സാറാ ജോസഫ ഹെയ്ൽ
പത്തൊൻപതാം നൂറ്റാണ്ടിലെ പത്രപ്രവർത്തനത്തിലൂടെ പൊതുജീവിതത്തിൽ നിർണായക സ്വാധീനം ചെലുത്തിയ എഴുത്തുകാരിയും പത്രാധിപയുമായ സാറാ ജോസഫ ഹെയ്ൽ.
“നിർഭയരായ വനിതാ പത്രപ്രവർത്തകർ “ എന്ന പരമ്പരയുടെ ഈ പതിപ്പിൽ, കെ. എ. ബീന അനാവരണം ചെയ്യുന്നത് ഹെയ്ലിന്റെ ബഹുമുഖമായ ജീവിതവും പാരമ്പര്യവുമാണ്. ‘മേരി ഹാഡ് എ ലിറ്റിൽ ലാംബ്’ എന്ന ബാലഗീതത്തെ ജനപ്രിയമാക്കുന്നതിലും സ്ത്രീവിദ്യാഭ്യാസത്തിനായി ശബ്ദമുയർത്തുന്നതിലും താങ്ക്സ്ഗിവിങ്ങിനെ ദേശീയാചരണമായി അംഗീകരിപ്പിക്കുന്നതിനായി പ്രചാരണം നടത്തുന്നതിലും നിർണായക പങ്കുവഹിച്ച പത്രപ്രവർത്തക.

“മേരിക്കുണ്ടൊരു കുഞ്ഞാട്
പാൽനുര പോലെ വെളുത്താട്”
ലോകമെമ്പാടുമുള്ള കുട്ടികളുടെ നാവിൽ ഇന്നും നൃത്തം ചെയ്യുന്ന ഈ വരികൾ, ഒരു കുഞ്ഞാടിന്റെയും പെൺകുട്ടിയുടെയും ജീവിതകഥയാണ്.
ആ കവിത എഴുതിയത് ആവേശകരമായ മറ്റൊരു കഥയിലെ നായികയാണ്. എഴുത്തിലൂടെയും പത്രപ്രവർത്തനത്തിലൂടെയും ചരിത്രത്തിൽ ഇടം നേടിയ സാറാ ജോസഫ ബ്യൂൾ ഹെയ്ൽ ആണ് ആ കഥാനായിക.
1788 ഒക്ടോബർ 24 ന് ന്യൂ ഹാംഷയറിലെ ന്യൂപോർട്ടിൽ ജനിച്ച സാറാ ജോസഫ ബ്യൂളിന് പെൺകുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ പരിമിതമായിരുന്ന കാലഘട്ടമായിരുന്നതിനാൽ ഔപചാരിക വിദ്യാഭ്യാസത്തിനുള്ള അവസരം ലഭിച്ചില്ല. വീട്ടിലിരുന്ന് പഠിച്ച് മുന്നോട്ടുള്ള വഴി തെളിക്കുകയായിരുന്നു സാറാ. സഹോദരനായ ഹോറേഷ്യോ ബ്യൂൾ ഡാർട്മൗത്ത് കോളേജിൽ നിന്ന് പഠിച്ച ലാറ്റിൻ, തത്വചിന്ത, ശാസ്ത്രം, സാഹിത്യം തുടങ്ങിയ നിരവധി വിഷയങ്ങൾ സാറായ്ക്ക് പറഞ്ഞു കൊടുത്തു. സാറായുടെ ഭാവിയിലെ പത്രപ്രവർത്തന ജീവിതത്തിനും സാഹിത്യജീവിതത്തിനുമൊക്കെ ഇത് അടിത്തറയായി.
1813 ൽ അഭിഭാഷകനായ ഡേവിഡ് ഹെയ്ലിനെ സാറാ വിവാഹം കഴിച്ചു. ഭർത്താവ് സാറായുടെ എഴുത്തിനെയും വായനയെയും പ്രോത്സാഹിപ്പിച്ചു. ഇരുവരും ചേർന്ന് സ്വന്തം വീട്ടിൽ തന്നെ സാഹിത്യവായനാ കൂട്ടായ്മകൾ സംഘടിപ്പിക്കാറുണ്ടായിരുന്നു.

