A Unique Multilingual Media Platform

Articles Feminism History International Uncategorized

എലിസബത്ത് മാലറ്റ്: ആധുനിക ദിനപത്രത്തിന് വഴിതുറന്ന സ്ത്രീ

  • September 20, 2026
  • 1 min read
എലിസബത്ത് മാലറ്റ്: ആധുനിക ദിനപത്രത്തിന് വഴിതുറന്ന സ്ത്രീ

പത്രപ്രവർത്തനം പുരുഷന്മാരുടെ മാത്രം ലോകമായിരുന്ന കാലത്ത്, വാർത്തകൾ റിപ്പോർട്ട് ചെയ്യാനും പ്രസിദ്ധീകരിക്കാനും സംസാരിക്കാനും ധൈര്യം കാണിച്ച ആ സ്ത്രീകൾ ആരായിരുന്നു?

പതിനെട്ടാം നൂറ്റാണ്ടിലെ ലണ്ടനിലെ അച്ചടിശാലകളിൽ നിന്ന് ആധുനിക കാലത്തെ വാർത്താമുറികളിലേക്കും യുദ്ധഭൂമികളിലേക്കും — തങ്ങൾക്ക് ഇടമുണ്ടെന്ന് ആരും കരുതാതിരുന്ന ഇടങ്ങളിലേക്കും വനിതാ പത്രപ്രവർത്തകർ വീണ്ടും വീണ്ടും കടന്നുചെന്നു. അവർ യുദ്ധങ്ങൾ റിപ്പോർട്ട് ചെയ്തു, അധികാരത്തെ ചോദ്യം ചെയ്തു, സെൻസർഷിപ്പിനെ നേരിട്ടു, സാമൂഹിക കീഴ്‌വഴക്കങ്ങളെ വെല്ലുവിളിച്ചു. പലപ്പോഴും, ഒരു പത്രപ്രവർത്തകയായി അംഗീകരിക്കപ്പെടുക എന്ന അടിസ്ഥാന അവകാശത്തിനുവേണ്ടി പോലും അവർക്ക്രാ പോരാടേണ്ടിവന്നു.

അവരുടെ കഥകൾ പത്രപ്രവർത്തനത്തിന്റെ മാത്രം കഥകളല്ല. അവ ധൈര്യത്തിന്റെയും നിരന്തരമായ പോരാട്ടത്തിന്റെയും ഉറച്ച നിശ്ചയദാർഢ്യത്തിന്റെയും കഥകളാണ്.

നിർഭയരായ വനിതാ പത്രപ്രവർത്തകർ’ എന്ന പുതിയ പ്രതിവാര പരമ്പരയിലൂടെ The AIDEM ൽ  കെ. എ. ബീന ഈ അസാധാരണരായ സ്ത്രീകളെ വീണ്ടും നമ്മുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നു — ഓരോ കഥയിലൂടെയും പത്രപ്രവർത്തന ചരിത്രത്തിലെ ഓരോ അധ്യായത്തിലൂടെയും.

ബ്രിട്ടനിലെ ആദ്യത്തെ ദിനപത്രമായ The Daily Courant-ന്റെ പിന്നിൽ പ്രവർത്തിച്ച എലിസബത്ത് മാലറ്റിൽ നിന്നാണ് ഈ പരമ്പര ആരംഭിക്കുന്നത്. മൂന്ന് നൂറ്റാണ്ടുകൾക്കുമുമ്പ് തന്നെ പത്രപ്രവർത്തനത്തിന്റെ അടിസ്ഥാന ആശയ രൂപം നൽകുന്നതിൽ അവർ നിർണായക പങ്കുവഹിച്ചു.

ഇംഗ്ലീഷിലും മലയാളത്തിലും ഒരേസമയം പ്രസിദ്ധീകരിക്കുന്നു.


 

“1702 മാർച്ച് 11-ന് ദി ഡെയിലി കുറാന്റ് (The Daily Courant) എന്ന ബ്രിട്ടനിലെ ആദ്യ ദിനപത്രം ലണ്ടനിൽ നിന്ന് എലിസബത്ത് മാലറ്റ് എന്ന സ്ത്രീ പുറത്തിറക്കി.”

