അയ്യപ്പപ്പണിക്കരുടെ കവിതകളെക്കുറിച്ച് ‘ആധുനികതയുടെ ജീർണ്ണ മുഖം’ എന്ന തലക്കെട്ടിൽ അന്ന് തായാട്ട് ശങ്കരൻ എഴുതിയ തുടർ ലേഖനങ്ങൾ വലിയ ആഘാതങ്ങൾ ഉണ്ടാക്കിയിരുന്നു. സാഹിത്യ വിമർശനത്തിനുപരിയായി വ്യക്തിവിദ്വേഷത്തിന്റെ അനാവശ്യ മേഖലകളിലേക്ക് കടന്നുവെന്ന് ആരോപണം കേട്ട ഒരു സംഭവമായിരുന്നു അത്. എം.വി.ദേവന്റെ അവതാരികയെക്കുറിച്ച് ആദ്യം ഇങ്ങനെ:
“എറണാകുളത്തെ നല്ലൊരു കെട്ടിടം കരാറു പണിക്കാരനായ ദേവൻ ഒരു കവിതാ സമാഹാരത്തിന് അവതാരിക എഴുതാൻ ഇടവന്നത് എങ്ങനെ എന്നതായിരുന്നു അത്ഭുതത്തിന് അടിസ്ഥാനം….”
അയ്യപ്പപ്പണിക്കർ
മറ്റു ചില സാമ്പിളുകൾ ഇങ്ങനെയാണ്:
“നാട്ടിൻപുറത്ത് ബഡായി രാമന്മാർ എന്നൊരു വിഭാഗക്കാരുണ്ട്. അത്തരക്കാർക്ക് ഒരു നോബൽ സമ്മാനം ഏർപ്പെടുത്തുകയാണെങ്കിൽ ഒന്നാം സമ്മാനം കേരളത്തിന് വെളിയിൽ പോകില്ല”.
മതിലിനു ചുറ്റും മുൾകമ്പി വേലി കെട്ടി, കുപ്പിച്ചില്ലുകൾ നിരത്തി, ഗേറ്റിൽ അൽസേഷൻ നായയെയും തളച്ചിട്ട വീട്ടിലേക്ക് കയറിപ്പോകുമ്പോൾ എന്തുതോന്നും? അവതാരികയിലേക്ക് പ്രവേശിച്ചപ്പോൾ അതുതന്നെ അനുഭവം.
പക്ഷേ ഇത്തരം കടന്നാക്രമണങ്ങൾ വ്യക്തി വിദ്വേഷത്തിന്റേതല്ലെന്നും തായാട്ട് സാഹിത്യ വായനയിലും സാമൂഹ്യ പഠനത്തിലും പിന്തുടർന്ന ചില ആശയങ്ങളുടെയും നിലപാടുകളുടെയും വെളിച്ചത്തിലാണ്, രൂക്ഷമെങ്കിലും, ഇത്തരം പ്രയോഗങ്ങൾ നടത്തുന്നത് എന്നും മനസ്സിലാക്കണം.
തായാട്ട് ശങ്കരൻ
“എന്താണ് ഈ കാലഘട്ടത്തിൻ്റെ പൊതുസ്വഭാവം? ഒറ്റവാക്കിൽ പറഞ്ഞാൽ അത് സംഘടിത ജനവിഭാഗത്തിൻ്റെ ഘോരാട്ടഹാസ കലുഷവും ഉരുക്കു കാലിന്മേലുള്ളതുമായ പ്രയാണമാണ്. ഈ സംഘടിതരുടെയെല്ലാം മുഖം ഒന്നാണ്.” എന്ന് കേരളത്തിലും ഇന്ത്യയിലും നടന്ന സംഘടിത ജനകീയ സമരങ്ങളെയെല്ലാം അപമാനിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന എം.വി. ദേവൻ്റെ നിരീക്ഷണം തായാട്ടിനെ ക്ഷുഭിതനാക്കുന്നുണ്ട്. അത് സ്വാഭാവികമാണ്. അദ്ദേഹം ഇങ്ങനെ മറുപടി നൽകുന്നു:
“ഇക്കഴിഞ്ഞ 50 വർഷം ഭാരതത്തിലും കേരളത്തിലും ഉണ്ടായ സംഭവങ്ങൾ ഒരു കവിയെസ്പർശിച്ചില്ലഎന്ന് അവകാശപ്പെടുന്നത് ആ കവിക്കൊരു ഭൂഷണമാണ്എന്ന നിലയ്ക്കാണോ അതോ അപമാനംഎന്ന നിലയ്ക്കാണോ?”
എം.വി. ദേവൻ
നിശ്ചയദാർഢ്യത്തോടെ സ്വാതന്ത്ര്യസമരവും കമ്മ്യൂണിസ്റ്റ് മുന്നേറ്റവും നടന്ന കാലഘട്ടമാണിത്. അതിനെ വെറും ശബ്ദകോലാഹലമായി ചുരുക്കുന്ന ദേവൻ്റെ വല്ലാത്ത നിരീക്ഷണം ബാലിശമാണ്. തായാട്ട് തുടരുന്നു :
“പക്ഷേ ഈ സംഘടിത ജനതയുടെ ഘോരാട്ടഹാസംഉണ്ടായിരുന്നില്ലെങ്കിൽ ഇത് എഴുതുന്ന ഞാനും ദേവനും ഈ സ്ഥാനത്ത് എത്തുമായിരുന്നില്ല…. മനുഷ്യൻ്റെ ഘോരാട്ടഹാസംഅത്രയൊന്നും ഉച്ചത്തിൽ മുഴങ്ങി കേൾക്കാത്ത ഇന്ത്യയിലെ ഇതരഭാഗങ്ങളിലെ സ്ഥിതിഎന്താണ് ? അസംഘടിത ജനസഹസ്രം അടിമത്തത്തിൽ തന്നെ കഴിയുന്നു.”
