A Unique Multilingual Media Platform

Articles International Society Travel

ഫെസ് – ആത്മീയതയും വിജ്ഞാനവും പ്രവഹിച്ച നൂറ്റാണ്ടുകള്‍ (മൊറോക്കൻ യാത്രാകുറിപ്പുകൾ – 4)

ഫെസ് – ആത്മീയതയും വിജ്ഞാനവും പ്രവഹിച്ച നൂറ്റാണ്ടുകള്‍ (മൊറോക്കൻ യാത്രാകുറിപ്പുകൾ – 4)

ജി.പി. രാമചന്ദ്രന്റെ മൊറോക്കോ യാത്രാക്കുറിപ്പുകള്‍ തുടരുന്നു… (മുൻ ലക്കങ്ങൾ വായിക്കാം ഇവിടെ)

ഫെസ് എന്ന, മൊറോക്കോയിലെ പ്രാചീന നഗരം പലതരം വിസ്മയങ്ങളുടെ ഒരു സംഘാതമാണ്. ഈ അദ്ധ്യായത്തിന്റെ ശീർഷകത്തിൽ സൂചിപ്പിച്ചതു പോലെ, ആത്മീയതയുടെയും വിജ്ഞാനത്തിന്റെയും ഇടമുറിയാത്ത പ്രവാഹം കൊണ്ട് ധന്യമായ നൂറ്റാണ്ടുകളാണ് ഫെസ് നഗരത്തിൽ ഉറഞ്ഞു കിടക്കുന്നത്. വാഹനം പ്രവേശിപ്പിക്കാനാവാത്ത പതിനായിരത്തോളം നടപ്പാതകൾ ഉള്ള ഒരു അത്ഭുതനഗരമാണ് ഫെസ്. കൽ പതിച്ച ഈ തെരുവുകളുടെ ഇരുവശത്തുമായി പള്ളികളും മദ്രസകളും സർവകലാശാലയും തൊഴിൽ കേന്ദ്രങ്ങളും ആയിരക്കണക്കിന് വീടുകളും ഹോട്ടലുകളും തീൻമുറികളും കടകളും സ്‌കൂളുകളും പിന്നെ തീരാത്ത തീരാത്ത ചുമരുകളും മതിലുകളും ആണുള്ളത്. നടന്നാലും നടന്നാലും അവസാനിക്കില്ല. വഴി തെറ്റുമെന്നത് നൂറു വട്ടം ഉറപ്പ്. ഗൂഗിൾ മാപ്പ് നോക്കി പോവാമെങ്കിലും, ജനനിബിഡത കാരണം ചിലപ്പോൾ അത് വേണ്ടവിധം പ്രവർത്തിക്കില്ല. മാത്രമല്ല, ഫൈവ് ജി മൊറോക്കോയിലാകെ പ്രചാരത്തിലായി വരുന്നതേ ഉള്ളൂ.

2023ലെ ഗോവ മേളയിൽ പ്രദർശിപ്പിച്ച ഫെസ് സമ്മർ 55 എന്ന അബ്ദെല്ല ലാറക്കിയുടെ സിനിമ കണ്ടാൽ, ഫെസ് നഗരത്തിന്റെ മാസ്മരികത മനസ്സിലാവും. പഴയ മദീന(നഗരം)യിലെ കാൽനടപ്പാതകൾ മാത്രമല്ല പുരപ്പുറങ്ങളും ഈ സിനിമയിലെ നടത്തങ്ങളുടെയും കളികളുടെയും ഒളിച്ചോട്ടങ്ങളുടെയും രഹസ്യങ്ങളുടെയും മാത്രമല്ല വിപ്ലവത്തിന്റെയും പ്രണയങ്ങളുടെയും ശൃംഖലയായി രൂപാന്തരപ്പെടുന്നു. കമാൽ എന്ന പതിനൊന്നുകാരനാണ് മുഖ്യകഥാപാത്രം. മൊറോക്കോ കടന്നു പോകുന്ന രാഷ്ട്രീയ സാഹചര്യത്തിന് നേർവിപരീതമാണ് അവനനുഭവിക്കുന്നതും വിഭാവനം ചെയ്യുന്നതുമായ സ്വാതന്ത്ര്യബോധം. താഴെയുള്ള കാൽനടപ്പാതകളിൽ ഫ്രഞ്ച് കൊളോണിയൽ പോലീസ് രൂക്ഷമായ അധിനിവേശം തുടരുമ്പോൾ, ആർക്കും എത്തിപ്പിടിക്കാനാവാതെയും പിടികൂടാനാവാതെയും കമൽ പുരപ്പുറങ്ങളിലൂടെ മദീനയുടെ പലപല ഇടങ്ങളിലെത്തുന്നു.

