A Unique Multilingual Media Platform

Articles National Politics Protest

ഭരണ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നിർണായക അഖിലേന്ത്യാ പണിമുടക്ക്

  • February 11, 2026
  • 1 min read
ഭരണ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നിർണായക അഖിലേന്ത്യാ പണിമുടക്ക്

സമകാലിക ഇന്ത്യാ ചരിത്രത്തിൽ വിശാലമായ തൊഴിലാളി – കർഷക ഐക്യം അടിവരയിട്ടു കൊണ്ട് 2026 ഫെബ്രുവരി 12ന് വിശാലമായ പൊതു പണിമുടക്കിന് രാജ്യം സാക്ഷ്യം വഹിക്കാൻ പോവുകയാണ്. കേന്ദ്ര ട്രേഡ് യൂണിയനുകൾ, സ്വതന്ത്ര ഫെഡറേഷനുകൾ, കാർഷിക തൊഴിലാളി സംഘടനകൾ, കർഷക പ്രസ്ഥാനങ്ങൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് അഖിലേന്ത്യ പണിമുടക്ക് നടക്കുന്നത്. സമീപകാല ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിലാളി മുന്നേറ്റങ്ങളിലൊന്നായി ഇത് മാറുമെന്നാണ് കരുതപ്പെടുന്നത്.

2026 ജനുവരി 9-ന് ന്യൂഡൽഹിയിൽ നടന്ന നാഷണൽ കൺവെൻഷൻ ഓഫ് വർക്കേഴ്സ് ആണ് ഈ പണിമുടക്കിന് ആഹ്വാനം ചെയ്തത്. തൊഴിൽ അവകാശങ്ങൾക്കും പൊതുസ്ഥാപനങ്ങൾക്കും ജനാധിപത്യ പ്രക്രിയകൾക്കും മേൽ വർധിച്ചുവരുന്ന കടന്നുകയറ്റങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീ‍ർക്കുകയാണ് ഈ പണിമുടക്ക് കൊണ്ട് ലക്ഷ്യമിടുന്നത്.

കേവലമൊരു വ്യാവസായിക പ്രതിഷേധം മാത്രമായി ഈ പണിമുടക്കിനെ കണക്കാക്കാനാവില്ല. മറിച്ച് ഫാക്ടറികൾ, കൃഷിയിടങ്ങൾ, പൊതുസേവനങ്ങൾ, അസംഘടിത മേഖലകൾ എന്നിവിടങ്ങളിൽ രൂപപ്പെട്ടുവരുന്ന ശക്തമായ ചെറുത്തുനിൽപ്പിന്റെ പ്രതിഫലനമാണിതെന്നാണ് കൺവെൻഷൻ പ്രഖ്യാപിച്ചത്.

കൊളോണിയൽ കാലഘട്ടത്തിലും സ്വാതന്ത്ര്യാനന്തരവും പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിലുള്ള “കോർപ്പറേറ്റ്-വർഗീയ സഖ്യത്തിന്” അടിയറവ് വയ്ക്കില്ലെന്ന ഉറച്ച തീരുമാനവും കൺവെൻഷനിലുണ്ടായി.

 

തൊഴിലാളികളുടെ വിശാല സഖ്യം

കേന്ദ്ര ട്രേഡ് യൂണിയനുകളുടെ (CTU) സംയുക്ത പ്ലാറ്റ്‌ഫോമും സ്വതന്ത്ര ഫെഡറേഷനുകളും ചേർന്നാണ് കൺവെൻഷൻ സംഘടിപ്പിച്ചത്. പത്തോളം കേന്ദ്ര ട്രേഡ് യൂണിയനുകൾ, സംസ്ഥാന-കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഫെഡറേഷനുകൾ, ബാങ്കിംഗ്, ഇൻഷുറൻസ്, ടെലികോം (BSNL ഉൾപ്പെടെ) മേഖലകളിലെ സംഘടനകൾ തുടങ്ങിയവർ പങ്കെടുത്തു. വൈദ്യുതി, പ്രതിരോധം, റെയിൽവേ, പെട്രോളിയം, കൽക്കരി, സ്റ്റീൽ, ജലഗതാഗതം, റോഡ് ട്രാൻസ്‌പോർട്ട് തുടങ്ങിയ തന്ത്രപ്രധാന മേഖലകളുടെ പ്രതിനിധ്യവും അവിടെയുണ്ടായിരുന്നു.