തായാട്ട് ശങ്കരൻ തന്റെ സാഹിത്യ സമീപനങ്ങളിൽ ഉടനീളം പുലർത്തിയിരുന്ന ജന്മിത്തവിരുദ്ധവും ജാതി, മതവിരുദ്ധവും പുരുഷാധിക്യവിരുദ്ധവുമൊക്കെയായ നിലപാടുകൾ അയ്യപ്പപ്പണിക്കരുടെ കവിതയെ വിമർശിക്കുമ്പോഴും മുറുകെ പിടിക്കുന്നുണ്ട്. പണിക്കരുടെ വിഖ്യാതമായ ‘കുടുംബപുരാണം’ എന്ന കവിതയെക്കുറിച്ച് തായാട്ട് അഖണ്ഡമായി ഇങ്ങനെ എഴുതി:
“ജന്മി വർഗ്ഗത്തിൻ്റെ പതനത്തെക്കുറിച്ച് അയ്യപ്പപ്പണിക്കർക്കുള്ള ഹൃദയത്തിൽ തട്ടിയ ദുഃഖവും ഉയർന്നുവരുന്ന പുതിയ വർഗ്ഗത്തിന് നേരെയുള്ള അവജ്ഞയും പുച്ഛവും പകയും നിറഞ്ഞതാണ് കുടുംബപുരാണം.”
കുടുംബപുരാണത്തിൽ തൻ്റെ അമ്മാമനായ സർദാർ കെ.എം. പണിക്കരെ പുകഴ്ത്തുന്ന അയ്യപ്പപ്പണിക്കരെ പരിഹസിച്ചുകൊണ്ട് തായാട്ട് ഇത്രയും കൂടി എഴുതുന്നു:
“മന്ത്രിസ്ഥാനം, വൈസ് ചാൻസിലർ സ്ഥാനംതുടങ്ങി അമ്മാവൻ പണിക്കർ വഹിച്ച ഓരോ പദവിയും കവിതയിൽ എണ്ണിയെണ്ണിപ്പറയുന്ന അനന്തരവൻ പണിക്കർ,പറഞ്ഞ ഓരോ പദവിയിലും അമ്മാമന് കിട്ടിയ ശമ്പള സ്കെയിൽ കൂടി, ഒരു അടിക്കുറിപ്പായെങ്കിലും കൊടുക്കണമായിരുന്നു. കവിപ്രദർശിപ്പിക്കുന്ന മൂല്യബോധത്തിന്ഇണങ്ങിയതാകുമായിരുന്നു, അത്.”
വിമർശകന്റെ രാഷ്ട്രീയവും സാമൂഹികവുമായ ദർശനങ്ങൾ തീർച്ചയായും വിമർശനത്തിൽ പ്രതിഫലിക്കും ആ രാഷ്ട്രീയം അദ്ധ്വാനിക്കുന്നവരോടും കഷ്ടപ്പെടുന്നവരോടുമുള്ള ചേർന്നു നിൽക്കലും അവരെ പിഴിഞ്ഞൂറ്റുന്നവരോടുള്ള അകൽച്ചയുമാണ്. സമകാലിക രാഷ്ട്രീയത്തിൽ അത്തരം ഉറച്ച നിലപാടുകളുടെ അഭാവം കാരണം ഇതൊക്കെ ഇങ്ങനെയൊക്കെ ആണോ പറയേണ്ടത് എന്ന് പണിക്കരുടെ കവിതയുടെ പുതിയ വായനക്കാർക്ക് തോന്നിയേക്കാം. തായാട്ട് ശങ്കരനാണ് ശരി എന്നേ ഞാൻ പറയൂ. അയ്യപ്പപ്പണിക്കരുടെ സാമൂഹിക വീക്ഷണത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും കവിതയിൽ നിന്ന് തന്നെ കിട്ടുന്ന തെളിവുകൾ വെച്ച് തായാട്ട് ഇങ്ങനെ പറഞ്ഞവസാനിപ്പിക്കുന്നു:
അസംതൃപ്തമായ ലൈംഗിക തൃഷ്ണയുടെ വൈകൃതവും അധ:സ്ഥിതജനതയുടെ നേരെ നിറഞ്ഞു വഴിയുന്ന അവജ്ഞയും തകർന്നുപോയ പ്രഭാവകാലത്തെ കുറിച്ചുള്ള തങ്കക്കിനാക്കളും സ്വന്തം കുടുംബ മഹത്വത്തെ കുറിച്ചുള്ള പൊങ്ങച്ചവും. ഈ കവിത സമാഹാരത്തിൻ്റെ പ്രധാന മുഖം അതാണ്.”