ഫെസ് സമ്മർ 55 ഒരു ദൃശ്യം

ഫെസിൽ ഞങ്ങൾ താമസിച്ചത് ഗോൾഡൻ റിയാദ് എന്ന ഹോട്ടലിലായിരുന്നു. പഴയ മദീനയ്ക്കുള്ളിലായിരുന്നു ഈ ഹോട്ടൽ. പരമ്പരാഗത മൊറോക്കൻ വീടുകൾക്ക് പ്രത്യേകിച്ച് നടുമുറ്റത്ത് പൂന്തോട്ടമുള്ളവയെ ആണ് റിയാദ് എന്നു വിളിക്കുന്നത്. സവിശേഷമായ വാസ്തുവിദ്യയാണ് ഈ വീടുകൾക്കുള്ളത്. ഈ റിയാദിന്റെ മൂന്നാം നിലയ്ക്കു മുകളിലുള്ള ടെറസിലായിരുന്നു പ്രഭാത ഭക്ഷണം ഒരുക്കിയിരുന്നത്. അവിടന്ന് നോക്കുമ്പോൾ തൊട്ടു തൊട്ടു കിടക്കുന്ന ആയിരക്കണക്കിന് കെട്ടിടങ്ങൾ കാണാൻ പറ്റും. ഒന്നിൽ നിന്ന് ഒന്നിലേയ്ക്ക് പോകാൻ പറ്റും. സ്വകാര്യ ഉടമസ്ഥതകളിലുള്ളതിനാൽ; സഞ്ചാരികളോ അപരിചിതരോ ആയവരെ അപ്രകാരം നടക്കാൻ അനുവദിക്കണമെന്നില്ല. അതുകൊണ്ട് ആ സാഹസത്തിന് മുതിർന്നില്ല. മാത്രമല്ല, നല്ല പരിചയമില്ലെങ്കിൽ അവിടെ നടക്കാനുമാകില്ല. ചിലത് ഓടു മേഞ്ഞ് ചരിഞ്ഞും മറ്റു ചിലത് കോൺക്രീറ്റിട്ട് പരന്നുമാണുള്ളത്. പലയിടത്തും ഒന്നിൽ നിന്ന് ഒന്നിലേയ്ക്ക് പോകാൻ ചെറിയ ഗോവണികളുണ്ട്. ചിലവയ്ക്കിടയിൽ വിടവുകളുമുണ്ട്. നല്ല പരിശീലനമില്ലെങ്കിൽ അവ ചാടിക്കടക്കാനാവില്ല. ലറാക്കിയുടെ സിനിമയിലെ കമാലിന് അതൊന്നും പ്രശ്‌നമല്ല.

ഫെസ് പഴയ മദീനയിലേക്ക് നിരവധി പ്രവേശനകവാടങ്ങളുണ്ട്. ബാബ് ബുജ് ലൂദ് ആണ് ഫെസിന്റെ പ്രധാന കവാടം. ബാബു സിയാത്ത് എന്ന ഒരു കവാടത്തിനുള്ളിലൂടെയാണ് ഞങ്ങൾ താമസിച്ച റിയാദിലേയ്ക്കുള്ള റോഡിലേയ്ക്ക് കടന്നത്. ഇവിടത്തെ കെട്ടിടങ്ങൾ, പ്രത്യേകിച്ച് മദ്രസകൾ, സെലിജ് എന്നു പേരുള്ള മൊറോക്കൻ ടൈലുകൾ, ഖുറാനിലെ വചനങ്ങൾ കൊത്തി വെച്ച ചുമരുകളും തൂണുകളും എന്നിവ കൊണ്ട് കമനീയമാണ്. മരത്തിന്റെ ഉത്പന്നങ്ങളും നിറയെ ഉപയോഗിച്ചിട്ടുണ്ട്. ജനലുകളിലും വാതിലുകളിലും ഉപയോഗിച്ചിട്ടുള്ള വർണ്ണച്ചില്ലുകളാകട്ടെ മാസ്മരികമാണ്.

