A Unique Multilingual Media Platform

Articles Development GenZ History National Policy Politics Protest

ഓർക്കുക ഗാന്ധി പിറന്ന മണ്ണാണിത്

  • October 9, 2026
  • 1 min read
ഓർക്കുക ഗാന്ധി പിറന്ന മണ്ണാണിത്

മോഹൻദാസ് കരംചന്ദ് ഗാന്ധിയെ ഓരോ ഇന്ത്യക്കാരനും ഗാന്ധിജിയെന്നോ ബാപ്പുജിയെന്നോ സ്നേഹ ബഹുമാനപുരസ്സരം വിളിക്കുന്നത് അദ്ദേഹം ഇന്ത്യൻ ജനതയുടെ മനസ്സിലേക്ക് ഉന്നതമായ ജനാധിപത്യബോധം കടത്തിവിട്ടു എന്നതു കൊണ്ടാണ്. സഹനസമരത്തിന്റെ തീവ്രതയും ഉപ്പുകുറുക്കിയാലുണ്ടാകുന്ന സാഹോദര്യവും എന്താണെന്നും അദ്ദേഹം നാനാവിധ സംസ്കാരങ്ങളുടെ പൊതുയിടമായ ഇന്ത്യയെ പഠിപ്പിച്ചു.

മുരളീ മനോഹർ ജോഷി പോലും പഠിച്ചു. ഈ പഠിപ്പിന്റെ ബാക്കിപത്രമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നമ്മൾ ഡൽഹി തെരുവുകളിൽ കാണുന്നത്. ഗ്യാനേഷ് കുമാർ എന്ന മിനിമം അന്തസ്സ് പോലും ഇല്ലാത്ത ഒരു ഉദ്യോഗസ്ഥനെ വച്ച് സംഘപരിവാരം കാണിച്ചുകൂട്ടുന്ന നെറികേടുകൾക്കെതിരെ ജെൻ-സീ (Gen Z) തിരികൊളുത്തിയ സമരങ്ങൾ എല്ലാ അഭിപ്രായവ്യത്യാസങ്ങളേയും മാറ്റി വച്ച് പ്രതിപക്ഷ പാർട്ടികൾ മുന്നോട്ട് കൊണ്ടു പോകുന്നത് ജനാധിപത്യത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ്. വികസിത രാജ്യമായ അമേരിക്കയിൽ പ്രസിഡന്റിന് സഞ്ചരിക്കാൻ എയർഫോഴ്സ് വൺ വിമാനമുള്ളത് കൊണ്ട് തനിക്കും ഇരിക്കട്ടെ ഒന്ന് എന്ന് ചിന്തിക്കുന്ന നരേന്ദ്ര മോഡിയെ പോലുള്ള അൽപ്പമനസ്സുകൾക്ക് ഒരിക്കലും മനസ്സിലാകുന്നതല്ല ഗാന്ധിജി തന്റെ സ്വന്തം ജീവൻ നൽകി പരിപാലിച്ച ഇന്ത്യൻ ജനാധിപത്യത്തിന്റെ ഉൾക്കരുത്ത്.

മോഡിക്കെന്നല്ല ലോകത്തൊരിടത്തും ഫാസിസ്റ്റ് സ്വഭാവമുള്ള ഒരാൾക്കും അത് മനസ്സിലാകില്ല. ഒടുവിൽ ഏതെങ്കിലും ഒരു റിവോൾവറിനാൽ സ്വയംഹത്യ നടത്തേണ്ടി വരുമ്പോൾ പോലും അവർ സ്വീകരിച്ച അപനയങ്ങൾ ഓരോ രാജ്യത്തും സൃഷ്ടിച്ച അപകടങ്ങൾ താൽക്കാലികമായെങ്കിലും അവിടെ തുടരും.

പതിമൂന്നരക്കോടി മനുഷ്യരെ വെറും കീടങ്ങളായി കണക്കാക്കി വോട്ടർപട്ടികയിൽ നിന്നും നീക്കം ചെയ്യാനുള്ള തീരുമാനമെടുക്കാൻ ഗ്യാനേഷ് കുമാറെന്ന സർക്കാർ ഗുമസ്തന് എങ്ങനെ ധൈര്യം വന്നു എന്ന ചോദ്യത്തിനാണ് ആദ്യം ഉത്തരം വേണ്ടത്. കൂടെയുളള കമ്മീഷണറന്മാരെ നോക്കുക്കുത്തികളാക്കി കൊണ്ട് ഗ്യാനേഷ് കുമാർ ഇത്തരമൊരു നീചപ്രവർത്തി ചെയ്തതിൽ നിന്നും എന്തു നേടി? ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ ലോകരാജ്യങ്ങൾക്ക് നാണം കെടുത്തിയത് കൊണ്ട് ഗ്യാനേഷ്കുമാറിന് എന്തു നേട്ടമാണ് ഉണ്ടായത്? ചോദ്യങ്ങൾ ഇനിയും നീട്ടാം.പക്ഷേ എന്തു ചോദിച്ചാലും ഗ്യാനേഷ് കുമാറിന് ഉത്തരമുണ്ടാകില്ല. വീട്ടിലെ വളർത്തുനായയോട് എന്തു ചോദിച്ചാലും അതിനറിയാവുന്നത് കുരയ്ക്കാൻ മാത്രമാണല്ലോ.

