കോടതിയും നീതി കേഴുന്ന പൊന്നാനി
ഭാരതീയ നാഗരീകതയുടെ സ്മരണാ ബിംബമായ (reminiscence icon) നളന്ദയെ പൊന്നാനിയുമായി ബന്ധിപ്പിക്കുന്ന ഒരു ഘടകമുണ്ട്. 1799 ൽ ടിപ്പുവിനെ വധിച്ച ശേഷം ഇന്ത്യ ഇനി തങ്ങളുടേതായി ആശ്വസിച്ച വൈസ്രോയി വെല്ലസ്‌ലി 1800 ൽ സ്കോട്ടിഷ് സർവ്വെയർ ഫ്രാൻസിസ് ബുക്കാനെ പൊന്നാനി സർവ്വേ ചെയ്യുവാൻ ഏൽപ്പിച്ചു. ബുക്കാനൻ പൊന്നാനി സന്ദർശിച്ച് പതിനൊന്ന് വർഷം കഴിഞ്ഞാണ് നളന്ദയുടെ സർവ്വേ രേഖപ്പെടുത്തിയത്.
ആർക്കിയോളിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സ്ഥാപകൻ അലക്സാണ്ടർ കണ്ണിംഗ്ഹാം പിന്നെയും അമ്പത് വർഷം കഴിഞ്ഞാണ് ഏഴാം നൂറ്റാണ്ടിലെ ചൈനീസ് സഞ്ചാരി Xuanzang ൻ്റെ പരാമർശത്തിലെ നളന്ദയാണ് ബുക്കാനൻ രേഖപ്പെടുത്തിയതെന്ന് 1861ൽ ക്രോസ് റഫറൻസ് ചെയ്തെടുത്തത്. പിന്നെയും അമ്പത് വർഷമെടുത്ത് 1915 ലാണ് ഡിബി സ്പൂണറുടെ സംഘം എക്‌സകവേഷൻ ചെയ്ത് നളന്ദയെ പുറത്തെടുക്കുന്നത്.
ചുരുക്കത്തിൽ പൊന്നാനിയിൽ ബുക്കാനൻ സർവ്വേ ചെയ്ത് ഒരു നൂറ്റാണ്ട് കഴിഞ്ഞാണ് (115 വർഷം) നളന്ദ ചരിത്രത്തിലെത്തിയത്. അതായത്, അത്രയും വിദഗ്ധനായിരുന്ന ബുക്കാനനെയാണ് പൊന്നാനിയുടെ സർവ്വേ ഏൽപിച്ചത്.
ബംഗാളിലെ ഏഷ്യാറ്റിക് സൊസൈറ്റി രൂപീകരിച്ച 1784 ൽ തന്നെ ബുക്കാനൻ ഇന്ത്യയിൽ പലയിടങ്ങളിൽ സഞ്ചരിച്ചു. കാർട്ടോഗ്രാഫർ കോളിൻ മക്കനീസും കൂട്ടിന് ചേർന്നു. ടിപ്പു കൊലപ്പെട്ട പിറ്റെ വർഷം തന്നെയാണ് വൈസ്രോയ് വെല്ലസ്ലി പൊന്നാനിയിലേക്ക് ബുക്കാനനെ അയച്ചത് എങ്കിലും പിന്നെയും ഏഴുപത് വർഷം കഴിഞ്ഞ് 1871 ലാണ് പ്രഥമ ഇന്ത്യൻ സെൻസസ് ആരംഭിച്ചത്.
ജേണി ഫ്രം മദ്രാസ് ടു മൈസൂർ ത്രൂ കനറാ & മലബാർ എന്ന പുസ്തകമായി സമർപ്പിച്ച കൃതിയിൽ ആഴ്‌വാഞ്ചേരി തമ്പ്രാക്കളും വെളിയങ്കോട്ടെ കടവും പൊന്നാനിയിലെ ഇരുമ്പ് അയിർ ഉറവിടവും ബുക്കാനൻ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇവ സ്പഷ്ടമാക്കുന്നത് പൊന്നാനിയുടെ ജിയോ സ്ട്രാറ്റജിക് പ്രസക്തിയാണ്. അപ്രകാരം സുപ്രധാന ആർകിടെക്ച്ചറൽ റെമിനിസൻസാണ് 1888ൽ സംസ്ഥാപിച്ച കോടതി കെട്ടിടം. പൊന്നാനി വിദേശാധിപത്യത്തെ ചെറുത്ത മഖ്ദൂമിൻ്റെ രചനയും സാമൂതിരിയുടെ സമ്മർ ക്യാപിറ്റലും ഉമർഖാദിയുടെ നികുതിബഹിഷ്‌കരണ പ്രസ്ഥാനവും ഓർക്കപ്പടുന്ന അസ്ഥിത്വങ്ങൾ ഇവിടെയുള്ളടോതൊപ്പം ബ്രിട്ടീഷ് അഡ്മിനിസ്ട്രേഷൻ അടയാളങ്ങളും സംരക്ഷിക്കപ്പെടണം; സായിപ്പിന് പൊന്നാനിയെ പേടിയായിരുന്നു എന്ന പ്രഖ്യാപനവുമാണത്.
