർഷം രാജീവ് ഗാന്ധി നയിച്ച കോൺഗ്രസ് സർക്കാരിൻറെ തിരഞ്ഞെടുപ്പ് തോൽവിയിലേക്കും അത് നയിച്ചു.. അഴിമതിക്കും അധികാര ദുർവിനിയോഗത്തിനും എതിരായ ജനരോഷത്തിൽ നിന്നാണ് ആ പ്രസ്ഥാനം ശക്തി പ്രാപിച്ചത്.

വി പി സിംഗ്

എന്നാൽ, ആ ജനാധിപത്യ പ്രക്ഷോഭങ്ങൾ കൊടുമ്പിരികൊള്ളുന്നതിനിടയിൽ തന്നെ മറ്റൊരു രാഷ്ട്രീയ പ്രവാഹം സമാന്തരമായി ശക്തി പ്രാപിക്കുന്നുണ്ടായിരുന്നു ; സംഘപരിവാർ മുന്നോട്ടു നീക്കിയ തീവ്ര ഹിന്ദുത്വ രാഷ്ട്രീയം.  1980കളുടെ അവസാനത്തിലും 1990 കളിലും ആയികോൺഗ്രസ് വിരുദ്ധ രാഷ്ട്രീയ ഇടത്തിൽ ശ്രീരാമൻ എന്ന ബിംബത്തെയുംഅയോധ്യ ക്ഷേത്ര നഗരത്തെയും പ്രതിഷ്ഠിക്കാനുള്ള ആ സംഘപരിവാർ ശ്രമം ക്രമേണ മുന്നേറിയാണ് ഇപ്പോൾ ഇന്ത്യ കടന്നു പോകുന്ന ഹിന്ദുത്വ ഫാസിസ്റ്റ് അധീശത്വം സ്ഥാപിതമാവുന്നത്.   സർക്കാരിന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും മതപരമായ വ്യക്തിത്വങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളിലേക്ക് രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദു മാറ്റാൻ ഈ അധീശത്വ കാലത്ത് സംഘപരിവാറിന് കഴിഞ്ഞിട്ടുണ്ട് . ഒരു പ്രസ്ഥാനം തുറന്നിട്ട ജനാധിപത്യപരമായ സാധ്യതകളെ, തികച്ചും വ്യത്യസ്തമായ പ്രത്യയശാസ്ത്ര ലക്ഷ്യങ്ങളുള്ള മറ്റൊരു പ്രസ്ഥാനം എങ്ങനെയാണ് ഹൈജാക്ക് ചെയ്യുന്നത് എന്ന് 1992-ലെ ബാബറി മസ്ജിദ് തകർക്കൽ നമുക്ക് കാട്ടിത്തന്നു.

ബാബ്റി മസ്ജിദ്

രണ്ടാമത്തെ വഴിത്തിരിവ് സംഭവിക്കുന്നത് രണ്ടായിരങ്ങളുടെ ആദ്യ ദശകത്തിൽ അഴിമതിക്കെതിരെ നടന്ന അണ്ണാ ഹസാരെ പ്രസ്ഥാനത്തിലൂടെയാണ്. അന്നും ലക്ഷക്കണക്കിന് സാധാരണ പൗരന്മാർ, പ്രത്യേകിച്ച് നഗരങ്ങളിലെ യുവാക്കൾ, ഭരണസംവിധാനത്തെ ശുദ്ധീകരിക്കാനുള്ള പോരാട്ടത്തിൽ പങ്കാളികളാവുകയാണെന്ന വിശ്വാസത്തോടെ പൊതുരംഗത്തേക്ക് കടന്നുവന്നു. ആ മുന്നേറ്റം നിസ്സംശയമായും പുതിയൊരു രാഷ്ട്രീയ ഊർജ്ജം സൃഷ്ടിക്കുകയും പിന്നീട് ആം ആദ്മി പാർട്ടിയുടെ ഉദയത്തിന് കാരണമാവുകയും ചെയ്തു. എന്നാൽ യു.പി.എ സർക്കാരിനെതിരായ സംഘപരിവാറിന്റെ വിശാലമായ പ്രചാരണങ്ങൾക്ക് വളക്കൂറുള്ള മണ്ണായും ഇതുമാറി. അഴിമതിക്കെതിരായ ആ പോരാട്ടം, 2014-ലെ ബി.ജെ.പിയുടെ വൻ വിജയത്തിന് കളമൊരുക്കുകയും ചെയ്തു. പ്രക്ഷോഭത്തിന് തുടക്കമിട്ടവരുടെ ജനാധിപത്യപരമായ അഭിലാഷങ്ങളെല്ലാം പിന്നീട് ഭൂരിപക്ഷ രാഷ്ട്രീയത്തിന്റെ ഏകീകരണത്തിൽ നിഷ്പ്രഭമായിപ്പോയി.