ഹിപ്പോലൈറ്റ് ടെയ്ൻ
ഫ്രഞ്ച് നിരൂപകനായ ഹിപ്പോലൈറ്റ് ടെയ്ൻ (1828-1893), പത്തൊമ്പതാം നൂറ്റാണ്ടിൽ ആവിഷ്കരിച്ച ഒരു സാഹിത്യ സിദ്ധാന്തം തായാട്ട് ശങ്കരൻ കുമാരനാശാൻ്റെ ‘ദുരവസ്ഥ’യുടെ പഠനത്തിൽ ഒന്നു സൂചിപ്പിക്കുന്നുണ്ട്. സാഹിത്യ രചനയിലും ആസ്വാദനത്തിലും മൂന്നു കാര്യങ്ങളാണ് വളരെ പ്രധാനമായി ടെയ്ൻ കാണുന്നത്. വർഗ്ഗം (Race), സമകാലിക പരിപ്രക്ഷ്യം(Milieu), കാലഘട്ടം(Moment) എന്നിവയാണവ.
വർഗ്ഗസ്വഭാവം എന്നാൽ ഒരു ജനസമൂഹം വളരെക്കാലം കൊണ്ട് ആർജിച്ച, പൊതുവായ സാംസ്കാരിക നിലപാടുകളും പരമ്പരാഗതമായി കിട്ടിയ സ്വഭാവങ്ങളുമാണ്.
മില്ല്യു ആകട്ടെ ഭൗതികവും സാമൂഹികവും സാംസ്കാരികവുമായ ചുറ്റുപാടുകൾ, കാലാവസ്ഥ,ഭൂപ്രകൃതി, രാഷ്ട്രീയം തുടങ്ങിയവ ചേർന്നതാണ്.
മോമെന്റ്റ് എന്നത് ആകെയുള്ള ചരിത്ര സന്ദർഭം കാലഘട്ടത്തിന്റെ അന്തർഭാഗം, അല്ലെങ്കിൽ പഴയതും പുതിയതുമായ സാംസ്കാരിക പാരമ്പര്യങ്ങളുടെ ചേർത്തുവെച്ച ചലന ശക്തി എന്നിവയാണ്.
‘ദുരവസ്ഥ ഒരു പഠനം’ എന്ന പുസ്തകത്തിൻ്റെ ആദ്യഭാഗത്ത് തന്നെ ശ്രീനാരായണ പരിപാലന സംഘത്തിന്റെ ഔദ്യോഗിക ഭാരവാഹിത്വം ഒഴിഞ്ഞതോടെ കുമാരനാശാൻ്റെ സാമൂഹിക ദർശനത്തിന് വ്യാപ്തി കൂടി എന്ന് തായാട്ട് എഴുതിയിട്ടുണ്ട്. അതേ ശ്വാസത്തിൽത്തന്നെ സമൂഹത്തിൽ ജീവിക്കുന്ന മനുഷ്യൻ്റെ സൃഷ്ടിയാണ് സാഹിത്യം എന്നും പറയുന്നുണ്ട്. വീണപൂവ്(1907), ലീല(1914), നളിനി(1911), ചിന്താവിഷ്ടയായ സീത(1919) എന്നീ കൃതികൾ രചിച്ച കുമാരനാശാന് 1919 ൽ കാര്യദർശി സ്ഥാനം ഒഴിഞ്ഞതിനു ശേഷം എന്ത് സാമൂഹിക ബോധവികാസമാണ് ഉണ്ടായത് എന്ന് യുക്തിപൂർവ്വം പറയാൻ തായാട്ടിന് ഉത്തരവാദിത്വമുണ്ടായിരുന്നു. ഇനി പറഞ്ഞിട്ട് കാര്യമില്ല!
മഹാകവി കുമാരനാശാന്റെ, ‘ദുരവസ്ഥ’എന്ന കൃതി
എന്നിരുന്നാലും തൻ്റെ ഇടതു രാഷ്ട്രീയത്തിന്റെയും പുരോഗമനപരമായ സാമൂഹിക കാഴ്ചപ്പാടുകളുടെയും കൂടെ ഇന്ത്യയുടെ മഹാശാപമായ വർണ്ണാശ്രമവസ്ഥയുടെ ഭീകരതകളെയും ജാതി മേധാവിത്വത്തെയും സ്ത്രീപക്ഷ കാഴ്ചപ്പാടുകളെയും കാവ്യവിമർശനത്തിൽ ഉൾക്കൊള്ളിക്കാൻ ശക്തമായി ശ്രമിക്കുന്നുണ്ട്. “നാം താലോലിച്ചു പോരുന്ന അഭിരുചികളിൽ അധികവും ഉപരിവർഗ്ഗ സംസ്കാരത്തിൽ നിന്നും ജീവിത രീതികളിൽ നിന്നും,” എന്ന് അസന്നിഗ്ധമായി അദ്ദേഹം പറഞ്ഞു.
ഉപരിവർഗ്ഗം എന്നാൽ ഇന്ത്യൻ അവസ്ഥയിൽ ഉയർന്ന ജാതികൾ തന്നെ.