അഞ്ചു മക്കൾ അവർക്ക് ഉണ്ടായി.
1822 ൽ ഡേവിഡ് ഹെയ്ൽ ന്യൂമോണിയ ബാധിച്ച് മരിച്ചു. ആ വേദനയിൽ നിന്നും ആശ്വാസം തേടാനായി സാറാ എഴുതാൻ തുടങ്ങി. 1823 ൽ അവരുടെ ആദ്യ കവിതാസമാഹാരം “ദി ജീനിയസ് ഓഫ് ഒബ്ലിവിയൻ” പ്രസിദ്ധീകരിച്ചു.

1827 ൽ പ്രസിദ്ധീകരിച്ച നോവൽ “നോർത്ത്വുഡ്: എ ടെയിൽ ഓഫ് ന്യൂ ഇംഗ്ലണ്ട്” അവരെ അമേരിക്കൻ സാഹിത്യലോകത്ത് ശ്രദ്ധേയയാക്കി. ഒരു സ്ത്രീ എഴുതിയ ആദ്യകാല അമേരിക്കൻ നോവലുകളിലൊന്നായിരുന്നു സാറായുടേത്. അന്ന് നിലനിന്നിരുന്ന അടിമത്തത്തെ വിമർശനാത്മകമായി നോവലിൽ അവതരിപ്പിച്ചു. പിന്നീട് ആഭ്യന്തരയുദ്ധത്തിലേക്ക് നയിച്ച സാമൂഹിക സംഘർഷങ്ങളുടെ സൂചനകളും തൻ്റെ നോവലിൽ സാറാ നൽകിയിരുന്നു.
1828 ൽ ബോസ്റ്റണിലെ ലേഡീസ് മാഗസിൻ എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായിട്ടാണ് അവർ പത്രപ്രവർത്തനരംഗത്തെത്തുന്നത്. അമേരിക്കയിലെ ഒരു പ്രമുഖ വനിതാ മാസികയുടെ ആദ്യകാല വനിതാ എഡിറ്റർമാരിലൊരാളാണ് സാറാ ഹെയ്ൽ.

സാറായുടെ നേതൃത്വത്തിൽ ലേഡീസ് മാഗസിൻ സ്ത്രീകളെ മുന്നോട്ട് നയിക്കാൻ ശ്രമിച്ചു. സാഹിത്യം, വിദ്യാഭ്യാസം, കുടുംബമൂല്യങ്ങൾ, ധാർമ്മികത തുടങ്ങി നിരവധി വിഷയങ്ങൾ ഈ മാസിക ചർച്ച ചെയ്തു.
പത്രപ്രവർത്തക എന്ന നിലയിലും വ്യക്തിപരമായും മാനവികതയിലും ദേശാഭിമാനത്തിലും ഊന്നിയ പ്രവർത്തനങ്ങളാണ് സാറാ ചെയ്തിരുന്നത്. ലേഡീസ് മാഗസിനി ലെ ഉള്ളടക്കത്തിലേറെയും അവർ സ്വന്തമായി എഴുതിയുണ്ടാക്കുകയായിരുന്നു.
സാറായുടെ പത്രാധിപത്യത്തെ പുകഴ്ത്തിക്കൊണ്ട് അക്കാലത്തെ പ്രമുഖ വിമർശകനും സ്ത്രീകളുടെ അവകാശങ്ങളെ പിന്തുണച്ചിരുന്ന ചിന്തകനുമായ ജോൺ നീൽ “ദി യാങ്കി” മാസികയിൽ എഴുതി.