ഉപവാസം അവസാനിപ്പിച്ചതിന് ശേഷം അണ്ണാ ഹസാരെ. (28 ഓഗസ്റ്റ് 2011).

ഈ ചരിത്രാനുഭവങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്, കാരണം അവ വീണ്ടും വീണ്ടും നമ്മെ ഓർമ്മിപ്പിക്കുന്ന ഒരു പാഠമുണ്ട്. ബഹുജന ജനാധിപത്യ മുന്നേറ്റങ്ങളെ ഒരിക്കലും അത് തുടങ്ങിവെച്ചവർക്ക് മാത്രമായി രൂപപ്പെടുത്താനാവില്ല. അവ ദേശീയതലത്തിൽ ശ്രദ്ധ നേടിക്കഴിഞ്ഞാൽ, മത്സരിക്കുന്ന മറ്റ് രാഷ്ട്രീയ ശക്തികൾ അവരുടെ സ്വന്തം പ്രത്യയശാസ്ത്രപരവും തിരഞ്ഞെടുപ്പ് ലക്ഷ്യങ്ങൾക്കുമായി ആ ഊർജ്ജത്തെ തിരിച്ചുവിടാൻ ശ്രമിക്കും. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ ഇടപെടാനും, ജനകീയ അസംതൃപ്തികളെ ഉൾക്കൊണ്ട് തങ്ങളുടെ രാഷ്ട്രീയ അജണ്ടകൾക്കനുസരിച്ച് അതിനെ പുനർനിർമ്മിക്കാനുമുള്ള അസാമാന്യമായ സംഘടനാപരമായ കഴിവ് സംഘപരിവാർ പലതവണ തെളിയിച്ചിട്ടുള്ളതാണ്.

മാറിമറിയുന്ന രാഷ്ട്രീയ ചിത്രം

ഈ ചരിത്ര പശ്ചാത്തലത്തിൽ വേണം ഇപ്പോഴത്തെ യുവജന മുന്നേറ്റങ്ങളെ  നോക്കിക്കാണാൻ. മുൻകാല പ്രക്ഷോഭങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഈ മുന്നേറ്റം ആരംഭിച്ചത് നിലവിലുള്ള രാഷ്ട്രീയ പാർട്ടികളുടെയോ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട വ്യക്തികളുടെയോ നേതൃത്വത്തിലല്ല. പരീക്ഷാ നടത്തിപ്പിലെ തുടർച്ചയായ അഡ്മിനിസ്ട്രേറ്റീവ് പരാജയങ്ങൾ, ചോദ്യപേപ്പർ ചോർച്ച,  തൊഴിലവസരങ്ങളുടെ ഗണ്യമായ കുറവ്, വർദ്ധിച്ചുവരുന്ന ഭരണഘടനാ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമില്ലായ്മ എന്നീ ജീവിതാവസ്ഥകളെ നേരിടുന്ന യുവാക്കളുടെ അനുഭവങ്ങളിൽ നിന്നാണ് അത് ഉയർന്നുവന്നത്. പരമ്പരാഗത പാർട്ടി സംവിധാനങ്ങൾക്ക് പകരം ഡിജിറ്റൽ ആശയവിനിമയങ്ങളിലൂടെയും, താഴെത്തട്ടിലുള്ള നിരന്തരമായ കൂട്ടായ്മകളിലൂടെയുമാണ് ഈ പ്രക്ഷോഭം വളർന്നത്.