പത്രപ്രവർത്തനരംഗം പൂർണമായും പുരുഷലോകമായിരുന്ന ഒരു കാലത്ത് ഇതെങ്ങനെ സാധ്യമായി എന്ന ചോദ്യം സ്വാഭാവികമാണ്. ദിവസവും വാർത്ത നൽകുക, വാർത്തയെയും അഭിപ്രായത്തെയും വേർതിരിക്കുക, സ്വന്തം അഭിപ്രായങ്ങളും ഊഹാപോഹങ്ങളും മാറ്റിനിർത്തി വസ്തുതകൾ മാത്രം വായനക്കാരിലെത്തിക്കുക തുടങ്ങിയ ആധുനിക പത്രപ്രവർത്തനത്തിന്റെ അടിസ്ഥാന സ്വഭാവസവിശേഷതകളോടെയാണ് ദി ഡെയിലി കുറാന്റ് പുറത്തിറങ്ങിയത്.

“ജനങ്ങൾക്ക് ദിവസവും രാവിലെ വാർത്തകൾ ലഭിക്കേണ്ടതല്ലേ?”എന്ന ചിന്തയാണ് മാലറ്റിനെ ഈ ദിനപത്രം തുടങ്ങാൻ പ്രേരിപ്പിച്ചതെന്ന്  ചരിത്രകാരന്മാർ എഴുതിയിട്ടുണ്ട്.

 

ദി ഡെയിലി കുറാന്റ്, 1702 മാർച്ച് 11

 

പത്രപ്രവർത്തന ചരിത്രത്തിൽ സുവർണലിപികളിൽ രേഖപ്പെടുത്തേണ്ട പേരാണ് എലിസബത്ത് മാലറ്റിന്റേത്. സ്ത്രീകൾക്ക് വീടിനപ്പുറം ജീവിതം സ്വപ്നം കാണാനോ സാമൂഹികരംഗത്ത് നിലനിൽക്കാനോ അവസരം ലഭിക്കാതിരുന്ന കാലത്ത്, ആ മതിലുകളെയെല്ലാം തകർത്തു മുന്നോട്ടുവന്ന് ബ്രിട്ടനിലെ ആദ്യ ദിനപത്രമായ ദി ഡെയിലി കുറാന്റ് പുറത്തിറക്കിക്കൊണ്ട് ആധുനിക പത്രപ്രവർത്തനത്തിന്റെ വളർച്ചയ്ക്ക് വഴിതുറന്ന മാലറ്റ് ഈ രംഗത്തെത്തുന്ന സ്ത്രീകൾക്ക് എന്നും ആവേശവും അഭിമാനവുമാണ്.

മാലറ്റിന്റെ ജനനതീയതി വ്യക്തമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. 1672-ൽ സെന്റ് മാർട്ടിൻ ലഡ്ഗേറ്റിൽ പ്രവർത്തിച്ചിരുന്ന അച്ചടിക്കാരനും പുസ്തകവ്യാപാരിയുമായ ഡേവിഡ് മാലറ്റിനെ വിവാഹം കഴിച്ചതോടെയാണ് എലിസബത്ത് പ്രസാധനരംഗത്തെത്തുന്നത്. ഇരുവരും ചേർന്ന് ഇംഗ്ലണ്ടിലെ ടൈബേൺ എന്ന സ്ഥലത്ത് പൊതുവേദിയിൽ വധിക്കപ്പെടുന്നവരുടെ “അവസാന ചരമ പ്രസംഗങ്ങൾ” (Last Dying Speeches) അച്ചടിച്ച് പ്രസിദ്ധീകരിച്ചു. ഭീതിയും കൗതുകവും ഉണർത്തിവിട്ട ആ പ്രസംഗങ്ങൾ ലണ്ടനിൽ അന്ന് ഏറെ ജനപ്രിയത നേടി.

