മെര്‍സൂഖ- സഹാറയുടെ വര്‍ണരാജികള്‍ (മൊറോക്കൻ യാത്രാകുറിപ്പുകൾ – 7)
ജി.പി. രാമചന്ദ്രന്റെ മൊറോക്കോ യാത്രാക്കുറിപ്പുകള്‍ തുടരുന്നു… (മുൻ ലക്കങ്ങൾ വായിക്കാം ഇവിടെ)
ഫെസ് നഗരസന്ദർശനവും അവിടത്തെ താമസവും കഴിഞ്ഞ് അടുത്ത യാത്ര ആഫ്രിക്കയിലെ മഹാ മരുഭൂമിയായ സഹാറയിലേയ്ക്കായിരുന്നു. താമസിച്ച റിയാദിലെ (പൂന്തോട്ടം എന്നര്‍ത്ഥം വരുന്ന റിയാദ് എന്നാണ് ഇവിടത്തെ അധികം ഹോട്ടലുകളും അറിയപ്പെടുന്നത്. ഉള്ളില്‍ നടുമുറ്റവും അതില്‍ പൂന്തോട്ടവുമുള്ള പൗരാണിക അന്തലൂസിയൻ വാസ്തുവിദ്യയിൽ നിർമിച്ച വീടുകളെയാണ് റിയാദ് എന്നു പറയുന്നത്) പ്രഭാതഭക്ഷണം തയ്യാറാകുന്നതിനു മുമ്പു തന്നെ വണ്ടി പുറപ്പെട്ടു. പിന്നെ കാപ്പി കുടിയ്ക്കാൻ വഴിയിൽ കണ്ട ഒരു നാടൻ തീൻ കടയിലാണ് നിർത്തിയത്.

ഇമോസർ കാന്ദർ എന്ന ചെറുഗ്രാമമായിരുന്നു അത്. ഗ്രാമമാണെങ്കിലും യൂറോപ്യൻ രീതികളിലാണ് റോഡുകളും കഫേകളും എല്ലാം. നേരത്തെ ആലോചിച്ചു തീരുമാനിക്കാതെ ഇത്തരം വഴിയോരഗ്രാമങ്ങളിൽ നിർത്തുന്നത് അപകടമാണെന്നും ഇങ്ങനെ ചെയ്യാൻ പാടില്ലെന്ന് തങ്ങൾക്ക് ടൂറിസ്റ്റ് അധികൃതരുടെ നിർദ്ദേശമുണ്ടെന്നും എല്ലാം ഡ്രൈവർ സലാഹിൻ വാദിക്കുന്നുണ്ടായിരുന്നു. അത്തരം തടസ്സവാദങ്ങളൊക്കെ ശബ്ദമുയർത്തി വാദിച്ച് ലുഖ്മാൻ മറികടന്നു. ഈജിപ്തിൽ നിന്നു വ്യത്യസ്തമായി കുറെക്കൂടി ശുദ്ധ അറബിയാണ് മൊറോക്കോയിൽ സംസാരിക്കുന്നതെന്നാണ് ലുഖ്മാന്റെ നിരീക്ഷണം (അറബിയും ബെർബർ ഭാഷയായ അമാസിഗും കൂടി കലർന്ന ദരിജ എന്ന സംസാര ഭാഷ മൊറോക്കോയിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. പക്ഷെ, എല്ലാവര്‍ക്കും ശുദ്ധ അറബി മനസ്സിലാവുകയും, അതിൽ വ്യാകരണ ബന്ധിതമായി സംസാരിക്കാനും മൊറോക്കോയിൽ അറിയും. ഈജിപ്ത് പോലുള്ള നാടുകളിൽ ശുദ്ധ അറബി സംസാരിക്കാൻ അറിയുന്നവർ കുറവാണ്). നാട്ടില്‍ നിന്നു പഠിച്ച അറബിയെ വായനയിലൂടെയും യാത്രകളിലൂടെയും നിരന്തരം പുതുക്കിക്കൊണ്ടാണ് ലുഖ്മാന്‍ അറബി സംസാരത്തില്‍ വിദഗ്ദ്ധനായി മാറിക്കൊണ്ടിരിക്കുന്നത്.
