പ്രണയ നഗരത്തിന്റെ കഥകൾ, കാഴ്ചകൾ
അനേകം യാത്രകൾ കൂടിച്ചേരുമ്പോഴാണ് ഒരു ജീവിതമുണ്ടാകുന്നത്. നീണ്ട യാത്രകൾ ജീവിതത്തിൻ്റെ ദൈർഘ്യം കൂട്ടുന്നു; നാം ദീർഘായുസ്സുകളാകുന്നു. ഒരു ജൻമത്തിൽ അനേകം ജൻമങ്ങൾ ജീവിച്ചതു പോലെ ജീവിതം വൈവിധ്യപൂർണവും ധന്യവുമാകുന്നു.
എല്ലാ യാത്രകൾക്കും വിനോദത്തിൻ്റെ ഒരു തലമുണ്ട്. എന്നാൽ ചിലർ യാത്ര നടത്തുന്നത് വിചാരങ്ങളുടെ കെട്ടഴിച്ചുവിടാനാണ്. അവർ വിചിത്രമായ അനുഭവങ്ങളും പുതിയ ചിന്തകളുമായി തിരിച്ചെത്തുന്നു. പോകുന്ന പോക്കിനോ തിരിച്ചു വരവിനോ നാളും തീയ്യതിയും നിശ്ചയിക്കാത്ത ഒരു യാത്രയാണത്. അവരാണ് ചരിത്രത്തിന് പുതിയ തുടർച്ചകളുണ്ടാക്കുന്നത്. ഫാഹിയാനും ഹുയാൻ സാങും അൽബിറൂനിയും പോലെ. ചരിത്രത്തിൽ ആരുടെയൊക്കെ പേരുണ്ടാകും എന്നു നമുക്കറിഞ്ഞുകൂടാ. എങ്കിലും ചരിത്രത്തോടുള്ള നമ്മുടെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാനുള്ള പല വഴികളിൽ ഒന്നാണ് യാത്രയും യാത്രാ വിവരണവും. കാഴ്ചയെ ചരിത്രത്തിൻ്റെ ഭാഗമാക്കുന്ന ദൗത്യനിർവഹണമാണത്. ഹൈദരാബാദ് ഒരു പ്രണയ നഗരം എന്ന മുജീബ് റഹ്മാൻ കിനാലൂരിൻ്റെ പുസ്തകം അങ്ങനെയൊന്നാണ്. അത് ചരിത്രത്തെ ഓർത്തെടുക്കുകയും പുതിയ കാഴ്ചകളെ ചരിത്രത്തോട് കൂട്ടിച്ചേർക്കുകയും ചെയ്യുന്നു.

ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധങ്ങളായ നഗരങ്ങളിലൊന്നാണ് ഹൈദരാബാദ്.
ഹൈദരാബാദ് വെറുമൊരു നഗരമായിരുന്നില്ല. അതൊരു രാജ്യമായിരുന്നു. രാജാവും സൈന്യവുമൊക്കെയുള്ള ഒന്ന്. എല്ലാ രാജ്യങ്ങളുമെന്ന പോലെ പല രാജാക്കൻമാർ, പല രാജവംശങ്ങൾ ആ നഗരരാഷ്ട്രം ഭരിച്ചു. ഷാമാരും നൈസാമുമാരും ആ മണ്ണിൽ അധികാരം നടത്തി. അവർ കലഹിക്കുകയും പ്രണയിക്കുകയും ചെയ്തു. അതിലൊരു രാജാവിൻ്റെ പ്രണയത്തിൽ നിന്നാണ് ഹൈദരാബാദ് എന്ന നഗരമുണ്ടാകുന്നത്. നഗരപ്പിറവിയുടെ ഈ പ്രണയ പശ്ചാത്തലം വിവരിച്ചുകൊണ്ടാണ് ഹൈദരാബാദ് ഒരു പ്രണയ നഗരം എന്ന യാത്രവിവരണ ഗ്രന്ഥം പിറവിയെടുക്കുന്നത്. എഴുത്തുകാരനും പ്രഭാഷകനുമായ മുജീബ് റഹ്മാൻ കിനാലൂർ നടത്തിയ ഹൈദരാബാദ് യാത്രയുടെ വിശേഷങ്ങൾ അയത്നലളിതമായ ഭാഷയിൽ അദ്ദേഹം വിവരിക്കുന്നു.

