A Unique Multilingual Media Platform

Articles International Society Travel

കാസബ്ലാങ്കയിലെ സമയമാറ്റം (മൊറോക്കൻ യാത്രാകുറിപ്പുകൾ 2)

കാസബ്ലാങ്കയിലെ സമയമാറ്റം (മൊറോക്കൻ യാത്രാകുറിപ്പുകൾ 2)

ജി.പി. രാമചന്ദ്രന്റെ മൊറോക്കോ യാത്രാക്കുറിപ്പുകള്‍ തുടരുന്നു… (മുൻ ലക്കങ്ങൾ വായിക്കാം ഇവിടെ)

 

കൊച്ചിയിൽ നിന്ന് ഞങ്ങളുടെ യാത്ര, കാസബ്ലാങ്കയിലേയ്ക്കായിരുന്നു. സൗദിയ എയർ ലൈൻ ജിദ്ദയിലിറങ്ങിക്കയറുന്ന വിധത്തിലാണ് മൊറോക്കോ ട്രിപ്പുകൾ നടത്തുന്നത്. എമിറേറ്റ്സ്, ഖത്തർ എയർവേയ്സ് എന്നിവയും ഗൾഫിലെ വിമാനത്താവളങ്ങൾ വഴി മൊറോക്കോ റൂട്ടിൽ വിമാനങ്ങളോടിക്കുന്നു. ഇതെല്ലാം കാസബ്ലാങ്കയിലെത്തുന്ന വിധത്തിലാണ്. യൂറോപ്പിൽ നിന്നും ഇങ്ങോട്ട് വിമാനങ്ങൾ ഉണ്ടെങ്കിലും മറക്കാഷ്, റബ്ബാത്ത് വിമാനത്താവളങ്ങളിലേയ്ക്കാണധികവും ഓപ്പറേറ്റ് ചെയ്യുന്നത്.

മറക്കാഷ് വിമാനത്താവളം

വിമാനടിക്കറ്റുകൾ എല്ലാം അക്ബർ ട്രാവൽസിലെ ഫിറോസ് ആണെടുത്തു തന്നത്. വിദേശ യാത്രയാവുമ്പോൾ സ്വയം ബുക്കിംഗിനു മുതിരാറില്ല. ലഗേജുകളുടെ എണ്ണം, തൂക്കം, ഭക്ഷണത്തിന്റെ കാര്യങ്ങൾ എന്നിവയെല്ലാം തപ്പിപ്പിടിച്ചു വായിച്ച് അതനുസരിച്ച് വേണ്ടത് ഉറപ്പു വരുത്താൻ പരിചയമുള്ള പ്രൊഫഷണൽ ആണ് നല്ലത്. ആദ്യം ബുക്ക് ചെയ്തിരുന്നത് സെപ്റ്റംബർ 24 ആണെങ്കിലും ഇത് 26 ആക്കിയതായി സൗദിയ കമ്പനി അറിയിച്ചു. തിരിച്ചുള്ള യാത്ര ഇതനുസരിച്ച് രണ്ടു ദിവസം വൈകിപ്പിക്കാമെന്നും ഇതിന് അധിക ചാർജ് ഒന്നുമില്ലെന്നും ഈ അറിയിപ്പ് വിശദീകരിച്ചു. അതിന്റെ ആവശ്യമില്ലെന്നും ലഭ്യമായ ദിവസങ്ങൾക്കുള്ളിൽ മൊറോക്കോയിലെ യാത്ര സജ്ജീകരിക്കാമെന്നും ലുഖ്മാൻ പറഞ്ഞു. പിന്നെ ആ വഴിയ്ക്ക് ചിന്തിച്ചില്ല‌.

എന്നാൽ, പിന്നെയും നിങ്ങളുടെ ഫ്ലൈറ്റ് റീഷെഡ്യൂൾ (പുനക്രമീകരണം) ചെയ്തിരിക്കുന്നു എന്ന അറിയിപ്പ് വന്നു കൊണ്ടിരുന്നു. എപ്പോഴൊക്കെ പി എൻ ആർ ചെക്ക് ചെയ്താലും ഈ പോപ് അപ്പ് വിൻഡോ പൊട്ടി വീണു കൊണ്ടിരിക്കും. രണ്ടു ദിവസത്തെ വ്യത്യാസം കമ്പനി തന്നെ കൊണ്ടുവന്ന സ്ഥിതിയ്ക്ക് കൃത്യമായ ഇടവേളകളിൽ പി എൻ ആർ ചെക്കു ചെയ്യാതെയും നിവൃത്തിയില്ല. വീണ്ടും വേണമെങ്കിൽ 24നു തന്നെ കൊച്ചിയിൽ നിന്ന് യാത്ര ആരംഭിക്കാമെന്ന വാഗ്ദാനവും ഇതിനിടയിൽ ലഭിച്ചു.