“സ്ത്രീ പത്രാധിപമാർ പുരുഷ പത്രാധിപന്മാരെ പോലെ സാധാരണമായി തീരുന്ന ഒരു കാലം വരുമെന്ന് പ്രതീക്ഷിച്ചു പോകുകയാണ്. സ്ത്രീകൾക്ക് സ്വന്തം കഴിവുകൾ തെളിയിക്കാൻ കഴിയട്ടെ. ഭക്ഷണത്തിന് വേണ്ടി വിവാഹം കഴിക്കേണ്ടി വരുന്ന ദുഃസ്ഥിതി മാറട്ടെ.”
ബോസ്റ്റൺ ലേഡീസ് പീസ് സൊസൈറ്റിയുമായി സാറാ സജീവമായി ബന്ധപ്പെട്ടിരുന്നു. 1833 ൽ സീമാൻസ് എയ്ഡ് സൊസൈറ്റി സ്ഥാപിക്കുന്നതിലും അവർ പ്രധാന പങ്കുവഹിച്ചു. സ്ത്രീ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചിരുന്നുവെങ്കിലും വ്യവസ്ഥാപിത ഫെമിനിസ്റ്റ് ചിന്തകളെയും പ്രസ്ഥാനങ്ങളെയും അവർ പിന്താങ്ങിയിരുന്നില്ല. സ്ത്രീകൾക്ക് വോട്ടവകാശം നൽകുന്നതിനോടും അവർക്ക് വിയോജിപ്പുണ്ടായിരുന്നു.
1837ൽ ഫിലാഡെൽഫിയയിൽ നിന്ന് ലൂയിസ് എ. ഗോഡി നടത്തിയിരുന്ന “ഗോഡീസ് ലേഡീസ് ബുക്ക്” എന്ന പ്രസിദ്ധമായ സ്ത്രീമാസികയുടെ പത്രാധിപയായി ചേർന്ന സാറാ ഹെയ്ൽ, ലേഡീസ് മാഗസിൻ ഗോഡീസ് ലേഡീസ് ബുക്കിൽ ലയിച്ചതിനെ തുടർന്ന് നാല്പത് വർഷത്തോളം ആ മാസികയുടെ എഡിറ്ററായി പ്രവർത്തിച്ചു.
ഒന്നര ലക്ഷം സബ്സ്ക്രൈബർമാരോടുകൂടി അമേരിക്കയിലെ ഏറ്റവും സ്വാധീനമുള്ള വനിതാമാസികകളിലൊന്നാക്കി അവരതിനെ വളർത്തി. ഇക്കാലത്ത് സ്ത്രീകളുടെ ചിന്തകളും വീക്ഷണങ്ങളും രൂപപ്പെടുത്തുന്ന വേദിയായി ഗോഡീസ് ലേഡീസ് ബുക്ക് മാറി.

സാറായുടെ എഡിറ്റോറിയലുകൾ സ്ത്രീ വിദ്യാഭ്യാസത്തിനും ബൗദ്ധികസ്വാതന്ത്ര്യത്തിനും അരങ്ങൊരുക്കി. എഡ്ഗാർ അലൻ പോ, നതാനിയൽ ഹാഥോൺ, റാൽഫ് വാൽഡോ എമേഴ്സൺ, ഹാരിയറ്റ് ബീച്ചർ സ്റ്റോവ് തുടങ്ങി നിരവധി എഴുത്തുകാരുടെ കൃതികൾ ഗോഡീസ് ലേഡീസ് ബുക്കിൽ പ്രസിദ്ധീകരിച്ചു. ഗോഡീസ് ലേഡീസ് ബുക്കിന്റെ വമ്പിച്ച പ്രചാരം സാറാ ജോസഫ ഹെയ്ലിനെ പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ള വനിതകളിൽ ഒരാളാക്കി.
1860 ൽ സ്ത്രീവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് നൽകിയ പ്രവർത്തനങ്ങൾക്ക് ബാൾട്ടിമോർ ഫീമെയ്ൽ കോളേജ് സാറായ്ക്ക് മെഡൽ നൽകി ആദരിച്ചു.