അബു ഇനാൻ സുൽത്താൻ ഉണ്ടാക്കിയ മദ്രസ 1356 മുതൽ പ്രവർത്തിക്കുന്നു. ഇസ്ലാമിക വിജ്ഞാനം ഏറ്റവും ഉന്നതമായ അവസ്ഥയിലായിരുന്ന കാലഘട്ടമായിരുന്നു അത്. മൊറോക്കോയിലെ സൂഫി പാരമ്പര്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആത്മീയ കേന്ദ്രങ്ങളിൽ ഒന്നായ സിദി അഹമ്മദ് അൽ തിജാനിയുടെ (Sidi Ahmed al-Tijani) കബറിടം ഇവിടെയുള്ളത്‌, ഞങ്ങൾ സന്ദർശിച്ചു. കേവലം ഒരു മക്ബറ മാത്രമല്ല; വടക്കേ ആഫ്രിക്കയെയും പശ്ചിമാഫ്രിക്കയെയും ബന്ധിപ്പിക്കുന്ന ഒരു വലിയ ആത്മീയ പ്രസ്ഥാനത്തിന്റെ ചരിത്രമാണ് അവിടെ അനുഭവിക്കാനായത്‌.

ഫെസ് അത്തറിൻ മദ്രസയിലെ സൂഫിയോടൊത്ത്

അൾജീറിയയിൽ നിന്ന് മൊറോക്കോയിലെത്തിയ സൂഫിവര്യനാണിദ്ദേഹം. ലോകമെമ്പാടും പ്രത്യേകിച്ച് ആഫ്രിക്കൻ രാജ്യങ്ങളിൽ ഇദ്ദേഹത്തിൻ്റെ സൂഫി പാരമ്പര്യത്തിൻ്റെ വഴി പിന്തുടരുന്നവരുണ്ട്. കേരളത്തിലും ഇദ്ദേഹത്തിന് അനുയായികളുണ്ട്. അദ്ദേഹത്തിൻ്റെ അഞ്ചാമത്തെ തലമുറയിലെ യുവാവായ ഒരു സൂഫിയെയും ഇവിടെ വെച്ച് ഞങ്ങൾ പരിചയപ്പെട്ടു.

ഫെസ് നഗരത്തിന്റെ ചരിത്രപരവും ആത്മീയവുമായ പ്രാധാന്യം ബോധ്യപ്പെടാൻ സഹയാത്രികനും സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകനും ആയ റഹീം ചെമ്മനാടിന്റെ കുറിപ്പിൽ നിന്നുള്ള വരികൾ തന്നെ ആശ്രയിക്കാം: മൊറോക്കോയുടെ ചരിത്രം പഠിക്കുമ്പോൾ പ്രത്യേകം മനസ്സിലാക്കേണ്ട രണ്ട് ഭരണാധികാരികളാണ് ഇദ്രീസ് ഒന്നാമനും ഇദ്രീസ് രണ്ടാമനും. മൊറോക്കോയിൽ ഇസ്ലാമിക ഭരണസംവിധാനത്തിന്റെ വളർച്ചയ്ക്കും , രാഷ്ട്രീയ ഏകീകരണത്തിനും , ഫെസ് (Fez) നഗരത്തിന്റെ വികാസത്തിനും നിർണായകമായ സംഭാവനകൾ നൽകിയ ഭരണാധികാരിയായിരുന്നു ഇവർ.

ഇവർ സ്ഥാപിച്ച ഇദ്രിസി രാജവംശം (Idrisid Dynasty) മൊറോക്കോയുടെ ആദ്യകാല ഇസ്ലാമിക ചരിത്രത്തിൽ പ്രധാന സ്ഥാനമാണ് വഹിക്കുന്നത്. ഇവരുടെ ചരിത്രം രാജാക്കന്മാരുടെ ഭരണകഥ മാത്രമല്ല; വടക്കേ ആഫ്രിക്കയിൽ ഇസ്ലാം വ്യാപിച്ചതും പ്രാദേശിക ബെർബർ ജനതയുമായുള്ള ബന്ധങ്ങളും അറബി-ഇസ്ലാമിക സംസ്കാരത്തിന്റെ വളർച്ചയും മനസ്സിലാക്കാനുള്ള ഒരു വഴികൂടിയാണ്. 788–791 CE കാലയളവിൽ ഭരണം നടത്തിയ ഇദ്രീസ് ഒന്നാമൻ പ്രവാചകൻ മുഹമ്മദ് നബിയുടെ കുടുംബപരമ്പരയിൽപ്പെട്ട വ്യക്തിയായിരുന്നു. അദ്ദേഹം ഹസൻ ഇബ്നു അലിയുടെ സന്തതിപരമ്പരയിലുള്ള വ്യക്തിയായിരുന്നു എന്ന് രേഖപ്പെടുത്തിയതായി കാണാം.