അതുകൊണ്ടുതന്നെ ധർമ്മേന്ദ്ര പ്രധാന്റെ രാജി കേവലമൊരു മന്ത്രിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കൽ മാത്രമല്ല. നിരന്തരമായ ജനാധിപത്യ പ്രക്ഷോഭങ്ങൾക്ക് ജനകീയ സമ്മർദ്ദങ്ങളോട് പ്രതികരിക്കാൻ സർക്കാരുകളെ നിർബന്ധിതരാക്കാൻ കഴിയുമെന്ന തത്വമാണ്, താൽക്കാലികമായിട്ടാണെങ്കിൽ പോലും, ഇത് അടിവരയിടുന്നത്. സമീപകാലത്തായി, ഭരണകക്ഷിയുടെ ഭൂരിപക്ഷത്തിന് മുന്നിൽ സർക്കാരിന്റെ ഉത്തരവാദിത്തം എന്നൊന്ന് ഇല്ലാതായിത്തീർന്നുവെന്ന തോന്നലുണ്ടായിരുന്നു. ആ ധാരണയെയാണ് ഈ മുന്നേറ്റം ചോദ്യം ചെയ്തത്.

ധർമേന്ദ്ര പ്രധാൻ

സംഖ്യകൾ കൊണ്ട് അളക്കാനാവാത്ത, എന്നാൽ അവഗണിക്കാനാവാത്ത ഒരു മാനസിക മാറ്റവും ഇതോടൊപ്പം സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി, ഭയത്തിന്റെ അന്തരീക്ഷത്തിൽ പൊതിഞ്ഞ ഒരു രാഷ്ട്രീയ അജയ്യതയുടെ പ്രതിച്ഛായ മോദി സർക്കാർ വളർത്തിയെടുത്തിരുന്നു. പ്രത്യേകിച്ചും നരേന്ദ്ര മോദി ക വ്യക്തിത്വത്തിന്റെ അടിസ്ഥാനത്തിൽ. ആ പരിവേഷം ഇപ്പോൾ മങ്ങിത്തുടങ്ങി എന്ന് നിസംശയം പറയാവുന്ന ഒരു സാഹചര്യം കോക്രോച്ച് ജനതാ പാർട്ടിയുടെ ( സി  ജെ പി ) ജന്തർ മന്തർ സമരവും അതോടൊപ്പം ജെൻ സീ അഴിച്ചുവിട്ട പ്രചണ്ഡം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന സാമൂഹിക മാധ്യമ ക്യാമ്പയിനും ഉണ്ടാക്കിയെടുത്തിട്ടുണ്ട്.

ഒരു കാലത്ത് പൊതുജനങ്ങളുടെ പരിഹാസത്തിന് അതീതനാണെന്ന് തോന്നിപ്പിച്ചിരുന്ന പ്രധാനമന്ത്രി, ഇന്ന് സോഷ്യൽ മീഡിയയിലെ ഹാസ്യങ്ങൾക്കും ട്രോളുകൾക്കും നിരന്തരം ഇരയാകുന്നു. അദ്ദേഹം വളരെ ശ്രദ്ധയോടെ തയ്യാറാക്കുന്ന അർദ്ധരാത്രിയിലെ സെൽഫി വീഡിയോകൾ പോലും കണ്ണുമടച്ചുള്ള ആരാധനയ്ക്ക് പകരം വ്യാപകമായ ട്രോളുകളാണ് ഏറ്റുവാങ്ങുന്നത്. സർക്കാരുകൾ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമ്പോൾ മാത്രമല്ല, അധികാരത്തിലുള്ളവരോടുള്ള ജനങ്ങളുടെ ഭയം ഇല്ലാതാകുമ്പോഴും ജനാധിപത്യം മാറുന്നുണ്ട്. പൊതുസമൂഹത്തിന്റെ മനോഭാവത്തിലുണ്ടായ ഈ മാറ്റത്തിന് സി ജെ പീ പ്രക്ഷോഭങ്ങൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ അഭിസംബോധനയിൽ നിന്നുള്ള ഒരു ദൃശ്യം.

