A Unique Multilingual Media Platform

Articles Development Economy National Politics Protest

ഇന്ത്യൻ കർഷകർ തെരുവിൽ തുടരുന്നത് എന്തുകൊണ്ട്: കാർഷിക പ്രതിസന്ധിയെക്കുറിച്ച് വിജൂ കൃഷ്ണൻ

  • November 12, 2026
  • 1 min read
ഇന്ത്യൻ കർഷകർ തെരുവിൽ തുടരുന്നത് എന്തുകൊണ്ട്: കാർഷിക പ്രതിസന്ധിയെക്കുറിച്ച് വിജൂ കൃഷ്ണൻ

അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറിയും സി.പി.ഐ.(എം) പോളിറ്റ് ബ്യൂറോ അംഗവുമായ സഖാവ് ഡോ. വിജൂ കൃഷ്ണനുമായി നടത്തിയ അഭിമുഖം.


ഇന്ത്യൻ കാർഷിക മേഖലയിലെ പ്രതിസന്ധി ഇന്ന് കാർഷിക ഉൽപ്പാദനവുമായി മാത്രം ബന്ധപ്പെട്ട ഒന്നല്ല. രാജ്യത്തിന്റെ സാമ്പത്തിക നയങ്ങൾ, ഭൂബന്ധങ്ങൾ, ഗ്രാമീണ തൊഴിൽ, ഭക്ഷ്യസുരക്ഷ, കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനം എന്നിവയുമായി അത് ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. വർധിച്ചുവരുന്നകടബാധ്യത, കുറയുന്ന വരുമാനം, മിനിമം താങ്ങുവില സംബന്ധിച്ച (എം.എസ്.പി.) അനിശ്ചിതത്വം, ഭൂരഹിതാവസ്ഥ, കാർഷിക മേഖലയിലെ കോർപ്പറേറ്റ് മൂലധനത്തിന്റെ വർധിച്ചുവരുന്ന സ്വാധീനം എന്നിവ ഇന്ത്യൻ കർഷകരെ പ്രതിസന്ധിയിലാക്കുന്ന ഈ കാലഘട്ടത്തിൽ, സംഘടിത കർഷക പ്രസ്ഥാനങ്ങളുടെ പങ്ക് ഏറെ നിർണായകമാണ്.

ഡോ. വിജൂ കൃഷ്ണൻ

ഈ പോരാട്ടങ്ങളിലെ പ്രമുഖ നേതാക്കളിലൊരാളാണ് അഖിലേന്ത്യാ കിസാൻ സഭ (എ.ഐ.കെ.എസ്.) ജനറൽ സെക്രട്ടറിയും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) പോളിറ്റ് ബ്യൂറോ അംഗവുമായ സഖാവ് ഡോ. വിജൂ കൃഷ്ണൻ. കർഷക പ്രസ്ഥാനങ്ങൾക്ക് പേരുകേട്ട കണ്ണൂർ ജില്ലയിലെ കരിവെള്ളൂർ സ്വദേശിയായ അദ്ദേഹം ജവാഹർലാൽ നെഹ്‌റുസർവകലാശാലയിൽ (ജെ.എൻ.യു.) നിന്ന് എം.ഫിൽ., പി.എച്ച്.ഡി. ബിരുദങ്ങൾ നേടി. ജെ.എൻ.യു. വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റായും ബെംഗളൂരുവിലെ സെന്റ് ജോസഫ്സ് കോളേജിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവിയായും പ്രവർത്തിച്ച ശേഷം, മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിനായി അദ്ദേഹം അധ്യാപനരംഗം വിടുകയായിരുന്നു.

സമകാലിക ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട പല കർഷക പ്രക്ഷോഭങ്ങളുമായും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ബന്ധപ്പെട്ടിരിക്കുന്നു. 2018-ലെ ചരിത്രപ്രസിദ്ധമായ നാസിക്-മുംബൈ കിസാൻ ലോങ് മാർച്ച്, 2020-21 കാലഘട്ടത്തിലെ മൂന്ന് വിവാദ കാർഷിക നിയമങ്ങൾക്കെതിരായ രാജ്യവ്യാപക കർഷക പ്രക്ഷോഭം എന്നിവയിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. ഭൂപരിഷ്കരണം, കർഷകരുടെ കടബാധ്യത, കാർഷിക തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങൾ, കാർഷിക സമ്പദ്‌വ്യവസ്ഥ നേരിടുന്ന വെല്ലുവിളികൾ എന്നിവ കേന്ദ്രീകരിച്ചാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ. ഇവയ്ക്കു പുറമെ, ഭൂപരിഷ്കരണത്തിനും സാമൂഹിക നീതിക്കും വേണ്ടി പോരാടുന്ന പ്രസ്ഥാനത്തെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്.