ഇദ്രിസി രാജവംശം (788 – 985 AD)

എട്ടാം നൂറ്റാണ്ടിൽ അബ്ബാസി ഖിലാഫത്തിന്റെ ഭരണത്തിനെതിരെ നടന്ന അലവി പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് ഇദ്രീസ് ഒന്നാമന്റെ ജീവിതം നിർണായക വഴിത്തിരിവിലെത്തിയത്.

786 CE-ൽ ഹിജാസിലെ ഫഖ്‌ഖ് (Fakhkh) പ്രദേശത്ത് അബ്ബാസി ഭരണത്തിനെതിരായ ഒരു കലാപം നടന്നു. കലാപത്തിനു ശേഷം ഇദ്രീസ് പടിഞ്ഞാറോട്ട് യാത്ര ചെയ്ത് ഈജിപ്തിലൂടെ മഗ്രിബ് പ്രദേശത്തെത്തുകയായിരുന്നു. ഇദ്രീസ് ഒന്നാമൻ 791 CE-ൽ കൊല്ലപ്പെട്ടു. അബ്ബാസി ഖിലാഫത്തിന്റെ താൽപര്യങ്ങൾക്കും അദ്ദേഹത്തിന്റെ വളർന്നുവരുന്ന പ്രാദേശിക അധികാരത്തിനുമിടയിലെ സംഘർഷമാണ് അദ്ദേഹത്തിന്റെ മരണത്തിന്റെ ചരിത്രപശ്ചാത്തലമായി പൊതുവെ ചർച്ച ചെയ്യപ്പെടുന്നത്. അബ്ബാസി ഭരണാധികാരി ഹാറൂൺ അൽ-റഷീദിന്റെ ഭാഗത്തുനിന്ന് അയക്കപ്പെട്ട ആളിലൂടെ വിഷം നൽകി കൊലപ്പെടുത്തിയെന്ന വിവരണം പിൽക്കാല ചരിത്രസ്രോതസ്സുകളിൽ കാണപ്പെടുന്നു.

അദ്ദേഹത്തിന്റെ മരണസമയത്ത് മകൻ ഇദ്രീസ് രണ്ടാമൻ ജനിച്ചിരുന്നില്ലെന്നാണ് ഭൂരിപക്ഷ ചരിത്രകാരന്മാരും പറയുന്നത്.

ഫാസ് നഗരത്തിന്റെ വളർച്ചയ്ക്ക് നേതൃത്വം നൽകിയ ഭരണാധികാരിയായിരുന്നു ഇദ്‌രീസ് രണ്ടാമൻ. ഏകദേശം 803 CE-ൽ അദ്ദേഹം രാജ്യം ഭരിച്ചതായി ചരിത്രരേഖകളിൽ കാണാം.

ഫെസിലെ ചരിത്രപ്രസിദ്ധമായ ‘മെദീന’ ഒരു യുനെസ്കോ (UNESCO) ലോക പൈതൃക കേന്ദ്രമാണ്. എട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഒൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി ഇദ്‌രീസ് രാജവംശം സ്ഥാപിച്ച ഈ നഗരത്തിന്റെ പാരമ്പര്യത്തെ അത് വരുംതലമുറകൾക്കായി സംരക്ഷിച്ചുപോരുന്നു. ഇദ്‌രീസ് ഒന്നാമനാണ് AD 789 ൽ ഈ ചരിത്ര നഗരത്തിന് അടിത്തറ പാകുന്നത്. AD 809 ഓട് കൂടി അദ്ദേഹത്തിൻ്റെ പുത്രൻ ഇദ്‌രീസ് രണ്ടാമനാണ് ഈ നഗരത്തെ അതിൻ്റെ സർവ്വ പ്രതാപത്തിലേക്ക് കൈപ്പിടിച്ച് ഉയർത്തിയത്. അദ്ദേഹമാണ് ഫെസിനെ തലസ്ഥാനമായി വികസിപ്പിച്ചത്.