ഒരു പുതുതലമുറയ്ക്ക് ലഭിച്ച നൂതനവും ക്രിയാത്മകവുമായ രാഷ്ട്രീയ വിദ്യാഭ്യാസം എന്ന നിലയിലും ഇതിന് വലിയ പ്രാധാന്യമുണ്ട്. ദശലക്ഷക്കണക്കിന് വരുന്ന യുവ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം, ജനാധിപത്യ രാഷ്ട്രീയവുമായുള്ള അവരുടെ ആദ്യത്തെ ശ്രദ്ധേയമായ ഇടപെടലാണിത്. പോലീസിന്റെ അടിച്ചമർത്തലുകളും അറസ്റ്റുകളും ഭീഷണികളും ഭരണകൂടത്തിന്റെ ശത്രുതയും അവർ നേരിട്ടു. അതോടൊപ്പം, കൂട്ടായ ജനാധിപത്യ പ്രവർത്തനങ്ങൾക്ക് വ്യക്തമായ രാഷ്ട്രീയ ഫലങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്നും അവർ തിരിച്ചറിഞ്ഞു. ആ തിരിച്ചറിവ്, സർക്കാരിൽ നിന്നും അധികാരികളിൽ നിന്നും പെട്ടെന്നുണ്ടാകുന്ന ഏതൊരു ഭരണപരമായ  നടപടികളെക്കാളും നയപരമായ ഇളവുകളേക്കാളും ദീർഘകാലം നിലനിൽക്കുന്ന ഒന്നായിരിക്കും.

പരീക്ഷാ നടത്തിപ്പിലെ പ്രതിസന്ധി എന്നത് ആഴത്തിലുള്ള ഘടനാപരമായ ആശങ്കകളുടെ പുറമെ കാണുന്ന ഒരു മുഖം മാത്രമാണ്. ഈ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ, തൊഴിലില്ലായ്മ, അരക്ഷിതമായ തൊഴിൽ സാഹചര്യങ്ങൾ, വിദ്യാഭ്യാസ മേഖലയിലെ കുറഞ്ഞുവരുന്ന സർക്കാർ നിക്ഷേപങ്ങൾ, വർദ്ധിച്ചുവരുന്ന അസമത്വം, മികച്ച സാമ്പത്തിക വളർച്ചയുണ്ടെന്ന് അവകാശപ്പെടുമ്പോഴും മതിയായ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ട സമ്പദ്‌വ്യവസ്ഥ എന്നിവ നേരിടുന്ന ഒരു തലമുറയുണ്ട്.

വിദ്യാസമ്പന്നരായ യുവാക്കളുടെ ഈ നിരാശ വർഷങ്ങളായി കെട്ടിക്കിടക്കുന്നതാണ്. അതുകൊണ്ട് തന്നെയാണ് ചോദ്യപേപ്പർ ചോർച്ച ഈ പ്രക്ഷോഭത്തിന്റെ  ഒരു തീപ്പൊരിയായി മാറിയത്.

വിദ്യാഭ്യാസ സംബന്ധിയായ വിഷയങ്ങൾക്കും അപ്പുറത്തേക്ക് ഈ മുന്നേറ്റം ഇപ്പോൾ വ്യാപിച്ചിരിക്കുന്നു. ജനാധിപത്യ അവകാശങ്ങൾ, ഭരണഘടനയില് അധിഷ്ഠിതമായ ഭരണ വ്യവഹാര സമ്പ്രദായം , തുല്യ പൗരത്വം തുടങ്ങിയ ചോദ്യങ്ങൾ കൂടുതലായി കടന്നുവന്നിരിക്കുന്നു. ഭരണകൂടത്തിന്റെ ഏകപക്ഷീയമായ നടപടികൾക്കെതിരെയുള്ള എതിർപ്പ്, തിരഞ്ഞെടുപ്പ് പ്രക്രിയകളെക്കുറിച്ചുള്ള ആശങ്കകൾ, വർഗീയ ധ്രുവീകരണ ശ്രമങ്ങൾക്കെതിരെയുള്ള ചെറുത്തുനിൽപ്പ് എന്നിവയെല്ലാം വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കായുള്ള ആവശ്യങ്ങൾക്കൊപ്പം തന്നെ ഉയരുകയാണ്.