ഒരു സാധാരണ സഞ്ചാരി ഹൈദരാബാദിൽ എളുപ്പം കണ്ടെത്തുന്ന സന്ദർശക ഇടങ്ങൾ തന്നെയാണ് ഈ പുസ്തകത്തിൽ നാം കണ്ടെത്തുന്നത്. എന്നാൽ അവർ കാണുന്നതിലെ കാണായ്മകൾ, ആളുകൾ കണ്ടു കണ്ട് തഴമ്പിച്ച ദേശങ്ങളിൽ അവർ കാണാത്ത കോണുകൾ, ജീവിതത്തിൻ്റെ സൂക്ഷ്മാംശങ്ങൾ, ചരിത്രത്തിൻ്റെ മങ്ങിത്തുടങ്ങിയ ഏടുകൾ, സാംസ്കാരിക വൈവിധ്യങ്ങൾ ഒക്കെ അദ്ദേഹം കണ്ടെത്തുന്നു. അതു കൊണ്ട് ഈ പുസ്തകം വായിച്ചതിനു ശേഷം ഹൈദരാബാദ് സന്ദർശിക്കുന്ന ഒരാൾ കാണുന്നത് പുതിയ ഹൈദരാബാദിനെയാണ്. നഗരം മാറുന്നതു കൊണ്ടല്ല, മറിച്ച് നമ്മുടെ അറിവുകൾ പുതുക്കപ്പെടുന്നതു കൊണ്ടാണത്. നഗരത്തിലെത്തുന്ന ആരും കാണാനിടയുള്ള ഹുസൈൻ സാഗർ എന്ന തടാകവും ലുംബിനി പാർക്കും ഇനി നിങ്ങൾക്ക് പുതിയ കാഴ്ചകളായിരിക്കും. ഓരോ കാഴ്ചയും ഒരു രാഷ്ട്രീയ ദിശാ സൂചനയും ഒരു അടയാളവുമായിത്തീരുന്നു. അംബേദ്കറും ബുദ്ധനും സെക്രട്ടറിയേറ്റുമെല്ലാം അങ്ങനെത്തന്നെ. ഒരു രാഷ്ട്രീയ ചിഹ്ന വ്യവസ്ഥയിലെ അടയാളങ്ങൾ.
ഹൈദരാബാദ് എന്നു കേൾക്കുമ്പോൾ പേരു നൽകുന്ന സൂചനകൾ കൊണ്ടാകണം; ഇസ്ലാമിക സംസ്കാരത്തിൻ്റെ ഇടം എന്ന തോന്നൽ അതുണ്ടാക്കുന്നുണ്ട്. ഹൈദരാബാദ് എന്നാൽ നമുക്ക് നൈസാമുമാരുടെ നഗരമാണല്ലോ. എന്നാൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും പാർസികളും, സിക്കുകാരും ജൂതരും ഉൾപ്പെടെ നമ്മുടെ രാജ്യത്തെ വൈവിധ്യപൂർണ്ണമാക്കുന്ന എല്ലാ സാംസ്കാരിക വിശ്വാസ ധാരകളുടെയും ഇടമാണെന്ന് അദ്ദേഹം തെളിവോടെ സ്ഥാപിക്കുന്നു. വൈവിധ്യങ്ങളുടെ നഗരം എന്ന് അതിനെ വെറുതെ വിളിക്കുകയല്ല എന്നും നഗരം വൈവിധ്യങ്ങളുടെ കലവറയാണ് എന്നും സാരം. ബിർളാ മന്ദിരം മുതൽ പാർസികളുടെ അഗ്നി ക്ഷേത്രം വരെ ഹൈദരാബാദിനെ വൈവിധ്യവൽക്കരിക്കുന്ന ആരാധനാലയങ്ങളിലേക്ക് അദ്ദേഹം നമ്മളെ കൂട്ടിക്കൊണ്ടു പോകുന്നു. ഒടുവിൽ ചിന്തൽ ബസ്തിയിലെ അധികം ആരുമറിയാത്ത ജൂതശ്മശാനം വരെ ആ കാഴ്ച നീളുന്നു.
