A Unique Multilingual Media Platform

Articles Keralam Law Policy Social Justice Society

ഓപ്പറേഷൻ തൂഫാന്റെ വിജയം നിലനിൽക്കണമെങ്കിൽ ജയിലുകളും മാറണം

  • October 29, 2026
  • 1 min read
ഓപ്പറേഷൻ തൂഫാന്റെ വിജയം നിലനിൽക്കണമെങ്കിൽ ജയിലുകളും മാറണം

കേരളത്തിൽ മയക്കുമരുന്ന് മാഫിയയ്ക്കും ലഹരിക്കടത്ത് സംഘങ്ങൾക്കുമെതിരെ നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ ശ്രദ്ധേയമായ വിജയം കൈവരിച്ച നടപടിയാണ്. ലഹരിമാഫിയയുടെ സ്വൈരവിഹാരത്തിന് തടയിടാനും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ നിയമത്തിന്റെ പിടിയിലാക്കാനും ഈ നടപടിയിലൂടെ ഒരു പരിധി വരെ സാധിച്ചിട്ടുണ്ട്.

എന്നാൽ, ഈ വിജയത്തിന്റെ ഗുണഫലങ്ങൾ ദീർഘകാലം നിലനിൽക്കണമെങ്കിൽ കുറ്റവാളികളെ പിടികൂടി ജയിലിലടയ്ക്കുന്നതുകൊണ്ടുമാത്രം കാര്യമില്ല. കുറ്റകൃത്യങ്ങളുടെ ആവർത്തനം തടയാനും കുറ്റവാളികളെ മാനസികമായി പരിവർത്തിപ്പിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചുകൊണ്ടുവരാനും കഴിയുന്ന യഥാർത്ഥ തിരുത്തൽ കേന്ദ്രങ്ങളായി നമ്മുടെ ജയിലുകൾ മാറേണ്ടതുണ്ട്. അത്തരമൊരു അടിസ്ഥാനപരമായ മാറ്റമുണ്ടായില്ലെങ്കിൽ ഓപ്പറേഷൻ തൂഫാൻ പോലുള്ള നടപടികളുടെ നേട്ടങ്ങൾ താൽക്കാലികമായി ഒതുങ്ങിപ്പോകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

കേരളത്തിലെ ജയിലുകൾ ‘തിരുത്തൽ, പുനരധിവാസ കേന്ദ്രങ്ങൾ’ എന്ന വിശേഷണത്തോട് എത്രമാത്രം നീതിപുലർത്തുന്നുണ്ടെന്ന് ഗൗരവമായി പരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ചെറിയ കുറ്റകൃത്യങ്ങളുടെ പേരിൽ ജയിലിലെത്തുന്നവർ പോലും ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ കൂടുതൽ ഗുരുതരമായ കുറ്റകൃത്യങ്ങളിലേക്ക് നയിക്കപ്പെടുന്ന സാഹചര്യമുണ്ടോ എന്നത് പരിശോധിക്കപ്പെടണം. വ്യത്യസ്ത കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവരും റിമാൻഡിൽ കഴിയുന്നവരും തമ്മിലുള്ള സമ്പർക്കം പുതിയ കുറ്റകൃത്യങ്ങൾക്കുള്ള ബന്ധങ്ങളും അവസരങ്ങളും സൃഷ്ടിക്കുന്നുണ്ടോ എന്നതും പഠനവിധേയമാക്കേണ്ടതുണ്ട്. ജയിലുകളിലെ അമിതമായ തിരക്ക്, ജീവനക്കാരുടെ കുറവ്, പരിശീലനത്തിലെ പോരായ്മകൾ, മാനസികാരോഗ്യ പരിചരണത്തിന്റെയും പുനരധിവാസ സംവിധാനങ്ങളുടെയും അപര്യാപ്തത എന്നിവ ഈ പരിശോധനയുടെ ഭാഗമാകണം. ലഹരിക്കെതിരായ പോരാട്ടത്തിന്റെ യഥാർത്ഥ വിജയം അറസ്റ്റുകളുടെ എണ്ണത്തിലല്ല, കുറ്റകൃത്യങ്ങളുടെ ലോകത്തുനിന്ന് എത്രപേരെ മോചിപ്പിച്ച് പുതിയൊരു ജീവിതത്തിലേക്ക് നയിക്കാൻ കഴിയുന്നു എന്നതിലാണ്. ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ ജയിലുകളുടെ പ്രവർത്തനരീതിയിൽ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാർ അടിയന്തരമായി ഇടപെടേണ്ടതുണ്ട്.