ആശാൻ്റെ മറ്റു കൃതികളോളം അംഗീകാരമോ നിരൂപക സമ്മതമോ ‘ദുരവസ്ഥ’യ്ക്ക് ലഭിക്കാഞ്ഞത് നമ്മുടെയുള്ളിലെ ജാതിബോധം കൊണ്ടാണെന്ന് അദ്ദേഹം തിരിച്ചറിയുന്നു.”ഉപരിവർഗ്ഗ സാംസ്കാരിക ബോധങ്ങളുമായി, സദാചാര നിർബന്ധങ്ങളുമായി ഇണങ്ങിച്ചേരാത്ത കൃതിയായതുകൊണ്ടാണ് ദുരവസ്ഥയെ അംഗീകരിക്കുന്നതിന് പലർക്കും കഴിയാതെ പോയത്,” എന്ന് തായാട്ട് ശങ്കരൻ എഴുതുന്നുണ്ട്.
“അന്തർജ്ജന കന്യകയെ പുലയ യുവാവിനെ കൊണ്ട് നമ്പൂതിരി മാത്രമല്ല പുലയനുപരിയുള്ള സമൂഹങ്ങൾക്ക് ഒന്നും ഇഷ്ടമായില്ല അതങ്ങ് പച്ചയായി. പറയാൻ ധൈര്യവും ഇല്ല.”
ഇപ്പോൾ 2026 കേരളത്തെ ദുരിത പെയ്തൽ മുക്കിയ പ്രളയം കൊടുമ്പിരി കൊള്ളുമ്പോഴും ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് വന്ന ഒരു വാർത്ത ഞെട്ടിച്ചു. ആദിവാസി ഉന്നതിയിലുള്ളവർ ക്യാമ്പിൽ ഉള്ളതുകൊണ്ട് ജാതിയിൽ മുന്തിയ ജില്ല തങ്ങളുടെ വീട്ടിന്റെ ടെറസിൽ തന്നെ കഴിഞ്ഞോളാം എന്ന് ദുരിതാശ്വാസ പ്രവർത്തകരോട് പറഞ്ഞുവത്രേ.
ഇന്നും ഉള്ളിൽ തേച്ചാൽ പോകാത്തതാണ് ജാതി പുലിയുടെ പുള്ളികൾ.
‘ദുരവസ്ഥ’യ്ക്ക് മുൻ മാതൃകകളില്ല.1921ൽ മലബാർ കലാപം അഥവാ മാപ്പിള ലഹള നടക്കുന്നു 1922 തന്നെ കുമാരനാശാൻ ദുരവസ്ഥ എഴുതിയ പ്രതികരിക്കുന്നു.ജാതിവ്യവസ്ഥയുടെ നീചതകൾ അനുഭവിച്ച്, അതിനെതിരായി ഒരു പ്രസ്ഥാനം നയിച്ച്, അനുഭവ ഗുണമുള്ള ആശാന് ആ സംഭവത്തിൽ ജാതിയെ കൊല്ലാവുന്ന ഒരു ഇതിവൃത്തം ഉണ്ടെന്ന് മനസ്സിലായി.ദുരവസ്ഥയുടെ ആദ്യ ഭാഗത്ത് മാപ്പിളമാർക്കെതിരെ ഉപയോഗിച്ച പീറമുഹമ്മദർ ക്രൂര മുഹമ്മദർ തുടങ്ങിയ വാക്കുകൾ കുമാരനാശാനെപ്പോലെ മനുഷ്യ കഥാനുഗായിയായ ഒരു കവിയിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു.പ്രശാന്തതയിൽ അനുസ്മരിക്കപ്പെടുന്ന വികാരമാണ് കവിത എന്ന വേർഡ്സ് വർത്തിന്റെ നിർവചനം പിൻപറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അതുകൊണ്ട് ആ ഇംഗ്ലീഷ് കവിയുടെ ഇക്കാര്യത്തിലുള്ള ആദ്യ നിർവചനമായ ‘ശക്തമായ വികാരങ്ങളുടെ അനിയന്ത്രിതമായ കുത്തൊഴുക്കാണ് കവിത’എന്ന വരികൾ ആശാനെ പ്രചോദിപ്പിച്ചിരിക്കണം. തൻ്റെ ഒരു വിലക്ഷണകൃതിയാണ് ‘ദുരവസ്ഥ’ എന്ന സംശയവും കവിക്കുണ്ടായിരുന്നു.
വിപ്ലവത്തിൻ്റെ ശുക്രനക്ഷത്രം ആയി തായാട്ട് ശങ്കരൻ വാഴിക്കുന്നത് വീണപൂവിനെയല്ല, ‘ദുരവസ്ഥ’യെയാണ്.ആ പ്രയോഗം അദ്ദേഹം നടത്തുന്നില്ലെങ്കിലും. ജാതിവ്യവസ്ഥ എന്ന മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും മോശമായ സാമൂഹികാവസ്ഥയെക്കുറിച്ചുള്ള യാഥാർത്ഥ്യബോധമാണ് തായാട്ടിനെ,’ദുരവസ്ഥ’ പക്ഷപാതിയാക്കുന്നത് സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള പുലയനും അന്തർജനവും ചേരുന്നതിനെ കഠിനമായി വിമർശിച്ചപ്പോൾ ഗീതഗോവിന്ദത്തിലെ തീർത്തും അശ്ലീലമായ വരികൾ എടുത്താണ് അതിനെ മറുക്കുന്നത്.
സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള
ഉയർന്ന ജാതി വരേണ്യത പിന്നീട് എങ്ങനെയാണ് മൂലധന താൽപര്യങ്ങളുമായി മേധാവി നിലനിർത്തുന്നത് എന്നും തായാട്ട് കണ്ടെത്തുന്നുണ്ട്:”എന്നാൽ നാലഞ്ചു ദശ വർഷങ്ങൾ കടന്നുപോകുമ്പോഴേക്കും കേരളത്തിൻ്റെ സാമൂഹ്യജീവിതം ആകെയൊന്നു പൊളിച്ചു പണിതു കഴിഞ്ഞു. എന്നാലും ജാതി ചിന്ത എന്ന ആ രൂപത്തിൽ തന്നെ പുറത്ത് ചൊല്ലിയാടാറില്ല.ഉള്ളിൽ നിന്ന് അത് മായിച്ചു കളയാൻ ഇനിയും ദശാബ്ദങ്ങൾ പിടിക്കും. സാഹചര്യങ്ങളിൽ വന്ന ഈ മാറ്റം മൂലം ബ്രാഹ്മണ സ്ത്രീയെ പുലയനെ കൊണ്ട് പരിണയിപ്പിച്ചു എന്ന കുറ്റം ഉറക്കെ പറയുന്നതിന് ഇന്നത്തെ നിരൂപകർ മടിക്കും. ആ കുറ്റത്തിൽ നിന്ന് ആശാനെ ദയവായി ഒഴിവാക്കിയിരിക്കുകയാണവർ.പക്ഷേ അന്നത്തെ അധിക്ഷേപം, മറ്റൊരു വർഗ്ഗത്തിൻ്റെ അസ്വരസങ്ങൾ, ജാതി മറവിൽ നിന്നും മാറി, തനതായ സാമ്പത്തിക താല്പര്യങ്ങൾക്ക് അനുസരിച്ച് രൂപം കൊള്ളുന്നുവെന്നർത്ഥം.
പുതുതായി ഉരുതിരിഞ്ഞു വരുന്ന സമുദായത്തിൽ സവർണ്ണവർഗ്ഗംഎന്നതിന് സമ്പന്ന വർഗ്ഗംഎന്നാണ് അർത്ഥം.ആ വർഗ്ഗത്തിന് മറ്റു മണ്ഡലങ്ങളിൽ എന്നപോലെ സാഹിത്യമണ്ഡലത്തിലും സ്വന്തം താല്പര്യങ്ങൾ ഉണ്ട്.
തായാട്ട് ശങ്കരന്റെ ഏറ്റവും പ്രധാനപ്പെട്ട കവി കുമാരനാശാനാണ്. അതുകൊണ്ട് ആശാനേ അദ്ദേഹം നിരന്തരമായി പിന്തുടർന്നു. സാഹിത്യ വിമർശന ചരിത്രത്തിൽ അങ്ങനെയുള്ള പിന്തുടരലുകൾക്ക് നിരവധി ഉദാഹരണം ഉണ്ട്. ഹരോൾഡ് ബ്ലൂമും എ.സി.ബ്രാൻഡ്ലിയും ഷേക്സ്പിയറുടെ പിന്നാലെയുണ്ടായിരുന്നു.ജോർജ് ഓർവൽസ് ഡിക്കൻസിനെക്കുറിച്ചും വെർജീനിയ വോൾഫ്റ്റിനെ കുറിച്ചും നിരന്തരമായി എഴുതി. മലയാളത്തിൽ ആണെങ്കിൽ എം.എൻ. വിജയൻ വൈലോപ്പിള്ളിയെ നിരന്തരം അനുധാവനം ചെയ്തു.
വൈലോപ്പിള്ളി ശ്രീധരമേനോൻ (ഇടത്); എം എൻ വിജയൻ (വലത്)
തായാട്ട് ശങ്കരനാകട്ടെ കുമാരനാശാൻറെ മഹാവലുപ്പത്തെ എടുത്തു കാട്ടാനും വിമർശകരുടെ വാദങ്ങളെ പ്രതിരോധിക്കാനും ‘സീതയും നിരൂപകന്മാരും’ എന്നൊരു പുസ്തകം തന്നെ എഴുതി.”സീത ആശാൻ്റെ സീത”, അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. മനുഷ്യത്വത്തിന്റെയും പുരോഗതിയുടെയും മുമ്പിലുള്ള ഈ അനീതി (വർണ്ണവിവേചനം)യെക്കതിരായി കുമാരനാശാൻറെ സർഗ്ഗ ശക്തിയിൽ നിന്ന് മൂന്ന് ഉൽകൃഷ്ട കാവ്യങ്ങൾ ജന്മം കൊണ്ടിട്ടുണ്ട്. ‘ചിന്താവിഷ്ടയായ സീത’, ‘ദുരവസ്ഥ’, ‘ചണ്ഡാലഭിക്ഷുകി’ എന്നിവയാണ് ആ കൃതികൾ” എന്നും സ്ത്രീക്കും ശൂദ്രനും പാതിത്വം സ്മൃതിയുടെ നേരെയുള്ള ആശാൻറെ പ്രതിഷേധമാണ് ചിന്താവിഷ്ടയായ സീത” എന്നും തായാട്ട് എഴുതി.