സാറാ ജോസഫ ഹെയ്ൽ കുട്ടികൾക്കായി എഴുതിയ Poems for Our Children (1830)കവിതാസമാഹാരത്തിലെ ഒരു കവിതയായിരുന്നു എന്ന പുസ്തകത്തിൽ പ്രസിദ്ധീകരിച്ച, കുട്ടിക്കാലത്ത് നമ്മളൊക്കെ പാടി നടന്ന
“മേരിക്കുണ്ടൊരു കുഞ്ഞാട്”
(“Mary Had a Little Lamb”)
മേരിക്കുണ്ടൊരു കുഞ്ഞാട്
മേനി കൊഴുത്തൊരു കുഞ്ഞാട്
പാൽനുര പോലെ വെളുത്താട്
പഞ്ഞി കണക്കു മിനുത്താട്
തുള്ളിച്ചാടി നടന്നീടും
വെള്ളത്തിര പോൽ വെള്ളാട്
കിണുകിണിയെന്നു കിലുങ്ങീടും
കിങ്ങിണി കെട്ടിയ കുഞ്ഞാട്
മേരിയൊടൊത്തു നടന്നീടും
മേരിയൊടത്തവനുണ്ടീടും
മേരിക്കരികെയുറങ്ങീടും
മേരിയെണീറ്റാലെഴുന്നേൽക്കും.
ഒരുനാൾ പള്ളിക്കൂടത്തിൽ
മേരിയൊടൊപ്പം കുഞ്ഞാടും
അടിവച്ചടിവച്ചകമേറി
അവിടെച്ചിരിതൻ പൊടിപൂരം
വെറിയന്മാരാം ചിലപിള്ളേർ
വെളിയിലിറക്കീ പാവത്തെ
പള്ളിക്കൂടപ്പടിവാതിൽ
തള്ളിയടച്ചവർ തഴുതിട്ടൂ
പള്ളിക്കൂടം വിട്ടപ്പോൾ
പിള്ളേരിറങ്ങി നടന്നപ്പോൾ
മേരിവരുന്നതു കണ്ടപ്പോൾ
ഓടിയണഞ്ഞൂ കുഞ്ഞാട്!
ഈ കവിതയുടെ ഉത്ഭവത്തെക്കുറിച്ച് വ്യത്യസ്തമായ വിവരണങ്ങളുണ്ട്. പൊതുവേ അംഗീകരിക്കപ്പെടുന്ന ഒരു കഥ മസാച്ചുസെറ്റ്സിലെ സ്റ്റെർലിങ്ങിൽ താമസിച്ചിരുന്ന മേരി സോയർ എന്ന പെൺകുട്ടിയുടെ ജീവിതത്തിലെ സംഭവമാണ്.
അമ്മ ഉപേക്ഷിച്ച ഒരു കുഞ്ഞാടിനെ രക്ഷിക്കാൻ മേരി സോയർ നടത്തിയ പരിശ്രമങ്ങളെക്കുറിച്ച് അവർ പിന്നീട് ഓർമ്മിച്ചിട്ടുണ്ട്. ആട്ടിൻകുട്ടിയെ പരിപാലിച്ച് രക്ഷപ്പെടുത്തിയതോടെ മേരി എവിടെപ്പോയാലും കുഞ്ഞാടും പിന്നാലെ പോകാൻ തുടങ്ങി. ഒരുദിവസം ആ കുഞ്ഞാട് മേരിയുടെ പിന്നാലെ സ്കൂളിലുമെത്തി.
എന്നാൽ കവിതയുടെ ആദ്യവരികൾ മേരിയുടെ സഹപാഠിയായിരുന്ന ജോൺ റൂൾസ്റ്റോൺ എഴുതിയതാണെന്ന മറ്റൊരു വാദവും പിന്നീട് ഉയർന്നിട്ടുണ്ട്. അതിനാൽ മേരി സോയറുടെ അനുഭവവും സാറാ ജോസഫ ഹെയ്ലിന്റെ കവിതയും തമ്മിലുള്ള ബന്ധം പൊതുവേ അംഗീകരിക്കപ്പെടുന്നുണ്ടെങ്കിലും കവിതയുടെ കൃത്യമായ ഉത്ഭവത്തെക്കുറിച്ച് തർക്കം നിലനിൽക്കുന്നു.