ഇതിലൂടെ, ഭരണപരമായ പരാജയങ്ങളെ ജനാധിപത്യ സ്ഥാപനങ്ങളുടെ ആരോഗ്യത്തിൽ നിന്ന് വേർതിരിച്ച് കാണാനാകില്ല എന്ന അടിസ്ഥാന ജനാധിപത്യ സത്യത്തെയും തത്വത്തെയും ഈ പ്രക്ഷോഭങ്ങൾ അടിവരയിട്ടുറപ്പിക്കുന്നു. അജണ്ടകളുടെ ഈ വിശാലതയാണ് മോദി – സംഘപരിവാർ ഭരണകൂടത്തെ അസ്വസ്ഥമാക്കുന്നതും. ഇത് ഇപ്പോൾ കേവലം പരീക്ഷാനടത്തിപ്പുകളിലെ സുതാര്യതയെ മാത്രം സംഖന്ധിക്കുന്ന പോരാട്ടമല്ല. ഇത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വബോധത്തെ തന്നെ ചോദ്യം ചെയ്യുന്ന പോരാട്ടമാണ്.

ന്യൂഡൽഹിയിലെ ജന്തർമന്തറിൽ നടന്ന പ്രതിഷേധത്തിനിടെ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) അനുകൂലികൾ മുദ്രാവാക്യം വിളിക്കുന്നു. (24 ജൂലൈ 2026).

വരാനിരിക്കുന്ന വെല്ലുവിളികൾ

എന്നിരുന്നാലും, ചരിത്രം നമുക്കൊരു മുന്നറിയിപ്പ് നൽകുന്നുണ്ട്. സമകാലിക ഇന്ത്യയിലെ ഓരോ പ്രധാന ജനാധിപത്യ മുന്നേറ്റങ്ങളെയും വഴിതിരിച്ചുവിടാനുള്ള സംഘടിത ശ്രമങ്ങൾ എക്കാലത്തും ഉണ്ടായിട്ടുണ്ട്. സമീപകാലത്ത് വർഗീയ ധ്രുവീകരണത്തിലൂടെ സംഘപരിവാർ ആവർത്തിച്ച് പ്രയോഗിച്ചു വിജയം അടയാളപ്പെടുത്തിയിട്ടുള്ളതാണ് ആ വഴിതിരിച്ചുവിടൽ പദ്ധതികൾ . ചിലപ്പോൾ അതിദേശീയതയിലൂടെയും. മറ്റുചിലപ്പോൾ സങ്കീർണ്ണമായ ജനാധിപത്യ ആവശ്യങ്ങളെ കേവലമായ തിരഞ്ഞെടുപ്പ് കണക്കുകൂട്ടലുകളിലേക്ക് ചുരുക്കിക്കൊണ്ടുമാണ് സംഘപരിവാർ ഈ പരിപാടി മുന്നോട്ട് നീക്കിയിരുന്നത് .

അത്തരം പരിവർത്തന ഘട്ടങ്ങളിൽ ഇടപെടാനും, പൊതുജനങ്ങളുടെ കോപത്തെ ജനാധിപത്യത്തെ ആഴത്തിലാക്കുന്നതിന് പകരം തങ്ങളുടെ പ്രത്യയശാസ്ത്രപരമായ ഏകീകരണത്തിലേക്ക് തിരിച്ചുവിടാനുമുള്ള കഴിവ് സംഘപരിവാർ പലതവണ കാണിച്ച് തന്നിട്ടുള്ളതാണ്. നിലവിലെ പ്രക്ഷോഭങ്ങളും അനിവാര്യമായും ഇത്തരം  സംഘപരിവാർ സമ്മർദ്ദങ്ങളും വെല്ലുവിളികളും  നേരിടേണ്ടി വരും. വർഗീയ ധ്രുവീകരണ ശ്രമങ്ങൾ, പാകിസ്ഥാൻ- ചൈന സൈനിക ഭീഷണികൾ , തീവ്രവാദം , മറ്റുതരത്തിലുള്ള വിഭാഗീയതകൾ ഇങ്ങനെയുള്ള   പരിചിതവും അപരിചിതവുമായ വിഭജനരേഖകളിലേക്ക് പൊതുചർച്ചകളെ തിരിച്ചുവിടാനുള്ള സംഘപരിവാർ ശ്രമങ്ങൾ ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല.

