A Unique Multilingual Media Platform

Articles Everything Under The Sun GenZ History Jantar Mantar Media watch National Politics Protest

പൗണ്ഡ്രകന്റെ മായക്കാഴ്ചയും ജനാധിപത്യത്തിന്റെ പ്രതിസന്ധിയും

  • November 12, 2026
  • 1 min read
പൗണ്ഡ്രകന്റെ മായക്കാഴ്ചയും ജനാധിപത്യത്തിന്റെ പ്രതിസന്ധിയും

പണ്ടുപണ്ട് പൗണ്ഡ്രകൻ എന്നൊരു രാജാവുണ്ടായിരുന്നു. താൻ വാസുദേവനാണ് അഥവാ ദിവ്യാവതാരമാണെന്ന് സ്വയം പ്രഖ്യാപിച്ച അയാൾ നാല് വ്യാജകരങ്ങൾ ഘടിപ്പിച്ച കവചവും ആഭരണങ്ങളുമണിഞ്ഞ്, അതിൽ കൃത്രിമമായ താമരയും സുദർശനചക്രവുമേന്തി നടന്നു. സ്തുതിപാഠകരുടെയും ആജ്ഞാനുവർത്തികളുടെയും പിന്തുണയോടെ വൻ സൈന്യത്തെ സമാഹരിച്ച പൗണ്ഡ്രകൻ തന്റെ വാദം അടിച്ചേൽപ്പിക്കാനും വിയോജിപ്പുകളെ അടിച്ചമർത്താനുമായി സൈനികസഖ്യങ്ങൾ രൂപവത്കരിച്ചു.

യഥാർഥ വാസുദേവൻ കൃഷ്ണനാണെന്ന് അറിയാവുന്ന ജ്ഞാനികളായ ഉപദേശകരും ദൂതന്മാരും ഉൾപ്പെടെ, പൗണ്ഡ്രകന്റെ വാദങ്ങളുടെ നിരർഥകത ചൂണ്ടിക്കാണിച്ചവരെല്ലാം തടവറയോ സൈനികഭീഷണിയോ വധശിക്ഷയോ നേരിടേണ്ടി വന്നു. വാസുദേവൻ എന്ന ദിവ്യപദവി വിട്ടുകൊടുക്കണമെന്ന് അയാളുടെ ദൂതന്മാർ ആവശ്യപ്പെട്ടപ്പോൾ, യുദ്ധക്കളത്തിൽവെച്ച് കൃഷ്ണൻ പൗണ്ഡ്രകനെ വധിക്കുകയും മിഥ്യാധാരണ തകർത്തെറിയുകയും ചെയ്തു. മഹാഭാരതത്തിലും വിഷ്ണുപുരാണത്തിലും പൗണ്ഡ്രകന്റെ കഥ പരാമർശിക്കുന്നുണ്ട്.

ഹിന്ദു പുരാണങ്ങളിലെ ഒരു രാജാവായ പൗണ്ഡ്രക വാസുദേവൻ; താനാണ് വാസുദേവന്റെ യഥാർത്ഥ അവതാരമെന്ന് ഇദ്ദേഹം തെറ്റായി അവകാശപ്പെട്ടിരുന്നു.

കൃഷ്ണൻ പൗണ്ഡ്രകനെ തകർത്ത ആ കഥ നമുക്ക് തൽക്കാലം നിർത്താം. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടം ജനങ്ങളുടെ വിയോജിപ്പുകളോടും പ്രതിഷേധങ്ങളോടും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രതിപക്ഷത്തോടും സാധാരണ പൗരരോടും എങ്ങനെയാണ് പെരുമാറുന്നത് എന്ന പശ്ചാത്തലത്തിൽ, ഇന്ത്യയിലെ സമകാലിക സാഹചര്യമൊന്ന് വിശകലനം ചെയ്യാം.