ബ്രിട്ടീഷ് കാലത്തുള്ള പ്രധാന ജയിലുകളിൽ ഒന്നായ വിയ്യൂരിൽ അഞ്ഞൂറോളം പേർക്ക് താമസിക്കാനുള്ള സൗകര്യമുള്ളിടത്ത് നിലവിൽ ആയിരത്തിലധികം തടവുകാരുണ്ട്. 727 പേർക്ക് താമസിക്കാൻ സൗകര്യമുള്ള പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാർ 1500ൽ കൂടുതലാണ്. 568 പേർക്ക് കഴിയാൻ സ്ഥലമുള്ള തവനൂർ സെൻട്രൽ ജയിലിൽ 736 പേരാണ് താമസിക്കുന്നത്. 13 ജില്ലാ ജയിലുകളിലും ഉൾക്കൊള്ളാവുന്നതിലധികമാണ് തടവുകാരുടെ എണ്ണം. തടവുകാരുടെ എണ്ണവും സൗകര്യവും തമ്മിൽ ശരാശരി അനുപാതം നിലനിൽക്കുന്നത് കണ്ണൂരിൽ മാത്രമാണ്.

തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിന്റെ ഗ്രൗണ്ട്

ഏഴായിരത്തോളം തടവുകാർക്കുള്ള സൗകര്യത്തിൽ പതിനായിരത്തിലേറെ പേർ തിങ്ങിപ്പാർക്കുന്ന ഇടങ്ങളാണിന്ന് കേരളത്തിലെ ജയിലുകൾ. ഉദ്യോഗസ്ഥരുടെ അവസ്ഥ അതിലേറെ ദയനീയമാണെന്നും പറയേണ്ടിവരും. ആറുപേർക്ക് ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിലാണെങ്കിൽ മൂന്ന് ഷിഫ്റ്റിൽ ജോലി ചെയ്യുമ്പോൾ ആറുപേർക്കും മൂന്ന് ഉദ്യോഗസ്ഥർ എന്നാണ് കണക്ക്. നിലവിലെ അവസ്ഥ അതീവ ഗുരുതരമാണ്. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ തന്നെ ഒരേസമയം വ്യത്യസ്ത കാര്യങ്ങളിൽ ഇടപെടേണ്ടിവരുന്നു എന്നതും ഞെട്ടിക്കുന്ന വസ്തുതയാണ്.

ജയിൽ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നതിലും പോരായ്മകളുണ്ട്. പൊലീസ്, ഫയർഫോഴ്സ്, വനം വകുപ്പുകളിൽ തുടക്കക്കാരായ ഉദ്യോഗസ്ഥർക്കും നിലവിലുള്ളവർക്കും കൃത്യമായ പരിശീലനം നൽകുന്നുണ്ട്. എന്നാൽ, ജയിലുകളിൽ നിയമിതരാകുന്നവർക്ക് കൊടുംകുറ്റവാളികളുടെ ഇടയിൽ ജോലി ചെയ്യുന്നതിന് തുടക്കത്തിൽ ആവശ്യമായ പരിശീലനം ലഭിക്കുന്നില്ല. ഇത് ഉദ്യോഗസ്ഥരിൽ മാനസിക സമ്മർദ്ദവും പ്രയാസങ്ങളും സൃഷ്ടിക്കാൻ ഇടയാക്കുന്നു.