ഈ കടയിലെ പാചകക്കാരികളും നടത്തിപ്പുകാരിയും എല്ലാം സ്ത്രീകളാണ്. പൊടുന്നനെ കിട്ടിയ കസ്റ്റമേഴ്സിന്റെ ഹിതമനുസരിച്ച് എല്ലാവർക്കും ഭക്ഷണമെത്തിക്കാൻ അവർ ഓടിനടക്കുന്നുണ്ടായിരുന്നു. ഹർഷ, മെസ്മൻ എന്നീ പലഹാരങ്ങൾ ആണ് അവിടെ തത്ക്ഷണം ഉണ്ടാക്കി ചൂടോടെ ഞങ്ങൾക്ക് ലഭിച്ചത്. റവ, മൈദ, മുട്ട എന്നിവ യഥാവിധി കലർത്തി ഉണ്ടാക്കുന്ന ഈ രണ്ട് പലഹാരങ്ങളുടെയും രുചി അങ്ങേയറ്റം ഹൃദ്യമായിരുന്നു. കാപ്പിയും മൊറോക്കൻ ചായയും കൂട്ടിനെത്തി.

എന്നാൽ വിസ്മയമായി മാറിയത് കടയിലെ വെന്ത മുട്ട വില്പനക്കാരനായ ഹംസ എന്ന ബാലനാണ്. നമ്മളുടെ മേശയ്ക്കരുകിലേയ്ക്ക് വിളിക്കുന്നതനുസരിച്ച് അവിടെയെത്തി ഓരോ മുട്ടയും തോട് കളഞ്ഞ് കുരുമുളകുപൊടി ഇട്ട് തരും. ഹംസ കടയിലെ ജീവനക്കാരനല്ലെന്ന് കുറച്ചു കഴിഞ്ഞപ്പോഴാണ് മനസ്സിലായത്. അനുബന്ധ വില്പനക്കാരനായ ഹംസയ്ക്ക് പ്രത്യേകം വില കൊടുത്തു. മറ്റു മേശകളിൽ തദ്ദേശീയർ സിഗരറ്റ് പുകച്ചു കൊണ്ട് ചായയും മൊത്തി അലസരായി ഇരിക്കുന്നുണ്ടായിരുന്നു. അവർക്ക് ഇതുപോലെ മുട്ട സെർവ് ചെയ്യുന്നതു കണ്ടാണ് ഹംസയെ ഞങ്ങളും വിളിച്ചത്.

നക്ഷത്ര ഹോട്ടലുകളിലെ വിലയൊന്നും അവിടെ ഇല്ലെന്നത് പറയേണ്ടതില്ലല്ലോ. ഹോട്ടലിലെ ജീവനക്കാരികളോടും പിന്നെ മുട്ട വില്പനക്കാരനായ ഹംസയോടും ഒപ്പം പടങ്ങളെടുത്തും കൈകൊടുത്തും ആ മധുരനേരം ഓർമ്മയിൽ നിത്യമാക്കി ഞങ്ങൾ യാത്ര തുടർന്നു.
മൊറോക്കോയുടെ ഒരു സവിശേഷത മാറിമാറി വരുന്ന ഭൂപ്രകൃതികളാണ്. മരുഭൂമിയും പർവതനിരകളും കടൽ തീരങ്ങളും എല്ലാം ചേർന്ന പല കാലാവസ്ഥകളും ഭൂ നിലകളുമാണ് മൊറോക്കോയെ വശ്യമാക്കുന്നത്. ഇതിനെ തുടര്‍ന്ന് ഞങ്ങളെത്തിയ ഇഫ്രാൻ “മൊറോക്കോയുടെ സ്വിറ്റ്സർലൻഡ്” എന്നാണറിയപ്പെടുന്നത്. ഈ നഗരത്തിൽ യൂറോപ്യൻ രീതിയിലുള്ള കെട്ടിടങ്ങളും പച്ചപ്പും തണുത്ത കാലാവസ്ഥയും മഞ്ഞുവീഴ്ചയുമെല്ലാമാണുണ്ടായിരുന്നത്.