പോളിംഗ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ

എസ്.ഐ.ആർ വഴി തിരഞ്ഞെടുപ്പ് കമീഷൻ 15 കോടിയിലധികം വോട്ടർമാരെ പട്ടികയിൽനിന്ന് നീക്കം ചെയ്തതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അടുത്ത വർഷമാദ്യം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിലെ പിലിഭിത്ത് സദർ നിയമസഭാമണ്ഡലത്തിൽ മാത്രം 10,470 വോട്ടർമാരുടെ പേരുകളിൽ ക്രമക്കേട് നടന്നതായി കമീഷന്റെതന്നെ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു.

ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഈ പ്രക്രിയ വോട്ടർമാരുടെ എണ്ണം 7.66 കോടിയിൽനിന്ന് 6.75 കോടിയായി കുറച്ചു; അതായത് സംസ്ഥാനത്തെ വോട്ടർമാരുടെ എണ്ണത്തിൽ 11.9 ശതമാനം കുറവുണ്ടായി. തങ്ങളുടെ പേര് നീക്കം ചെയ്തതിനെ ചോദ്യംചെയ്ത് സുപ്രീംകോടതി നിയോഗിച്ച ട്രൈബ്യൂണലുകളെ സമീപിച്ചവരിൽ 90 ശതമാനവും യഥാർഥ വോട്ടർമാരാണെന്ന് ജുഡീഷ്യൽ ഉദ്യോഗസ്ഥർ കണ്ടെത്തിയതായാണ് വിവരം. എന്നാൽ ട്രൈബ്യൂണലുകളിലെ സൗകര്യക്കുറവും സങ്കീർണമായ നടപടിക്രമങ്ങളും കാരണം, ‘മരിച്ചവരോ, കാണാതായവരോ, താമസം മാറിയവരോ’ എന്ന് മുദ്രകുത്തി ഒഴിവാക്കപ്പെട്ട, യഥാർഥത്തിൽ സ്വന്തം ഗ്രാമങ്ങളിലും പ്രദേശങ്ങളിലും ജീവനോടെയുള്ള ലക്ഷക്കണക്കിന് വോട്ടർമാരുടെ വിവരങ്ങൾ പരിശോധിച്ചുതീർക്കാൻ പതിറ്റാണ്ടുകൾ വേണ്ടിവന്നേക്കാം. ബിഹാർ, ജാർഖണ്ഡ്, കർണാടക, ഗോവ, ഡൽഹി തുടങ്ങി രാജ്യത്തിന്റെ പല ഭാഗങ്ങളിലും വോട്ടർപട്ടികയിൽനിന്ന് ആളുകളെ അപ്രത്യക്ഷമാക്കിയെന്ന ഇത്തരം ആരോപണങ്ങൾ നിലനിൽക്കുന്നു.

‘ഇന്ത്യ’ സഖ്യത്തിന്റെ ‘വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ’ റാലിക്കായി ദില്ലിയിലെ രാംലീല മൈതാനത്ത് ആയിരങ്ങൾ പങ്കെടുത്തു

വോട്ട് വെട്ടലിനെതിരെ രാജ്യമൊട്ടുക്ക് ജനങ്ങൾ പ്രതിഷേധത്തിലാണ്. മുഖ്യ തിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയും എസ്.ഐ.ആർ റദ്ദാക്കലും ആവശ്യപ്പെട്ട് നവംബർ ഒന്നിന് പ്രതിപക്ഷപാർട്ടികൾ ഡൽഹി രാംലീലാ മൈതാനിയിൽ മഹാറാലി സംഘടിപ്പിച്ചു. വോട്ടർപട്ടിക ക്രമക്കേടുകളിൽ മുഖ്യ തിരഞ്ഞെടുപ്പ് കമീഷണറുടെ പങ്കിനെ ചോദ്യംചെയ്തുകൊണ്ട് വ്യക്തികളും പൗരസമൂഹ സംഘടനകളും പ്രതിപക്ഷനേതാക്കളും സമർപ്പിച്ച ഹർജികൾ സുപ്രീംകോടതിക്കുമുന്നിൽ കുന്നുകൂടുകയാണ്.

