ഞങ്ങളുടെ തീരം വിൽപ്പനയ്ക്കുള്ള ഭൂമിയല്ല
കേരള മാരിടൈം ബോർഡ് (ഭേദഗതി) ബിൽ, 2026 എന്തുകൊണ്ട് പുനഃപരിശോധിക്കണം?
കേരള നിയമസഭയിൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ച കേരള മാരിടൈം ബോർഡ് (ഭേദഗതി) ബിൽ, 2026 കാര്യമായ ചർച്ചകളൊന്നും നടക്കാതെയാണ് പാസായത്. ബിൽ പാസാക്കുന്ന സമയത്ത് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയിരുന്നു. എന്നാൽ, ബില്ലിലെ വ്യവസ്ഥകളെക്കുറിച്ചും അവ തീരദേശ സമൂഹങ്ങളുടെ ജീവിതത്തിലും അവകാശങ്ങളിലും ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചും ആവശ്യമായ വിശദമായ ചർച്ചകൾ നിയമസഭയിൽ നടന്നില്ല. നിശ്ശബ്ദമായി കഴിയുന്ന ഒരു സമൂഹത്തിനുള്ളിൽ ഈ ബിൽ ഉയർത്തുന്ന ആശങ്കയുടെ തിരകൾ അത്ര ചെറുതല്ല. അതുകൊണ്ടുതന്നെ ഇതേക്കുറിച്ച് വിശദമായ ചർച്ചകൾ ഉണ്ടാകേണ്ടതുണ്ട്.

കേരളത്തിന്റെ 590 കിലോമീറ്റർ നീളമുള്ള തീരത്ത് ഓരോ ദിവസവും ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾ ഉപജീവനം കണ്ടെത്തുന്നു. വള്ളങ്ങൾ കരയിൽ കയറ്റിവയ്ക്കുന്നു, ആരുടെയും പേരിൽ പട്ടയമില്ലാത്ത കടൽത്തീരത്ത് വലകൾ ഉണക്കുന്നു, മത്സ്യം വിൽക്കുന്നു. ഇതെല്ലാം നടക്കുന്നത് വ്യക്തികളുടെ പേരിൽ ഉടമസ്ഥാവകാശ രേഖകളില്ലാത്ത പൊതുസ്ഥലങ്ങളിലാണ്. തലമുറകളായി എല്ലാവരും ചേർന്ന് ഉപയോഗിച്ചുവരുന്ന ഇടങ്ങളാണിവ. ഈ തീരപ്രദേശങ്ങളിന്മേലുള്ള അവകാശങ്ങളെയും അവിടത്തെ ജീവിതരീതിയെയും ചോദ്യം ചെയ്യുന്നതാണ് കേരള മാരിടൈം ബോർഡ് (ഭേദഗതി) ബിൽ, 2026 എന്നതാണ് തീരമേഖലയിൽ ആശങ്ക ഉയർത്തിയിരിക്കുന്നത്.
നിയന്ത്രണ സംവിധാനത്തിൽ നിന്ന് ഭൂമി ഇടപാടുകാരനായി മാറുന്ന ബോർഡ്
2017-ൽ രൂപീകരിച്ച കേരള മാരിടൈം ബോർഡിന്റെ പ്രധാന ഉത്തരവാദിത്വം സംസ്ഥാനത്തെ 17 ചെറുകിട തുറമുഖങ്ങളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുക എന്നതായിരുന്നു. എന്നാൽ, 2026 ജൂലൈയിൽ, ചെലവഴിക്കാത്ത ഫണ്ടുകളെയും സമർപ്പിക്കാത്ത വാർഷിക റിപ്പോർട്ടുകളെയും കുറിച്ചുള്ള കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (CAG) ഓഡിറ്റ് പരാമർശങ്ങൾ ചൂണ്ടിക്കാട്ടി സർക്കാർ ബോർഡ് പിരിച്ചുവിട്ടു. പിന്നാലെ പുതിയ ഭേദഗതി ബിൽ കൊണ്ടുവരികയും ചെയ്തു. പുതിയ ബിൽ പ്രകാരം മുഖ്യമന്ത്രി വി.ഡി. സതീശൻ ബോർഡിന്റെ അധ്യക്ഷനും തുറമുഖ വകുപ്പ് മന്ത്രി ഉപാധ്യക്ഷനുമായിരിക്കും. നിലവിൽ ഈ രണ്ട് ചുമതലകളും മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെയാണ് വഹിക്കുന്നത്. പുതിയ സെക്ഷൻ 22A പ്രകാരം സംസ്ഥാന മാരിടൈം ലാൻഡ് ബാങ്ക് രൂപീകരിക്കാനും പോർട്ട് ഏരിയ ഡെവലപ്മെന്റ് അതോറിറ്റികൾ സ്ഥാപിക്കാനും വ്യവസ്ഥ ചെയ്യുന്നു. പൊലീസിന് സമാനമായ അധികാരങ്ങളുള്ള എൻഫോഴ്സ്മെന്റ് വിഭാഗം രൂപീകരിക്കാനും കമ്പനികളിൽ ഓഹരികൾ വാങ്ങാനും വിൽക്കാനും ബോർഡിന് അധികാരം നൽകുന്നു. വലിയ തീരദേശ പദ്ധതികൾക്കായി ഭൂമി ദീർഘകാലത്തേക്ക് പാട്ടത്തിന് നൽകാനും കഴിയും.