എലിസബത്ത് മാലറ്റ്

ബ്ലാക്ക് ഹോഴ്‌സ് അലേയിൽ, ഫ്ലീറ്റ് ബ്രിഡ്ജിന് സമീപമാണ് എലിസബത്തിന്റെയും ഡേവിഡിന്റെയും അച്ചടിശാല പ്രവർത്തിച്ചിരുന്നത്. പിന്നീട് ഈ പ്രദേശം ബ്രിട്ടീഷ് പത്രലോകത്തിന്റെ തന്നെ പര്യായമായി മാറി.

1683-ൽ ഡേവിഡ് മാലറ്റ് മരിച്ചു. ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗം മാനസികമായി തകർത്തുവെങ്കിലും എലിസബത്ത് മാലറ്റ് പ്രസിദ്ധീകരണരംഗത്ത് തന്നെ തുടർന്നു. ഭർത്താവിന്റെ അച്ചടിശാല ഏറ്റെടുത്തു. സഹായത്തിനായി മകൻ ഡേവിഡിനെ പരിശീലിപ്പിച്ചെടുക്കാൻ ശ്രമിച്ചു നോക്കിയെങ്കിലും  വിജയിച്ചില്ല. 1685 ആയപ്പോഴേക്കും രണ്ട് പ്രസ്സുകൾ നടത്തിക്കൊണ്ട് എലിസബത്ത് മാലറ്റ് ലണ്ടനിലെ പ്രസാധനരംഗത്ത് സ്വന്തം സ്ഥാനം ഉറപ്പിച്ചു. 1701-ൽ ദി ന്യൂ സ്റ്റേറ്റ് ഓഫ് യൂറോപ്പ് (The New State of Europe) പോലെയുള്ള വാർത്താ പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കിക്കൊണ്ട്  ലണ്ടനിലെ ശ്രദ്ധേയരായ പ്രസാധകരിൽ ഒരാളായി എലിസബത്ത്  മാറി.

1702 മാർച്ച് 11-നാണ് ദി ഡെയിലി കുറാന്റ് പ്രസിദ്ധീകരണം തുടങ്ങിയത്. ഫ്ലീറ്റ് ബ്രിഡ്ജിലെ കിങ്സ് ആംസ് ടാവേണിന് തൊട്ടടുത്തുള്ള മാലറ്റിന്റെ സ്ഥാപനത്തിൽ നിന്നായിരുന്നു പത്രം പുറത്തിറങ്ങിയത്. ഒറ്റ ഷീറ്റിലായിരുന്നു പത്രം. ഒരു വശത്ത് വാർത്തകളും മറുവശത്ത് പരസ്യങ്ങളും പ്രസിദ്ധീകരിച്ചു. വിദേശവാർത്തകൾക്കായിരുന്നു പ്രാധാന്യം. സർക്കാരിന്റെ നിയന്ത്രണങ്ങളും സെൻസർഷിപ്പും കണക്കിലെടുത്ത് ഇംഗ്ലണ്ടിലെ ആഭ്യന്തര വാർത്തകൾ മാലറ്റ് പത്രത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല.

ഫ്ലീറ്റ് ബ്രിഡ്ജ്,, ലണ്ടൻ

എന്നാൽ ദി ഡെയിലി കുറാന്റിനെ പത്രചരിത്രത്തിൽ വേറിട്ടുനിർത്തിയത് ദിവസേന പ്രസിദ്ധീകരിച്ചു എന്നതു മാത്രമായിരുന്നില്ല. ആദ്യ ലക്കത്തിൽ തന്നെ മാലറ്റ് തന്റെ പത്രത്തിന്റെ എഡിറ്റോറിയൽ നയം വ്യക്തമാക്കി. സ്വന്തം അഭിപ്രായങ്ങളും ഊഹാപോഹങ്ങളും വാർത്തയിൽ കലർത്തുകയില്ലെന്നും വസ്തുതകൾ മാത്രം അവതരിപ്പിക്കുമെന്നും അതിൽനിന്ന് സ്വന്തം നിഗമനങ്ങളിലെത്താനുള്ള ബുദ്ധി വായനക്കാർക്കുണ്ടെന്ന് വിശ്വസിക്കുന്നുവെന്നും അവർ പ്രഖ്യാപിച്ചു.

