A Unique Multilingual Media Platform

Articles Kerala South India Sports

വേൾഡ് കപ്പും, പിടി ക്ലാസ്സിലെ കണക്കും!

  • July 28, 2026
  • 1 min read
വേൾഡ് കപ്പും, പിടി ക്ലാസ്സിലെ കണക്കും!

അമേരിക്കയിലും, കാനഡയിലും, മെക്സിക്കോയിലുമായി നടന്ന 2026 ഫുട്ബോൾ ലോകകപ്പ് കഴിഞ്ഞതോടെ ജയിച്ച ടീമിന്റെ ആരാധകരേക്കാൾ തോറ്റ ടീമിന്റെ എതിരാളികളാണ് ഫൈനൽ വിസിൽ മുഴങ്ങിയ ഉടൻ കേരളത്തിലെ നിരത്തുകളിൽ ആഹ്ളാദാരവങ്ങൾ മുഴക്കിയത്. അതിന്റെ വലിയ രീതിയിലുള്ള പ്രതിഫലനം സാമൂഹ്യ മാധ്യമങ്ങളിലും നാം കണ്ടു. കേരള സമൂഹത്തിൽ ഫുട്ബാളിനുള്ള സ്ഥാനം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. സെവൻസ്, സന്തോഷ് ട്രോഫി, പ്രീമിയർ ലീഗ്, യൂറോപ്പ തുടങ്ങി തലത്തിലുമുള്ള കളികളും വളരെ സൂക്ഷ്മമായി പിന്തുടരുന്ന ഫുട്ബോൾ ആരാധകരുടെ നാടാണ് കേരളം.

ലോകകപ്പ് സീസണിൽ കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും കാണാവുന്ന കാഴ്ച.

വേൾഡ് കപ്പ് പ്രമാണിച്ചു കേരളത്തിൽ ഉയരുന്ന സൂപ്പർ താരങ്ങളുടെ ഫ്ലെക്സുകളും ബാനറുകളും ലോകമെമ്പാടും ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. ക്ലബുകളും, കളിക്കാരും സാമൂഹ്യ മാധ്യമങ്ങൾ വഴി ഈ ആരാധനയെ അംഗീകരിക്കുമ്പോൾ, കേരളം ഒന്നാകെ ആഘോഷിക്കാറുമുണ്ട്. ഇത്തവണ വേൾഡ് കപ്പിനോട് അനുബന്ധിച്ചു വിദ്യാഭ്യാസ സ്ഥാപനങ്ങളും വലിയ രീതിയിലുള്ള പരിപാടികളാണ് സംഘടിപ്പിച്ചത്. കുട്ടികളുടെ സന്തോഷം മുന്നിൽ കണ്ടൊന്നുമല്ല, ഈ ആഘോഷങ്ങളൊക്കെ സോഷ്യൽ മീഡിയ വഴി പിആർ വർക്കിന്‌ ഉപകരിക്കും എന്ന തിരിച്ചറിവാണ് മിക്ക സ്‌കൂളുകളെയും ഇതിനു പ്രേരിപ്പിച്ചത്. വേൾഡ് കപ്പ് ഫൈനലിന് പിറ്റേ ദിവസം, തിങ്കളാഴ്ച്ച, അവധി പ്രഖ്യാപിക്കാൻ പോലും പല പ്രൈവറ്റ് സ്‌കൂളുകളും മടിച്ചില്ല എന്നാണ്. ഇതിന്റെ ചുവട് പിടിച്ചാണ് സർക്കാർ പോലും സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്.