കോടതിയും ജയിലും ഹജൂർ കച്ചേരിയും സ്ഥാപിച്ചിട്ടും പൊന്നാനിക്കാർ പേടിച്ചില്ല. കേണൽ കനോലിയുടെ നെഞ്ചിൻകൂടിലേക്ക് വെടിവെക്കാൻ കൊട്ട്വേഷൻ എടുത്തവരുട ആക്ഷൻ പ്ലാൻ തയ്യാറാക്കിയത് കൊണ്ടോട്ടിയിലും പൊന്നാനിയിലുമായിരുന്നു. മൂന്നാമത്തെ “അറ്റംപ്റ്റിലാണ്” പൂർത്തിയാക്കിയത്. പൊന്നാനിയിലെ ഡച്ച് ഓഫീസറുടെ വീട്ടിൽ കയറി ആളെ ചാക്കിലാക്കി തട്ടികൊട്ടുവന്ന കേസ് പ്രമാദമായിരുന്നു. ജന്നത്ത് ബീവി കേസ് എന്ന് റഫർ ചെയ്യപ്പെട്ട ലോ ആൻഡ് ഓർഡറിൽ അക്കാലത്തെ പൊന്നാനി മഖ്‌ദൂം പ്രതിചേർക്കപ്പെടതാണ് പൊന്നാനിയുടെ വീറ്.

ഫ്രഞ്ച് നാവികപ്പടക്കു മേൽ ബ്രിട്ടൻ്റെ വിജയം മിർസ അബു ത്വാലിബ് (1752-1806) രേഖപ്പെടുത്തിയത് ആംഗലേയ വിവർത്തനം ചെയ്ത് 1810 ൽ പ്രസിദ്ധം ചെയ്തിട്ടുള്ളതിൽ കോപൻഹാഗൻ യുദ്ധത്തിലെ കരുനീക്കവും ഈജിപ്തിലും മറ്റു കോളണികളിലും ബ്രിട്ടൻ പ്രബല ശക്തിയായതും പ്രതിപാദിക്കുന്നുണ്ട്. ഇക്കാലം തന്നെയാണ് പൊന്നാനിയിലെ ഡച്ച് VOC ഗോഡോണുകളെ ഈസ്റ്റ് ഇന്ത്യ കമ്പനി സ്വന്തമാക്കുന്നത്.
1888 മുതൽ 2021 വരെ 133 വർഷം നിലകൊണ്ട കോടതി കെട്ടിടം കേവലം അഞ്ച് വർഷം കൊണ്ടാണ് തകർച്ചയുടെ സ്ഥിതിയിലേക്ക് എത്തിയത്. 2020-21 ബജറ്റിൽ പ്രഖ്യാപിച്ച ഫണ്ട് പാഴായതും ഇതിന് ആക്കം കൂട്ടി.

സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പൊന്നാനി കോടതിയെ മുസ്രിസ് പദ്ധതിയിൽ ഉൾപെടുത്തി കൺസർവേഷൻ വിദഗ്ദ്ധൻ ബെന്നി കുര്യാക്കോസിൻ്റെ ഉപദേശം തേടിയിരുന്നു. ഇതിൻ്റെ തുടർച്ചയാണ് മിസ്‌രി പള്ളിയുടെ സംരക്ഷണം.