ഇഫ്രാനിൽ റോഡിന്റെ ഇരുവശങ്ങളിലും ആപ്പിൾ തോട്ടങ്ങൾ ഉണ്ട്. ചുവപ്പും പച്ചയും നിറമുള്ള പഴുത്തു പാകമായ ആപ്പിളുകൾ കൈപ്പൊക്കത്തിൽ പറിച്ചെടുക്കാൻ സാധിക്കുന്ന ഒരു തോട്ടത്തിനരികിൽ ഞങ്ങൾ വാഹനം നിർത്തി. തോട്ടമുടമ മുഹമ്മദ് ഇദ്രീസ് ഞങ്ങളെ ഹൃദയപൂർവം സ്വീകരിച്ചു. തോട്ടത്തിലൂടെ നടക്കാനും ആപ്പിൾ മരങ്ങൾ അടുത്തുകാണാനും ഇഷ്ടമുള്ളത്ര ആപ്പിളുകൾ പറിച്ചുകഴിക്കാനും അദ്ദേഹം അനുവദിച്ചു. ഈജിപ്ത് യാത്രയ്ക്കിടയിൽ കൈറോവിൽ നിന്ന് അലെക്സാണ്ടിയയ്ക്കുള്ള ഹൈവേയ്ക്കരുകിൽ വണ്ടി നിർത്തി ഓറഞ്ച് പറിച്ചു തിന്നതാണ് എനിയ്ക്ക് ഓർമ്മ വന്നത്. അന്ന് അനുവാദം തരാൻ അവിടെ ആരുമില്ലായിരുന്നു. അവരുണ്ടെങ്കിൽ അനുവാദം തരും എന്ന ലുഖ്മാന്റെ ഉറപ്പിലാണ് ഞങ്ങൾ അവിടം മേഞ്ഞത്. ആ ഉറപ്പ് വാസ്തവമാകുമെന്ന് തെളിയിച്ചത് ഇഫ്രാനിലെ മുഹമ്മദ് ഇദ്രിസാണെന്നു മാത്രം.

അതീവ രുചികരമായിരുന്നു അവിടത്തെ പച്ച ആപ്പിളുകൾ. നമ്മുടെ അത്രയും ഉയരത്തിലുള്ള മരത്തിൽ നിന്ന് പറിച്ചു കഴിച്ചപ്പോൾ, യഥാർത്ഥ ആപ്പിളിന്റെ സ്വാദ് അറിയാനായി. പല രാജ്യങ്ങളിലും പോയി ആപ്പിൾ കഴിച്ചിട്ടുള്ള ജോസഫ് പോലും പറഞ്ഞു, ഇത്രയും രുചിയുള്ള ആപ്പിൾ ജീവിതത്തിൽ കഴിച്ചിട്ടില്ല എന്ന്. പത്ത് കിലോ ആപ്പിൾ രണ്ടു കവറുകളിലാക്കി ഞങ്ങൾ പറിച്ചെടുക്കുകയും ചെയ്തു. രണ്ടു മൂന്നു ദിവസം സ്വാദോടെ അത് കഴിക്കാനും പറ്റി.

മൊറോക്കോയിലെ പൗരാണിക നിവാസികളെ ബെർബർമാർ എന്നാണ് സാമാന്യമായി വിളിക്കുന്നതെങ്കിലും അത് പൊളിറ്റിക്കലി കറക്റ്റ് ആയ പ്രയോഗമല്ലെന്നത് പിന്നീടാണ് മനസ്സിലായത്. അമാസിഗുകൾ എന്നാണ് അവരെ വിളിക്കേണ്ടത്. സംസ്കാരമില്ലാത്തവർ, പരിഷ്കൃതരല്ലാത്തവർ എന്ന് അർത്ഥം വരുന്ന ഗ്രീക്ക്, ലാറ്റിൻ വാക്കുകളിൽ നിന്നാണ് ബെർബർ എന്ന പ്രയോഗം വരുന്നത് എന്നതാണ് വടക്കേ ആഫ്രിക്കയിലെ ആദിമനിവാസികൾ ആ വാക്കിനെതിരെ തിരിയാൻ കാരണം. എന്നാല്‍, ടൂറിസ്റ്റ് വിവരണങ്ങളില്‍ ഗൈഡുകള്‍ ബെര്‍ബെര്‍മാര്‍ എന്നുപയോഗിക്കുന്നതിനെ അമാസിഗുകള്‍ എവിടെയും തടയുകയോ പ്രതിഷേധിക്കുകയോ ചെയ്യുന്നുണ്ടായിരുന്നില്ല. അത് വിധേയത്വമോ കീഴടങ്ങലോ അല്ല, അതിഥികളോടുള്ള കരുതലാണെന്നതാണ് വാസ്തവം.