2020-21 ലെ കർഷക പ്രക്ഷോഭകാലത്ത്, കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിംഘു അതിർത്തിയിൽ തടിച്ചുകൂടിയ കർഷകർ.

ഇന്ത്യൻ കാർഷിക വ്യവസ്ഥയുടെ നിലവിലെ അവസ്ഥ, തുടരുന്ന കാർഷിക പ്രതിസന്ധി, കർഷക പ്രസ്ഥാനങ്ങളുടെ ഭാവി,താങ്ങുവിലയ്ക്ക് നിയമപരിരക്ഷ ഉറപ്പാക്കാനുള്ള പോരാട്ടം, കോർപ്പറേറ്റ് താൽപര്യങ്ങളും കൃഷിയും തമ്മിലുള്ള ബന്ധം, ഗ്രാമീണ ജനത നേരിടുന്ന സാമ്പത്തികവും രാഷ്ട്രീയവുമായ വെല്ലുവിളികൾ എന്നിവയെക്കുറിച്ച് ഡോ. വിജൂ കൃഷ്ണൻ സംസാരിക്കുന്നു. കേന്ദ്രത്തിലെ ബി.ജെ.പി. നേതൃത്വത്തിലുള്ള എൻ.ഡി.എ. സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങളെ അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിക്കുന്നു.

കൂടാതെ, കർഷക പ്രസ്ഥാനങ്ങളുടെ മാറുന്ന സ്വഭാവം, കർഷകരും കാർഷിക തൊഴിലാളികളും തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്താനുള്ള സാധ്യതകൾ, അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഭാവി എന്നിവയും അദ്ദേഹം വിശദീകരിക്കുന്നു.


നാരായണ മൂർത്തി: അകോലെയിൽ നിന്ന് ആരംഭിച്ച സമീപകാലത്തെ കിസാൻ ലോങ് മാർച്ചിനെക്കുറിച്ച് സംസാരിച്ചു തുടങ്ങാം. അശോക് ധാവ്ളെയ്ക്കും മറ്റുള്ളവർക്കുമൊപ്പം ആ മാർച്ചിന് നേതൃത്വം നൽകിയപ്പോഴുണ്ടായ അനുഭവങ്ങൾ എന്തൊക്കെയായിരുന്നു?

വിജൂ കൃഷ്ണൻ: മുൻപത്തെപ്പോലെ തന്നെ, ഇത്തവണയും ആവേശം പകരുന്ന അനുഭവമായിരുന്നു. കർഷകപോരാട്ടങ്ങൾക്ക് പുതുഊർജം പകരാൻ അത് സഹായിച്ചു. ചുവന്ന പതാകകളേന്തി കർഷകരും കാർഷിക തൊഴിലാളികളും ആദിവാസികളും കാൽനടയായും വാഹനങ്ങളിലുമായി മാർച്ച് ചെയ്തു. മാർച്ച് പൂർത്തിയാകുന്നതിന് മുമ്പുതന്നെമഹാരാഷ്ട്ര സർക്കാർ ചർച്ചകൾക്കായി മുന്നോട്ടുവന്നു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, സുനേത്ര പവാർ എന്നിവർ ഞങ്ങളുടെ പ്രതിനിധിസംഘവുമായി ചർച്ച നടത്തി.

ഡോ. വിജൂ കൃഷ്ണന്റെയും ഓൾ ഇന്ത്യ കിസാൻ സഭയുടെയും നേതൃത്വത്തിൽ അകോലെയിൽ നിന്ന് മുംബൈയിലേക്ക് നടന്ന കർഷക ലോങ് മാർച്ച്.