ഗ്യാനേഷ് കുമാർ

സക്രിയമായ ജനാധിപത്യ പ്രക്രിയയെ അട്ടിമറിച്ചായാലും ഭരണത്തിൽ തുടരണമെന്ന മോഹം പട്ടാള അട്ടിമറിയെ കുറിച്ച് ചിന്തിക്കുന്നതിനെക്കാൾ മ്ളേച്ഛമാണ്. അങ്ങനെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിച്ച് ഏറ്റവും മോശമായ ഒരു ഭരണാധികാരിയെ സൃഷ്ടിച്ചതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പശ്ചിമബംഗാളിൽ മുഖ്യമന്ത്രിയായി അവരോധിതനായ സുവേന്ദു അധികാരി. രാഷ്ട്രീയാധികാരമെന്നത് അയാൾക്ക് നാല് കാശുണ്ടാക്കാനുള്ള വഴി മാത്രമാണെന്ന് ബംഗാൾ രാഷ്ട്രീയം നോക്കിക്കാണുന്ന ആർക്കുമറിയാം. കാലാകാലങ്ങളായി ബി.ജെ.പിയെന്നും ആർ.എസ്.എസ് എന്നൊക്കെ പറഞ്ഞ് നടന്നവരെ ചവിട്ടിതാഴ്ത്തിയാണ് അയാൾ ബംഗാളിന്റെ മുഖ്യമന്ത്രി കസേര മോഷ്ടിച്ചെടുത്തത്. തൊണ്ണൂറ്റി എട്ടു ലക്ഷം വോട്ടറന്മാരെ ഇരുട്ടത്ത് നിറുത്തിയാണ് ഇയാൾക്ക് മുഖ്യമന്ത്രിയാകാനുള്ള അവസരം ഗ്യാനേഷ് കുമാർ ഒരുക്കിക്കൊടുത്തത്. ഇതു പോലെ മഹാരാഷ്ട്രയിൽ ബീഹാറിൽ കേരളത്തിലും തമിഴ്നാട്ടിലും.

എസ് ഐ ആർ നടപ്പിലാക്കിയത് വഴി വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ട വോട്ടുകളുടെ കണക്കുകൾ

ഇപ്പോൾ മോഡിയും അമിത്ഷായും മോഹൻഭാഗവതുമൊക്കെ മാളത്തിലാണ്. ഇന്ത്യയിൽ ഉണ്ടോ എന്നു തന്നെ അറിയില്ല. ഡൽഹിപോലീസാണ് ഇപ്പോൾ ബി.ജെ.പിയുടെ മുഖവും വക്താക്കളും. ഈ കുറിപ്പെഴുതുമ്പോൾ ബംഗാളിലും ഛത്തീസ്ഗഢിലും ഡ്യൂട്ടിയിലുണ്ടായിരുന്ന അർദ്ധസൈനിക വിഭാഗങ്ങൾ, ഇവർ ഏഴായിരത്തോളമാണ്, ഡൽഹിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. അവരോട് ആയുധങ്ങൾ കരുതണമെന്ന പ്രത്യേക നിർദ്ദേശം നൽകിയതായി ദി ഹിന്ദു ദിനപത്രം റിപ്പോർട്ടു ചെയ്യുന്നു. ഏതെങ്കിലും ശത്രുരാജ്യത്തെ സൈനികരോട് ഏറ്റുമുട്ടാനല്ല മറിച്ച് ജന്തർ മന്ദറിൽ സമരം തുടങ്ങാൻ പോകുന്ന സി.ജെ.പി പ്രവർത്തകരെ നേരിടാനാണ് ഈ സന്നാഹമൊരുങ്ങുന്നത്. ഈ രാജ്യത്തെ യുവത്വത്തെ ചോരയിൽ മുക്കിക്കൊല്ലാമെന്ന ജനാധിപത്യവിരുദ്ധബോധം സംഘപരിവാരത്തിനല്ലാതെ മറ്റാർക്കും ചിന്തിക്കാൻ കഴിയുന്നതല്ല.