ഈ ബിൽ വ്യവസായങ്ങൾക്ക് ഭൂമി എളുപ്പത്തിൽ ലഭ്യമാക്കുകയും വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുകയും ചെയ്യുമെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ, യാഥാർത്ഥ്യം മറ്റൊന്നാണ്. തുറമുഖങ്ങൾ നിയന്ത്രിക്കാൻ ഉദ്ദേശിച്ച ഒരു സംവിധാനത്തെ തീരദേശ ഭൂമി ഏറ്റെടുക്കുകയും വിവിധ പദ്ധതികൾക്കായി ഏകോപിപ്പിക്കുകയും പാട്ടത്തിന് നൽകുകയും ചെയ്യുന്ന സ്ഥാപനമാക്കി മാറ്റുകയാണ് ചെയ്യുന്നത്.
ഭൂമി ബാങ്കും തീരദേശ പൊതുസ്വത്തും
മറ്റ് സർക്കാർ വകുപ്പുകളുടെ കൈവശമുള്ള ഭൂമി ഏറ്റെടുത്ത് ലോജിസ്റ്റിക്സ് പാർക്കുകൾ, കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷനുകൾ, വെയർഹൗസുകൾ തുടങ്ങിയ തുറമുഖവുമായി ബന്ധപ്പെട്ട പദ്ധതികൾക്കായി ഏകോപിപ്പിക്കാൻ ലാൻഡ് ബാങ്കിന് കഴിയും. തുറമുഖങ്ങളിൽ നിന്ന് വളരെ അകലെയുള്ള ഭൂമിയും ഇത്തരത്തിൽ ഏറ്റെടുക്കാം. മണൽത്തിട്ടകൾ, വള്ളങ്ങൾ ഇറക്കുന്ന സ്ഥലങ്ങൾ, വല ഉണക്കുന്ന ഇടങ്ങൾ എന്നിവയുൾപ്പെടെ മത്സ്യബന്ധന സമൂഹങ്ങൾ യഥാർത്ഥത്തിൽ ഉപയോഗിക്കുന്ന ഭൂമിയിൽ ഭൂരിഭാഗവും വ്യക്തികളുടെ പേരിൽ ആധാരമില്ലാത്തതിനാൽ റവന്യൂ രേഖകളിൽ പുറമ്പോക്കായോ ഉപയോഗിക്കാത്ത സർക്കാർ ഭൂമിയായോ തരംതിരിക്കപ്പെട്ടിരിക്കുന്നു. സെക്ഷൻ 22A പ്രകാരം അത്തരം ഭൂമി ലാൻഡ് ബാങ്കിലേക്ക് ഏറ്റെടുത്ത് സ്വകാര്യ സംരംഭകർക്ക് പാട്ടത്തിന് നൽകാം.

മത്സ്യബന്ധനത്തിലൂടെ ഉപജീവനം കണ്ടെത്തുന്ന കുടുംബങ്ങൾക്ക് ഇത് കേവലം ഒരു സാങ്കേതിക പ്രശ്നമല്ല, ജീവിതപ്രശ്നമാണ്.