ഹൈക്കോടതി രജിസ്ട്രാറുടെ കസ്‌റ്റോഡിയൻഷിപ്പിലെ കെട്ടിടത്തിൻ്റെ മരാമത്ത് കാര്യക്ഷമമാക്കാനും ആർക്കിയോളജിക്കൽ സർവേയെക്കൊണ്ട് കെട്ടിടം ഏറ്റെടുപ്പിക്കാനുള്ള ഉദ്യമത്തിലും ഉത്തരവാദപ്പെട്ടവർ പരാജയപ്പെട്ടു.
പൊന്നാനിയുടെ ജിയോ സ്ട്രാറ്റജിയാലാണ് വാസ്കോ ഡ ഗാമയും എസ്റ്റാവോ ഡ ഗാമയും പൊന്നാനിയിൽ തമ്പടിച്ചത്. പൊന്നാനിയുടെ എകണോമി തകർക്കുവാൻ തെങ്ങും വിളകളും നശിപ്പിച്ച് നഗരവും പൊന്നാനി പള്ളിയും തീയിട്ടുവെങ്കിൽ സമകാലികരിൽ ചിലർ മറ്റൊരർത്ഥത്തിൽ മണ്ഢലത്തെ വികസനത്തിൽ നിന്ന് തിരിച്ച് നടത്തി നശിപ്പിച്ചു എന്നതിൻ്റെ രേഖകൾ നിരവധിയാണ്.
ചിലരുടെ നിസ്സംഗതയാലും നിഷ്‌ക്രിയതകളാലുമാണ് ബ്രിട്ടീഷ് വ്യവസ്ഥക്ക് ആയുധ ശക്തികയെക്കാൾ കളമൊരുക്കിയത്. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഷെയറുകൾ വാങ്ങിയ ഇടനിലക്കാരിലൂടെയാണ് നാട്ടുരാജ്യങ്ങളെ അട്ടിമറിക്കാൻ സമ്മർദ്ധ കേന്ദ്രങ്ങൾ ഉണ്ടാക്കിയത്. ഇക്കൂട്ടർ വിൽപനകളും സന്ധികളും വിക്ടോറിയ രാജ്ഞിയുടെയും ജോർജ് രാജാവിൻ്റെയും പേരിൽ മുദ്രണം ചെയ്ത പ്രമാണങ്ങളിൽ കരാറെഴുതിയതിലൂടെയാണ് കോടതികൾ ക്രമേണ ഇന്ത്യയിൽ സ്ഥാപിതമാവുന്നത്. റവന്യു സ്റ്റാമ്പുകളും നാണയങ്ങളും വ്യാപനമായി ഏതാണ്ട് എല്ലാവരെയും ബ്രിട്ടീഷ് അഡ്‌മിനിസ്ട്രേഷൻ രേഖകളുമായി “KYC” അപ്ഡേറ്റ് ചെയ്യിച്ചു. അക്കൂട്ടത്തിൽ പൊന്നാനിയിൽ സംസ്ഥാപിച്ച കോടതിയും അഡ്‌മിനിസ്ട്രൽ കെട്ടിടവും ഈസ്റ്റ് ഇന്ത്യയുടെ ഭരണ എൻ്റർപ്രൈസുകളിൽ മുഖ്യമായിരുന്നു.
പതിനേഴാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ജഹാംഗീറിൻ്റെ ദർബാറിൽ വെറും ഒരപേക്ഷക്കാരനും ദൂതനായും കയറിച്ചെന്ന വില്യം ഹോങ്കിംഗ്സ് ഒരിക്കൽ പോലും തൻ്റെ കീഴിലുള്ളവർ നൂറ്റാണ്ടുകൾ നീണ്ട സാമ്രാജ്യം സൃഷ്ടിക്കുമെന്ന് കിനാവ് കണ്ടിട്ടുണ്ടാകില്ല. ഭീമത്സവികൃതമായ ഒരു നാട്ടിൽ ഇംപീരിയൽ താല്പര്യങ്ങളുണ്ടെങ്കിലും ബ്രിട്ടനിൽ നിന്നും കാതങ്ങളകലെയുള്ള ഇന്നാട്ടിൽ ഇത്രയും ആധിപത്യമുണ്ടാകുമെന്ന് കരുതിയിട്ടേ ഉണ്ടാവില്ല.