ലോകത്തിലെ ആദ്യ യൂനിവേഴ്സിറ്റിയായ അൽ ഖറവിയ്യീൻ എന്ന വിഖ്യാത സർവ്വകലാശാലയുടെ സാന്നിദ്ധ്യം കൊണ്ട് അനുഗ്രഹീതമായ പുരാതന ചരിത്ര ഭൂമി കൂടിയാണ് ഫെസ് അഥവാ ഫാസ്. ഈ നഗരം പ്രധാനമായും ഇസ്ലാമിക സംസ്‌ക്കാരവും വിദ്യാഭ്യാസവും കൊണ്ട് പുഷ്‌കലമായിരുന്നു. ഖുർആൻ, അറബിക് പഠനങ്ങൾ, അറബ്-അന്ദലൂസിയൻ സംസ്കാരം, പരമ്പരാഗത മൊറോക്കൻ വാസ്തുവിദ്യ,’സെല്ലിജ്’ (Zellige) ടൈൽ വർക്കുകൾ, തളികകളിലെയും തടികളിലെയും കൊത്തുപണികൾ, ലോഹപ്പണികൾ, തോൽ സംസ്‌കരണവും (Leather tanning) പരമ്പരാഗത കരകൗശല വസ്തുക്കളും, ജൂത-മുസ്ലിം ചരിത്രബന്ധങ്ങൾ എന്നിവക്കും പ്രശസ്തമാണ്. 1912-ൽ മൊറോക്കോയുടെ രാഷ്ട്രീയ തലസ്ഥാനം റബാത്തിലേക്ക് മാറ്റിയതിനുശേഷവും, ഫെസ് നഗരം മൊറോക്കോയുടെ സാംസ്കാരികവും ആത്മീയവുമായ തലസ്ഥാന നഗരിയായി പരിലസിച്ചു കൊണ്ടിരിക്കുന്നു എന്നതിനെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു യുനെസ്കോ (UNESCO) യുടെ ലോക പൈതൃക പദവി പട്ടം.

ആദ്യകാല ഫെസിന്റെ പ്രധാന സവിശേഷത വിവിധ ജനവിഭാഗങ്ങളുടെ ആഗമനമായിരുന്നു. അമസിഗ് / ബെർബർ (Amazigh/Berber) സമൂഹങ്ങൾ, അൽ-അന്ദലൂസിൽ നിന്നുള്ള മുസ്ലിങ്ങൾ, ടുണീഷ്യയിലുള്ള ഖൈറവാനിൽ (Kairouan) നിന്നുള്ള മുസ്ലിങ്ങൾ, ജൂത സമൂഹങ്ങൾ എന്നിവയാണ് അവ. പണ്ഡിതന്മാർ, വ്യാപാരികൾ, കരകൗശല വിദഗ്ദ്ധർ, അന്ദലൂസിയൻ, ഖൈറവാനി സമൂഹങ്ങൾ ഫെസിന്റെ സംസ്‌കാരത്തിലും ബുദ്ധിജീവിപരമായ വളർച്ചയിലും വളരെ നിർണായകമായ സ്വാധീനം ചൊലുത്തിയിരുന്നു.

 

അൽ-ഖറവിയ്യീൻ യൂനിവേഴ്സിറ്റി

ഫെസിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനങ്ങളിലൊന്നാണ് അൽ-ഖറവിയ്യീൻ. പരമ്പരാഗത ചരിത്രരേഖകൾ പ്രകാരം, എ.ഡി. 859-ൽ ഫാത്തിമ അൽ-ഫിഹ്‌രിയാണ് ഇത് സ്ഥാപിച്ചത്.

ഫാത്തിമ അൽ-ഫിഹ്‌രി ഏകദേശം 9-ാം നൂറ്റാണ്ടിൽ ഫാസിൽ ജീവിച്ചിരുന്നുവെന്ന് പാരമ്പര്യസ്രോതസ്സുകൾ പറയുന്നു. അവർ ടുണീഷ്യയിലെ കൈറുവാനിൽ നിന്നുള്ള കുടുംബത്തിൽപ്പെട്ടവരായിരുന്നു. കുടുംബം പിന്നീട് ഫാസിലേക്ക് താമസം മാറി. അവരുടെ ഏറ്റവും പ്രശസ്തമായ സംഭാവനയാണ് അൽ-ഖറവിയ്യീൻ മസ്ജിദിന്റെ സ്ഥാപനം. ഫാത്തിമയുടെ പിതാവ് മുഹമ്മദ് അൽ-ഫിഹ്‌രി മരണപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ സ്വത്തിൽനിന്ന് ലഭിച്ച സമ്പത്ത് ഫാത്തിമ മതപരമായും പൊതുപ്രയോജനപരമായും വിനിയോഗിക്കാൻ തീരുമാനിച്ചു.