ശിക്ഷയനുഭവിക്കുന്നവരുടെ കുടുംബങ്ങളിൽ പഠനത്തിലും ഇതര മേഖലകളിലും മികവ് പുലർത്തുന്ന കുട്ടികളും കുടുംബാംഗങ്ങളും ഉണ്ടാകാറുണ്ട്. അവരുടെ ഭാവിയും മറ്റു കാര്യങ്ങളും ആലോചിച്ച് മാനസിക അസ്വാസ്ഥ്യം നേരിടുന്ന തടവുകാരെ പ്രത്യേകം പരിഗണിക്കുന്ന രീതി കൊണ്ടുവന്നാൽ അവരിൽ കരുണ വളർത്താൻ സഹായിക്കുമെന്നാണ് ജയിൽ സന്ദർശനാനുഭവങ്ങളിൽനിന്ന് മനസ്സിലാകുന്നത്. അതുകൊണ്ടുതന്നെ ജയിലിനകത്ത് ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് തൊഴിൽപരിശീലനവും വ്യവസായ സംരംഭങ്ങളും ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കാവുന്നതാണ്.

വിശാഖപട്ടണം സെൻട്രൽ ജയിൽ തടവുകാർക്കായി ക്ലാസുകൾ നടത്തുന്നു.

വിവരാവകാശ നിയമപ്രകാരം ജയിലുകളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, പകുതിയിലധികം തടവുകാരും ലഹരിയുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് ശിക്ഷ അനുഭവിക്കുന്നവരാണ്. ഓപ്പറേഷൻ തൂഫാൻ വന്നതോടെ ലഹരിയുമായി ബന്ധപ്പെട്ട കേസുകളിൽ പിടിയിലായവരുടെ എണ്ണം വളരെയേറെ വർദ്ധിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ, സർക്കാർ നടത്തുന്ന ശ്രമങ്ങൾക്ക് ഫലം കാണണമെങ്കിൽ കൃത്യമായ മാനസിക പരിവർത്തനത്തിലൂടെ ഇവരെ പുനരധിവസിപ്പിക്കാനുള്ള അടിയന്തര ഇടപെടൽ അനിവാര്യമാണ്. ഒരു കാര്യം മാത്രം പരിശോധിച്ചാൽ, 2013ൽ വിവിധ സബ് ജയിലുകളെ സ്പെഷ്യൽ സബ് ജയിലുകളായും ജില്ലാ ജയിലുകളായും ഉയർത്തിയിരുന്നുവെങ്കിലും അതിന് ആനുപാതികമായി ജീവനക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടില്ല.

ജയിലുകളിൽ എത്തുന്നവരിൽ വലിയൊരു വിഭാഗം മാനസിക പ്രശ്നങ്ങളും ലഹരിയിൽനിന്നുള്ള പിൻവാങ്ങൽ ലക്ഷണങ്ങളും (വിത്ത്ഡ്രോവൽ സിൻഡ്രം) പ്രകടിപ്പിക്കുന്നവരാണ്. നിലവിൽ ഇത്തരം പ്രയാസങ്ങൾ നേരിടുന്നവർക്ക് സൈക്കോളജിസ്റ്റുകളുടെയും സൈക്യാട്രിസ്റ്റുകളുടെയും സേവനം ലഭ്യമാകുന്നുണ്ടെങ്കിലും ആവശ്യമായ തോതിൽ ലഭിക്കുന്നില്ല. ജയിൽ വകുപ്പിനെയും ജീവനക്കാരുടെ ആവശ്യങ്ങളെയും സംബന്ധിച്ച് ജസ്റ്റിസ് മുള്ള കമ്മീഷൻ, ഡോ. അലക്സാണ്ടർ ജേക്കബ് കമ്മീഷൻ എന്നിവരുടെ റിപ്പോർട്ടുകളിൽ കൃത്യമായി പരാമർശിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യങ്ങൾ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല എന്നതാണ് വസ്തുത.

ഒരു കറക്ഷൻ സെന്റർ എന്ന നിലയിൽ ജയിലിലെ നിലവിലെ പരിമിതികൾക്ക് പരിഹാരം കാണുന്നതോടൊപ്പം, അന്തേവാസികളിൽ കരുണ, ദയ, അനുകമ്പ, സഹാനുഭൂതി തുടങ്ങിയ മാനുഷിക മൂല്യങ്ങളും സ്വഭാവഗുണങ്ങളും വളർത്തുന്നതിനായി പ്രത്യേകം ശ്രദ്ധയൂന്നണം. ചില അനുഭവങ്ങൾ കൂടി പങ്കുവയ്ക്കാം.