അമാസിഗുകൾ താമസിക്കുന്ന അറ്റ്ലസ് പർവ്വത നിരകളിലൂടെയാണ് യാത്ര തുടർന്നത്. ഫെസിൽ നിന്ന് ആരംഭിച്ച യാത്ര മെർസോഗയിലെത്താൻ പത്തു മണിക്കൂർ എടുക്കും. വഴിയിൽ പൗരാണിക മൊറോക്കൻ വാസികളുടെ ഗ്രാമങ്ങളുണ്ട്. ഈ ബെർബർ (സൗകര്യത്തിനു വേണ്ടി ആ വാക്കു തന്നെ ഉപയോഗിക്കുന്നു) വില്ലേജുകളുടെ കാഴ്ചകൾ ഫോണിൽ പകർത്തി. അതിനിടയിലാണ് ഗുഹകളിലെ അപൂർവ കല്ലുകൾ വില്ക്കുന്ന ഒരു അമാസിഗ് യുവാവിനെ പരിചയപ്പെട്ടത്. കല്ലുകൾ വാങ്ങണമെന്ന് പ്രേരണയുണ്ടായെങ്കിലും പലതരം സങ്കീർണ്ണതകൾ ഓർത്ത് വേണ്ടെന്നു വെച്ചു. പുറത്ത് മണ്ണു കട്ട പോലെ തോന്നിക്കുന്ന ഈ കല്ലിനുള്ളിൽ വിസ്മയകരമായ വജ്രപ്രപഞ്ചമാണ്. ഹൃദയം തുറന്ന് ലോകവും പ്രപഞ്ചവും കാണിക്കുന്ന പുരാണ സിനിമകളിലേതു പോലത്തെ അനുഭവം.

അറ്റ്ലസ് പര്‍വതനിരകളില്‍ കാണപ്പെടുന്ന സിഡാര്‍ മരം, കാശ്മീരില്‍ യാത്ര ചെയ്യുമ്പോള്‍ കാണാറുള്ള ചിനാര്‍ മരങ്ങളെപ്പോലെ തോന്നിച്ചു. സിഡാര്‍ മരത്തിന്റെ ഇലകളുടെ വെള്ളിനിറം കലര്‍ന്ന തിളക്കവും ചാരനിറമുള്ള തടിയും മികച്ച ദൃശ്യഭംഗി പകര്‍ന്നു നല്കി. മരുഭൂമികളുടെ നാടായ ആഫ്രിക്കയില്‍ യൂറോപ്പിനെ ഓര്‍മിപ്പിക്കുന്ന ശീതസ്ഥലികളുണ്ടെന്നതാണ് ഏറ്റവും ശ്രദ്ധേയം.
വൈകുന്നേരത്തോടെ ഞങ്ങള്‍ സഹാറ മരുഭൂമിയിലെ മെര്‍സൂഖയിലെത്തി. യാത്ര സഹാറയോടടുക്കുമ്പോള്‍, മരുഭൂമിയുടെ നിറം കൂടുതല്‍ തെളിയുകയും ഇടയ്ക്കിടെ വര്‍ണവിസ്മയങ്ങള്‍ തീര്‍ക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഈജിപ്തിലെ സഹാറയുടെയും മൊറോക്കോയിലെ സഹാറയുടെയും നിറങ്ങള്‍ തീര്‍ത്തും വ്യത്യസ്തമാണ്. ക്രീം, വെള്ള പോലുള്ള നിറങ്ങളാണ് ഈജിപ്തിലുണ്ടായിരുന്നതെങ്കില്‍ സ്വര്‍ണ നിറവും ഓറഞ്ചും ബ്രൗണുമെല്ലാമാണ് മൊറോക്കോയിലെ സഹാറയ്ക്കുള്ളത്. ധാതുക്കളുടെയും മണലിന്റെയും പാറകളുടെയും വെള്ളാരങ്കല്ലുകളുടെയും മാറ്റവും മിശ്രിതങ്ങളിലെ വ്യത്യസ്തകളുമെല്ലാമാണ് നിറങ്ങളെ നിര്‍മ്മിക്കുന്നത്.