ഫിഫ ലോകകപ്പ് മത്സരങ്ങൾ ആഘോഷിക്കുന്ന ആരാധകർ

ഈ പ്രതീകാത്മക പ്രകടനങ്ങൾക്ക് അപ്പുറത്തേക്ക്, കേരളത്തിലെ കായിക മേഖലയുടെ സ്ഥിതി എന്താണ് എന്ന് പരിശോധിക്കുമ്പോഴാണ് സാഹചര്യങ്ങൾ എത്ര ശോചനീയമാണ് എന്ന് അറിയുക. വേൾഡ് കപ്പിനിടെ കേട്ട ഒരു പദപ്രയോഗമാണ്, ” സീസണൽ ഫാൻസ്‌” എന്നത്. ഇത് ഏറെക്കുറെ ശരി വയ്ക്കുന്ന രീതിയിൽ, ലോക കപ്പ് കഴിഞ്ഞയുടൻ കേരളത്തിലെ പൊതുയിടങ്ങളിലും, സാമൂഹ്യ മാധ്യമങ്ങളിലും പെട്ടെന്നൊരു ശൂന്യതയുടെ പ്രതീതി ഉളവാക്കി. ഫുട്ബോൾ ഒരു വിഷയമില്ലാതായി. അതായത്, സ്പോർട്സ് പതിയെ സാമൂഹിക വ്യവസ്ഥിതിയുടെ ഘടകമല്ലാതായി. ഫുട്ബോൾ ഫൈനലിന് അവധി കൊടുത്ത ഒട്ടുമിക്ക വിദ്യാലയങ്ങളിലും, മിക്കവാറും മുമ്പന്നെത്തേയും പോലെ പിടി ക്ലാസുകൾ സയൻസ് അല്ലെങ്കിൽ കണക്ക് അദ്ധ്യാപകർ കയ്യേറിയിട്ടുണ്ടാകും.

കായിക മേഖലയിൽ അഖിലേന്ത്യാടിസ്ഥാനത്തിൽ കേരളം എന്നും മുന്നിട്ടാണ് നിന്നിട്ടുളളത്. അത് പക്ഷെ ലോകോത്തര നിലവാരത്തിലേക്ക് ഉയരാൻ ഉതകുന്ന ഒന്നായിരുന്നില്ല. പേരിനു നമുക്ക് ജിമ്മി ജോർജിനെയും, പിടി ഉഷയെയും, അഞ്ജു ബേബി ജോർജിനെയും, ശ്രീജേഷിനെയും, കൂട്ടുപിടിക്കാമെന്നു മാത്രം. ക്രിക്കറ്റിൽ മാത്രമാണ് ഇപ്പോൾ കുറേക്കാലമായി സഞ്ജു സാംസൺ, മിന്നു മണി, ആശ ശോഭന, സജ്ന സജീവൻ എന്നീ പേരുകളാണ് കേരളത്തിൽ നിന്ന് അന്താരാഷ്ട്ര തലത്തിൽ ഉയർന്നു നിൽക്കുന്നത്. പക്ഷെ ഇന്ത്യൻ ക്രിക്കറ്റ് ഭരണ സംവിധാനത്തെ മറ്റ് കായിക മേഖലകളുമായി താരതമ്യം ചെയ്യാതിരിക്കുന്നതാണ് ബുദ്ധി. വിവിധ സ്പോർട്സ് ഇനങ്ങൾക്കായി കേരളത്തിൽ എത്രമാത്രം സൗകര്യമുണ്ട് എന്ന് പരിശോധിക്കുമ്പോൾ കിട്ടുന്ന ചിത്രം അത്ര വർണ്ണാഭമായതല്ല. ഉദാഹരണത്തിന് ടെന്നീസിന്റെ കാര്യമെടുത്താൽ, എല്ലാ ജില്ലകളിൽ പോലും നമുക്ക് ടെന്നീസ് കോർട്ടുകളില്ല, പക്ഷെ ജില്ലാ അസ്സോസിയേഷനുകളുണ്ട്!

ലോകകപ്പ് മത്സരം വീക്ഷിക്കുന്ന കാണികൾ. ഇത്തരത്തിൽ അനവധി പൊതു പ്രദർശനങ്ങൾ കേരളത്തിലുടനീളം നടന്നിരുന്നു.