സേന വിന്യാസവുമായി ബന്ധപ്പെട്ട ദി ഹിന്ദു റിപ്പോർട്ട്

രാഹുൽഗാന്ധിയെ കളിയാക്കി ജയിക്കാമെന്ന ഒരു ജീർണ്ണബോധം ബി.ജെ.പി വക്താക്കൾക്ക് ഉണ്ടായിരുന്നു. രാഹുൽഗാന്ധി പറഞ്ഞതെല്ലാം സത്യമായിരുന്നു എന്ന് കാലം തെളിയിച്ചപ്പോൾ, പ്രതിപക്ഷത്തെ പ്രധാനകക്ഷികൾ പോലും അത് അംഗീകരിച്ചപ്പോൾ, ഇപ്പോൾ മിണ്ടാട്ടമില്ല. സ്വന്തം കൂടാരത്തിലെ മുറുമുറുപ്പുകൾ എപ്പോൾ വേണമെങ്കിലും മോഡിക്ക് നേരെ തിരിയാം. പ്രധാനമന്ത്രി പദം സ്വപ്നം കാണുന്ന നിതിൻ ഗഡ്കരിയെ പോലുള്ളവരെ മോഡിക്ക് ഭയമാണ്. മോഡി ഒഴിയുമ്പോൾ പ്രധാനമന്ത്രിയാകാൻ തയ്യാറായി നിൽക്കുന്ന അമിത്ഷായ്ക്ക് തന്റെ മോഹങ്ങളെ തല്ലിക്കെടുത്താൻ വാളെടുത്ത് നിൽക്കുന്ന യോഗി ആദിത്യനാഥനെ പേടിയാണ്.


ഭയം ഫാസിസ്റ്റുകളുടെ കൂടെ പിറപ്പാണ്.ആ ഭയത്തിൽ നിന്നാണ് രാജ്യത്തെ പോലും അപകടത്തിൽ പെടുത്തുന്ന മൂന്നാംകിട നിലപാടുകളുമായി അവർ കളം നിറയുന്നത്.


രാത്രിയുടെ അന്ത്യയാമങ്ങളിൽ ഇൻസ്റ്റാഗ്രാം വീഡിയോയുമായി നരേന്ദ്ര മോഡി ഇനിയും വരും. നരേന്ദ്ര മോഡി അധികാര ദുരുപയോഗം തുടങ്ങിയതിന്റെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുമ്പോൾ അയാൾക്കായി കാലം കാത്തു വച്ചതാണ് നമ്മളിന്ന് കാണുന്ന കാഴ്ചകൾ എന്നു പറഞ്ഞാൽ ഞാനൊരു വിധി വിശ്വാസിയാണെന്ന് ദയവായി തെറ്റിദ്ധരിക്കരുത്.

ന്യൂഡൽഹിയിൽ പുതിയ പാർലമെൻ്റ് മന്ദിരത്തിൻ്റെ ഉദ്ഘാടന വേളയിൽ നരേന്ദ്ര മോദി.

ഇതേ അപകടമാണ് ഇന്ത്യൻ ജുഡീഷ്യറിയിലും കടന്നു കൂടിയിരിക്കുന്നത്. രഞ്ജൻ ഗോഗോയിലൂടെ നമ്മളിത് ഒരിക്കൽ കണ്ടതാണ്. നഗ്നനമായ വോട്ടു മോഷണമാണ് രാജ്യത്ത് നടന്നതെന്ന് സാദാ ബി.ജെ.പിക്കാരന് പോലും ബോധ്യമുളളപ്പോൾ അത് മനസ്സിലാകാത്തവരാണോ സുപ്രീം കോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്ജിമാരായി വിരമിച്ചവർ? രാജ്യത്തെ നിയമപരമായി നിലനിൽക്കുന്ന സംവിധാനങ്ങളെ തകർക്കാനാണ് രാഹുൽ ഗാന്ധിയും കൂട്ടരും ശ്രമിക്കുന്നതെന്ന പ്രസ്താവനയുമായി ഇന്നലെ രംഗത്ത് വന്നിരിക്കുന്നത് സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ഹേമന്ത് ഗുപ്ത,പങ്കജ് മിത്തൽ ജമ്മുകാശ്മീർ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ബി.സി പട്ടേൽ,കർണ്ണാടക ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസായിരുന്ന സുബ്രോ കമാൽ മുഖർജി തുടങ്ങിയ നാൽപ്പത്തിരണ്ട് റിട്ടയേർഡ് ജഡ്ജിമാരാണ് ഈ സമരങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞ് പ്രസ്താവനയിറക്കിയിരിക്കുന്നത്. ബി.ജെ.പി നൽകാമെന്ന് പറഞ്ഞിരിക്കുന്ന എല്ലിൻകഷണത്തിന് വേണ്ടിയാണ് ഈ പറയുന്നതെന്ന് രാജ്യത്തെ മാധ്യമങ്ങൾക്ക് അറിയാവുന്നത് കൊണ്ട് അവർ അതിന് അത്ര പ്രാധാന്യമേ നൽകിയുള്ളൂ,മോഡിയുടെ കാശ് കൈപ്പറ്റി പ്രവർത്തിക്കുന്ന ഗോഡി മീഡിയ പോലും ഈ താല്പര്യാർത്ഥികളുടെ പ്രസ്താവനയ്ക്ക് വലിയ പ്രാധാന്യം നൽകിയില്ല. പക്ഷേ ഇവരൊക്കെ കസേരകളിലിരുന്ന സമയത്തെ വിധിപ്രസ്താവങ്ങളെ പുനർ വായനയ്ക്ക് വിധേയരാക്കാൻ സാമാന്യജനം തയ്യാറാകണം. വലതുപക്ഷവൽക്കരണം മാത്രമല്ല അപായകരമായ ക്രിമിനൽവൽക്കരണമാണ് സംഘപരിവാരം ഇന്ത്യൻ ജുഡീഷ്യറിയിൽ വരുത്തിയിരിക്കുന്നത്.ഒരു പക്ഷേ സി.ജെ.പി പോലൊരു യുവതയുടെ മുന്നേറ്റം തലയും തലച്ചോറും നരച്ച പരിവാര നേതൃത്വം വിചാരിച്ചിട്ടുണ്ടാകില്ല.