മെര്‍സൂഖയില്‍ റിയാദ് മാർമൂഷ് എന്ന ഒരു ഹോട്ടലിലായിരുന്നു താമസം ഒരുക്കിയിരുന്നത്. മണ്ണു കൊണ്ടും പുല്ലു കൊണ്ടും നിര്‍മ്മിച്ച ഒരു കോട്ടയുടെ രൂപത്തിലുള്ള ഈ റിയാദിന്റെ കാഴ്ച തന്നെ ആനന്ദം പകര്‍ന്നു. വളരെ വലുപ്പമുള്ള മുറികളാണ് ഇവിടെയുള്ളത്. ഓരോ മുറികളും നടുമുറ്റത്തിനു ചുറ്റുമായുള്ള വരാന്തയിലേയ്ക്കാണ് തുറക്കുക. കക്കൂസും കുളിമുറിയും എല്ലാം വെവ്വേറെ, അതും ഓരോന്നും ഓരോ താമസമുറിയുടെ അത്ര വലുപ്പം. കിടക്കാനുള്ള കിടക്കയും കട്ടിലുമെല്ലാമുള്ള മുറിയ്ക്കു പുറമെ മറ്റൊരു ഇടമുറി കൂടിയുണ്ട്. പെട്ടികള്‍ നിരത്തി വെക്കാനും തുറക്കാനും വസ്ത്രം മാറാനും ഇത്ര സൗകര്യം ഉള്ള മുറികള്‍ നഗരങ്ങളില്‍ കിട്ടണമെന്നുണ്ടെങ്കില്‍ ആയിരങ്ങള്‍ കൂടുതല്‍ മുടക്കണം. ഇവിടെ വിശാലമായ മരുഭൂമിയുടെ സാമീപ്യവും അനുഭവവും നല്‍കാന്‍ വേണ്ടിയായിരിക്കണം ഈ മുറികളും വിശാലമാക്കിയിരിക്കുന്നത്. മറ്റൊരു നടുമുറ്റത്തിലായി നിര്‍മ്മിച്ചിട്ടുള്ള വലിയ നീന്തല്‍ക്കുളത്തിന്റെ കരയിലാണ് ഊണ്‍മേശകള്‍ സജ്ജീകരിച്ചിരിക്കുന്നത്.

റിയാദ് മാർമൂഷെയില്‍ നിന്ന് പുറത്തിറങ്ങിയാല്‍ നേരെ സഹാറയിലേയ്ക്ക് പ്രവേശിക്കുകയാണ് നാം ചെയ്യുക. ഇരുട്ടു പരക്കുന്നതിനു മുമ്പു തന്നെ വേഗം ഞങ്ങള്‍ സഹാറയിലേക്ക് നടപ്പു തുടങ്ങി. സ്വര്‍ണനിറത്തിന്റെയും വെളിച്ചത്തിന്റെയും മനോഹര വിസ്മയങ്ങള്‍ മുന്നില്‍ നിറഞ്ഞപ്പോള്‍ ഒന്നുമാലോചിക്കാതെ കുറെ ദൂരം ഉള്ളിലേക്ക് നടന്നു. ഒട്ടക സവാരി ഏര്‍പ്പാടു ചെയ്തിരുന്നു. കുറച്ചു പേര്‍ അത് പരീക്ഷിച്ചെങ്കിലും ലഡാക്കിലുണ്ടായ അനുഭവം മൂലം ഞാനതിനു തുനിഞ്ഞില്ല. അതിന്റെ കാരണങ്ങള്‍ അടുത്ത ലക്കത്തില്‍ വിവരിക്കാം.