അസംഘടിത, അ‍ർദ്ധ-അനൗദ്യോഗിക മേഖലയിലെ തൊഴിലാളികളുടെ പങ്കാളിത്തമായിരുന്നു ഏറ്റവും ശ്രദ്ധേയം. നിർമ്മാണ തൊഴിലാളികൾ, തെരുവ് കച്ചവടക്കാർ, അങ്കണവാടി, ആശ വാർക്കർമാ‍ർ, ഉച്ചഭക്ഷണ പദ്ധതി തൊഴിലാളികൾ എന്നിവരുടെ സാന്നിധ്യം ഈ സമരത്തെ ഒരു പരമ്പരാഗത പണിമുടക്കിന് അപ്പുറം ഒരു സാമൂഹിക പ്രക്ഷോഭമാക്കി മാറ്റും.

രാഷ്ട്രീയ വൈര്യം മറന്ന് വിവിധ തൊഴിലാളി സംഘടനകൾ ഒന്നിച്ചൊരു കുടക്കീഴിൽ അണിനിരക്കുന്നു എന്നതും ഈ സമരത്തിൻ്റെ പ്രത്യേകതയാണ്. സി.ഐ.ടി.യു (CITU), ഐഎൻടിയുസി (INTUC), എഐടിയുസി (AITUC), എച്ച് എം എസ് (HMS), എ ഐ യു ടി യു സി (AIUTUC), ടി.യു.സി.സി (TUCC), സേവ (SEWA), എഐസിസി ടി യു (AICCTU), എൽപിഎഫ് (LPF), യു.ടി.യു.സി (UTUC) എന്നീ സംഘടനകൾ ഈ പോരാട്ടത്തിൽ കൈകോർക്കുന്നു.

2026 ജനുവരി 9 ന് ന്യൂഡൽഹിയിലെ എച്ച്കെഎസ് സുർജീത് ഭവനിൽ നടന്ന ദേശീയ തൊഴിലാളി കൺവെൻഷനിൽ നിന്ന്.

 

തൊഴിൽ കോഡുകളും തൊഴിൽ പുനർനിർമ്മാണവും

പാർലമെന്റ് പാസാക്കിയ നാല് തൊഴിൽ കോഡുകളും അവയുമായി ബന്ധപ്പെട്ട കരട് ചട്ടങ്ങളുമാണ് പൊതുപണിമുടക്കിലെ പ്രധാന പ്രതിഷേധ വിഷയം. നിലവിലുള്ള തൊഴിൽ സംരക്ഷണ നിയമങ്ങളിൽ വെള്ളം ചേ‍ർക്കുന്നതും അവയെ ദു‍ർബലപ്പെടുത്തുന്നതുമാണ് ഈ തൊഴിൽ കോഡുകളെന്നും അവ കരാർ നിയമനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ട്രേഡ് യൂണിയൻ നേതാക്കൾ ആരോപിച്ചു.

തൊഴിൽ നിയമങ്ങൾ ബാധകമാകുന്നതിനുള്ള പരിധി ഉയർത്തുക, നിശ്ചിതകാല നിയമനങ്ങളുടെയും (Fixed-term employment) കരാർ ജോലികളുടെയും വ്യാപ്തി വർദ്ധിപ്പിക്കുക, യൂണിയൻ രജിസ്‌ട്രേഷനും കൂട്ടായ വിലപേശലിനും (Collective bargaining) നടപടിക്രമപരമായ തടസ്സങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയവ ഇതിൽ ചിലതാണ്.