ബി.ജെ.പി-ആർ.എസ്.എസ് അനുകൂലികളല്ലാത്ത ഏതാണ്ടെല്ലാ പൗരസമൂഹ സംഘടനകളും വിദ്യാർഥി പ്രസ്ഥാനങ്ങളും ജനവിഭാഗങ്ങളും നാല് മാസത്തോളമായി നിരന്തരം പ്രതിഷേധിച്ചുകൊണ്ടിരിക്കുന്നു. പ്രതിഷേധക്കാരോടും വിമർശകരോടും ഭരണകക്ഷി നേതാക്കളും ഹിന്ദുത്വപ്രവർത്തകരും പുലർത്തുന്ന സമീപനവും രീതികളും പൗണ്ഡ്രകരാജാവിന്റേതിനോട് അത്യധികം സാമ്യമുള്ളതാണ്. ഏകപക്ഷീയ നിലപാടുകളെ എതിർക്കുന്നവരെ “അരാജകവാദികൾ” എന്നും “ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന വിദേശഫണ്ട് വാങ്ങുന്ന ഗൂഢാലോചനക്കാർ” എന്നുമാണ് മുദ്രകുത്തുന്നത്.

സ്ഥാപകൻ അഭിജീത് ദിപ്‌കെയുടെ നേതൃത്വത്തിലുള്ള ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP) അംഗങ്ങളും അനുഭാവികളും ഒരു പ്രതിഷേധത്തിനിടെ ഇന്ത്യൻ ദേശീയ പതാക വീശുന്നു.

വാസുദേവപദവി വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പൗണ്ഡ്രകന്റെ സന്ദേശം ദൂതൻ വായിച്ചുകേൾപ്പിച്ചപ്പോൾ, ഉഗ്രസേനനും യദുവും ഉൾപ്പെടെയുള്ള കൃഷ്ണന്റെ സഭാവാസികൾ ആ വിവരക്കേടോർത്ത് ഉറക്കെ ചിരിച്ചു. എന്നാൽ കൃഷ്ണൻ ശാന്തതയോടെ രഥത്തിലേറി പൗണ്ഡ്രകനെയും മൂന്ന് അക്ഷൗഹിണി സൈന്യവുമായി ഒപ്പം ചേർന്ന സഖ്യകക്ഷിയായ കാശിരാജാവിനെയും നേരിടാൻ പുറപ്പെട്ടു. കൃഷ്ണന്റെ ശ്യാമവർണത്തിന് സമാനമായി പൗണ്ഡ്രകൻ തന്റെ ശരീരത്തിൽ നീലച്ചായം പൂശിയിരുന്നു. മഞ്ഞപ്പട്ടും വ്യാജ കൗസ്തുഭരത്നവും മരംകൊണ്ടുണ്ടാക്കിയ നാല് കൈകളും അയാൾ ധരിച്ചിരുന്നു.

ഗരുഡനെ അനുകരിച്ച് പരുന്തിന്റെ ചിഹ്നമുള്ള കൊടിവെച്ച രഥത്തിലാണ് അയാൾ എത്തിയത്. പൗണ്ഡ്രകസഖ്യം കൃഷ്ണന്റെ രഥത്തിന് നേരെ അമ്പുകളും കുന്തങ്ങളും ഗദകളും വർഷിച്ചു. എന്നാൽ സദാ പുഞ്ചിരിക്കുന്ന മുഖത്തോടെ കൃഷ്ണൻ തന്റെ ശാർങ്ഗമെന്ന വില്ലും കൗമോദകിയെന്ന ഗദയും ഉപയോഗിച്ച് അവരുടെ സൈന്യത്തെ അനായാസം തകർത്തു.

