A Unique Multilingual Media Platform

Articles Culture GenZ National Politics

മോദിപ്രഭാവത്തിന്റെ പതനവഴികൾ

  • October 23, 2026
  • 1 min read
മോദിപ്രഭാവത്തിന്റെ പതനവഴികൾ

കഴിഞ്ഞതവണത്തെ കോളം ബസ്മാസുരന് കിട്ടിയ വരത്തെ അനുസ്മരിപ്പിക്കുന്ന ഒരു ഉദ്യോഗസ്ഥ പ്രഭുവിന്റെ ചെയ്തിയെ കുറിച്ചായിരുന്നല്ലോ. ഇക്കുറി മറ്റൊരാളെക്കുറിച്ച് പറയാം. ഭാരതീയ നാടോടിക്കഥകളിലും മഹാഭാരതത്തിലും നഹുഷൻ എന്നൊരു കഥാപാത്രമുണ്ട്. സ്വർഗത്തിൽ ദേവന്മാരുടെ രാജാവായി ഇന്ദ്രന്റെ സ്ഥാനത്തെത്തിയ ഇയാൾ അധികാരത്തിന്റെ ലഹരിയിൽ കടുത്ത അഹങ്കാരിയായി മാറി. മഹർഷിമാർ തന്റെ പല്ലക്കു ചുമക്കണമെന്ന് ആവശ്യപ്പെടുക മാത്രമല്ല, ധാർമിക അതിർവരമ്പുകളെല്ലാം ലംഘിച്ചുകൊണ്ട് അഗസ്ത്യമുനിയെ തൊഴിക്കുകപോലും ചെയ്തു. അതോടെ അയാൾ സമ്പാദിച്ച പുണ്യമെല്ലാം അപ്രത്യക്ഷമാവുകയും ദിവ്യതേജസ്സ് തകരുകയും ചെയ്തു. മഹർഷിശാപത്തിനിരയായ നഹുഷൻ സ്വർഗത്തിൽനിന്ന് താഴേക്ക് പതിച്ച്, ഒരു പെരുമ്പാമ്പായി ഭൂമിയിലൂടെ ഇഴഞ്ഞുനടക്കാൻ വിധിക്കപ്പെട്ടു എന്നാണ് കഥ.

മഹാഭാരതത്തിൽ നിന്നും നഹുഷൻ്റെ രംഗം (ചിത്രകാരൻ്റെ ഭാവനയിൽ)

അടുത്തിടെ ഒരു ഇന്റർനെറ്റ് ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാമർശിച്ച് മുൻ ധനമന്ത്രി യശ്വന്ത് സിൻഹ ഇങ്ങനെ പറയുകയുണ്ടായി: ‘മോദിയുടെ ‘ഇക്ബാൽ’ നഷ്ടപ്പെട്ടു; ‘ഇക്ബാൽ’ നഷ്ടപ്പെട്ട ഒരു പ്രധാനമന്ത്രിക്ക് അധികകാലം പിടിച്ചുനിൽക്കാനാവില്ല’. ‘ഇക്ബാൽ’ എന്ന വാക്കിന് അറബിക് വേരുകളാണുള്ളത്; കാലക്രമേണ പേർഷ്യൻ ഭാഷയിലേക്ക് ചേർത്ത ഈ പദം അന്തസ്സ്, പ്രഭാവം (ഓറ) എന്നിവയുടെ പര്യായമായി വ്യാപകമായി ഉപയോഗിക്കാറുണ്ട്.

 