എലിസബത്ത് മാലറ്റിന്റെ ഈ നിലപാടിന്  ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ ഏറെ  പ്രാധാന്യമുണ്ട് . വാർത്തയും അഭിപ്രായവും തമ്മിൽ കൃത്യമായ അതിർവരമ്പ് വേണമെന്ന ആധുനിക പത്രപ്രവർത്തനത്തിന്റെ അടിസ്ഥാന തത്ത്വം മുന്നൂറിലേറെ വർഷങ്ങൾക്കുമുമ്പ് അവർ സ്വന്തം പത്രത്തിന്റെ നയമായി പ്രഖ്യാപിക്കുകയായിരുന്നു.

എഡിറ്റോറിയൽ കമന്റുകൾ ചേർക്കാതെയും കലർപ്പൊന്നും കൂടാതെയും വസ്തുതകൾ അവതരിപ്പിക്കുകയെന്നത് അന്നത്തെ കാലഘട്ടത്തിൽ ശ്രദ്ധേയമായ ചുവടുവയ്പ്പായിരുന്നു. വാർത്തയ്ക്കും അഭിപ്രായത്തിനുമിടയിൽ അതിർവരമ്പ് തിരിച്ചിട്ടുകൊണ്ടുള്ള വസ്തുതാപരമായ പത്രപ്രവർത്തനത്തിന്റെ ആദ്യകാല മാതൃകകളിലൊന്നായി ദി ഡെയിലി കുറാന്റി നെ കാണാം.

അക്കാലത്ത് നിലനിന്നിരുന്ന സമൂഹവ്യവസ്ഥിതിയിൽ സ്ത്രീകൾക്ക് അച്ചടി പ്രസാധനരംഗങ്ങളിൽ  സ്വന്തം സ്ഥാനം കണ്ടെത്തുക എളുപ്പമായിരുന്നില്ല. ഇ മാലറ്റ് (E. Mallet )എന്ന പേരിലാണ് അവർ പത്രം പുറത്തിറക്കിയത്. പത്രാധിപ സ്ത്രീയാണെന്നത് മറച്ചു വയ്ക്കാനാണ്  സ്വന്തം  പേരിൽ പത്രം പ്രസിദ്ധീകരിക്കാത്തത് എന്ന് കരുതപ്പെടുന്നു.

സ്വന്തം അഭിപ്രായങ്ങൾ മാറ്റിനിർത്തി വസ്തുതകൾ മാത്രം നൽകുന്നതിന്  ദി ഡെയിലി കുറാന്റിൽ എലിസബത്ത് മാലറ്റ് സ്വീകരിച്ച  സമീപനം പിന്നീട് ക്വാളിറ്റി ജേർണലിസത്തിന്റെ പ്രധാന പ്രമാണങ്ങളിലൊന്നായി മാറി. വാർത്തയുടെ വിശ്വാസ്യതയ്ക്കും സത്യസന്ധതയ്ക്കും പ്രാധാന്യം കൊടുക്കണമെന്നത് പത്രപ്രവർത്തനരംഗത്തെ അടിസ്ഥാന മൂല്യമായി വളർന്നു.

വിവിധ ഭാഷകളിലുള്ള വിദേശ പ്രസിദ്ധീകരണങ്ങളിൽനിന്ന് വാർത്തകൾ കണ്ടെത്തി പത്രത്തിൽ കൊടുക്കുന്നതിനും മാലറ്റ് ശ്രദ്ധിച്ചിരുന്നു. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പത്രങ്ങളായിരുന്നു പ്രധാന വാർത്താസ്രോതസ്സുകൾ.