ഇതെല്ലാം ഡൽഹിയിൽ നടക്കുമ്പോൾ കേരളത്തിലും വലിയൊരു ചെറുത്തുനിൽപ്പിന്റെ കഥ പിറന്നു. കാസർഗോഡ് കേന്ദ്ര സർവ്വകലാശാലയിൽ വന്ദേമാതരം സെമിനാറിൽ പ്രസംഗിക്കാൻ ആർ,എസ്.എസ് കാര്യകർത്തയായ നന്ദകുമാറിനെ എസ്.എഫ്.ഐ,എം.എസ്.എഫ്,എ,ഐ.എസ്.എഫ് പ്രവർത്തകർ തടുകയും സെമിനാർ നടത്താൻ അനുവദിക്കാതിരിക്കുകയും ചെയ്തു. സംഘപരിവാറുകാരനായ ശ്രീകുമാർ എന്ന അദ്ധ്യാപകന്റെ കുബുദ്ധിയിൽ വിരിഞ്ഞ ഈ സെമിനാർ വാസ്തവത്തിൽ കാസർഗോഡ് മേഖലയിൽ ബി.ജെ.പിയുടെ സംഘടനാ വളർച്ച ലക്ഷ്യമാക്കിയുള്ളതായിരുന്നു. രണ്ടാം ദിനം പ്രസംഗിക്കാനെത്തിയ കേരളം ഗവർണ്ണർ ആർലേക്കറും വിദ്യാർത്ഥി സമരത്തിന്റെ ചൂടറിഞ്ഞു. വിദ്യാർത്ഥികളെ രാജ്യദ്രോഹികൾ എന്ന് വിളിച്ചായിരുന്നു ഗവർണ്ണർ അരിശം തീർത്തത്. പക്ഷേ ഏശിയില്ല.പെൺകുട്ടികൾ ഉൾപ്പടെയുള്ള വിദ്യാർത്ഥികൾ സംഘടനാപരമായ വ്യത്യാസങ്ങൾ മറന്ന് ഗവർണ്ണറെ കൂകിവെളുപ്പിച്ചു. എ.ബി.വി.പി അനുഭാവികളായ വിദ്യാർത്ഥി ഒതുക്കത്തിൽ തടിത്തപ്പുകയും ചെയ്തു. ഇതെല്ലാം ഓരോ സൂചനകളാണ്. ഫാസിസത്തിന്റെ ഇന്ത്യൻ പതിപ്പിന്റെ കൊടിയിറക്കം ആരംഭിക്കുന്നതിന്റെ സൂചനകൾ.

About Author

എം.കെ നാരായണ മൂർത്തി

മാധ്യമ പ്രവർത്തകൻ. Thou Newz എന്ന യൂട്യൂബ് വാർത്താ ചാനലിൻ്റെ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്നു. അറുപതിൽപരം രാജ്യങ്ങളിൽ യാത്ര ചെയ്ത് രാഷ്ട്രീയ - സാമുഹിക വിഷയങ്ങൾ പഠിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

0
Would love your thoughts, please comment.x
()
x