ഇന്ത്യയിലെ കമ്പോള കുത്തക 1813 ൽ ക്ഷൗരം ചെയ്തെടുക്കുന്നത് വരെ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ മേൽ ഇന്ത്യൻ രാജ്യങ്ങൾക്ക് ശബ്ദമുണ്ടായിരുന്നു. ഈസ്റ്റ് ഇന്ത്യ കമ്പനി 1857 ൽ ബഹദൂർഷാ സഫറിനെ റംഗൂണിലേക്ക് നാട് കടത്തിയ ശേഷമാണ് ഇന്ത്യൻ ഗവൺമെൻ്റ് ആയി മാറി സർവ്വാധിപതികളാവുന്നത്.
സിറാജുദ്ദൗളയെ തെറിപ്പിക്കാൻ റോബർട്ട് ക്ലൈവിനെ സഹായിച്ചത് ഇപ്രകാരം ബ്രിട്ടീഷ് പ്രമാണങ്ങളാൽ ഇടവിളമിറിക്കിയ തദ്ദേശീയർ തന്നെയായിരുന്നു. പൊന്നാനിയിലും ഇത്തരം ഒറ്റുകാരുണ്ടായിരുന്നു. ഖാൻ ബഹദൂർ പട്ടങ്ങൾ ലഭിച്ചവരിൽ പലരും ഇക്കൂട്ടരാണ്. തെക്കുകിഴക്കൻ ഭാഗങ്ങളിൽ കോറമണ്ടൽ തീരത്തും തെക്കു പടിഞ്ഞാറൻ മേഖലയിൽ മദ്രാസ് തീരത്തും കമ്പനി അധികാരം സ്ഥാപിച്ചത് ഇങ്ങനെയായിരുന്നു. അന്ന് ടിപ്പുവിൻ്റെ ക്യാമ്പ് പൊന്നാനിയിലുണ്ടായിരുന്നത് ബ്രിട്ടീഷ് പട്ടാളത്തിന് ഭീഷണിയായിരുന്നു. ടിപ്പുവിൻ്റെ വധത്തോടെയാണ് ബ്രിട്ടന് സ്വസ്ഥത ലഭ്യമായതെങ്കിലും പൊന്നാനിയിൽ വിഹാരം തുടങ്ങാൻ പിന്നെയും എട്ട് ദശകങ്ങൾ വേണ്ടിവന്നു.
ദിവാൻ പട്ടം പതിച്ച് ഉപ-സാമ്രാജ്യ പ്രതിനിധികളെ ഗ്ലോറിഫൈഡ് ഒറ്റുകാരാക്കി കമ്പനിയുടെ വാണിജ്യ ഏജൻ്റുമാരാക്കി. കാപിറ്റൽ സ്റ്റോക്കിൻ്റെ ഓഹരി വാങ്ങുന്നവരെ പ്രൊപ്രറൈറ്റർമാരാക്കി ജനറൽ കോർട്ട് ഒഫ് പ്രൊപ്രറ്റെറ്റേഴ്‌സ് യോഗങ്ങളിലേക്ക് ക്ഷണിച്ചു. £ 500 സ്റ്റോക്കുടമകൾക്ക് കൈയ്യുയർത്തി വോട്ട്, £ 1000 നിക്ഷേപിച്ചവർക്ക് ബാലറ്റ് വോട്ട്, £ 3000 സ്റ്റോക്കുകാർക്ക് രണ്ട് വോട്ട്, £ 10000 ന് മുകളിലുള്ളവർക്ക് നാല് വോട്ട് എന്നിങ്ങനെ പത്രാസുകൾ വിറ്റ കാലത്താണ് പൊന്നാനിയിൽ 1888 ൽ കോടതിയുടെ സംസ്ഥാപനം എന്നത് 1857 ലെ അധികാര പിടിച്ചെടുക്കലിൽ നിന്നും 30 വർഷത്തിനകമാണ് എന്ന് പ്രത്യേകം ശ്രദ്ധിക്കണം.
നഗരത്തിലെ മറ്റു കെട്ടിടങ്ങൾ നശിച്ചത് പോലെ പൊന്നാനി കോടതിയുടെ പതനത്തിന് മുന്നിൽ നിസ്സഹായതയാൽ മൂകസാക്ഷ്യമാവാൻ സാധ്യമല്ല. ജീർണ്ണിച്ച കെട്ടിടങ്ങൾ പലതും ഇതിനകം നിലംപതിച്ചു.
പല കെട്ടിടങ്ങളും വെള്ളിയാഴ്ച്ചയുടെ അവധികളിലാണ് നിലംപതിച്ചത് എന്നത് ആശ്ചര്യമുണ്ടാക്കുന്നു; അല്ലായെങ്കിൽ ജീവഹാനി എണ്ണേണ്ടി വരും!