ഇത്തരം  ശ്രമങ്ങളെ ഒറ്റപ്പെട്ട രാഷ്ട്രീയ പ്രതികരണങ്ങളായല്ല, മറിച്ച് ചരിത്രപരമായി കണ്ടുപരിചയിച്ച ഭിന്നിപ്പിന്റെ തന്ത്രങ്ങളായി തന്നെ സിജെപിയും അവരോടൊപ്പം ഉള്ള മതനിരപേക്ഷ ശക്തികളും മനസ്സിലാക്കേണ്ടതുണ്ട്. ഇത്തരം വഴിതെറ്റിക്കലുകളെ ചെറുക്കാനും ഭരണഘടനാ മൂല്യങ്ങളിൽ ഉറച്ചുനിൽക്കാനുമുള്ള കഴിവിലായിരിക്കും ഈ പ്രക്ഷോഭത്തിന്റെ ജനാധിപത്യ സ്വഭാവത്തിൻ്റ നിലനിൽപ്പ്.

2026 ജൂലൈ 22-ന് ജന്തർമന്തറിൽ നടന്ന സിജെപി പ്രതിഷേധം.

മുഖ്യധാരാ മാധ്യമങ്ങളുമായുള്ള ഈ പ്രക്ഷോഭങ്ങളുടെ ബന്ധം എടുത്തുപറയേണ്ട മറ്റൊരു സവിശേഷതയാണ്. മുഖ്യധാരാ മാധ്യമങ്ങളിൽ വലിയൊരു വിഭാഗം ഈ മുന്നേറ്റത്തെ പൂർണ്ണമായും അവഗണിക്കുകയോ അല്ലെങ്കിൽ ചില ഒറ്റപ്പെട്ട സംഘർഷങ്ങൾ മാത്രമായി ചുരുക്കിക്കാണിക്കുകയോ ചെയ്തു. എന്നിട്ടും, രാജ്യവ്യാപകമായി ഐക്യദാർഢ്യം കെട്ടിപ്പടുക്കാനും, ഭരണകൂടത്തിന്റെ നടപടികൾ രേഖപ്പെടുത്താനും ദശലക്ഷക്കണക്കിന് പൗരന്മാരുമായി നേരിട്ട് ആശയവിനിമയം നടത്താനും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ പ്രക്ഷോഭകരെ സഹായിച്ചു.

സമകാലിക ഇന്ത്യയിലെ ജനാധിപത്യ മുന്നേറ്റങ്ങൾക്ക് സ്വതന്ത്ര പത്രപ്രവർത്തനവും വികേന്ദ്രീകൃത ആശയവിനിമയ സംവിധാനങ്ങളും എത്രത്തോളം അനിവാര്യമാണെന്ന് ഈ സംഭവം ഒരിക്കൽക്കൂടി തെളിയിക്കുന്നു.

ഇനി ഉയർന്നുവരുന്ന ചോദ്യങ്ങൾ അനിവാര്യമായും രാഷ്ട്രീയ സ്വഭാവമുള്ളവയാണ്.

  • ഈ മുന്നേറ്റം ഒരു സംഘടിത രാഷ്ട്രീയ വേദിയായി മാറണമോ?
  • അതോ വിഷയങ്ങൾ അടിസ്ഥാനമാക്കിയുള്ള ഒരു ജനാധിപത്യ സഖ്യമായി തുടരണമോ?
  • നിലവിലുള്ള പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമാകാതെ തന്നെ അതിനെ പുനർനിർമ്മിക്കാൻ ഈ പ്രക്ഷോഭത്തിന് കഴിയുമോ?

ഇവയൊന്നും പ്രക്ഷോഭത്തിന്റെ ചൂടിൽ നിൽക്കുമ്പോൾ പെട്ടെന്ന് ഉത്തരം കണ്ടെത്താൻ കഴിയുന്ന ചോദ്യങ്ങളല്ല. അവയ്ക്ക് വളരെ ശ്രദ്ധയോടെയുള്ള ജനാധിപത്യപരമായ ചർച്ചകൾ ആവശ്യമാണ്.

അതേസമയം, പ്രക്ഷോഭകരുടെ ഇടയിൽ നിന്നുതന്നെ ഉയർന്നുവന്ന ഒരു മുന്നറിയിപ്പും തുല്യശ്രദ്ധ അർഹിക്കുന്നുണ്ട്. ഏതെങ്കിലും ഒരു വ്യക്തിയെ ഈ പോരാട്ടത്തിന്റെ മുഖമായി ഉയർത്തിക്കാട്ടുന്നതിനെതിരെ സി je പി വിദ്യാർത്ഥി നേതാവ് അഭിജിത്ത് ഡിപ്‌കെ മുന്നറിയിപ്പ് നൽകിയത് ഇങ്ങനെയാണ്: “ഒരാളെ മഹാ നായകനാക്കിയതുകൊണ്ടുള്ള ദുരിതമാണ് നാം (അതായത് ഇന്ത്യൻ ജനത) ഇന്ന് അനുഭവിക്കുന്നത്.” ജനാധിപത്യ പ്രാധാന്യമുള്ള വളരെ ഋജുവും  ലളിതവുമായ ഒരു നിരീക്ഷണമാണിത്.