റീഷെഡ്യൂൾ പോപ് അപ്പിന് ഓക്കേ കൊടുത്ത് മുന്നേറുമ്പോൾ മനസ്സിലാവുന്നത് വിമാനം കാസബ്ലാങ്കയിലെത്തുന്നത് ഉച്ചയ്ക്ക് ഒന്നേ മുക്കാലിനു പകരം പന്ത്രണ്ടേ മുക്കാലിനാണെന്നതായിരുന്നു. ഇതിലെന്തു പ്രശ്നമിരിക്കുന്നു; ജിദ്ദയിൽ മാറിക്കയറാനുള്ള സാവകാശം ഉണ്ടായാൽ മതിയെന്നായിരുന്നു ആലോചന. ദുബൈ പോലെയോ ദോഹ പോലെയോ കുഴപ്പിയ്ക്കുന്ന എയർപോർട്ടല്ല ജിദ്ദ. മാത്രമല്ല, സൗദിയ ഔദ്യോഗിക കമ്പനിയായതു കൊണ്ട് ഒരേ ടെർമിനലിൽ തന്നെയാണ് എല്ലാം. പ്രഭാതകൃത്യങ്ങൾക്കും കാപ്പി കുടിയ്ക്കുന്നതിനും എല്ലാം സമയം കിട്ടി. അമേരിക്കൻ ഡോളർ പക്ഷെ വിമാനത്താവളത്തിനകത്തെ ഷോപ്പിൽ അവരെടുത്തില്ല. റിയാൽ വേണമായിരുന്നു. പിന്നെ രക്ഷയ്ക്കെത്തിയത് നാട്ടിലെ സേവിങ്ങ്സ് ബാങ്ക് അക്കൗണ്ടിന്റെ എടിഎം ആണ്. ഇന്ത്യൻ കറൻസി (അതു പിന്നെ പണ്ടേ ഡിജിറ്റലാണല്ലോ!) സുഖമായി കൺവെർട്ട് ചെയ്ത് ആദ്യം സൗദി റിയാലും പിന്നെ അമേരിക്കാനോ കാപ്പിയുമായി പരിണമിച്ചു.

മൊറോക്കൻ യാത്രാ സംഘം. (ഇടത് നിന്ന് രണ്ടാമത്തേത് ലേഖകൻ; ജി.പി രാമചന്ദ്രൻ)

സൗദിയ വിമാനത്തിനകത്തെ സേവനവും മികവുറ്റതായിരുന്നു. ഹൃദ്യമായ പെരുമാറ്റം, സ്വാദിഷ്ടമായ ഭക്ഷണം ആവശ്യത്തിനനുസരിച്ച്, എല്ലാം കുശാൽ. പച്ചവെള്ളം പോലും തരാത്ത ഇൻഡിഗോക്കാരുടേയും വെടി പൊട്ടിയ്ക്കുന്ന പോലെ നോ പറയുന്ന ഫ്ലൈ ദുബൈക്കാരുടെയും മുന്നിൽ സൗദിയ എത്ര മാന്യവും സൗകര്യവുമാണെന്നത് പറയാതെ വയ്യ. അതു മാത്രമല്ല, ഞങ്ങളുടെ യാത്രാസംഘത്തിലുള്ള കൊയിലാണ്ടിക്കാരായ ജാഫർ, പിതാവ് കോയക്കുട്ടി ഹാജി എന്നിവർക്ക് വളരെ കുറഞ്ഞ നിരക്കിൽ ബിസിനസ് ക്ലാസ് ടിക്കറ്റ് ലഭിച്ചു എന്ന വിവരം അവർ പങ്കുവെച്ചത് ആവേശകരമായിരുന്നു. ഇക്കണോമിയ്ക്ക് ഞങ്ങൾക്ക് വന്നതിനേക്കാൾ വെറും പതിനായിരം രൂപ മാത്രമാണ് അവരിലൊരാൾക്ക് മടക്കയാത്രയടക്കമുള്ള ടിക്കറ്റിനു വ‌ന്നത്.