വേലികെട്ടി അടച്ച കടൽത്തീരത്ത് തോണി ഇറക്കാൻ കഴിയില്ല. ഒരു ടെർമിനലിനോ റിസോർട്ടിനോ വേണ്ടി തീരത്തിന്റെ ഒരു ഭാഗം പാട്ടത്തിന് നൽകിയാൽ, തലമുറകളായി അത് ഉപയോഗിച്ചുവരുന്ന മത്സ്യബന്ധന സമൂഹങ്ങളെ അവിടെ അതിക്രമിച്ചുകയറുന്നവരായി കണക്കാക്കുന്ന സാഹചര്യമുണ്ടാകാം. തീരദേശ പൊതുസ്വത്തിൽ സമൂഹത്തിന്റെ ആരാധനാലയങ്ങൾ, പൂർവികരുടെ ശ്മശാനങ്ങൾ, കടക്കോടി അഥവാ കടൽക്കോടതികൾ എന്നറിയപ്പെടുന്ന പരമ്പരാഗത കൗൺസിലുകളുടെ സമ്മേളന സ്ഥലങ്ങൾ എന്നിവയും ഉൾപ്പെടുന്നു. ഇവയ്ക്കൊന്നും വ്യക്തിഗത ആധാരങ്ങളില്ലാത്തതിനാൽ അവയുടെ സംരക്ഷണം ഉറപ്പാക്കപ്പെടുന്നില്ല. കൂടാതെ, ജനത്തിരക്കേറിയ മത്സ്യബന്ധന ഗ്രാമങ്ങളിൽ കുട്ടികൾ കളിക്കുന്നതും ഉത്സവങ്ങൾ നടത്തുന്നതുമായ ഏക പൊതുഇടമാണ് പലപ്പോഴും കടൽത്തീരം. എന്നാൽ, സ്വകാര്യ നിക്ഷേപകർക്ക് സുരക്ഷിതവും തങ്ങൾക്ക് മാത്രമായി ഉപയോഗിക്കാവുന്നതുമായ സ്ഥലങ്ങളാണ് വേണ്ടത്. അതിന്റെ ഫലമായി കടൽത്തീരങ്ങൾ സ്വകാര്യ നിയന്ത്രണത്തിലാകുകയും മത്സ്യത്തൊഴിലാളി കുടുംബങ്ങൾ വഴിയാധാരമാകുകയും ചെയ്യുമെന്നതാണ് ആശങ്ക.
ആരാണ് തീരുമാനിക്കുന്നത്? പഞ്ചായത്തുകളോ പൊതുസ്വത്തിന്റെ സംരക്ഷകരോ?
ഭരണഘടനയുടെ 73-ാം ഭേദഗതിയിലൂടെയും അനുച്ഛേദം 243G-യിലൂടെയും പ്രാദേശിക ഭരണസ്ഥാപനങ്ങൾക്ക് ആസൂത്രണത്തിലും പ്രാദേശിക വികസനത്തിലും പങ്കാളികളാകാനുള്ള അവസരം നൽകുന്നു. എന്നാൽ, ഈ ബില്ലിലെ സെക്ഷൻ 22A ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ നിന്ന് തീരദേശ പഞ്ചായത്തുകളെയും ഗ്രാമസഭകളെയും ഒഴിവാക്കുകയും സ്വന്തം ഗ്രാമങ്ങളിലെ പദ്ധതികളെക്കുറിച്ച് അഭിപ്രായം പറയാനുള്ള അവരുടെ ഭരണഘടനാപരമായ പങ്കിനെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. മുഖ്യമന്ത്രി വി.ഡി. സതീശൻ ബോർഡിന്റെ അധ്യക്ഷനായിരിക്കുമ്പോൾ, തുറമുഖം, മത്സ്യബന്ധനം, വ്യവസായം, ധനകാര്യം, റവന്യൂ, തീരദേശ സുരക്ഷ എന്നീ വകുപ്പുകളുടെ പ്രിൻസിപ്പൽ സെക്രട്ടറിമാർ ഒരുമിച്ച് അനുമതികൾ നൽകുമ്പോൾ തീരുമാനങ്ങൾ വേഗത്തിലാകും. എന്നാൽ, അത്തരം തീരുമാനങ്ങളിൽ ഒരു മത്സ്യബന്ധന സഹകരണ സംഘത്തിന് തങ്ങളുടെ അഭിപ്രായം അറിയിക്കാൻ പേരിനെങ്കിലും അവസരം ലഭിക്കുമെന്ന് തോന്നുന്നില്ല. 2017-ലെ നിയമപ്രകാരം നിർദേശങ്ങൾ വിവിധ വകുപ്പുകളുടെ പരിശോധനയിലൂടെ കടന്നുപോകേണ്ടിയിരുന്നു. ആ ‘മെല്ലെപ്പോക്ക്’ ഒരുതരത്തിലുള്ള പരിശോധനയും നിയന്ത്രണവുമായിരുന്നു. ഇപ്പോൾ മത്സ്യബന്ധന സമൂഹങ്ങൾക്ക് അവശേഷിക്കുന്ന ഏക അഭയസ്ഥാനം ഹൈക്കോടതിയാണ്. എന്നാൽ, കോടതിയെ സമീപിക്കുന്നത് സമയമെടുക്കുന്നതും ചെലവേറിയതുമായ നടപടിയാണ്.

ഇതിനേക്കാൾ ആഴത്തിലുള്ള ഒരു നിയമതത്ത്വവും ഇവിടെ പ്രസക്തമാണ്. എം.സി. മേത്തയും കമൽനാഥും തമ്മിലുള്ള കേസ് (M.C. Mehta v. Kamal Nath) ഉൾപ്പെടെയുള്ള കേസുകളിൽ, കടൽത്തീരം പോലുള്ള പ്രകൃതിവിഭവങ്ങൾ ജനങ്ങളുടെ പൊതുസമ്പത്താണെന്നും സർക്കാർ അവയുടെ ഉടമയല്ല, മറിച്ച് സംരക്ഷകനാണെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും സർക്കാരിനുണ്ടെന്ന തത്ത്വം ഇവിടെ പ്രസക്തമാണ്.