കാലാകാലങ്ങളായി കേരളത്തിൻ്റെ പേര് വാനോളമുയർത്തി, ദേശീയ തലത്തിലും, ഏഷ്യൻ ഗെയിംസിലും തിളങ്ങിയ ഒട്ടനവധി പ്രതിഭകൾ ഇവിടുണ്ടായിട്ടുണ്ട്. പക്ഷെ അന്നും, അവരൊക്കെ അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകളും, കടന്നു പോയ വഴികളും നമുക്കൊക്കെ ഊഹിക്കാൻ കഴിയുന്നതിനും അപ്പുറത്താണ്. മെഡൽ വാങ്ങി വരുമ്പോൾ മാത്രമാണ് സർക്കാരുകളും, അധികാരികളും ഇവർക്ക് മുന്നിലേക്ക് സമ്മാനങ്ങളുമായി എത്താറുള്ളത്. സംസ്ഥാന തലത്തിൽ, ഫുട്ബോൾ കളിക്കാരുടെ ദിവസച്ചിലവിനായി കൊടുക്കുന്ന തുക  തന്നെ തികയില്ല എന്ന വാർത്ത ഈയ്യിടെ വന്നതാണ്. അത്ലറ്റിക്സിലും, മറ്റ് സ്പോർട്സ് ഇനങ്ങളിലും സ്ഥിതി ഒട്ടും വ്യത്യസ്തമല്ല. ഇവരുടെ പരീശലനത്തിനുള്ള സംവിധാനങ്ങളും, താമസ സൗകര്യങ്ങളും അത്യധികം ശോചനീയമാണ്. തയ്യാറെടുപ്പിനുള്ള തുക ഭക്ഷണത്തിന് പോയിട്ട്, മത്സരങ്ങളിൽ പങ്കെടുക്കാനുള്ള യാത്രക്ക് പോലും വേണ്ട സൗകര്യം അധികാരികൾ ചെയ്തു കൊടുക്കാൻ മിനക്കെടാറില്ല. കളിയോടുള്ള ഒടുങ്ങാത്ത ഇഷ്ടം കൊണ്ട് ഇതിനായി ഇറങ്ങി പുറപ്പെട്ട കുറെ പേരുടെ തോളിലിരുന്നാണ് നമ്മുടെ കായിക നേട്ടങ്ങൾ ഇത് വരെ എത്തിയത്. ഇതെല്ലാം കൊണ്ടാണ് കേരളത്തിലെ മാതാപിതാക്കൾക്കിടയിൽ സ്പോർട്സിന് സമൂഹഭ്രഷ്ട് കൽപ്പിച്ചു പോരുന്നത്. ഇതിനായി തുനിഞ്ഞിറങ്ങിയാൽ കുട്ടികളുടെ ഭാവി കുട്ടിച്ചോറാകും എന്ന ചിന്ത മൂലം, എങ്ങനെയെല്ലാം പിന്തിരിപ്പിക്കാമോ, അതെല്ലാം സമൂഹം ചെയ്തു പോന്നു. കേരളത്തിലെ സ്‌കൂളുകളിൽ തന്നെ, സ്പോർട്സ് ഒരു പ്രധാന ഇനമായി കണക്കാക്കുന്നവ, ഒറ്റ കയ്യുടെ വിരലിൽ എണ്ണാവുന്നതേയുള്ളു. അത്തരം സ്‌കൂളുകളിൽ നിന്ന് കലാശാല തലത്തിലേക്ക് എത്തുമ്പോൾ, കായിക മേഖലയിൽ തുടരുന്ന വിദ്യാർത്ഥികളുടെ എണ്ണം വീണ്ടും കുറയുന്നു.