പോപ്പ് അപ്പ് വിൻഡോയിലൂടെ മുന്നറിയിപ്പായി തന്നതാണെങ്കിലും ഒരു മണിക്കൂർ പിന്നോട്ടാക്കിയതിലെന്തു കാര്യം എന്ന നിലയ്ക്ക് അവഗണിച്ചിരുന്ന പ്രശ്നം പക്ഷെ അത്ര നിസ്സാരമായ ഒരു സംഭവമല്ല എന്നത്, കാസബ്ലാങ്കയിലിറങ്ങിയ ദിവസം രാത്രിയാണ് ബോധ്യമായത്. ഇക്കാര്യം, ഞങ്ങളുടെ സംഘത്തിലുള്ള സഹൃദയനും അദ്ധ്യാപകനും വിജ്ഞാനദാഹിയുമായ മുൻ ഡിവൈഎസ്പി റഹിം ചെമ്നാട് എഴുതിയ കുറിപ്പിന്റെ പ്രസക്ത ഭാഗം വായിച്ചാൽ ഇക്കാര്യം ബോധ്യമാവും. അതിപ്രകാരമാണ്:

 

മൊറോക്കോയിലെ സമയമാറ്റം എന്ന കൗതുകം

കാസബ്ലാങ്ക വിമാനത്താവളത്തിലിറങ്ങിയ ഞങ്ങൾ, ലുഖ്മാൻ്റെ നിർദേശാനുസരണം ഉച്ചഭക്ഷണത്തിനു ശേഷം താമസസ്ഥലത്തെത്തി ഏതാനും മണിക്കൂർ വിശ്രമിച്ചു. രാത്രി ഏഴര മണിക്ക് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കാൻ പുറത്ത് പോകാമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ എല്ലാവരും കൃത്യ സമയത്ത് തന്നെ പുറത്തു എത്തി വാഹനത്തിൽ കയറി. ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴാണ് (ജിപി) രാമചന്ദ്രേട്ടൻ ലുഖ്മാനോട് ചോദിക്കുന്നത്. ഏഴരമണിക്ക് റൂമിൽ നിന്നും ഇറങ്ങാൻ എട്ടര മണിക്കാണോ പറയുന്നത്? എന്നാൽ ലുക്മാൻ മറുപടി പറഞ്ഞത് ഞാൻ ഒരു മണിക്കൂർ നേരത്തെ ആണല്ലോ എല്ലാവരോടും പറഞ്ഞത് എന്നാണ്. രാമചന്ദ്രേട്ടൻ താൻ പറഞ്ഞതിൽ തന്നെ ഉറച്ചു നിന്നുകൊണ്ട് പറയുകയാണ് അല്ല എന്ന്. ഇത് കേട്ടപ്പോൾ എല്ലാവരും ലുഖ്മാൻ പറഞ്ഞതാണല്ലോ ശരി എന്ന് ശരിവെക്കുന്ന രീതിയിലായിരുന്നു സംസാരിച്ചിരുന്നത്. അപ്പോഴാണ് രാമചന്ദ്രേട്ടൻ തന്റെ മൊബൈലിൽ സമയം കാണിക്കുന്നത്.