മഹാരാഷ്ട്രയിലെ 36 ജില്ലകളിൽ 32-ഉം കടുത്ത വരൾച്ചയുടെ പിടിയിലാണ്. കൃഷിയെ ആശ്രയിക്കുന്ന ദശലക്ഷക്കണക്കിന് ആളുകൾ അതിജീവനത്തിനായി പോരാടുകയാണ്. കിസാൻ സഭയുടെ നേതൃത്വത്തിൽ നടന്ന ലോങ് മാർച്ച് അവരുടെ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനും അടിയന്തര നടപടികൾക്ക് സർക്കാരിനെ പ്രേരിപ്പിക്കാനും സഹായിച്ചു. കൂടാതെ, ഈ സമരം ഒരു ദേശീയ വിഷയമായി മാറിയതോടെ രാജ്യത്തുടനീളമുള്ള കർഷകരുടെയും പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളുടെയും ആശങ്കകൾ ഭരണാധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ കഴിഞ്ഞു. അന്താരാഷ്ട്രതലത്തിലും ഈ പോരാട്ടം ശ്രദ്ധിക്കപ്പെട്ടു. ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ഇത്തരം പോരാട്ടങ്ങൾ ഒരു തുടർപ്രക്രിയയായി മാറേണ്ടതുണ്ട്. മറ്റ് കർഷക സംഘടനകളെ ഏകോപിപ്പിച്ചുകൊണ്ട് കിസാൻ സഭ ഈ പോരാട്ടങ്ങളുടെ മുൻനിരയിലുണ്ടാകും.

നാരായണ മൂർത്തി: മുൻപും താങ്കൾ പല ലോങ് മാർച്ചുകളും സംഘടിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടല്ലോ. ആ പോരാട്ടങ്ങൾ ഉദ്ദേശിച്ച ലക്ഷ്യങ്ങൾ കൈവരിച്ചതായി വിശ്വസിക്കുന്നുണ്ടോ?

വിജൂ കൃഷ്ണൻ: അവ പൂർണ വിജയം നേടിയിരുന്നെങ്കിൽ, ഞങ്ങൾക്ക് വീണ്ടും ലോങ് മാർച്ചുകൾ സംഘടിപ്പിക്കേണ്ടി വരില്ലായിരുന്നു.

ഞാൻ പങ്കെടുത്ത ആദ്യ ലോങ് മാർച്ച് 2015 ഏപ്രിൽ അവസാന വാരത്തിൽ കർണാടകയിലാണ് നടന്നത്. ബാഗേപള്ളിയിൽ നിന്ന് ആരംഭിച്ച മാർച്ച് ഏകദേശം 100 കിലോമീറ്റർ പിന്നിട്ട് ബെംഗളൂരുവിലെത്തി. അന്ന് കോലാർ, ചിക്കബെല്ലാപ്പൂർ, ബെംഗളൂരു റൂറൽ ജില്ലകളിൽ കടുത്ത വരൾച്ചയായിരുന്നു. കുടിവെള്ളവും ജലസേചന സൗകര്യങ്ങളും അടിയന്തരമായിലഭ്യമാക്കുക എന്നതായിരുന്നു പ്രധാന ആവശ്യം. തലമുറകളായി സർക്കാർ ഭൂമിയിൽ കൃഷി ചെയ്യുന്ന കർഷകർക്ക് (‘ബഗൈർ ഹുകും’ ഭൂമിയിലെ കർഷകർക്ക്) ഭൂമിയവകാശം നൽകുക, വരൾച്ച മൂലം വിളനാശം സംഭവിച്ച കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുക, ന്യായമായ താങ്ങുവില ഉറപ്പാക്കുക, വിളനാശത്തിന് നഷ്ടപരിഹാരം നൽകുക എന്നിവയായിരുന്നു മറ്റ് ആവശ്യങ്ങൾ.

ഡോ. ജി. എസ്. പരമശിവയ്യ

മാർച്ച് നഗരത്തിൽ പ്രവേശിച്ചപ്പോൾ മറ്റ് ജില്ലകളിൽ നിന്നുള്ള കർഷകരും ഒപ്പം ചേർന്നു. സർക്കാരിന് മുന്നിലുണ്ടായിരുന്ന എം. എസ്. പരമശിവയ്യ കമ്മിറ്റിയുടെ ശുപാർശകൾ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു. അന്ന് സിദ്ധരാമയ്യയുടെ നേതൃത്വത്തിലുണ്ടായിരുന്ന കോൺഗ്രസ് സർക്കാരിനെക്കൊണ്ട് പ്രധാനപ്പെട്ട ചില ആവശ്യങ്ങൾ അംഗീകരിപ്പിക്കാൻഞങ്ങൾക്ക് കഴിഞ്ഞു.