സാറാ ജോസഫ ഹെയ്ലിന്റെ പേരിൽ 1830 ൽ പ്രസിദ്ധീകരിക്കപ്പെട്ട കവിത ലോകം മുഴുവനുമുള്ള കുഞ്ഞുങ്ങൾ തലമുറകളായി നെഞ്ചേറ്റുന്നു.
ലോകപ്രശസ്തി നേടിയതോടൊപ്പം ചരിത്രപരമായ പ്രാധാന്യവും ഈ കവിത നേടിയിട്ടുണ്ട്. 1877 ൽ തോമസ് അൽവാ എഡിസൺ തന്റെ പുതുതായി കണ്ടുപിടിച്ച ഫോനോഗ്രാഫിൽ നടത്തിയ ആദ്യകാല ശബ്ദരേഖപ്പെടുത്തലുകളിൽ ഉപയോഗിച്ചത് “Mary Had a Little Lamb” എന്ന കവിതയുടെ വരികളായിരുന്നു.
അങ്ങനെ ഹെയ്ലിന്റെ വരികൾ ശബ്ദചരിത്രത്തിലും ശാശ്വതമായി നിലനിൽക്കുന്നു.
സ്ത്രീകൾക്ക് ഉന്നതവിദ്യാഭ്യാസം അനിവാര്യമാണെന്ന് അവർ നിരന്തരം എഴുതി. വിദ്യാഭ്യാസമുള്ള സ്ത്രീകൾ നല്ല അമ്മമാരാകുമെന്നും സമൂഹത്തെ മാറ്റാൻ കഴിവുള്ളവരാകുമെന്നും അവർ വിശ്വസിച്ചു.
സാറായുടെ ശ്രമങ്ങൾ വനിതകളുടെ ഉന്നതവിദ്യാഭ്യാസത്തിന് വഴിയൊരുക്കി. വാസർ കോളേജ് പോലുള്ള വനിതാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രൂപീകരണത്തെയും അവർ ശക്തമായി പിന്തുണച്ചു. കവിതകൾ, ചെറുകഥകൾ, നാടകങ്ങൾ, നോവലുകൾ തുടങ്ങി സാഹിത്യത്തിന്റെ വിവിധ മേഖലകളിൽ അവർ കഴിവ് തെളിയിച്ചു.
“വിമൻസ് റെക്കോർഡ്: സ്കെച്ചസ് ഓഫ് ഡിസ്റ്റിങ്ക്വിഷ്ഡ് വിമൻ” എന്ന പേരിൽ 1853 ൽ പുറത്തിറക്കിയ ബൃഹത്തായ ഗ്രന്ഥം അവരുടെ ശ്രദ്ധേയമായ പ്രവർത്തനമായി കണക്കാക്കപ്പെടുന്നു. പിന്നീട് പുതുക്കിയ പതിപ്പുകളും പുറത്തിറങ്ങി. വിവിധ കാലഘട്ടങ്ങളിലെയും രാജ്യങ്ങളിലെയും ആയിരത്തിലേറെ സ്ത്രീകളുടെ ജീവിതം രേഖപ്പെടുത്തിയ ഈ ഗ്രന്ഥം സാഹിത്യത്തിലും സമൂഹജീവിതത്തിലും സ്ത്രീകൾ വഹിച്ച ചരിത്രപരമായ പങ്ക് രേഖപ്പെടുത്തുന്നതായിരുന്നു.
താങ്ക്സ്ഗിവിങ് ദിനത്തെ അമേരിക്കയുടെ ദേശീയ ആഘോഷദിനമാക്കാൻ സാറാ ഹെയ്ൽ വർഷങ്ങളോളം അമേരിക്കൻ പ്രസിഡന്റുമാർക്കും ഗവർണർമാർക്കും കത്തുകൾ എഴുതി. ഇത് രാജ്യത്തെ ഐക്യപ്പെടുത്തുമെന്ന് അവർ എഴുതിക്കൊണ്ടേയിരുന്നു.