പൊതുസ്വത്തിന്റെ സംരക്ഷണച്ചുമതലയുള്ള ഒരു ട്രസ്റ്റിക്ക്, ആ സ്വത്ത് സ്വന്തം ഇഷ്ടപ്രകാരം പാട്ടത്തിന് നൽകാൻ അധികാരമില്ല. എന്നാൽ, ‘മാരിടൈം ഡെവലപ്മെന്റ്’ എന്ന വ്യക്തമായി നിർവചിക്കപ്പെടാത്ത ലക്ഷ്യത്തിനായി ഭൂമി ഏറ്റെടുക്കാനും ഇഷ്ടാനുസരണം വിനിയോഗിക്കാനും വിപുലമായ അധികാരമാണ് ബിൽ നൽകുന്നത്.
കടമെടുത്ത ഒരു വികസനരൂപരേഖ
സർക്കാരിന്റെ സമുദ്രവികസന നയമായ മിഷൻ സമുദ്രയെ പലപ്പോഴും സിംഗപ്പൂരിന്റെയോ സിയാറ്റിലിന്റെയോ മാതൃകകൾ ചൂണ്ടിക്കാട്ടിയാണ് പ്രചരിപ്പിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്നത്. എന്നാൽ, വസ്തുതകളുടെ അടിസ്ഥാനത്തിൽ പരിശോധിച്ചാൽ ആ താരതമ്യം നിലനിൽക്കുന്നതല്ലെന്ന് കാണാം. മാതൃകകളായി എടുത്തുകാട്ടുന്ന തുറമുഖങ്ങൾ പ്രകൃതിദത്തമായി സംരക്ഷിക്കപ്പെട്ട ഉൾക്കടലുകളിലോ കടലിടുക്കുകളിലോ ആണ് സ്ഥിതിചെയ്യുന്നത്. കേരളത്തിന്റെ തീരമാകട്ടെ അറബിക്കടലിലേക്ക് നേരിട്ട് തുറന്നുകിടക്കുന്നതാണ്. ഇവിടെ ശക്തമായ തിരമാലകളും മൺസൂൺ കാലത്തെ കടൽക്ഷോഭവും നിരന്തരം മാറിക്കൊണ്ടിരിക്കുന്ന മണൽച്ചാലുകളും സാധാരണമാണ്. അതിനാൽ കേരളത്തിൽ വലിയ തുറമുഖങ്ങൾ നിർമിക്കാൻ നീണ്ട പുലിമുട്ടുകളും തുടർച്ചയായ ഡ്രഡ്ജിങ്ങും ആവശ്യമായി വരും. ഇത് തീരത്തെ സ്വാഭാവിക മണൽനീക്കത്തെ തകിടംമറിക്കും.

വിഴിഞ്ഞം തുറമുഖത്തിന് സമീപമുണ്ടായ തീരശോഷണം ഇതിനൊരു ഉദാഹരണമാണ്. അവിടത്തെ നിർമാണ പ്രവർത്തനങ്ങളുടെ ഫലമായി സമീപത്തെ മത്സ്യബന്ധന ഗ്രാമങ്ങളിലെ കടൽത്തീരങ്ങൾ നശിക്കുകയും ചുരുങ്ങുകയും ചെയ്തുവെന്നാണ് വിമർശനം. ശാന്തമായ കടൽപ്രദേശങ്ങൾക്കായി രൂപകൽപ്പന ചെയ്ത തുറമുഖ മാതൃക ശക്തമായ തിരമാലകളുള്ള തീരത്ത് അതേപടി നടപ്പാക്കാൻ കഴിയില്ല.
കേരളത്തിന്റെ തീരപ്രദേശം ആളൊഴിഞ്ഞ ഭൂമിയല്ല. സംസ്ഥാനത്തിന്റെ ശരാശരി ജനസാന്ദ്രത തന്നെ വളരെ ഉയർന്നതാണെങ്കിലും തീരദേശ മേഖലകളിൽ അതിലും കൂടുതൽ ആളുകൾ താമസിക്കുന്നു. ആയിരക്കണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ വീടുകളും തൊഴിലിടങ്ങളുമാണ് ഈ പ്രദേശങ്ങൾ. ഇവയെ വ്യവസായ പദ്ധതികൾക്കായി ലഭ്യമായ ഒഴിഞ്ഞ ഭൂമിയായി കണക്കാക്കുന്നത് അവിടെ ജീവിക്കുന്ന ജനങ്ങളെ അവഗണിക്കുന്ന സമീപനമാണ്. ഇത് കുടിയൊഴിപ്പിക്കലിനും ദാരിദ്ര്യത്തിനും സാമൂഹിക സംഘർഷങ്ങൾക്കും വഴിവയ്ക്കും.