‘എനിക്കിനിയും മരിക്കണം.’ അയാൾ തലതാഴ്ത്തി ഉറക്കെ പറഞ്ഞു. നിസ്സംഗതയോടെ, മുൻപ് പലപ്പോഴായി മരിച്ച ഒരാളുടെ വാക്കുകൾ പോലെയാണ് അയാൾ അങ്ങനെ പറയുന്നതെന്ന് തോന്നി. തവനൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ഈ മനുഷ്യൻ രണ്ടുതവണയാണ് മരിക്കാൻ ശ്രമിച്ചത്. വലിയൊരു കുറ്റകൃത്യം ചെയ്ത് ജയിൽശിക്ഷ അനുഭവിക്കുന്ന ആ മനുഷ്യനെ വീട്ടുകാർക്ക് വേണ്ട എന്ന വാക്ക് അയാളെ വല്ലാതെ മുറിവേൽപ്പിച്ചിട്ടുണ്ട്. ശാരീരികമായ പ്രയാസങ്ങളേക്കാൾ മനസ്സിനേറ്റ മുറിവിൽ വീണ്ടും വീണ്ടും കുത്തിനോവിക്കുന്ന അനുഭവങ്ങളാണ് അമ്മ, ഭാര്യ, മക്കൾ എന്നിവരിൽനിന്ന് അയാൾക്ക് നേരിടേണ്ടിവന്നത്. കുറ്റകൃത്യങ്ങൾ ചെയ്യാൻ പല കാരണങ്ങളുണ്ടാകുമ്പോഴും എവിടെയോ ചേർത്തുനിർത്തുന്ന, മുന്നോട്ടു സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്ന ഒരു പ്രതലം കുടുംബം തന്നെയായിരുന്നുവെന്ന് സംസാരമധ്യേ അയാൾ ആവർത്തിക്കുന്നുണ്ട്. അവസാന അത്താണിയായ ഇടം അയാളെ വേണ്ടെന്നുവയ്ക്കുന്നതിലൂടെയാണ് ജീവിതം അവസാനിപ്പിക്കാൻ അയാൾ തീരുമാനിക്കുന്നതും അതിന് ശ്രമിക്കുന്നതും.

ജയിൽ അന്തേവാസികൾക്കുവേണ്ടി സർക്കാർ നടപ്പിലാക്കാൻ തീരുമാനിച്ച സൈക്കോ സോഷ്യൽ കോഗ്നിറ്റീവ് തെറാപ്പി പരിശീലനത്തിന്റെ ഭാഗമായാണ് ‘ഇല ഫൗണ്ടേഷൻ’ മാനസികവും ശാരീരികവുമായ നവീകരണത്തിന് ഉതകുന്ന വ്യത്യസ്ത പരിപാടികൾ ജയിലിൽ നടത്തിക്കൊണ്ടിരുന്നത്. അതിന്റെ ഭാഗമായിട്ടാണ് രണ്ടുതവണ ആത്മഹത്യയ്ക്ക് ശ്രമിച്ച ആ മനുഷ്യനുമായി സംസാരിച്ചുതുടങ്ങിയത്. ഇനിയും ഞാൻ മരിക്കാൻ ശ്രമിക്കും എന്ന് ആവർത്തിച്ചുകൊണ്ടിരുന്ന അയാളോട് ‘നിങ്ങളുടെ ജീവിതം ഞങ്ങൾക്ക് ആവശ്യമുണ്ട്, തരാമോ?’ എന്ന് ചോദിക്കാനാണ് അപ്പോൾ തോന്നിയത്.

‘നിങ്ങൾക്ക് എന്തിനാണ് എന്റെ ജീവിതം? ആർക്കും വേണ്ടാത്ത എന്നെ അവസാനിപ്പിക്കാൻ സമ്മതിച്ചുകൂടെ?’