2026 ഒക്ടോബർ 31-ന് ന്യൂഡൽഹിയിലെ 10 രാജാജി മാർഗിൽ വെച്ച്, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (CEC) ജ്ഞാനേഷ് കുമാറിനെതിരെ നടത്തുന്ന പ്രതീകാത്മകമായ “പൊതു കുറ്റവിചാരണയും” (public impeachment) ‘Mock പാർലമെന്റ്’ സമ്മേളനവും.

പൗണ്ഡ്രകനെയും കംസനെയും പോലുള്ള സ്വേച്ഛാധിപതികളെ കൃഷ്ണ-വാസുദേവന്മാർ വധിച്ച ഭാഗവതപുരാണത്തിന്റെയും മഹാഭാരതത്തിന്റെയും കാലഘട്ടത്തിലല്ല നാം ജീവിക്കുന്നത്; മറിച്ച് സ്വേച്ഛാധിപതിയായ ഭരണാധികാരിയെ നിയന്ത്രിക്കാനുള്ള പരമാധികാരം ജനങ്ങളിൽ നിക്ഷിപ്തമായ ഒരു ജനാധിപത്യ ക്രമത്തിലാണ് നാമുള്ളത്. ശബ്ദമുയർത്തിയും തെരുവുകളിൽ പ്രതിഷേധിച്ചും നിയമപരവും ഭരണഘടനാപരവുമായ വേദികളിൽ പോരാടിയും ജനങ്ങൾക്ക് അത് സാധ്യമാകും.

തന്റെ രഥത്തിലേറി, കൃത്രിമമായ കിരീടവും മഞ്ഞ വസ്ത്രങ്ങളും ധരിച്ച്, ദൈവികതയെ സൂചിപ്പിക്കുന്ന കൃത്രിമ ചിഹ്നങ്ങളും കൈയിലേന്തി, താനാണ് യഥാർത്ഥ വാസുദേവൻ എന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്ന പൗണ്ഡ്രക രാജാവിനെ കണ്ട് കൃഷ്ണൻ കൗതുകത്തോടെ നോക്കിനിൽക്കുന്നു.

ആ അർഥത്തിൽ, കൂട്ടത്തോടെയുള്ള വോട്ടവകാശനിഷേധം, ഭരണകൂടഭീകരത, ഭീഷണിപ്പെടുത്തൽ, കൂട്ടായ പീഡനങ്ങൾ എന്നിവയ്‌ക്കെതിരെ പോരാടുന്ന പൗരർക്കിടയിൽ ഡൽഹിയിലെ രാംലീലാ മൈതാനിയിൽ നടന്ന പ്രതിപക്ഷറാലി പുതിയൊരു പ്രതീക്ഷ നൽകിയിട്ടുണ്ട്.

രാഹുൽ ഗാന്ധിയുടെ കീഴിൽ കോൺഗ്രസ് ഒരു യഥാർഥ കുടയായി മാറുകയും സമാജ്‌വാദി പാർട്ടി, ആർ.ജെ.ഡി, ഇടതുപക്ഷ പാർട്ടികൾ എന്നിവയുടെ നേതാക്കൾ ഒരുപോലെ അർഹമായ പ്രാതിനിധ്യം പങ്കിടുകയും ചെയ്ത ഇത്തരമൊരു റാലി അടുത്തകാലത്തൊന്നും രാജ്യം കണ്ടിട്ടില്ല. ഇന്ത്യൻ ജനത എല്ലാം തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു.

About Author

നളിൻ വർമ്മ

നളിൻ വർമ്മ പത്രപ്രവർത്തകനും എഴുത്തുകാരനുമാണ്. അദ്ദേഹം ന്യൂഡൽഹിയിലെ ജാമിയ ഹംദർദ് സർവകലാശാലയിൽ മാസ് കമ്മ്യൂണിക്കേഷനും ക്രിയേറ്റീവ് റൈറ്റിംഗും പഠിപ്പിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

0
Would love your thoughts, please comment.x
()
x