കൊയ്തൊഴിഞ്ഞ കണ്ടങ്ങളിലാണ് ഇപ്പഴും നമ്മുടെ ഗ്രാമങ്ങളിൽ കുട്ടികളും ചെറുപ്പക്കാരും കളിച്ചു വളരുന്നത്. ഉയർന്നു വന്നിട്ടുള്ള ടർഫ് സംസ്കാരം എല്ലായിടത്തും എത്തിയിട്ടുമില്ല. അതെല്ലാം ഉള്ളിടത്തു, അവയെല്ലാം ഒരു വിനോദത്തിനായുള്ള കാര്യത്തിനപ്പുറത്തേക്ക് ഉപയോഗിക്കാനും സാധ്യമല്ല. നമ്മുടെ ഗ്രാമങ്ങളിൽ ചെറുപ്പക്കാരുടെ സൗഹൃദ കൂട്ടായ്മകൾ സംഘടിപ്പിക്കുന്ന കളിമാമാങ്കങ്ങൾക്ക് പോലും ആവശ്യമായ സൗകര്യങ്ങൾ ഇല്ല എന്നതാണ് സങ്കടം. എന്തിന് ഏറെ പറയുന്നു, സ്പോർട്സ് & ഗെയിംസ് മത്സരങ്ങൾ സംഘടിപ്പിക്കാൻ ജില്ലാ തലത്തിൽ പോലും അടിസ്ഥാന സൗകര്യങ്ങളുള്ള സ്റ്റേഡിയം ഈ നാട്ടിലില്ല. ജനതക്ക് സൗകര്യപ്രദമായി ജീവിക്കാനും, നാടിൻറെ പുരോഗതിക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളിൽ ഇപ്പഴും, കായിക മേഖലക്ക് ആവശ്യമായ സൗകര്യങ്ങൾ പെടുത്താത്തത് നമ്മുടെ ചിന്താപ്രക്രിയയുടെ കുറവ് തന്നെയാണ്. ഇതിൽ നിന്ന് മാറി പ്രവർത്തിക്കാത്തിടത്തോളം കാലം വികസിത സമൂഹമായി മാറാൻ നമുക്ക് സാധിക്കില്ല.

കേരള സംസ്ഥാന സ്കൂൾ കായികമേളയിൽ നിന്നുള്ള ചിത്രം

സ്പോർട്സ് മേഖലയുടെ പ്രാധാന്യം, യുവജനങ്ങൾക്ക്‌ കരിയർ ഉണ്ടാക്കി കൊടുക്കുന്നതിലും അപ്പുറത്തേക്കുണ്ട് എന്ന് മനസ്സിലാക്കുന്ന രാജ്യങ്ങളിലാണ് ലോകോത്തര കായിക താരങ്ങളെയും, പൗരബോധമുള്ള ജനതയെയും നമുക്ക് കാണാൻ സാധിക്കുക. സ്പോർട്സ് ഉത്തരവാദിത്തബോധവും ആത്മവിശ്വാസവും അച്ചടക്കവും സഹകരണ മനോഭാവവുമുള്ള മികച്ച സമൂഹത്തെയും സൃഷ്ടിക്കുന്നു. ഒത്തൊരുമയോടെ പ്രവർത്തിക്കാനും വിജയവും പരാജയവും ഒരുപോലെ നേരിടാനും യുവാക്കളെ പഠിപ്പിക്കുന്നു. അതോടൊപ്പം, ലഹരി ഉപയോഗത്തിലേക്ക് യുവാക്കൾ വഴുതിപ്പോകാനുള്ള സാധ്യത കുറയ്ക്കുന്നതിലും സ്പോർട്സ് മേഖലക്ക് നിർണായക പങ്കുണ്ട്. ഇതിനുമെല്ലാം അപ്പുറം, ഇത് വഴിയുള്ള പ്രതിരോധ ആരോഗ്യ സംരക്ഷണം ആരോഗ്യമുള്ള ഒരു ഭാവി തലമുറയെ വളർത്തിയെടുക്കുന്നതിനും സഹായിക്കുന്നു. ഇന്നത്തെ നമ്മുടെ സാമൂഹിക പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ പറഞ്ഞാൽ, സ്പോർട്സിലാണ് നമ്മുടെ കുട്ടികൾ തൂഫാനാകേണ്ടത്!

സംസ്ഥാനത്ത് കായിക മേഖലയുടെ വികസനത്തിന് തടസ്സമായി നിൽക്കുന്നത് പ്രധാനമായും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും, ഭരണപരമായ വീഴ്ചയുമാണ്. അടിസ്ഥാന സൗകര്യം ഒരുക്കാൻ സാധിക്കാത്തത് അതിനു വേണ്ടി വരുന്ന ചിലവിനുള്ള പണം കണ്ടെത്താൻ സാധിക്കാത്തത് കൊണ്ടാണ്. എന്നാൽ ഭരണപരമായ വീഴ്ച, ഈ മേഖലയിൽ യാതൊരു ദിശാബോധവുമില്ലാതെ പണം ചിലവഴിക്കുന്നത് കൊണ്ടുമാണ്. യു സീ ദി ഐറണി!