അൽ-ഖറവിയ്യീൻ യൂനിവേഴ്സിറ്റിയുടെ പ്രധാന കവാടം

 

859 CE-ൽ, അവർ ഫാസിൽ അൽ-ഖറവിയ്യീൻ മസ്ജിദ് സ്ഥാപിച്ചു എന്നാണ് പരമ്പരാഗത ചരിത്രവിവരണം. പിന്നീട് വടക്കൻ ആഫ്രിക്കയിലെ ഇസ്ലാമിക വിദ്യാഭ്യാസത്തിന്റെ ഏറ്റവും വലിയ കേന്ദ്രങ്ങളിലൊന്നായി ഇത് വികസിച്ചു.

അൽ-ഖറവിയ്യീനിലെ വിജ്ഞാന പാരമ്പര്യവുമായി ബന്ധപ്പെട്ട പ്രധാന പഠനവിഷയങ്ങൾ ഖുർആൻ , ഹദീസ്, ഫിഖ്‌ഹ് (ഇസ്ലാമിക നിയമശാസ്ത്രം), അറബി ഭാഷ , വ്യാകരണം, തർക്കശാസ്ത്രം (Logic), ഇസ്ലാമിക ദൈവശാസ്ത്രം (Theology), ഗണിതശാസ്ത്രം, വാനശാസ്ത്രം (Astronomy), തത്ത്വചിന്ത (Philosophy) എന്നിവയാണ്.

മൊറോക്കൻ ടൂറിസം അതോറിറ്റി അൽ-ഖറവിയ്യീൻ മസ്ജിദിന്റെ സ്ഥാപനം എ.ഡി. 857 ആണെന്ന് രേഖപ്പെടുത്തുമ്പോൾ, ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സർവ്വകലാശാല സ്ഥിതി ചെയ്യുന്നത് ഈ മെദീനയിലാണെന്ന് യുനെസ്കോ വിശേഷിപ്പിക്കുന്നു. തുടർച്ചയായി പ്രവർത്തിച്ചുവരുന്ന ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലൊന്ന്’ എന്ന് അൽ-ഖറവിയ്യീൻ. മധ്യകാലത്തെ ഏറ്റവും പ്രമുഖനായ സാമൂഹ്യ ശാസ്ത്രജ്ഞനായിരുന്ന ഇബ്‌നു ഹൽദൂൻ (മുഖദ്ദിമയുടെ കർത്താവ്) അൽ ഖ്വറാവിയിൻ സർവകലാശാലയിൽ പഠിച്ചിട്ടുണ്ട്.

 

അൽ-അൻദലുസ് മസ്ജിദ്

മറിയം അൽ-ഫിഹ്‌രി, ഫാത്തിമയുടെ സഹോദരി ആയിരുന്നുവെന്നും അവർ ഫാസിൽ മറ്റൊരു വലിയ മസ്ജിദ് സ്ഥാപിച്ചുവെന്നും നിരവധി ആധുനിക ലേഖനങ്ങളിലും ജനപ്രിയ ചരിത്ര വിവരണങ്ങളിലും പറയപ്പെടുന്നു.

പ്രധാനമായും അൽ-അൻദലുസ് മസ്ജിദ് (Mosque of the Andalusians / al-Andalus Mosque) ആണ് മറിയവുമായി ബന്ധിപ്പിക്കപ്പെടുന്നത്.

അൽ-അൻദലുസ് മസ്ജിദ്

ആത്മീയതയുടെയും വിജ്ഞാനത്തിൻ്റെയും, പൗരാണിക വാസ്തു ശിൽപ വിദ്യയുടെയും അതിമനോഹരമായ സമ്മോഹനമാണ് ഫെസിൽ കാണാനാവുക. ഒപ്പം പരമ്പരാഗത തോലൂൽപന്നങ്ങളുടെ നിർമാണത്തിലും ഫെസ് തനതായ മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഫെസിലെ മദീനകളും, പാർപ്പിട സംവിധാനവും കാഴചക്കാരെ വിസ്മയങ്ങളുടെ അതിശയ ലോകത്തേക്ക് എത്തിക്കും എന്നത് അതിശയോക്തിയല്ല. ഓരോ സഞ്ചാരിയും നിർബന്ധമായും ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലമാണ് ഫെസ്. (റഹിം ചെമ്മനാടിന്റെ കുറിപ്പ് ഇതുവരെ)

ഫെസ് അൽ ജദീദ് എന്ന പുതിയ ഫെസ്, ആധുനിക യൂറോപ്യൻ നഗരം പോലെ ഫ്രഞ്ചുകാർ നിർമ്മിച്ചതാണ്‌. പഴയ നഗരത്തിന്റെ പേര് ഫെസ് അൽ ബാലി എന്നാണ്‌.