ദൈനംദിന വാർത്തകൾ പ്രസിദ്ധീകരിക്കാനും വസ്തുതാപരമായ റിപ്പോർട്ടിങ് നടത്താനും എലിസബത്ത് മാലറ്റ് നടത്തിയ ശ്രമങ്ങൾ അക്കാലത്ത് നിലനിന്നിരുന്ന പത്രപ്രവർത്തന ശീലങ്ങളിൽ മാറ്റത്തിന് വഴിതെളിച്ചു. വാർത്ത ദിവസേന വായനക്കാരനിലെത്തണം എന്ന ആശയം വാർത്തയും സമയവും തമ്മിലുള്ള ബന്ധത്തിലും മാറ്റം വരുത്തി. ഇന്നലെ സംഭവിച്ച കാര്യങ്ങൾ അടുത്ത ദിവസം രാവിലെ വായനക്കാരന്റെ മുന്നിലെത്തുന്ന പുതിയൊരു വാർത്താസംസ്കാരത്തിലേക്കുള്ള ചുവടുവയ്പ്പായിരുന്നു അത്.

ചരിത്രകാരന്മാരായ ചാൾസ് സോമർവിൽ, മാർക്ക് ടർണർ, ജോയൽ വീനർ എന്നിവർ ചൂണ്ടിക്കാണിച്ചതുപോലെ, ദിനപത്രങ്ങളുടെ വരവ് ലോകത്തെ സംബന്ധിച്ച മനുഷ്യരുടെ കാഴ്ചപ്പാടിൽ തന്നെ മാറ്റം വരുത്തി. ലോകം നിരന്തരം മാറിക്കൊണ്ടിരിക്കുന്ന സംഭവങ്ങളുടെ ഇടമായി വായനക്കാരന്റെ മുന്നിലെത്തി. വാർത്തയും സമയബോധവും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായി.

കുറച്ചുകാലത്തിനുശേഷം സാമുവൽ ബക്ക്ലിക്ക് എലിസബത്ത് മാലറ്റ് തന്റെ പത്രത്തിന്റെ ചുമതലകൾ കൈമാറി. മാലറ്റ് തുടങ്ങിവച്ച ദി ഡെയിലി കുറാന്റ് പിന്നീട് മൂന്ന് പതിറ്റാണ്ടിലേറെ പ്രസിദ്ധീകരണം തുടർന്നു. 1735 ജൂൺ 28 നാണ് അവസാനലക്കം പുറത്തിറങ്ങിയത്.

പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിൽ തന്നെ എലിസബത്ത് മാലറ്റ് പ്രസിദ്ധീകരണരംഗത്ത് പ്രതിഭ തെളിയിച്ചു വെങ്കിലും ജീവിച്ചിരിക്കുമ്പോൾ അവരുടെ സംഭാവനകൾക്ക് അർഹമായ അംഗീകാരം ലഭിച്ചില്ല. അവരുടെ മരണത്തീയതിയും വ്യക്തമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല.

കാലമേറെ  കഴിഞ്ഞപ്പോഴാണ്  ഈ ചരിത്രപ്രതിഭയെ  കണ്ടെത്താൻ ശ്രമങ്ങൾ ഉണ്ടായത്.

The Herald Logo PNG Vector (SVG) Free Download

1883 ഒക്ടോബർ 30-ന് ആസ്‌ട്രേലിയയിലെ ദി ഹെറാൾഡ് (The Herald) പത്രം ബ്രിട്ടനിലെ ആദ്യ ദിനപത്രത്തിന് പിന്നിൽ എലിസബത്ത് മാലറ്റ് എന്ന സ്ത്രീയായിരുന്നു എന്ന് എത്ര പേർക്കറിയാം എന്ന ചോദ്യം ഉന്നയിച്ചു.

1914 ജൂൺ 13-ന് ഫിറ്റ്‌സ്‌റോയ് സിറ്റി പ്രസ്സ് (Fitzroy City Press) പ്രസിദ്ധീകരിച്ച ‘വിമൻ ആൻഡ് ജേർണലിസം’ (Women and Journalism) എന്ന ലേഖനത്തിൽ ഇങ്ങനെയാണ് മാലറ്റിനെ വിവരിച്ചത്.

“So it was the imagination of a woman who first conceived the idea that man would have news every morning with his breakfast.”

“പുരുഷന്മാർക്ക് പ്രാതലിനൊപ്പം എല്ലാ ദിവസവും രാവിലെ വാർത്തയും വേണം എന്ന ആശയം ആദ്യം ഒരു സ്ത്രീയുടെ ഭാവനയിൽ പിറന്നതായിരുന്നു.”