ഒരു വ്യാഴവട്ടം മുൻപ് മോദിക്ക് സാധാരണ

ജനങ്ങൾക്കിടയിലുണ്ടായിരുന്ന പ്രഭാവവും സ്വീകാര്യതയും ഞാൻ വ്യക്തമായി ഓർക്കുന്നു. പത്രപ്രവർത്തക സുഹൃത്തുക്കളായ കനയ്യ ഭേലാരിക്കും അശോക് മിശ്രയ്ക്കുമൊപ്പം ബിഹാറിലെ ഒരു ഗ്രാമത്തിലൂടെ യാത്ര ചെയ്യുമ്പോൾ, ഒരു ചെറിയ കുടിലിൽ പ്രവർത്തിക്കുന്ന ബാർബർ ഷോപ്പ് കാണാനിടയായി. ഒരു പ്രായമായ ആളുടെ മുടി മുറിച്ചുകൊണ്ടിരുന്ന ചെറുപ്പക്കാരനായ ബാർബറോട് അദ്ദേഹം ആർക്കാണ് വോട്ട് ചെയ്യുക എന്ന് ചോദിച്ചപ്പോൾ, ഉടൻതന്നെ പറഞ്ഞു: ‘നരേന്ദ്ര മോദി’. ആ സമയത്ത് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അത്യധികം ജനപ്രിയനായിരുന്നു. അദ്ദേഹത്തിന്റെ പാർട്ടിയായ ജനതാദൾ (യു) 2014-ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായുള്ള സഖ്യം വേർപെടുത്തി ഒറ്റയ്ക്കാണ് മത്സരിച്ചിരുന്നത്. കനയ്യ ഭേലാരി ചോദിച്ചു: ‘എന്തുകൊണ്ട് നിതീഷ് കുമാറല്ല? എന്തുകൊണ്ട് മോദി?’. ബാർബർ പറഞ്ഞു: ‘ഹം ലോഗ് ഊപ്പർ ദേഖ് രഹേ ഹൈ’ (ഞങ്ങൾ മുകളിലേക്കാണ് നോക്കുന്നത്).

അക്കാലത്ത് മുൻഗെറിൽ വെച്ച് ഞങ്ങൾ കണ്ട കോളജ് വിദ്യാർഥികളും യാതൊരു വ്യത്യാസവുമില്ലാതെ ‘നരേന്ദ്ര മോദി’ എന്ന് പറയുകയും ‘മോദി-മോദി’ എന്ന് ഒരേസ്വരത്തിൽ മുദ്രാവാക്യം വിളിച്ച് നടക്കുകയും ചെയ്തു. ആ കൂട്ടം അന്നത്തെ പുതുതലമുറയുടെ ഒരു പരിച്ഛേദമായിരുന്നു. 2014-ൽ ‘മോദി-മോദി’ എന്ന് ആർത്തുവിളിച്ച ആ വിദ്യാർഥികൾ ഇപ്പോൾ 30-കളിലെത്തിയിട്ടുണ്ടാവും. അവർ ഇപ്പോൾ മോദിയെക്കുറിച്ച് എന്താണ് ചിന്തിക്കുന്നുണ്ടാവുക?

യശ്വന്ത് സിൻഹ, വിരമിച്ച ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐഎഎസ്) ഉദ്യോഗസ്ഥനും മുതിർന്ന രാഷ്ട്രീയക്കാരനും.

2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറിലെ സിവാൻ-ദരൗലി റോഡിലുള്ള കരോം ഗ്രാമത്തിലൂടെ യാത്ര ചെയ്യുമ്പോൾ, കീറിയ ബനിയനും അഴുക്കുപുരണ്ട ലുങ്കിയുമിട്ട് വയലിൽ പണിയെടുക്കുന്ന ഒരു മധ്യവയസ്കനെ ഞാൻ കണ്ടു. ഏറ്റവും ഇഷ്ടപ്പെട്ട നേതാവ് ആരാണെന്ന ചോദ്യത്തിന് ഒട്ടും മടിക്കാതെ അദ്ദേഹം മറുപടി നൽകി: ‘നരേന്ദ്ര മോദി’. ഈ കൂടിക്കാഴ്ചകൾ, മോദിക്ക് വടക്കേ ഇന്ത്യയിലെ വിവിധ സാമൂഹിക വിഭാഗങ്ങൾക്കിടയിലുണ്ടായിരുന്ന പ്രഭാവത്തിന്റെ സൂചനയായാണ് ഞാൻ കാണുന്നത്.