ആഗ്രയ്ക്ക് താജ് മഹൽ എന്നതു പോലെയാണല്ലോ ഹൈദരാബാദിന് ചാർമിനാർ. ചാർമിനാറിൻ്റെ കഥ പറയാതെ ഹൈദരാബാദിൻ്റെ കഥ പൂർണമാവുകയില്ല. ഹൈദരാബാദിൻ്റെ ഏറ്റവും തിരക്കേറിയ ചന്തയിൽ നദിക്കു കുറുകെ തടയണയെന്ന പോലെ വൈകുന്നേരങ്ങളിലെ ജനപ്രവാഹത്തിനെതിരെ ഉയർന്നു നിൽക്കുന്ന ഒരു പഴയ കെട്ടിടം എന്നേ തോന്നൂ നാലു മിനാരങ്ങൾ ഉയർന്നു നിൽക്കുന്ന ആ കെട്ടിടം സാധാരണ യാത്രക്കാർക്ക്. എന്നാൽ ചാർമിനാറിൻ്റെ ഭാവനാപൂർണ്ണമായ ചരിത്രത്തെ അതിൻ്റെ ഭാവതീവ്രതയിൽ അവതരിപ്പിക്കുന്നുണ്ട് അദ്ദേഹം. നാം കണ്ടതോ കാണാനിരിക്കുന്നതോ ആയ ഈ കെട്ടിടം ഒരു ചരിത്രാൽഭുതം തന്നെയായിരുന്നു എന്ന് ഇനി നമുക്ക് തോന്നാതിരിക്കുകയില്ല.

നൈസാമുമാരുടെ എല്ലാ അവശേഷിപ്പുകളും ഇന്ന് ചരിത്രത്തിൻ്റെ ഭാഗമാണ്. അവരുടെ കാറുകൾ പോലും. പലവിധം ജീവിതം ജീവിച്ചവരാണവർ. ചിലർക്ക് കാറുകൾ, ചിലർക്ക് ആഭരണങ്ങൾ, ചിലർക്ക് വില കൂടിയ വജ്രങ്ങൾ, വേറെ ചിലർക്ക് ഉടുപ്പുകളോടായിരുന്നു കമ്പം. എല്ലാമുണ്ടായിട്ടും കാലം അവരോട് കനിഞ്ഞില്ല. മറ്റെല്ലാ വരെയും പോലെ അവരും ഭൂമിയിൽ നിന്ന് നിഷ്കാസിതരായി. ചരിത്രത്തിൻ്റെ തീക്ഷ്ണമായ വെളിച്ചത്തിലാണ് അവർ ജീവിച്ചത്. എന്നിട്ടും നാം കാണാതെ പോകുന്ന ചരിത്രത്തിൻ്റെ ഇരുണ്ട മൂലകളുണ്ട് അവരുടെ ജീവിതത്തിൽ. അവിടങ്ങളിലേക്കു കൂടി വെളിച്ചമെത്തിക്കുന്നുണ്ട് ഈ കൃതി. നൈസാമുമാരുടെ അനന്ത വൈവിധ്യമാർന്ന ജീവിതത്തിൻ്റെ സൂക്ഷ്മതലങ്ങളിലേക്ക് ആ വെളിച്ചമെത്തിക്കുന്നു ഈ എഴുത്തുകൾ.
ചില കാഴ്ചകൾ ഭാഗ്യം കൊണ്ട് സംഭവിക്കുന്നതാണ്. അതു കൊണ്ടാണ് ചിലർ കാണുന്നത് മറ്റു ചിലർ കാണാതെ പോകുന്നത്. ഒരേ നഗരം നാം പല വിധത്തിൽ കാണുന്നു. പല സമയങ്ങളിൽ പലതായി കാണുന്നു. അത്തരം കാഴ്ചകൾ കൊണ്ട് സമ്പന്നമാണ് ഈ പുസ്തകം. അതിനുദാഹരണമാണ് സോമാലിയയെക്കുറിച്ചുള്ള അധ്യായം. നഗരത്തിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഈ സൊമാലിയൻ സെറ്റിൽമെൻ്റ് പലർക്കും വെളിപ്പെടാത്തതാണ്. അർഹതയുള്ളവൻ്റെ മുമ്പിൽ ചില കാഴ്ചകൾ സ്വയം വെളിപ്പെടുന്നു.