കഴിഞ്ഞ ഏതാനും വ‍ർഷങ്ങളായി കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ വൈവിധ്യങ്ങളായ പ്രകിയകളിലൂടെയാണ് ഈ തൊഴിൽ നിയന്ത്രണ പുന‍ർനിർമ്മാണം നടപ്പാക്കിയതെന്ന് കൺവെൻഷനിൽ സംസാരിച്ച നേതാക്കൾ ചൂണ്ടിക്കാട്ടി.

  • ഭരണപരമായ മാറ്റങ്ങൾ വഴി തൊഴിലിടങ്ങളിലെ പരിശോധനകൾ
  • കുറയ്ക്കുകയും തൊഴിലുടമകൾക്ക് സ്വയം സാക്ഷ്യപ്പെടുത്താനുള്ള (Self-certification) അവസരം വർദ്ധിപ്പിക്കുകയും ചെയ്തു.
  • നിയമനങ്ങളിൽ ഇളവുകൾ നൽകുന്നതിനും പിരിച്ചുവിടൽ മാനദണ്ഡങ്ങൾ ലഘൂകരിക്കുന്നതിനും സഹായിക്കുന്ന വിധത്തിൽ നിയമനിർമ്മാണം നടത്തി.
  • തൊഴിലുടമകളുടെ വിഹിതം കുറച്ച് സ്വകാര്യ ഇൻഷുറൻസ് സംവിധാനങ്ങളെ കൂടുതൽ ആശ്രയിക്കുന്ന തരത്തിൽ സാമൂഹിക സുരക്ഷാ പദ്ധതികളിൽ മാറ്റങ്ങൾ വരുത്തി.
  • ട്രേഡ് യൂണിയൻ രൂപീകരിക്കുന്നതിനും പണിമുടക്കുന്നതിനുമുള്ള അവകാശങ്ങളെ ഹനിക്കുന്ന തരത്തിൽ നടപടിക്രമങ്ങളിൽ സാരമായ മാറ്റങ്ങൾ വരുത്തി. വ്യാപകമായ ആശങ്ക ഉയ‍ർത്തിയത് ആരാണ് തൊഴിലാളി എന്ന് നി‍‍ർവചനത്തിൽ വരുത്തിയ മാറ്റമാണ്.

കോഡുകൾക്ക് കീഴിൽ “തൊഴിലാളി” എന്ന നിർവചനം ചുരുക്കി. ഗാർഹിക തൊഴിലാളികൾ, ഗിഗ്-പ്ലാറ്റ്‌ഫോം തൊഴിലാളികൾ, ഓക്സിലറി നഴ്സുമാർ, അപ്രന്റീസുകൾ, വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർ, ആശ-അംഗൻവാടി ജീവനക്കാർ ഉൾപ്പെടെയുള്ള പദ്ധതി തൊഴിലാളികൾ, തൊഴിലുറപ്പ് (MNREGA) തൊഴിലാളികൾ എന്നിവരിൽ വലിയൊരു വിഭാഗം ഈ നിയമ പരിരക്ഷയിൽ നിന്ന് പൂർണ്ണമായോ ഭാഗികമായോ ഒഴിവാക്കപ്പെട്ടിരിക്കുകയാണെന്ന് ട്രേഡ് യൂണിയൻ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ഈ മേഖലകളിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും സ്ത്രീകളാണെന്നത് ലിംഗപരമായ വേ‍ർതിരിവാണെന്നും വിലയിരുത്തപ്പെട്ടു.