അദ്ദേഹത്തിന് ആ പ്രഭാവം നേടിക്കൊടുത്തത് എന്തായിരുന്നു? പ്രചാരണവേദികളിൽ വാചാലതയോടെ നൽകിയ വാഗ്ദാനങ്ങളായിരുന്നു അതിനു പിൻബലം. ‘ജനങ്ങളെ ഹിന്ദുക്കളെന്നും മുസ് ലിംകളെന്നും ഭിന്നിപ്പിക്കുന്നതിൽ ഞാൻ സന്തോഷം കണ്ടെത്തുന്നില്ല. ദാരിദ്ര്യം എന്ന പൊതുശത്രുവിനെതിരെ ഹിന്ദുക്കളും മുസ് ലിം കളും ഒന്നിച്ചുനിന്ന് പോരാടണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്’, 2013 ഒക്ടോബർ 27-ന് പട്ന ഗാന്ധി മൈതാനിയിൽ തടിച്ചുകൂടിയ വൻ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം നടത്തിയ പ്രസ്താവനയാണത്. ‘പ്രതിവർഷം ഒന്നര മുതൽ രണ്ടു കോടി വരെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, കർഷകരുടെ വരുമാനം ഇരട്ടിയാക്കുക, അധികാരം വികേന്ദ്രീകരിക്കുക, സമത്വവും നീതിയും അടിസ്ഥാന തത്വങ്ങളാക്കി പുതിയ ഭാരതം കെട്ടിപ്പടുക്കുക’ എന്നിവയെക്കുറിച്ചെല്ലാം മോദി വ്യക്തമായി സംസാരിച്ചിരുന്നു.

2013 ഒക്ടോബർ 27-ന് ബിഹാറിലെ പട്‌നയിൽ നടന്ന ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) ഹുങ്കാർ റാലിയിൽ സുശീൽ കുമാർ മോദി, പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്‌നാഥ് സിങ് എന്നിവർ

2014-ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഛപ്രയിൽ നടന്ന മറ്റൊരു പ്രചാരണയോഗത്തിൽ മോദി പറഞ്ഞു: ‘ഒരു ദരിദ്ര കുടുംബത്തിലെ യുവാവായാണ് ഞാൻ വളർന്നത്, യുവജനങ്ങളുടെ സ്വപ്നങ്ങളെക്കുറിച്ച് എനിക്ക് പൂർണ ബോധ്യമുണ്ട്. അവരെ സേവിക്കാൻ എനിക്ക് അവസരം ലഭിച്ചാൽ ഞാൻ അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കും’. യുവാക്കൾ തിങ്ങിനിറഞ്ഞ ആ സദസ്സിൽനിന്ന് ‘മോദി-മോദി’ വിളികൾ ഉയർന്നുപൊങ്ങി അന്തരീക്ഷത്തിൽ പ്രതിധ്വനിച്ചത് ഇപ്പോഴും ഞാൻ ഓർക്കുന്നു.

എ.ബി. വാജ്പേയി, ചന്ദ്രശേഖർ, എൽ.കെ. അദ്വാനി തുടങ്ങിയവരെയെല്ലാം ഏറെ ആദരിക്കുകയും പിന്നീട് മോദിയാൽ ഒതുക്കപ്പെടുകയും ചെയ്ത മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ കൂടിയായ യശ്വന്ത് സിൻഹ സൂചിപ്പിച്ച ആ ഇക്ബാൽ മോദിക്ക് നേടിക്കൊടുത്തത്, വിശാലമായ ജനക്ഷേമത്തിൽ ഊന്നിയ അദ്ദേഹത്തിന്റെ വാഗ്ദാനങ്ങളോടുള്ള ചെറുപ്പക്കാരും മുതിർന്നവരുമടങ്ങുന്ന ജനങ്ങളുടെ പ്രതികരണമായിരുന്നു.

 

 ജെൻ-സിയുടെ തിരുത്തൽ

മോദിക്ക് യഥാർഥത്തിൽ ‘ഇക്ബാൽ’ നഷ്ടപ്പെട്ടോ? ഈ ചോദ്യത്തിന് ഉത്തരം നൽകുന്നതിനുമുമ്പ്, ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ അദ്ദേഹം ആത്മാർഥത കാണിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. വിദഗ്ധരുടെ കണക്കുകൾ പ്രകാരം, രണ്ടു കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന അദ്ദേഹത്തിന്റെ വാഗ്ദാനത്തിന് വിപരീതമായി, ഇന്ത്യയിൽ അഭൂതപൂർവമായ തൊഴിലില്ലായ്മയാണുള്ളത്. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന വാഗ്ദാനത്തിന് വിരുദ്ധമായി, കാർഷികമേഖല അതീവ ദയനീയമായ അവസ്ഥയിലാണ്. 2013-ൽ പട്നയിൽ വെച്ച് ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിൽ ഹിന്ദു-മുസ്ലിം ഐക്യത്തെക്കുറിച്ച് സംസാരിച്ചതിന് വിരുദ്ധമായി, അദ്ദേഹത്തിന്റെ പാർട്ടിയും പോഷകസംഘടനകളും അനുകൂലികളും ഇരുവിഭാഗങ്ങളും തമ്മിലുള്ള അകൽച്ച വർധിപ്പിക്കാനുള്ള തന്ത്രങ്ങളാണ് പയറ്റുന്നത്.