കേരളത്തിൽ ഏതൊരു പദ്ധതിക്കും ഏറ്റവും ആദ്യം മുടക്ക് പറയുക, സ്ഥലമില്ല എന്ന കാരണം കൊണ്ടാകും. എന്നാൽ കളി സൗകര്യം ഒരുക്കുന്ന കാര്യത്തിൽ സ്ഥലം നമ്മുടെ സംസ്ഥാനത്ത് ഒരു പ്രശ്‌നമേയല്ല. കേരളത്തിലെ ഒട്ടുമിക്ക തദ്ദേശസ്വായംഭരണ സ്ഥാപനങ്ങളും കളിക്കളത്തിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. മിക്കയിടങ്ങളിലും പഞ്ചായത്ത് ഗ്രൗണ്ട് എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഈ സ്ഥലങ്ങൾ കാട് പിടിച്ചു കിടക്കുകയാണ്. ഇനി അങ്ങനെ ഒരു സ്ഥലം ഇല്ല എന്നുണ്ടെങ്കിൽ, അതാത് പ്രദേശങ്ങളിലെ സർക്കാർ സ്‌കൂളുകളിലെ വിശാലമായ മുറ്റങ്ങൾ ഒഴിഞ്ഞു കിടക്കുന്നതു നോക്കുക. സംസ്ഥാനാടിസ്ഥാനത്തിൽ ഒരു പദ്ധതി തയ്യാറാക്കി, ഇത്തരം സ്ഥലങ്ങൾ കണ്ടെത്തി, ബഹുമുഖ ഉപയോഗമുള്ള സ്റ്റേഡിയങ്ങൾ രൂപകല്പന ചെയ്തെടുക്കുക. പല സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ചില സ്പോർട്സ് ഇനങ്ങളുടെയെങ്കിലും കോർട്ടുകളും സൗകര്യങ്ങളുമുണ്ട്. അത്തരം സ്ഥലങ്ങൾ പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കും എന്ന ഉറപ്പിൽ, അധികം പണം ചിലവാക്കാതെ സർക്കാർ ചിലവിൽ വികസിപ്പിച്ചെടുക്കാവുന്നതാണ്.

സ്വകാര്യ ഉടമസ്ഥതയിലുള്ള ഇത്തരം ടർഫുകൾ കേരളത്തിൽ മിക്ക സ്ഥലങ്ങളിലും പ്രവർത്തിക്കുന്നുണ്ട്

ഇവ പണിയാനുള്ള പണം കണ്ടെത്താൻ സർക്കാരിന് സാധിക്കണം. സംസ്ഥാനത്ത് ആരുടെ ഓർമ്മക്കായും സർക്കാർ ചിലവിൽ പ്രതിമകൾ പണിയില്ല എന്ന് ആദ്യം തീരുമാനിക്കുക. സർക്കാരിന് സ്വന്തമായി പണം നീക്കി വയ്ക്കാൻ സാധിക്കില്ല എന്നുണ്ടെങ്കിൽ, സ്വകാര്യ മേഖലയെ ഇതിനായി കൂട്ടുപിടിക്കണം. ഇത്തരം പദ്ധതികൾക്ക് അവരുടെ സി.എസ്.ആർ. ഫണ്ടുകൾ ഉപയോഗപ്പെടുത്താൻ ശ്രമിക്കുക. അങ്ങനെ ചിലവാക്കുന്നവർക്കു അവരുടെ പ്രവർത്തനങ്ങൾ സുഖമമാക്കാൻ ആവശ്യമായ ഇളവുകൾ ചെയ്തു കൊടുക്കുക. ഈ പദ്ധതികൾ രൂപകല്പന ചെയ്യുമ്പോൾ, ഇതിനു സ്വയം നിലനിന്നു പോകാൻ ആവശ്യമായ വരുമാനം കിട്ടാൻ പാകത്തിനുള്ള രീതിയിൽ ചെയ്യുക. ഇത് പുതിയ കാര്യമൊന്നുമല്ല. കേരള വിദ്യാഭ്യാസ വകുപ്പിന്റെ PRISM (Promoting Regional Schools to International Standards through Multiple Interventions) പദ്ധതി നോക്കിയാൽ ഇത് മനസ്സിലാക്കാവുന്നതേയുള്ളൂ. അതിലൂടെ നമ്മുടെ സർക്കാർ വിദ്യാലയങ്ങൾക്കും അവിടെ പഠിക്കുന്ന പുതു തലമുറക്കും ഉണ്ടായ പ്രയോജനങ്ങൾ നോട്ടുകെട്ടുകൾ കൊണ്ട് വാങ്ങാൻ സാധിക്കുന്നതിലും അപ്പുറത്താണ് എന്ന് നമ്മൾ കണ്ടതാണ്.