നാരായണ മൂർത്തി: അടുത്ത ലോങ് മാർച്ച് 2018-ലായിരുന്നോ?

വിജൂ കൃഷ്ണൻ: അതേ, 2018 മാർച്ച് 6 മുതൽ 12 വരെയായിരുന്നു അത്. നാസിക്കിലെ തപോവനിൽ നിന്ന് ആരംഭിച്ച മാർച്ച് 180 കിലോമീറ്റർ പിന്നിട്ട് മുംബൈയിലെ ആസാദ് മൈതാനത്ത് സമാപിച്ചു. 50,000-ത്തിലധികം ആദിവാസി കർഷകരും മറ്റുള്ളവരും പങ്കെടുത്തു. വനാവകാശ നിയമം നടപ്പിലാക്കുക, സ്വാമിനാഥൻ കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക, നദീസംയോജന പദ്ധതികൾ പുനഃസംഘടിപ്പിക്കുക, അശാസ്ത്രീയമായ ഭൂമി ഏറ്റെടുക്കൽ അവസാനിപ്പിക്കുക എന്നിവയായിരുന്നു ആവശ്യങ്ങൾ. മഹാരാഷ്ട്രയിലെ ജനങ്ങൾ നൽകിയ പിന്തുണ വാക്കുകൾക്ക് അതീതമായിരുന്നു. മാർച്ച് മുംബൈയിൽ പ്രവേശിച്ച ദിവസം വിദ്യാർത്ഥികൾക്ക്പരീക്ഷയുണ്ടായിരുന്നതിനാൽ, അവർക്ക് തടസ്സമുണ്ടാകാതിരിക്കാൻ കർഷകർ രാത്രി മുഴുവൻ നടന്നു. കാലിലെ മുറിവുകളിൽനിന്ന് ചോരയൊലിക്കുമ്പോഴും കർഷകർ നടന്നുനീങ്ങി.

അഭിഷേക് പട്ടിദാറിന്റെ മൃതദേഹവുമായി പ്രക്ഷോഭകർ മൗ-നീമുച്ച് ഹൈവേ ഉപരോധിക്കുന്നു.(2017 ജൂൺ 7)

അതുപോലെ 2017 ജൂണിൽ മധ്യപ്രദേശിലെ മൻഡ്സൗറിൽ നടന്ന കർഷക പ്രക്ഷോഭവും പോലീസിന്റെ വെടിവെപ്പിൽ ആറ് കർഷകർ കൊല്ലപ്പെട്ട സംഭവവും രാജ്യവ്യാപകമായി കർഷക ഐക്യം കെട്ടിപ്പടുക്കുന്നതിൽ നിർണായകമായി. വെളുത്തുള്ളി, ഉള്ളി, സോയാബീൻ എന്നിവ കൃഷി ചെയ്യുന്നവർക്ക് ന്യായമായ വില ലഭിക്കാത്തതായിരുന്നു പ്രക്ഷോഭത്തിന് കാരണം. കർഷകർക്ക് കിലോയ്ക്ക് ഒരു രൂപ ലഭിച്ചപ്പോൾ ഡൽഹിയിലെ റിലയൻസ് സ്റ്റോറുകളിൽ വെളുത്തുള്ളിക്ക് 146 രൂപയായിരുന്നു വില. അന്നത്തെ കേരളത്തിലെ എൽ.ഡി.എഫ്. സർക്കാർ വെളുത്തുള്ളിക്ക് തറവിലയായി 139 രൂപ നിശ്ചയിച്ചിരുന്നു. വിലത്തകർച്ചയെത്തുടർന്ന് കർഷകർ വിളകൾ റോഡിൽ ഉപേക്ഷിക്കുകയും വയലുകൾക്ക് തീയിടുകയും ചെയ്തു. ജൂൺ 1 മുതൽ 10 വരെ നടന്ന ‘ഗാവ് ബന്ദ്’ സമരത്തിനിടയിലാണ് ജൂൺ 6-ന് വെടിവെപ്പുണ്ടായത്. ഇത് രാജ്യവ്യാപക പ്രതിഷേധത്തിന് കാരണമായി. തുടർന്ന് മധ്യപ്രദേശ് സർക്കാർ ‘ഭവന്തർ ഭുഗ്തൻ യോജന’ പ്രഖ്യാപിച്ചെങ്കിലും അത് പരാജയപ്പെട്ടു. ഈ സംഭവത്തിന് ശേഷമാണ് രാജ്യത്തെ ഇരുനൂറോളം കർഷക സംഘടനകൾ ചേർന്ന് ‘അഖിലേന്ത്യാ കിസാൻ സംഘർഷ് കോഓർഡിനേഷൻ കമ്മിറ്റി’ (AIKSCC) രൂപീകരിച്ചത്. തുടർന്ന് നടന്ന കിസാൻ മുക്തി റാലികളും പാർലമെന്റ് സ്ട്രീറ്റിലെ കിസാൻ പാർലമെന്റും കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക നിയമനിർമ്മാണം വേണമെന്ന ആവശ്യം മുന്നോട്ടുവച്ചു.