നരേന്ദ്ര മോദി

അധികാരവികേന്ദ്രീകരണത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങൾക്ക് വിരുദ്ധമായി, പൗരരുടെ വോട്ടവകാശം ഉറപ്പുനൽകാൻ ബാധ്യസ്ഥരായ തെരഞ്ഞെടുപ്പ് കമീഷൻ, ഇപ്പോഴത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ കീഴിൽ കേന്ദ്രീകരണത്തിന്റെ പര്യായമായി മാറിയിരിക്കുന്നു. ഇന്ത്യയിലുടനീളം കമീഷൻ 12 കോടിയിലധികം വോട്ടർമാരുടെ പേരുകൾ വെട്ടിമാറ്റിയതായി പ്രതിപക്ഷ പാർട്ടികളും വിവിധ ഏജൻസികളും പൗരസമൂഹ സംഘടനകളും ആരോപിക്കുന്നു.

2014-ൽ ‘മോദി-മോദി’ എന്ന് ആർത്തുവിളിച്ച മുൻഗെറിലെ യുവാക്കളിൽനിന്ന് തികച്ചും വ്യത്യസ്തമായി, ഇന്ത്യയിലിപ്പോൾ വൈറൽ വീഡിയോ ക്ലിപ്പിലെ ‘ഛപ്പൻ ഇഞ്ച് കാ ഛോട്ടാ ബന്ദർ, ഭാഗ് നരേന്ദർ ഭാഗ് നരേന്ദർ’ എന്ന ഗാനം ഏറ്റുപാടുന്ന വലിയൊരു വിഭാഗം യുവജനങ്ങളാണുള്ളത്.

വിദ്യാർഥിപ്രക്ഷോഭങ്ങളുടെ വേലിയേറ്റം നിയന്ത്രിക്കാൻ കഴിയാതെ മോദി സർക്കാർ ഡൽഹിയിലെ ജന്തർ മന്തറിനെ സമരവേദി എന്ന പദവിയിൽനിന്ന് ഒഴിവാക്കിയിരിക്കുന്നു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി പൗരജനങ്ങളുടെ പരാതികൾക്കും പ്രതിഷേധങ്ങൾക്കുമുള്ള സുരക്ഷിതമാർഗമായി നിലനിന്നിരുന്ന സമരവേദിയായിരുന്നു ജന്തർ മന്തർ. അതിപ്പോൾ അടച്ചുപൂട്ടിയിരിക്കുകയാണ്, എന്നാൽ ജനങ്ങളുടെ പരാതികളും പ്രതിഷേധങ്ങളും അടച്ചുപൂട്ടാൻ കഴിയുമോ? ഒരിക്കലുമില്ല!

പരമ്പരയിലെ മറ്റ് ലേഖനങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

‘ഇന്ത്യയിലെ മുക്കിലും മൂലയിലും ഇന്ന് ജന്തർ മന്തറായി മാറിയിരിക്കുന്നു’ എന്നാണ് യുവനേതാവ് നേഹ ബോറ പറഞ്ഞത്. ഒരു അധ്യാപകനെന്ന നിലയിൽ, വിദ്യാർഥികളുടെ മുന്നിൽ നിന്ന് സംസാരിക്കുമ്പോൾ അവരിൽ ജന്തർ മന്തറിന്റെ ആ വീര്യം എനിക്ക് വ്യക്തമായി കാണാൻ സാധിക്കുന്നുമുണ്ട്.

About Author

നളിൻ വർമ്മ

നളിൻ വർമ്മ പത്രപ്രവർത്തകനും എഴുത്തുകാരനുമാണ്. അദ്ദേഹം ന്യൂഡൽഹിയിലെ ജാമിയ ഹംദർദ് സർവകലാശാലയിൽ മാസ് കമ്മ്യൂണിക്കേഷനും ക്രിയേറ്റീവ് റൈറ്റിംഗും പഠിപ്പിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

0
Would love your thoughts, please comment.x
()
x