ജനകീയ മുന്നേറ്റങ്ങൾ എക്കാലത്തും നിലനിൽക്കേണ്ട സ്ഥാപനങ്ങൾക്ക് അനിവാര്യമായ ജനാധിപത്യ മര്യാദകൾക്ക് അപ്പുറം ചില കരിസ്മാറ്റിക് വ്യക്തിത്വങ്ങളിൽ ഒതുങ്ങിപ്പോകുന്നത് സ്വതന്ത്ര ഇന്ത്യ പലതവണ കണ്ടിട്ടുള്ളതാണ്. ഈ മുന്നേറ്റം ശാശ്വതമായ ഒരു ജനാധിപത്യ പൈതൃകം അവശേഷിപ്പിക്കണമെങ്കിൽ, ആ പ്രലോഭനത്തെ അത് തീർച്ചയായും ചെറുക്കണം. കൂട്ടായ നേതൃത്വത്തിലും, വികേന്ദ്രീകൃതമായ സംഘടനാ സംവിധാനത്തിലും, ഭരണഘടനാ മൂല്യങ്ങളോടുള്ള പങ്കാളിത്തത്തിലുമാണ് ഈ പ്രക്ഷോഭത്തിന്റെ ശക്തി കുടികൊള്ളുന്നത്.


ധർമ്മേന്ദ്ര പ്രധാന്റെ രാജി ഒരു പ്രക്ഷോഭത്തിന്റെ അവസാനമല്ല. പുതിയൊരു ജനാധിപത്യ ഘട്ടത്തിന്റെ തുടക്കമാണത്. ആ പുതിയ ഘട്ടം ആത്യന്തികമായി ഇന്ത്യയുടെ ഭരണഘടനാപരമായ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമോ, അതോ ഭൂരിപക്ഷ ഏകീകരണത്തിന് ശ്രമിക്കുന്ന ശക്തികൾ വശത്താക്കുന്ന മറ്റൊരു നിമിഷമായി മാറുമോ എന്നത് ഈ തലമുറയുടെ വിജയത്തെ ആശ്രയിച്ചിരിക്കും. മുൻകാല ജനാധിപത്യ പ്രക്ഷോഭങ്ങൾ പതറിപ്പോയിടത്ത് ഈ തലമുറ വിജയിക്കേണ്ടതുണ്ട്. അത് വർഗീയ ധ്രുവീകരണത്തിന്റെ രാഷ്ട്രീയത്തിലേക്ക് വ്യതിചലിക്കാൻ അനുവദിക്കാതെയും, ഒരു വ്യക്തിപൂജയ്ക്ക് പകരം മറ്റൊന്നിനെ പ്രതിഷ്ഠിക്കാതെയും അധികാരത്തോടുള്ള ഉത്തരവാദിത്തത്തിന് വേണ്ടിയുള്ള പോരാട്ടം നിലനിർത്തുക എന്നതാണ്.

ഇന്ത്യയിലെ യുവതയ്ക്ക് മുന്നിൽ ചരിത്രം വെച്ചിരിക്കുന്ന യഥാർത്ഥ പരീക്ഷണം അതാണ്.

About Author

വെങ്കിടേഷ് രാമകൃഷ്ണൻ

ദി ഐഡം മാനേജിങ് എഡിറ്ററും സി.എം.ഡിയും. 'ഫ്രണ്ട് ലൈൻ' സീനിയർ അസ്സോസിയേറ്റ് എഡിറ്റർ ആയി പ്രവർത്തിച്ചു. ദീഘകാലം രാഷ്ട്രീയ നിരീക്ഷണ-മാധ്യമ പ്രവർത്തകനായി ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തനം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

0
Would love your thoughts, please comment.x
()
x