നാം മറക്കുന്ന മത്സ്യസമ്പത്ത്
കേരളത്തിന്റെ കടൽ പ്രതിവർഷം ഏകദേശം നാല് മുതൽ ആറ് ലക്ഷം ടൺ വരെ മത്സ്യം നൽകുന്നു. ഒരു തുറമുഖമോ വെയർഹൗസോ പോലെയല്ല, ശരിയായി പരിപാലിച്ചാൽ സ്വയം പുനരുജ്ജീവിക്കാൻ കഴിയുന്ന വിഭവമാണിത്.

ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ഉപജീവനമാർഗമാണിത്. കൂടാതെ, കേരളത്തിലെ ജനങ്ങൾക്ക് താങ്ങാവുന്ന വിലയിൽ ലഭിക്കുന്ന പ്രധാന പ്രോട്ടീൻ സ്രോതസ്സുകൂടിയാണ് മത്സ്യം. ഈ വിഭവത്തിന്റെ സംരക്ഷണത്തിന് മുൻഗണന നൽകാത്ത ഒരു സമുദ്രവികസന പദ്ധതി പരാജയമാണെന്ന് പറയാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. സ്വകാര്യ നിയന്ത്രണത്തിലാകുന്ന കപ്പൽപ്പാതകൾ, എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള തീരപ്രവേശനം, സ്വകാര്യ ഓപ്പറേറ്റർമാർക്ക് കൈമാറുന്ന മത്സ്യബന്ധന ഇറക്കിടങ്ങൾ എന്നിവയെല്ലാം മത്സ്യബന്ധന സമ്പദ്വ്യവസ്ഥയെ ദുർബലപ്പെടുത്തും. നിലനിൽക്കുന്ന ഒരു സമൂഹാധിഷ്ഠിത സമ്പദ്വ്യവസ്ഥയെ ഹ്രസ്വകാല റിയൽ എസ്റ്റേറ്റ് താൽപ്പര്യങ്ങൾക്കുവേണ്ടി കൈമാറ്റം ചെയ്യുകയാണ് ഇതിലൂടെ സംഭവിക്കുക. അതിന്റെ വില സംസ്ഥാനത്തിന്റെ ഭക്ഷ്യസുരക്ഷയും നൽകേണ്ടിവരും.
തീരദേശ നിയന്ത്രണ നിയമങ്ങളെ മറുവശത്തുനിന്ന് വായിക്കുമ്പോൾ
കേന്ദ്ര സർക്കാരിന്റെ തീരദേശ നിയന്ത്രണ മേഖലാ (CRZ) ചട്ടങ്ങൾക്ക് വിരുദ്ധമായി സംസ്ഥാന നിയമത്തിന് പ്രവർത്തിക്കാനാവില്ല. ബോർഡിന് തീരുമാനമെടുത്ത് അവയെ അസാധുവാക്കാനും സാധിക്കില്ല. എന്നാൽ, ലാൻഡ് ബാങ്ക് ഈ ചട്ടങ്ങളിലെ പഴുതുകളും ഇളവുകളും ഉപയോഗപ്പെടുത്താനുള്ള സംവിധാനമായി രൂപകൽപ്പന ചെയ്തതാണെന്ന ആശങ്കയുണ്ട്. പ്രധാനമായും മൂന്ന് മാർഗങ്ങളിലൂടെയാണ് ഇത് സാധ്യമാകുക.
ഒന്നാമതായി, സി.ആർ.സെഡ് (CRZ) ചട്ടങ്ങൾ പരിസ്ഥിതിപ്രാധാന്യമുള്ള തീരദേശ മേഖലകളിൽ പുതിയ വ്യവസായങ്ങൾ സ്ഥാപിക്കുന്നത് വിലക്കുന്നു. എന്നാൽ, തുറമുഖങ്ങൾ, ജെട്ടികൾ തുടങ്ങിയ തീരത്തോട് ചേർന്നുള്ള അനിവാര്യ സൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ചില ഇളവുകളുണ്ട്. വലിയ ഭൂവിഭാഗങ്ങളെ മാരിടൈം ലാൻഡ് ബാങ്കിന്റെ കീഴിൽ ഏകോപിപ്പിക്കുന്നതിലൂടെ ഗോഡൗണുകളെയും വാണിജ്യ പദ്ധതികളെയും ‘തുറമുഖവുമായി ബന്ധപ്പെട്ടവ’ എന്ന് വിശേഷിപ്പിച്ച് നിലവിലുള്ള പാരിസ്ഥിതിക നിയന്ത്രണങ്ങൾ മറികടക്കാൻ സംസ്ഥാനത്തിന് അവസരമൊരുങ്ങാം.