പല കെട്ടിടങ്ങളുടെയും മുറികൾ സ്ത്രീധന അവകാശമാകയാൽ സ്വത്ത് തർക്കത്തെ തുടർന്ന് മരാമത്ത് നിലച്ചവയുടെ സ്വാഭാവിക പതനമായിരുന്നു. എന്നാൽ കോടതി കെട്ടിടം അങ്ങിനെയല്ല. പാണ്ടികശാലയിൽ ആൽമുളച്ച് കാഴ്ച്ചഭംഗിയുണ്ടായത് പക്ഷേ ഒരു നാടിൻ്റെ ശൗച്യ സങ്കല്പത്തിൻ്റെ അശ്രദ്ധയാൽ കാടുപിടിച്ചതാണ്. അവ പൊളിച്ചതിൽ പ്രതിഷേധിക്കാൻ ന്യായമില്ല. എന്നാൽ കോടതി കെട്ടിടം പൊളിക്കുന്നത് പ്രതിഷേധാർഹമാണ്.

1789 ൽ എഫ് റയമണ്ട് വിവർത്തനം ചെയ്ത സിയാറുൽ മുത്വരിഖീൻ ശീർഷകത്തിൽ 1707 മുതൽ 1781 വരെയുള്ള ഇന്ത്യയുടെ പൊതു ചരിത്രമെഴുതിയ ഗുലാം ഹുസൈൻ്റെ ഉദ്ദരണി ഇതാണ്: “നിവാസികളുടെ ആലസ്യത്തിന് ദൈവീക ശിക്ഷയാണ് ഭരണവർഗ അശ്രദ്ധ”.
ഇത്രയും ജിയോ സ്ട്രാറ്റജിക് ആയ പൊന്നാനിയിൽ 2021-26 അപനിർമ്മിതിയുടെ വർഷങ്ങളായതിൽ ചരിത്രം പറഞ്ഞു തരുന്ന ഉദ്ധരണിയാണിത്. നൂറ്റാണ്ടുകൾ അതിജീവിച്ച കോടതി സമുച്ഛയം 2021-26 ലെ കേവലം അഞ്ച് വർഷങ്ങളാലാണ് നാശോന്മുഖമായത്. സംരക്ഷണത്തിനുള്ള ബജറ്റ് വിഹിതം പാഴാക്കിയ അഞ്ച് വർഷങ്ങളുടെ ജീർണ്ണതയുടെ കഥ കൂടി പറയുന്നു ഈ തകർച്ച.
കോടതികൾ വ്യക്തി വ്യവഹാരങ്ങളിൽ വിധിപ്രസ്താവങ്ങൾ പ്രഖ്യാപിക്കുന്നതിനിടെ ചില വേളകളിൽ പ്രപഞ്ച ഘടകങ്ങളിൽ സ്റ്റാറ്റസ്കോ നയങ്ങൾ പ്രഖ്യാപിക്കാറുണ്ട്.
(യമുനയ്ക്കും ഗംഗക്കും അവകാശങ്ങളുണ്ടെന്ന് ഉത്തരാഖണ്ഡ് കോടതിയുടെ പ്രസ്താവമുണ്ട്. അത്രാതോ നദിക്കായ് കൊളമ്പിയൻ ഭരണഘടനാ കോടതിയും 405 നദികൾക്കായ് ബംഗ്ലാദേശ് സുപ്രീം കോടതിയും ന്യുസിലാൻഡിൽ വാൻകാനുയി നദിയുടെ അവകാശത്തിന് പാർലമെൻ്റ് ലെജിസ്ലേഷൻ പാസാക്കിയതും പ്രപഞ്ച ഘടകങ്ങളിലെ സ്റ്റാറ്റസ്കൊ ഉദാഹരണങ്ങളാണ്.)
സംസാരിക്കുവാൻ സാധ്യമാകാത്ത ഘടകങ്ങൾക്കായ് നീതിപീഠം സംസാരിക്കുന്ന ലിവിംഗ് എൻ്റിറ്റി ജഡ്ജ്മെൻ്റ് സമാനതയോടെ ഒരു കോടതി കെട്ടിടം സ്വയം നീതി തേടുകയാണ് പൊന്നാനിയിൽ.