വളരെ വൈകാരികമായാണ് അയാൾ അത് പറഞ്ഞുനിർത്തിയത്. വിവർണ്ണമായ മുഖത്തെ ചുവന്ന കണ്ണുകളിൽനിന്ന് രണ്ടിറ്റ് കണ്ണുനീർ താഴെ വീണു ചിതറി.

വീണ്ടും അയാളോട് പറഞ്ഞു: ‘നിങ്ങളെ ആവശ്യമുണ്ട്.’

അയാൾ തലയുയർത്തി ഞങ്ങൾക്കുനേരെ നോക്കി. സ്വന്തം കാര്യങ്ങൾ ചെയ്യാനാകാതെ അനേകം മനുഷ്യർ തളർന്നുകിടക്കുന്നുണ്ട്. അനേകം മനുഷ്യരുടെ ശരീരത്തിൽ വലിയ വ്രണങ്ങളുണ്ട്. അവരുടെ മുറിവുകൾ ഉണക്കണം. അവരെ മനസ്സറിഞ്ഞു തൊടാനും ശുശ്രൂഷിക്കാനും ആളെ കിട്ടാനില്ല. നിങ്ങളെ അതിനു പറ്റും. നിശ്ചലമായിപ്പോയ ആ മനുഷ്യന്റെ മുഖത്ത് പ്രതീക്ഷകൾ നാമ്പിടുന്നത് കാണാമായിരുന്നു.

‘നിങ്ങൾ എന്നാണോ ജയിലിൽനിന്നിറങ്ങുന്നത്, അന്ന് നിങ്ങളെ കാത്ത് ഞങ്ങൾ പുറത്തുനിൽക്കുന്നുണ്ടാകും.’

ഞാൻ പുഞ്ചിരിച്ചു.

അയാളും!

നമ്മുടെ ജയിലുകൾക്കകത്ത് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് എത്തുന്ന മനുഷ്യരിൽ ഭൂരിപക്ഷവും പുറത്തിറങ്ങിയാൽ എങ്ങനെയാണ് ജീവിക്കുകയെന്ന് ആലോചിക്കുന്നുണ്ടാവണം. പുറത്തിറങ്ങിയാൽ സമൂഹം ഏതു നിലയിലാണ് ഇവരെ സമീപിക്കുന്നത് എന്ന കാര്യത്തിലും ആത്മവിചാരം നടത്തേണ്ടതുണ്ട്. ഏതു വലിയ കുറ്റവാളിയാണെങ്കിലും ജനിച്ചുവീഴുന്നത് പരമശുദ്ധിയോടെ തന്നെയാണ്. ഇതൊരു യാഥാർത്ഥ്യമാണെങ്കിൽ തിരിച്ചുപോക്കിന് സാധ്യതയുണ്ട് എന്നതിൽ യാതൊരു സംശയവുമില്ല. മനുഷ്യനിൽ അന്തർലീനമായി കിടക്കുന്ന ഗുണകരമായ ചേതനയാണ് സ്നേഹം, കരുണ, ദയ, സഹാനുഭൂതി തുടങ്ങിയ വികാരങ്ങൾ. അതിനെ പരിപോഷിപ്പിക്കാനുള്ള സാഹചര്യങ്ങൾ ബോധപൂർവം സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. അത് കുഞ്ഞുനാളിലേ സംഭവിക്കുകയാണെങ്കിൽ നല്ല സംസ്കാരമുള്ള മനുഷ്യനായി തീരാൻ സാധ്യതയുണ്ട് എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