രണ്ടാമതായി, ജനസാന്ദ്രതയേറിയ ഗ്രാമീണ തീരപ്രദേശങ്ങളിലെ വികസനനിരോധിത മേഖലയുടെ (No-Development Zone) പരിധി ഉയർന്ന വേലിയേറ്റരേഖയിൽ നിന്ന് (High Tide Line) 200 മീറ്റർ എന്നതിൽ നിന്ന് 50 മീറ്ററായി ചുരുക്കിയിട്ടുണ്ട്. ഇതിലൂടെ വികസന നിയന്ത്രണങ്ങളിൽ ഇളവ് ലഭിക്കുന്ന 150 മീറ്റർ വീതിയുള്ള ഭൂവിഭാഗങ്ങൾ, അവയ്ക്കുമേലുള്ള കൂട്ടായ അവകാശങ്ങൾ പ്രാദേശിക സമൂഹങ്ങൾ നിയമപരമായി ഉറപ്പാക്കുന്നതിനു മുമ്പുതന്നെ, വിനോദസഞ്ചാര-വാണിജ്യ പദ്ധതികൾക്കായി ലാൻഡ് ബാങ്കിലേക്ക് ഏറ്റെടുക്കാൻ കഴിയും.
മൂന്നാമതായി, സമുദ്രനിരപ്പ് ഉയരുന്നതുമൂലമുള്ള അപകടസാധ്യതകൾ തിരിച്ചറിയുന്നതിനും സംരക്ഷണ നടപടികൾ ആസൂത്രണം ചെയ്യുന്നതിനുമായി സംസ്ഥാനങ്ങൾ അപകടരേഖ (Hazard Line) നിർണയിക്കുകയും ഭൂപടത്തിൽ രേഖപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. പോർട്ട് ഏരിയ ഡെവലപ്മെന്റ് അതോറിറ്റികൾ വഴി (സെക്ഷൻ 103) ലാൻഡ് ബാങ്കിന്റെ ആസ്തികൾ സംരക്ഷിക്കുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കാൻ സംസ്ഥാനത്തിന് കഴിയും. ഇതിനായി സമൂഹങ്ങളുടെ നേതൃത്വത്തിലുള്ള സംരക്ഷണ പ്രവർത്തനങ്ങളെയോ അപകടസാധ്യതയുള്ള തീരങ്ങളിൽ നിന്ന് ആസൂത്രിതമായി മാറിത്താമസിക്കുന്ന സമീപനത്തെയോ (managed retreat) പ്രോത്സാഹിപ്പിക്കുന്നതിനു പകരം, നമ്മുടെ തീരപ്രദേശത്തിന്റെ 300 കിലോമീറ്ററിലധികം ഭാഗങ്ങളിൽ ഇതിനകം സ്ഥാപിച്ചിട്ടുള്ള കടൽഭിത്തികളെയും (seawalls) ടെട്രാപോഡുകളെയും (tetrapods) കൂടുതലായി ആശ്രയിക്കാനിടയുണ്ട്.
യഥാർത്ഥ കാരണം സാമ്പത്തിക വീഴ്ചകളാണോ?
ഈ നടപടിക്ക് കാരണം കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (CAG) ഓഡിറ്റ് കണ്ടെത്തലുകളാണെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ, സാമ്പത്തിക ക്രമക്കേടുകൾ ഈ ബോർഡിന് മാത്രം പ്രത്യേകമായ ഒന്നല്ല. കെ.എസ്.ആർ.ടി.സി. (KSRTC) വളരെക്കാലമായി വാർഷിക കണക്കുകൾ സമർപ്പിച്ചിട്ടില്ല. 105-ലധികം പൊതുമേഖലാ സ്ഥാപനങ്ങൾ കൃത്യസമയത്ത് സാമ്പത്തിക പ്രസ്താവനകൾ സമർപ്പിച്ചിട്ടില്ല. പ്രവർത്തനക്ഷമമായ 131 സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിൽ 63 മുതൽ 66 വരെ സ്ഥാപനങ്ങൾ പതിവായി വലിയ നഷ്ടമാണ് രേഖപ്പെടുത്തുന്നത്. എന്നിട്ടും അവയിലൊന്നുപോലും പിരിച്ചുവിട്ടിട്ടില്ല എന്നത് ഓർക്കേണ്ടതുണ്ട്.

മറ്റ് സ്ഥാപനങ്ങളെ ഒഴിവാക്കി ഈ ബോർഡിനെ മാത്രം ലക്ഷ്യമിട്ട നടപടിയുടെ സമയമാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം (Vizhinjam International Seaport) പ്രവർത്തനം ആരംഭിക്കുകയും മിഷൻ സമുദ്ര പദ്ധതിക്ക് തുടക്കമിടുകയും ചെയ്ത ഘട്ടമാണിത്. തങ്ങളുടെ കീഴിലുള്ള 17 ചെറുകിട തുറമുഖങ്ങളിൽ 13 എണ്ണത്തിനും, അതായത് ഏകദേശം 76 ശതമാനത്തിനും, അടിസ്ഥാന സൗകര്യങ്ങളോ കാര്യമായ പ്രവർത്തനങ്ങളോ ഇല്ലെന്ന് ബോർഡ് തന്നെ സർക്കാരിനെ അറിയിച്ചിരുന്നു.