കേന്ദ്രസ‍ർക്കാരിൻ്റെ കരുതിക്കൂട്ടിയുള്ള ഇത്തരം ചെയ്തികൾ സംഘടിത തൊഴിലാളി ശക്തിയെ ദു‍‍ർബലപ്പെടുത്തുമെന്നും അതുവഴി പതിറ്റാണ്ടുകളായി കെട്ടിപ്പടുത്ത സാമൂഹിക സുരക്ഷാ ചട്ടക്കൂടുകളെ തകർത്തെറിയുമെന്നും നേതാക്കൾ ആരോപിച്ചു. തൊഴിൽ അവകാശങ്ങളെ ഹനിക്കുന്നത് തൊഴിലിടങ്ങളെ മാത്രമല്ല, ഇന്ത്യയുടെ ജനാധിപത്യ ഘടനയെത്തന്നെ പ്രതികൂലമായി ബാധിക്കും. സംഘടനകൾ രൂപീകരിക്കാനും പണിമുടക്കാനുമുള്ള അവകാശം ഒരു പ്രധാന ജനാധിപത്യ അവകാശമാണെന്നും, അതിന് തടയിടുന്നത് ഭരണഘടനാപരമായ സ്വാതന്ത്ര്യങ്ങളുടെ ധ്വംസനമാണെന്നും അവർ ചൂണ്ടിക്കാട്ടി.

 

പണിമുടക്കിൻ്റെ ആഗോള പശ്ചാത്തലം

ആഗോള മുതലാളിത്തം ആഴത്തിലുള്ള പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലാണ് കൺവെൻഷൻ ആഭ്യന്തര സംഭവവികാസങ്ങളെ വിലയിരുത്തിയത്. വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, വ്യാപാര യുദ്ധങ്ങൾ, താരിഫ് സമ്പ്രദായങ്ങൾ, ആക്രമണാത്മക സാമ്പത്തിക നയതന്ത്രം എന്നിവയും കൺവെൻഷനിൽ പരാമർശിക്കപ്പെട്ടു. ഈ കാഴ്ചപ്പാടിൽ, കൃഷി, ഉൽപ്പാദനം, സേവന മേഖലകളെ ബാധിക്കുന്ന വ്യാപാര കരാറുകളും താരിഫ് നിയന്ത്രണങ്ങളും ഇന്ത്യയെ ആഗോള മൂലധനശക്തികളുമായി, പ്രത്യേകിച്ച് അമേരിക്കയുമായി കൂടുതൽ അടുപ്പിക്കുന്നതായി വിലയിരുത്തി.

ഈ ആഗോള മാറ്റങ്ങൾക്ക് വഴങ്ങിക്കൊടുക്കുന്ന കേന്ദ്ര സർക്കാരും വൻകിട ഇന്ത്യൻ കോർപ്പറേറ്റ് ഗ്രൂപ്പുകളും അതുവഴിയുണ്ടാകുന്ന പ്രതിസന്ധിയുടെ ആഘാതം വിവിധമാ‍ർഗങ്ങളിലൂടെ തൊഴിലാളികളിലേക്കും കർഷകരിലേക്കും വഴിതിരിച്ചുവിടുകയാണ്. നിയന്ത്രണങ്ങൾക്ക് ഇളവു നൽകുക, (Deregulation) സ്വകാര്യവൽക്കരണം, ഉദാരവൽക്കരണം തുടങ്ങിയ അവയിൽ ചിലതാണ്. അടുത്തിടെ പാ‍ർലമെന്റിൽ പാസാക്കിയ നയപരമായ ബില്ലുകൾ പരിശോധിച്ചാൽ തൊഴിൽ കോഡുകൾ നടപ്പാക്കുന്നതുമായി ബന്ധമുണ്ടെന്നും വിമ‍ർശനം ഉയർന്നു. ഇൻഷുറൻസ് മേഖലയിലെ 100 ശതമാനം വിദേശ

നിക്ഷേപം, വൈദ്യുതി നിയമ ഭേദഗതികൾ, പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിച്ച സീഡ് ബിൽ 2025, കരട് വൈദ്യുതി (ഭേദഗതി) ബിൽ 2025, VB-G RAM G ആക്റ്റ് 2025, വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ ബിൽ തുടങ്ങിയവ കാര്യമായ പാർലമെന്ററി പരിശോധനകളില്ലാതെയാണ് നടപ്പിലാക്കിയതെന്ന് ട്രേഡ് യൂണിയനുകൾ ആരോപിച്ചു. ഇത് അധികാര കേന്ദ്രീകരണത്തെയും ജനാധിപത്യപരമായ ചർച്ചകളുടെ ബലഹീനതയുമാണ് പ്രതിഫലിപ്പിക്കുന്നതെന്നും അവ‍‍ർ ആരോപിച്ചു.