1863 സെപ്റ്റംബർ 28 ന് പ്രസിഡന്റ് എബ്രഹാം ലിങ്കണിന് അവർ ഇതേ ആവശ്യം ഉന്നയിച്ച് കത്തെഴുതി. ഏതാനും ദിവസങ്ങൾക്കുശേഷം, ഒക്ടോബർ മൂന്നിന്, ലിങ്കൺ നവംബറിലെ അവസാന വ്യാഴാഴ്ച രാജ്യവ്യാപകമായി താങ്ക്സ്ഗിവിങ് ദിനമായി ആചരിക്കാൻ പ്രഖ്യാപനം പുറപ്പെടുവിച്ചു.
സാറാ ജോസഫ ഹെയ്ൽ “താങ്ക്സ്ഗിവിങ്ങിന്റെ അമ്മ” എന്നറിയപ്പെടുന്നു.
89-ാം വയസുവരെ അവർ പത്രപ്രവർത്തനരംഗത്തും എഴുത്തിലും സജീവയായിരുന്നു. 1877 ൽ ‘ഗോഡീസ് ലേഡീസ് ബുക്കി’ൽ നിന്ന് വിരമിച്ച സാറാ 1879 ഏപ്രിൽ 30 ന് തൊണ്ണൂറാം വയസ്സിൽ ഫിലാഡെൽഫിയയിൽ അന്തരിച്ചു. പെൻസിൽവേനിയയിലെ ലോറൽ ഹിൽ സെമിത്തേരിയിൽ പത്രപ്രവർത്തനത്തെ സാമൂഹ്യപരിവർത്തനത്തിനുള്ള ഉപാധിയാക്കിയ ആ പ്രതിഭ അന്ത്യവിശ്രമം കൊള്ളുന്നു.
“സാറാ ജോസഫ ഹെയ്ൽ അവാർഡ്” എന്ന പേരിൽ അവരുടെ ബഹുമാനാർത്ഥം ഏർപ്പെടുത്തിയ സാഹിത്യ അവാർഡ് റോബർട്ട് ഫ്രോസ്റ്റ് (1956), ഓഗ്ഡൻ നാഷ് (1964), എലിസബത്ത് യേറ്റ്സ് (1970), ആർതർ മില്ലർ (1990), ജൂലിയ അൽവാരസ് (2017) തുടങ്ങി പ്രതിഭാധനരായ നിരവധി എഴുത്തുകാർക്ക് ലഭിച്ചിട്ടുണ്ട്.
സാമൂഹ്യവിമർശക, പത്രപ്രവർത്തക, എഴുത്തുകാരി തുടങ്ങിയ നിലകളിൽ പ്രശസ്തയായ സാറാ ജോസഫ ഹെയ്ൽ പത്രപ്രവർത്തനത്തിലൂടെയും എഴുത്തിലൂടെയും ലോകം മാറ്റാനാകുമെന്ന ആത്മവിശ്വാസം സ്ത്രീകളിലുണ്ടാക്കുന്നതിലും വിദ്യാഭ്യാസം സമൂഹത്തിന്റെ അടിത്തറയാണെന്ന ബോധം സൃഷ്ടിക്കുന്നതിലും അമേരിക്കയുടെ സാഹിത്യ-സാംസ്കാരിക ജീവിതം രൂപപ്പെടുത്തുന്നതിൽ വഹിച്ച സ്വാധീനത്തിന്റെ പേരിലും ചരിത്രത്തിൽ നിലനിൽക്കുന്നു.






Sarah Josepha Hale was far more than a writer and editor; she was a determined woman who used her pen to expand opportunities for women when society tried to limit their place. Her advocacy for women’s education, professional opportunities and social progress helped challenge the barriers of her time. Her legacy also reminds us that progress remains incomplete as long as equality is denied. Remembering pioneers like Hale means recognising both their achievements and the struggles that still lie ahead for women everywhere.