തമാശരൂപത്തിലാണെങ്കിലും ഈ വാക്കുകൾ എലിസബത്ത് മാലറ്റിന്  പത്രപ്രവർത്തന ചരിത്രത്തിലുള്ള  പ്രാധാന്യം തെളിയിക്കുന്നു.

Image result for Einkommende Zeitungen
Einkommende Zeitungen

1650-ൽ ജർമനിയിലെ ലൈപ്സിഗിൽ നിന്ന് പ്രസിദ്ധീകരിച്ച ഐൻകോമെൻഡെ സൈറ്റുങ്കൻ (Einkommende Zeitungen) ആണ് ലോകത്തിലെ ആദ്യ ദിനപത്രമായി പൊതുവെ കണക്കാക്കപ്പെടുന്നത്. എന്നാൽ അരനൂറ്റാണ്ടിനുശേഷം എലിസബത്ത് മാലറ്റ് പുറത്തിറക്കിയ ദി ഡെയിലി കുറാന്റ്  ബ്രിട്ടനിലെ ആദ്യ ദിനപത്രം എന്നതിനപ്പുറം വാർത്തയും അഭിപ്രായവും വേർതിരിക്കുക, വസ്തുതകൾ മാത്രം നൽകുക, വായനക്കാരന്റെ ചിന്താശേഷിയെ മാനിക്കുക, ദിവസേന വാർത്ത എത്തിക്കുക തുടങ്ങിയ ആധുനിക പത്രപ്രവർത്തനത്തിന്റെ അടിസ്ഥാന സങ്കൽപ്പങ്ങൾക്ക് അടിത്തറയിട്ടു.

എലിസബത്ത് മാലറ്റിന്റെ പ്രാധാന്യം ആദ്യ ദിനപത്രം പുറത്തിറക്കിയ സ്ത്രീ എന്നതിൽ മാത്രം ഒതുങ്ങുന്നില്ല. വാർത്ത എന്തായിരിക്കണം, അത് എങ്ങനെ വായനക്കാരനിലെത്തിക്കണം എന്നതിനെക്കുറിച്ച് മുന്നൂറിലേറെ വർഷങ്ങൾക്കുമുമ്പ് വ്യക്തമായ നിലപാട് സ്വീകരിച്ച പത്രപ്രവർത്തക കൂടിയായിരുന്നു അവർ.

സ്ത്രീകളുടെ ബുദ്ധിയും ധൈര്യവും ലോകത്തെ മാറ്റിമറിക്കാൻ കാരണമാകും എന്നതിനൊപ്പം സത്യം പ്രസിദ്ധീകരിക്കാനുള്ള ധൈര്യമാണ് പത്രപ്രവർത്തനത്തിന്റെ കാതൽ എന്നതിന് തെളിവായി എലിസബത്ത് മാലറ്റിന്റെ ജീവിതം നിലനിൽക്കുന്നു.


ഇംഗ്ലീഷ് വേർഷൻ വായിക്കാം ഇവിടെ:

About Author

കെ. എ. ബീന

എഴുത്തുകാരിയും മാധ്യമപ്രവർത്തകയും കോളമിസ്റ്റും. ആദ്യ പുസ്തകം 'ബീന കണ്ട റഷ്യ'. ബാലസാഹിത്യ നോവലുകളായ 'അമ്മക്കുട്ടിയുടെ ലോകം' അമ്മക്കുട്ടിയുടെ സ്‌കൂൾ തുടങ്ങി 32 ഓളം കൃതികൾ രചിച്ചിട്ടുണ്ട്. കേരളകൗമുദി, മാതൃഭൂമി പ്രസിദ്ധീകരണങ്ങളിൽ പ്രവർത്തിച്ചു. തിരുവനന്തപുരം ദൂരദർശൻ, ആകാശവാണി എന്നിവിടങ്ങളിൽ ന്യൂസ് എഡിറ്റർ ആയിരുന്നു. ലാഡ്‌ലി മീഡിയ പ്രാദേശിക - ദേശീയ അവാർഡുകൾ അടക്കം നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

0
Would love your thoughts, please comment.x
()
x