നാരായണ മൂർത്തി: അഖിലേന്ത്യാ കിസാൻ സഭ സംഘടിപ്പിച്ച ‘ജയിൽ ഭരോ ആന്ദോളൻ’ എന്ന നിയമലംഘന സമരത്തെക്കുറിച്ചും അതിന്റെ പശ്ചാത്തലത്തെക്കുറിച്ചും വിശദീകരിക്കാമോ?

വിജൂ കൃഷ്ണൻ: ക്വിറ്റ് ഇന്ത്യ ദിനമായ 2018 ഓഗസ്റ്റ് 9-നാണ് ഈ സമരം നടന്നത്. ദശലക്ഷക്കണക്കിന് കർഷകരും കാർഷിക തൊഴിലാളികളും കടമെഴുതിത്തള്ളലിനും താങ്ങുവിലയ്ക്കുമായി ഹൈവേകളും റെയിൽവേ ട്രാക്കുകളും ഉപരോധിച്ചു. ഈ സമരത്തിലൂടെ രണ്ട് കാര്യങ്ങൾ നേടാൻ കഴിഞ്ഞു.

ഒന്ന്, പ്രതിപക്ഷ പാർട്ടികളെ കർഷകരുടെ കടുത്ത ദുരിതം ബോധ്യപ്പെടുത്താനും കേവല വാഗ്ദാനങ്ങൾക്കപ്പുറം രാഷ്ട്രീയമായി ഞങ്ങളെ പിന്തുണയ്ക്കാൻ അവരെ നിർബന്ധിതരാക്കാനും കഴിഞ്ഞു.

രണ്ട്, സമരങ്ങളുടെ ഫലമായി കടാശ്വാസ ബില്ലും കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ഉറപ്പാക്കുന്ന ബില്ലും പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ടു.

നാരായണ മൂർത്തി: സ്വാമിനാഥൻ കമ്മീഷൻ ശുപാർശകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ബില്ലുകൾ. എന്നിട്ടും എന്തുകൊണ്ടാണ് ആ ശുപാർശകൾ പൂർണമായി നടപ്പിലാക്കാത്തത്?

വിജൂ കൃഷ്ണൻ: പണപ്പെരുപ്പം, അമിത ഉൽപ്പാദനം, വിപണിയിലെ തടസ്സങ്ങൾ എന്നിവ ചൂണ്ടിക്കാട്ടി ഈ ശുപാർശകൾ നടപ്പാക്കുന്നതിൽനിന്ന് സർക്കാരുകൾ ഒഴിഞ്ഞുമാറുകയാണ്. കോർപ്പറേറ്റുകൾക്ക് കുറഞ്ഞ വിലയിൽ കാർഷിക ഉൽപ്പന്നങ്ങൾ ലഭ്യമാക്കുക എന്നതാണ് സർക്കാരുകളുടെ ലക്ഷ്യം. കോർപ്പറേറ്റ് മാധ്യമങ്ങളും ഇതിനെ പിന്തുണയ്ക്കുന്നു. C2 + 50% എന്നതായിരുന്നു സ്വാമിനാഥൻ കമ്മീഷന്റെ സൂത്രവാക്യം.