കുറച്ചു നടന്ന് കാല്‍ കഴച്ചപ്പോള്‍ എന്റെ പങ്കാളി പ്രീത ഞാനിനി ഇല്ലെന്നും ഇവിടെ ഇരിക്കുകയാണെന്നു പറഞ്ഞ് ഒരു ചെറുകുന്നില്‍ ഇരുന്നു. മറ്റുള്ളവരോടൊപ്പം ഞാന്‍ മുന്നിലേയ്ക്ക് നടന്നു. ഇതൊക്കെയെന്ത് എന്ന ഭാവത്തില്‍ കുറച്ചു ദൂരം കൂടി മുന്നോട്ടു പോയപ്പോള്‍ ഇതിനൊരവസാനമില്ലെന്ന് മനസ്സിലായി. കൊയിലാണ്ടിക്കാരനായ കോയക്കുട്ടി ഹാജിയോടൊപ്പം ഞാനും ഒരു കുന്നിലിരിപ്പുറപ്പിച്ചു. അദ്ദേഹത്തിന്റെ മകന്‍ ജാഫര്‍ കുറെയധികം ഫോട്ടോകളെടുക്കുന്നുമുണ്ടായിരുന്നു. ഇന്‍സ്റ്റഗ്രാം വിദഗ്ദ്ധനാണ് ജാഫര്‍. സൗദിയില്‍ സാധാരണ തൊഴിലാളിയായെത്തി ദുരിതങ്ങള്‍ പേറിയ പ്രവാസിയായും പിന്നീട് അതവസാനിപ്പിച്ച് വാണിജ്യത്തിലേയ്ക്ക് കടന്ന് അത്യാവശ്യം ധനികനായതും എല്ലാം കോയക്കുട്ട്യാക്ക വിവരിച്ചപ്പോള്‍ സമയം പോയതറിഞ്ഞില്ല.

പെട്ടെന്ന് ഇരുട്ട് പരന്നു. നേരെ എന്ന കാഴ്ചാ രേഖ ഇപ്പോള്‍ ഇല്ലാതായി. ദൂരങ്ങള്‍ വേഗത്തില്‍ അപ്രത്യക്ഷമാകുകയും അടുത്തുള്ള കാഴ്ചകള്‍ മാത്രം ദൃശ്യമാകുകയും ചെയ്തു. ചെറു കുന്നുകളും മനുഷ്യരും ഒട്ടകങ്ങളും നടന്നും കാറുകളും ജീപ്പുകളും ഓടിച്ചും രൂപപ്പെട്ട വഴികളുമെല്ലാമായി മെര്‍സൂഖയിലെ മരുഭൂമിയ്ക്ക് വ്യത്യസ്തമായ ഭൂതലങ്ങളുണ്ടെന്ന് അവിടെ കുറെ ഉള്ളിലേക്ക് പോകുമ്പോഴാണ് മനസ്സിലാകുക. ഇതെല്ലാം ഒരു പോലെ തോന്നുകയും പരസ്പരം തിരിച്ചറിയാനാകാതെ പോകുകയും ചെയ്തു.

ഭാര്യ ഇരുന്ന സ്ഥലം കണ്ടെത്തി തിരിച്ച് റിയാദിലേയ്‌ക്കെത്തുക എന്നത്, അങ്ങോട്ടു പോകുമ്പോള്‍ നിസ്സാരമെന്നു കരുതിയിരുന്നതുപോലെ എളുപ്പമല്ല എന്ന് വളരെപ്പെട്ടെന്ന് ബോധ്യപ്പെട്ടു. ഫോണ്‍ കിട്ടുന്നുണ്ട്. പക്ഷെ, ഞാനിവിടെ എന്നു പറയുമ്പോഴും ആ ഇവിടെ എന്നത് എവിടെ ആണെന്നത് കൃത്യമായി പ്ലേസ് ചെയ്യാനാവുന്നില്ല. മൊബൈലിലെ ടോര്‍ച്ച് വെളിച്ചം ഉയര്‍ത്തിക്കാണിച്ച് സ്ഥലം വിനിമയം ചെയ്യാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. എന്നാല്‍, ഭൂപ്രതലത്തിലെ ഉയര്‍ച്ച താഴ്ചകള്‍ കാരണം, ഇത് വേണ്ടത്ര ഫലപ്രദമല്ല. മാത്രമല്ല, വെളിച്ചമുള്ളപ്പോള്‍ വേഗത്തില്‍ നടക്കുന്നതു പോലെ ഈ മൊബൈല്‍ മിന്നായ വെളിച്ചം മാത്രം ലക്ഷ്യമിട്ട് ഒരിടത്തു നിന്ന് മറ്റൊരിടത്തേയ്ക്ക് നടന്നു നീങ്ങാനുമാവില്ല. ഇടയ്ക്ക് കല്ലുകള്‍ തട്ടി വീഴാനും ഇടയുണ്ട്. അതിനുമപ്പുറം, മരുഭൂമിയില്‍ പാമ്പുകളുണ്ടാകുമെന്ന മുന്നറിയിപ്പ് ലുഖ്മാന്‍ നല്‍കിയിരുന്നു.