അദ്ദേഹത്തിൻറെ കയ്യിൽ ഉണ്ടായിരുന്ന രണ്ട് മൊബൈലിലും ആ സമയത്ത് സമയം 9 20 ആയിരുന്നു . എന്നാൽ മറ്റുള്ളവരുടെ മൊബൈൽ നോക്കിയപ്പോൾ സമയം 8 20 ആയിരുന്നു. ഇത് കണ്ടപ്പോൾ ഞങ്ങളുടെയൊക്കെ ആകാംക്ഷ വർദ്ധിച്ചു. അപ്പോഴാണ് ലുഖ്മാൻ കാര്യം പറയുന്നത് സർക്കാർ സമയം ഒരു മണിക്കൂർ പിന്നോട്ടാക്കിയിരിക്കുന്നു എന്ന്. അങ്ങനെ രാമചന്ദ്രേട്ടന്റെ സംശയത്തിന് തീരുമാനമായി. അങ്ങനെ ഞങ്ങളുടെ നിർദ്ദേശപ്രകാരം രാമചന്ദ്രേട്ടന്റെ ഒരു ഫോൺ റീസ്റ്റാർട്ട് ചെയ്തു. റീസ്റ്റാർട്ട് ചെയ്ത മൊബൈൽ ഫോണിൽ ഞങ്ങളുടെ മൊബൈൽ കാണിക്കുന്നത് പോലെ ഒരു മണിക്കൂർ പിന്നോട്ടായി സമയം കാണിച്ചു. മറ്റേ ഫോൺ കൗതുകത്തിന് വേണ്ടി അതുപോലെ തന്നെ ഇരിക്കട്ടെ എന്ന് കരുതി. ഇപ്പോൾ രാമചന്ദ്രേട്ടന്റെ ഒരു മൊബൈലിൽ 20:23 എന്നും മറ്റേതിൽ 9:23 എന്നുമാണ് സമയം കാണിക്കുന്നത്. എന്നിരുന്നാലും എൻറെ മനസ്സിലുള്ള ആകാംക്ഷ ഒഴിഞ്ഞില്ല. മുമ്പ് സോഷ്യൽ സയൻസ് അധ്യാപകനായിരുന്നതിനാലും ഇതുപോലുള്ള കാര്യങ്ങളിൽ വ്യക്തത ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നതിനാലും ഞാൻ റൂമിലെത്തി ഇതിൻറെ കാര്യങ്ങൾ ഗൂഗിളിനോട് മറ്റും ചോദിച്ചു മനസ്സിലാക്കിയപ്പോഴാണ് അതിൽ ഒരു വ്യക്തത വന്നത്.

മൊറോക്കയിലെ സമയവിത്യാസം കാണിക്കുന്ന ഫോണുകൾ

മൊറോക്കോയിൽ 2026 സെപ്റ്റംബർ 20-ന് ഉണ്ടായ ഔദ്യോഗിക സമയമാറ്റമാണ് ഇതിന് കാരണം. മൊറോക്കോയിൽ 2026 സെപ്റ്റംബർ 20-ന് പുലർച്ചെ 2:00 മണിക്ക് ഘടികാരം ഒരു മണിക്കൂർ പിന്നോട്ടാക്കി.

അതിനുമുമ്പ്: Morocco = GMT+1 (UTC+1)

സെപ്റ്റംബർ 20 മുതൽ: Morocco = GMT (UTC+0) ഇക്കാര്യം മൊറോക്കൻ സർക്കാരിന്റെ ഔദ്യോഗിക ഉത്തരവിലും വ്യക്തമാക്കിയിട്ടുണ്ട്. സാധാരണയായി റമദാൻ കാലത്ത് ഇങ്ങനെ ചെയ്യാറുണ്ടെന്ന് ഗൂഗിൾ പറയുന്നു. എന്നാൽ ഇത് അങ്ങനെ താൽക്കാലികമല്ല ഇത് സ്ഥിരമായി തന്നെ സർക്കാർ മാറ്റിയിരിക്കുകയാണ്. 2026 സെപ്റ്റംബർ 20 മുതൽ മൊറോക്കോയുടെ ഔദ്യോഗിക നിയമസമയം GMT (UTC+0) ആക്കിയിരിക്കുകയാണ്. 2018 മുതൽ നിലവിലുണ്ടായിരുന്ന GMT+1 സംവിധാനം അതേ തീയതി മുതൽ റദ്ദാക്കിയതായി Decree No. 2.26.530 വ്യക്തമാക്കുന്നു. അതായത്: മുമ്പ്: GMT+1 hour എന്നത് 2026 സെപ്റ്റംബർ 20 മുതൽ: GMT/UTC+0 ഇത്: സ്ഥിരമായ മാറ്റമായാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. എന്തൊരു കൗതുകമാണ്. പെട്ടൊന്നൊരു ദിനം ഒരു രാജ്യത്തിലെ ജനങ്ങൾക്ക് ഒരു മണിക്കൂർ കുറയുക എന്നത് !