ഡോ.എം എസ് സ്വാമിനാഥൻ

അതായത്, സമഗ്രമായ ഉൽപ്പാദനച്ചെലവിനോടൊപ്പം (C2) 50 ശതമാനം കൂടി ചേർത്ത് താങ്ങുവില നിശ്ചയിക്കുക. എന്നാൽ ഇത് പണപ്പെരുപ്പത്തിന് കാരണമാകുമെന്നാണ് സർക്കാരിന്റെ വാദം. വിപണിയുടെയും കോർപ്പറേറ്റുകളുടെയും ലാഭം സംരക്ഷിക്കാനാണ് സർക്കാരുകൾ ശ്രമിക്കുന്നത്; കർഷകന്റെ അധ്വാനത്തിന് അവർ വില കൽപ്പിക്കുന്നില്ല.

നാരായണ മൂർത്തി: ഇത് നമ്മെ കർഷകരുടെ ആത്മഹത്യയെന്ന ഗുരുതരമായ വിഷയത്തിലേക്ക് നയിക്കുകയാണല്ലോ.

വിജൂ കൃഷ്ണൻ: എൻ.സി.ആർ.ബി. കണക്കുകൾ പ്രകാരം 2014 മുതൽ അഞ്ച് ലക്ഷത്തിലധികം കർഷകരും കാർഷിക തൊഴിലാളികളും ആത്മഹത്യ ചെയ്തു. യഥാർത്ഥ സംഖ്യ പത്തുലക്ഷത്തിലധികമായിരിക്കും.

ഭൂരഹിതരായ കർഷകർ, പാട്ടക്കർഷകർ, വനിതാ കർഷകർ, ആദിവാസി കർഷകർ എന്നിവരെ പലപ്പോഴും ഈ കണക്കുകളിൽ ഉൾപ്പെടുത്താറില്ല. പല സംസ്ഥാനങ്ങളും കണക്കുകളിൽ കൃത്രിമം കാണിക്കുന്നു. ബോധവൽക്കരണത്തിലൂടെ മാത്രം ഈ പ്രതിസന്ധി പരിഹരിക്കാനാവില്ല; പ്രതിസന്ധിഘട്ടങ്ങളിൽ ഭരണകൂടം ഒപ്പമുണ്ടാകുമെന്ന ഉറപ്പാണ് വേണ്ടത്. മഹാരാഷ്ട്രയിലും കർണാടകയിലുമാണ് കർഷകരുടെ ആത്മഹത്യകൾ ഏറ്റവും കൂടുതൽ.

നാരായണ മൂർത്തി: കാലാവസ്ഥാവ്യതിയാനം കർഷകർക്ക് വൻ ഭീഷണിയാണ്. ഇതിനെ നേരിടാൻ നമ്മുടെ കർഷകർ പ്രാപ്തരാണോ?

വിജൂ കൃഷ്ണൻ: എൽ നിനോ പോലുള്ള പ്രതിഭാസങ്ങളെക്കുറിച്ച് കർഷകരെ ഞങ്ങൾ ബോധവൽക്കരിക്കുന്നുണ്ടെങ്കിലും, സർക്കാരുകളാണ് നിർണായകമായി ഇടപെടേണ്ടത്. വ്യക്തമായ മാർഗനിർദേശങ്ങളോ പദ്ധതികളോ സർക്കാരുകൾക്കില്ല.വിത്തുകളിലും വളങ്ങളിലും ശാസ്ത്രീയമായ മാറ്റങ്ങൾ ആവശ്യമാണ്. എന്നാൽ ഗവേഷണങ്ങൾ വളരെ പരിമിതമാണ്.

പ്രധാനമന്ത്രി ഫസൽ ബീമാ യോജന (PMFBY) വഴി ഇൻഷുറൻസ് കമ്പനികൾക്ക് 57,000 കോടി രൂപ ലഭിച്ചെങ്കിലും കർഷകർക്ക് അർഹമായ ആനുകൂല്യം ലഭിച്ചില്ല. സി.എ.ജി. ഇത് ചൂണ്ടിക്കാണിച്ചിട്ടും നടപടിയുണ്ടായില്ല. രാജസ്ഥാനിലെ ചുരു ജില്ലയിൽ കിസാൻ സഭ ഇടപെട്ട് കർഷകർക്ക് 4,325 കോടി രൂപയുടെ ഇൻഷുറൻസ് നഷ്ടപരിഹാരം വാങ്ങിക്കൊടുത്തു. കർഷകരിൽനിന്നും സർക്കാരിൽനിന്നും പ്രീമിയം വാങ്ങുന്ന ഇൻഷുറൻസ് കമ്പനികൾ വൻ ലാഭമുണ്ടാക്കുകയാണ്.