പാട്ട്, പ്രണയം, ആഹാരം എന്നാണല്ലോ. മനുഷ്യൻ്റെ ജീവിതത്തെ ആമോദകരമാക്കുന്ന മൂന്ന് പ്രതിഭാസങ്ങളാണിവ. ഹൈദരാബാദിൻ്റെ മാത്രം സവിശേഷമായ രുചിക്കൂട്ടുകളെക്കുറിച്ചുള്ള ഏറ്റവും രുചികരമായ വിവരണങ്ങൾ കാണാം ഈ കൃതിയിൽ. വായിൽ വെള്ളമൂറുന്ന എഴുത്തുകൾ. ചിലപ്പോഴെങ്കിലും ആഹാരത്തേക്കാൾ രുചിയുണ്ട് അക്ഷരങ്ങൾക്ക് എന്ന് ഈ എഴുത്തു വായിക്കുമ്പോൾ തോന്നും. ഭക്ഷണത്തിൻ്റെ രുചി മാത്രമല്ല അതിൻ്റെ നിർമാണ രഹസ്യവും ചരിത്രവും കൂടി അദ്ദേഹത്തിൻ്റെ എഴുത്തുകളിലൂടെ അനാവരണം ചെയ്യപ്പെടുന്നുണ്ട്. ഹൈദരാബാദിൻ്റെ ബിരിയാണി, ഹൈദരാബാദിൻ്റെ കടുഞ്ചായകൾ, ഹൈദരാബാദിൻ്റെ മധുരം; അങ്ങനെ നാവിൽ രുചികളുടെ പായവഞ്ചികൾ അണിനിരക്കുന്നത് ചില ഭാഗത്ത് നാം അറിയുന്നു.
ആമകൾക്ക് പുറന്തോട് പോലെയാണ് രാജാക്കൻമാർക്ക് കോട്ടകൾ. ഇന്ത്യയിലെ പ്രധാനപ്പെട്ട കോട്ടകളിൽ ഒന്നാണ് ഗോൽക്കൊണ്ട. കോട്ടയുടെ കവചത്തിനകത്ത് നിംനോന്നതമായ ഒരു കുഞ്ഞു ഭൂഖണ്ഡം. അവിടെ പാറക്കൂട്ടങ്ങളും കെട്ടിടങ്ങളും ചിതറിക്കിടക്കുന്നു. ചുരുക്കത്തിൽ കടുപ്പമേറിയ ഒരു കുഞ്ഞു കുന്നാണത്. കഠിനമായ ആ സ്ഥലഖണ്ഡം വെണ്ണ പോലെ മൃദുവാകുന്നു ഈ എഴുത്തുകളിൽ. പാട്ടു കൊണ്ടും പ്രണയം കൊണ്ടും സമ്പന്നമായ അതിൻ്റെ ഭൂതകാലത്തെ ഒരു പട്ടുതൂവാല കൊണ്ടെന്ന പോലെ ലേഖകൻ ഒപ്പിയെടുക്കുന്നു. കോട്ടകണ്ട് മടങ്ങിപ്പോകുന്ന ഒരു സഞ്ചാരിക്ക് ഒരിക്കലും കാണാൻ കഴിയാത്ത പ്രണയത്തിൻ്റെ ചേലുകളും ഒരിക്കലും കേൾക്കാൻ കഴിയാത്ത മധുര ഗാനങ്ങളും അയാൾ കാണുകയും കേൾക്കുകയും ചെയ്യുന്നു.

ഹൈദരാബാദ് ഒരു പ്രണയനഗരം കവിത പോലെ വായിച്ചു പോകാവുന്ന ഒരു യാത്രവിവരണ ഗ്രന്ഥമാണ്. യാത്രയിലെ ചെറുതും വലുതുമായ ഓർമ്മകൾ, നോവും മധുരവും ലയിച്ചൊന്നായ അനുഭവങ്ങൾ, ചരിത്രവും രാഷ്ട്രീയവും ഇടകലരുന്ന ജ്ഞാന വിസ്താരങ്ങൾ; അങ്ങനെ എല്ലാം കൂടിച്ചേർന്ന് ഒരു സഞ്ചാരകൃതിയേക്കാൾ അത് വലുതാവുന്നു. ജീവിതത്തെയും ജീവിക്കാനുള്ള വെമ്പലുകളേയും ഒടുങ്ങാത്ത തൃഷ്ണകളേയും കൂടി അത് തൻ്റെ ചെറിയ ചിമിഴിൽ ഒതുക്കിപ്പിടിക്കുന്നു. ഒരിക്കൽ ഈ മഹാനഗരം ദർശിച്ചവർക്ക് കുറേക്കൂടി ആഴമുള്ള രണ്ടാം കാഴ്ചയായും ഇതുവരെ കണ്ടിട്ടില്ലാത്തവർക്ക് അടക്കാനാവാത്ത പ്രചോദനമായും ഈ പുസ്തകം മാറുന്നു.