2010ൽ കോഴിക്കോട് നടക്കാവിലെ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി ഗേൾസ് സ്കൂളിലാണ് പ്രിസം പദ്ധതി ആദ്യമായി ആരംഭിച്ചത്.

രണ്ടാമതായി, ഭരണപരമായ വ്യത്യാസങ്ങൾ വരുത്തുക എന്നതാണ്. ലോകത്ത് ഇന്ന് ഏറ്റവും വേഗത്തിൽ വളരുന്ന ബിസിനസ്സായി മാറിക്കഴിഞ്ഞു സ്പോർട്സ്. ഈയ്യിടെ ഐപിഎൽ ടീമുകൾ കൈമാറ്റം ചെയ്യപ്പെട്ടപ്പോൾ പത്രത്താളുകളിൽ അച്ചടിച്ചു വന്ന തുകകൾ കണ്ടു നാം അമ്പരന്നതാണ്. അവയെ ബിസിനസ്സായി കണ്ട്, സ്പോർട്സ് അഡ്മിനിസ്ട്രേഷൻ വിദഗ്ധരുടെ സഹായത്തോടെ കൈകാര്യം ചെയ്താണ് അവരെല്ലാം ഇത്തരം വളർച്ച നേടിയത്. നമ്മുടെ സ്പോർട്സ് മേഖലയിലും ഒരു അഴിച്ചുപണി വേണ്ടിയിരിക്കുന്നു. സർക്കാർ സംവിധാനത്തിൽ ഫയലുകൾ ഉന്തി നേടിയ പ്രൊമോഷന്റെ അധികാരത്തിൽ സ്പോർട്സ് ഭരണ രംഗത്തേക്ക് വരുന്നവരെയല്ല ഇനി നമുക്ക് വേണ്ടത്. കഴിവ് തെളിയിച്ചവരെയും, ഇതിനായി വേണ്ട വിദ്യാഭ്യാസം നേടിയവരെയും സർക്കാർ സംവിധാനത്തിലൂടെ കണ്ടെത്തേണ്ടിയിരിക്കുന്നു. സ്പോർട്സ് കൗൺസിലിലും, വകുപ്പിലുമുള്ള താപ്പാനകളെ മാറ്റി, കായിക മേഖലയുടെ വികസനത്തിനായി പരിജ്ഞ്ജാനം നേടിയ ആളുകളെ കൊണ്ട് വരണം. സ്പോർട്സ് ടെക്നോളജിയെക്കുറിച്ചും, സ്പോർട്സ് മെഡിസിനെക്കുറിച്ചും അറിവുള്ളവർ തലപ്പത്ത് എത്തണം. വിദ്യാലയങ്ങളിലെ കായിക അധ്യാപകർക്ക് കാര്യക്ഷമമായ തുടർപരീശീലനം നൽകി കൊണ്ടേയിരിക്കണം. വിദ്യാഭ്യാസ ജില്ല അടിസ്ഥാനത്തിൽ സൂപ്പർ കോച്ചുകളെ ഉണ്ടാക്കിയെടുക്കണം. സ്പോർട്സ് പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് പങ്കെടുക്കാൻ ഉതകുന്ന രീതിയിലുള്ള വിദ്യാഭ്യാസ പ്രോഗ്രാമുകൾ സജ്ജീകരിക്കണം.