ഫെസ് പഴയ മദീനയിലെ പുരപ്പുറങ്ങൾ

ഫെസ് നഗരത്തിൽ നിരവധി ചിത്രകാരരുടെ പണിപ്പുരകളും വില്പനശാലകളും ഉണ്ട്‌. പെയിന്റിംഗ് മൊറോക്കോ ജീവിതത്തിന്റെ അവിഭാജ്യവും അനിവാര്യവുമായ ഒരാവിഷ്കാര ഘടകമാണ്. കല ജീവിതം തന്നെ എന്ന എന്നത്തെയും മനുഷ്യാത്മകമായ നിരീക്ഷണത്തിന്റെ സാർത്ഥകത്വം നമുക്ക് ബോധ്യമാവുക ഈ ചിത്രകലാനിറവിലാണ്.

ഫെസ് പഴയ മദീനയിലെ പുരപ്പുറങ്ങളിൽ നിന്നുള്ള കാഴ്ച, സാധാരണ എല്ലാവരും കാണുന്ന കാഴ്ചയല്ല. ലറാക്കിയുടെ സിനിമയിലെ കമാൽ ഇത് ആസ്വദിക്കുന്നവനും പ്രയോജനപ്പെടുത്തുന്നവനുമാണ്. അവന്റെ പിതാവ് ഒരു ചെരുപ്പു കച്ചവടക്കാരനാണ്. അധിനിവേശവും കലാപവും എല്ലാം ചേർന്ന് അവരുടെ കുടുംബം ദുരിതമയമായ നാളുകളാണ് തള്ളിനീക്കുന്നത്. അയൽക്കാരിയായ ഐഷയുടേത് ഒരു ധനിക വീടാണ്. ഐഷയോട് കമാലിന് കൗമാരക്കാർക്ക് സഹജമായ രീതിയിലുള്ള പ്രണയം ഉദിക്കുന്നു.

ഫെസ്- ചിത്രകാരന്റെ പണിപ്പുരയിൽ

ഏതു നിലയ്ക്കും വിലക്കപ്പെട്ട ഒരു പ്രണയമാണിതെന്ന് പറയേണ്ടതില്ല. മാത്രമല്ല, ഐഷയ്ക്ക് യുവ വിപ്ലവകാരിയായ യൂസഫിനോട് പ്രണയമുണ്ട്. എന്നാൽ, ഇതു കാരണം അവൾ കമാലിനെ അകറ്റി നിർത്തുന്നില്ല. അവന്റെ സൗഹൃദവും സഹായവും എന്തിന് കാമുകനുമായുള്ള കത്തു കൈമാറലും എല്ലാം അവൾ നടത്തുന്നുണ്ട്.

 

മോതിരം വാങ്ങാൻ പോയതിന്റെ സാഹസികാനുഭവം

ഈ സിനിമയിൽ, തെരുവുമൂലയിൽ കുത്തിയിരിക്കുന്ന ഒരു വൃദ്ധയുണ്ട്. അർത്ഥമില്ലെന്നു തോന്നിക്കുന്ന പല കാര്യങ്ങളും പുലമ്പുന്നവരായി തോന്നിക്കുമെങ്കിലും വാസ്തവത്തിൽ അവർ പറയുന്ന കാര്യങ്ങൾ എല്ലാം തികച്ചും പ്രസക്തമാണ്. ഫെസ് നഗരത്തിലുണ്ടായിരുന്ന ദിവസം, കാലത്തു മുതൽ വൈകുന്നേരം വരെയും കാൽ നടയായി സഞ്ചരിക്കുകയായിരുന്നു.