(റഹീം ചെമ്നാടിന്റെ വിവരണത്തിൽ നിന്നും)

 

കാസബ്ലാങ്ക എന്ന നഗരശീർഷകം സ്പാനിഷ് ഭാഷയിൽ ഉള്ളതാണ്. വെള്ള വീട് എന്നാണർത്ഥം. കാസബ്ലാങ്ക എന്ന പേര് കേട്ട ഉടനെ സിനിമാപ്രേമികൾക്ക് ഇൻഗ്രിഡ് ബെർഗ് മാൻ നായികയായി അഭിനയിച്ച 1942ലിറങ്ങിയ അമേരിക്കൻ സിനിമയാണ് ഓർമ്മ വരുക. ആ പേരിന്റെ റൊമാന്റിക് സ്വഭാവം കൂടി കാസബ്ലാങ്ക നഗരത്തെക്കുറിച്ച് കേട്ടപ്പോൾ ഓർമ്മ വന്നു. രണ്ടാം ലോക മഹായുദ്ധകാലത്ത് അമേരിക്കയിൽ നിന്ന് പുറത്താക്കപ്പെട്ട റിക്ക് ബ്ലെയിൻ (ബൊഗാർട്ട്) അയാളുടെ സുഹൃത്തായ യുവതി ഇൽസയെയും ഭർത്താവിനെയും ഫ്രഞ്ച് അധീനതയിലുള്ള കാസബ്ലാങ്ക നഗരത്തിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കുന്നതാണ് ഇതിവൃത്തം. കാസബ്ലാങ്കയിൽ റിക്കിന് ഒരു നിശാക്ലബ്ബും ചൂതാട്ടകേന്ദ്രവും ഉണ്ട്. ഇൻഗ്രിഡ് അഭിനയിക്കുന്ന ഇൽസയുടെ ഭർത്താവ് വിക്റ്റർ ലാസ്ലോ നാസികൾക്കെതിരെ പോരാടുന്ന ഒരു പോരാളിയാണ്.

കാസബ്ലാങ്ക നഗരത്തിലെ ദിശാസൂചികകൾ

ബൊഗാർട്ടും ഇൻഗ്രിഡ് ബെർഗ് മാനും തമ്മിൽ രൂപപ്പെടുന്ന പ്രണയത്തിന്റെ നൂലാണ് കാസബ്ലാങ്കയെ ഉദ്വേഗഭരിതമാക്കുന്നത്. മികച്ച ചിത്രത്തിനടക്കം നിരവധി അക്കാദമി അവാർഡുകൾ നേടിയ സിനിമയാണ് കാസബ്ലാങ്ക. ഇതേ പേരിൽ ഒരു ഫ്രഞ്ച് സിനിമയുമുണ്ട്.

യൂറോപ്പുമായുള്ള സാമീപ്യവും സംസ്കാരങ്ങളുടെ ഇടകലരലുമാണ് മൊറോക്കോയെ ആകെ നിർണയിക്കുന്നത്. ഇതിന്റെ കൃത്യമായ അടയാളമാണ് കാസബ്ലാങ്ക എന്ന നഗരനാമം. അറ്റ്ലാന്റിക് സമുദ്രത്തിന്റെ തീരനഗരമായ കാസബ്ലാങ്കയാണ് മൊറോക്കോയിലെ ഏറ്റവും വലിയ നഗരം. അദ് ദർ അൽ ബയ്ദ എന്നാണ് അറബിയിൽ കാസബ്ലാങ്കയുടെ പേര്. പതിനഞ്ചാം നൂറ്റാണ്ടിനു മുമ്പ് അൻഫ എന്ന പേരിലറിയപ്പെട്ടിരുന്ന നഗരമാണ് യൂറോപ്യൻ അധിനിവേശത്തിനും സ്വാധീനത്തിനും ശേഷം കാസബ്ലാങ്കയാവുന്നത്. മുഖദ്ദിമയുടെ കർത്താവ് ആയ ഇബ്നു ഖൽദൂൻ അൻഫയെ അൻഫാക്ക എന്നാണ് രേഖപ്പെടുത്തിയത്.

സൂഫി സന്യാസിയായ അല്ലാൽ അൽ ഖൈരവാനിയുടെ പത്നിയുടെ പേരായ ലല്ല അൽ ബൈദയുടെ വീട് എന്ന അർത്ഥത്തിലാണ് അൻഫ വെള്ള വീട് ആയി എന്ന മാറുന്നതെന്നും; അതല്ല, നഗരമധ്യത്തിലുണ്ടായിരുന്ന ഒരു വെള്ളയടിച്ച ഗോപുരം, നഗരത്തെ അടയാളപ്പെടുത്തുന്നു എന്നതുകൊണ്ട് പോർത്തുഗീസ് ഭൂമി ശാസ്ത്രജ്ഞനായ ദ്വാർത്തെ പേച്ചിയോ വിളിച്ചതാണ് കാസബ്ലാങ്ക എന്നും വിക്കിപ്പീഡിയ വിശദീകരിക്കുന്നു.