കേരള സർക്കാരിന്റെ പദ്ധതി നിര്‍വഹണ, വിലയിരുത്തല്‍-നിരീക്ഷണ വകുപ്പിന് (PIEMD) കീഴിലുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങൾ അഥവാ Sustainable Development Goals സെൽ പുറത്തിറക്കിയ വിഷൻ-2036 റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നടപ്പിലാകുകയാണെങ്കിൽ, സ്പോർട്സ് രംഗത്ത് പുത്തനുണർവ് ഉണ്ടാകുമെന്നു മാത്രമല്ല, മറ്റ് പല രംഗങ്ങളിലെയും പോലെ സ്പോർട്സിലും കേരളം ഇന്ത്യക്ക് മാതൃകയാകും. ഇതിൽ വിഭാവനം ചെയ്തിട്ടുള്ള 3000 കളിക്കളങ്ങൾ, സ്പോർട്സ് യൂണിവേഴ്സിറ്റി, കൂടുതൽ പാർക്കുകൾ എന്നിവ നടപ്പിലാകുകയാണെങ്കിൽ, കേരളത്തിന്റെ സ്പോർട്സ് മേഖല മാത്രമല്ല, ജനങ്ങളുടെ ആരോഗ്യ പരിപാലന രംഗത്തും വലിയ കുതിപ്പുകൾ പ്രതീക്ഷിക്കാം.

ഒ.ജെ ജനീഷ്, കായിക മന്ത്രി, കേരളം

അടിസ്ഥാന സൗകര്യം ഒരുക്കാൻ, ഇച്ഛാശക്തിയുള്ള ഒരു സർക്കാരില്ലാതെ സാധിക്കില്ല. അതിനു തയ്യാറാണോ എന്ന് കേരളത്തിന്റെ പുതിയ കായിക മന്ത്രി ജെനീഷ് പറയേണ്ടിയിരിക്കുന്നു. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ വളർന്നു വന്ന ആർജ്ജവമുള്ള യുവ നേതാവ് എന്ന നിലക്ക്, ചെറുപ്പക്കാരനായ മന്ത്രിയിൽ വലിയ പ്രതീക്ഷകളാണ് സ്പോർട്സ് പ്രേമികൾക്കുള്ളത്. മെസ്സിയെ കൊണ്ട് വരുന്നതിനേക്കാൾ പ്രധാനം, മാസ്സായി ഈ മേഖലയുടെ പുനർക്രമീകരണത്തിനു വേണ്ടി പ്രവർത്തിക്കുകയാണ് എന്ന് മന്ത്രിയോടാരും പ്രത്യേകം പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. ഇത്തരത്തിൽ ഒരു ഉടച്ചുവാർക്കലിന് നാം തയ്യാറായില്ലെങ്കിൽ, നമ്മൾ ഇനിയുള്ള നൂറ്റാണ്ടുകളിലും മറ്റ് രാജ്യങ്ങളുടെ ഫ്ലെക്സുകൾ ഉയർത്തി സന്തോഷിക്കേണ്ടി വരും.

About Author

ഷബീർ അഹമ്മദ്

സോഷ്യൽ എഞ്ചിനീയറിങ്ങിൽ താല്പര്യം ഉള്ള കൊച്ചി സ്വദേശിയായ എഞ്ചിനീയർ. മൂന്ന് പതിറ്റാണ്ടിലേറെയായി ഇന്ത്യയിലും വിദേശത്തും ഉന്നത മാനേജ്‌മന്റ് രംഗത്ത് പ്രവർത്തിച്ച ഷബീറിന്റെ എഴുത്ത് താല്പര്യങ്ങൾ, ഇന്ത്യൻ രാഷ്ട്രീയം, സാമൂഹിക പ്രശ്‌നങ്ങൾ എന്നിവയാണ്. കായിക രംഗത്തെ കുറിച്ചും ലേഖനങ്ങൾ എഴുതാറുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

0
Would love your thoughts, please comment.x
()
x