എണ്‍പതുകളില്‍ തമിഴ്‌നാട് തീരനഗരമായ നാഗപട്ടിണത്തെത്തിയപ്പോള്‍, ബീച്ച് കാണാനിറങ്ങിയതായിരുന്നു. അവിടെ പാമ്പുകളുണ്ടാകും എന്ന മുന്നറിയിപ്പ് ബോര്‍ഡുകള്‍ കണ്ടതും ഭീതി ശരീരമാസകലം പടര്‍ന്നു. നില്‍ക്കുന്ന കാലടിയില്‍ നിന്നും മണലിലൂടെ പാമ്പ് വരുമോ എന്നായിരുന്നു പേടി. നാഗപട്ടിണം, നാഗൂര്‍ എന്ന സ്ഥല നാമങ്ങള്‍ പോലും നാഗത്തില്‍ നിന്നാണുത്ഭവിച്ചതെന്ന് പെട്ടെന്ന് മനസ്സിലായി. ഏതാണ്ടതു പോലത്തെ അവസ്ഥയായിരുന്നു മെര്‍സൂഖയിലെ സന്ധ്യയില്‍ കൊള്ളിയാന്‍ പോലെ എന്നിലേയ്ക്ക് വന്നു ഭവിച്ച ഭീതി.
എന്തായാലും, കുറച്ച് വിളികളും മൊബൈല്‍ വെളിച്ച കൈമാറ്റങ്ങളും എല്ലാം നടത്തി ഭാര്യയിരുന്ന സ്ഥലത്തേയ്ക്ക് നടന്നെത്തി. മൊറോക്കോ യാത്രയ്ക്ക് ഏതാനും ദിവസം മുമ്പ് എന്റെ ഇടതു കാല്‍ വെച്ചു കുത്തി ഒരു വിരലിന് പരിക്കേറ്റിരുന്നു. പത്തു ദിവസം അത് കെട്ടി വെച്ചപ്പോള്‍, വിരലിന് ആശ്വാസമുണ്ടായെങ്കിലും കാല്‍നടത്ത വേഗത കുറഞ്ഞു പോയിരുന്നു. യാത്ര മാറ്റിവെക്കുന്ന പ്രശ്‌നമില്ലെന്ന് മനസ്സു കൊണ്ട് ഉറപ്പിച്ചിരുന്നതിനാല്‍, വേദനയും കാല്‍ നടത്തത്തിലെ മന്ദഭാവവും കണക്കിലെടുക്കാതെ നടന്നു കൊണ്ടേ ഇരുന്നു. സ്‌കെച്ചേഴ്‌സിന്റെ വളരെ വില കൂടിയ ഒരു സ്ലിപ്പോണ്‍ ഷൂ വാങ്ങിയതാണ് യാത്രയിലുപയോഗിച്ചത്. അത് ഗംഭീര തീരുമാനമായി. പൂര്‍ണസജ്ജമല്ലാത്ത കാലുകള്‍ക്ക് ആശ്വാസവും മികച്ച സുരക്ഷയും സ്‌കെച്ചേഴ്‌സ് നല്കി.

റിയാദിലെ മുറിയില്‍ തിരിച്ചെത്തി, ചൂടുവെള്ളത്തില്‍ കുളിയും പാസാക്കി അത്താഴത്തിന് നീന്തല്‍ക്കുളത്തിനടുത്തെത്തി ഇരുന്നു. മൊറോക്കന്‍ വിഭവങ്ങള്‍ ഇഷ്ടം പോലെ വന്നു കൊണ്ടിരുന്നു. കഴിഞ്ഞു പോയ സന്ധ്യയുടെ മാരകമായ അനുഭവം മനസ്സിലൊതുക്കി പിറ്റേന്ന് അതികാലത്ത് മരുഭൂമിയിലേക്ക് നടത്തുന്ന ഡ്രൈവിനെക്കുറിച്ചുള്ള വിവരണങ്ങള്‍ കേട്ടു കൊണ്ടിരുന്നു.
(അടുത്ത ലക്കത്തിൽ: സഹാറ- പ്രണയങ്ങളും സ്വർണ്ണ മണൽത്തരികളും)
മൊറോക്കോ യാത്രാക്കുറിപ്പുകൾ: മുൻ ലക്കങ്ങൾ വായിക്കാം ഇവിടെ.