ഞങ്ങളുടെ വിലയിരുത്തലിൽ, പുതിയ വികസന പദ്ധതികളുമായി പൊരുത്തപ്പെടാത്ത ബോർഡിനെ ഒഴിവാക്കി, പകരം മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സംവിധാനം കൊണ്ടുവരികയാണ് ചെയ്തത്. സിഎജി ഓഡിറ്റിനെ പ്രധാന കാരണമായി ഉയർത്തിക്കാട്ടുന്നതിലൂടെ ഈ നടപടിയോടുള്ള വിയോജിപ്പുകളെ മറികടക്കാൻ സർക്കാരിന് കഴിയും. ഉദാഹരണത്തിന്, പഞ്ചായത്തുകൾ ഈ നടപടിക്കെതിരെ എതിർപ്പ് പ്രകടിപ്പിക്കുകയാണെങ്കിൽ, അവ മോശം ഭരണരീതിയെ സംരക്ഷിക്കുകയാണെന്ന ആരോപണം നേരിടേണ്ടിവരും.
ഉറപ്പുകളും സംശയങ്ങളും
ബിൽ അവതരിപ്പിക്കവെ, സമുദ്രവികസനം പരിസ്ഥിതിയുടെയോ തീരദേശ സമൂഹങ്ങളുടെയോ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാകില്ലെന്നും വലിയ തോതിലുള്ള കടൽ നികത്തലോ (land reclamation) വീടുകളിൽ നിന്നുള്ള നിർബന്ധിത കുടിയൊഴിപ്പിക്കലോ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ ഉറപ്പുനൽകി. തീരദേശ സമൂഹങ്ങളിലെ കുട്ടികൾക്ക് തൊഴിൽ സംവരണം ഏർപ്പെടുത്തുമെന്ന നിർദേശവും അദ്ദേഹം മുന്നോട്ടുവച്ചു.
എന്നാൽ, മത്സ്യത്തൊഴിലാളി സംഘടനകൾക്ക് ഈ ഉറപ്പുകളിൽ വിശ്വാസമില്ല. വിഴിഞ്ഞം പദ്ധതിയുടെ അനുഭവമാണ് അവർ ഓർക്കുന്നത്. അവിടെ പല തീരദേശ സമൂഹങ്ങളും തീരശോഷണത്തിന്റെ ദുരിതം അനുഭവിക്കുകയും പരമ്പരാഗത മത്സ്യബന്ധന മേഖലകൾ നഷ്ടപ്പെടുകയും ചെയ്തിരുന്നു.

അതുകൊണ്ടാണ് അവരുടെ പ്രതിഷേധങ്ങൾ ഇപ്പോൾ തീരദേശപാതയ്ക്കുള്ള (കോസ്റ്റൽ ഹൈവേ) ഭൂമിയേറ്റെടുക്കലിനെതിരായ സമരങ്ങളുമായും സ്വകാര്യ കടൽഖനന (sea-mining) പദ്ധതികൾക്കെതിരായ പ്രതിഷേധങ്ങളുമായും ചേർന്നുപോകുന്നത്.
അവരുടെ വാദം വളരെ ലളിതമാണ്:
സാമ്പത്തിക നഷ്ടപരിഹാരമോ ധനസഹായ പാക്കേജോ കടൽത്തീരത്തിലേക്കുള്ള പ്രവേശനാവകാശത്തിന് പകരമാകില്ല. തീരദേശ പൊതുസ്വത്തിലേക്കുള്ള (coastal commons) പ്രവേശനം നഷ്ടപ്പെട്ടാൽ ഒരു മത്സ്യത്തൊഴിലാളി കുടുംബത്തിന് അവരുടെ ഉപജീവനമാർഗവും സാമ്പത്തിക സ്വാതന്ത്ര്യവും നഷ്ടമാകും. അതിന് പകരമായി എത്ര പണം നൽകിയാലും അവരുടെ ജീവിതരീതിയും സ്വയംപര്യാപ്തതയും വീണ്ടെടുക്കാനാവില്ല.
തീരദേശ വികസനം വേണം. പക്ഷേ, അത് പ്രാദേശിക സമൂഹങ്ങളുടെ അവകാശങ്ങൾക്കും പരിസ്ഥിതിക്കും ഉപജീവനമാർഗങ്ങൾക്കും ഭീഷണിയാകരുത്.