നാരായണ മൂർത്തി: തെലങ്കാനയിലെ നൽഗൊണ്ടയിൽ ദേശീയ സമ്മേളനം നടക്കാനിരിക്കെ, കിസാൻ സഭയുടെ നിലവിലെസംഘടനാശേഷി എത്രത്തോളമാണ്?

വിജൂ കൃഷ്ണൻ: രാജ്യത്തെ 400-ലധികം ജില്ലകളിൽ ഞങ്ങൾ സജീവമാണ്. 1.58 കോടി (15.8 ദശലക്ഷം) അംഗങ്ങളുണ്ട്. 2018-ൽ ത്രിപുരയിൽ ഇടതുപക്ഷത്തിന് അധികാരം നഷ്ടപ്പെട്ടപ്പോൾ ഇടതുപക്ഷം പ്രസക്തമല്ലെന്ന് വലതുപക്ഷവും മാധ്യമങ്ങളും പ്രചരിപ്പിച്ചു. എന്നാൽ അതിനുശേഷമാണ് കിസാൻ സഭയുടെ അംഗസംഖ്യ ഗണ്യമായി വർധിച്ചത്. അഗർത്തല സമ്മേളനത്തിലെ റാലി ഇതിന് തെളിവാണ്. കൃഷിയെ സ്നേഹിക്കുന്ന ധാരാളം യുവാക്കളും ഉന്നതവിദ്യാഭ്യാസമുള്ള പ്രൊഫഷണലുകളും ഇന്ന് സംഘടനയിലേക്ക് വരുന്നുണ്ട്. ഉത്തർപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ ബി.ജെ.പി.യുടെ കർഷകവിരുദ്ധ നയങ്ങൾക്കെതിരെ ജനങ്ങളെ അണിനിരത്താൻ കഴിഞ്ഞു. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കാർഷികമേഖലകളിൽ ബി.ജെ.പി. സഖ്യത്തിന് 159 സീറ്റുകൾ നഷ്ടപ്പെടുന്നതിൽ കർഷക പ്രസ്ഥാനങ്ങൾ നിർണായക പങ്കുവഹിച്ചു.

നാരായണ മൂർത്തി: കർഷക പ്രസ്ഥാനങ്ങളോട് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ നിലപാട് എന്താണ്?

വിജൂ കൃഷ്ണൻ: അവർ ഇനിയും മുന്നോട്ടുവരേണ്ടതുണ്ട്. ഭൂരിഭാഗം പാർട്ടികളും നവഉദാരവൽക്കരണ നയങ്ങൾ പിന്തുടരുന്നത് കർഷകരെ പിന്തുണയ്ക്കുന്നതിന് തടസ്സമാകുന്നു. വാക്കുകളിലെ പിന്തുണയ്ക്കപ്പുറം, നവഉദാരവൽക്കരണ നയങ്ങളും സ്വതന്ത്ര വ്യാപാര നയങ്ങളും തിരുത്താനുള്ള പ്രായോഗിക നിലപാടാണ് ആവശ്യം. പ്രധാന പ്രതിപക്ഷ പാർട്ടിയായകോൺഗ്രസും സമാജ്‌വാദി പാർട്ടി പോലുള്ള പ്രസ്ഥാനങ്ങളും തങ്ങളുടെ കാർഷിക നയങ്ങൾ തിരുത്തി കർഷകർക്കൊപ്പം നിൽക്കുമെന്ന് രാജ്യം പ്രതീക്ഷിക്കുന്നു.

About Author

എം.കെ നാരായണ മൂർത്തി

മാധ്യമ പ്രവർത്തകൻ. Thou Newz എന്ന യൂട്യൂബ് വാർത്താ ചാനലിൻ്റെ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്നു. അറുപതിൽപരം രാജ്യങ്ങളിൽ യാത്ര ചെയ്ത് രാഷ്ട്രീയ - സാമുഹിക വിഷയങ്ങൾ പഠിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

0
Would love your thoughts, please comment.x
()
x