 

തോളോട് തോൾ ചേർന്ന് ക‍ർഷക പ്രസ്ഥാനങ്ങളും

ഈ പൊതു പണിമുടക്കിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം സംഘടിത തൊഴിലാളികളും കർഷക പ്രസ്ഥാനത്തിന്റെ വിവിധ വിഭാഗങ്ങളും തമ്മിൽ തോളോട് തോൾ ചേർന്ന് പൊരുതുന്നുവെന്നതാണ്. ഫെബ്രുവരി 12-ലെ പണിമുടക്കിന്റെ തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ സംയുക്ത കിസാൻ മോർച്ച (SKM) ഇതിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിരുന്നു. VB-G RAM G ആക്ടിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുന്ന കാർഷിക തൊഴിലാളി യൂണിയനുകളും പണിമുടക്കിൽ പങ്കെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്.

സീഡ് ബിൽ (Seed Bill), കരട് വൈദ്യുതി (ഭേദഗതി) ബിൽ എന്നിവയ്ക്കും അനുബന്ധ നിയമനിർമ്മാണങ്ങൾക്കും എതിരെ 2026 ജനുവരി 16ന് രാജ്യവ്യാപക ‘പ്രതിരോധ ദിന’മായി ആചരിക്കാനുള്ള സംയുക്ത കിസാൻ

മോർച്ചയുടെ ആഹ്വാനത്തിന് കൺവെൻഷൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. 2020-21ൽ രാജ്യത്തെ പിടിച്ചുലച്ച കർഷക പ്രക്ഷോഭത്തിൽ അണിനിരന്ന തൊഴിലാളി-കർഷക ഐക്യം വീണ്ടും ഉയി‍ർത്തെഴുന്നേൽക്കുകയാണ്. “ഉൽപ്പാദക വർഗങ്ങളുടെ” (producing classes) ഒരു വിശാല മുന്നണി രൂപീകരിക്കാനുള്ള പുതിയ ശ്രമമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

സി.ഐ.ടി.യു., എ.ഐ.കെ.എസ്. (AIKS), എ.ഐ.എ.ഡബ്ല്യു.യു.(AIAW), ഡിവൈഎഫ്ഐ (DYFI), എസ്എഫ്ഐ (SFI), ഡിഎസ്എംഎം (DSMM,) എ.എ.ആർ.എം. (AARM), എൻ‌പി‌ആർ‌ഡി (NPRD) തുടങ്ങിയ ബഹുജന സംഘടനകളുടെ സംയുക്ത യോഗം താഴെത്തട്ടിൽ വരെ സമരസമിതികൾ രൂപീകരിക്കാൻ തീരുമാനിച്ചു കഴിഞ്ഞു. സംഘടിത വ്യവസായ മേഖലകളിൽ മാത്രമല്ല, ഗ്രാമീണ ഇന്ത്യയിലും അസംഘടിത മേഖലയിലും ഉടനീളം ജനങ്ങളെ അണിനിരത്തുക എന്നതാണ് ലക്ഷ്യം.

2021 ലെ കർഷക പ്രതിഷേധത്തിന് നേതൃത്വം നൽകിയ ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്.