ഇല ഫൗണ്ടേഷൻ അംഗങ്ങൾ എഴുത്തുകാരി സാജിദ സുബൈറുമായി സംഭാഷണത്തിൽ

കേരള സർക്കാർ രൂപീകൃതമായതിനുശേഷം കേരളത്തിൽ പുതുതായി നിർമ്മിച്ച സെൻട്രൽ ജയിലാണ് തവനൂരിലേത്. അവിടുത്തെ അന്തേവാസികൾക്കായുള്ള സൈക്കോ സോഷ്യൽ കോഗ്നിറ്റീവ് തെറാപ്പി പരിശീലനത്തിനുവേണ്ടി ധാരാളം പരിപാടികൾ ഇല ഫൗണ്ടേഷൻ നടപ്പിലാക്കിയിരുന്നു. നാടക ക്യാമ്പ്, ഫിലിം സ്ക്രീനിങ്, മ്യൂസിക് പ്രോഗ്രാം, വ്യക്തിഗതവും ഗ്രൂപ്പായുമുള്ള കൗൺസിലിങ്, വിവിധതരം കൃഷികൾ തുടങ്ങിയവ. ഇവയിൽ ഏറ്റവും പ്രയോജനപ്രദവും ജയിൽവാസികളിൽ മാനസാന്തരം അനുഭവപ്പെടുന്നതായും മനസ്സിലായ പരിപാടിയായിരുന്നു പാലിയേറ്റീവ് രോഗീസംഗമം.

അതിൽത്തന്നെ കാൻസർ ബാധിച്ച് നിരവധി ശസ്ത്രക്രിയകൾക്ക് വിധേയയായി കൊളോസ്റ്റമി ബാഗ് ഉപയോഗിച്ച് ജീവിതം മുന്നോട്ടു നയിക്കാൻ ശ്രമിക്കുന്ന അറുപതുകാരിയായ ഖദീജ അവരുമായി സംവദിച്ചത് ഒരു പ്രചോദനമായി നിലനിൽക്കുന്നു. അവർക്ക് ജയിലിലെ മനുഷ്യരോട് ചോദിക്കാൻ ഒരുപാടുണ്ടായിരുന്നു.

‘എന്തിനാണ് നിങ്ങൾക്ക് കിട്ടിയ അനുഗ്രഹങ്ങളെ മറന്ന് ജീവിതം പാഴാക്കിക്കളയുന്നത്?’

ഖദീജയുടെ സ്വതഃസിദ്ധമായ ശൈലിയിലുള്ള ചോദ്യങ്ങൾക്കും സ്വന്തം ജീവിതാനുഭവങ്ങളുടെ വികാരനിർഭരമായ വിവരണത്തിനും കാതോർത്ത തടവുകാർ ഒടുവിൽ അടർന്നുവീണ കണ്ണുനീർ തലതാഴ്ത്തി തുണിത്തുമ്പുകൊണ്ട് തുടയ്ക്കുന്നത് ഒരു കാഴ്ചയായിരുന്നു. അവർ സ്വയം ഉള്ള് കഴുകി വൃത്തിയാക്കുന്നതിന്റെ ആരംഭലക്ഷണങ്ങൾ ഞങ്ങളെ നിർവൃതിയിലാഴ്ത്തി.

ദിവസക്കൂലിക്ക് ജോലി ചെയ്ത് വളരെ മികച്ച നിലയിൽ കുടുംബജീവിതം നയിച്ചിരുന്നതിനിടയിലാണ് ശബരി ഗിരീഷ് എന്ന ചെറുപ്പക്കാരൻ മൂന്നുനില കെട്ടിടത്തിൽനിന്ന് വീണ് നട്ടെല്ലിന് ക്ഷതമേറ്റ് കിടപ്പിലായത്. തുടർന്നുള്ള ജീവിതം വീൽചെയറിലായിരുന്നുവെങ്കിലും അദ്ദേഹം ചെറിയ രീതിയിൽ കച്ചവടം തുടങ്ങി. രണ്ടു മക്കളെ നന്നായി പഠിപ്പിക്കുകയും ചെറിയൊരു വീടുവച്ച് സുഖമായി ജീവിക്കുകയും ചെയ്യുന്നുവെന്ന ശബരിയുടെ വിശദീകരണത്തിന് തടവുകാർ സാകൂതം ചെവികൂർപ്പിച്ചു.