വികസന പദ്ധതികൾ കേരളത്തിന്റെ സാമൂഹികവും പാരിസ്ഥിതികവുമായ യാഥാർത്ഥ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാകണം. അല്ലാതെ കേരളവുമായി ഭൂമിശാസ്ത്രപരമോ പാരിസ്ഥിതികമോ ആയ സാമ്യമില്ലാത്ത വിദേശ മാതൃകകളെ അനുകരിച്ചല്ല അവ നടപ്പാക്കേണ്ടത്.
എന്താണ് ചെയ്യേണ്ടത്?
സർക്കാരിനോട് ആറ് പ്രധാന അഭ്യർത്ഥനകളാണ് മുന്നോട്ടുവയ്ക്കാനുള്ളത്.
- സെക്ഷൻ 22Aയും 103ഉം ഉടൻ പുനഃപരിശോധിക്കുക.
- തീരദേശ പഞ്ചായത്തുകളുടെ അധികാരം ഉറപ്പാക്കുക. അവരുടെ പ്രദേശങ്ങളിലെ ഭൂമി കൈമാറ്റങ്ങളിലും മേഖലാവിന്യാസ (zoning) തീരുമാനങ്ങളിലും യഥാർത്ഥ വീറ്റോ (veto) അധികാരം നിലനിർത്തുക.
- പബ്ലിക് ട്രസ്റ്റ് സിദ്ധാന്തം (Public Trust Doctrine) മാനിക്കുക. കടൽത്തീരത്തിന്റെയും തീരജലങ്ങളുടെയും ഉടമയായല്ല, മറിച്ച് അവയുടെ സംരക്ഷകനും ട്രസ്റ്റിയുമായാണ് സംസ്ഥാനം പ്രവർത്തിക്കേണ്ടത്.
- പരമ്പരാഗത മത്സ്യബന്ധന സമൂഹങ്ങളുടെ ഉപജീവനാവകാശങ്ങൾ സംരക്ഷിക്കുക. ഈ അവകാശങ്ങൾ തീരദേശ വിഭവപരിപാലനത്തിന്റെ കേന്ദ്ര മുൻഗണനയായി തുടരണം. തീരദേശ പൊതുസ്വത്തിന്മേലുള്ള അവരുടെ കൂട്ടായ ഭൂവുടമസ്ഥതയ്ക്കും അവകാശങ്ങൾക്കും നിയമപരമായ അംഗീകാരം നൽകുകയും വേണം.
- സ്വതന്ത്ര ആഘാതപഠനം നിർബന്ധമാക്കുക. ഏതെങ്കിലും സമുദ്രവികസന പദ്ധതി നടപ്പാക്കുന്നതിനു മുമ്പ്, പ്രതിവർഷം ലഭിക്കുന്ന നാല് മുതൽ ആറ് ലക്ഷം ടൺ വരെയുള്ള മത്സ്യസമ്പത്തിൽ അത് സൃഷ്ടിക്കുന്ന ആഘാതത്തെക്കുറിച്ച് സ്വതന്ത്ര പഠനം നടത്തണം.
- കേരളത്തിന് അനുയോജ്യമായ വികസന മാതൃക സ്വീകരിക്കുക. സിംഗപ്പൂരിനെയോ സിയാറ്റിലിനെയോ മാതൃകയാക്കുന്ന തെറ്റായ താരതമ്യങ്ങൾ ഉപേക്ഷിക്കുക. പകരം, കേരളത്തിന്റെ പരിസ്ഥിതി, ജനസാന്ദ്രത, സാമൂഹിക യാഥാർത്ഥ്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള വികസന മാതൃക സ്വീകരിക്കുക.
നിഗമനം
കേരളത്തിന് വികസനവും തുറമുഖങ്ങളും വേണം. എന്നാൽ, തീരപ്രദേശം വെറും വികസന പദ്ധതികൾക്കുള്ള ഭൂമിയല്ല; സ്വയം പുനരുജ്ജീവിക്കുന്ന മത്സ്യസമ്പത്തും തലമുറകളായി അവകാശങ്ങളോടെ ജീവിക്കുന്ന ജനങ്ങളും ഉൾക്കൊള്ളുന്ന സജീവമായ ആവാസവ്യവസ്ഥയാണത്. മത്സ്യത്തൊഴിലാളികളുടെയും തീരദേശ സമൂഹങ്ങളുടെയും അവകാശങ്ങളെ വികസനത്തിന് തടസ്സമായി കാണുന്ന സമീപനം വികസനത്തിന്റെ അടിത്തറതന്നെ ദുർബലപ്പെടുത്തും. അവരുടെ ജീവിതവും ഉപജീവനവും സംസ്കാരവും തീരദേശ പരിസ്ഥിതിയും സംരക്ഷിക്കാത്ത വികസനം യഥാർത്ഥ വികസനമല്ല; അത് ദീർഘകാലം നിലനിൽക്കുകയുമില്ല.