 

സമരപോരാട്ടത്തിൻ്റെ ചരിത്രം

1990കളുടെ തുടക്കത്തിൽ നവലിബറൽ പരിഷ്കാരങ്ങൾ ആരംഭിച്ചതിനുശേഷം ഇന്ത്യയിൽ നടക്കുന്ന 24-ാമത്തെ അഖിലേന്ത്യാ പൊതുപണിമുടക്കാണ് ഫെബ്രുവരി 12ലേത്. 2014-ൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ അധികാരമേറ്റ ശേഷമുള്ള ഒൻപതാമത്തെ പണിമുടക്ക്. 2015 സെപ്റ്റംബർ 2, 2016 സെപ്റ്റംബർ 2, 2019 ജനുവരി 8-9, 2020 ജനുവരി 8, 2020 നവംബർ 26, 2022 മാർച്ച് 28-29, 2024 ഫെബ്രുവരി 16, 2025 ജൂലൈ 9 എന്നീ തീയതികളിൽ നടന്ന രാജ്യവ്യാപക പണിമുടക്കുകളുടെ തുടർച്ചയാണിത്. കൂടാതെ, തൊഴിൽ കോഡുകൾ പാസാക്കിയതിനു ശേഷമുള്ള അഞ്ചാമത്തെ പൊതുപണിമുടക്ക് കൂടിയാണിത്.

ട്രേഡ് യൂണിയനുകളുടെയും കർഷക സംഘടനകളുടെയും സംയുക്ത പോരാട്ടം, തൊഴിൽ കോഡുകൾ റദ്ദാക്കാനും വിവാദ നിയമനിർമ്മാണങ്ങൾ പിൻവലിക്കാനും കേന്ദ്രസർക്കാരിനെ നിർബന്ധിതമാക്കുമെന്ന് തൊഴിലാളി സംഘടനകൾ കരുതുന്നു. നിയമങ്ങൾ പിൻവലിക്കാതെ ചട്ടങ്ങളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെങ്കിൽ, ഒന്നിലധികം ദിവസങ്ങൾ നീണ്ടുനിൽക്കുന്ന പൊതുപണിമുടക്കുകളും മേഖലതിരിച്ചുള്ള സംയുക്ത സമരങ്ങളും ഉൾപ്പെടെയുള്ള തീവ്രമായ പ്രക്ഷോഭമാ‍ർഗങ്ങൾ സ്വീകരിക്കുമെന്ന് കൺവെൻഷൻ മുന്നറിയിപ്പ് നൽകി.

 

ചരിത്രം കുറിച്ച് ഫെബ്രുവരി 12

നവലിബറൽ മുതലാളിത്തത്തിന്റെ ഘടനാപരമായ പ്രതിസന്ധിയേയും അതിൽ നിന്നുടലെടുത്ത സ്വേച്ഛാധിപത്യപരമായ മാറ്റങ്ങളെയും പിന്തള്ളുന്ന ശക്തമായ പോരാട്ടത്തിന്റെ പുതിയ അധ്യായമാണ് ഫെബ്രുവരി 12ലെ പണിമുടക്കെന്നാണ് സംഘാടകർ പറയുന്നത്. വ്യാവസായിക, സേവന, ഗ്രാമീണ മേഖലകളിൽ നിന്നും വലിയ തോതിലുള്ള പങ്കാളിത്തം സമരത്തിലുണ്ടാകുമെന്ന് അവർ പ്രതീക്ഷിക്കുന്നു. ഗതാഗതം, ബാങ്കിംഗ്, ഇൻഷുറൻസ്, കൽക്കരി, ഉരുക്ക്, പൊതുസേവനങ്ങൾ എന്നിവയെ സമരം സാരമായി ബാധിക്കും.

ഈ പണിമുടക്ക് രാജ്യത്തെ നിശ്ചലമാക്കുമോ അതോ പുതിയ ചർച്ചകളിലേക്ക് നയിക്കുമോ എന്നത് കണ്ടറിയേണ്ടതുണ്ട്. എങ്കിലും, തൊഴിൽ അവകാശങ്ങൾ, സാമ്പത്തിക നയം, ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ജനാധിപത്യ സ്വഭാവം എന്നിവയെ സംബന്ധിച്ച

പോരാട്ട ചരിത്രത്തിൽ 2026 ഫെബ്രുവരി 12 ഒരു നിർണ്ണായക ദിനമായി അടയാളപ്പെടുത്തും എന്നാണ് കരുതപ്പെടുന്നത്.

About Author

ദി ഐഡം ബ്യൂറോ

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.