ഫെസ് പഴയ മദീനയിലെ ഗോൾഡൻ റിയാദിലെ സ്വീകരണമുറിയിൽ

ഏതാണ്ട് നാലു മണിയായപ്പോൾ എല്ലാവരുടെയും കാലുകൾ കഴച്ചു. ഗോൾഡൻ റിയാദിലെ മുറിയിലെത്തി വിശ്രമിക്കുന്നതിനിടെ, ഇരിപ്പുറയ്ക്കാതെ ഞാൻ വീണ്ടും ഒറ്റയ്ക്ക് പുറത്തു കടന്നു. മോതിരങ്ങൾ വാങ്ങാൻ കിട്ടുമോ എന്നു നോക്കി, നേരത്തെ നടന്നിട്ടില്ലാത്ത ചില റോഡുകളിലൂടെ അലക്ഷ്യമായി നടന്നു. സിനിമയിലെ വൃദ്ധയുടേതു പോലെ ഒരു വൃദ്ധ അവിടെ തെരുവുമൂലയിൽ ചില കരകൗശലവസ്തുക്കളുമായി ഇരിക്കുന്നുണ്ടായിരുന്നു. അവരുടെ പക്കൽ, മോതിരമുണ്ടോ എന്ന് ഞാനന്വേഷിച്ചു. ഇല്ലെന്ന് അവരുടെ മറുപടി. തൊട്ടപ്പുറത്ത് വെറുതെ നിന്നിരുന്ന മൂന്നു നാലു ചെറുപ്പക്കാർ ഇതു കേട്ട്, മോതിരം കിട്ടുന്ന സ്ഥലം ഞങ്ങൾ പറഞ്ഞു തരാം എന്നും പറഞ്ഞ് എന്നെ കൂട്ടിക്കൊണ്ടു പോകാൻ നോക്കി. ഇത്തരം അവസരങ്ങൾ ഒഴിവാക്കി, വേറെ വഴിയ്ക്ക് നടക്കുകയോ തിരിഞ്ഞു നടക്കുകയോ ആണ് ശരിക്കും ചെയ്യേണ്ടത്. എന്നാൽ, എന്തോ ഉൾപ്രേരണയാൽ ഞാൻ അതിലൊരാളുടെ ഒപ്പം നടന്നു. ഇടുങ്ങിയ റോഡുകളിലൂടെ കുറെ ദൂരം അയാളെന്നെ കൊണ്ടുപോയി.

അവിടങ്ങളിലെല്ലാം കുട്ടികളും സ്ത്രീകളും മറ്റും നടക്കുന്നുണ്ടായിരുന്നു. പല കടകളും തുറന്നു വെച്ചിട്ടുമുണ്ടായിരുന്നു. ഉള്ളിൽ സ്വല്പം ഭീതി തോന്നിയെങ്കിലും അതു മറച്ചു വെച്ച് ഞാൻ അയാളെ അനുഗമിച്ചു. അവസാനം ഒരു വൃദ്ധന്റെ പണിശാലയും കടയും ചേർന്ന സ്ഥലത്തെത്തി. ഇത് എന്റെ പിതാവാണ്, ഇവിടെ നിന്ന് വാങ്ങിച്ചോളൂ എന്നായി ചെറുപ്പക്കാരൻ. വിലപേശി മൂന്നു മോതിരങ്ങൾ അവിടെ നിന്ന് വാങ്ങുകയും ചെയ്തു. തിരിച്ചുള്ള വഴി അയാൾ പറഞ്ഞു തരാതെ പോരാൻ പ്രയാസമായിരുന്നു. എന്നാൽ, കൃത്യമായി ഞങ്ങൾ തുടങ്ങിയേടത്തു തന്നെ അയാളെത്തിച്ചു. ചെറിയ ടിപ്പ് അയാൾ ചോദിച്ചു വാങ്ങുകയും ചെയ്തു. ദീർഘ ശ്വാസം വിട്ടു കൊണ്ട് ഞാൻ മുറിയിൽ അഭയം പ്രാപിച്ചു.

 

(അടുത്ത ലക്കത്തിൽ: ഫെസിലെ ടാനറി – നൂറ്റാണ്ടുകളുടെ ദുർഗന്ധവും അദ്ധ്വാനത്തിന്റെ സുഗന്ധവും)


മൊറോക്കോ യാത്രാക്കുറിപ്പുകൾ : മുൻ ലക്കങ്ങൾ വായിക്കാം ഇവിടെ

About Author

ജി പി രാമചന്ദ്രന്‍

പ്രമുഖ ചലച്ചിത്ര നിരൂപകനായ ജി.പി. രാമചന്ദ്രൻ 2006 ലെ മികച്ച ചലച്ചിത്ര നിരൂപകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ജേതാവാണ്. 'സിനിമയും മലയാളിയുടെ ജീവിതവും', 'മലയാള സിനിമ - ദേശം, ഭാഷ, സംസ്‌ക്കാരം', 'ലോകസിനിമ കാഴ്ചയും സ്ഥലകാലങ്ങളും', എന്നിവയാണ് പ്രധാന പുസ്തകങ്ങൾ. കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്. ദേശീയ-സംസ്ഥാന ചലച്ചിത്ര-ടെലിവിഷൻ അവാർഡുനിർണയങ്ങൾക്കുള്ള ജൂറി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

0
Would love your thoughts, please comment.x
()
x