ബെർബെറുകളുടെ ആദിമ ജീവിതത്തിന്റെയും ഇസ്ലാം വിശ്വാസ വ്യാപനത്തിന്റെയും അറബ് ഭാഷാ-സംസ്കാര പ്രചാരത്തിന്റെയും സ്പാനിഷ്, പോർത്തുഗീസ്, ഫ്രഞ്ച് അധിനിവേശങ്ങളുടെയും മുദ്രകൾ ആഴത്തിൽ പതിഞ്ഞ നാടാണ് മൊറോക്കോ. മറോക് (maroc) എന്നാണ് മൊറോക്കോ ഫ്രഞ്ചിൽ ഔദ്യോഗികമായി അറിയപ്പെടുന്നത്. അറബിയിൽ മഗ് രിബ് എന്നാണ് രാജ്യത്തിന്റെ പേര്.

മൊറോക്കയിലെ കാഴ്ചകൾ

ആഫ്രിക്കയുടെ വടക്കു പടിഞ്ഞാറെ അറ്റത്താണ് മൊറോക്കോ. ഒമ്പതു പേരുടെ ഒരു സംയുക്ത യാത്രയാണ് ലുഖ്മാന്റെ നേതൃത്വത്തിൽ ഞങ്ങൾ നടത്തിയത്. എല്ലാ സഹയാത്രികരും പല സവിശേഷതകൾ ഉള്ളവരാണ്. അതിലുപരി, ചരിത്രത്തിലും ഭൂമിശാസ്ത്രത്തിലും സംസ്ക്കാരങ്ങളുടെ ഇടകലരലിലും സമന്വയങ്ങളിലും തല്പരരാണെല്ലാവരും. അതുകൊണ്ടുതന്നെ കേവലം വിനോദസഞ്ചാരം എന്നതിലുപരി മന്നുഷ്യ ജീവിതാന്വേഷണങ്ങളാൽ കൂട്ടിഘടിപ്പിക്കപ്പെട്ടവരായിരുന്നു ഞങ്ങൾ. അവരുടെ എല്ലാം നിരീക്ഷണങ്ങളും വിവരണങ്ങളും ആലോചനകളും അവരെടുത്ത ഫോട്ടോകളും പങ്കുവെയ്ക്കാൻ എല്ലാവരും സമ്മതം പ്രകടിപ്പിച്ചു. മാർഗദർശിയായ ലുഖ്മാൻ കാണിച്ചും വിശദീകരിച്ചും തരുന്ന വഴികളിലൂടെ സഞ്ചരിച്ച് അവ രേഖപ്പെടുത്തുകയും സഹയാത്രികരുടെ അനുഭവങ്ങളും കൂടി സമാഹരിക്കുകയുമാണ് ഞാൻ ചെയ്യുന്നത്‌.

 

(അടുത്ത ലക്കത്തിൽ: മൗലെ ഇദ്രിസ് എന്ന വിശുദ്ധ നഗരം)


മൊറോക്കോ യാത്രാക്കുറിപ്പുകൾ : മുൻ ലക്കങ്ങൾ വായിക്കാം ഇവിടെ

About Author

ജി പി രാമചന്ദ്രന്‍

പ്രമുഖ ചലച്ചിത്ര നിരൂപകനായ ജി.പി. രാമചന്ദ്രൻ 2006 ലെ മികച്ച ചലച്ചിത്ര നിരൂപകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ജേതാവാണ്. 'സിനിമയും മലയാളിയുടെ ജീവിതവും', 'മലയാള സിനിമ - ദേശം, ഭാഷ, സംസ്‌ക്കാരം', 'ലോകസിനിമ കാഴ്ചയും സ്ഥലകാലങ്ങളും', എന്നിവയാണ് പ്രധാന പുസ്തകങ്ങൾ. കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്. ദേശീയ-സംസ്ഥാന ചലച്ചിത്ര-ടെലിവിഷൻ അവാർഡുനിർണയങ്ങൾക്കുള്ള ജൂറി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

0
Would love your thoughts, please comment.x
()
x