പതിനെട്ട് വർഷത്തോളം കാൻസറുമായി മല്ലിട്ട് ആത്മധൈര്യം കൈവിടാതെ മുന്നോട്ടുനീങ്ങുന്ന ഹംസത്തുവിന് ജയിൽവാസികളുടെ ഹൃദയത്തിൽ നനവുണ്ടാക്കുന്ന തരത്തിൽ ജീവിതം പറയാൻ സാധിച്ചുവെന്ന് ഉറപ്പിച്ചുപറയാം.

മാരകമായ രോഗവും ശാരീരിക ക്ലേശങ്ങളും സഹിക്കുമ്പോഴും പ്രതിസന്ധിയിലും പ്രതീക്ഷയോടെ ജീവിക്കുന്ന പത്തോളം മനുഷ്യരുടെ വാക്കുകൾ അക്ഷരാർത്ഥത്തിൽ എല്ലാവരുടെയും കണ്ണുനനയ്ക്കുന്നതായിരുന്നു. പൂർണ്ണമായും നിശ്ശബ്ദതയിലായ അങ്ങനെയുള്ള നിമിഷങ്ങൾ ആദ്യമായിരുന്നു ജയിലിനകത്ത് എന്നാണ് വെൽഫെയർ ഓഫീസർ വിപിന് പറയാനുണ്ടായിരുന്നത്.

ജയിൽ സൂപ്രണ്ടിന്റെ കാഴ്ചപ്പാടിൽ, അന്തേവാസികളുടെ കലാവാസനകളും കഴിവുകളും പരിപോഷിപ്പിക്കുന്ന വിധത്തിലുള്ള വ്യത്യസ്തമായ പ്രവർത്തനങ്ങളും കൃഷിയും ഇവരുടെയൊക്കെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്നത് പ്രത്യേകം ഓർക്കേണ്ടിയിരിക്കുന്നു.

ജയിലിൽനിന്നിറങ്ങിയതിനുശേഷം പലരും കുറ്റിപ്പുറത്ത് ഇല ഫൗണ്ടേഷനിൽ വരികയും വളണ്ടിയറിങ്ങിന് താൽപര്യം കാണിക്കുകയും അവരുടെ കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ അഭിപ്രായങ്ങൾ തേടുകയും തുടർന്നുള്ള ജീവിതത്തിന്റെ നേർവഴിയിൽ വെളിച്ചം അന്വേഷിക്കുകയും ചെയ്യുന്നതായി മനസ്സിലാക്കാനായിട്ടുണ്ട്. ഏതൊരു മോശക്കാരനിലുമുള്ള ഗുണപരമായ ചോദനകളെ ഉത്തേജിപ്പിക്കുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന ഇടപെടലുകൾ തുടർന്നുള്ള കാലങ്ങളിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് പ്രത്യേക ശ്രദ്ധയോടെ നടപ്പിലാക്കേണ്ടതുണ്ട്.

ജയിലിനകത്ത് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് മാനസികമായ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനാവശ്യമായ പരിശീലനം നിർബന്ധമായും നൽകണം. അതിലൂടെ മാത്രമേ അന്തേവാസികളിലും തിരുത്താനുള്ള മനസ്സ് വളർത്താൻ കഴിയുകയുള്ളൂ. മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്കുവേണ്ടി നിരന്തരമായ തെറാപ്പികളും കൗൺസിലിങ്ങും ഉണ്ടാകേണ്ടതുണ്ട്.

പൂജപ്പുര സെൻട്രൽ ജയിലിലെ ഒരു തടവുകാരന് പത്താം ക്ലാസ് തുല്യതാ കോഴ്‌സിന്റെ സർട്ടിഫിക്കറ്റ് കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി ഡയറക്ടർ പി.എസ്. ശ്രീകല സമ്മാനിക്കുന്നു.