‘സീതയും നിരൂപകന്മാരും’ എന്ന പുസ്തകത്തിൽ, ആറ്റൂർ കൃഷ്ണപ്പിഷാരടി, കുട്ടികൃഷ്ണ മാരാർ, ജോസഫ് മുണ്ടശ്ശേരി, സുകുമാർ അഴീക്കോട്, എ.പി.പി നമ്പൂതിരി, കുന്നത്ത് ജനാർദ്ദനമേനോൻ തുടങ്ങി ആശാന്റെ സീതാകത്തിൽ ഇടപെട്ട് ശങ്കരൻ വിലയിരുത്തുന്നുണ്ട്. പൂർവ പക്ഷങ്ങളെ നിരത്തി അതിനെ സ്വപക്ഷം കൊണ്ട് വിശദീകരിച്ചുകൊണ്ട് മുന്നോട്ടു നീങ്ങുന്ന ഒരു കാർഷിക രീതിയാണ് അദ്ദേഹം ഇതിൽ കൈകൊണ്ടിട്ടുള്ളത്.
കുട്ടികൃഷ്ണ മാരാർ
സാഹിത്യം വിദ്യയാണ് എന്ന അർദ്ധ സത്യത്തിന്റെ തടവുകാരനായ കുട്ടികൃഷ്ണമ്മാരാരെക്കുറിച്ച് എം.എൻ.വിജയൻ പറഞ്ഞിട്ടുണ്ട്.അതുതന്നെയാണ് ശങ്കറിനും പറഞ്ഞത്.ആര് ആദ്യം പറഞ്ഞു എന്നത് ഇവിടെ പ്രസക്തമല്ല.”അദ്ധ്യാത്മികതയും ഭൗതികതയും തമ്മിലുള്ള സംഘർഷമാണ് ചിന്താവിഷ്ടയായ സീത” എന്ന ‘രാജാങ്കണ’കാരന്റെ വാദമാകട്ടെ,”ആ കവിതയുടെ മേൽ (കുട്ടികൃഷ്ണ മാരാർ) നടത്തിയ നഗ്നമായ ബലാൽക്കാരമാണ്.” മറ്റൊരു പുസ്തകത്തിലെ ‘വ്യക്തികൾ സങ്കൽപ്പങ്ങൾ’ എന്ന ലേഖനത്തിൽ കുറിച്ച് കുറച്ചുകൂടി പറയുന്നുണ്ട്:”സമൂഹവും വ്യക്തിയും തമ്മിലുള്ള ബന്ധത്തിൻ്റെ കെട്ടുപിണഞ്ഞ ഭാഗങ്ങളിലേക്കൊന്നും മാരാർ കടന്നു ചെല്ലാറില്ല. വ്യക്തിയുടെ സ്വഭാവം ആളുടെ ഇച്ഛയെ മാത്രം ആശ്രയിച്ചിരിക്കുന്നുവെന്നത്രേ അദ്ദേഹത്തിൻ്റെ കാഴ്ചപ്പാട്.” കാവ്യവിമർശനത്തിൽ അടക്കം രാഷ്ട്രീയവും സാമൂഹികമായ യാഥാർത്ഥ്യങ്ങളും ആശങ്കകളും പ്രധാനമായി കരുതുന്ന തായാട്ട് ശങ്കരൻ ഇങ്ങനെയേ പറയൂ.
ചിന്താവിഷ്ടയായ സീത
ഇതുപോലെ സീതയുടെ ‘ധർമ്മ പ്രഘോഷണം’ അരോചകമായി തോന്നിയ മുണ്ടശ്ശേരിയെയും തായാട്ട് കുടയുന്നുണ്ട്. ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മുണ്ടശ്ശേരിക്ക് സീതാകാവ്യത്തിൻ്റെ ആന്തരിക ശ്രേഷ്ഠത മനസ്സിലായില്ല എന്നത് അവിശ്വസനീയം തന്നെ.”നൂറ്റാണ്ടുകൾ ആശയങ്ങളിൽ വരുത്തിവെച്ച സ്വാധീനവും സാഹിത്യസൃഷ്ടിയിൽ ആ സ്വാധീനം ചെലുത്തുന്ന രാസപരിണാമവും ശ്രീ മുണ്ടശ്ശേരി കണക്കിലെടുത്തില്ല.
എങ്കിൽ ഇന്ത്യൻ സ്ത്രീത്വം പണ്ടെന്നോ വിമോചനം നേടിയേനെ.
ചിതയിൽ ചുട്ടെരിക്കപ്പെട്ടവരുടെ വെൺ ചാരം കൊണ്ട് ഗംഗയുടെ ചരിത്രം ഇത്രയ്ക്ക് കലുഷമാവില്ലായിരുന്നു. കാലഘട്ടത്തിന്റെ സ്വാധീനശക്തിസീതാ സങ്കൽപത്തിൽ വരുത്തിയ മാറ്റമാണ് കുമാരനാശാൻ്റെ ചിന്താവിഷ്ടയായ സീതയിൽ പ്രതിപാദിക്കുന്നത്.