ഉദ്യോഗസ്ഥരുടെ കുറവും മറ്റ് അസൗകര്യങ്ങളും കറക്ഷൻ ഹോം എന്ന നമ്മുടെ ലക്ഷ്യങ്ങളെ പിന്നോട്ടുവലിക്കാനാണ് സാധ്യത. മാറ്റം വേണം. അതിനായുള്ള കൂടിയാലോചനകളും നിർവഹണ നടപടികളും അടിയന്തരമായി നടക്കേണ്ടതുണ്ട്. ഹ്രസ്വകാല, ദീർഘകാല പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ടതുണ്ട്. നിലവിലെ സാഹചര്യങ്ങളിൽനിന്ന് കുറ്റകൃത്യങ്ങൾ കുറഞ്ഞുവരുന്ന ഒരു നാളേക്കുവേണ്ടി പ്രവർത്തിക്കാൻ ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും പൊലീസ് മേധാവി റാവാഡ ആസാദ് ചന്ദ്രശേഖർ, ജയിൽ അധികാരി ശ്രീജിത്ത് ഐ.പി.എസ്., ക്രമസമാധാന ചുമതലയുള്ള പി. വിജയൻ ഐ.പി.എസ്. എന്നിവർ അടങ്ങുന്ന സംഘത്തിനും സാധിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു. ലോകത്തിനുതന്നെ മാതൃകയാകുന്ന കറക്ഷൻ ഹോമുകൾ കേരളത്തിൽ ഉണ്ടാവട്ടെ എന്നും പ്രതീക്ഷിക്കുന്നു.

ജയിലുകൾ സർക്കാരിന്റെ മാത്രമല്ല, പൊതുസമൂഹത്തിന്റെയും ഉത്തരവാദിത്വമാണെന്ന ബോധ്യം നമ്മുടെ പൗരസമൂഹത്തിനും സന്നദ്ധ സംഘടനകൾക്കും സാംസ്കാരിക കൂട്ടായ്മകൾക്കും ആഴത്തിൽ വേരോടിയാൽ ഒട്ടേറെ മാറ്റങ്ങൾക്ക് മുൻകൈയെടുക്കാനാവും.

About Author

നജീബ് കുറ്റിപ്പുറം

എഴുത്തുകാരൻ, സാമൂഹികപ്രവർത്തകൻ, ചലച്ചിത്ര പ്രവർത്തകൻ, മാധ്യമ സംരംഭകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന നജീബ് കുറ്റിപ്പുറം മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം ആസ്ഥാനമായുള്ള ഇല ഫൗണ്ടേഷന്റെ (ILA Foundation) സ്ഥാപകനാണ്. ജീവകാരുണ്യപ്രവർത്തനം, സാന്ത്വനപരിചരണം, സാമൂഹികമായി ഒറ്റപ്പെട്ടവരുടെ പുനരധിവാസം എന്നിവയാണ് പ്രധാന പ്രവർത്തന മേഖലകൾ. രോഗികൾക്കും ജീവിത പ്രതിസന്ധികളിലൂടെ കടന്നുപോകുന്നവർക്കും പരിചരണവും മാനസികപിന്തുണയും നൽകുന്ന ഇല ഫൗണ്ടേഷൻ, മതത്തിന്റെയും ജാതിയുടെയും അതിർവരമ്പുകൾക്കപ്പുറം മനുഷ്യരെ ചേർത്തുനിർത്തുന്ന ഒരു ഇടമാണ്.  മാധ്യമ, മൾട്ടിമീഡിയ മേഖലകളിലും പ്രവർത്തിച്ചിട്ടുള്ള നജീബ്, യാത്രകളിലൂടെ വിവിധ പ്രദേശങ്ങളിലെ മനുഷ്യരുടെ ജീവിതാവസ്ഥകൾ അടുത്തറിയുകയും സാമൂഹികപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു വരുന്നു.  ഇല ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ സാന്ത്വനപരിചരണത്തിൽ മാത്രം ഒതുങ്ങുന്നില്ല. ഡയാലിസിസ് സൗകര്യം, മരുന്ന് ബാങ്ക്, വീടുകളിലെത്തിയുള്ള രോഗീപരിചരണം എന്നിവയ്ക്കൊപ്പം കുട്ടികളുടെയും കൗമാരക്കാരുടെയും വ്യക്തിത്വവികസനത്തിനായുള്ള പരിശീലനപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. (ഫോൺ: +919447046003)

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

0
Would love your thoughts, please comment.x
()
x