ജോസഫ് മുണ്ടശ്ശേരി
ഏതു മഹാ ദുഃഖത്തിലും അവൾ ഒരൊറ്റ വാക്കുപോലും രാമനെ പഴിക്കുന്നില്ലെന്നതാണ് (വാല്മീകിയുടെ) സീതയിൽ സ്വാമിജി (വിവേകാനന്ദൻ) കണ്ടെത്തിയ മേന്മ. രാമൻ കടുത്ത അനീതിയാണ് സീതയോട് ചെയ്തതെന്ന കാര്യത്തിൽ സ്വാമിജിക്ക് പക്ഷാന്തരമില്ല. എന്നാൽ ആ അനീതിയിലും അവൾ രാമനെ ആക്ഷേപിക്കുന്നില്ലെന്നതാണ് സീതയുടെ മഹത്വം. വിവേകാനന്ദ വചനത്തിലെ അനൗചിത്യം ചൂണ്ടിക്കാണിക്കുന്നു. ഈ കുഴപ്പത്തിൽ നിന്ന് രക്ഷനേടാനാണ് “സീതയുടെ രാമ വിമർശനം അബോധാവസ്ഥയിലാണ് നടന്നതെന്ന” ഒരു നൂതന സിദ്ധാന്തം ശ്രീ സുകുമാർ അഴീക്കോട് അവതരിപ്പിക്കുന്നത്. സീത രാമനെക്കുറിച്ച് ചീത്തയായി ചിന്തിക്കാൻ ഇടയില്ലാത്തതുകൊണ്ട് ആശാൻ്റെ കൃതിയിൽ അങ്ങനെ വല്ലതും കണ്ടാൽ അതെല്ലാം അബോധ ചിന്തയായി ഗണിച്ചു കൊള്ളണമെന്നാവാം നിരൂപക ഹൃദയം. ആശാൻ്റെ സീതയുടെ താക്കോൽ ശ്ലോകം കവി 112 ആം ശ്ലോകത്തിൽ ഒളിച്ചു വച്ചിരിക്കുന്നതായി കാണാം എന്ന് തായാട്ട് ശങ്കരൻ.
” അരുതോർക്കിൽ നൃപൻ വധിച്ചു നിഷ്-
ക്കരുണം ശൂദ്രയോഗിയെ
നിരുപിക്കിൽ മയക്കി ഭുപനെ
തരുണീപാദജ ഗർഹിണീ സ്മൃതി”
സ്ത്രീക്കും ശൂദ്രനും പാതിത്വം വിധിച്ച ആ സ്മൃതിയുടെ നേരെയുള്ള ആശാൻ്റെ പ്രതിഷേധമാണ്, ‘ചിന്താവിഷ്ടയായ സീത.’സ്ത്രീയെ, സീതയെ കുല സ്ത്രീയായി, എല്ലാം സഹിക്കുന്നവളായിത്തന്നെ നിലനിർത്തിയ എഴുത്തച്ഛനെവിടെ, രാവണന് എന്നോട് കാമം തോന്നിയാൽ ഞാനാണോ കുറ്റക്കാരി എന്ന് ആധുനിക സീതയെ രചിച്ച കുമാരനാശാനെവിടെ ?
സുകുമാർ അഴീക്കോടിന്റെ സീതാനിരൂപണത്തിലെ കണ്ടെത്തലുകളെ മറുത്തുകൊണ്ട് തായാട്ട് ശങ്കരൻ പോകുന്നത് കാണാൻ സാഹിത്യ വിമർശനപരമായ ഒരു കൗതുകമുണ്ട്. ‘കല്യാണസൗഗന്ധികം’ തുള്ളലിൽ പൂവ് തേടി പോകുന്ന ഭീമൻ, വഴിയുടെ ഇരുവശങ്ങളിലുമുള്ള മരങ്ങൾ തച്ചുടയ്ക്കുമ്പോൾ ‘മറ്റതും മറ്റതും മറ്റതും ഭസ്മമായി’ എന്ന് കുഞ്ചൻ നമ്പ്യാർ എഴുതിയ പോലുണ്ട് ! പി.കെ.ബാലകൃഷ്ണനും എ.പി.പി.നമ്പൂതിരിയും തങ്ങളുടെ യാഥാസ്ഥിതികമായ വിലയിരുത്തൽ കൊണ്ട് തായാട്ട് ശങ്കരന്റെ വിമർശനത്തിനിരയാവുന്നുണ്ട്.
എ.പി.പി.നമ്പൂതിരി
കുമാരനാശാൻ്റെ സീത, സ്ത്രീ സ്വാതന്ത്ര്യത്തിൻ്റെ മുഖ്യ ചാലകശക്തിയായിത്തീരുന്നു.”ആശാൻ്റെ കാവ്യ ലക്ഷ്യത്തെക്കുറിച്ചുള്ള പരിഗണനയുമായി ബന്ധപ്പെട്ട പ്രശ്നമാണിത് എന്നിരിക്കെ അതെന്താണെന്ന് പഠിച്ചിട്ട് വേണം നമുക്ക് മുന്നോട്ടു പോകാൻ. ഇന്ത്യൻ സ്ത്രീ സങ്കല്പത്തിന് വന്നിട്ടുള്ള പതനത്തിനെതിരെ പ്രതിഷേധിക്കുന്നതിനാണ് ആശാൻ ‘ചിന്താവിഷ്ടയായ സീത’ എഴുതിയിട്ടുള്ളത്. ബംഗാളിൽ നിന്ന് ആരംഭിച്ച നവോത്ഥാന പ്രസ്ഥാനത്തിൽ സ്ത്രീയുടെ മോചന പ്രസ്ഥാനം സുപ്രധാനമായ ഒരു ഘടകമായിരുന്നു. ആ നവോത്ഥാന പ്രസ്ഥാനമാണ് ആശാനില് ചെലുത്തിയ സുപ്രധാനമായ സ്വാധീന ശക്തി.
സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പക്ഷത്തു നിന്നുകൊണ്ട് തായാട്ട് ശങ്കരൻ ഇത്രയും കൂടി പറയുന്നുണ്ട് :
“ഇന്ത്യയിൽ സ്ത്രീക്ക് രണ്ടു മുഖങ്ങളുണ്ട്.നമ്മുടെ ഉൽകൃഷ്ടമായ എല്ലാറ്റിനും സ്ത്രീ സങ്കല്പമാണുള്ളത്. വിദ്യ, ധനം ,രാജ്യം, ദേവത, ശക്തി എല്ലാം സ്ത്രീരൂപങ്ങളിൽ സങ്കൽപ്പിക്കപ്പെട്ടിരിക്കുന്നു. പാശ്ചാത്യരുടെ പിതൃ ഭൂമിക്ക് പകരം നമുക്ക് മാതൃഭൂമിയാണ്.എന്നാൽ സാധാരണ ജീവിതത്തിലോ? ഗാന്ധിജിയുടെ പ്രവേശനത്തിനു മുമ്പ് വരെഇന്ത്യയിൽ സ്ത്രീ അനുഭവിച്ച നരകയാതനയ്ക്ക് കണക്കില്ല. ഇന്നും സ്ത്രീ സ്വതന്ത്രയല്ല.നരകയാതനകൾക്ക് അല്പം സമാശ്വാസം കിട്ടി എന്നേയുള്ളൂ”
അമ്പതു കൊല്ലമായി കാണും, തായാട്ട് ശങ്കരൻ, ആശാനടക്കമുള്ള കവികളുടെയും എഴുത്തുകാരുടെയും കൃതികളെ വിലയിരുത്തിയിട്ട്. എഴുത്തുകാരനായ നെഹ്റുവിനെയും പ്രബന്ധകാരനായ ടാഗോറിനെയും മനുഷ്യൻ എന്ന നിലയിലുള്ള ടോൾസ്റ്റോയിയേയും കവിത എഴുതിയ വിവേകാനന്ദനേയും കലയെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചു മെഴുതിയ ഗാന്ധിജിയെയും അദ്ദേഹം വിലയിരുത്തിയിട്ടുണ്ട്. ഇതിൽ എല്ലാം തന്നെ തന്റെ നിലപാടുകൾക്കനുസരിച്ചുള്ള കണ്ടെത്തലുകളാണ് നടത്തിയിട്ടുള്ളത്. കാലവും ലോകവും മാറി. ആലങ്കാരികമായി പറഞ്ഞാൽ മുന്നോട്ടാണോ പിന്നോട്ടാണോ പോക്ക് എന്ന നിശ്ചയിക്കാനാവാത്ത അവസ്ഥ. തായാട്ട് ശങ്കരൻ കാവ്യ നിരൂപണങ്ങളിലൂടെ ഉയർത്തിയ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരമായോ എന്ന ചോദ്യം നിലനിൽക്കുന്നു. ജാതിയും മതവും വിവേചനവും മൂലധന താൽപര്യങ്ങളും നമ്മുടെ ജീവിതത്തെ വല്ലാതെ അലങ്കോലപ്പെടുത്തുന്നുണ്ട്. ജന്മശതാബ്ദിയുടെ നാളിൽ തായാട്ട് ശങ്കരൻ എന്ന നിരൂപകനെ അങ്ങനെയാണ് വീണ്ടും വായിക്കേണ്ടത്.
About Author
വി എസ് അനിൽകുമാർ
എഴുത്തുകാരനും സാംസ്കാരികവിമർശകനും അധ്യാപകനുമാണ് വി. എസ്. അനിൽകുമാർ. കഥാകൃത്ത്, നോവലിസ്റ്റ്, കവി എന്നീ നിലകളിലായി ഇരുപത്തൊന്നോളം കൃതികൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ആധുനികാനന്തര സാമൂഹികസംവേദനങ്ങളുടെ തീവ്രതയും മാനവികതയുടെ കരുത്തുമുള്ള അദ്ദേഹത്തിന്റെ രചനകൾ സമകാലിക രാഷ്ട്രീയ-സാമൂഹിക യാഥാർത്ഥ്യങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്യുന്നു. കണ്ണൂർ സർവ്വകലാശാലയിൽ സ്റ്റുഡന്റ് ഡീനായും കോളേജ് അധ്യാപകനായും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം നാടകങ്ങളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഉത്തരകേരളത്തിലെ ജീവിതം ആവിഷ്കരിക്കുന്ന 'വനജ' എന്ന നോവലും, 'പോവുകയാണോ വരികയാണോ' എന്ന കഥാസമാഹാരവും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കൃതികളാണ്.
The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.